Monday, August 13, 2012

കുമാരേട്ടന്റെ പ്രയാണങ്ങള്...

എട്യേയ്.. ഞാന്‍ ദേങ്ങട് എറങ്ങണു ട്ടോ..

പ്രിയതമയോട് യാത്രയോതി കുമാരേട്ടൻ ഇറയത്തു തിരുകി വെച്ചിരുന്ന കാലൻ കുടയുമെടുത്ത് പുറത്തേക്കിറങ്ങി. നേരിയ ചാറ്റൽ മഴയിൽ നിന്നും കാലൻ കുട അയാളുടെ ശരീരത്തിന് സംരക്ഷണം നൽകി. കാൽ വെപ്പുകളുടെ എണ്ണം കൂടി വന്ന് പടിപ്പുര വാതിലും കടന്ന് നീങ്ങുമ്പോൾ കുമാരേട്ടന്റെ മനസ് ശരീരത്തോട് മെല്ലെ സംവദിച്ചുകൊണ്ടിരുന്നു. അത് തലച്ചോറുകളിലൂടെ കടന്ന് ചിന്തകളായി രൂപാന്തരണം പ്രാപിച്ചുകൊണ്ടിരുന്നു.

ജീവിതം മഹത്തായ ഒരു യാത്രയാണ്, എന്നാൽ ആ വലിയ യാത്ര അവസാനിക്കുന്നതോ പ്രാണൻ നഷ്ടപ്പെടുന്ന മരണമെന്ന മഹാ സത്യത്തിലും. മരണം അതിനപ്പുറം എന്തായിരിക്കും? ഒരുപക്ഷേ ഓരോ മനുഷ്യനും നേടേണ്ടതെന്തെന്ന വ്യക്തമായ കാഴ്ചപ്പാടില്ലാതെ എന്തൊക്കെയോ തേടുന്ന യാത്രയ്ക്കവസാനം നഷ്ടപ്പെടുന്ന പ്രാണനെക്കാൾ സുന്ദരമായതെന്തോ മരണത്തിൽ നേടുന്നുണ്ടാവണം. അത്.. നിശബ്ദമായ ശാന്തതയാവാം, ഒന്നിനെയും ഓർക്കാതെ,ഒന്നുമൊന്നും ചിന്തിക്കാതെ, ഒട്ടും വേവലാതികളില്ലാതെ തികച്ചും സമാധാനപരമായ ഒരു അന്തരീക്ഷം. ചിലപ്പോൾ വേഗതയുടെ ഏറ്റവും ഉന്നതിയിൽ കടിഞ്ഞാണില്ലാതെ പായുന്ന മനസിനെ നിയന്ത്രിക്കുന്ന പ്രാണനെക്കാൾ ആ ശ്യൂന്യത സുന്ദരമായിരിക്കണം.

കുമാരേട്ടനെങ്ങ്ടാ ഇത്രേം നേരത്തെ, വല്യ ഒരു യാത്രേടെ ലക്ഷണമുണ്ടല്ലോ....

പാൽക്കാരൻ പയ്യന്റെ കുശലാന്വേഷണത്തിന് അയാൾക്കെന്തോ മറുപടിയോതുവാൻ തോന്നിയതേയില്ല.. എങ്കിലും ഒന്നിനും കൊള്ളാത്ത മഹത് ചിന്തകളിൽ നിന്നും ഉണർത്തപ്പെട്ടതിന്റെ അസാരസ്യങ്ങളെ മറച്ചുവെച്ച് അയാളൊന്ന് ചിരിച്ചെന്ന് വരുത്തി.

ചിരി ഈയിടെ കുറവാണ് കുമാരേട്ടന്.. ചിരികളെ സൂക്ഷിച്ച പേടകം നഷ്ടപ്പെട്ട ഒരു നിരാശഭാവം ആ മുഖത്തിപ്പോൾ ദൃശ്യമാണ്.

 ജീവിതയാത്രയിലെ നഷ്ടസ്വപ്നങ്ങൾ നിരാശതകളെ നൽകിയ ഈ വൃദ്ധന്റെ മുഖത്ത് ഈയിടെ വല്ലാത്തൊരു നിർവികാര ഭാവമാണ്. എങ്കിലും സ്വപ്നങ്ങളുടെ വെൺചിറകുകളേറുന്ന സ്വപ്നജീവിയായ ഈ മനുഷ്യന്റെ ഏകാന്ത നിമിഷങ്ങളിൽ അയാളുടെ മുഖം അസ്തമന സൂര്യന്റെ ചുവപ്പും തുടുപ്പും പടർന്നു നിൽക്കാറുണ്ട്.

ഒറ്റപ്പെടലിന്റെ ബാല്യമായിരുന്നു കുമാരേട്ടന്.. സഹപാഠികളുടെ കളിചിരികളിൽ നിന്നൊഴിഞ്ഞുമാറി ഏകാന്തമായൊരു കോണിൽ ഏകനായിരുന്ന് സ്വപ്നം കാണാറുള്ള കുമാരേട്ടനെ ഇടക്കെങ്കിലും വാസ്തവികത്വങ്ങളിലേക്ക് ക്ഷണിക്കാറുള്ളത് യശോദയുടെ സാമീപ്യമായിരുന്നു. കുമാരന്റെ കൌമാരത്തിലെ നിർവികാര ഭാവം അടർത്തി മാറ്റി അവിടെ പ്രണയത്തിന്റെ സുന്ദരഭാവം എഴുതി വെച്ചത് യശോദയാണ്. അവളുടെ പ്രണയം, അത് എത്ര പെട്ടെന്നാണ് കുമാരനെ മറ്റൊരു കുമാരനാക്കി തീർത്തത്. അന്നുമുതൽ ഇന്ന് വരെ ഉരുകിയൊലിക്കാതെ, ചോർന്നുപോകാതെ ആ പ്രണയം അവരിൽ നിറഞ്ഞു നിൽക്കുന്നതിനാൽ അതൊരു ദിവ്യ പ്രണയമായിരുന്നുവെന്ന് അനുമാനിക്കാം.

സത്യസന്ധനും മാന്യനുമായ കുമാരേട്ടന്റെ ജീവിതം മരുഭൂമിയുടെ വികൃതികൾ പോലെയാണ്. പലപ്പോളും വിധി അയാൾക്ക് മുന്നിൽ മരുപ്പച്ചക്കലായി വന്ന് ഭവിക്കാറുണ്ട്. സ്വപ്നജീവിയായ ഈ മനുഷ്യന്റെ ജീവിതം ഒരു മരീചിക പോലെയാണ് മറ്റൊരിക്കൽ. ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഒരവസ്ഥയിൽ അതൊരു വിസ്മയം തീർത്തു നിൽക്കും. എന്നാലിപ്പോൾ ക്രുദ്ധനായ മാരുതന്റെ കോപം കലർന്നുണ്ടാവുന്ന പൊടിക്കാറ്റുകളിൽ നിന്നും ചെളി പടർന്നിരിക്കുകയാണ് അയാളുടെ ജീവിതം ഇപ്പോൾ.

കള്ളക്കുമാരാ.. ആരെ സ്വപ്നം കണ്ട് നടക്കുന്നു.. മരുമകളെയോ അതോ.....?
കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധർ വരെ സ്വപ്ന ജീവിയായ കുമാരേട്ടനെ കാണുമ്പോൾ പലപ്പോളും പരിഹാസച്ചുവ കലർത്തി ചോദിക്കുന്ന ഈ ചോദ്യമാണ് ഇന്ന് കുമാരേട്ടന്റെ ഏറ്റവും വലിയ ദുഖം. ഈയൊരു ചോദ്യം മതിയായിരുന്നു ഒറ്റപ്പെടലുകളുടെ അന്ധകാരത്തിൽ നിന്നും യശോദയുടെ പ്രണയം മോക്ഷം നൽകിയ കുമാരേട്ടനെ വീണ്ടും ഒറ്റപ്പെടലുകളുടെ വേദനകളിലേക്ക് തള്ളുവാൻ. ഇന്നീ ലോകത്ത് കുമാരേട്ടനെ വിശ്വസിക്കുന്നത് യശോദ മാത്രം. ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ, സ്നേഹത്തിന്റെ സുന്ദര വചനങ്ങളുമായി യശോദ കുമാരേട്ടനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ വേദനാ സംഹാരിക്കും കുമാരേട്ടന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ആ മുറിവിന്റെ വേദനയകറ്റാനാവുന്നില്ല.

കുമാരേട്ടന്റെ യാത്ര ഇരുവശവും നിരന്ന് നിന്ന് ഇളം കാറ്റിലൂടെ സന്ദേശങ്ങൾ കൈമാറിക്കളിക്കുന്ന ഞാവൽ മരങ്ങൾ നിറഞ്ഞ, നനഞ്ഞു പുതഞ്ഞ ചെമ്മപാതകളെ പിന്നിലാക്കി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഈ നനഞ്ഞ മണ്ണിലെ ഓരോ ചവിട്ടടിയും കുമാരേട്ടനിപ്പോൾ അഗ്നിപാതയിലെ അസഹനീയ വേദന നൽകുന്നുണ്ട്. അയാളുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കുകയും കരളിൽ കരിമുള്ളു പടരുന്ന വേദന പടരുകയും ചെയ്യുന്നു. ഇടക്കിടെ ഉടുമുണ്ടിന്റെ കരയാൽ കണ്ണിമകളിലെ ഈർപ്പം തുടക്കുന്ന കാഴ്ച അയാളിലെ നിരപരാധിത്വത്തിന്റെ വ്യക്തമായ തെളിവായിരിക്കണം.

മകന്റെ വിവാഹത്തോടെയാണ് കുമാരനെന്ന മാന്യനും സൽസ്വഭാവിയുമായ വ്യക്തി നാട്ടുകാർക്കിടയിൽ തെമ്മാടിയും അധകൃതനുമായി തീർന്നത്. മക്കളുടെ ഇഷ്ടങ്ങൾക്കായി ജീവിച്ച പിതാവ് തന്നെയായിരുന്നു കുമാരേട്ടൻ. എന്നാൽ സ്വന്തം മക്കൾ തങ്ങളിൽ നിന്നും അകന്ന് ജീവിക്കുന്നത് അയാൾക്ക് സഹിക്കാനാവുമായിരുന്നില്ല.മക്കൾ എന്നും തങ്ങൾക്കൊപ്പം വേണമെന്ന ചിന്ത ഒരുപക്ഷെ സ്വാർഥതയായിരിക്കാം. എന്നാൽ ആ സ്വാർഥത സ്നേഹത്തിന്റെ ഉത്തംഗശൃംഖങ്ങളിൽ നിന്നും ഉൽഭവിക്കുന്നത് തന്നെയാണ്.

അണുകുടുംബത്തെ മനസാ വരിച്ച മരുമകൾക്ക് പക്ഷെ കുമാരേട്ടന്റെ ഈ സ്വാർഥതയോട് വല്ലാത്തൊരു ഈർഷ്യതയുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഭർത്താവിന്റെ കാതിലോതിയ തലയണമന്ത്രങ്ങളിൽ ഫലം കാണാതായ അവൾക്ക് വാശിയേറി വന്നതുകൊണ്ടാവണം ഭർത്താവിന്റെ പിതാവിന്റെ നോട്ടങ്ങളിലും ഭാവങ്ങളിലും ലൈംഗിക ചേഷ്ടകൾ ആരോപിക്കാൻ അവൾ ഒരുമ്പെട്ടത്. അത് പക്ഷെ കുറിക്കു കൊള്ളുകയും ചെയ്തിരിക്കുന്നു.

കുമാരേട്ടന്റെ യാത്ര മകന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ഈ യാത്രയിൽ അയാളുടെ മനസ് തെല്ലും ശാന്തമല്ല, മനസറിഞ്ഞ് മാപ്പിരക്കാൻ അയാൾ തയ്യാറുമല്ല, അല്ലെങ്കിൽ തന്നെ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് എങ്ങനെയാണ് മനസറിഞ്ഞ് മാപ്പിരക്കുന്നത്. എന്നാൽ താൻ ഇല്ലാതാവുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന യശോദയെക്കുറിച്ച് അയാൾക്ക് ചിന്തിക്കാതിരിക്കാനാവില്ല. അവൾക്കായി എന്തുചെയ്യാനും കുമാരേട്ടൻ ഒരുക്കമാണ്. ആ സ്നേഹം തന്നെയാണ് ഇന്നത്തെ ഈ യാത്രക്ക് ആധാരവും.

കുമാരേട്ടന്റെ ശോകഭാവം കണ്ടിട്ടാവണം, ചാറ്റൽ മഴയുടെ ശക്തിയേറി വരുന്നു. ഭൂമിയിൽ ശക്തിയോടെ വീഴുന്ന വലിയ ജലത്തുള്ളികൾ പ്രകൃതിയുടെ കണ്ണുനീർ പോലെ തോന്നിച്ചു. ഇപ്പോൾ ഈ മഴക്ക് നേർത്ത തേങ്ങലിന്റെ താളമുള്ളത് പോലെ എനിക്ക് തോന്നുന്നു.

കുമാരേട്ടൻ മകന്റെ വീടിനടുത്തെത്തിയിരിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങുന്ന ശബ്ദം കേൾക്കാം. വലതുകയ്യിൽ നിന്നും കാലൻ കുട ഇടതുകയ്യിലേക്ക് മാറ്റി വലതു കൈ നീട്ടി അയാൾ ഗേറ്റ് തുറന്നു.  മുറ്റത്തെ ചുവന്ന മണ്ണിൽ തളം കെട്ടി നിന്ന മഴതുള്ളികൾ രക്തത്തുള്ളികളെ അനുസ്മരിപ്പിക്കുന്നു.

ആ വന്ദ്യവയോധികന്റെ വേദന കണ്ടിട്ടാവണം എങ്ങുനിന്നോ ശക്തമായ ഒരു കാറ്റു വീശി. പുറത്തെ നെല്പാടങ്ങളിൽ നിന്നും കുളക്കോഴിയുടെ വേദന നിറയുന്ന കരച്ചിൽ കേൾക്കുന്നു.

ഇറയത്ത് കയറി കുട മടക്കി ആദ്യ പടി ചവിട്ടാനൊരുങ്ങവേ പിന്നിൽ നിന്നും ശക്തമായ പ്രഹരമേറ്റതുപോലെ കുമാരേട്ടൻ മുന്നോട്ട് ആഞ്ഞു വീണു. 

കുമാരേട്ടന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നത് കാണാം. സഹായത്തിനായി ഒന്നുറക്കെ വിളിക്കണമെന്ന് അയാൾ ആശിച്ചെങ്കിലും ശബ്ദം പുറത്ത് വന്നതേയില്ല. മെല്ലെ അടയാനൊരുങ്ങുന്ന കണ്ണുകൾക്ക് മുന്നിൽ അയാൾ കണ്ടു. സ്നേഹത്തിന്റെ പര്യായമായ യശോദയെ, കുഞ്ഞിളം കാലുകൾ കൊണ്ട് പിച്ച വെച്ച് അരികിലേക്കോടിയെത്തുയെത്തുന്ന തന്റെ മകനെ..  മെല്ലെ മെല്ലെ ആ ശരീരം നിശ്ചലമാവുകയായിരുന്നു.

അപ്പോൾ അകലെ നൊന്തു പെറ്റ മകനും ജീവനാഥനായ കുമാരേട്ടനും കൈകോർത്ത് പടികടന്നെത്തുന്നതും സ്വപ്നം കണ്ട് യശോദ കാത്തിരിക്കുകയായിരുന്നു...

===============================

11 comments:

  1. കഥ വളരെ പഴയ മട്ടില്‍ എഴുതിയിരിക്കുന്നു .ഇ ലോകത്ത് സാഹിത്യം വളരെ മുന്നെരിക്കഴിഞ്ഞിരിക്കുന്നു .അത് കൊണ്ട് കുറച്ചു വേഗം ഓടണം കേട്ടോ .തുടക്കക്കാരന്റെ ചില പ്രശ്നങ്ങള്‍ ആണ് ,അത് വഴിയെ ശരിയാകും .നല്ല ഭാഷാ സ്വാധീനം വരികളില്‍ കാണാം .പ്രമേയം ഒരു വീണയുടെ കമ്പികള്‍ മുറുക്കി മുറുക്കി ശ്രുതിയുരപ്പിക്കുന്നത് പോലെ തുടക്കം മുതല്‍ അവസാനം വരെ ശ്രദ്ധയോടെ ഓരോ വരിയിലും ഇഴ മുറുക്കി കൊണ്ട് വരണം .കൂടുതല്‍ എഴുതൂ .എല്ലാ ഭാവുകങ്ങളും

    ReplyDelete
  2. കുമാരേട്ടന്‍ ഇക്കാലത്തൊന്നും ജീവിക്കാന്‍ പഠിച്ചിട്ടില്ല അല്ലേ?
    (ഇത്ര വിശദീകരണം വേണ്ട കഥയില്‍ എന്നാണെന്റെ അഭിപ്രായം)

    ReplyDelete
  3. തുടരട്ടേ...മുകളിലെ പുലികളുടെ കമന്റ് വെറും കമന്റായി കാണരുത്!!

    ReplyDelete
  4. ആശയം നന്നായിരുന്നു. കഥയുടെ അവസാനഭാഗവും ഇഷ്ടപെട്ടു, തുടക്കം കുറച്ചു കൂടി നന്നാക്കിയെഴുതാമായിരുന്നു

    ReplyDelete
  5. മറ്റുള്ളവരുടെ കമന്റ് കണ്ടു അഭിപ്രായം പറയുകയല്ല ,,,,,,,,,,വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു തൃപ്തി വന്നില്ല .അവസാനം കൊണ്ട് നശിപ്പിച്ചു പകുതി നല്ല വായനയായി വന്നതായിരുന്നു അടുത്ത പകുതി ,എവിടെയും എത്തിച്ചില്ല കഥയെ ,ആശംസകള്‍ വീണ്ടും വരാം

    ReplyDelete
  6. നന്നായി എഴുതാന്‍ ശ്രമിച്ചിരിക്കുന്നു ...ഇനിയും നന്നാക്കി എഴുതാന്‍ താങ്കള്‍ക്കാവും എന്നത് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ..ആശംസകളോടെ

    ReplyDelete
  7. ശരിയാണ്, ഈ പോസ്റ്റിന് അത്രത്തോളം ഒരു പെർഫെക്ഷൻ ഉണ്ടായിട്ടില്ലെന്ന് എനിക്ക് തന്നെ തോന്നി. അതുകൊണ്ടാണ് ഇത് എത്രത്തോളം മോശമായി എന്ന് വിലയിരുത്തുക എന്ന് ആവശ്യപ്പെട്ടത്.
    എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ട ഒരു റിയൽ വ്യക്തിത്വമാണ് കുമാരേട്ടൻ, അവസാന കാലത്ത് നിസഹായതയുടെ പര്യായമായി മരണമടഞ്ഞ ഒരു പാവം മനുഷ്യൻ. അദ്ദേഹത്തെ ഒന്ന് പകർത്തി എഴുതാൻ ശ്രമിച്ചതാണ് ഞാൻ ഇവിടെ. വളരെ ഭംഗിയാക്കി മൂന്ന് നാലു ഭാഗങ്ങളാക്കി എഴുതാൻ ഉദ്ദേശിച്ചു തുടങ്ങിയതാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചില പ്രത്യേക സ്വഭാവങ്ങൾ വിശദീകരിക്കാൻ ഒരുമ്പെട്ടത്. പക്ഷെ എന്തോ എഴുതി പകുതിയെത്തുമ്പോളേക്കും മുന്നോട്ടുള്ള പാത അടയുന്നതുപോലെ തോന്നി. അതോടെ എഴുതി നിർത്തിയത് എങ്ങനെയും അവസാനിപ്പിക്കാൻ ശ്രമിച്ചു..
    നിങ്ങളുടെ വ്യക്തവും സത്യസന്ധവും ആയ അഭിപ്രായങ്ങൾക്ക് ഹൃദ്യമായ നന്ദി പ്രവീൺ, നാച്ചി,സുമേഷ് പടന്നക്കാരൻ, അജിത്തേട്ടൻ,സിയാഫ്ക്കാ....

    ReplyDelete
  8. നല്ല എഴുത്താണ് ഒരു ഒഴുക്കുണ്ട്, ഇത് വച്ച് ഒരു കിടിലൻ കഥ എഴുതു
    സമയം നല്ലോണം എടുത്ത് മാത്രം

    ReplyDelete
  9. പരിശ്രമം നന്നായിട്ടുണ്ട്...
    കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധ പുലര്‍ത്തുമല്ലോ...
    ആശംസകള്‍...

    ReplyDelete
  10. ഈ കളര്‍ ഒന്നു മാറ്റുമോ. കണ്ണ്‍ നന്നായിട്ട് കഴയ്ക്കുന്നുണ്ട്. മുഴുവന്‍ വായിക്കുവാന്‍ പറ്റിയില്ല.

    ReplyDelete
  11. നല്ല അവതരണം ,താങ്കളുടെ ശൈലിയില്‍ തന്നെ മുന്നേറു.ആശംസകള്‍

    ReplyDelete