Friday, January 10, 2014

നാടകീയം - മറവിയിലെ ചരിത്രം..!

ഞാൻ ചോദിച്ചു.. 
അലോഷ്യസ്, ഇക്കാര്യത്തിൽ നിങ്ങൾക്കെന്താണ് എനിക്കു വേണ്ടി ചെയ്യാൻ കഴിയുക..?

അയാളിൽ നിന്നും വ്യക്തമായ ഒരു മറുപടി പുറത്തു വരുമെന്ന ചിന്ത എനിക്കില്ലായിരുന്നു എങ്കിലും അയാളെന്തിങ്കിലും ഒരു വാക്ക് പറയുമെന്ന് തോന്നി.

അലോഷ്യസ് ഒന്നു ചിരിക്കുക മാത്രം ചെയ്തു

പുകയില കറപുരണ്ട പല്ലുകൾ വെളിയിൽ കാട്ടി ഒരു ചിരി, പരിഹാസമോ? നിസഹായതയോ, സഹതാപമോ ? എന്താണ് ചിരിയിൽ നിഴലിച്ചത് എന്നെനിക്ക് തിരിച്ചറിയാനായില്ല.

ഞാൻ അയാളെ തറപ്പിച്ചൊന്നു നോക്കി, അബദ്ധത്തിൽ സംഭവിച്ച ഒരു ചിരി എന്നത് പോലെ അയാൾ പെട്ടെന്ന് ചിരി നിർത്ത് ഗൌരവത്തോടെ എന്നെ നോക്കി.

നിങ്ങൾ വന്നു ചേർന്നത് ശരിയായ സ്ഥലത്തായിരുന്നില്ല എന്ന് തോന്നുന്നുണ്ടോ?“

ഇല്ല, ഒരിക്കലുമില്ല അലോഷ്യസ്, ഇതാണാ സ്ഥലം,ഞാൻ അന്വേഷിക്കുന്ന  ചരിത്രമുറങ്ങുന്ന, എഴുതപ്പെട്ട ചരിത്രങ്ങളില്ലാത്ത ആ ഭൂമിക

ഇരു കൈകളും തലയിൽ വെച്ച് ഞാൻ ചിന്തിച്ചു.. മറന്നു പോയ അക്ഷരക്കൂട്ടങ്ങൾ ഇവിടെ ഈ ഭൂമികയിലാണല്ലോ, എന്നിട്ടും അവ കൂട്ടമായി പോയൊളിച്ചത് എവിടെയാണ്.

വെള്ളി നൂലുകൾ കണക്കെ ആകാശത്തുനിന്നും നീരടർന്നു വീണു. ഞങ്ങളെഴുന്നേറ്റുഅലോഷ്യസ് എന്നെ നോക്കി.. ഞാൻ അയാളെയും.. പരസ്പരം പരാജയം സമ്മതിക്കുന്നത് പോലെ ഒരു നോട്ടം പിന്നെ ഞങ്ങളിരുവരും നടന്നു, വിപരീത ദിശകളിലേക്ക്..


മഴക്ക് ശക്തി പ്രാപിച്ചു. ശൈത്യകാലത്തിൽ വഴി തെറ്റി വന്നൊരു മഴ..! അതോ വഴി തെറ്റി അലയുന്ന എന്നിലേക്ക് വഴി കാട്ടിയായെത്തിയതോ

ഒന്നും തിരിച്ചറിയാനാവുന്നില്ല, എങ്കിലും ശൈത്യകാലത്തിലെ കൊടും തണുപ്പ് ശരീരത്തിന് ഇതുവരെ ആലസ്യങ്ങളൊന്നും ഉണ്ടാക്കിയതേയില്ല. അതെങ്ങനെയാണ്.. ചൂടാണ് മനസും ശരീരവും, പൊള്ളുന്ന ചൂട്.. ലക്ഷ്യം തേടിയുള്ള യാത്രകളിൽ ഏതൊരു മനുഷ്യനെയും മുന്നോട്ട് നയിക്കുന്ന ആ ചൂട്..
***
"ഈ കൊട്ടാരക്കെട്ടുകൾ എന്നിലെ കിളിർത്തു നിൽക്കുന്ന ഓർമ്മകൾക്ക് വളമേകുന്നു. ഓർത്തെടുക്കാനാവുക എന്നത് എത്രത്തോളം അൽഭുതകരമായ പ്രവർത്തിയാണ്. ഓരോ ഓർമ്മകളിലും വരണ്ട ഹൃദയത്തെ കുളിരണിയിച്ചു കൊണ്ട് ഒരു വേനൽമഴയുണ്ട്. അതിനൊപ്പം തന്നെ ശ്വാസനാളങ്ങളിൽ നിന്നൊരു കൊടുങ്കാറ്റും മിഴിയിണകളിലൊരു പേമാരിയും.."

ഇടിഞ്ഞു പൊളിഞ്ഞ കൊട്ടാരക്കെട്ടിന്റെ അവശിഷ്ടങ്ങളിലേക്ക് മിഴികൾ നട്ട് മണൽത്തിട്ടയിൽ കാലുകൾ നീട്ടിയിരുന്ന് സിഗരറ്റിന്റെ അവസാനത്തെ പുകയും വലിച്ചെടുത്ത് അലോഷ്യസ് പറഞ്ഞു.

ഓർമ്മകളിലേക്കിറങ്ങിയിരുന്നു അവളും, ഓർമ്മകൾജീവിതത്തോട് ഏറ്റവും ഒട്ടി നിൽക്കുന്ന ഓർമ്മകൾ.. ജീവിതം വിരസമാക്കാനൊരുങ്ങുന്ന ഓർമ്മകൾ..!

പരസ്പരം സംസാരിക്കാത്ത ഏതാനും നിമിഷങ്ങൾ അവർക്കിടയിൽ ഓർമ്മകൾ കൊട്ടാരങ്ങൾ പണിതീർത്തുവെച്ചു.

ഇടിഞ്ഞു വീഴാറായ കൊട്ടാരനകത്തെ ഏതോ ഒരു മുറിയിൽ നിന്നും നേർത്ത ചിലങ്കമണികളുടെ താളം നീ കേൾക്കുന്നുണ്ടോ ബെറ്റീഷ്യാ?”

തീർച്ചയായും ഇല്ല അപ്പൂപ്പാ.. ഞാൻ കേൾക്കുന്നത് ചിലങ്കമണികളുടെ താളമല്ല, മനസുരുകി കരയുന്ന എന്റെ മമ്മായുടെ തേങ്ങലുകൾ മാത്രമാണ്. എന്റെ കാതുകളിൽ വന്നു തറക്കുകയാണത്.”

വേദന ഘനീഭവിച്ച് അവരുടെ തൊണ്ടക്കുഴിയിൽ ശബ്ദം മുടക്കി നിന്നത് പോലെ അല്പ നേരത്തെ നിശ്ശബ്ദത, ശോകമൂകമായ അന്തരീക്ഷത്തിലേക്ക് നടന്നടുക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണ്.

അലോഷ്യസ്, താങ്കളെന്നെ മറന്നിട്ടില്ലെന്ന് തോന്നുന്നു.“

മറവി പലപ്പോളും വലിയൊരാശ്വാസമാണ്, ഉരുകുന്ന ഹൃദയത്തിനൊരു വേദനാ സംഹാരിയും.. എന്നിട്ടും. എന്നിട്ടും, നശിച്ച ഓർമ്മകൾ എന്നെ വിട്ടു പോകുന്നതേയില്ലല്ലോ. മറവി അതിന്റെ ശാന്ത ഭാവത്തോടെ എന്നിലേക്ക് എത്തുന്നുമില്ലല്ലോ

അയാൾ എന്നെ നോക്കുക നോക്കുക പോലും ചെയ്യാതെ പ്രതിവചിച്ചു.

എനിക്കറിയാം മിസ്റ്റർ അലോഷ്യസ്, ഞാൻ അറിയാൻ ശ്രമിക്കുന്ന ചരിത്രത്തിലെ അക്ഷരങ്ങൾ ഉറങ്ങി കിടക്കുന്നത് താങ്കളുടെ മനസിലാണ്. ഒരല്പ നേരം കൊണ്ട് ഞാൻ താങ്കളിൽ നിന്നും പിന്മാറിക്കളയുമെന്ന് താങ്കൾ വെറുതെ ധരിച്ചു കളയുന്നു. എനിക്കതിനാവില്ല സുഹൃത്തേ, വന്ന വഴികളിലൂടെ  തന്നെ തിരിച്ചു നടക്കാൻ എനിക്ക് നിങ്ങൾ ഒളിച്ചു പിടിക്കുന്ന അറിവുകൾ കിട്ടിയേ മതിയാവൂ..“

ഇത് ചതിയാണ്, താങ്കളൊരു ചതിയനാണ്..  എന്നിൽ നിന്നെന്തെങ്കിലും താങ്കൾക്ക് ലഭിക്കുമെന്ന് കരുതുന്നത് വെറും വിഡ്ഡിത്തം..“

ചതി..! എന്ത് ചതിയാണ് ഞാൻ താങ്കളോട് ചെയ്തത്, മരത്തിനു പിറകിൽ നിന്നും നിങ്ങളുടെ സംസാരം ശ്രവിച്ചു പോയതോ? നിങ്ങൾക്കത് ചതിയോ, തെറ്റോ എന്തുമായിക്കൊള്ളട്ടെ, പക്ഷെ എനിക്ക് അത് നൽകിയത് ആത്മ വിശ്വാസമാണ്. എന്റെ വിശ്വാസങ്ങൾ നേരായ ദിശയിൽ തന്നെയാണെന്ന ബോധമാണ്.“

കടന്നു പോകുന്നുണ്ടോ? നിരുപദ്രവകാരികളായ ഞങ്ങൾ രണ്ട് മനുഷ്യരെ നീറിപ്പുകച്ചിട്ട് താങ്കൾക്കെന്തു നേടാനാണ്..“

തീർച്ചയായും നിങ്ങളെ ഉപദ്രവിക്കാൻ ഞാൻ ഒരുക്കമല്ല, അതു പോലെ അറിയാനുള്ള എന്റെ ത്വരയെ, അവകാശത്തെ നിങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കരുത്.. തൽക്കാലം നിങ്ങളുടെ ലോകത്തൊരന്യനായി ഞാനില്ല. എന്നാൽ എനിക്ക് വേണ്ടത് കിട്ടുവോളം നിങ്ങളെ ശല്യം ചെയ്യാതിരിക്കാൻ എനിക്കാവുകയുമില്ല
***

പള്ളിയുടെ പഴകിയ പടവുകളിലെ വഴുക്കലിൽ തെന്നി വീഴാതിരിക്കാനെന്ന വണ്ണം വളരെ സൂക്ഷിച്ചാണ് അവൾ പടവുകൾ ഇറങ്ങി വന്നത്. താഴെ കാത്തു നിന്ന എന്നെ ശ്രദ്ധിക്കാതെയെന്ന വണ്ണം അവൾ നടന്നു നീങ്ങാനൊരുങ്ങിയതും ഞാൻ വിളിച്ചു..

ബെറ്റീഷ്യാ..“

നിങ്ങൾക്കെന്താണ് വേണ്ടത്,“  അവൾ തിരിഞ്ഞു ദേഷ്യത്തോടെ എന്നെ നോക്കി..

ബെറ്റീഷ്യാ, നിങ്ങളോട് എന്തോ വലിയ പാതകം ചെയ്തതുപോലെ എന്നോട് പെരുമാറുന്നത് എന്താണ്? ഞാൻ നിങ്ങളെ വേദനിപ്പിക്കുന്നു എന്ന് നിങ്ങൾ പറയുകയും ചെയ്യുന്നു. എന്ത് വേദനയാണ് ഞാൻ നിങ്ങൾക്കിതുവരെ നൽകിയത്.. തീർച്ചയായും നമ്മുടെ രണ്ടാമത്തെ കണ്ടുമുട്ടലാണിത്. ഇപ്പോളും ഇതിനു മുൻപും ഞാൻ നിങ്ങളെ ദ്രോഹിച്ചതായി എനിക്കറിവില്ല.“

അവളെന്നെ നോക്കി,

നിങ്ങളും അപ്പൂപ്പനുമായി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതെന്താണെന്നോ എന്തിനെക്കുറിച്ചാണെന്നോ എനിക്കറിയില്ല, എന്നാൽ അപ്പൂപ്പന്റെ സംസാരത്തിൽ നിന്നും ഞങ്ങൾക്കത്  തീരെ നിസാരമായ ഒരു സംഗതിയാണെന്ന് എനിക്ക് തോന്നുന്നില്ല.“

ഒരിക്കലുമല്ല, തികച്ചും നാടകീയമായി  ഞാൻ അറിഞ്ഞ, എന്നാൽ പൂർണ്ണമായും അറിയാൻ ആഗ്രഹിച്ച് പരാചയപ്പെട്ട ഒരാളെക്കുറിച്ച് , അനീറ്റ എന്ന ഒരു സ്ത്രീയെക്കുറിച്ച് കൂടുതൽ അറിയുക മാത്രമായിരുന്നു എന്റെ ആവശ്യം..“

അനീറ്റ, അവരെ താങ്കൾക്കെങ്ങനെ അറിയാം? താങ്കൾക്കറിയാമോ? അനീറ്റ അതെന്റെ അമ്മയാണ്..“

അവരെ എനിക്കെങ്ങനെ അറിയാം? ചോദ്യം ഇവിടെ പ്രസക്തമാവുന്നതേയില്ല, കാരണം അവരെ എനിക്കറിയാം, എങ്ങനെ അറിയാം എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം മാത്രം, കാലം ചില ചോദ്യങ്ങൾക്ക് പലപ്പോളും വ്യക്തമായ ഒരു ഉത്തരം കൊടുക്കുന്നേയില്ല എന്നായിരിക്കും അത്.“

എങ്കിലും.. നിങ്ങളെന്തിനാണ് മറച്ചു വെക്കുന്നത്, എന്റെ അമ്മയെ അറിഞ്ഞതെങ്ങനെയാണെന്ന് അറിയാൻ എനിക്ക് അവകാശമില്ലെന്നാണോ?“

ഒരിക്കലുമല്ല, ബെറ്റീഷ്യാ.. പക്ഷെ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം എന്റെ പക്കലില്ല, ചെറുപ്പം മുതൽ ഞാൻ കേട്ടു വളർന്നൊരു പേരുമാത്രമാണ് അനീറ്റ.. ചെറുപ്പത്തിൽ മരിച്ചു പോയ  എന്റെ അമ്മയുടെ നാമത്തേക്കാൾ ഞാൻ എന്റെ അച്ഛനിൽ നിന്നും ഞാൻ കേട്ട  ഒരു പേരു മാത്രം..! “
***
അലോഷ്യസിന്റെ മുഖം സ്നേഹ നിർഭരമായി കാണപ്പെട്ടു. അയാൾ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പുണർന്നു.

ആന്റണിയുടെ മകനാണെന്ന് എന്തേ പറഞ്ഞില്ല, മോനേ ഇങ്ങനെ ഒരു ചെറുമകൻ ജീവിച്ചിരിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. സത്യം അറിയാതെ പോയ നീണ്ട മുപ്പത്തിയേഴു വർഷങ്ങൾ…“

മുപ്പത്തിയേഴു വർഷത്തിനു മുൻപിലെ ചരിത്രം തേടിയാണ് ഞാൻ ഇവിടെ വന്നത്.. “

അതൊരു കാലമായിരുന്നു. നോക്കൂ പഴകിയ കൊട്ടാരക്കെട്ടുകൾ കാണുന്നില്ലേ, അതായിരുന്നു മുത്തച്ഛന്റെ ലോകം, അവിടെ നിന്നാണ് ഞാനെല്ലാം നേടിയത്, അവിടെ വെച്ചു തന്നെയാണ് എനിക്കെല്ലാം നഷ്ടമാവുന്നതും.. കിട്ടുന്നതെല്ലാം കിട്ടുന്നിടത്ത് തന്നെ കളഞ്ഞു പോകണമെന്നതാണ് മനുഷ്യന്റെ വിധി.. അല്ല, പ്രപഞ്ചവിധി തന്നെ അങ്ങനെയാണെന്ന് തോന്നുന്നു.“ 
അയാളുടെ വാക്കുകൾ തൊണ്ടക്കുഴിയിലുടക്കി.

എനിക്കൊന്നും മനസിലായിട്ടേയില്ല....

ആന്റണി എന്റെ മകനാണ്, ഇവളുടെ അമ്മ അനീറ്റ എന്റെ സുഹൃത്തായ ജോനാഥന്റെ മകൾ, നിന്റെ പപ്പായും ഇവളുടെ മമ്മയും പ്രണയത്തിലായിരുന്നു.“

പക്ഷേ, കൊട്ടാര നർത്തകികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശമേയില്ല. എന്നിട്ടും ഞങ്ങൾ ഏറെ പേർ ആഗ്രഹിച്ചിരുന്നു അവരുടെ വിവാഹം. നിനക്കറിയാമോ, എന്റെ ഓർമ്മകളിൽ ഇപ്പോളും ഞാൻ കേൾക്കാറുണ്ട് ചിലങ്ക മണികൾക്കൊപ്പം ഓരോ ചുവടു വെപ്പിലും മറ്റാരും കേൾക്കാതെ പോയ അവളുടെ പ്രണയത്തിന്റെ ആ വിങ്ങലുകൾ..“

രാത്രി നിന്റെ അച്ഛനൊപ്പം ഇറങ്ങി പുറപ്പെട്ടതാണവള്.. പിന്നീടെന്തു സംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ പകുതി എനിക്ക് കിട്ടുന്നത് ഇപ്പോളാണ്. രക്തത്തിൽ കുളിച്ചു കൊട്ടാരമുറ്റത്ത് കിടന്ന ഒരുത്തരത്തിന്റെ പകുതി മാത്രമാണ് ഇതുവരെ എനിക്കറിയാമായിരുന്നത്.“

അനീറ്റ വിവാഹം ചെയ്തിട്ടില്ലെങ്കിൽ പിന്നെ ബെറ്റീഷ്യ .. “

ചോദ്യത്തിനും എന്റെ പക്കൽ ശരിയായ ഉത്തരമില്ല, വിവാഹിതയല്ലാത്ത ഒരമ്മയായിരുന്നു അവൾ, അനീറ്റ..“

ഇവളെ എന്താണ് വിളിക്കേണ്ടത് സഹോദരിയെന്നോ ഉത്തരമില്ലാതെ എന്റെ മനസിലെ ചോദ്യം ഒരു നോട്ടമായി ബെറ്റീഷ്യയിലേക്ക് നീണ്ടു.

ശോകഭാവത്താൽ വിവർണ്ണമായിരുന്ന അവളുടെ മുഖത്ത് ഇപ്പോൾ ഒരു ശോഭയുണ്ട്, ഒരു നറു പുഞ്ചിരി, കൂടെപിറക്കാതെ പോയ ഒരു കൂടെപ്പിറപ്പിനെ കണ്ടുമുട്ടിയതിന്റേയാവാം,.
***
 സെമിത്തേരിയിലൂടെ അനീറ്റയുടെ ഖബറിടത്തിലേക്ക് ബെറ്റീഷ്യക്കൊപ്പമാണ് നടന്നടുത്തത്. ഒരു പിടി ചുവന്ന റോസാപൂക്കൾക്കപ്പുറം നൽകാൻ കയ്യിലൊന്നുമുണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ ഞാൻ നൽകുന്നത് ഇരുകൈകളും നീട്ടി അത്യാഹ്ലാദത്തോടെ വാങ്ങുന്ന അവരുടെ കാലം അവസാനിക്കുകയും ചെയ്തിരിക്കുന്നു.

പ്രണയത്തിന്റെ നൂറ് ചുവന്ന പുഷ്പങ്ങൾ ഇതാ വർഷങ്ങൾക്ക് ശേഷം നിങ്ങളെത്തേടിയെത്തിയിരിക്കുന്നു. കൊടുത്തയച്ചതാരായിരിക്കുമെന്ന് ഞാൻ പറയാതെ നിങ്ങളറിയുന്നുണ്ടല്ലോ.. ഒരമ്മക്ക് അച്ഛന്റെ പ്രണയ പുഷ്പങ്ങൾ ലോകത്ത് ആദ്യമായി നൽകാനെത്തുന്നവൻ ഞാനായിരിക്കാം.. “

അവരുടെ കല്ലറക്കു മുകളിൽ ഞാൻ പുഷ്പങ്ങൾ സമർപ്പിച്ചു കൊണ്ട് ബെറ്റീഷ്യ മമ്മായുടെ കല്ലറക്കരികിൽ നിന്ന് പ്രാർഥിക്കുന്നത് ഞാൻ കൌതുകത്തോടെ നോക്കി നിന്നു.

എനിക്ക് കൂടുതലായി ഒന്നും പറയാനോ പ്രാർഥിക്കാനോ ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ശാന്തമായ മനം. എന്നിട്ടും എന്തോ എവിടെയോ വെച്ചു നഷ്ടമായതുപോലെ..

വരൂ, നമുക്കിറങ്ങാം, അവളുടെ പ്രാർഥന കഴിഞ്ഞ ശേഷം അവളെന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.“

ഒരു അനുജത്തിയെ കിട്ടിയ സന്തോഷം മനസിൽ മഴയായ് പെയ്തിരുന്നു.
ബെറ്റീഷ്യ നടന്നോളൂ.. ഞാനൊരല്പ നേരം കൂടി ഇവിടെ ഇരിക്കട്ടെ..“

എങ്കിൽ ഞാനും കൂട്ടിരുന്നോളാം,“

വേണ്ട മോളെ.. എനിക്ക് ഇവിടെ ഇരിക്കേണ്ടത് തനിച്ചാണ്.. തനിച്ച് എനിക്ക് അല്പ നേരം അമ്മയോട് സംസാരിക്കാനുണ്ട്. ശ്രവിച്ചാലും മറുവാക്ക് നൽകിയാലും ഇല്ലെങ്കിലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാനാവില്ലല്ലോ..“

ഞാനറിയാൻ പാടില്ലാത്ത എന്താണ് നിങ്ങൾക്ക് എന്റെ അമ്മയോട് പറയാനുള്ളത്..“

 “എനിക്കറിയില്ല കുട്ടീ, ഒരു മൌനമാണത്, മൌനം മൌനവുമായി സംസാരിക്കുംപക്ഷെ എന്നെങ്കിലും മൌനത്തിൽ വാക്കുകൾ മുളപൊട്ടിയാൽ, അതേക്കുറിച്ച് അറിയാനായാൽ  തീർച്ചയായും ഞാൻ നിന്നോട് ഒരിക്കൽ പറയുന്നുണ്ട്, ബെറ്റീഷ്യ നടന്നോളൂ..“

***
ഏറെ നേരം ഞാൻ അനീറ്റയുടെ ഖബറിടത്തിനരികിൽ ഇരുന്നുവെന്ന് തോന്നുന്നു. മനസിൽ എനിക്കവരോട് എന്താണ് പറയാനും ചോദിക്കുവാനും ഉള്ളതെന്ന് ഏറെ നേരം ഞാൻ ചിന്തിച്ചു.

ഇല്ല, ഒന്നുമില്ല, ഒന്നും, ഒന്നും...

എന്നിട്ടും എന്തിനാണ് ഞാൻ ഇവിടെ ഇരുന്നത്.. ഒരുപക്ഷെ, വെറുതെ ഒരു നോക്ക് കാണണമെന്ന് മാത്രം തോന്നിക്കാണണം.

ഞാൻ കല്ലറയ്ക്കരികിൽ അവരുടെ കാല്പാദങ്ങൾക്കരികിലായി ഇരുന്നു.
 
അമ്മേ, ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു തരത്തിലും ഞാനുമായി ബന്ധമില്ലാത്ത എന്റെ അമ്മേ.. നിങ്ങളോട് എനിക്കെന്താണ് പറയാനുള്ളത്? നിങ്ങൾക്കെന്നോടും?“

ഇല്ല, ഒന്നുമില്ല, ഒന്നുമുണ്ടാവാൻ വഴിയില്ല, ഇനി പൂർത്തീകരിക്കാൻ ഈ കഥയിൽ ബാക്കിയിരിക്കുന്നുമില്ല..

ഉണ്ട്, ഇല്ലെന്നാരാണ് നിങ്ങളോട് പറഞ്ഞത്.. പൂർത്തീകരിക്കുവാൻ ഇനിയുമേറെ ബാക്കിയിരിക്കുന്നു ഓരോ കഥകളിലുമെന്നത് പോലെ ഇതാ ഇവിടെയും..“

കല്ലറക്കുള്ളിൽ നിന്നും എഴുന്നേറ്റ് വന്നു കണ്മുന്നിൽ നിൽക്കുന്നു അവർ.. മരണ സമയത്ത് അവരെ അണിയിച്ച മനോഹരമായ ഉടുപ്പുകളാണ് അവരിപ്പോൾ ധരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.

ഇല്ല, ഇനിയെന്താണിവിടെ ബാക്കി കിടക്കുന്നത്?“ ഞാൻ ചോദിച്ചു.

അവർ ചിരിച്ചു

ഇനിയുമേറെ, ഏറെ അവശേഷിക്കുന്നുണ്ടല്ലോ. എങ്കിലും  മറന്നു കളഞ്ഞേക്കുക. മറന്നു കളയുന്നുണ്ടല്ലോ പലതും പല കഥകളിലും.. എഴുതപ്പെടാതെ പോകുന്നു എത്രയോ വേദനകൾ..! ഇവിടെയും അതു തന്നെ സംഭവിക്കട്ടെ..!“

“ഈ ഭൂലോകം ഒരിക്കലും വിശാലമായ ഒന്നേയല്ല കുട്ടീ, മനസാണ് വിശാലമായത്. മനസുകൊണ്ടാണ് ലോകത്തിന്റെ വിശാലത നാം അറിയുന്നത്. മുന്നിലേക്കുള്ള മനസിന്റെ പാത തീരുന്നിടത്ത് ഭൂമി ചുരുങ്ങുന്നു. കാറ്റടിച്ചു പൊഴിഞ്ഞ ഒരു കണ്ണിമാങ്ങ വെയിലേറ്റ് ചുങ്ങി കരിഞ്ഞത് പോലെയാണ് പിന്നീട് അവന്റെ മുന്നിലെ ഭൂമി. മുന്നോട്ട് വഴികളില്ല. മുന്നോട്ട് ഒരു കാല്പാദത്തിനു പോലും പഴുതുകളില്ല, ഒരു കാൽ വിരൽ സ്പർശത്തിനു പോലും ഇടമില്ലാതെ അവൻ പാതാളത്തിലേക്ക് പതിച്ചു കൊണ്ടിരിക്കും. അതിനാൽ ബാക്കി വെച്ചേക്കുക അല്പം..! കൂടുതൽ ചിന്തകൾക്ക് വേണ്ടി, അന്വേഷണങ്ങൾക്ക് വേണ്ടി..“

എഴുതപ്പെടാൻ പോകുന്ന കഥയിലെ അവശിഷ്ടങ്ങൾ തേടി, മാഞ്ഞു കിടക്കുന്ന അക്ഷരങ്ങൾ തേടി വർഷങ്ങൾക്കപ്പുറം ഇനിയുമൊരാൾ ഭൂമിയിലെത്തട്ടെ..! അതിനായി നമുക്കിവിടെ അല്പം ബാക്കി വെക്കാം. പച്ചയായ ജീവിതങ്ങളിലെ ഉച്ഛ്വാസങ്ങളുടെയും നിശ്വാസങ്ങളുടെയും ചൂടും ചൂരും കഴിയുമെങ്കിൽ അവർ കണ്ടെടുക്കട്ടെ..“

അപൂർവ്വമായി മാത്രം ലോകം കാണാറുള്ള ചിരി അവരെനിക്ക് സമ്മാനിച്ചു.

ഞാൻ തിരിഞ്ഞു നടന്നു, പെട്ടെന്നാണോർത്തത്.. കടം നൽകിയ പുഞ്ചിരിക്കൊരു മറുചിരി നൽകാൻ മറന്നു പോയല്ലോ..

 ഞാൻ തിരിഞ്ഞു നോക്കി, കല്ലറക്കു മുകളിൽ ആരുമില്ല. ഒരു തരം വട്ടാണിത്.. ഉം.. വെറും വട്ട്..!!

ഒരു സ്വപ്നം ഇവിടെ അവസാനിക്കുന്നു.

ഒരിക്കലും വിശ്വാസ യോഗ്യമല്ലാത്ത, നാടകീയമായ ഒരു സ്വപ്നം..!

ഒരു സ്വപ്നം??

എന്നിട്ടും ഇപ്പോൾ ഞാൻ ആശയക്കുഴപ്പത്തിലായിരിക്കുന്നു. നടന്നതെല്ലാം സത്യമോ അതോ വെറും തോന്നലുകളോ അറിയില്ല, അറിയില്ല, എങ്കിലും ഇക്കഴിഞ്ഞതെല്ലാം എനിക്ക് മുൻപിൽ നടന്നു കഴിഞ്ഞിരിക്കുന്നല്ലോ, എന്റെ കണ്ണുകളാൻ ഞാൻ കണ്ടു കഴിഞ്ഞിരിക്കുന്നല്ലോ..

വിശ്വസിക്കുക എന്നതാണ് വിശ്വസിക്കാതിരിക്കുക എന്നതിനേക്കാൾ ഏറെ എളുപ്പം..
*******