Saturday, September 6, 2014

മൈലാഞ്ചിപ്പൂക്കളുടെ ഗന്ധം..


സൈതാലിക്കാ, എന്താ മീൻ?“

മാന്തൾ, മത്തി, അയില ഒക്കെ ഉണ്ടാർന്നൂ..“

ആഹാ മാന്തള് വലിപ്പമുള്ളതാണോ?“   മാന്തൾ എനിക്ക് പണ്ടേ ഇഷ്ടമുള്ള മീനാണ്. ഞാൻ എഴുന്നേറ്റ് സൈതാലിക്കയുടെ മീൻ കുട്ടക്കരികെ ചെന്നു..

ആഹാ, ഇതിലൊന്നും ഇല്ലല്ലോ?“

അതല്ലടാ മൊയന്തേ അന്നോട് പറഞ്ഞേ മാന്തളും മത്തീം അയലേം ഉണ്ടാർന്നൂന്ന്. മീൻ കയിഞ്ഞപ്പോ ഞാൻ കൊട്ടയും വണ്ടീമൊക്കെ ഒന്ന് കഴുകാന്നൊച്ച് തോട്ടും വക്കത്ത് വന്നതാ..“

അതെന്താ സൈതാലിക്കാ, ഇന്ന് ഇത്രേം വേഗം മീനൊക്കെ വിറ്റുപോയാ?“

അതൊന്നും പറയണ്ട ന്റെ ശംസൂ.. ആ ചെക്കൻ കടലിൽ വീണ് മരിച്ചിട്ട് ഇന്നേക്ക് മൂന്നല്ലേ ആയുള്ളൂ.. അതോണ്ട് പൊന്നാക്കാര് ഓന്റെ മയ്യിത്ത് കിട്ടാതെ ആരേം കടലീ പോകാൻ സമ്മതിക്കണില്ലാത്രേ..“

വണ്ടി സ്റ്റാന്റിൽ വെച്ച് സയ്താലിക്ക ഞങ്ങളിരുന്നിരുന്ന കലുങ്കിൽ വന്നിരുന്നു.

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. സെയ്താലിക്കയുടെ സ്പെഷൽ കടൽക്കഥകൾ കേൾക്കാൻ തയ്യാറായിക്കോളൂ എന്നാണ് ആ ചിരിയുടെ അർഥം.

ശംസൂന്നറിയോ? കടലിന്റൌത്തേക്ക് അടുക്കുമ്പോൾ ഇഷ്ടത്തിന് ചുഴിയോളുണ്ട്, ചുഴീന്ന് പറഞ്ഞാ നല്ല ഒന്നൊന്നാന്തരം ചുഴി. ഇപ്പോ കടല് ന്ന് കേൾക്കുമ്പളേ സൈതാലിക്കാക്ക് പേട്യാ ട്ടോ. പക്ഷേ ഒരു കാലത്ത് ഏറ്റും നല്ല ഏനക്കാരനും ചാട്ടക്കാരനും നീന്തക്കാരനും ഒക്കെ ആയിര്ന്ന് ഈ സൈതാലിക്ക.“

പണ്ട് ഞങ്ങള് പോയ വഞ്ചി, ഞാനാ അന്നൊക്കെ ചാട്ടക്കാരൻ, വലയെറിഞ്ഞാൽ പിന്നെ വഞ്ചീന്ന് ഒറ്റച്ചാട്ടമാ, എന്നിട്ടു വലയും പിടിച്ച് ചുറ്റോട് ചുറ്റും നടന്ന് അയ വിടർത്തി നീർത്തിയിടും, പിന്നെ വന്ന് വഞ്ചിയിൽ കയറി ഞങ്ങളെല്ലാവരും കൂടെ ആഞ്ഞാഞ്ഞ് വലിക്കും."

മഴയും കാറും കോളുമുള്ള ഒരു നശിച്ച ദിവസം..“

ചാടി നീന്തുന്ന എന്നെ പിടിച്ച് ഒരു ചുഴി, ഒറ്റയടി, ന്നട്ട് വിട്ടാ.. ഇല്ല, വീണ്ടും വീണ്ടും അങ്ങനെ മൂന്ന് തവണ ചൊയറ്റിയടിച്ചു കടല്, ഒര് കണക്കിനാ അന്ന് ജീവൻ കിട്ട്യേത്.. ശരിക്കും മയച്ച് പോയി.. അതേ പിന്നെ പേടിയാ എനക്ക് കടലിൽ ഇറങ്ങി ഒന്ന് കുളിക്കാൻ പോലും.. മക്കള് കുളിക്കണ കണ്ടാലോ അതിലും പേട്യാ..“

സയ്താലിക്ക കഥ തുടരുകയാണ്..

കടൽക്കഥകൾ കേൾക്കാൻ നല്ല രസമാണ്, പ്രത്യേകിച്ചും സൈതാലിക്കൻ ടച്ച് കടൽക്കഥകൾ.. എന്നിട്ടും ഓർമ്മകൾ എങ്ങോ മാടി വിളിക്കുന്നു..

മനസ് അകലെ കടൽത്തീരത്തേക്ക് അറിയാതെ പായുന്നു. സൈതാലിക്കയുടെ ശബ്ദം പതിഞ്ഞു പതിഞ്ഞു വരികയും മറ്റെന്തൊക്കെയോ ശബ്ദങ്ങൾ മനസിൽ ജീവൻ വെച്ചുണരുകയും ചെയ്യുന്നു.

അകലെ കടപ്പുറത്തെ മണൽത്തിട്ടയിൽ കാലുകൾ നീട്ടിയിരിക്കുന്ന നേഹയും ഞാനും മനസിലെ ജീവനുള്ള ചിത്രങ്ങളായി മാറുന്നു.

ഞാൻ പറഞ്ഞിട്ടില്ലേ?“

എന്ത്?“

മറന്നു പോയോ?? മൈലാഞ്ചിപ്പൂക്കൾക്ക് മരണത്തിന്റെ മണമാണെന്ന്..“

.. അതാണോ?“

അക്കാര്യത്തിൽ എനിക്ക് നിന്നോട് യോജിക്കുക വയ്യ, മൈലാഞ്ചിപ്പൂക്കൾക്ക് പ്രണയത്തിന്റെ മണമാണ്. വെറുമൊരു പ്രണയഗന്ധമല്ല, കടൽ പോലെ ആഴവും പരപ്പുമുള്ള വിശ്വാസവും തുണയുമാവുന്ന ഉൽകൃഷ്ടമായ പ്രണയത്തിന്റെ ഗന്ധം..“

അവളൊന്നും മിണ്ടിയില്ല, ഇഷ്ടപ്പെടാത്തതു പോലെ എന്നൊയൊന്നു നോക്കുക മാത്രം ചെയ്തു.

പരന്നു കിടക്കുന്ന കടൽ ജലത്തിനു മുകളിലൂടെ മത്സ്യ ബന്ധനക്കാരുടെ ബോട്ടുകൾ കരയിലേക്ക് കുതിക്കുന്നുണ്ടായിരുന്നു. അവക്കിടയിൽ ഒരു വഞ്ചി ബോട്ടുകളുടെ വേഗതയോട് മത്സരിക്കാനാവാതെ വേച്ചും വിറച്ചും തിരമാലകളെ വെല്ലുവിളിക്കാതെ അതിസൂക്ഷ്മം ഇഴഞ്ഞു വരുന്നുണ്ട് വിധിയെ പ്രകോപിക്കാതെ അതിനെ സസൂക്ഷ്മം കീഴടക്കുന്ന ബുദ്ധിമാനായ ഒരു മനുഷ്യന്റെ ജീവിതം പോലെ..

ഞാൻ അവളെ നോക്കി, അസ്തമയ സൂര്യന്റെ ചുവപ്പു രാശി കലർന്ന കവിൾത്തടങ്ങൾ നോക്കി  ഞാൻ മനസിൽ പറഞ്ഞു. നേഹാ നീ തന്നെയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി.

 അവളും കടലിന്റെ മായക്കാഴ്ചകളിലായിരുന്നുവെന്ന് എനിക്ക് മനസിലായി.. ഞാൻ ചിന്തിക്കുന്നതൊക്കെ തന്നെയാവും ചിലപ്പോൾ അവളും ചിന്തിക്കുന്നുണ്ടാവുക.

നേഹാ.. നീയെന്താണ് മിണ്ടാതിരിക്കുന്നത്? മൈലാഞ്ചിപ്പൂക്കൾക്ക് ചിലപ്പോൾ മരണത്തിന്റെ ഗന്ധം തന്നെയാവുമെന്ന് തോന്നുന്നു. ചില കാര്യങ്ങളെക്കുറിച്ച് ചിലർ എന്നും അജ്ഞരാണെന്ന് കരുതിയാൽ മതിയല്ലോ..”

എന്റെ വാക്കുകളാണ് അവളെ നിശബ്ദയാക്കുവാൻ പ്രേരിപ്പിച്ചതെന്നോർത്ത് സ്വയം കീഴടങ്ങുവാൻ തയ്യാറായി..

ഏയ്.. അതൊന്നുമല്ല ശംസൂ.. ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി..”
എന്താണ്? നീ ചിന്തിക്കുന്നത് എന്താണെങ്കിലും എന്നോട് പറയൂ.. നമുക്ക് അതേക്കുറിച്ച് തന്നെ സംസാരിച്ചിരിക്കാമല്ലോ.."

അതിനെക്കുറിച്ച് തന്നെയാണ് ശംസൂ.. നാം ഇപ്പോൾ നടന്നു വന്ന വഴികളിൽ പൂത്തു നിന്ന മൈലാഞ്ചിപ്പൂക്കളെക്കുറിച്ച്, അതിന്റെ ഇലയെക്കുറിച്ച്.. നമ്മുടെ പള്ളിയുടെ ഖബറിസ്ഥാനിൽ തളിർത്ത് നിൽക്കുന്ന, പുതിയ ഖബറുകളുടെ മീസാൻ കല്ലുകളെ ചാരി നിൽക്കുന്ന മൈലാഞ്ചി കൊമ്പുകളെക്കുറിച്ച്..“

മരണമോ മരണവുമായി ബന്ധപ്പെട്ടതോ ആയ ഏത് കാര്യവും എനിക്ക് ഭയമാണ്. എന്നിട്ടും ഇവളെന്തിനാണ് മരണത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ?

വിഷയം മാറ്റാനായി ഞാൻ പറഞ്ഞു

എന്തൊക്കെയാണ് നീ ചിന്തിക്കുന്നത്.. കടലിനെക്കുറിച്ച് നിനക്ക് ചിന്തിച്ചുകൂടേ..

ഒന്നോർത്തു നോക്കൂ നേഹാ.. നാം ജീവിക്കുന്ന കരയിൽ ഇത്രത്തോളം വൈവിധ്യമായ ജന്തുസസ്യജാലങ്ങൾ ഉണ്ടെങ്കിൽ ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും പരന്ന് കിടക്കുന്ന സമുദ്രത്തിൽ എത്രത്തോളം ജീവജാലങ്ങളുണ്ടാവും അല്ലേ?“

എത്രത്തോളം ജീവജാലങ്ങളുണ്ടോ അതിനടുത്ത് സംഖ്യ തന്നെ മയ്യിത്തുകളുമുണ്ടാകും ശംസൂ..” അവൾ ചിരിയോടെ എന്നെ നോക്കി..

എനിക്ക് വല്ലാത്ത ഈർഷ്യതയാണ് തോന്നിയത്..

 “പോസിറ്റീവായി ഒരു വാക്കും നിന്റെ വായിലില്ല, നെഗറ്റീവ് എനർജി മനസിൽ നിറക്കാനേ സംസാരം  ഉപകരിക്കൂ.. മതി വാ എഴുന്നേൽക്ക്.. നമുക്ക് പോകാം..”

അവൾ എഴുന്നേറ്റു.. എന്റെ വലത് കയ്യിൽ അവളെടെ രണ്ടു കൈകൾ കൊണ്ടും മുറുകെ പിടിച്ചു ചിരിക്കാൻ തുടങ്ങി..

എന്റെ ശംസൂ.. എനിക്കറിയാം, നിനക്ക് മരണമെന്ന പദം പോലും പേടിയാണെന്ന്. നീയെന്നോട് അത് തുറന്ന് സമ്മതിക്കില്ലെങ്കിൽ പോലും.. നിന്റെ വീട്ടിൽ വരുമ്പോളൊക്കെ ഉമ്മ ഇക്കാര്യം എന്നോട് പറയും. ശംസുവിന്റെ മരണ ഭയവും പറഞ്ഞ് ഞങ്ങളെത്ര ചിരിക്കാറുണ്ടെന്നോ?“

ശരിയാണ് നേഹാ, മരണത്തെ എനിക്ക് ഭയം തന്നെയാണ്, വലിയ വലിയ വർത്തമാനം പറയാൻ കഴിയുമെങ്കിലും ആർക്കാണ് മരിക്കാൻ ഭയമില്ലാത്തത്..”

"എനിക്കൊരു പേടിയും ഇല്ല ശംസൂ.. ജനിച്ചാൽ മരണം ഉറപ്പാണ്,"

ആ സംസാരത്തിനു ശേഷം മൂന്ന് വർഷങ്ങളെടുത്തു  അവളുടെ ജനനത്തിനൊപ്പവും മരണം എഴുതി വെക്കപ്പെട്ടിരുന്നു എന്ന ആ സത്യം അനുഭവവേദ്യമാകുവാൻ..

***
കിടന്നിട്ട് ഉറക്കം വരുന്നതേയില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകളടച്ച് എല്ലാ ചിന്തകളേയും മറന്നു കളയുവാനുള്ള പാഴ്ശ്രമങ്ങൾ, ഒരു ദിവസത്തെ ശോകാർദ്രമായ ചിന്തകൾ മുഴുവൻ ഒരൊറ്റ സെകന്റിൽ മറന്നുകളയുന്നത് എങ്ങനെയാണ്.?

വാതിൽ തുറന്നു പുറത്തെ സിറ്റൌട്ടിലിരുന്നു പുറത്തെ ഇരുട്ടിൽ പെയ്തുവീഴുന്ന മഴത്തുള്ളികളുടെ അവ്യക്തമായ നിഴൽ രൂപങ്ങളെ നോക്കി എത്ര നേരമിരുന്നു? അറിയില്ല, വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികൾ പുറത്തെ മഴവെള്ളത്തിൽ ഒലിച്ചു നടക്കുന്നുണ്ട്.

സത്യത്തിൽ എന്താണ് തന്റെ പ്രശ്നമെന്നും, വിഷമമെന്നും തിരിച്ചറിയുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ജനനത്തിനൊപ്പം തന്നെ എഴുതിവെക്കപ്പെട്ട മരണം, ഒരു സെകന്റ് പോലും അതിന്റെ ദൈർഘ്യം കൂട്ടാനോ കുറക്കാനോ കഴിയില്ലെന്നിരിക്കെ എല്ലാം ഒരു പാഴ്ചിന്തയാണെന്ന് തിരിച്ചറിയാൻ കഴിയുമ്പോളും ലാഘവമായി ചിന്തിക്കുവാനോ മറന്നു കളയുവാനോ കഴിയാത്ത ചില നിമിഷങ്ങൾ..!

വാതിൽ ചാരി വെച്ച് കുട നിവർത്തി മുറ്റത്തേക്കിറങ്ങി നടന്നു. കടപ്പുറത്തേക്കുള്ള വഴിയരികൾ മൈലാഞ്ചിച്ചെടികൾ പൂത്തു നിൽക്കുന്നുണ്ട്.  മൈലാഞ്ചിപ്പൂക്കളുടെ രൂക്ഷമായ ഗന്ധം തലച്ചോറിലേക്ക് അടിച്ചു കയറുന്നത് പോലെ.. തല വേദനിക്കുന്നു..

നിശബ്ദമായ രാത്രിയിൽ തിരമാലകളുടെ ശബ്ദം ഭയാനകമായി തോന്നി, കടലിന്റെ ആഴങ്ങളിലേക്ക് വെറുതെ കണ്ണുനട്ട്  മണൽ‌പ്പരപ്പിൽ കാലുകൾ നീട്ടിയിരുന്നു. ഇടക്കിടെ മണലിൽ കുഴി തീർത്ത് ആഴത്തിലേക്ക് ഇറങ്ങി പോകുന്ന  ഞണ്ടുകളും കുനിയകളും മാത്രമുണ്ട് ഈ തീരത്ത് കൂട്ടിന്..

എത്ര നേരം ആ ഇരിപ്പിരുന്നുവെന്നറിഞ്ഞു കൂടാ, തിരമാലകൾക്ക് മുകളിൽ വെളുത്ത രൂപം പ്രത്യക്ഷമായി, അടുത്ത് വരും തോറും അതൊരു സ്ത്രീ രൂപമാണെന്ന് വ്യക്തമായി തുടങ്ങി.

കയ്യിലൊരു പിടി മൈലാഞ്ചി പൂക്കളുമായി നേഹ അരികിൽ വന്നിരിക്കുന്നു, ആ പൂക്കൾ എന്റെ നേരെ നീട്ടി അവൾ പറയുന്നു..
“ശംസൂ.. ഇത് സ്വീകരിക്കൂ, ഈ മൈലാഞ്ചിപ്പൂക്കൾ സത്യത്തിൽ  ഇതിനു മരണത്തിന്റെ ഗന്ധമേയല്ല, പ്രണയത്തിന്റെ വശ്യഗന്ധം തന്നെയാണ്..“

എന്റെ കൈകളിലിരുന്ന് ആ മൈലാഞ്ചിപ്പൂ‍ക്കൾ വിറച്ചു..

 “ഇല്ല, നേഹാ, സത്യമായും  മൈലാഞ്ചിപ്പൂക്കൾക്ക് മരണത്തിന്റെ ഗന്ധം തന്നെയാണ്..“

നീയാണ് ശരി, അല്ല ഞാനാണ് ശരി എന്ന വാദപ്രതിവാദങ്ങൾക്ക് സമയം തികഞ്ഞതേയില്ല, അതിനും ഏറെ മുൻപേ മനസിലെ ചായക്കൂട്ടുകളിലെ മഷി തീരുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..
12 comments:

 1. ഒരിക്കലും അവസാനിക്കാത്ത പ്രണയം.കൊള്ളാം എഴുത്ത്.

  ReplyDelete
 2. കഥ കുഴപ്പമില്ല. പക്ഷെ തുടക്കവും ഒടുക്കവും തമ്മില്‍ ബന്ധമില്ലാത്തത് പോലെ തോന്നി

  ReplyDelete
 3. മൈലാഞ്ചിപ്പൂക്കള്‍ക്ക് ശരിക്കും എന്തിന്റെ മണമാണ്
  ഒരു തീരുമാനം വരുന്നതിനു മുന്പ് മനസ്സിലെ ചായക്കൂട്ടുകളിലെ മഷി
  തീരുകയാണ് അല്ലെ.
  കഥ കൊള്ളാം.

  ReplyDelete
 4. മരണവും പ്രണയവും സാമ്യങ്ങളുള്ള എന്തോ ഒന്നാണ്. അതുകൊണ്ടാവും ബൈബിള്‍ ഉത്തമഗീതങ്ങളില്‍ “പ്രേമം മരണം പോലെ ബലമുള്ളത്” എന്ന് പറയുന്നത്

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. കഥയുടെ തുടക്കത്തിനു കഥയുമായി ബന്ധമൊന്നുമനുഭവപ്പെട്ടില്ല. പ്രമേയത്തിലെ സാധാരണത്വം അവതരണം കൊണ്ട് മറി കടക്കാനും കഴിഞ്ഞിട്ടില്ല.

  ReplyDelete
 7. കഥയുടെ തുടക്കം മരണം എന്ന വിഷയത്തിലേയ്ക്കുള്ള വിരൽചൂണ്ടൽ ആണെന്ന് മനസ്സിലായി. എങ്കിലും രണ്ടും അല്പം കൂടി ചേർന്ന് നിൽക്കേണ്ടതായിട്ടുണ്ട്. എങ്കിലും മൊത്തത്തിൽ ഇഷ്ടമായി. ആശംസകൾ..

  ReplyDelete
 8. നന്നായിരിക്കുന്നു രചന
  തുടക്കംമുതലുള്ള സംഭാഷണരീതി കഥയ്ക്കനുയോജ്യമായ വിധത്തില്‍ ആകുമായിരുന്നുവെങ്കില്‍ കഥയ്ക്ക്‌ തിളക്കമേറിയേനെ....
  ആശംസകള്‍

  ReplyDelete
 9. ആശംസകള്‍ റൈനി

  ReplyDelete
 10. പലരും പറഞ്ഞത് തന്നെ ..തുടക്കം ഒടുക്കവുമായി ഒരു വിയോജിപ്പ്‌ പോലെ .കഥ നന്നായി

  ReplyDelete
 11. പ്രണയ ഗന്ധമുള്ള മൈലാഞ്ചി പൂക്കൾ...

  ReplyDelete