Friday, December 21, 2012

ലോകവസാനവും ലൈവ് ബ്രോഡ്കാസ്റ്റിങ്ങും...!!


ഇതെന്തോ വിഷൻ വാർത്തയിലേക്ക് സ്വാഗതം ഞാൻ പുനീത് കുമർ,
പ്രധാന വാർത്തകൾ..
ഇന്ന് 21-12-2012, മായൻ കലണ്ടർ പ്രകാരം ലോക ജനത ലോകാവസാന ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നു. ഇപ്പോൾ സമയം പത്ത് പത്ത്, പതിനൊന്ന് പതിനൊന്നിന് അരികിലണയുന്ന ലോകവസാന മഹോത്സവത്തിന് കോപ്പുകൂട്ടുവാൻ കുട്ടികൾ ആടയാഭരണങ്ങളണിഞ്ഞ് കാത്തിരിക്കുകയാണ്. വർണ്ണ നക്ഷത്രങ്ങളും പൂക്കളവുമായി ലോകവസാനത്തിനെ വരവേൽക്കാൻ കാത്തിരിക്കുന്ന മലയാളികൾക്ക് മുൻപിൽ ലോകവസാനം എത്തിച്ചേരുമോ എന്ന സന്ദേഹത്തിലാണ് മലയാളികൾ..!!

ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥയിൽ നേരിയ വ്യതിയാനം പോലും റിപ്പോർട്ട് ചെയ്തതായി വാർത്തകൾ ലഭിച്ചിട്ടില്ലെങ്കിലും ഒരു മണിക്കൂറിനകം എന്തെങ്കിലും സംഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ലോക ജനത..!

ലോകവസാനം സത്യമോ മിഥ്യയോ എന്ന വിഷയം ചർച്ച ചെയ്യാൻ ഇന്ന് നമുക്കൊപ്പം അഖില ലോക യുക്തി വാദി സംഘത്തിന്റെ മേലദ്ധ്യക്ഷൻ ശ്രീ നിരീശ്വരാനന്ദ, മായൻ കലണ്ടർ പ്രധിനിധി ശ്രീ മായിക പ്രഭൻ, സാഹിത്യ ലോകത്തെ അൽഭുതം ശ്രീമതി ശാശ്വത കുമാരി എന്നിവരുണ്ട്. ഒപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലും ക്യാമറയും തൂക്കി ജാഗരൂകരായി നമ്മുടെ റിപ്പോർട്ടർമാർ വെയിറ്റ് ചെയ്യുകയാണ്. എല്ലാ പ്രേക്ഷകർക്കും ലോകവസാന ചർച്ചയിലേക്ക് ഹാർദ്ദവമായ സ്വാഗതം..!

“ആദ്യ ചോദ്യം ശ്രീ നിരീശ്വരാനന്ദയോടാണ്, നമസ്കാരം ശ്രീ നിരീശ്വരാനന്ദ, ലോകവസാനം ഇന്ന് വരും എന്ന് താങ്കൾ ഉറച്ചു വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ് വരുന്നത്? വന്നില്ലെങ്കിൽ അതെന്തു കൊണ്ടാണ് വരാത്തത്? വരാതിരുന്നാൽ കാത്തിരിക്കുന്ന ജനങ്ങളിൽ മോഹഭംഗത്തിന്റെ വേദന മായ്ക്കാൻ താങ്കൾക്കെന്താണ് ചെയ്യാൻ കഴിയുന്നത്, അല്ലെങ്കിൽ എങ്ങനെയാണ് താങ്കൾ ഇക്കാര്യത്തെ നോക്കിക്കാണുന്നത്, അതുമല്ലെങ്കിൽ.“
“മതി മതി ശ്രീ പുനീത്, ഇത്രയും ചോദ്യങ്ങൾ ഒരുമിച്ച് താങ്ങാനുള്ള കരുത്ത് ഈയുള്ളവനുണ്ടെന്ന് തോന്നുന്നില്ല, അതുകൊണ്ട് തന്നെ ചോദ്യങ്ങൾ ഒരോന്നായി ചോദിക്കുന്നതാവും നല്ലത്..
ക്ഷമിക്കണം ശ്രീ നിരീശ്വരൻ, എങ്കിൽ പറയൂ  ലോകവസാനം ഇന്ന് നടക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?“

“ഒരിക്കലുമില്ല പുനീത്, ലോകവസാനം ഇന്നും നാളെയും വരാൻ യാതൊരു സാധ്യതയുമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു..!“

“ഇത്രയും ഉറപ്പിച്ചു പറയുവാൻ താങ്കൾക്ക് തോന്നുന്ന കാരണം എന്താണ്?? പറയൂ നമ്മുടെ പ്രേക്ഷകർ താങ്കളുടെ വാക്കുകൾക്ക് കാതോർക്കുകയാണ്, അല്ലെങ്കിൽ ചെവി കൂർപ്പിക്കുകയാണ്.“
“പുനീത്, താങ്കളെപ്പോലെ ഉള്ളവർക്ക് ലോകത്തെക്കുറിച്ച് എന്താണറിയുന്നത്,  സൂര്യൻ ഒരു ഗ്രഹമാണ്, ഭൂമി മറ്റൊരു ഗ്രഹവും, അപ്പോൾ ചന്ദ്രൻ എന്തുകൊണ്ടാണ് ഉപഗ്രഹം ആയത് എന്ന് നിങ്ങൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല, മാത്രവുമല്ല, ബുധനും ശുക്രനും ഇന്നൊന്നും ചെയ്യാൻ കഴിയാത്ത ദിവസമാണ്, ഇന്ന് വെള്ളിയാഴ്ചയാണ്, അറബി ഗ്രഹങ്ങളിൽ ഒഴിവ് ദിനം, നാളെയും മറ്റന്നാളും ആകട്ടെ മറ്റു പല ഗ്രഹങ്ങളിലും ഒഴിവു ദിവസങ്ങളും. ജോലി ദിവസങ്ങളിൽ തന്നെ വല്ലാതെ മടി പിടിച്ച് ഇരിക്കുന്നവ ഒഴിവു ദിനത്തിൽ ഇത്രയും ശ്രമകരമായ ഒരു ജോലി ചെയ്യുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
യുക്തിവാദം എന്ന് പറയുന്നത് മാങ്ങാത്തൊലിയൊന്നുമല്ല, ബുദ്ധിയുടെ ആന്തരിക മണ്ഡലങ്ങളെ ഉത്തേജിപ്പിച്ച് ബുദ്ധിപരമായ ചിന്തകളും കണ്ടെത്തലുകളും നടത്തുന്ന എന്നെപ്പോലെ ഉള്ളവരെ നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഇക്കാര്യത്തിൽ താങ്കൾക്ക് സത്യം മനസിലായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.“

“വളരെയധികം വ്യക്തമാണ് ശ്രീ നിരീശ്വരാനന്ദ, നമുക്ക് ഇതേക്കുറിച്ച് മായ പ്രഭൻ സാറിനോട് ചോദിക്കാം.. ശ്രീ മായപ്രഭൻ ലോകം ഇന്ന് അവസാനിക്കുമോ അല്ലെങ്കിൽ എന്നെങ്കിലും അവസാനിക്കുമോ? അതുമല്ലെങ്കിൽ കാത്തിരിക്കുന്നവരുടെ മോഹം പൂവണിയുമോ, ഇക്കാര്യത്തിൽ എന്താണ്, അല്ലെങ്കിൽ എന്തൊക്കെയാണ് താങ്കൾക്ക് പറയാനുള്ളത്..?“

“പുനീത്, ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ എന്താണ് പറയുക, മായിൻ ഇക്ക എന്നോട് പറഞ്ഞു ഇന്നെന്തായാലും ലോകം അവസാനിക്കും എന്ന്. പുള്ളിക്കാരൻ ഭയങ്കര ജീനിയസ് ആണ്, ലോകം അവസാനിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദം വരെ അദ്ധേഹം മുൻ കൂട്ടി കണ്ട് ഞങ്ങളെ കേൾപ്പിക്കുകയുണ്ടായി!!“

“ഇത്രയും തെളിവുകൾ താങ്കളുടെ കയ്യിലുണ്ടായിട്ടും അതെന്ത്കൊണ്ടാണ് ഞങ്ങൾ ചാനലുകാർക്ക് വിട്ടു താരാത്തത്, പറയൂ എങ്ങനെയാണ് ആ ശബ്ദം..?“

“എനിക്ക് മിമിക്രി അറിയില്ല മിസ്റ്റർ പുനീത് എങ്കിലും നിർബന്ധമാണെങ്കിൽ കുറച്ച് സാധനങ്ങൾ സംഘടിപ്പിച്ച് നൽകിയാൽ ഞാൻ ഒരു പരീക്ഷണത്തിലൂടെ ലോകവസാന ശബ്ദം നിങ്ങളെ കേൾപ്പിക്കാൻ ശ്രമിക്കാം,“

“എന്താണ് എന്താണ് താങ്കൾക്ക് വേണ്ട സാധനങ്ങൾ മടിക്കാതെ പറയൂ നമ്മുടെ പ്രേക്ഷകര് ഉദ്വേഗത്തിന്റെ മുൾ മുനയിലാണെന്ന് താങ്കൾ മനസിലാക്കൂ പ്ലീസ് …“

“ശരി അങ്ങനെ എങ്കിൽ അല്പം തീക്കനലുകളും കുറച്ച് വെള്ളവും സംഘടിപ്പിച്ച് നൽകിയാൽ ഞാൻ ആ ശബ്ദത്തിന്റെ ഒരു മോഡൽ ഇവിടെ കേൾപ്പിക്കാം പുനീത് അത്രൊക്കെയേ എന്നെക്കൊണ്ട് പറ്റൂ കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ മായിൻ ഇക്കാനെ വിളിച്ചാൽ മതി.“

(പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ചാനൽ സ്റ്റുഡിയോയിൽ പരീക്ഷണം നടക്കുന്നു. തീക്കനലിലേക്ക് വെള്ളമൊഴിച്ചപ്പോൾ കേട്ട സ് സ് സ് സ് ശൂം ശബ്ദം കേൾപ്പിച്ച് വിജയിയായി മായപ്രഭൻ സായൂജ്യമടയുന്നു, ആദ്യമായി ലോകവസാന പരീക്ഷണവും ലോകാവസാനത്തിന്റെ ശബ്ദവും ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്ത പുനീത് കുമാർ അത്യാഹ്ലാദത്താൽ ഓടി ചാടി നടന്ന് ചിരിക്കുന്നു)

“വളരെ നന്ദി ശ്രീ മായപ്രഭൻ,ലോകവസാന ചക്രവർത്തി ശ്രീ മായിൻ ഇക്കയെ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്നും കണക്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ എത്രയും വേഗത്തിൽ ലൈനിൽ കിട്ടുമെന്ന പ്രതീക്ഷയോടെ നമുക്ക് ശ്രീമതി ശാശ്വത കുമാരിയുടെ അഭിപ്രായങ്ങൾ കേൾക്കാം..“

“ശ്രീമതി ശാശ്വത കുമാരി, ലോകവസാനത്തെക്കുറിച്ച്,  ഇവിടെ നടന്ന പരീക്ഷണത്തെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്??“

“ന്റെ പുനീതേട്ടാ, ലോകം അവസാനിക്കും ന്ന് എല്ലാരും പറഞ്ഞപ്പോ എന്റുള്ളില് വല്യ ഞെട്ടലാണുണ്ടായത്. ലോകം അവസാനിച്ചാൽ ഞാൻ ഇന്നലെയും കൂടി എഴുതി വെച്ച് പ്രസിദ്ധീകരണത്തിന് കൊടുക്കാൻ പോണ പുസ്തകം ആര് വായിക്കും എന്നോർത്തപ്പോൾ എന്റെ നെഞ്ച് വരണ്ട് കിടക്കണ പുല്ലാണിപ്പാടം പോലെ ആയി. ന്റെ കാഞ്ചിപുരം പട്ട് സാരി ഞാൻ ഒരു തവണയല്ലെ ഉടുത്തിട്ടുള്ളൂ എന്നോർത്തപ്പോൾ എന്റെ ഉള്ളിലെ മൈന ദയനീയമായി മൂ‍ളുകയാണുണ്ടായത്. അപ്പോൾ തന്നെ സമകാലീന സുന്ദരിക്കോതകളും എന്റെ കൂടെ അടിഞ്ഞൊടുങ്ങും എന്നോർത്തപ്പോൾ തെല്ലൊരു സമാധാനം എനിക്ക് കിട്ടാതെയുമിരുന്നിട്ടില്ല. ഖസാഖിന്റെ ഇതിഹാസം ഞാൻ വായിക്കണമെന്ന് വിചാരിച്ചത് വായിച്ച് തീർത്തില്ലല്ലോ എന്ന സങ്കടവും വന്നു. സിസ്റ്റം ഓഫ് ചെയ്ത് രണ്ട് പുസ്തകം വായിക്കൂ കുട്ട്യോളെ എന്ന് പറഞ്ഞ എന്റെ വാക്ക് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാൻ പോണില്ലല്ലോ എന്ന കാര്യം ഓർത്ത് ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു. പക്ഷെ ഇപ്പോൾ ഈ പരീക്ഷണം കണ്ടപ്പോൾ എനിക്ക് അല്പം ആശ്വാസമുണ്ട്..!!“

“സത്യത്തിൽ ലോകാവസാനത്തിന്റെ ഈ ശബ്ദം ഞാൻ നേരത്തെ തന്നെ കേട്ടിട്ടുള്ളതാണ്, വീട്ടിലെ അടുപ്പിൽ നിന്നും ഇടക്കിടെ ഞാനത് കേൾക്കാറുണ്ട്. രണ്ട് മൂന്ന് വട്ടം വീട്ടിൽ ദോശ ചുട്ടപ്പോളും ഇതേ ശബ്ദം  നേരിയ വ്യത്യാസത്തോടെ ഞാൻ കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് ഇത് ലോകാവസാന ശബ്ദം ആണെന്ന് ഞാൻ വിശ്വസിക്ക്ണ് ല്ല.. ഇത് പ്രകൃതിയുടെ ആന്തോളനങ്ങളുടെ ബാഹ്യസ്ഫുരണങ്ങളെ അത്യന്തം ഹർഷ പുളകിതമാക്കാൻ സർവ്വേശ്വരൻ നൽകിയ ഒരു പ്രത്യേക സമ്മാനം തന്നെയാണ്. അതിന്റെ അലയൊലികൾ ഇല്ലാതെ എനിക്ക് ഒരു വരി പോലും എഴുതാൻ കഴിയില്ല. അറിയാമോ??“

“വളരെ നന്ദി ശ്രീമതി ശാശ്വത കുമാരി, നമ്മളെന്തൊക്കെയോ ചോദിച്ചു, അവരെന്തൊക്കെയോ പറഞ്ഞു, പ്രേക്ഷകർ എന്തൊക്കെയോ കേട്ടു. വളരെ നന്ദി,“

“ഇപ്പോൾ ലോകവസാന ചക്രവർത്തി ശ്രീ മായിൻ ഇക്ക ലൈനിലുണ്ട്, നമുക്കദ്ദേഹത്തോട് ചോദിക്കാം…“

ഹലോ ശ്രീ മായിൻ കേൾക്കാമോ കേൾക്കാമോ?

ഹലോ ഹലോ ഹലോ..

കേൾക്കാമോ ശ്രീ മായിൻ, കേൾക്കാമോ

എന്താണ്ടാ ജ്ജി കേൾക്കാമോ കേൾക്കാമോ എന്ന് ചോയിക്കണത്, വയസ് അറുവത്തഞ്ച് ആയെങ്കിലും ന്റെ ചൊവ്ട്ടിന് ഒരു പ്രസ്നം ഇതുവരെ ഉണ്ടായീല്ല്യ. എന്നിട്ടവന്റെ ഒരു ചോദ്യം.. യ്യ് ന്നെ മടിയിൽ വെച്ച് പേരിട്ടതാണ്ടാ മായിൻ ആണത്രെ, അന്നേക്കാട്ടീം എത്ര വയസുണ്ട് ടാ ഇക്ക്.. ഇക്കാ ന്ന് വിളിച്ചാൽ അന്റെ നാക്ക് ഇറ്ങ്ങിപ്പോവോ  ന്റടുത്ത് അത്രത്തോളം സുജായി ചമഞ്ഞാൽ അന്റെ എല്ല് ഞാൻ നുറുക്കും

ക്ഷമിക്കണം ശ്രീ മായിൻ ഇക്കാ, 

ശ്രീ മായിൻ ഇക്ക അല്ലടാ ജനാബ് മായിൻ ഇക്ക

വീണ്ടും ക്ഷമിക്കണം ശ്രീ ജനാബ് മായിൻ ഇക്കാ  പറയൂ എങ്ങനെയാണ് ലോകവസാനം വരുന്നത്

ബീമാനത്തില്, അല്ല പിന്നെ, അന്റെ ഒരു ചോദ്യം പൊട്ടന്മാരോട് ചോയ്ക്കണ ചോദ്യം കൊണ്ട് ഇന്റടുത്ത് വരരുത്.

അതല്ല, താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു ശ്രീ ജനാബ് മായിൻ ഇക്ക സാഹിബ്.. എന്റെ ചോദ്യം അതല്ല, ലോകവസാനത്തെ കുറിച്ച് താങ്കൾ ഒന്ന് വിശദീകരിക്കാമോ.

അത്രേള്ളോ.

“കുല്ലു നഫ്സുൻ ദായിക്കത്തുൽ മൌത്ത് “ എല്ലാ സരീരങ്ങളും മരണത്തിന്റെ രുച്യറിയും ന്റെ കുട്ട്യേ.. അനക്കും ഇക്കും പിന്നെള്ളൊര്ക്കും ചെന്ന് കെടക്കാൻ ള്ളത് ഖബറാണ്.. ഖബറെന്ന് പറഞ്ഞാൽ ആറടി മണ്ണാണ്, തിരിയാനും മറിയാനും സ്ഥലമില്ലാത്തൊരു കുഞ്ഞു കുഴിയാണ്.
ലോകവാസാനം എന്നത് വല്ല്യൊരു കാര്യാണ് മക്കളേ. ഒരു കൊടുങ്കാറ്റ് , ഒരു സുനായി, ആകാസം ഭൂമീനെ ഒന്ന് ചുമ്പിക്കല് അയിന്റപ്പുറം ഒന്നും ഉണ്ടാവൂലാ മെയ്തീൻ ഇക്കാന്റെ കടയുണ്ടാവൂലാ, കുമാരന്റെ ചായപ്പീട്യ ഉണ്ടാവൂലാ, എന്തിന് ഞമ്മടെ വീട് ണ്ടാവൂല, ഇങ്ങനെ സുജായിത്തരം കാണിക്കാൻ അനക്ക് ചാനലും ഉണ്ടാവൂലാ അനക്കൊന്നും ജീവനും ഉണ്ടാവൂല, 
പടച്ചോനെ, കാത്തോളണേ

ശ്രീ ജനാബ് മായിൻ ഇക്കാ  നമ്മുടെ സമയം കഴിയാനായിരിക്കുന്നു

അതെന്നെയാണ് കുട്ട്യേ ഞാനും പറഞ്ഞത്, ഒക്കെ കഴിയാനായിരിക്കണ്, ആ ദുഷിച്ച ദിവസം അതെന്നാണ് അതെന്നാണ് എന്ന് ചിന്തിച്ചോണ്ടിരുന്നാള് ഒരു അന്തവുമില്ല, ഞമ്മക്കൊരു കുന്തവുമില്ല മോനെ

അതല്ല, ശ്രീ മായിൻ ഇക്കാ, ഇന്ന് ലോകാവസാനം ആയിരിക്കുമെന്ന് പറഞ്ഞ താങ്കൾ അതെന്നാണ് അതെന്നാണ് എന്ന് ചിന്തിച്ചിരിക്കുകയോ??

അനക്ക് തെറ്റിപ്പോയി മോനെ, ആ മായിൻ ഇക്ക ഞമ്മളല്ല, ഞമ്മള് വയള് പറയാൻ പോണ മായിൻ ഇക്ക, ലോകവസാനം പറഞ്ഞ മായിൻ ഇക്കാനെ ആണാ ജ്ജി വിളിച്ചത്??

ക്ഷമിക്കണം മായിൻ ഇക്കാ, ഞാൻ അദ്ദേഹത്തെ ആണ് വിളിച്ചത്, നിങ്ങളെയല്ല,
വളരെ നന്ദി, ശ്രീ മായിൻ ഇക്കാ, താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു

പ്ഭ്ഫാ. @#$%^&*() @#$%^&*(

മായിൻ ഇക്കയുമായുള്ള ഫോൺ ബന്ധം ചില സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുന്നു..
പ്രേക്ഷകരേ, ലോകവസാനം വരുമോ, പോകുമോ, ഉടനെ എത്തുമോ, വഴിയിൽ പെട്ട് ബുദ്ധിമുട്ടി വൈകുമോ, വരുന്ന വണ്ടിയുടെ ടയർ പഞ്ചറാകുമോ, ട്രാഫിക് ബ്ലോക്കിൽ പെടുമോ എന്നുള്ള ചോദ്യങ്ങൾ ഇപ്പോളും ബാക്കിയാവുന്നു. ലോകാവസാനം ഒരു സമസ്യ,,,!
ഈ ചർച്ച ഇവിടെ പൂർണ്ണമാവുന്നു. നാളെ ലോകം ഇതുപോലെ ഉണ്ടെങ്കിൽ മറ്റൊരു ചർച്ചയുമായി ഇതേസമയം ഇതേ നേരം വീണ്ടും.
സുലായ്…….

PS :  ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ജീവിക്കാന്‍ ഇരിക്കുന്നവാണോ മരിക്കാന്‍ ഇരിക്കുന്നവരോ ജനിക്കാന്‍ ഇരിക്കുന്നവരോ ആയ ആരുമായും ഇതിലെ കഥക്കോ കഥാ പാത്രങ്ങള്‍ക്കോ  ബന്ധമില്ല. അതല്ല ഇനി ഇത് നിങ്ങളാണെന്നു നിങ്ങള്‍ക്ക്  തോന്നുന്നു എങ്കില്‍ നിങ്ങള്‍ക്ക്  സങ്കടവും എനിക്ക് സന്തോഷവും തന്നെ...!  

Thursday, November 29, 2012

അവസ്ഥാന്തരങ്ങള്...!


അപ്പുവിന്റെ കരച്ചിൽ ഉച്ചത്തിലായ നേരം ഉമ ചുറ്റും നോക്കി, ചുവരിലെ ഹാങറിൽ തൂങ്ങുന്ന ഷോളിൽ നോട്ടം തറഞ്ഞു നിന്നു. നിറകണ്ണുകളോടെ, ഷാളിലേക്കും പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ ദയനീയ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടിരുന്നു അവള്. എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ വ്യക്തമായ ഒരുത്തരം അവളുടെ മനസിൽ ഉദിച്ചു വന്നതേയില്ല

കുഞ്ഞിന്റെ കരച്ചിലിന് ശക്തി കൂടിക്കൂടി വന്നു, അബലയും, അന്നത്തിന് അശക്തയായിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മനസിൽ രോഷത്തിന്റെ ഭ്രാന്തു പടർത്തുവാൻ സ്വന്തം കുഞ്ഞിന്റെ കരച്ചിലിനു പോലും കഴിയുന്ന ചുരുക്കം ചില മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത് ഉമക്കപ്പോൾ..
ഒന്നും മിണ്ടിയില്ല, ഉള്ളിൽ നിറഞ്ഞൊലിക്കുന്ന സങ്കടവും രോഷവും  മനസിലൊതുക്കി പിടിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു അവള്..

കുഞ്ഞിന്റെ കരച്ചിൽ മെല്ലെ നേർത്തു വന്നു, വിശപ്പിന്റെ കരച്ചിലിനൊടുവിൽ അപ്പു തളർന്നുറങ്ങി.
ഉമയുടെ വിരലുകൾ അപ്പുവിന്റെ നെറുകിലൂടെ മെല്ലെ തഴുകിക്കൊണ്ടിരുന്നു, അവളുടെ ദേഷ്യം അടങ്ങിക്കഴിഞ്ഞിരിക്കുന്നു, എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയും, തന്റെയും കുഞ്ഞിന്റെയും വിശപ്പിന്റെ വേദനയും,  അവളുടെ കൺ തടങ്ങളിൽ നീർച്ചോലകൾ സൃഷ്ടിച്ചു.

വിശന്നു തളർന്നുറങ്ങിയ കുഞ്ഞിന്റെ ദയനീയ മുഖത്തേക്ക് അവൾ നോക്കിക്കൊണ്ടിരുന്നു, ജോണിച്ചായന്റെ മുഖം പകർത്തി വെച്ചതുപോലെ, എന്നാൽ ജോണിച്ചായന്റെ മുഖത്തൊരിക്കലും ഈ ദീനഭാവം താൻ കണ്ടിട്ടേയില്ലല്ലോ എന്ന് അവളോർത്തു.

ആദ്യത്തെ കണ്ടുമുട്ടലിൽ തുടങ്ങി നാട്ടുകാരുടെയും വീട്ടുകാരുടെയും എതിർപ്പുകളെ മറി കടന്ന്  രജിസ്റ്ററോഫീസിൽ നിന്നും അകലെ, അപരിചിതമായ മറ്റൊരു നാട്ടിലേക്ക് വണ്ടി കയറുമ്പോളും വെളുത്ത തുണിപുതപ്പിക്കപ്പെട്ട മരണത്തിൽ പോലും ജോണിച്ചായന്റെ മുഖത്ത് തികഞ്ഞ ശാന്തഭാവമല്ലാതെ അവൾ കണ്ടതേയില്ലല്ലോ..

അപ്പുവിനരികിൽ നിന്നും അവൾ മെല്ലെ എഴുന്നേറ്റു, പഴന്തുണികൾ മാത്രമൊതുക്കി വെച്ച പഴകിയ അലമാരയിൽ അവൾ വെറുതെ പരതി നോക്കി, ഇല്ല, വിൽക്കാനായി ഇനിയൊന്നും ബാക്കിയിരിക്കുന്നില്ല എന്ന യാഥാർത്ഥ്യം അവൾക്ക് ഒരിക്കൽ കൂടി ബോദ്ധ്യപ്പെട്ടു.
ഉമയുടെ തലച്ചോറ് പെരുക്കുകയായിരുന്നു, ജോണിച്ചായൻ പോയതിന് ശേഷം ആറ് മാസം തികയാനായിരിക്കുന്നു, ഉള്ളതെല്ലാം വിറ്റു പെറുക്കി കഷ്ടിച്ചു ജീവിക്കുന്നതിനിടയിൽ വീട്ടു വാടകയിനത്തിൽ  കൊടുക്കാൻ കഴിഞ്ഞത് ഒരു മാസത്തേത് മാത്രമാണ്, എപ്പോളും വന്നു കയറാൻ സാധ്യതയുള്ള വീട്ടുടമസ്ഥനെയും, കുഞ്ഞിന്റെ വിശന്ന് വലഞ്ഞ കരച്ചിലും, തന്റെ ആമത്തിന്റെ വിശപ്പും എത്ര കാലം ഒതുക്കി നിർത്താമെന്നോർത്തുകൊണ്ട് അവൾ മുറിക്കകത്ത് കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങിങ്ങു നടന്നു..

ഒരു ജോലിക്കായി എത്രയോ അലഞ്ഞതാണ്, കയ്യിലെ പി ജി സർട്ടിഫിക്കറ്റിന്റെ കാര്യം തൽക്കാലം മറവിലേക്കെറിഞ്ഞ് വീട്ടുപണിയോ, കല്ലുടക്കാനോ, എന്തെങ്കിലും ഒന്നിനായി മുട്ടാത്ത വാതിലുകൾ ഇല്ലാതായിക്കഴിഞ്ഞു. ദയ തോന്നി ഒരു ജോലി നൽകാൻ തോന്നുന്നവർക്ക് പോലും സദാചാര വാദികളെ ഭയമാണ്.
ഭർത്താവ് മയ്യത്തായിറ്റ് ഒരാറുമാസം കൂടിം  തേയണേന മുന്നേ വീട്യോള് മുഴോനും അലഞ്ഞു നടക്കണ തേവിടിശ്ശിക്ക് ജോലി കൊടുത്തെന്നാവും കുട്ട്യേ നാട്ടാര് പറയണത് , മ്മക്ക് ഇഞ്ഞീം ഇന്നാട്ടില് ജീവിക്കണേ, മാത്രോല്ല, രണ്ട് പെൺകുട്ട്യോളാ ഇക്ക് കെട്ടിക്കാറായിട്ട്“  എന്ന കുഞ്ഞിക്കാദറിക്കയുടെ വാക്കിൽ അത് സ്പഷ്ടമായിരുന്നു.

ഉമയുടെ കൈ മെല്ലെ ആ ഷോളിന് നേരെ നീണ്ടു. കണ്ണുകൾ വേദനയോടെ ഇറുകെയടച്ച് അവളത് കയ്യിലെടുത്തു, തലക്കു മുകളിൽ, വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ നിശ്ചലമായി നിന്ന ഫാനിലേക്ക് അവളുടെ കണ്ണുകളുടക്കി നിന്നു.

ഉമേ

തൊട്ടുപിന്നിൽ നിന്നും ജോണിച്ചായൻ വിളിക്കുന്നു, അവളുടെ മനസൊന്നു തണുത്തു. അവൾ ആവേശത്തോടെ തിരിഞ്ഞു നോക്കി,

 ഇല്ല ആരുമില്ല..

ഉമേ..എന്താ നീയിപ്പോ കാണിക്കാൻ പോണേ, ആത്മഹത്യ ജോണിവർഗ്ഗീസിന്റെ ഭാര്യക്ക് പറഞ്ഞിട്ടുള്ളതല്ല കെട്ടോ..”

ജോണിച്ചായൻ കാതിൽ പറഞ്ഞതു പോലെ അവൾക്ക് തോന്നി, ഏതാണ് സ്വപ്നം ഏതാണ് യാഥാർത്ഥ്യം എന്നറിയാതെ അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.

തോൽവിയുടെ ഏറ്റവും അവസാനത്തിലും പ്രതീക്ഷയുടെ നാളം കത്തിക്കാറുള്ള മനസ് അവളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു, അടുത്തൊരു ആശ്രയം ഉണ്ടെന്ന ധാരണ അവളെ മെല്ലെ മുറ്റത്തേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചു.

കയ്യിലെ കറുത്ത ഷോൾ തോളിലേക്കിട്ട്  വാതിചാരി അവളിറങ്ങി, കാലുകൾ ആരോ വലിക്കുന്നതു പോലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു, മുറ്റം കടന്ന് ചെമ്മൺ പാതയിലൂടെ അവളുടെ കാലുകൾ ലക്ഷ്യമില്ലാതെ ചലിച്ചു കൊണ്ടിരുന്നു.

ഒന്നും ചിന്തിക്കാൻ കഴിയാത്ത ഭ്രാന്തിന്റെ ആദ്യാവസ്ഥയിലായിരുന്നു അവളപ്പോൾ, നാൽക്കവലയും കടന്ന് തിരിഞ്ഞു നോക്കാതെ അവൾ മുന്നോട്ട് നടന്നു, എങ്ങോട്ട്, എന്തിന് എന്നറിയാതെ ഒരു യാത്ര, ഉമയുടെ നടത്തം പുല്ലാനിപ്പാടത്തെ കൊക്കർണി വരെ നീണ്ടു. ഇനിയങ്ങോട്ട് വഴിയില്ല, തന്റെ ജീവിതം പോലെ വഴിമുട്ടിയ സ്ഥലം..!

മുന്നിലൊഴുകുന്ന ജലത്തിലേക്കവൾ നോക്കി നിന്നു, കുനിഞ്ഞു കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി, താൻ എന്തിനു വേണ്ടിയാണ് ഇവിടെ വരെ വന്നതെന്ന് അവളാലോചിച്ച് ഉത്തരമില്ലാതെ തിരിച്ചു നടന്നു.

നാൽക്കവല കഴിഞ്ഞ് നടക്കുമ്പോൾ കൂട്ടം കൂടിയ ചെറുപ്പക്കാരുടെ കമന്റടികൾ അവൾക്ക് കേൾക്കാമായിരുന്നു.

എന്തു ചെയ്യാനാ, ഇപ്പോ രാവെന്നും പകലെന്നും വേർതിരിവൊന്നും ഇല്ലാതായിരിക്കണ്, അല്ലേടാ ബാബു..“ കൂട്ടത്തൊലുത്തൻ പറഞ്ഞത് അവൾ കേട്ടു..

ഉം, അതെയതെ, ഇല്ലെങ്കി തന്നെ ഇത് ഇപ്പോ തൊടങ്ങ്യേതൊന്നും അല്ലല്ലോ, ആ നസ്രാണിച്ചെക്കന്റെ ഭാഗ്യം കൊണ്ടാവും നേരത്തെ അങ്ങ്ട് പോയത്..“

ഇപ്പോളും നല്ല സ്ട്രക്ച്ചറാ, അല്ല നുമ്മളും പുരുഷന്മാരാണേ,“  കൂട്ടത്തിലൊരുത്തൻ ഒരു വഷളൻ ചിരിയോടെ അവളുടെ ശരീരത്തെ കാമക്കണ്ണുകളാൽ ഉഴിഞ്ഞു.

നാടിന്റെ വെല കളയാൻ ഇങ്ങനെ ഓരോന്ന് എറങ്ങിക്കോളും, കെട്ട്യോൻ ചത്തിട്ട് കൊല്ലം തികഞ്ഞില്ല അതിന് മുന്നെ തന്നെ തൊടങ്ങി…“ ഒരുത്തൻ രോഷം കൊണ്ട് പല്ലിറുമ്മുന്നു..

ഒന്നും കേട്ടില്ലെന്ന് നടിച്ചു ഉമ, ഒന്നിനും കഴിയാത്ത,പ്രതികരണ ശേഷി പണയം വെക്കപ്പെട്ടവളാണ് ഒറ്റപ്പെട്ട സ്ത്രീ എന്ന് അവൾ തിരിച്ചറിയുകയായിരുന്നു. ഹൃദയം പിളർക്കുന്ന വാക്കുകളിൽ നിന്നും രക്ഷക്കായി അവളുടെ കാലുകൾ വേഗത കൂടിക്കൂടി വന്നു.

വീട്ടിലേക്കുള്ള വളവിലെ പുളിമരച്ചുവട്ടില് എവിടെ നിന്നോ കിട്ടിയ ഭക്ഷണം കഴിക്കുന്ന ഭ്രാന്തൻ കൃഷ്ണേട്ടൻ മാത്രം അവളെ നോക്കി മനസു തുറന്ന് ചിരിച്ചു. ഇപ്പോൾ വല്ലപ്പോളും മാത്രം വീണുകിട്ടുന്ന ചിരികളിൽ ഒന്നായിരുന്നതിനാൽ തന്നെ ആ വേദനകൾക്കിടയിലും അവൾ അയാളെ നോക്കി ചിരിച്ചു.

വേണോ?“

ചോറുരുള ഉരുട്ടിക്കൊണ്ട് ഭ്രാന്തൻ കൃഷ്ണേട്ടൻ അവളെ നോക്കി ചോദിച്ചു..
ഒന്നും പറഞ്ഞില്ല, എങ്കിലും കാലുകൾ അറിയാതെ അയാൾക്കരികിലേക്ക് ചലിച്ചു.
അയാൾക്കരികിലായി അവൾ നിന്നു, അയാൾ കയ്യിൽ പിടിച്ച ഉരുള അവൾക്ക് നേരെ നീട്ടി..
അവളത് വാങ്ങാതെ നിന്നപ്പോൾ അയാൾക്ക് സങ്കടം വന്നെന്ന് തോന്നുന്നു..

മുയോനും വാണ്ടീട്ടാ ?“  അയാൾ ചോദിച്ചു

മറ്റൊന്നും ചിന്തിക്കാതെ അവൾ തലയാട്ടി, അയാൾ തികഞ്ഞ സന്തോഷത്തോടെ ഭക്ഷണപ്പൊതി മടക്കി അവൾക്ക് നേരെ നീട്ടി.

അപ്പേടെ മോള് മുയോനും തിന്നോളൂട്ടാ…“

അയാളുടെ ആ വാക്കുകളിൽ ഒരച്ഛന്റെ സ്നേഹവാത്സല്യം നിറഞ്ഞത്, സന്തോഷാധിക്യത്താൽ അവളുടെ മിഴികൾ നനച്ചു.

പൊതിയുമായി അവൾ വീട്ടിലേക്ക് നടന്നു, ആ ഭക്ഷണപ്പൊതിയിൽ അവൾ തന്റെ എല്ലാ വേദനയും മറന്നു കളഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞിന്റെ വയറു നിറക്കാനായി  അവൾ ഓടുകയായിരുന്നു.

മയക്കത്തിൽ കിടന്ന അപ്പുവിനെ ഉമ മെല്ലെ തട്ടിയുണർത്തി

അപ്പൂ അമ്മേടെ പൊന്നുവാവേ, എഴുന്നേക്കെടാ മുത്തെ നിധി കിട്ടിയ സന്തോഷത്തോടെ അവൾ അപ്പുവിനെ കുലുക്കി വിളിച്ചു..

അപ്പു മെല്ലെ കണ്ണുകൾ തുറന്നു

അപ്പുവിന്റെ മുഖത്തിന് ഇപ്പോൾ തിളക്കം വെച്ചിരിക്കുന്നു, വിശപ്പിന്റെ വേദനയുടെ കറുത്ത മറ അവന്റെ മുഖത്ത് നിന്നും മാഞ്ഞിരിക്കുന്നു. അപ്പു കുഞ്ഞുകാലുകളുമായി മുറിയിൽ ഓടിക്കളിച്ചുകൊണ്ടിരുന്നു.

വാതിലിൽ മുട്ടു കേട്ട്  വാതിൽ തുറക്കണോ എന്ന് ശങ്കിച്ചു നിന്നു ഉമ.

വീട്ടുടമസ്ഥനാവാം, തുറക്കാതെ എങ്ങനെ? തുറന്നിട്ട് എന്തു പറയാനാണ്, ഒരായിരം ചോദ്യങ്ങൾ മനസിലൂടെ കടന്നു പോകുന്നതിനിടെ ഉമയുടെ കൈകൾ യാന്ത്രികമായി വാതിലിന്റെ കൊളുത്തു തുറന്നു.

വാതിൽ തുറന്ന് പുറത്തേക്ക് കടന്നതും വെളുത്ത് തടിച്ച  ആറടിയോളം പൊക്കം വരുന്ന മധ്യവയസ്കൻ വീട്ടുടമസ്ഥൻ  അയാളുടെ കാമക്കണ്ണുകളാൽ ഉമയുടെ ശരീരമാകെ ഉഴിഞ്ഞു.
അല്ലെങ്കിൽ തന്നെ വാടക ചോദിക്കാനെന്ന പേരിൽ അയാളിവിടെ കയറി ഇറങ്ങുന്നതിന്റെ ഉദ്ദേശ്യം ഉമക്കറിയാതെയല്ല, പിണക്കാനും ആട്ടിയകറ്റാനും വയ്യാത്തൊരു അടിമത്വം ഇപ്പോൾ അയാളോട് അവൾക്കുണ്ട്, ഇറങ്ങിപ്പോകാൻ മറ്റൊരു വീടുണ്ടായിരുന്നെങ്കിൽ…!
പലപ്പോളും കൊതിച്ചിട്ടുണ്ട് അയാളിവിടെ വരുമ്പോളെല്ലാം ഉമ.

“രാത്രി വരാം ഞാൻ..“ അയാൾ പതുക്കെ പറഞ്ഞു,

അവളൊന്നും പറഞ്ഞില്ല, എന്നാൽ അത് അവളുടെ സമ്മതത്തിന്റെ ലക്ഷണം തന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു, നിസഹായവസ്ഥ അവളെ തനിക്ക് അടിമപ്പെടുത്തുമെന്ന ചിന്ത തന്നെയാണ് തെല്ലും ഭയമില്ലാതെ അയാളെക്കൊണ്ട് അത് പറയിച്ചതും..

ലോകത്ത് ഒറ്റയാവുന്ന എല്ലാ സ്ത്രീകളും, അന്യൻ വിയർക്കുന്ന കാശിൽ മൃഷ്ടാനമുണ്ട് അന്യന്റെ കുറ്റം അന്വേഷിച്ചു നടക്കുന്ന സദാചാരവാദികളുടെ കണ്ണിൽ തേവിടിശ്ശികളാണെന്ന് തിരിച്ചറിഞ്ഞതാവാം, അയാൾക്ക് നിശബ്ദാനുമതി  നൽകുമ്പോൾ ഉമയുടെ മനസിലുണ്ടായിരുന്നത്.. 

വർദ്ധിച്ച സന്തോഷത്തോടെ അയാൾ ഇറങ്ങി നടന്നു, ഹൃദയം പിളരുന്ന വേദനയോടെ, കരളു നോവുന്ന സങ്കടത്തോടെ ഉമ ചവിട്ടു പടികളിലിരുന്നു. അപ്പു കുഞ്ഞു കാലുകളിൽ പിച്ചവെച്ച് അമ്മക്കരികിലെത്തി.

അപ്പുവിനെ ചേർത്തു നെഞ്ചോടമർത്തി ഉമ കരഞ്ഞു കൊണ്ടിരുന്നു, പിന്നെ എവിടെ നിന്നോ കിട്ടിയ ശക്തിയിൽ അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്ന ജലധാരക്ക് ശമനം വെച്ചു. ഒന്നുമില്ലാത്തവർക്കും ആരുമില്ലാത്തവർക്കും അഭിമാനത്തെയും ചാരിത്രത്തെയും കുറിച്ച് ചിന്തിക്കാൻ പോലും അവകാശമില്ലെന്ന് അവളുടെ മനസു പറഞ്ഞു, അത് അവൾക്ക് ശക്തി പകരുന്നുണ്ടായിരുന്നു.

***
അപ്പുവിനെ മടിയിൽ വെച്ച് ദൂരെ നോക്കി നിർവികാരതയോടെ ഇരുന്ന അവൾക്കരികിലേക്ക് ദൂരെ നിന്നും വരുന്ന ഒരു ചുവന്ന വാഗ്നർ കാർ ഓടിയടുത്തുകൊണ്ടിരുന്നു. പടി കടന്നെത്തുന്ന കാർ കണ്ട് ഉമയെഴുന്നേറ്റതും അത് മുന്നിലെത്തി നിന്നു. കാറിൽ നിന്നും ഇറങ്ങുന്നവരെ കണ്ട് ഉമ അൽഭുതപ്പെട്ടു.

കുഞ്ഞ്യേട്ടൻ..   ഉമ അറിയാതെ മന്ത്രിച്ചു..

അപ്പോൾ നീ ഞങ്ങളെയൊന്നും മറന്നിട്ടില്ല, അല്ല്യോടി? പറഞ്ഞുകൊണ്ട് അയാൾ ചവിട്ടുപടികൾ കയറി..“

ഉമയുടെ കണ്ണുകൾ നിറഞ്ഞു, അയാൾ അവളെ ചേർത്തു പിടിച്ചു..

പോട്ടെടി മോളെ, എല്ലാം കഴിഞ്ഞില്ലെ, ഇനീം ഇങ്ങനെ വിഷമിച്ചിട്ടെന്താ…“ അയാളവളെ സമാധാനിപ്പിച്ചു.

ഉമ പോയേപ്പിന്നെ ഞങ്ങള് കുറച്ച് അന്വേഷിച്ചു , പക്ഷെ കണ്ടെത്താനായില്ല, പലർക്കും അറിയില്ലായിരുന്നു, അറിഞ്ഞ ചുരുക്കം ചിലരാണെങ്കിൽ പറയുകയുമില്ലല്ലോ.  ഞങ്ങൾക്കും തോന്നി, എവിടെയാണെങ്കിലും സന്തോഷായി ജീവിക്കണുണ്ടാവും ന്ന്. പിന്നെ അച്ഛനെ അറിയാലോ..   ബാംഗ്ലൂർന്ന് ഇത്തവണ വന്നപ്പോ രാജേട്ടന്റെ ഏതോ ഫ്രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷെ വന്ന് വീട്ടിലേക്ക് കൊണ്ടോവാൻ ഞങ്ങൾക്കും അത്ര ധൈര്യം പോരായിര്ന്നു. അതാ ബാംഗ്ലൂർക്ക് തിരിച്ച് പോകുമ്പോൾ കൂട്ടീട്ട് പോവാന്ന് നിരുവിച്ചെ..“ രാജി അവളുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

“ഏട്ത്ത്യമ്മേ…‘ അവളൊരു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് അവരുടെ തോളിലമർന്നു..


ഉമ വസ്ത്രങ്ങളെല്ലാം കവറിലാക്കി പുറത്തേക്കിറങ്ങി വന്നു, രാജേട്ടൻ വാത്സല്യത്തോടെ അവളെ ചേർത്തുപിടിച്ച് കാറിനടുത്തേക്ക് നടന്നു, രാജിയുടെ തോളിൽ അപ്പു പറ്റിച്ചേർന്നു കിടന്നു.

കാറിനകത്തേക്ക് കയറുമ്പൊൾ കുഞ്ഞു കുളിരോടെ വീശി വന്ന ഒരു ഇളം തെന്നൽ ഉമയുടെ വേദനകളെയും സങ്കടങ്ങളെയും പറിച്ചെറിഞ്ഞു കളഞ്ഞു. വളവിനപ്പുറത്തെ പുളി മരത്തിൽ ഇരുന്ന ആൺപക്ഷി പെൺപക്ഷിയെ നോക്കി പറഞ്ഞു.

കണ്ടോ? വിധി ഇങ്ങനെയാണ്, അത് ചിലരെ തെരെഞ്ഞെടുക്കും, ഒരിക്കലും ക്ഷമിക്കാനും സഹിക്കാനുമാവാത്ത തരത്തിൽ അവരെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. ഇനിയൊരിക്കലും ഒരു രക്ഷപ്പെടലില്ലെന്ന് അത് അവരെ തോന്നിപ്പിക്കും. അവസാനം ഒരു കയറിലോ ഒരല്പം വിഷത്തിലോ അവർ അവസാനിക്കും. എന്നാലോ ഒരല്പ നേരത്തെ ക്ഷമകൂടി അവർക്കുണ്ടായിരുന്നെങ്കിൽ! കാരണം തോൽവിയുടെ അവസാനത്തെ നിമിഷത്തിൽ അവരുടെ സഹായത്തിനായി വിധി ആരെയോ കണ്ട് വെച്ചിട്ടുണ്ടായിരുന്നു എന്ന് അവർ മനസിലാക്കാറേയില്ല.“

കാർ മെല്ലെ മുന്നോട്ട് ചലിച്ചു, പുളിമരം കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ ഭ്രാന്തൻ കൃഷ്ണേട്ടൻ അവളെ കണ്ടു. 
 
അപ്പേടെ മോളെ, അപ്പേടെ മോളെ.. “ വിളിച്ചു കൊണ്ട് അയാൾ ഉമയുടെ കാറിനു പിന്നാലെ പാഞ്ഞു.

ഉമ തല പുറത്തേക്കിട്ട് അയാളെ നോക്കി ചിരിച്ചു കൊണ്ട് കൈവീശി.. 

ഞാൻ വരും കൃഷ്ണേട്ടാ, ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാനാവുമ്പോൾ ഞാൻ വരും, ഈ അപ്പേടെ മോളാവാൻ, കാരണം ബുദ്ധിയുറച്ചവരേക്കാൾ ബുദ്ധിയിളകി നിൽക്കുന്നവരുടെ മനസിലെ നിറഞ്ഞ സ്നേഹവും വാത്സല്യവും ഞാൻ നിങ്ങളിൽ നിന്നും അറിഞ്ഞിട്ടുണ്ടല്ലോ..“ ഉമയുടെ മനസു മന്ത്രിച്ചു.

ഉമയുടെ കാർ ദൂരങ്ങളോളം താണ്ടിക്കഴിഞ്ഞ ശേഷവും കൃഷ്ണേട്ടൻ കൈകൾ വീശിക്കൊണ്ടേയിരുന്നു. ആ കണ്ണുകളിൽ ചുവപ്പു കലർന്നിരുന്നു.