Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, July 23, 2012

മാനവൻ


മനുഷ്യനെ തേടി ഞാൻ നടന്നു.. കാണാനായതേയില്ല…
എഴുതപ്പെട്ട പുസ്തകങ്ങളിൽ, പറയപ്പെട്ട വാക്കുകളിൽ, ചൊല്ലിപ്പതിഞ്ഞ കവിതകളിൽ, രസിച്ചു വായിച്ച കഥകളിൽ മനുഷ്യനുണ്ടായിരുന്നു. എന്നിട്ടും ചുറ്റുവട്ടത്തിലെങ്ങും അവനുണ്ടായതേയില്ല.
ഞാൻ ചിന്തിച്ചു മനുഷ്യൻ ഒരു സങ്കല്പം മാത്രമോ?
എന്റെ കുഞ്ഞു ശരീരത്തിലെ ചെറിയ വിവേകബുദ്ദി ഉപയോഗിച്ച് ഞാൻ കണ്ടെത്താൻ ശ്രമിച്ചു..
 ആകാശത്തിന്റെ നെറുകയിൽ നിന്നും ആയിരം മാലാഖമാർ ജീവന്റെ തുടിപ്പിനെ സൂക്ഷിച്ച സ്വർണ്ണപ്പാത്രവും കയ്യിലേന്തി ദൈവ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ട് ഭൂമിയിലേക്ക് മെല്ലെ പറന്നുകൊണ്ടിരുന്നു. ആ മഹത്തായ ജീവന്റെ തുടിപ്പിനെ മൺ രൂപത്തിലേക്ക് പകർന്ന് കൈകളുയർത്തി മാലാഖമാർ ആശീർവദിച്ചു,
“ പുതു ജീവനാകുന്ന മഹത്വമേ, നീ ലോകം മുഴുവൻ നിറഞ്ഞു സുഗന്ധംപരത്തുക..! ഏഴാകാശങ്ങളിലും ഏഴു ഭൂമികളിലും അതിനിടയിലെ പരമാണുക്കളിലും നിന്റെ മഹത്വം മനുഷ്യൻ എന്ന പേരിലറിയപ്പെടട്ടെ..!“
അങ്ങനെ ഭൂമിയിൽ ആദ്യത്തെ മനുഷ്യ ജീവൻ മുളപൊട്ടിയുണർന്നു.“
ആദ്യ മനുഷ്യനായി ഇണയെ നൽകപ്പെട്ടു. സുന്ദരമായ ലോകമെങ്കിലും അഘോഷിക്കാനോ ആഹ്ലാദിക്കാനോ ആവശ്യമായ അംഗബലമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ച് മനുഷ്യക്കുഞ്ഞുങ്ങൾ പിറവികൊണ്ടുകൊണ്ടിരുന്നു.
പിറക്കുന്ന ഓരോ കുഞ്ഞിനുമൊപ്പം മനസു നിറയെ സ്വാർഥതയും അസൂയയും  നിറച്ച് മനുഷ്യന് നൽകപ്പെട്ട പദവിയിൽ അസൂയപൂണ്ട അസൂയാലുക്കൾ മനുഷ്യ വർഗ്ഗത്തെ ഇടിച്ചു താഴ്ത്താൻ പദ്ധതിയിട്ടുകൊണ്ടിരുന്നു.
ഏറ്റവും ബുദ്ധിമാനായ വിവേകി സ്വാർഥതയുടെയും അസൂയയുടെയും അവിവേകത്തിൽ മനുഷ്യൻ എന്ന വാക്കിന്റെ അർഥം മറന്നു. മനുഷ്യത്വമെന്ന പദത്തിന്റെ അർഥം നോക്കാൻ അവൻ പലപ്പോളും  നിഘണ്ടു തപ്പിത്തിരഞ്ഞു.
സഹോദരങ്ങൾ പരസ്പരം വെട്ടിച്ചാവാൻ മതങ്ങളെ, പാർട്ടികളെ, വർണ്ണ വർഗ്ഗ ഭേദങ്ങളെ അവൻ മറയാക്കി മാറ്റുമ്പോൾ വിവേകമെന്ന പദത്തെയും അവൻ മറന്നുപോയിരുന്നു.
മനുഷ്യ ശരീരത്തിൽ മൃഗീയതയുടെ അമ്പത്തൊന്ന് വെട്ടുകൾ പതിഞ്ഞു. മണ്ണിൽ വീണു പിടയുന്ന വേദനിക്കുന്ന മനുഷ്യരെ നോക്കി വിവേകിയായ മനുഷ്യൻ ചിരിച്ചു. ന്യായങ്ങളും അന്യായങ്ങളും നിരത്തി ഘോരഘോരം ഗർജ്ജനങ്ങൾ നടന്നു.
കയ്യിലെത്തുന്ന കറൻസികളുടെ സ്വപ്നഭാരം നിറച്ച് അവൻ സഹോദരന്റെ കഴുത്തറക്കാൻ മൂർച്ചയേറിയ കഠാര കരുതി വെച്ചുകൊണ്ടിരുന്നു.
നെഞ്ചു പിടഞ്ഞ് കണ്ണു തളർന്ന് കരളിലെ രക്തം വാർന്ന് ഞാൻ ഇരുന്നു
ഒരു മനുഷ്യനെപ്പോലും കാണാനായില്ലല്ലോ എന്നാ വേദനാ ഭാരത്തോടെ തെരുവോരങ്ങളിലേക്ക് ഞാൻ ഇറങ്ങി നടന്നു.
അവിടെ മനുഷ്യരുണ്ടായിരുന്നു. കുപ്പത്തൊട്ടിയിലെറിഞ്ഞ സമ്പന്നന്റെ ഭക്ഷണാവിശഷ്ടങ്ങൾ ആർത്തിയോടെ വാരിയെടുത്ത് ഭക്ഷിക്കുന്ന മനുഷ്യക്കോലങ്ങള്. കിട്ടിയ അപ്പക്കഷ്ണങ്ങളെ പങ്കിട്ടെടുത്ത് സ്വയം വിശന്നും സഹോദരന്റെ വിശപ്പകറ്റാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയിൽ ഞാൻ ഒരു മനുഷ്യനെ കണ്ടെത്തി.
പിന്നെ എന്റെ കണ്ണുകൾ തെരുവോരങ്ങളിലെ മനുഷ്യപ്പേക്കോലങ്ങളെ അന്വേഷിച്ചു നടന്നു. അതിലൊരു മനുഷ്യനുണ്ടാവുമെന്ന പ്രതീക്ഷയോടെ, അപ്പോൾ എന്റെ മനസിലെ സന്ദേഹം ഞാനൊരു മനുഷ്യൻ തന്നെയോ എന്ന കാര്യത്തിലായിരുന്നു.
വീണ്ടും, എന്റെ പോക്കറ്റിലെ ചില്ലറത്തുട്ടുകളെ വാങ്ങാൻ വിസമ്മതിച്ച് ജോലി ചെയ്യാതെ കൂലി വേണ്ടെന്ന് പ്രഖ്യാപിച്ചൊരു വൃദ്ധനിൽ ഞാൻ കണ്ടു. വിവേകിയും അഭിമാനിയുമായൊരു മനുഷ്യനെ.!
തേടി നടന്ന യാത്രകളിൽ ചില്ലുമേടകളിൽ സ്വയം അഭിമാനികളും മാന്യരുമെന്ന് പ്രഖ്യാപിച്ച മനുഷ്യ രൂപങ്ങളെ നോക്കി ഉറക്കെ വിളിച്ചു പറയാൻ എന്റെ നാവു കൊതിച്ചു.
“അല്ലയോ സ്വയം പൂജിതരായ അവിവേകികളേ. മഹത്വമേറുന്ന മനുഷ്യ വർഗ്ഗത്തിലെ ചുരുക്കം ചിലരെ ഞാൻ കണ്ടെത്തിയിരിക്കുന്നു. മനുഷ്യനെന്ന വാക്കിന്റെ യഥാർഥ അർഥത്തിനുടമസ്ഥരായ ചിലരെ.“
എന്നാൽ അവരും നിങ്ങളും തമ്മിൽ എത്രയോ അകലത്തിലാണ് എന്ന സത്യം നിങ്ങളിപ്പോളും അറിഞ്ഞിട്ടില്ല.
എന്റെ കണ്ടെത്തലുകളെ പിൻ തലമുറകളിലെ മനുഷ്യാന്വേഷകർക്ക് ഉപകാരപ്പെടുന്ന വിധം എഴുതിവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഒരു കരിക്കട്ടയും ഒരു കരിങ്കൽ കഷ്ണവും നിങ്ങളെനിക്ക് നൽകിയേക്കുക.
അതിനാവുകയില്ലെങ്കിൽ കാണുന്നിടങ്ങളിലെല്ലാം നിങ്ങളിത് എഴുതി വെക്കുക. മനുഷ്യൻ എന്താണെന്ന് മനുഷ്യൻ മനസിലാക്കട്ടെ.! ജീവിതമെന്താണെന്ന് അവനറിയട്ടെ.!
“പ്രപഞ്ച വീണയിൽ വിരലു തട്ടാതെ ഉറങ്ങുന്ന മനോഹര രാഗങ്ങളാണ് ജീവിതം, എത്ര മനോഹരമായി നമുക്കതിനെ തഴുകാനാവുന്നുവോ അത്രയും മനോഹരമായ സംഗീതമായി ആ ജീവിതം ലോകത്തിന്റെ നെറുകയിൽ എഴുതപ്പെടുന്നു“

Wednesday, July 18, 2012

മതവിഭ്രമം.


മതത്തിന്റെ പേരിൽ , ദൈവത്തിന്റെ പേരിൽ , കുലത്തിന്റെ പേരിൽ, വിഭാഗങ്ങളുടെ പേരിൽ ഘോരഘോരം വാചാലരാവുന്ന വിഭാഗീയതയുടെ വിഷവിത്തുകൾ പാകി വരും തലമുറയെക്കൂടി അക്ഷരാർഥത്തിൽ കെണിയിലാക്കുന്ന വിഭാഗീയതയുടെ പുത്തൻ തലങ്ങൾ കണ്ടുപിടിക്കാൻ ജന്മസിദ്ദവാസനയുള്ള വിഭാഗീയതയുടെ മേലാളന്മാർക്കും അതിനു ഓശാന പാടുന്ന കീഴാളന്മാർക്കും എതിരെയുള്ള മരണം വരെ മനുഷ്യനായി ജീവിക്കുക എന്ന ഒടുങ്ങാത്ത ആഗ്രഹം നടക്കാത്ത എന്റെ രോഷമാണ് ഈ എഴുത്ത്.
പണ്ട് ഞാൻ സ്കൂളിൽ പടിക്കുന്ന കാലത്ത് അർച്ചന ടീചർക്ക് ഒരു ക്ലാസ്സ് മുറി വിനോദമുണ്ടായിരുന്നു. ടീചർ ഒരു ദിവസം ഏറ്റവും മുന്നിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടിയുടെ കാതിൽ ആരും കേൾക്കാതെ my name is Archana എന്നു പറഞ്ഞു. രണ്ടാമത് ആവർത്തിക്കാതെ അത് അടുത്ത കുട്ടിയുടെ കാതിൽ പറയുവാൻ ആ കുട്ടിയോട് ആവശ്യപ്പെട്ടു. അങ്ങനെ ആ പ്രവർത്തി അവസാനത്തെ കുട്ടിയിലെത്തിയപ്പോൾ ടീച്ചർ ആ കുട്ടിയോട് താൻ കേട്ടത് ഉച്ചത്തിൽ വിളിച്ച് പറയുവാൻ ആവശ്യപ്പെട്ടു. ആ കുട്ടി പറഞ്ഞത് ടീച്ചർ പറഞ്ഞ my name is archana എന്ന പദത്തിനോട് യാതൊരു ബന്ധവുമില്ലാത്ത the dog bites rice എന്നായിരുന്നു. വെറും നാല്പത്തി എട്ട് കുട്ടികളിലൂടെ കടന്നു പോയപ്പോളാണ് my name is archana എന്നത് the dog bites rice എന്നായി മാറിയത്. ഇവിടെ നാം മനസ്സിലാവുന്നത് എന്താണ്?? ആദ്യം ടീച്ചർ പറഞ്ഞത് ശരിയായി കേട്ടത് ആദ്യത്തെ ഒന്നോ രണ്ടോ കുട്ടി മാത്രമാണ്. അകലേക്ക് പോകുംതോറും അതിലെ സത്യസന്ധത നശിച്ച് ടീച്ചർ മനസ്സിൽ പോലും കരുതാത്ത ഒന്നായി മാറി. ഇതു തന്നെയാണ് മതത്തിനും ദൈവത്തിനുമൊക്കെ സംഭവിച്ചിരിക്കുന്നത്.യഥാർത്ത യേശു ക്രിസ്തുവും മുഹമ്മദ് നബിയും നാരായണനുമൊക്കെ തലമുറകളിലൂടെ നശിച്ചു.ഇന്നു കാണുന്നത് ഇവരുടെയൊക്കെ പ്രാക്രുത രൂപങ്ങളാണ് പ്രത്യയ ശാസ്ത്രങ്ങളല്ല. കച്ചവട സംസ്കാരത്തിന്റെ ഭീമാകാരമായ പാദങ്ങൾക്ക് അടിയിൽപ്പെട്ട് മനുഷ്യന്റെ സർവസ്വവും ഞെരിഞ്ഞമർന്നു. മതവും, സംസ്കാരങ്ങളും ആചാരങ്ങളും എല്ലമെല്ലാം വില്പനച്ചരക്കുകളായി മാറി. ഇന്നത്തെ മതമേലധ്യക്ഷന്മാരും വർഗ്ഗ നേതാക്കളുമൊക്കെ മതത്തെയും സംസ്കാരത്തെയും മനുഷ്യ സ്വാതന്ത്രങ്ങളെയും ഒക്കെ വില്പനച്ചരക്കുകളാക്കി ലാഭം കൊയ്ത് കൊഴുക്കുന്നു. മനുഷ്യൻ വർഗീയതയുടെ പേരിൽ തമ്മിലടിക്കുമ്പോൾ തന്റെ വ്യാപാര തന്ത്രങ്ങളുടെ വിജയം വർഗീയതയുടെ നേതാക്കൾ തന്റെ ചില്ലുമേടകളിൽ ഇരുന്നു അഘോഷിക്കുന്നു.ദംഷ്ട്രകളിലെ അവസാന തുള്ളി രക്തവും നക്കിത്തുടച്ച് അവർ പുതിയ കച്ചവട തന്ത്രങ്ങൾ മെനയുമ്പോൾ മൂർത്തികളേക്കാൾ വലിയ പൂജാരികൾ ഉണ്ടാകുന്നു. ദൈവങ്ങളെ പിന്തള്ളി മനുഷ്യ ദൈവങ്ങൾ വിശ്വാസികളെ മത്സരിച്ച് സമ്പാദിച്ച് കൊണ്ടിരിക്കുന്നു.
രാമായണവും മഹാഭാരതവും മനസ്സിരുത്തി വായിച്ച എത്ര ഹിന്ദുക്കൾ ഉണ്ട്?? തന്നെപ്പോലെ തന്റെ അയൽകാരനെ സ്നേഹിക്കുന്ന എത്ര ക്രിസ്ത്യാനികൾ ഉണ്ട്? അയൽകാരൻ പട്ടിണി കിടക്കുന്ന കാരണത്താൽ വയറ് നിറയെ കഴിക്കാതെ ധാന ധർമ്മങ്ങൾ ചെയ്യുന്ന എത്ര മുസൽമാന്മാരുണ്ട്??
മനുഷ്യന്റെ മനസ്സുകളിൽ നിന്ന് സ്നേഹത്തിന്റെ വെള്ളരിപ്രാവുകളെ കഴുത്തറുത്ത് കൊന്ന് തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളാക്കി മാറ്റിയ ഈ വിഭാഗീയതയുടെ നേതാക്കൾക്ക് അന്ത്യകൂദാശ കൊടുക്കുവാൻ ആരും ധൈര്യപ്പെടാത്ത വിധം എല്ലാവരെയും വശംവദരാക്കി സാത്താന്റെ സാമ്രാജ്യം പണിത് അവിടെ അവരവരുടെ കഴിവിനനുസരിച്ച് വലിയ സിംഹാസനങ്ങൾ പണിത് ചുറ്റും തോഴന്മാരുമായി മദിച്ചിരിക്കുന്നു. ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ അവിടവിടെ ഇവർക്കെതിരെ ഉയർന്നിട്ടുണ്ട് പക്ഷെ കടിച്ചാൽ പൊട്ടാത്ത സധാരണക്കാരന്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന വാക്കുകൾ ഉപയോഗിച്ച് അതൊക്കെ അവർ അടിച്ചമർത്തി.
പ്രിയപ്പെട്ടവരെ... നൂറു പേർ ഒരുമിച്ച് പറഞ്ഞാലും തെങ്ങിലെ തേങ്ങ മാങ്ങ ആകില്ല, നൂറ് പേർക്ക് നടുവിൽ “അത് തേങ്ങയാണ് “ എന്ന സത്യസന്ധമായ ശബ്ദം ആരും ശ്രദ്ദിക്കാതെ പോയേക്കാം. എന്നാൽ സത്യം ജയിക്കും അല്പം വൈകിയാണെങ്കിലും എന്ന വിശ്വാസത്തോടെ നമുക്ക് മുന്നേറാം . ആരെയും വേദനിപ്പിക്കാനല്ല, മനസിന്റെ ദുഖതളങ്ങൾ അണപൊട്ടി ഒഴുകിയതിന്റെ ഒരു തുള്ളി മാത്രമായി ഇതിനെ കാണുക.

Friday, July 6, 2012

ജിബ്രാൻ ഖലീൽ ജിബ്രാൻ ബിൻ മിഖായേൽ ബിൻ സാദ്

ജിബ്രാൻ, അങ്ങയെ എനിക്കറിയാം, എന്നാൽ എന്നെ അങ്ങേക്കറിയുകയില്ലെന്നുമറിയാം. എന്നാൽ ആശയ വിനിമയങ്ങളിലൂടെയാണല്ലോ ഒരു പുതിയ സൌഹ്രുദ് ബന്ധം ഉടലെടുക്കുന്നത്. അങ്ങേക്ക് ഞാൻ ഒരു നല്ല സുഹൃത്താവില്ലായിരിക്കാം, എന്നാൽ എനിക്ക് അങ്ങ് എന്നും പ്രിയപ്പെട്ടവൻ തന്നെ. അങ്ങയുടെ സ്നേഹ നിർഭരമായ ഭാവനകളിൽ വിരിഞ്ഞ തത്വശാസ്ത്രങ്ങളാണെന്നെ ഈ ഒരു എഴുത്തിന് പ്രേരിപ്പിക്കുന്നത്. നിശബ്ദതയുടെ ലോകത്ത് അങ്ങേക്ക് ശാന്തിയും സമാധാനവും നേരുന്നു.
അങ്ങയെ പറ്റി പലരും പറയുന്നു, അങ്ങ് കള്ള സത്യങ്ങളുടെ പ്രവാചകനാണെന്ന്, അങ്ങയുടെ സ്നേഹാക്ഷരങ്ങളിൽ കപടതയുടെ മുഖം മൂടിയാണെന്ന്. എന്നാൽ ഞാൻ പറയുന്നു, അങ്ങ് മഹത്തായ സത്യങ്ങൾ വിളിച്ചു പറഞ്ഞ തത്വജ്ഞാനിയും പ്രവാചകനും തന്നെ. അങ്ങയുടെ തത്വശാസ്ത്രങ്ങൾക്ക് ഇന്നും നഷ്ടമാവാത്ത മൂല്യങ്ങൾ തന്നെയാണ് അങ്ങ് സത്യത്തിന്റെ പ്രവാചകനാണെന്ന എന്റെ ചിന്തക്ക് ആധാരം.
കടുത്ത ദാരിദ്ര്യത്തിൻ ഫലമായി ബാല്യത്തിൽ ഔപചാരിക വിദ്യഭ്യാസം ലഭിക്കാതെ പോയിട്ടും അങ്ങ് അന്താരാഷ്ട്ര നിയമങ്ങളും മത ചരിത്രങ്ങളും സംഗീതവും അൽ-ഹിക്മ യിൽ നിന്നു അഭ്യസിച്ചത്  അങ്ങേക്ക് അറിവിനോടുള്ള അടങ്ങാത്ത അഭിനിവേഷത്തിന്റെ ലക്ഷ്യ പൂർത്തീകരണമായി ഞാൻ മനസിലാകുന്നു.ആ ലക്ഷ്യ ബോധം തന്നെയാവണം  ലോകത്തിന്റെ നെറുകയിൽ സ്വന്തം കൈപ്പടയിൽ സ്നേഹത്തിന്റെ ചിത്രം വരച്ചിട്ട് മറഞ്ഞ് പോയ മഹാനെന്ന ഖ്യാതിക്ക് അങ്ങയെ അർഹനാക്കിയത്.
ഏകനായിരിക്കാൻ അങ്ങ് ഇഷ്ടപ്പെട്ടത് ലോകത്തിന്റെ നെറുകയിൽ സ്വന്തം പേര് തങ്ക ലിപികളിൽ കുറിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുവാനായിരുന്നുവോ?. പ്രക്രുതി രമണീയതയുടെ ഏറ്റവും നല്ല വർണ്ണനകൾ അങ്ങേക്ക് ലോകത്തിന് നൽകുവാൻ കഴിഞ്ഞത് ഈ ഏകാന്തതയിലെ അസ്വാദനങ്ങളിലൂടെയോ?
മനസിൽ തോന്നുന്നതെല്ലാം ഭയമില്ലാതെ വിളിച്ച് പറയുവാൻ ധൈര്യം കാണിച്ച അങ്ങ്  ഒരു ചിത്രകാരനായിരിക്കെ ചിത്രകലയിലെ ആധുനികപ്രവണതകൾ അന്വേഷിക്കാൻ ശ്രദ്ദിച്ച മഹാനായി തിളങ്ങി.അപ്പോൾ തന്നെ ആധുനിക ചിത്രകലയെ ഭ്രാന്തൻ വിപ്ലവം എന്ന് വിശേഷിപ്പിക്കാൻ അങ്ങ് കാണിച്ച  ധൈര്യം എന്നെ അൽഭുതപ്പെടുത്തി. പാരീസിലും ലെബണോണിലും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലും അവസാനം ലോകത്തിൽ മുഴുവനും സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിച്ചായ പതിപ്പിച്ച് പ്രശസ്തനായ അങ്ങയെ വിളിക്കാൻ മഹാൻ എന്ന വാക്കിൽ കുറഞ്ഞതൊന്നും എന്റെ നിഘണ്ടുവിലില്ല.
സ്ഥാപന വൽക്കരിക്കപ്പെട്ട മതങ്ങളെ നിരാകരിക്കുന്നവരോട് പ്രത്യേക ബഹുമാനമുണ്ടായിരുന്ന അങ്ങ് യഥാർഥ യേശുവിൽ ആക്രുഷ്ടനായതിൽ അൽഭുതം തോന്നേണ്ട കാര്യമില്ലല്ലോ. നസ്രത്തിലെ യേശു യഥാർത്ഥ ക്രിസ്തുമതത്തിലെ യേശുവിനെ കാണുമ്പോൾ പറയുമെന്ന് അങ്ങ് എഴുതിയ ഈ വരികൾ എന്നാൽ എന്നെ തെല്ലൽഭുതപ്പെടുത്തുകയുണ്ടായി. “ സുഹ്രുത്തെ നമുക്കൊരിക്കലും പൊരുത്തപ്പെടാനാവില്ലെന്ന് തോന്നുന്നു”. ഒരു ജനതയോട് ഗൌരവ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന സത്യം ഉറക്കെ വിളിച്ച് പറയുവാൻ അങ്ങ് കാണിച്ച ധൈര്യത്തിന് മറ്റെന്ത് ഉദാഹരണമാണ് എനിക്ക് ആവശ്യം.
അങ്ങയുടെ ഓരോ വരികളും ചിന്താ മധുരവും വർണ്ണനാ ചാതുരിയും നിറഞ്ഞതായിരുന്നു. മനുഷ്യത്വത്തെക്കുറിച്ച് അങ്ങെഴുതിയ വരികളെ വെല്ലുന്ന ഒരു വരി ഞാൻ വേറെ എവിടെയും വായിച്ചതായി ഓർക്കുന്നില്ല, മനുഷ്യത്വത്തെ അങ്ങ് സ്ത്രീയക്കി ചിത്രീകരിച്ചപ്പോൾ അത് പുരുഷനായിരുന്നെങ്കിൽ എങ്ങനെയാവുമെന്ന് കൂടി അങ്ങ് ചിന്തിച്ചത് ഈ വരിയിൽ മനോഹരമായി എഴുതിയത് അങ്ങയുടെ പ്രതിഭാ വൈഭവത്തിന് തെളിവാണ്.
“കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാൽ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പിൽ ചെന്നു നില്ക്കാൻ അതിനു ഭയമാണ്‌“
“തലമുറകളുടെ നായകന്മാർക്കുവേണ്ടി കരയുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മനുഷ്യത്വം ഒരു പുരുഷനായിരുന്നെങ്കിൽ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു
അങ്ങേക്ക് യേശു ക്രിസ്തുവിനോട് അടങ്ങാത്ത സ്നേഹവും ആരാധനയുമുണ്ടായിരുന്നതായി ഞാൻ മനസിലാക്കിയിട്ടുണ്ട്. ജീസസ്, ദ സൺ ഓഫ് മാൻ എന്ന പുസ്തകത്തിലെ ഓരോ വരികളും അതിന് തെളിവാണ്. ക്രൂശിതനായി നിൽക്കുന്ന യേശുദേവനെ അങ്ങ് വിവരിച്ചത് ഇപ്രകാരമായിരുന്നെന്ന് അങ്ങ ഓർക്കുന്നുണ്ടാവണമല്ലോ.
അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുൾക്കിരീടം (പേർഷ്യൻ രാജാവ്) ബഹ്‌റാമിന്റെ കിരീടത്തേക്കാൾ മനോഹരവും പവിത്രവുമാണ്‌. അങ്ങയുടെ ഉള്ളംകൈകളിൽ തറച്ച ആണികൾ ജുപ്പിറ്റർ ദേവന്റെ ഗഥയേക്കാൾ മഹത്തരമാണ്‌. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങൾ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാൾ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കൾക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കൾക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവർക്കറിയില്ല എങ്ങനെയാണ്‌ അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവർക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്“
അങ്ങയുടെ മഹത്തായ ഭാവനയിൽ വിരിഞ്ഞ തത്വജ്ഞാനിയായ അൽ മുസ്തഫ എന്ന പ്രവാചകനിലൂടെ അങ്ങയുടെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കും ദർശന സാന്ദ്രമായ ആവിഷ്കാരം നൽകിയപ്പോൾ ആ പ്രവാചകനെ ലോകം ഇരു കൈകളാൽ ഏറ്റു വാങ്ങിയത് അത് ലോകത്തിന്റെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കുമുള്ള മറുപടി ആയി വായിക്കുവാൻ സാധിച്ചതിനിലാണെന്ന് നിസംശയം പറയാം. പ്രണയം, വിവാഹം,കുഞ്ഞുങ്ങൾ.നിയമം, നീതി, ശിക്ഷ,സ്വാതന്ത്ര്യം, ഔദാര്യം, മതം, സുഖം, ദുഖം എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് ഉപദേശകനായ അൽ-മുസ്തഫ നൽകുന്ന മറുപടികൾ ചിന്താധീനവും സത്യസന്ധവുമായിരുന്നു.
പ്രണയ ബന്ധത്തിന്റെ തകർച്ച മൂലം വിവാഹമെന്ന സമ്പ്രദായത്തെ തന്നെ വെറുത്ത അങ്ങ് സ്ത്രീത്വത്തിന്റെ ഏറ്റവും മഹത്തായ അർഥം അമ്മയാണെന്ന് എഴുതുകയുണ്ടായി. അമ്മയുടെ മരണത്തിൽ തകർന്നു പോയ അങ്ങയുടെ ഈ വാക്കുകൾ മാത്രുത്വത്തിന് എഴുതപ്പെട്ട വാക്കുകളിൽ മനോഹരമായ ഒന്ന് തന്നെ.
"മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം“.
എന്നിട്ടും എന്തുകൊണ്ടാണ് അങ്ങ് മറവിയെ ഇത്രയധികം സ്നേഹിച്ച് പോയത്? ഓർമ്മകളെ വേദനകളാക്കാൻ തുനിഞ്ഞത്? കൊഴിഞ്ഞ് പോയ സ്വപ്നങ്ങളെ അങ്ങ് വല്ലാതെ സ്നേഹിച്ചിരുന്നതായി തോന്നുന്നു. അത് കൊണ്ടായിരിക്കണം അങ്ങ് മറവിയെ പുൽകാൻ വെമ്പൽ കാണിച്ചത്. അത് കൊണ്ട് തന്നെയായിരിക്കണം അങ്ങേക്ക് ഓർമ്മ കണ്ടുമുട്ടലുകളുടെ ഭാരം നൽകുകയും മറവി മോക്ഷം നൽകുകയും ചെയ്യുന്നത്. പക്ഷെ എന്റെ ഓർമ്മകളിൽ നിറയുന്നത് തിളങ്ങുന്ന നക്ഷത്രമായ അങ്ങയുടെ വരികളുടെ സുന്ദരമായ  ഓർമ്മകളായതിനാൽ മറക്കുവാനാവില്ല, എനിക്ക് ഇന്നലെകളുടെ ഓർമ്മകളെ.
അങ്ങേക്ക് ശാന്തമായ നിദ്ര ആശംസിക്കുന്നു...
സ്നേഹപൂർവ്വം.
--------------------------------------------------------------------------------------------------------------------------------------------------------------------------
ഖലീൽ ജിബ്രാൻ
ജനനം Gibran Kahlil Gibran bin Mikhael bin Saâd 1883 ജനുവരി 6(1883-01-06) Bsharri, Lebanon

മരണം 1931 ഏപ്രിൽ 10 (പ്രായം 48) New York City, United States
തൊഴിൽ Poet, Painter, Sculptor, Writer, Philosopher, Theologian, Visual Artist
ദേശീയത Lebanese
രചനാ സങ്കേതം Poetry, Parable, Short Story
സാഹിത്യ പ്രസ്ഥാനം Mahjar, New York Pen League
പ്രധാനപ്പെട്ട കൃതികൾ The Prophet, Nymph of the valley, Broken Wings, Spirits rebellious, Jesus, the son of man, Sand and Foam, the madman.

Saturday, March 3, 2012

സ്വപ്നം


എന്റെ ശൈശവം എനിക്ക് ഓർക്കാനാവുന്നേയില്ല,
കരഞ്ഞുകൊണ്ട് ഞാൻ പിറന്ന് വീണപ്പോൾ അമ്മയുടെ ചുണ്ടിൽ സുന്ദരമായ ഒരു പുഞ്ചിരി വിടർന്നിട്ടുണ്ടാവണം. ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ പുഞ്ചിരിച്ച ജീവിതത്തിലെ ഏക മുഹൂർത്തവും അതായിരിക്കണം.
ബാല്യത്തിന്റെ ഓർമ്മകൾ മനസിലെ സൂക്ഷ്മ സംവേദനക്ഷമതയുള്ള ഭാഗങ്ങളിൽ എഴുതപ്പെട്ടതുകൊണ്ടാവണം ബാല്യത്തിന്റെ ഓരോ കുഞ്ഞു കാൽവെപ്പുകളും എപ്പോളും വായിച്ചെടുക്കാനാവുന്നത്.
ഓർത്തെടുക്കുമ്പോൾ വീണ്ടുമെത്തിപ്പെടാൻ കൊതിക്കുന്ന കാലം, ബാല്യകാലം!
എന്നാൽ ബാല്യത്തിൽ കൊതിച്ചത് വളർച്ചയുടെ സുന്ദരമായ യൌവനത്തിലെത്താനായിരുന്നു.
കൌമാരത്തിലും വല്ലാതെ മോഹിച്ചു, യൌവനത്തിന്റെ സുന്ദരമായ പടവുകളിൽ കയറി നിന്ന് ലോകത്തെ മുഴുവൻ അടക്കി ഭരിക്കുവാൻ
യൌവനത്തിന്റെ തുടക്കം മുതൽ പരിശ്രമിച്ചു. ഉയരങ്ങളിലേക്കുള്ള പടവുകൾ കയറുവാൻ,
മുകളിലേക്കുള്ള ഓരോ പടവുകളിലെ കാൽവെപ്പുകളിലും വിധി വീഴ്ചകൾ മറച്ചു വെക്കപ്പെട്ടിരുന്നു.
പലപ്പോളും കാൽതെന്നി സമനില തെറ്റി നിലത്തു വീണുരുണ്ടു.
വീണിടം വിഷ്ണു ലോകമെന്നു ചൊല്ലി ഉയിർത്തെഴുന്നേൽക്കുമ്പോൾ മനസും ശരീരവും നോവുന്നുണ്ടായിരുന്നു.
തെന്നി വീഴുന്ന മിനുസമാർന്ന പടവുകളിൽ പാറകത്തിന്റെ ഉരമുള്ള ഇലകൾ ചേർത്ത് വെച്ച കാൽ വെപ്പുകൾ വീണ്ടുമുള്ള വീഴ്ചകളിൽ നിന്നും തെല്ലകറ്റി നിർത്തി..
എങ്കിലും ഉയരങ്ങളിലെ പുതു പടവുകളിൽ വീണ്ടും മറക്കപ്പെട്ട വീഴ്ചകളുണ്ടായിരുന്നു..
വഴങ്ങുകയും വിഴുങ്ങുകയും ചെയ്ത് പുതിയ യാത്രകൾ മുന്നോട്ട് പോകുന്നു..
യൌവനത്തിന്റെ പാതി ഭാഗങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞ വർത്തമാന കാലം,  വരാനിരിക്കുന്ന വാർദ്ധക്യത്തിന്റെ വിഷമതകൾ ഓർമ്മിപ്പിക്കാനൊരുങ്ങുന്നു.
കാലങ്ങളോളം എത്തിപ്പെടാൻ കൊതിച്ച യൌവനത്തിൽ നിന്നും ഇന്ന് തിരിച്ചു കയറാൻ ഞാൻ കൊതിയോടെ മോഹിച്ചു പോകുന്നു..
ഇനി നേടിയെടുത്തവയെല്ലാം ഒന്നൊന്നായി ഉപേക്ഷിക്കണം,
അറിവാകട്ടെ ആദ്യം..
ഒരിക്കലും ചിന്തിക്കാൻ കഴിയരുത്. ഒന്നിനെയും ചിന്തിക്കാനാവരുത്
ശേഷം ഓർമ്മകളാവട്ടെ,
ഓർക്കുകയെന്നാൽ ഇരുളിൽ ഒറ്റപ്പെടുകയാകുന്നു.
പിന്നെ തൂത്തെറിയണം അക്ഷരാഭ്യാസം തലച്ചോറിന്റെ ഉള്ളറകളിൽ നിന്നും,
മനം മടുപ്പിക്കുന്ന ഒരു വാർത്തയും വായിക്കാനാവരുതെനിക്ക്..
ഭാവിയുടെ ദീർഘ വീക്ഷണങ്ങളെ കടപുഴക്കിയെറിയണം,
സാമ്പത്തിക മാന്ദ്യവും, തെരുവിലെ മൺ തരികളിൽ ഇറ്റു വീണേക്കാവുന്ന രക്ത തുള്ളികളും മനസിന്റെ സ്വസ്ഥത നശിപ്പിക്കരുത്. മുന്നിലെ മുള്ളുകളോർക്കാതെ മുന്നോട്ട് നടക്കാനാവണം
സ്വപ്നങ്ങളെ കളയാനാവില്ല, എങ്കിലും..
സ്വപ്നത്തിന്റെ വൻമരങ്ങളെ വെട്ടി മാറ്റി കുറ്റിമുല്ലകൾ പോലെ പൂക്കൾ നിറയുന്ന കുഞ്ഞു സ്വപ്നങ്ങളെ നട്ടു നനക്കണം.
അതിനു വേണ്ടി ഞാൻ ഇന്നൊരു വലിയ സ്വപ്നം കാണുന്നു,
എനിക്കെന്റെ ശൈശവത്തിൽ എത്താനായെങ്കിൽ, കുറഞ്ഞ പക്ഷമെന്റെ ബാല്യത്തിലെങ്കിലും..
അതിനാവുകയില്ലെങ്കിൽ ഞാൻ ഇന്നൊരു മുഴു ഭ്രാന്തനായെങ്കിൽ..