Tuesday, February 28, 2012

അനോണിമസ് പ്രോക്സി

“ഭയപ്പെടേണ്ട സമാധാനമായിരിക്കൂ.. ഞങ്ങൾക്കിടയിൽ വന്ന് നിങ്ങളെ ആരും ഉപദ്രവിക്കില്ല“
ഡൊക്ടറുടെ വാക്കുകൾ അയാളെ തെല്ലൊന്ന് ശാന്തനാക്കിയെന്ന് തോന്നുന്നു. അയാൾ മുന്നിലെ കസേരയിലേക്കിരുന്നു. അപ്പോളും ഭയത്തിന്റെ നേരത്ത സ്ഫുരണങ്ങൾ അയാളുടെ കണ്ണുകളിൽ തിളങ്ങിക്കാണാമായിരുന്നു. കുതറിയോടിയേക്കുമെന്ന ഭയത്താൽ സുരേഷ് അയാളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
തന്റെ മുൻപിലിരിക്കുന്ന ഡൊക്ടറെയും സുരേഷിനെയും അയാൾ മാറി മാറി നോക്കിക്കൊണ്ടിരുന്നു, ആ നോട്ടങ്ങളിൽ അയാളുടെ മുഖഭാവം പലപ്പോളും ശാന്തവും ഭയാനകവുമായി മാറി വന്നു.
“മിസ്റ്റർ ശ്രീരാജ്, നിങ്ങൾ പറയൂ, എന്തിനാണ് നിങ്ങളിങ്ങനെ ഭയപ്പെടുന്നത്? ഇതുവരെ നിങ്ങളെ ആരും ഉപദ്രവിച്ചിട്ടില്ലല്ലോ? എന്നിട്ടും ആരൊക്കെയോ താങ്കളെ ഉപദ്രവിക്കാൻ ഓടിയെത്തുന്നുവെന്ന് നിങ്ങൾ ഭയക്കുന്നതെന്തിന്? “
ശ്രീരാജ് ഡോക്ടറെ സൂക്ഷിച്ചു നോക്കി, മുഖത്തെ ഭയം മെല്ലെ മാറി അയാളുടെ മുഖത്ത് ശാന്തതയുടെ തെളിമ നിറഞ്ഞു വന്നു.
“ഡോക്ടർ, സത്യം പറയൂ.. എനിക്ക് നിങ്ങളെ വിശ്വസിക്കാമോ? അതോ നിങ്ങളും അയാൾ വാടകക്കെടുത്ത പടയാളി തന്നെയാണോ..ഞാൻ എങ്ങനെയാണ് താങ്കളെ വിശ്വസിക്കുന്നത്? “
“ഭയം കളഞ്ഞേക്കൂ, ഞാൻ ആരുടെയും പടയാളിയല്ല സുഹൃത്തെ, ഞാനൊരു ഡൊക്ടറാണ് നിങ്ങളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്ന ഈ ഭയത്തെ വേരോടെ പിഴുതെറിയുവാൻ ശ്രമിക്കുന്ന ഡൊക്ടർ..”
ശ്രീരാജിന്റെ കണ്ണുകൾ സുരേഷിനു നേരെ നീണ്ടു. ഡൊക്ടറുടെ ഈ വാക്കുകൾ വിശ്വസിക്കാമോ എന്ന ചോദ്യരൂപേണ അയാളെ നോക്കി. ശാന്തമായ മുഖത്തോടെ സുരേഷ് അയാളിൽ ധൈര്യം പകർന്നു.
“മിസ്റ്റർ ശ്രീരാജ്, ഈ ഭയത്തെ നമുക്ക് വേരോടെ പിഴുതെറിഞ്ഞേ മതിയാവൂ. എന്നാൽ രോഗത്തെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനായി ഒരു ഡൊക്ടർക്ക് ഏറ്റവും അത്യാവശ്യം രോഗകാരണം അറിയുക തന്നെയാണ്. താങ്കൾ ഭയപ്പെടാതെ പറയൂ.. നിങ്ങളിൽ ഈ അകാരണ ഭയം നിറഞ്ഞുവന്നതെങ്ങനെയാണ്”
“ഞാൻ പറയാം ഡൊക്ടർ, എല്ലാം ഞാൻ പറയാം. പക്ഷെ എന്റെ മനസ് വല്ലാതെ വേദനിക്കുന്നു, എന്റെ കണ്ണുകളിൽ സുനാമിത്തിരകൾ അടിക്കുന്നതു പോലെ വല്ലാതെ പിടയുന്നുണ്ട്, എന്റെ കാതുകളിൽ തീവണ്ടിയുടെ മുരൾച്ചയാണ്. ആ വേദന മാറ്റുവാൻ ആദ്യം എനിക്കെന്തെങ്കിലും മരുന്ന് നൽകാമോ.. ശാന്തമായി എനിക്കൊന്നും ഓർക്കാനാവുന്നില്ല ഇപ്പോൾ..”
“വിഷമിക്കാതിരിക്കൂ.. ഈ ഗുളിക കഴിച്ചോളൂ നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾക്ക് അല്പ നേരത്തിന് ആശ്വാസം പകരാൻ ഇതിനു കഴിവുണ്ട്.”
ഡൊക്ടർ നൽകിയ മരുന്ന് കഴിച്ചതും അയാൾക്ക് വലിയ സമാധാനം ലഭിച്ചിട്ടുണ്ടെന്ന് ഇപ്പോൾ അയാളുടെ ശാന്തമായ മുഖഭാവം കണ്ടാലറിയാം.
ഇനി എല്ലാം ഓർത്തു നോക്കൂ, എന്താണുണ്ടായതെന്ന് സ്വയം ചിന്തിച്ചു നോക്കൂ..
 ഡൊക്ടർ അയാളെ നോക്കി.
“പറയാം ഡൊക്ടർ എനിക്കെല്ലാം ഓർമ്മിക്കാൻ കഴിയുന്നു ഇപ്പോൾ, അയാളാണ് പ്രശ്നക്കാരൻ, ആ അനോണിമസ് പ്രോക്സി, ഡൊക്ടർക്കറിയാമോ അത് ഹിറ്റ്ലറാണ്. ജർമ്മനിയിലെ ഹിറ്റ്ലർ, അനോണിമസ് പ്രോക്സിയിട്ട് അയാളെന്നെ പലപ്പോളും പിന്തുടരുന്നു, അയാളെന്നെ കൊലപ്പെടുത്തും എനിക്കുറപ്പാണത്..”
“അബദ്ധം പറയാതിരിക്കൂ, ഹിറ്റ്ലർ മരണപ്പെട്ട് കഴിഞ്ഞിട്ട് കാലങ്ങളായിരിക്കുന്നു, അയാളെങ്ങനെയാണ് നിങ്ങളെ അനോണിമസ് പ്രോക്സിയിട്ട് പിന്തുടരുന്നത്.? “
“ഹാ…താങ്കളാണോ ഡൊക്ടർ, താങ്കൾക്കെന്തറിയാം, താങ്കളേതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ, അതിൽ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ഉണ്ടായിരുന്നുവോ.. ഡ്രാക്കുളയും മരിച്ചതായിരുന്നു. എന്നിട്ടും അയാൾ എത്ര പേരെയാണ് കൊന്നു രക്തമൂറ്റിക്കുടിച്ചത്.. അനോണിമസ് പ്രോക്സികൾ പരേതാത്മക്കളാണ് ഡൊക്ടർ, രൂപവും ഭാവവും ഇല്ലാത്തവർ…!  ഡൊക്ടർ ഒന്നും ചോദിക്കാതിരിക്കൂ.. ഞാൻ പറയുന്നത് മുഴുവൻ കേൾക്കുമ്പോൾ ഡൊക്ടർക്കെല്ലാം മനസിലാകുമെന്ന് എനിക്കുറപ്പാണ്.”
ശരി, ഞാൻ ഇടക്ക് കയറി നിങ്ങൾക്ക് ശല്യമുണ്ടാക്കുകയില്ല, നിങ്ങൾ ശാന്തമായി തുടർന്നോളൂ..
“അന്ന് ഞാൻ വല്ലാത്ത കൌതുകത്തോടെയാണ് അയാളുടെ പേജ് കണ്ടത്, ഇന്റർനെറ്റ് തുറന്ന് ആ സൈറ്റിലെ എന്റെ പേജിൽ നിന്നും അയാളുടെ പേജിലേക്ക് കടന്നു ചെന്നപ്പോൾ അയാളുടെ പേജിൽ ഒരു ചതുരക്കട്ടയിൽ ഭൂമി കറങ്ങുന്നുണ്ടായിരുന്നു. താഴെ നീല നിറത്തിൽ കുറെ രാജ്യപ്പേരുകൾ.. എനിക്കെന്തോ വല്ലാതെ കൌതുകം തോന്നി. ഞാൻ ആ കൌതുകം അയാളുമായി പങ്കുവെച്ചപ്പോൾ അയാളെനിക്ക് അതിന്റെ ഗുട്ടൻസ് പറഞ്ഞു തന്നു. ഡൊക്ടർക്കറിയാമോ, ഐ പി ട്രേസർ യന്ത്രമാണത്. വരുന്നവരെയും പോകുന്നവരെയും എല്ലാം അത് കൃത്യമായി എണ്ണി എഴുതി വെക്കും.“
“എന്റെ പേജിലും ആ യന്ത്രം വെച്ചാൽ നന്നായിരിക്കുമെന്ന് എനിക്കപ്പോൾ തോന്നിയതിൽ ഡൊക്ടർക്കെന്നെ കുറ്റപ്പെടുത്താൻ തോന്നുന്നുണ്ടോ?”
“തീർച്ചയായും ഇല്ല മിസ്റ്റർ ശ്രീരാജ്, കൌതുകകരമായത് സ്വന്തമാക്കണമെന്ന് ആരാണിഷ്ടപ്പെടാത്തത്..”
“ശരിയാണ്, ഞാനും ഒരു ഐ പി ട്രേസർ യന്ത്രം എന്റെ പേജിൽ ഫിറ്റു ചെയ്തു. അത് എത്ര രസകരമായ അനുഭവമായിരുന്നുവെന്നോ, ഞാൻ ഉള്ളപ്പോളും ഇല്ലാത്തപ്പോളും എന്റെ പേജിലൂടെ കയറിയിറങ്ങിപ്പോയവരെ മുഴുവൻ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. എന്റെ സന്തോഷത്തിന് അപ്പോൾ അതിരില്ലായിരുന്നു. ഓരോ ദിവസവും എന്റെ പേജ് എത്ര പേരാണ് സന്ദർശിക്കുന്നത് എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം…. എന്റെ ഡൊക്ടർ... എനിക്കൊരിക്കലും അത് പറഞ്ഞറിയിക്കാനാവില്ലെന്ന് തോന്നുന്നു.“
“ഡൊക്ടർക്ക് കാര്യം മനസിലായില്ലെന്ന് തോന്നുന്നു അല്ലേ.. എന്റെ പേജ് ഏറ്റവും കൂടുതൽ സന്ദർശിച്ചത് അവളായിരുന്നു. ദിവസവും നാലും അഞ്ചും വിസിറ്റ് അവൾ നടത്തുന്നതറിഞ്ഞാൽ ഞാൻ എങ്ങനെ സന്തോഷിക്കാതിരിക്കാനാണ്.അന്നത്തെ എന്റെ സന്തോഷം രാത്രി വൈകുവോളം നീണ്ടു ഡൊക്ടർ,“
“രാത്രി വൈകിയ വേളയിൽ ഞാൻ വല്ലാതെ ചിന്തിക്കാറുണ്ടെന്ന് ഡൊക്ടർക്കറിയാമോ? ഓരോ ദിവസവും ചെയ്തുവെച്ച കാര്യങ്ങളെ നന്നായൊന്ന് അവലോകനം ചെയ്ത് ശരിതെറ്റുകളെ വേർതിരിച്ച് കണക്ക് നോക്കുക എന്നും എന്റെ പതിവാണ്. അന്ന് രാത്രി എന്റെ ചിന്തയിൽ ഏറ്റവുമധികം നീണ്ടു നിന്നത് ഐ പി ട്രേസർ ആയിരുന്നു ഡൊക്ടർ..”
“ഐ പി ട്രേസർ പേജിൽ വെക്കുന്നത് ഒരു തരം ഭയത്തിന് അടിമകളായവർ മാത്രമായിരിക്കുമെന്ന് എന്റെ മനസു പറഞ്ഞു. ഞാൻ ഒരു ഭീരുവാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ഡൊക്ടർ, അപ്പോൾ തന്നെ ഞാൻ ആ ഐ പി ട്രേസർ എടുത്ത് നശിപ്പിച്ചു കളഞ്ഞു.”
“പറയൂ.. എന്നിട്ടെന്താണുണ്ടായത്,“ ഡൊക്ടറുടെ വാക്കുകളിൽ വല്ലാത്തൊരു ആകാംക്ഷയുണ്ട്…
“പിറ്റേന്ന്  ഞാൻ പേജിലെത്തിയതും എനിക്കെന്തോ വീണ്ടും ഐ പി ട്രേസർ പേജിൽ വെക്കണമെന്ന് തന്നെ തോന്നി ഡൊക്ടർ, മറ്റുള്ളവർ ഭീരുവെന്ന് കരുതിയാൽ പോലും അവൾ എന്റെ പേജ് ദിവസവും എത്ര തവണ എത്തി നോക്കുന്നുവെന്ന് എനിക്ക് അറിയാൻ വല്ലാത്ത അഭിനിവേശമുണ്ടായിരുന്നു..”
“എന്നിട്ട് താങ്കളത് വീണ്ടും പേജിൽ ഫിറ്റ് ചെയ്തുകാണും അല്ലേ?”
“പറയാം ഡൊക്ടർ, അതിനു മുൻപ് എനിക്കൊരല്പം വെള്ളം നൽകാമോ? എന്റെ തൊണ്ട വല്ലാതെ വരളുന്നു..”
അരികിലെ വാട്ടർ ഡിസ്പെൻസറിൽ നിന്നും സുരേഷ് വെള്ളമെടുത്തു വന്ന് അയാൾക്ക് നേരെ നീട്ടി..
ഒറ്റ വലിയിൽ വെള്ളം കുടിച്ചു തീർത്ത് അയാൾ പറയാനാരംഭിച്ചു.
“ചെയ്തു ഡൊക്ടർ, ഐ പി ട്രേസർ എന്റെ പേജിലിട്ടു ഞാൻ, ഏതൊക്കെയോ നാട്ടിൽ നിന്നും ഞാൻ അറിയാത്ത ആരൊക്കെയോ എന്റെ പേജ് സന്ദർശിക്കുന്നു. എനിക്ക് തെല്ല് സംശയം തോന്നാതിരുന്നില്ല.“
“ആരായിരിക്കും അവർ,“  ഡൊക്ടർ സംശയത്തോടെ അയാളെ നോക്കി
 “ചെകുത്താന്മാർ തന്നെ, അല്ലെങ്കിൽ എന്നെ അറിയാത്തവർക്ക് എന്റെ പേജിൽ എന്ത് കാര്യമാണുള്ളത്..?“
“അന്ന് ഫെയ്സ് ബുക്കിലെ ചൂടൻ ചർച്ചയിൽ ഞാൻ ഹിറ്റ്ലറെ വല്ലാതെ വിമർശിച്ചു, എന്നത്തെയും പോലെ ദിവസ വിശകലനം നടത്തുമ്പോൾ അത് ഒരല്പം കൂടിപ്പോയെന്ന് എനിക്ക് തോന്നാതിരുന്നില്ല ഡൊകടർ, ഹിറ്റ്ലറായാലും അയാളൊരു മനുഷ്യൻ ആയിരുന്നല്ലോ.. എന്നാലും കുറെ പാവങ്ങളുടെ രക്തം തളം കെട്ടിയ ചിത്രം കണ്ടാൽ ആർക്കാണ് നിശിതമായി വിമർശിക്കാതിരിക്കാനാവുന്നത്.”
“എന്നിട്ടെന്താണുണ്ടായത് മിസ്റ്റർ ശ്രീരാജ്….?”
“അന്നു രാത്രി അയാൾ വന്നു ഡൊക്ടർ, എല്ലാവരും ഉറക്കത്തിലായ നേരം നോക്കി അയാളെന്റെ മുറിയിൽ വന്നു. അയാൾ ധീരനും ശക്തിമാനുമായിരുന്നു, ഞാൻ വെറും ഭീരു മാത്രവും എന്നയാൾ ഉറക്കെ പറഞ്ഞു. ചെയ്യാനാവാത്ത കാര്യങ്ങളെ വിമർശിക്കാൻ ഒരു കഴിവിന്റേയും ആവശ്യമില്ലെന്ന് പറഞ്ഞ് അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു.“
“ഹിറ്റ്ലർ താങ്കളുടെ അടുത്ത് വന്നെന്നോ, മിസ്റ്റർ ശ്രീരാജ് അതൊരു സ്വപ്നമായിരുന്നു വെറും സ്വപ്നം”
“ഡൊക്ടർക്ക് അത് വളരെ ഈസിയായി പറയാം. കാരണം അനുഭവിക്കുന്നവൻ ഡൊക്ടർ അല്ലല്ലോ..  ആ രാത്രി വെളുത്തപ്പോൾ എന്റെ പേജിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി, എന്റെ പേജിൽ ഒരു അനോണിമസ് പ്രോക്സി കറങ്ങി നടക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി ഡൊക്ടർ, അനോണിമസ് പ്രോക്സിയെന്നെഴുതിയ ആ അക്ഷരങ്ങൾ മെല്ലെ ഇന്നലെ രാത്രി കണ്ട ഹിറ്റ്ലറുടെ രൂപമായി മാറുകയായിരുന്നു. ഞാൻ ഭയത്തോടെ പിന്നോക്കം മാറി, എത്ര നേരം കഴിഞ്ഞിട്ടാണത് പോയതെന്ന് എനിക്കറിയില്ല ഡൊക്ടർ, കാരണം ഞാൻ അപ്പോൾ തന്നെ ആ സൈറ്റിൽ നിന്നും ഇറങ്ങിപ്പോയി..”
“പിന്നെ ഞാൻ കയറുന്ന നേരങ്ങളിലെല്ലാം ആ അനോണിമസ് പ്രോക്സിയായി അയാളെന്നെ പിന്തുടർന്നു ഡൊക്ടർ, അയാളെന്നെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരിക്കും.“
“ഭയപ്പെടാതിരിക്കൂ മിസ്റ്റർ ശ്രീരാജ്, താങ്കൾ എനിക്കൊപ്പം വരൂ ആ അനോണിമസ് പ്രോക്സി ഇപ്പോൾ ഇവിടെയുണ്ട്, താങ്കൾക്ക് അയാളെ നേരിൽ കാണാം. അത് ഹിറ്റ്ലർ ഒന്നുമായിരുന്നില്ല.“
ഡൊക്ടർ നടന്നു. അയാൾ സുരേഷിന്റെ കൈകളിൽ ഒരു ധൈര്യത്തിനെന്നോണം പിടിച്ച് ഡൊക്ടറെ അനുഗമിച്ചു.
കമ്പികൾകൊണ്ട് അഴികൾ തീർത്ത സെല്ലിനു മുൻപിൽ ഡൊക്ടർ നിന്നു. “സുഭാഷ്…”  ഡൊക്ടർ സെല്ലിനു നേരെ നോക്കി വിളിച്ചു. തടിച്ച് ഉയരം കുറഞ്ഞ ഒരു രൂപം സെല്ലിനു മുൻപിൽ പ്രത്യക്ഷപ്പെട്ടു.
“മിസ്റ്റർ ശ്രീരാജ്, ഇത് മിസ്റ്റർ സുഭാഷ്, താങ്കളെയും താങ്കളെപ്പോലെ പലരെയും പിന്തുടർന്നും സംശയിച്ചും മാനസിക നില തെറ്റിയ ഒരു പാവം മനുഷ്യനാണ് ഇദ്ദേഹം, നോക്കൂ, ഇദ്ധേഹം ഹിറ്റ്ലറൊന്നുമല്ല, താങ്കളെയും മറ്റുള്ളവരെയും ഭയന്നിട്ടാണ് ഇദ്ധേഹം നിങ്ങളെ അനോണിമസ് പ്രോക്സിയുമായി പിന്തുടർന്നത്. പക്ഷെ താങ്കളെ പേടിച്ചയാളെ താങ്കളും പേടിച്ചു എന്ന് മാത്രം.”
“നിർത്തൂ ഡൊക്ടർ, എനിക്കെല്ലാം മനസിലായി..“
ഒരു രോഗിയെ വളരെ നിസാരമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ സ്വയം അഹങ്കരിച്ചു നിന്ന ഡൊക്ടറെയും  ഡൊക്ടറുടെ മിടുക്കിൽ അന്തം വിട്ടു നിന്ന സുരേഷിനെയും അമ്പരപ്പിച്ചു കൊണ്ട് അയാളിൽ നിന്നും വീണ്ടും വാക്കുകൾ പുറത്തു ചാടി…
“താങ്കൾ ഡൊക്ടർ തന്നെ, രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രുരാജ്യത്തിൽ പ്ലേഗ് പടർത്തുന്ന ആണവായുധത്തിനായി ഗവേഷണം നടത്തിയ അതേ ഡൊക്ടർ, ഹിറ്റ്ലറുടെ ചാരൻ, നിങ്ങളെന്നെ മാരക രോഗാണുക്കൾ കുത്തിവെച്ച് രോഗിയാക്കാനുള്ള തത്രപ്പാടിലാണല്ലേ.. നടക്കില്ല ഡൊക്ടർ, നടക്കില്ല,“
പറഞ്ഞു തീർന്നതും അമ്പരന്ന് നിന്ന ഡൊക്ടറെയും സുരേഷിനെയും തട്ടിമാറ്റി അയാൾ ഓടുകയായിരുന്നു.

Monday, February 20, 2012

ഞാവൽ പഴങ്ങൾ.


നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞ് ഗ്രാമത്തിന്റെ ശാന്തതയിലേക്ക് നടന്നടുക്കുമ്പോൾ ഓർമ്മക്കൂട്ടിലെ മാടത്തകൾ എന്റെ ചെവിയിലൊരായിരം കൊയ്ത്തുപാട്ടുകൾ പാടിക്കേൾപ്പിക്കുകയായിരുന്നു.

കൊയ്ത്തും മെതിയും വയൽ വരമ്പുകളും നാട്ടുകൂട്ടങ്ങളും സർപ്പക്കാവുകളും മഹാപിതാക്കന്മാരുടെ അൽഭുതകഥകൾ ചൊല്ലിക്കേൾപിക്കുന്ന മുത്തിയമ്മയും ഓർമ്മച്ചിരാതുകളിൽ വെളിച്ചം പകർന്നപ്പോൾ എന്റെ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെ ഒരായിരം തിരമാലകൾ ഉയർന്നു.

ആ സുന്ദര നിമിഷത്തിലും അഹ്ലാദചിത്തത്തിൽ ആറാടുന്ന എന്റെ മനസിനൊരു നേരിയ പിടയലായി നീ കടന്നുവന്നതെന്തിനാണ്. സന്തോഷത്തിന്റെ വെൺമേഘങ്ങളേറി ശ്യൂന്യതയിൽ ഭാരരഹിതമായ് പറന്നുയരുന്ന നേരങ്ങളിലെല്ലാം താങ്ങാനാവാത്ത വേദനയുടെ, കണ്ണീരിന്റെ ഭാരമായി നീ എന്നും എന്റെ കണ്ണുകൾക്ക് മുൻപിൽ കടന്നുവരാറുള്ളതാണല്ലോ.

വർഷങ്ങൾക്ക് മുൻപ് നടന്നകന്ന ഈ ഗ്രാമഭംഗിയോട് വീണ്ടും അടുക്കുന്ന നേരം മനസിലെ പുസ്തകത്താളുകളിലെ മയില്പീലികൾ പെറ്റുപെരുകുന്ന സുഖത്തിന്റെ ലഹരി ഞാനറിയുന്നു. കൂടി നിന്ന ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നടുക്കുമ്പോൾ നിറഞ്ഞുവന്ന ആകാംക്ഷ ഓർമ്മകളിലെ കാല്പനിക വസന്തത്തിൽ നിന്നും വാസ്തവികത്വത്തിലേക്കെത്തിച്ചു.

“പാറേമ്പാടത്തെ ചീക്കുട്ടിയമ്മയാ, നടക്കാനൊന്നും വയ്യാരുന്നു, ന്നാലും എവിടേം അടങ്ങിയൊതുങ്ങി ഇരിക്കൂല്ലാന്നേ, അല്ലെങ്കിലും സമയവും സ്ഥാനവും ഒക്കെ മുന്നേ നിശ്ചയിച്ചീണ്ടാവൂലോ, എത്തിപ്പെടണ്ടേ സമയാവുമ്പോ………….“
ശ്രീധരേട്ടന്റെ വാക്കുകളിൽ ചീക്കുട്ടിയമ്മയുടെ തിരോധാനത്തിലെ വേദനയും അടുത്തെത്തി നിൽക്കുന്ന മരണത്തിന്റെ ഭയചിന്തയും നിഴലിച്ചിരുന്നുവെന്ന് എനിക്ക് തോന്നി.

ചീക്കുട്ടിയമ്മയുടെ ശരീരം ചുമന്ന് വീട്ടിലെത്തിക്കുന്നതിൽ ഒരുപാട് കൈകൾക്കൊപ്പം എന്റെ രണ്ട് കൈകളും കൂടിച്ചേർന്നു. വർഷങ്ങൾക്ക് ശേഷം ഗ്രാമത്തിന്റെ മധുരം നുണഞ്ഞ് അല്പ ദിവസങ്ങൾക്കായെത്തിയ എന്റെ മനസിൽ എന്റെ പഴങ്കഥയുടെ തമ്പുരാട്ടിയുടെ ശവമഞ്ചം ചുമപ്പിച്ച വിധിയുടെ ക്രൂരതയിൽ എനിക്ക് ദേഷ്യം തോന്നാതിരുന്നില്ല. ചിറകിലെ ഊർജ്ജം നഷ്ടപ്പെട്ട പക്ഷിക്കുഞ്ഞിനെപ്പോലെ എന്റെ മനസ് വെറുതെ തേങ്ങിപ്പിടയുന്നു..

മരണത്തിന്റെയും വേദനകളുടെയും ആ മുറിക്കുള്ളിൽ അവളുണ്ടായിരുന്നു.ഓരോ സന്തോഷത്തിലും എന്റെ മനസിൽ കാരമുള്ളുകൾ കൊണ്ട് കൊത്തി വലിക്കുന്ന അവൾ......
ചിറ്റേടത്തെ ലക്ഷ്മിക്കുട്ടി....
മറ്റുള്ളവരെക്കാൾ മുന്നിലായി നിൽക്കുന്ന അവളുടെ മിഴികളുടെ നീലിമ ഞാൻ കണ്ടു. കാഴ്ചയുടെ പ്രകാശമില്ലാത്ത കണ്ണുകൾക്ക് ഒരു പക്ഷേ സൌന്ദര്യം കൂടുതലായിരിക്കാം. അവളുടെ കണ്ണുകളിലെ വേദനയുടെ പിടച്ചിൽ എനിക്ക് ദർശിക്കാമായിരുന്നു.
ചിറ്റേടത്തെ ഐശ്വര്യ ദേവതയെന്ന വിശേഷണത്തിൽ എല്ലാ സൌഭാഗ്യങ്ങളോടെയും വളർന്നവൾ, ഇന്നീ മരണം മണക്കുന്ന മുറിക്കുള്ളിൽ തേങ്ങുന്നത് ചീക്കുട്ടിയമ്മയുടെ തിരോധാനത്തിലെ വേദനയിലോ അതോ വിധിയുടെ ക്രൂരതയിൽ കണ്ണിലെ അന്ധകാരം മനസിന്റെ അകത്തളങ്ങളിൽ നിറക്കുന്ന ഭയാന്ധകാര എകാന്തതയുടെ കറുത്ത സീൽക്കാരങ്ങളുടെ അലർച്ചകളാലോ. ലക്ഷ്മിയെക്കുറിച്ചുള്ള ചിന്തകൾ എന്റെ ഹൃദയത്തിന് ഭാരം നൽകി.

മരണത്തിന്റെ മണം നിറഞ്ഞ ആ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി നടക്കുമ്പോൾ അല്പദൂരത്തിനിടയിൽ അവളുണ്ടായിരുന്നു.
മനസിലെ കുറ്റബോധമോ സഹതാപ വചനങ്ങളിലെ കാപട്യമോ എന്തോ അവളോട് സംസാരിക്കുന്നതിൽ നിന്നും എന്റെ ചുണ്ടുകളെ വിലക്കിയകറ്റിക്കൊണ്ടിരുന്നു. ഒരായിരം കാഥം അകലെ നിന്നുപോലും വ്യക്തമായി എന്നെ തിരിച്ചറിഞ്ഞിരുന്നവൾ ഇപ്പോൾ കണ്മുന്നിലെ ഒരു മീറ്റർ ദൂരത്ത് നിന്നിട്ടും കാണാനാവാതെ, അറിയാനാവാതെ..

ഒരേ മനസോടെ മോഹങ്ങൾ നെയ്തവർ, ഒരു മെയ്യായി വളർന്നവർ, ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടവർ ഇന്നീ വഴിത്താരയിൽ തികച്ചും അന്യരെപ്പോലെ, ഒരു വാക്കുരിയാടാനാവാതെ എന്നാൽ ഒരായിരം വാക്കുകൾ മനസിൽ ഒളിപ്പിച്ചു നടന്നു നീങ്ങുന്നു. എത്ര വിചിത്രം..! എന്തൊരു വിരോധാഭാസം…!

ജീവിത വഴികളിലെവിടെയോ ആഞ്ഞടിച്ച ഒരു കുഞ്ഞുമാരുതന്റെ ദിശമാറിയത് എത്ര വേഗത്തിലായിരുന്നു.
പതിനേഴാം വയസിലേക്ക് കാൽ വെക്കുന്ന നേരത്തിലായിരുന്നു ദുരന്തങ്ങൾ എന്റെ ലച്ചൂട്ടിയെ വേട്ടയാടിത്തുടങ്ങിയത്. കണ്ണിലെ പ്രകാശനാളങ്ങളെ ഒന്നൊന്നായി ഊതിക്കെടുത്തിയ വിധി അവളുടെ കണ്ണുകളിൽ മാത്രമല്ല ജീവിതമാകെ കറുത്ത പുകമറ തീർത്തു.

നഷ്ടമായ കണ്ണിലെ പ്രകാശത്തെക്കാൾ ഒരു പക്ഷെ അവളെ നോവിച്ചത് അവളുടെ പ്രകാശമായിരുന്ന എന്റെ നഷ്ടമായിരിക്കാം.
മങ്ങിത്തുടങ്ങിയ കണ്ണിലെ പ്രകാശത്തെക്കുറിച്ച് അവളാദ്യം പറഞ്ഞത് തന്നോടായിരുന്നുവല്ലോ. മങ്ങിയ ആ തിരികൾ എത്ര പെട്ടെന്നാണ് പൂർണ്ണമായും അണഞ്ഞ് പോയത്. വിധി മനുഷ്യനെ കീഴടക്കുന്നത് എത്ര വേഗത്തിലാണ്.

“ലച്ചൂട്ടീ,“ എത്ര നിയന്ത്രിച്ചിട്ടും അറിയാതെ എന്റെ ചുണ്ടുകൾ അവളെ വിളിച്ചുപോയി..

“ആരാത്, മണിക്കുട്ടനാണോ, ഇതെപ്പളാ വന്നേ.. എവിടെ ശ്രീദേവി?”

ഒറ്റ വിളിയിൽ നിന്നും എന്റെ ശബ്ദം തിരിച്ചറിഞ്ഞത് എന്നെ തെല്ലും അൽഭുതപ്പെടുത്തിയില്ലെങ്കിലും ഒരു തേങ്ങലിന്റെ പ്രതിധ്വനി കാത്തു നിന്ന കാതുകളെ അൽഭുതപ്പെടുത്തി അവൾ.

“ഞാൻ വന്നതേയുള്ളൂ ലച്ചൂട്ടീ, പഴയ ഓർമ്മകൾ നിറയുന്ന ഈ മണ്ണിൽ അല്പ ദിവസം എല്ലാം മറന്നുറങ്ങാൻ വന്നതാണിവിടെ. പക്ഷെ അയവിറക്കാനുള്ള വേദനിക്കുന്ന ഓർമ്മകളിലൊന്നായി മാറി ചീക്കുട്ടിയമ്മയുടെ ജഡമാണെന്നെ ഇവിടെ സ്വീകരിക്കാൻ കാത്തു നിന്നത്. ജീവിത വഴികളിലെ പാപങ്ങൾക്ക് അനുഭവിക്കാതിരിക്കുക തരമില്ലല്ലോ...

“ജനിച്ചവർക്കെല്ലാം മരണം ഉറപ്പാണല്ലോ മണിക്കുട്ടാ, പിന്നെന്തിനിത്രയും വിഷമിക്കുന്നു, മുളപൊട്ടിയതുമുതൽ പൊഴിഞ്ഞു വീഴുന്നതുവരെ വിശ്രമിക്കാനുള്ള ഒരു സത്രമാണ് ഈ ഭൂമി, സമയമടുക്കുമ്പോളേക്കും എത്തേണ്ട ദൂരം താണ്ടിക്കഴിഞ്ഞിരിക്കണം. അവനാണ് വിജയി”
എന്നെ സമാധാനിപ്പിക്കാനെന്ന പോലെ ലക്ഷ്മിയുടെ ചുണ്ടുകളിൽ നിന്നും വാക്കുകൾ ഒഴുകി വീണു.

“പഴയ തത്വശാസ്ത്രങ്ങൾ, ലച്ചൂട്ടി ഇപ്പോളും ഒന്നും മറന്നിട്ടില്ല അല്ലേ?”

“മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല മണിക്കുട്ടാ, ഓർമ്മകളിലാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗങ്ങൾ ചേർത്തു വെക്കപ്പെട്ടിരിക്കുന്നത്.”

“എന്നാൽ ഒരുപക്ഷെ മറവികളിലാവണം എന്റെ ജീവിതത്തിന്റെ മുഴുത്ത ഭാഗങ്ങൾ നിറക്കപ്പെട്ടിരിക്കുന്നത്. ഓർമ്മകൾ….! അതെന്റെ കണ്ണുകളെ ഈറനാക്കുന്ന ഭയാനക സത്വങ്ങളാവുന്നു. സുന്ദരമായ തുടക്കങ്ങളിലൂടെ ഓർമ്മകൾ എന്നെ മാടി വിളിക്കുന്നു, കൊതിയോടെ ഞാൻ ഓടിയടുക്കുന്ന നേരങ്ങളിൽ രക്തദാഹിയായ രക്ഷസിനെപ്പോലെ അതെന്നെ വല്ലാതെ ഭയപ്പെടുത്തും. ഓർമ്മകളുടെ അവസാനം അതെന്റെ കണ്ണുകളെ വല്ലാതെ നോവിക്കുന്നു, ഹ്രുദയത്തിന്റെ സ്പന്ദനങ്ങൾക്ക് വേഗം കൂടുകയും കരളിൽ കരിമുള്ളുകൾ ആഞ്ഞു തറക്കുകയും ചെയ്യുന്നു.“

“എങ്കിൽ പിന്നെന്തിനാണ് ഓർമ്മകളിലെ പഴങ്കഥകൾ തേടി മണിക്കുട്ടൻ ഈ വഴി വന്നത്. വേദനകളുടെ കൈപ്പു പടരുന്ന വഴികളിൽ നിന്നും മാറി നടക്കാൻ തുനിയാഞ്ഞതെന്തേ?“

ലക്ഷ്മിയുടെ ആ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചതേയില്ല. ജീവിതത്തിലെ കൈക്കുന്ന അനുഭവങ്ങളാണ് മനുഷ്യ മനസുകൾക്ക് ശക്തിയും കരുത്തും നൽകുന്നതെന്ന് തോന്നുന്നു.

“ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചിലപ്പോൾ ആർക്കും കഴിയാറില്ല ലച്ചൂട്ടീ.. എത്ര ശ്രമിച്ചാലും ചില ഉത്തരങ്ങൾ കൂട്ടി വായിക്കുമ്പോൾ അവ തമ്മിൽ വല്ലാത്ത അന്തരങ്ങളായിരിക്കും.“

അല്പ നേരത്തെ മൌനം രണ്ട് മനസുകൾക്കിടയിൽ ഒരായിരം ചിന്തകളുണർത്തുന്നു. പിന്നിട്ട കാല്പാടുകളിലെ ശരി തെറ്റുകളെ മനുഷ്യർ പലപ്പോളും ഇങ്ങനെ വിശകലനം ചെയ്യുന്നുണ്ടായിരിക്കണം. ആപത്തിൽ കൈവിട്ടു കളഞ്ഞ എന്റെ സ്നേഹമെന്ന പദങ്ങളിലെ കാപട്യത്തെക്കുറിച്ചാവാം അവളോർക്കുന്നത്. എന്റെ ചിന്തകളും വ്യത്യസ്തമല്ല.


അന്ധയായ ലച്ചൂട്ടിയെ അവഗണിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിൽ എനിക്കൊരായിരം ന്യായങ്ങൾ നിരത്താനാവും. എന്നാലൊരു പക്ഷെ ആ ന്യായങ്ങളിലെ സത്യസന്ധത സ്നേഹമെന്ന പദത്തിനൊപ്പം വെച്ച് വായിക്കുന്ന നേരങ്ങളിൽ ഒരിക്കലും പരസ്പരം ബന്ധിക്കാനാവാറില്ല. സ്നേഹവും ത്യാഗവും തമ്മിൽ അസാമാന്യമായൊരു ബന്ധം നിലനിർത്തുവെന്ന സത്യത്തെ തിരിച്ചറിയാതിരിക്കാൻ എനിക്കാവുന്നില്ലല്ലോ.

“ശ്രീദേവി എന്തേ വന്നില്ല?“
നിശബ്ദതയുടെ മൂടുപടം ആദ്യം വലിച്ചെറിഞ്ഞത് അവളായിരുന്നു.

“അവൾക്കിനി എന്റെ കൂടെ വരാനാവില്ല ലച്ചൂട്ടീ, അവൾ താണ്ടിത്തീരേണ്ട ദൂരങ്ങളെല്ലാം വളരെ നേരത്തെ താണ്ടിക്കഴിഞ്ഞിരിക്കുന്നു.“

“ഓ..ശ്രീദേവി….? എന്നിട്ടെന്തേ അറിയിച്ചില്ല“

“അനാവശ്യമെന്ന് തോന്നി, മനസിലെ വേദനകൾ ചിലപ്പോൾ ലോകത്തോട് മുഴുവൻ തോന്നുന്ന വിദ്വേഷമായി പരിണമിക്കാറുണ്ടല്ലോ..“

“ഒറ്റപ്പെട്ട ജീവിതം വല്ലാത്ത മുഷിപ്പുണ്ടാക്കാറില്ലേ, എന്നിട്ടും എന്തേ നാട്ടിലേക്കൊന്ന് എത്തി നോക്കാൻ ശ്രമിച്ചില്ല?“

“അറിയില്ല, ഈ ഗ്രാമ ഭംഗി എന്റെ ജീവനാണ് എന്നിട്ടും  ഈ മണ്ണിന്റെ മണം ആവോളം ആസ്വദിച്ച് ഇലഞ്ഞി മരത്തിന്റെ ആ തണുത്ത കോണിലിരുന്ന് ഒന്ന് പൊട്ടിക്കരയാൻ ഇതുവരെ തോന്നിയതുമില്ല…“

“എന്നിട്ടും ഇപ്പോളെന്തേ വന്നു, കരളിന്റെ ആഴങ്ങളിൽ കാലം പുതിയ കൊത്തുപണികൾ നടത്തിത്തുടങ്ങിയോ?“

“ഇല്ല, കാലം എന്റെ തലയിൽ മുൾക്കിരീടമണിയിക്കാൻ പോകുന്നു. അസ്തമനത്തിന് പുതിയ സമയം ഗണിച്ചു നൽകിയിരിക്കുന്നു. കാത്തുവെക്കാനുള്ളവ കാത്തുവെക്കാൻ കാലം അനുവദിച്ചു നൽകിയ അനഘ നിമിഷങ്ങളെ പൂർത്തീകരിക്കാൻ വന്നതാണിവിടെ..“

“മനസിലായില്ല, എന്റെ മനസിലെ മൺ ചിരാതുകൾക്ക് ഇപ്പോൾ പഴയ ശോഭയില്ല, തെളിച്ചു പറയൂ , ഇല്ലെങ്കിൽ മനസിലാക്കാൻ ഞാൻ പ്രയാസപ്പെട്ട് പോവും.“

“എന്റെ മനസിന്റെ പ്രതീക്ഷാമണ്ഡലങ്ങൾക്ക് താക്കീതുകളാവുന്ന യുഗപുരുഷന്മാരുടെ ശാപവചനങ്ങൾ ശ്രവണപഥങ്ങളിൽ മുഴച്ചുകേൾക്കുന്നു. നടന്നുവന്ന സഞ്ചാരപഥങ്ങളിൽ മൂഡ സ്വർഗ്ഗങ്ങൾ പണിതീർത്ത് കാലപ്രവാഹങ്ങൾക്ക് ഭംഗം തീർത്ത അസുരതാണ്ഡവങ്ങൾക്ക് വിധിയുടെ കൈകളിൽ കാലം കൊടുത്തുവിട്ട ദണ്ഡനമുറകൾ അത് ശക്തിയുക്തം എന്നിൽ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. സഹായികളില്ലാത്ത ഈ ഏകാന്തവഴിത്താരയിൽ വിധിയുടെ ബലിഷ്ടമായ കരങ്ങളിൽ ഞെരിയുന്ന വേദനയിൽ പുളയുമ്പോൾ കാലം എഴുതിക്കൂട്ടിയ ശിക്ഷാവിധികൾ പകർത്തിയ കടലാസുകഷ്ണങ്ങൾ കൈകളിൽ നൽകിക്കഴിഞ്ഞു.

“മരണത്തിന്റെ ഗന്ധം നിറയുന്നതുപോലെ, എന്തേ അങ്ങനെ തോന്നാൻ?“

“മരണത്തിന്റെ ഗന്ധം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു, ദിവസങ്ങളുടെ അല്ലെങ്കിൽ ആഴ്ചകളുടെ അവധി മാത്രം.“

“എന്താണിവിടെ കാത്തുവെക്കാനുള്ളത്, മൌനം നിറയുന്ന രാക്കിളികളുടെ രോദനങ്ങളോ..?“

“അല്ല, വെളിച്ചം പകരുന്ന കുഞ്ഞു ഞാവല്പഴങ്ങൾ..“

“വെളിച്ചം പകരുന്ന ഞാവല്പഴങ്ങളോ? എന്താണത്?“

“ഞാവല്പഴങ്ങൾ തന്നെ വെളിച്ചം പകരുന്ന ഞാവല്പഴങ്ങൾ.. മരണത്തിലും നശിക്കാതെ എനിക്കത് കാത്തുവെക്കണം.“

“എവിടെ ബഹ്റാമിന്റെ കൊട്ടാരത്തിലെ ഏഴു താഴുകളിട്ടു പൂട്ടാവുന്ന സ്വർണ്ണപ്പെട്ടികളിലൊന്നിലോ?“

“അല്ല, പൂർണ ചന്ദ്രനെപ്പോലെ തിളങ്ങുന്ന നിന്റെ മുഖത്തെ പ്രകാശം കെട്ടുപോയ ഈ നേത്രങ്ങളുടെ സ്ഥാനത്ത്.“

“എങ്ങനെ, സഹതാപത്തിന്റെ അവ്യക്തമായ അട്ടഹാസങ്ങളിൽ ചാലിച്ചോ?“

“അല്ല, വിധിക്കും മണ്ണോട് ചേർക്കാൻ വിട്ടുകൊടുക്കുന്നില്ലെന്ന അഭിമാനബോധത്തിന്റെ പശ ചേർത്ത്…“

“നല്ലത്, എങ്കിൽ അതെനിക്ക് നൽകൂ, മരണത്തിന്റെ അവസാന നിമിഷങ്ങൾ വരെ ഞാൻ ആ ഞാവല്പഴങ്ങൾ കാത്തുവെക്കാം. കഴിയുമെങ്കിൽ എന്റെ മരണത്തിനും നശിപ്പിക്കാനാവാതെ മറ്റൊരു മുഖത്തേക്ക് അവയെ മാറ്റി വെക്കാം. പിന്നെയും പിന്നെയും അങ്ങനെ മനുഷ്യനുള്ള കാലത്തോളം അവ അന്ധകാരങ്ങളെ വെല്ലുവിളിക്കട്ടെ.
നടത്തം അവസാനിച്ചു തുടങ്ങി, യാത്രകൾ വിരമിക്കാനും സമയമടുത്തിരിക്കുന്നു. താൽകാലികമായി ലക്ഷ്മിയോട് യാത്ര പറഞ്ഞപ്പോൾ ഉടനെ ലോകത്തോട് മുഴുവൻ പറയാനുള്ള യാത്രയെ ഞാൻ ഓർത്തു. മനസിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടുവോ..?
എങ്കിലും എന്റെ വെളിച്ചം പകരുന്ന ഞാവല്പഴങ്ങൾക്ക് അപ്പോൾ ഒരല്പം തിളക്കം കൂടിയതു പോലെ എനിക്ക് തോന്നി...!

Saturday, February 18, 2012

മതമില്ലാത്ത രക്തത്തുള്ളികൾ

കൊന്നു തള്ളുവീൻ..
അരിഞ്ഞുവീഴ്ത്തുവിൻ..
ആക്രോശങ്ങൾ, അട്ടഹാസങ്ങൾ
മുഴങ്ങിക്കേൾക്കുന്ന മാറ്റൊലികൾ

തെരുവുകളിൽ ചുവന്ന-
രക്തം കലർന്ന മണ്ണിൻ ഗന്ധം
നിളകൾക്കും പുതുവർണ്ണം അരുണിമ
അസ്തമന ശോഭയല്ല..

പത്മ ലോചനം ഭീതിതം
മസ്തിഷ്കങ്ങളിൽ മർമ്മരം
കുഞ്ഞധരം വിറക്കുന്നു വിളിയിനി
അമ്മയെന്നാക്കണോ ഉമ്മയെന്നോ..

വളരുന്നതിൻ മുൻപായ് ഞെട്ടറ്റു-
വീണൊരാ പൂക്കൾക്ക് മുന്നിലായ്
താണ്ഡവമാടുന്ന മനുഷ്യപ്പിശാചുക്കൾ
ദൈവത്തെ വെല്ലു വിളിക്കുന്നവർ..

നിണവും നുണഞ്ഞങ്ങു പതിയെ
പിരിയുമ്പോൾ വൈരികൾ ഖഡ്ഗ-
ത്താലരികിലണഞ്ഞപ്പോൾ വാളുകൾ
മിന്നലായ് വീശിപ്പാഞ്ഞു.

ചികിത്സാലയത്തിൻ വിരിയിട്ട-
കട്ടിലിൽ ജീവനായ് കേണു പിടക്കുമാ
നേരത്ത് ചുടു രക്തം നൽകാനായോടി-
യണഞ്ഞവർ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും..

അരികിലണഞ്ഞില്ലയീ നേരമത്രയും
ദൈവസഹായികൾ* കൊലയാളികൾ
ദൈവത്തെ തുണക്കാനിറങ്ങുന്നവർക്കി-
വിടെയീ മർത്യനെ തുണക്കാനെവിടെ നേരം.

മുസ്ലീമിൻ രക്തം കയറ്റുവാനാകില്ല
മുസ്ലീമിൻ സിരകളിൽ വൈദ്യനോതി
മതമല്ല രക്തത്തിൻ ഗുണമാണ് മാനുഷാ
ജീവനെ എന്നെന്നും കാത്തിടുന്നോർ.

ഹിന്ദുവിൻ രക്തവും കേറ്റുവാനാകില്ല
ഹിന്ദുവിൻ സിരകളിൽ വൈദ്യനോതി
മുത്സിമിൻ രക്തം ഹിന്ദുവിനേകിടാം
കൃസ്ത്യന്റെ രക്തമീ ഇസ്ലാമിക്കും

മനസിലെ ചിന്തകൾ നോക്കിയല്ല-
വരുടെ രക്തത്തിൽ സാമ്യമിതെന്തൽഭുതം
അരുണവും ശ്വേതവുമായുള്ളണുക്കളിൻ
ചേർച്ചയിൽ മാത്രമായ് ജീവൻ കിട്ടി..

ജീവനുമായവർ തിരികെയണഞ്ഞപ്പോൾ
മത ഭീകരന്മാരോ ഓടിയെത്തി
മാനസം നിറയെ വിഷം നിറക്കുമ്പോൾ
ഉള്ളിലെ രക്തമോ കാഴ്ച നൽകി..

മതമല്ല, മാനവ സ്നേഹമാണീ ഭൂവിൽ-
മാഹാത്മ്യമെന്നൊരു തുള്ളി രക്തം തിരിച്ചറിഞ്ഞൂ
ആ നിണത്തുള്ളിയാ മർത്യന്റെ സിരകളിൽ
ആ തത്വശാസ്ത്രം നിറച്ചു വെച്ചു.

മത ഭീകരന്മാരവർ പടിയിറങ്ങി
തെരുവോരമെങ്ങും നടന്നു നീങ്ങി
മർത്യന്റെ മാനസം വിഷലിപ്തമാക്കുവാൻ
അവരിന്നുമീ വഴി നടന്നിടുന്നൂ...

അറിയുക സ്നേഹിതാ ഈ മതമേതുമേ
മാനവ സ്നേഹത്തിൻ ശത്രുവല്ല
മനുഷ്യനെ മനുഷ്യനായ് ദർശിക്കാനാവാത്ത
മർത്യന് മതങ്ങളും അന്യമല്ലോ..

Tuesday, February 14, 2012

കുപ്പിവളകൾ... (കഥ)
മഞ്ഞാർപ്പാടത്തിന്റെ കുഞ്ഞു വരമ്പുകളിലൂടെ നടന്ന് നീങ്ങുമ്പോൾ വാൽമാക്രികളെന്നോട് കുശലം ചൊല്ലുന്നുണ്ടായിരുന്നു. കുഞ്ഞുമീനുകൾ പാടവരമ്പിലേക്കോടി വന്നെന്റെ പാദങ്ങളെ പുണരാൻ ശ്രമിക്കുകയാണെന്ന് തോന്നി. എന്റെ പാദസ്പർശനത്തിലൂടെ ജീവിത വീഥികളിലെ അപരാധങ്ങൾക്ക് മോക്ഷം നേടാനൊന്നുമല്ല, എന്റെ പാദങ്ങൾ രണ്ടും കുഞ്ഞുചുണ്ടുകൾ കൊണ്ട് കൊത്തിവിഴുങ്ങാമെന്നായിരിക്കും അവയുടെ ധാരണ. അങ്ങനെയായിരിക്കുമോ?.. അങ്ങനെയാവാൻ വഴിയില്ല, അത്രയും അബദ്ധ ചിന്തകളുമായി നടക്കാൻ അവ മനുഷ്യരല്ലല്ലോ.

പാട വരമ്പത്തെ ചെളി പറ്റിയ കാലുമായി മുന്നോട്ട് നീങ്ങുമ്പോൾ അകലെ നിന്നായി അവൾ വരുന്നത് കണ്ടു. അത്തിപ്പറമ്പിലെ മണിക്കുട്ടി. കറുപ്പിൽ വെളുത്ത പൂക്കൾ തുന്നിച്ചേർത്ത വസ്ത്രത്തിന്റെ കീഴ്ഭാഗത്ത് ചെളി തെറിക്കുന്നതിനാലാവണം കണങ്കാലിനു മുകളിലേക്ക് വസ്ത്രം ഒരു കയ്യാൽ ഉയർത്തിപ്പിടിച്ച് മറുകയ്യാലൊരു പുസ്തകം മാറോടടുക്കിപ്പിടിച്ച് തോളിലൊരു ബാഗും തൂക്കി മുഖം നിറയുന്ന വിഷമ ഭാവങ്ങളുമായി അവളരികിലെത്തിയപ്പോൾ എന്തുകൊണ്ടെന്നറിയില്ല എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

പലർക്കും പലതും പലപ്പോളും തിരിച്ചറിയാനാവാത്തത് മഹാഭാഗ്യം തന്നെയാണ്. അതുകൊണ്ടായിരിക്കണമല്ലോ എന്റെ പരിഹാസ ഹസ്തത്തിനും അവളിൽ നിന്നും  സ്നേഹത്തിന്റെ സൌഹൃദത്തിന്റെ വശ്യമായൊരു പുഞ്ചിരി പകരം കിട്ടിയത്. എങ്കിലും ആ പുഞ്ചിരിയുടെ മലർകണങ്ങൾ മനസിന്റെ കോണിൽ സൂക്ഷിക്കാനൊരുങ്ങുമ്പോൾ മനസൊന്നു തേങ്ങിയത് ഞാനറിഞ്ഞു. തിന്മയെ നൽകി നന്മയെ സ്വന്തമാക്കുന്ന നേരം പല മനസുകളും കരയാറുണ്ടായിരിക്കാം, എന്നാൽ അതാരറിയുന്നു.

എന്നെയും കടന്നുകൊണ്ടവൾ മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ വെറുതെയൊന്നു തിരിഞ്ഞുനോക്കി. കണ്ണുകൾ മെല്ലെ അവളെയും കടന്ന് കൂനിപ്പുഴയുടെ തീരത്തെ ഇടുങ്ങിയ ഗുഹാമുഖം പോലെ തോന്നിപ്പിക്കുന്ന, വള്ളിക്കാടുകളും മുൾപ്പടർപ്പുകളും പടർന്നു കിടക്കുന്ന കൈത്തോടിന്റെ പ്രഭവകേന്ദ്രത്തിലാണ് ചെന്നുടക്കി നിന്നത്.

പകൽ സൂര്യന്റെ വെളിച്ചം കണ്ണുകളിൽ നിറം മങ്ങി വന്നു. ഓർമ്മക്കോണിലെ ഇരുണ്ട പ്രകാശം മനസിൽ കറുപ്പിന്റെ മൂടുപടം ചാർത്തുന്നു. വയല്പാടത്തെ കതിരുകൊത്താനെത്തിയ കിളികളുടെ പാട്ടുകൾ രോദനങ്ങളായി ചെവികളിൽ മുഴങ്ങിക്കേട്ടു. ഒരു കുഞ്ഞു പൈതലിൻ ഇളം കൈ തലോടൽ പോലെ കിഴക്കേ കോണിൽ നിന്നോടിയെത്തിയ ഈറൻ തെന്നൽ ശരീരത്തെ മെല്ലെയൊന്നു തലോടി കടന്നു പോയി. ആ തെന്നലിൽ ഒരു കൊച്ചു കുഞ്ഞിന്റെ കണ്ണീരിന്റെ ഗന്ധമുണ്ടായിരുന്നു. ആ ഗന്ധം ലോചനങ്ങളിൽ തെല്ലൊരു വേദന നിറച്ചു, അകക്കണ്ണിലൊരു പിടച്ചിലും;

മനസ് വളരെ വേഗതയിൽ പിന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്നു. ഓർമ്മയിൽ തട്ടിത്തടഞ്ഞ പലതിനെയും തള്ളിമാറ്റി അത് വളരെ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു. അവസാനം തേടിത്തിരഞ്ഞ ഓർമ്മയുടെ ഭാഗത്തിലെത്തിയതും മനസൊന്നു പിടച്ചു. പിന്നെ കണ്ണുകളിലേക്ക് ഓർമ്മകളിൽ നിന്നും ധവളപ്രകാശമയച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾക്ക് മുൻപിലൊരു തിരശീലയുയർന്നു. വ്യക്തവും ശക്തവും സൂക്ഷ്മവുമായ കാഴ്ചകൾ മുന്നിൽ അഭ്രപാളിയിലെന്ന പോലെ തെളിഞ്ഞു വന്നു.

ഇരുപത്തിരണ്ട് വർഷത്തെ പഴക്കമുള്ള ഈ കാഴ്ചകൾക്ക് ഇപ്പോളും തെല്ലും മങ്ങലേറ്റിട്ടേയില്ല. ഇളം മനസുകളിൽ കൊത്തിവെക്കപ്പെടുന്ന കാഴ്ചാ വിസ്മയങ്ങൾക്ക് ഒരിക്കലും മങ്ങലേൽക്കുകയില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു എന്റെ മനസ്. നിറം മങ്ങിയ ഭാഗങ്ങൾ കണ്ണുകൾക്ക് മുൻപിലെത്തുമ്പോൾ കൺപോളകളൊന്നു പിടക്കും. ആ പിടച്ചിലുകളാണ് അവക്ക് കൂടുതൽ വ്യക്തമായ വെളിച്ചം പകരുന്നതെന്ന് ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

അകലെ  ഒരു മഴ പെയ്തുതോർന്ന ഗ്രാമത്തിലെ നനഞ്ഞുകിടന്ന മണൽമുറ്റത്ത് കയ്യിൽ കൂനിപ്പുഴയിലെ കൊച്ചു മത്സ്യങ്ങളെ കബളിപ്പിച്ചു പിടിക്കാൻ കയ്യിലൊരു ചൂണ്ടയും കുളത്തുമായി നിൽക്കുന്ന എന്റെ ചിത്രം എത്ര സുന്ദരമായാണ് ഇപ്പോളും മനസിന് കണ്ണുകളിൽ പകർത്തിയെഴുതാൻ കഴിയുന്നത്.

“ഇങ്ങ്ട് വന്നേ ഉണ്ണിക്കുട്ടാ, അമ്മ പറേണ കേൾക്ക് നീ.. പുഴയൊക്കെ നെറഞ്ഞ് കവിഞ്ഞിരിക്ക്യാ.. അച്ഛൻ വന്നാ നമ്മട കുളത്തില് പോയി ചൂണ്ടയിടാലോ”

അമ്മയുടെ ഭീതി കലർന്ന സ്വരം കാതുകളിൽ മുഴങ്ങുന്നു.

“അതിന് ഞാൻ ഒറ്റക്കല്ലാലോ അമ്മേ, പുഴേലൊന്നും ഇറങ്ങില്ല്യാ. കരക്കിരുന്ന് ചൂണ്ടയിടേ…ള്ളൂ.. അച്ഛൻ വന്നാ ന്റെ കൂടെ ഒന്നും വരില്യ, നിക്കറിഞ്ഞൂടെ..”

വീണ്ടും അമ്മയെന്തോ പറയാൻ വന്നതും കേൾക്കാൻ ചെവി കൊടുക്കാതെ ഞാൻ പുഴയെ ലക്ഷ്യമാക്കി നീങ്ങി.
പുഴയിലെ ഓളങ്ങളിൽ ചൂണ്ടയിലെ പൊന്ത് ഒഴുകിക്കളിക്കുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ഒരു കുഞ്ഞുമീനെപ്പോലും കിട്ടാതെ കോപത്തോടെ ഇരിക്കുമ്പോൾ ബാലേട്ടൻ പുഴ കടന്നു വന്ന് അരികിൽ നിന്നത് എനിക്കൊട്ടും പിടിച്ചില്ല.

“അയ്യേ, കുഞ്ചറപ്പിണ്ണാക്കന്മാരെ..  ഇവ്ടെ എന്തെടുക്കാ. ഇത്രേം ഒഴുക്കുള്ള പൊഴേല് ചൂണ്ടയിട്ടാ മീൻ കിട്ട്യോ.”

ദേഷ്യം പിടിച്ചിരിക്കുമ്പോളാ ഉപദേശിക്കാൻ വരണത്, ചൂണ്ടക്കണയെടുത്ത് ഒരെണ്ണം കൊടുക്കാൻ മനസു പറഞ്ഞതാ. എങ്കിലും ദേഷ്യം കടിച്ചമർത്തി. അത്രക്ക് പാടില്ലല്ലോ, ഇന്നിനി ഒരു മീനെങ്കിലും കിട്ടാതെ ഇവിടെ നിന്ന് എഴുന്നേൽക്കുന്ന പ്രശ്നമേയില്ല.

“വിനുക്കുട്ടാ.. മീനൊന്നും കിട്ടണില്യല്ലോ. ഞമ്മ്ക്ക് പോയാലോ..”

പീതാംബരേട്ടന്റെ മോൻ സനീഷാ, അവന് ഇല്ലെങ്കിലും തീരെ ക്ഷമയില്ല, ഇടക്കൊക്കെ എനിക്ക് ഒറ്റച്ചവിട്ട് കൊടുക്കാൻ തോന്നാറുണ്ട്. എന്നാലും പിന്നെ അങ്ങ്ട് ക്ഷമിക്കും.

“വിനുക്കുട്ടാ, ബാലൻ മാമൻ പറഞ്ഞത് ശര്യാവും ട്ടാ, ഇവിടെ ഒഴുക്കുള്ളോണ്ടാവും മീൻ കിട്ടാത്തെ, നമ്ക്ക് ആ കൈതോട്ടില് പോയോക്ക്യാലോ..“

എല്ലാവരും പൊട്ടൻ എന്നാണ് വിളിക്കണതെങ്കിലും ചിയ്യാരം തൊടീലെ ജോസഫേട്ടന്റെ മകൻ സജിക്ക് നല്ല ബുദ്ധിയുണ്ട്. എന്നാലും ഞങ്ങളൊന്നും അങ്ങനെ അത് സമ്മതിച്ചു കൊടുക്കാറൊന്നുമില്ല.

കൈത്തോട്ടില് പോയാല് മീൻ കിട്ടുമായിരിക്കാം, ന്നാലും അമ്മേനോട് പറഞ്ഞത് പുഴക്കര വരെ പോകുള്ളൂന്നാ. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാതിരിക്കണത് മോശമല്ലെ, സരില്യ, എന്റെ അമ്മയല്ലെ, എന്റെ അമ്മ എന്നോട് ക്ഷമിച്ചില്യാച്ചാൽ പിന്നെ ആരോടാ ക്ഷമിക്ക്യാ.

“എന്നാ വാടാ, നമുക്ക് അക്കരെ കടക്കാം”. ഞാൻ വിളിച്ചതും മൂന്നു പേരും എഴുന്നേറ്റു എനിക്കൊപ്പം നീങ്ങി.

തെങ്ങിൻ തടി പാലത്തിലൂടെ അക്കരെ കടക്കുക എനിക്ക് ശരിക്കും പേടിയാണ്, ഈ പാലത്തിന് കൈപ്പിടികളൊന്നുമില്ലെന്നേ, ഉരുണ്ടിരിക്കണ ഈ തെങ്ങിൻ തടിയിൽ ചവിട്ടിയാൽ വീഴാൻ പോണ പോലെ തോന്നും. വീണാൽ പിന്നെ മരിച്ചത് തന്നെ, എന്തൊരൊഴുക്കാ താഴെ കാണണത്. എങ്കിലും സർവ്വ ദൈവങ്ങളെയും വിളിച്ച് ധൈര്യം സംഭരിച്ച് അകത്തെ ഭയം പുറത്തുകാണിക്കാതെ ഞാൻ നടന്നു. എന്നെ അനുഗമിച്ച് സനീഷും സജിയും സുരേഷും പിറകിൽ കൂടി.

കൈത്തോടിന്റെ ചുറ്റും പടർന്നു പിടിച്ച മുൾപ്പടർപ്പുകൾ മാറ്റി ചൂണ്ടയിടാനിരിക്കാൻ വഴിയൊരുക്കുന്നതിനിടെ സനീഷ് കിതച്ചുകൊണ്ട് അടുത്തെത്തി.

“ദേണ്ടാ  നോക്ക് അവിടെ...“ അവൻ നിന്ന് കിതച്ചു കൊണ്ട് വിക്കി.

“എന്താടാ  നിനക്ക് പേട്യാവണ്ണ്ടാ, പേടിക്കണ്ട, നമ്മള് നാല് പേരില്ലെ പിന്നെന്താ...?“  ഞാൻ അവനിൽ ധൈര്യം നിറക്കാൻ ശ്രമിച്ചു.

:അതല്ലെടാ അവിടെ... “ അവന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി

“എന്താ നീ പാമ്പിനെക്കണ്ടോ, അത് സാരില്യ, അത് പോയിട്ടുണ്ടാവും ന്നേ...”

“അതല്ല, അവിടെ ഒരു ഉണ്ണിക്കുട്ടി കിടക്കുന്നു  വാ കാണിച്ച് തരാം..“

മൂന്ന് പേരും സനീഷിനൊപ്പം കൈത്തോടിന്റെ ഉൽഭവസ്ഥാനത്തെക്ക് നീങ്ങി.. അവിടെ വെള്ളത്തിന് മുകളിൽ ചണ്ടികളിൽ കുരുങ്ങി ഒരു ചോരപ്പൈതൽ കിടന്നിരുന്നു. ഞാൻ അതിനെ സൂക്ഷിച്ച് നോക്കി. ജനിച്ചിട്ട് ഒന്നോ രണ്ടോ ദിവസമേ ആയിക്കാണൂ. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ കാണാൻ ഒരു ഭംഗീം ഉണ്ടാവില്ല, എന്നാൽ ഈ ഉണ്ണിക്കുട്ടിയെ കാണാൻ എന്തൊരു ഭംഗിയാണെന്ന് ഞാൻ ഓർത്തു. വെളുത്തു ചുവന്ന കുഞ്ഞുകവിളുകളിൽ ഒരു കുഞ്ഞുമ്മ വെക്കാൻ തോന്നുന്ന ഭംഗിയുള്ള കുഞ്ഞുവാവ.

പിന്നെ എന്തൊക്കെയാണ് അവിടെ നടന്നതെന്ന് അറിയില്ല, കൈത്തോടിന്റെ കരഭാഗം ജനനിബിഡമായത് വളരെ പെട്ടെന്നായിരുന്നു. ആ കുഞ്ഞിനെ ആദ്യം കണ്ട ഞങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ചില ദുഷ്ടൻ ചേട്ടന്മാർക്ക് ഞങ്ങളെ അവിടെ നിന്ന് ഓടിച്ചു വിടാൻ എന്തൊരു ധൃതി ആയിരുന്നെന്നോ. അതുകൊണ്ട് പിന്നെ എന്തൊക്കെയാ നടന്നതെന്ന് ഞങ്ങൾ മാത്രം അറിഞ്ഞില്ല, ഞാൻ എല്ലാവരോടും ചോദിച്ചപ്പോളും ആരും പറഞ്ഞു തന്നതുമില്ല.
**
എനിക്കിപ്പോൾ നല്ല പോലെ പനിക്കണുണ്ട്, അമ്മയുടെ കൈകൾ എന്റെ തലയിൽ മുടിയിഴകളിലൂടെ മെല്ലെ തലോടുന്നു. അമ്മ എന്നെ തൊടുമ്പോൾ എനിക്ക് എന്തൊരു സുഖമാണെന്നറിയാമോ? അമ്മ മുടിയിഴകളിലൂടെ വിരൽ ഓടിക്കുമ്പോൾ ഞാൻ ഇങ്ങനെ രസിച്ചു കിടക്കും. ചിലപ്പോൾ കണ്ണ് മെല്ലെ അടഞ്ഞ് ഞാൻ ഉറങ്ങിപ്പോവാറുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് കണ്ണടക്കാനും ഉറങ്ങാനും ഒന്നും പറ്റണില്ല്യ. മനസിൽ നിറയെ ആ ഉണ്ണിക്കുട്ടിയുടെ ഓർമ്മ വരുന്നു. ഞാൻ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, പിന്നെ ചോദിച്ചു..

“അമ്മേ, ആ ഉണ്ണിക്കുട്ടീനെ ആരാ അവിടെ കൊണ്ടിട്ടത് ? അതിനെ അതിന്റെ അമ്മേടെ അടുത്ത് കൊണ്ട് പോയിക്കൊടുത്തോ ആരേലും.“

“എന്തിനാ ഇപ്പോ അതൊക്കെ ചിന്തിക്കണത് അമ്മേടെ ഉണ്ണിക്കുട്ടൻ ഉറങ്ങിക്കോളൂ ട്ടോ...  വേണ്ടാത്തതൊന്നും ഓർക്കണ്ട ഇപ്പോ”     അമ്മയുടെ മറുപടി എനിക്ക് തീരെ പടിച്ചില്ല.

“പറയമ്മേ,“       ഞാൻ മെല്ലെ ചിണുങ്ങി..

“അറിയില്ല, മോനെ, അതിനെ ആരാ അവിടെ ഇട്ടേന്ന്, ആ കുഞ്ഞ് മരിച്ച് പോയിരുന്നു, ഇല്ലെങ്കില് ആർക്കും വേണ്ടാച്ചാ നമുക്ക് വളർത്താരുന്നു അതിനെ, ഇനീപ്പോ പറഞ്ഞിട്ടെന്താ, ഒക്കെ കഴിഞ്ഞൂലോ.. ഇനീപ്പോ ന്റെ ഉണ്ണിക്കുട്ടൻ അതൊന്നും ഓർക്കണ്ട”

എന്റെ കണ്ണുകൾ മെല്ലെ നിറഞ്ഞു വന്നു, അമ്മയുടെ സാരിത്തലപ്പ് എന്റെ കണ്ണുകളിലെ നീര് തുടച്ചു കളഞ്ഞു.
കണ്ണീർ തുടക്കുന്നതിനിടെ അമ്മ പറഞ്ഞു...
“മോൻ ഇനി അതൊന്നും ഓർക്കാൻ ശ്രമിക്കണ്ട, അതൊക്കെ കഴിഞ്ഞില്ലെ, അതൊക്കെ ഓർത്തിട്ടാ ഇപ്പോ വയ്യാണ്ടാവണത്. മോൻ കണ്ണടച്ച് കിടന്നേ അമ്മ അടുക്കളേല് ചെല്ലട്ടെ..”

നടന്നു നീങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് എന്നെ കാണിക്കാതെ അമ്മ തുടക്കാൻ ശ്രമിച്ചത് ഞാൻ കണ്ടു. എനിക്ക് നല്ല സങ്കടണ്ട്, അമ്മക്കും സങ്കടണ്ട്, അപ്പോ എന്താ ആ ഉണ്ണിക്കുട്ടീനെ അവിടെ കൊണ്ടിട്ട ആൾക്കാർക്ക് മാത്രം സങ്കടം ഇല്യാണ്ടാവണേ?  ഞാൻ വെറുതെ ഓർത്തു .

എനിക്കെന്തോ ഉണ്ണിക്കുട്ടീനെ മറക്കാൻ പറ്റണുണ്ടായിരുന്നില്ല. എനിക്കൊപ്പം തന്നെ എന്റെ ഉണ്ണിക്കുട്ടിയെ ഞാൻ വളർത്തിക്കൊണ്ടിരുന്നു. എന്റെ ഉണ്ണിക്കുട്ടി ആണോ പെണ്ണോ എന്നറിഞ്ഞില്ലെങ്കിലും ഞാൻ ഉണ്ണിക്കുട്ടിയെ എന്റെ സഹോദരിയാക്കി.

കാവിലെ ഉത്സവത്തിന് അച്ഛൻ വാങ്ങിത്തന്ന കളിപ്പാട്ടങ്ങൾ ജനൽ ഭിത്തിയിൽ വെച്ച് അവൾക്കായി ഞാൻ ജനല്പാളികൾ തുറന്നു വെച്ചു. ഇടക്കിടെ എന്റെ ഉണ്ണിക്കുട്ടിയുടെ വിശപ്പ് മാറ്റാൻ എന്റെ പാത്രത്തിൽ നിന്നും ഉരുളയുരുട്ടി അമ്മയറിയാതെ ജനല്പാളികൾക്കപ്പുറത്തേക്ക് ഇട്ടുകൊണ്ടിരുന്നു. ഓരോ നിമിഷവും മറ്റാരും കേൾക്കാതെ ഞാൻ അവളോട് കുശലം പറഞ്ഞുകൊണ്ടിരുന്നു. അവളൊന്നും തിരിച്ചുരിയാടിയില്ലെങ്കിലും എന്തൊക്കെയോ എന്റെ മനസിലെ കടലാസിൽ എഴുതിച്ചേർത്തുകൊണ്ടിരുന്നു.

വർഷങ്ങൾ കടന്നുപോകുമ്പോൾ എനിക്കൊപ്പം ഞാൻ എന്റെ ഉണ്ണിക്കുട്ടിയെയും വളർത്തിക്കൊണ്ടു വന്നു. അവൾക്കായി ഞാൻ കുപ്പിവളകൾ വാങ്ങിക്കൂട്ടി. മുത്തുമാലകൾ വാങ്ങിവെച്ചു. എന്റെ തടിയലമാരകളിൽ ചുവപ്പും വെളുപ്പും നീലയും മഞ്ഞയും കുപ്പി വളകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അമ്മയെന്നെ പലപ്പോളും കളിയാക്കി. പിറക്കാതെ പോയ കൂടെപ്പിറപ്പിന് കരുതി വെക്കുന്ന സമ്മനമാണെന്നാണ് അമ്മയുടെ ധാരണ. അമ്മക്ക് ഇതൊക്കെ കണ്ട് എനിക്കൊരു കുഞ്ഞനുജത്തിയെ തരാതിരുന്നതിൽ വിഷമം ആവുന്നുണ്ടോ എന്തോ?

അമ്മ ഉണ്ണിക്കുട്ടിയെ മറന്നിട്ടുണ്ടാവും . പിറക്കാതെ പോയ കുഞ്ഞനുജത്തിക്കല്ല, എന്റെ ഉണ്ണിക്കുട്ടിക്കാണ് ഞാൻ ഇതെല്ലാം വാങ്ങുന്നതെന്ന് അമ്മക്കറിയില്ലല്ലോ.ഓരോ രാത്രികളിലും എന്റെ കളിപ്പാട്ടങ്ങളുമായി കളിക്കാൻ ഞാൻ ഉറങ്ങുന്ന നേരം നോക്കി ഉണ്ണിക്കുട്ടി വരുന്നതും അമ്മ അറിഞ്ഞിട്ടുണ്ടാവില്ല.  
രാവിന്റെ നിശബ്ദതയിൽ ആരും കാണാതെ കള്ളിയെപോലെ വന്ന് ഞാൻ കരുതിവെക്കുന്ന കുപ്പിവളകളും മുത്തുമാലകളും ചാർത്തി പുലരുവോളം ഇവിടെ നൃത്തം ചെയ്യുന്നതും അമ്മക്കറിയില്ല. സൂര്യന്റെ കിരണങ്ങളുടെ ആദ്യത്തെ പൊൻപൊടി ഈ ജനല്പാളിയിലൂടെ അകത്ത് കടക്കുന്ന നേരം അവളെന്റെ കണ്ണിലൊരു സ്നേഹ ചുംബനം നൽകും. ആ ചുംബനമാണ് പുലരിയിൽ എന്നെ ഉണർത്തുന്നത് എന്നൊക്കെ അമ്മയോട് പറഞ്ഞാൽ അമ്മക്കെങ്ങനെയാണ് അതൊക്കെ മനസിലാവുക.
**
മനസിലെ ഓർമ്മച്ചിരാതുകൾ മെല്ലെ അണയാൻ തുടങ്ങുമ്പോൾ കണ്ണിൽ യാഥാർഥ്യങ്ങളുടെ നേർത്ത പ്രകാശം വന്നു പതിക്കുന്നു. നെൽ വയലിലെ കതിർ കൊത്താനെത്തി തിരിച്ചു പറക്കുന്ന ഒരു കുഞ്ഞുപ്രാവിന്റെ ചിറകടി ശബ്ദം വളരെ വേഗത്തിൽ കാല്പനികതയുടെ ലോകത്ത് നിന്നും വാസ്തവികത്വത്തിലേക്ക് പറിച്ചു നട്ടു. അരികിൽ വിളഞ്ഞു നിൽക്കുന്ന നെന്മണികൾ എന്നെ നോക്കി ചിരിച്ചതിന്റെ അർഥം എനിക്ക് മനസിലായി.

എന്റെ കാലുകൾ വീണ്ടും മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു, ഉണ്ണിക്കുട്ടി ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ അവളിന്ന് അത്തിപ്പറമ്പിലെ മണിക്കുട്ടിയെ പോലെ തന്നെയായിരിക്കുമെന്ന് എന്റെ മനസു പറഞ്ഞു. കറുപ്പിൽ വെളുത്ത പൂക്കൾ നിറയുന്ന വസ്ത്രമിട്ട് വലതുകയ്യാൽ കണങ്കാലിനു മുകളിലേക്ക് വസ്ത്രം ഉയർത്തിപ്പിടിച്ച് ഇടം കയ്യിൽ പിടിച്ച പുസ്തകം മാറോടടുക്കിപ്പിടിച്ച് തോളിലൊരു കുഞ്ഞു ബാഗുമായി അവളും ഈ വയൽ വരമ്പിലെ ചെളിയിൽ ചവിട്ടി കോളേജിലേക്ക് പോകുമായിരുന്നിരിക്കണം.

അകലെ നിന്നും വയലിലെ നെൽച്ചെടികളെ മുഴുവൻ തഴുകി വീണ്ടുമൊരു കുഞ്ഞു കാറ്റു കടന്നു വന്നു. പുന്നെല്ലിന്റെ മനം മയക്കുന്ന മണമുള്ള ആ കാറ്റിൽ ഉണ്ണിക്കുട്ടിയുടെ സ്നേഹ സന്ദേശങ്ങളുണ്ടായിർന്നു. ആ സന്ദേശം കാറ്റെന്റെ കാതിൽ മന്ത്രിച്ചു.

“പ്രിയപ്പെട്ട സഹോദരാ, നീയെന്നെ എത്രമാത്രം അറിയുന്നുവോ അത്രത്തോളം തന്നെ ഞാൻ നിന്നെയും അറിയുന്നു. നിന്റെ മിഴികൾ എന്നെ തേടിക്കൊണ്ടിരിക്കുന്ന ഓരോ മാത്രകളിലും എന്റെ മിഴികളും നിന്നെ തേടിയലയാറുണ്ട്. നിന്റെ മൊഴികൾ എന്നെക്കുറിച്ചാവുന്ന നിമിഷങ്ങൾ ഞാൻ ഈ തെന്നലിനോട് നിന്നെ കുറിച്ച് പറയുന്ന നിമിഷങ്ങളാണ്. നീ എനിക്കായ് കണ്ണീരോടെ പ്രാർഥിക്കുമ്പോളൊക്കെയും എന്റെ മനസ് നിനക്കായ് പ്രാർഥിക്കുകയാണ്. നിന്റെ വഴികളിൽ പുതിയ പൂക്കൾ വിരിയുവാൻ, നിന്റെ ദിവസങ്ങളിൽ നീ ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേക്കെത്തുവാൻ, നിന്റെ കണ്ണുകൾ ഒരിക്കലും വേദനയുടെ ഈറനണിയാതിരിക്കാൻ ഞാൻ എന്നും പ്രാർഥിച്ചു കൊണ്ടേയിരിക്കുന്നു. നിനക്കെന്നും നല്ലതുമാത്രം സംഭവിക്കട്ടെ..!“

ഒരുമാത്ര എന്റെ മനസും ശരീരവും സന്തോഷാധിക്യത്താൽ കോരിത്തരിച്ചു. ഞാൻ വീണ്ടും നടന്നു. പൂർത്തീകരിക്കാൻ ബാക്കി നിൽക്കുന്ന യാത്രയുടെ വഴിയിലൂടെ എന്റെ കാലുകൾ മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു.

നിറമില്ലാത്ത വെളിച്ചങ്ങൾക്ക് പറയാനുള്ളത്...! (കഥ)മുന്നോട്ടുള്ള ജീവിതം നീണ്ടു നിവർന്നു കിടക്കുന്നു, ശ്യൂന്യമായ കൈകളോടെ മുന്നോട്ടുള്ള യാത്രകളിൽ തുണയായിരുന്ന പ്രതീക്ഷകൾക്ക് അർബുദം ബാധിച്ചിരിക്കുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും ഇപ്പോൾ വല്ലാത്തൊരു ഭാരമാണ്. പിന്നിട്ട വഴികൾ മുന്നോട്ടു നടത്തിയിരുന്ന പ്രത്യാശകൾ ഇപ്പോൾ മനസിൽ നിരാശയുടെ വിത്തുകൾ മുളപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. കരയായിക്കിടന്ന മനസിലെ തീരപ്രദേശങ്ങൾ തിരയുടെ ശക്തമായ പ്രഹരങ്ങളാൽ കീഴടക്കി കടലെടുത്തു കഴിഞ്ഞിരിക്കുന്നു. മുന്നോട്ടുള്ള യാത്രകളിൽ ഇനി പ്രണയത്തിന്റെ നനു നനുത്ത തലോടലുകളില്ല. ഒറ്റപ്പെടലുകളുടെ ഈ കയത്തിൽ വിള്ളൽ വീണ കൊച്ചു നൌകയുമായി ജീവിതം കരക്കടുപ്പിക്കുക ശ്രമകരമായൊരു ജോലി തന്നെയാണെന്ന് തോന്നുന്നു.

അസ്വസ്ഥമായ മനസുമായി പുത്തനാറിന്റെ കൊച്ചു പാലം കടക്കുമ്പോൾ താഴെ പുരവഞ്ചി ചന്തക്ക് പുറപ്പെടാനുള്ള തിരക്കിലായിരുന്നു

“സുധി, ടൌണിലെത്താൻ തിരക്കില്ലാച്ചാൽ വന്നോളൂ ട്ടോ.. നമുക്ക് നാട്ടു വർത്തമാനം പറഞ്ഞ് മെല്ലെ തുഴയാം.“

മുന്നോട്ട് നീങ്ങുന്ന യാത്ര എന്തിനു വേണ്ടിയെന്നോ എവിടേക്കെന്നോ തീരുമാനിച്ചുറപ്പിക്കാത്തതിനാൽ മയമാലിക്കയുടെ ക്ഷണം സസന്തോഷം സ്വീകരിച്ചു.

പാലമിറങ്ങി മേൽക്കൂര കെട്ടിയ വഞ്ചിക്കുള്ളിലേക്ക് കാലെടുത്തു വെക്കുമ്പോൾ കുഞ്ചുവേട്ടന്റെ കൈകൾ എന്റെ നേരെ നീണ്ടു. ആ കൈകളിൽ പിടിച്ച് അകത്തേക്ക് കയറുമ്പോൾ കുഞ്ചുവേട്ടന്റെ മുഖത്തെ പുഞ്ചിരിക്ക് മനോഹരമായ ഒരു പുഞ്ചിരി മടക്കി നൽകാൻ ഞാൻ മറന്നില്ല.

“സുധീടെ കാര്യം ഞങ്ങളെപ്പളും പറയും. എങ്ങനാ പറയാണ്ടിരിക്ക്യാ,ഇങ്ങടെ ജീവിതം വല്ലാത്തൊരു നാടകം തന്ന്യാണല്ലോ, ന്നാലും നാട്ടീ വന്നിട്ട് ഇങ്ങോട്ടൊന്ന് കാണാണ്ടിരിക്കണത് വല്യ വെഷമന്ന്യാ..“ മയമാലിക്കയുടെ വാക്കുകളിൽ കേട്ട പരിഭവം മുഖത്തും വ്യക്തമായിരുന്നു.

“ഒന്നുമുണ്ടായിട്ടല്ല മയമാലിക്കാ, പുറത്തിറങ്ങാനോ ആരെയെങ്കിലും കാണാനോ സംസാരിക്കനോ മാത്രം മനസ് പാകമായിരുന്നില്ല, അത് ശാന്തവുമായിരുന്നില്ല. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടു മുട്ടലുകൾ പോലും സന്തോഷകരമാക്കാനാവുന്നതല്ലെങ്കിൽ ആ കൂടിക്കാഴ്ചകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് തോന്നി..”

മൂന്നു ജോഡി ചുണ്ടുകളിൽ അല്പ നേരത്തേക്കെങ്കിലും മൌനത്തിന്റെ വിഷവിത്തു പാകാൻ ആ വാക്കുകൾക്ക് കഴിവുണ്ടായിരുന്നുവെന്ന സത്യം എന്റെ മനസിനെ അല്പം നോവിക്കാതിരുന്നില്ല. ഒഴിവാക്കാമായിരുന്നു. സന്തോഷത്തിന്റെ അഭിനയലോകം തന്നെയാണ് വേദനകളുടെ യഥാർഥ ലോകത്തേക്കാൾ മഹത്തരമെന്ന് തോന്നുന്നു. നിരാശ നിറഞ്ഞ എന്റെ കണ്ണുകൾ പുറം കാഴ്ചകളിലേക്ക് മെല്ലെ തിരിഞ്ഞു. അല്ലെങ്കിലും നിരാശയുടെ നിമിഷങ്ങളിലാണല്ലോ പ്രകൃതിയെക്കുറിച്ച് മനുഷ്യൻ ഇപ്പോൾ ഓർമ്മിക്കുന്നതു പോലും.

ചാഞ്ഞും ചെരിഞ്ഞും നീങ്ങുന്ന വഞ്ചിയുടെ ചലനം ജലകണികകളെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. കൌതുകത്തോടെ ഏതോ ബാലൻ ഒഴുക്കി വിട്ട കൊച്ചു കടലാസു തോണിയുടെ വേഗം കൂട്ടാൻ എന്ന പോലെ എങ്ങുനിന്നോ ഒരു കാറ്റു വന്നു. ലക്ഷ്യമേതുമില്ലാതെ വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്ന ആ കടലാസു തോണി എന്റെ ജീവിതത്തിന്റെ നേർചിത്രം പോലെ തോന്നി.

ഇളകുന്ന വെള്ളം ഇടക്കെങ്കിലും ദുർഗന്ധത്തിന്റെ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പ്രകൃതിയെ അറിയാതെ ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ ചെയ്തികൾ ഈ കായലോളങ്ങളെ വല്ലാതെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. പട്ടണങ്ങളുടെ പകിട്ടാർന്ന ജീവിതങ്ങൾക്ക് തങ്ങളുടെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായിരിക്കുന്നു നമ്മുടെ ഓരോ നദികളുമെന്ന് തോന്നുന്നു.

“അവളെ കണ്ടില്ലേ, ഇത്രേടം വന്നിട്ടും..“
കുഞ്ചുവേട്ടന്റെ ചോദ്യമാണ് മൌനത്തിന്റെ മൂടുപടം തകർത്തെറിഞ്ഞത്.

“ഇല്ല.. “

“എന്തേ.. മറന്നിട്ടുണ്ടാവില്ലല്ലോ ഒന്നും ഇതുവരെ ല്ലെ” കുഞ്ചുവേട്ടന്റെ ആ വാക്കുകളിൽ നിഴലിച്ച ദുഖം ആത്മമാർഥമാണെന്നു തന്നെ എനിക്കു തോന്നി.

“ഒന്നുമില്ല, വേണ്ടെന്ന് തോന്നി.. ചില കണ്ടു മുട്ടലുകളെങ്കിലും വേദനകളാണല്ലോ..”

“നന്നായി.. സുധി, എല്ലാം മറക്കുന്നത് തന്ന്യാ നല്ലത്.. ഇനീപ്പോ എന്തിനാ..”

മയമാലിക്കയുടെ സ്വരത്തിൽ ഓർമ്മകളെ കൊന്നു കളയാനുള്ള കല്പനകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എന്റെ മനസു പറഞ്ഞു. അല്ലെങ്കിൽ തന്നെ നഷ്ടപ്പെടുന്നതൊന്നും തിരിച്ചു കിട്ടാറില്ല, ഓർമ്മകൾ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ സൃഷ്ടിക്കാറുണ്ട്,. ആഗ്രഹങ്ങൾ നിരാശകളെയും. വേണ്ട മറവിയുടെ ഖബറിടങ്ങളിൽ ഉറങ്ങുന്നതെല്ലാം ശാന്തമായുറങ്ങട്ടെ.. പുതിയൊരു ചിന്തയിൽ അവക്കൊരിക്കലും ജീവൻ കൊടുക്കേണ്ടതില്ല.

“അവൾക്കിപ്പോ സുഖാ…ന്നാലും ചീരുവേട്ടത്തീടെ കാര്യാ കഷ്ടന്നെ..”
മനസ് ചോദിച്ച ചോദ്യത്തിനുത്തരം കുഞ്ചുവേട്ടന്റെ ചുണ്ടുകളിലൂടെ ഒഴുകിയെത്തി.

“ഇപ്പോളും ജീവനോടെയുണ്ടോ ചീരുവമ്മ??“

“ജീവനുണ്ടെന്ന് പറയുന്ന മൃതശരീരം തന്നെ..“ “ഇതുവരെ കണ്ടില്ല അല്ലേ..“ മയമാലിക്ക സംശയത്തോടെ നോക്കി..“

“ഇല്ല, കണ്ടില്ല, ആരെയും.. കാണണമെന്ന് തോന്നി ഓടിയെത്തിയത് ഈ മണ്ണിനെ മാത്രമായിരുന്നു മനുഷ്യരെയല്ല.”

“ന്നാലും ഒന്ന് കാണാരുന്നു.. കാലമുണക്കാത്ത മുറിവുകൾ പാടില്ലല്ലോ..”

കുഞ്ചുവേട്ടന്റെ വാക്കുകൾക്ക് മറുപടി കൊടുത്തില്ല. മനസ് മറക്കാൻ ശ്രമിച്ച പഴയ ഓർമ്മകളിലൂടെ ഊളിയിട്ടു നടന്നു. അകക്കണ്ണുകളിൽ ഇപ്പോൾ അമ്മിണിയമ്മയുടെ പറമ്പിലെ മാവുകൾ കായ്ച്ചു നിൽക്കുന്ന മാങ്ങാക്കാലം അവ്യക്തമായി തെളിയുന്നു. മെല്ലെ മെല്ലെ അത് വ്യക്തമായ ചിത്രങ്ങളായി രൂപാന്തരപ്പെട്ടു തുടങ്ങി.

“ആ തുമ്പത്തെ മാങ്ങ പഴുത്തേക്കണ്.. പറിച്ചു തര്യോ സുധീ..“ ലക്ഷ്മിയുടെ ചോദ്യം കാതിൽ മുഴങ്ങുന്നു
മരം കയറാൻ അറിയില്ലെങ്കിലും മാവിൽ കയറി മാമ്പഴവുമായി താഴെ എത്തുമ്പോൾ കയ്യിലും വയറിലും മരത്തിലുരഞ്ഞുണ്ടായ നീറ്റലുകൾ, അവളുടെ സന്തോഷകരമായ മുഖഭാവ ദർശനത്തിൽ എങ്ങോ പോയ്മറഞ്ഞു.

“പുളിറുമ്പു കടിച്ചില്ലാലോ..“

മാമ്പഴം വാങ്ങുമ്പോൾ അവളടെ ചോദ്യത്തോടൊപ്പം എന്റെ കണ്ണുകളിലേക്ക് നീണ്ട അവളുടെ മിഴിയിണകളിൽ പ്രണയത്തിന്റെ വശ്യ സൌന്ദര്യമുണ്ടായിരുന്നു.

എത്ര വേഗത്തിലാണ് കാലം കടന്നു പോയത്.. എന്റെ പ്രണയവും സന്തോഷവും സമാധാനവും  തട്ടിയെറിഞ്ഞു കളയാനായി കോപാന്ധനായ കാലം  വിധിയുടെ പേരു ചാർത്തി കടന്നു വന്നപ്പോൾ നഷ്ടപ്പെട്ടത് ആറ് ജീവനുകളായിരുന്നു. ദൃംഷ്ടകളിൽ രക്തമിറ്റുന്ന യക്ഷിയെപ്പോലെ ചീരുവമ്മ ശത്രുവേഷം കെട്ടിയാടിയ കഥകൾക്കവസാനം സ്വന്തമായതെല്ലാം അന്യമാവായത് എത്ര വേഗതയിലാണ്.

ചിറ്റമ്മയുമായുള്ള എന്റെ ബന്ധം എത്ര പവിത്രമായിരുന്നു. ഒരു മകന്റെ സ്വാതന്ത്ര്യങ്ങൾക്കപ്പുറം മറ്റൊന്നും അവരോടുണ്ടായിരുന്നില്ലല്ലോ. എന്നിട്ടും ചീരുവമ്മയുടെ അപവാദ പ്രചരണങ്ങളിൽ എന്തേ നാടും വീടും എതിരായി നിന്നത്.
അല്പ നേരത്തെ രസകരമായ നേരം പോക്കിനു വേണ്ടി മാത്രം പ്രചരിപ്പിച്ച ചീരുവമ്മയുടെ കഥകളിൽ നഷ്ടപ്പെട്ടത് വിലപ്പെട്ട ആറു ജീവനുകളായിരുന്നുവല്ലോ. അന്നാണെല്ലാം നഷ്ടമായത്... മാതാപിതാക്കൾ, കുടുംബം, സഹോദരങ്ങൾ, കൂട്ടുകാർ അങ്ങനെ എല്ലാമെല്ലാം തികച്ചും വ്യാജമായ അല്പം വാചകങ്ങൾ കൊണ്ട് നശിപ്പിച്ചു കളഞ്ഞവൾ.. അവർ ജീവിതത്തിലും മനസിലും ഏല്പിച്ച മുറിവുകൾ മയമാലിക്ക പറഞ്ഞതു പോലെ കാലത്തിന് ഉണക്കാനാവുമോ.. പകരം വീട്ടാനായി സൂക്ഷിക്കുന്ന ഒന്നും സുധിയുടെ മനസിലില്ല, എന്നാൽ വേദനകളുടെ നിഴലുകളുമായി ഓർമ്മകൾ മായാതെ മറയാതെ മനസിൽ കത്തി നിൽക്കുന്നതെന്തിനാണ്..

അല്ലെങ്കിൽ തന്നെ പകരം വീട്ടുന്നത് എന്തിന്റെ പേരിലാണ്. പക വീട്ടേണ്ടത് ആരോടാണ്.. സ്വന്തം വാക്കുകളുടെ ദുരുപയോഗം വിനയായി ഭവിച്ച നിർജീവ ശരീരങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് എല്ലാം ഒരു തമാശക്ക് വേണ്ടി മാത്രമെന്ന് വിലപിച്ച് അലറിക്കരഞ്ഞ ഇന്നും ജീവിക്കുന്ന ജഡമായിക്കഴിഞ്ഞ ഒരു സ്ത്രീ രൂപത്തോടോ..

അമ്മയുടെ സ്ഥാനത്ത് കാണേണ്ട മാതാവിന്റെ അനുജത്തിയെ പ്രാപിക്കാനും പ്രണയിക്കാനും നടന്നവന്റെ മാതാപിതാക്കളും സഹോദങ്ങളുമായി സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനാവാത്തതിന്റെ പേരിൽ ജീവനൊടുക്കിയവരെ ന്യായീകരിക്കാമായിരിക്കാം. എന്നാൽ എന്റെ ചിറ്റേ.. നിങ്ങളെന്തിനാണത് ചെയ്തത്? നിങ്ങളെ ഒരു അമ്മയെന്നതിനപ്പുറം ഞാൻ കണ്ടിട്ടില്ല എന്ന വ്യക്തമായ സത്യം നിങ്ങൾക്കെങ്കിലും പകൽ പോലെ സ്പഷ്ടമായിരുന്നില്ലെ..?

ഓർമ്മകൾ വല്ലാത്ത വേദനകളുടെ നേർക്കാഴ്ചകൾ തന്നെയാണ്. വേണ്ട മറവി തന്നെയായിരിക്കണം എന്നും മോക്ഷത്തിന്റെ സുഖം നൽകുന്നത്. മറക്കണം.. എല്ലാം മറക്കണം.. ഒന്നും ഓർക്കാൻ ശ്രമിക്കരുത്.. ഒന്നിനെയും ഓർമ്മിപ്പിക്കാനും ശ്രമിക്കരുത്. മനസിന് മനപ്പൂർവ്വമായി തയ്യാറാക്കിയ കയറിട്ട് മയമാലിക്കയോടും കുഞ്ചുവേട്ടനോടും വിടയോതി വീട്ടിലേക്കുള്ള വഴിയിലേക്ക് കാലുകൾ നീട്ടി നടക്കുമ്പോളും കണ്ണിലെ നനവ് ഉണങ്ങാതെ കൂട്ടിനുണ്ടായിരുന്നു.

മനസിലെ മങ്ങിയ വെളിച്ചം പോലെ സന്ധ്യ ഈ നടപ്പാതയിലും ഉരുണ്ട വെളിച്ചം വിതറി കഴിഞ്ഞിരിക്കുന്നു. എവിടെയോ കൂവുന്ന കുയിലിന്റെ നാദം ചെവിയിൽ നിറക്കുന്നത് മധുര ശ്രുതിയായിരുന്നില്ല, ഏതോ യുദ്ദത്തിലെ മുഴങ്ങുന്ന കാഹളം പോലെ അത് ചെവികളിൽ വേദനയായി വന്നു പതിക്കുന്നു. മൂന്നായി വിഭജിക്കപ്പെട്ട വഴികൾക്ക് മുൻപിൽ കാലുകൾ ഒരു നിമിഷം നിശ്ചലമാക്കിയത് മനസോ അതോ കാലത്തിന്റെ കല്പനകളോ.. അറിയില്ല, കാലുകൾ ഇടതു വശത്തേക്ക് തിരിയുന്ന വഴിയിലൂടെ തിരിച്ചു വിടുന്നത് എഴുതപ്പെട്ട വിധിയിലൊന്നു തന്നെയാവണം.
**
ചീരുവമ്മയുടെ വീട്ടിലേക്ക് കയറുമ്പോൾ മനസിലെ വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കണ്ടുപിടിക്കപ്പെടാത്തതും എഴുതി വെക്കപ്പെടാത്തതുമായ വികാരം നിറയുന്ന മനസോടെ പൂമുഖത്തേക്ക് കയറി.
“കയറി വരൂ..“ പൂമുഖത്തെ കസേരയിലിരുന്ന മനുഷ്യൻ ക്ഷണിച്ചു.
അകത്തെ കട്ടിലിൽ ഒരു ഞാഞ്ഞൂലിനെക്കാൾ ദുർബലയായി ചീരുവമ്മ കിടക്കുന്നുണ്ടായിരുന്നു. അവ്യക്തമായ കാഴ്ചകൾ നിറയുന്ന വെളിച്ചമില്ലാത്ത കണ്ണുകളോടെ അവരെന്നെ നോക്കി. എന്നെ തിരിച്ചറിഞ്ഞിരിക്കുമോ ആവോ.. അറിഞ്ഞിരിക്കണം.. ജീവിതം ഇങ്ങനെയാണ്, ഒന്നിനും കഴിയാതെ ജഡമാവാൻ തുടങ്ങുന്ന അവസ്ഥയിൽ മനുഷ്യന് കാണരുതെന്നാശിക്കുന്നതെല്ലാം വ്യക്തമായ കാഴ്ചകളും കാണാൻ കൊതിക്കുന്നവ മങ്ങിയ കാഴ്ചകളും ആയിരിക്കണം. നാലു കണ്ണുകൾ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടെന്ന് തോന്നുന്നു, എന്നാൽ രണ്ടു മനസുകളും തികച്ചും നിർവികാരാവസ്ഥയിലാണിപ്പോൾ. രണ്ട് കണ്ണുകൾ മാപ്പു ചോദിക്കുക്കയും രണ്ടെണ്ണം മാപ്പ് നൽകുകയുമാവാം.
**
ചീരുവമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ മനസ് ശാന്തമായിരുന്നു. ഈ നാട്ടിലിനി കാണാൻ ആഗ്രഹമുള്ള ഒരാൾ മാത്രം അവശേഷിക്കുന്നു. എന്റെ ലക്ഷ്മി.. അതിനി വേണ്ട.. വീണ്ടുമൊരു ഗൃഹാതുരത്വ ചിന്തകൾക്ക് വഴി തുറക്കേണ്ടതില്ല.എല്ലാം പറഞ്ഞവസാനിപ്പിക്കാതെ എന്നും ഓർമ്മയിൽ അവശേഷിക്കുന്നതായി തന്നെ അത് നെഞ്ചിൽ നിലകൊള്ളട്ടെ.. സുഖത്തിന്റെ നൈർമല്യവും കണ്ണുനീരിന്റെ ഭാരവും നിറയുന്നതായിത്തന്നെ…
എന്റെ കാലുകൾ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു.ലക്ഷ്മിയെ കണ്ണുകൾക്ക് മുന്നിലെത്തിക്കരുതേ എന്ന പ്രാർഥനയോടെ ഇന്നാട്ടിലേക്ക് വീണ്ടും നടന്നു കയറിയ അതേ വഴികളിലൂടെ തിരിച്ചു നടന്നു കയറുമ്പോൾ മനസ് മൂകമായിരുന്നു..
ഇവിടെ നിന്നെടുത്ത ഓർമ്മകൾ ഇവിടെ ഞാൻ കുഴിച്ചു മൂടിക്കഴിഞ്ഞിരിക്കുന്നു.ഇനിയൊരിക്കലും ഉയിർത്തെഴുന്നേറ്റു വരാത്തത്ര ശക്തമായ കല്ലുകൾ ചേർത്തു വെച്ചൊരു കല്ലറയിൽ അവ ഇനി ശാന്തമായുറങ്ങിക്കൊള്ളട്ടെ..!
ഓർമ്മകളിൽ സൂക്ഷിക്കാൻ ഇനിയൊന്നേ ബാക്കിയുള്ളൂ.. എന്റെ ലക്ഷിയുടെ ഓർമ്മകൾ മാത്രം.. മതി അതു മാത്രം മതി എന്റെ ജീവന് കൂട്ടായി… തിരി മങ്ങിയ വിളക്കിലെ നേർത്ത വെളിച്ചത്തിന്റെ ഇഴകളായി മുന്നോട്ടുള്ള ജീവിതത്തിന്റെ ഏകാന്തയാത്രകളിൽ…
***

ഒരു നിഴലിന്റെ നൊമ്പരങ്ങള്.. ( കഥ)

ഉച്ച സൂര്യന്റെ കാരുണ്യത്തിന്റെ മുത്തുകൾ കരസ്ഥമാക്കിയാവണം കറുത്ത നിഴലുകൾ ഈ നടത്തത്തിൽ എനിക്കൊപ്പം കൂടി. എന്നോടൊപ്പം നടക്കുകയും എന്റെ ചലനങ്ങൾക്കൊപ്പം ചലിക്കുകയും ചെയ്യുന്ന നിഴലുകൾ. ഇവ എന്നെപ്പോലെ തന്നെ ചിന്തിക്കുന്നുണ്ടാവുമോ?
 ഇടക്കിടെ വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞും ചെരിഞ്ഞും ഇവ എന്തിനായിരിക്കും എന്നെ അനുകരിച്ചു കൊണ്ട് എനിക്കൊപ്പം നീങ്ങുന്നത്? ആത്മാക്കളെ സൂക്ഷിക്കുന്ന സൃഷ്ടി കർത്താവിന്റെ പൊൻപേടകത്തിൽ നിന്നും ഒളിച്ചു ചാടിയ, എന്നെ തന്നോളം സ്നേഹിക്കുന്ന ഏതോ മിത്രങ്ങളായിരിക്കാം നിഴലുകളായി എന്നും എനിക്കൊപ്പം നടക്കുന്നത്. മനസിലുള്ളത് തുറന്ന് പറയാനാവാത്തതിനാൽ ചലനങ്ങളിലൂടെ അതെന്നോട് സംസാരിക്കുകയാവാം.
അതെ പലപ്പോളും പല രൂപങ്ങളായി പല വലിപ്പത്തിൽ എനിക്കൊപ്പം നീങ്ങുന്ന നിഴലുകൾ ഒരാളാവാൻ വഴിയില്ല, അത് പലരായിരിക്കാം. അവയിൽ എന്നെ പ്രണയിച്ചവരുണ്ടാവാം, എന്നെ സ്നേഹിച്ചവരുണ്ടാവാം, എന്റെ പൂർവ്വിക പരമ്പരകളിൽ‌പ്പെട്ട മഹാമനുഷ്യരുമുണ്ടായിരിക്കാം.
ഈ നിഴലുകൾക്ക് എന്നോട് പറയുവാനുള്ളത് എന്തായിരിക്കും. വരാനിരിക്കുന്ന പുതുയുഗത്തിലെ നിലാപക്ഷികൾ പാടാനിരിക്കുന്ന പുതിയ പാട്ടുകളെക്കുറിച്ചാവാൻ വഴിയില്ല, പൊയ്പ്പോയ നിലാവിലെ ഏതോ നിശാപുഷ്പം പാടിയ പ്രണയ ഗാനങ്ങളുടെ പല്ലവികളെക്കുറിച്ചാവാം.
 വരാനിരിക്കുന്ന സുന്ദര ഗാനങ്ങളിലെ വരികൾ പോലും കടലുകളിൽ പ്രയാണം ചെയ്തുപോയ മഹാമനുഷ്യരുടെ ജീവിത ഗാനവീചികളിൽ നിന്നും ഏറെ അകലെയാണല്ലോ. ജീവിതപ്രയാണത്തിൽ തെറ്റുന്ന വഴികളിൽ നിന്നും മാറ്റി നടത്താനും അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഉപദേശങ്ങൾ ചൊരിഞ്ഞെന്നെ നേർവഴി കാണിക്കാനും ജീവിത ഗന്ധമുള്ള ഗാനമുരുവിടുന്നുണ്ടാവണം ഇവ. എന്നിട്ടും എനിക്കൊന്നും കേൾക്കാനാവുന്നില്ലല്ലോ.
എന്റെ യാത്ര തുടർന്നു കൊണ്ടിരുന്നു, കൂനിപ്പുഴയുടെ ആഴം കുറഞ്ഞ ഭാഗം നോക്കി മുട്ടിനൊപ്പം ഉയർന്ന് ഒഴുകി നീങ്ങുന്ന വെള്ളത്തിലൂടെ പുഴ മുറിച്ചു കടക്കുമ്പോൾ കാതിൽ ഒരു വിളികേട്ടു.
“കുഞ്ഞേ…!“
ഞാൻ തിരിഞ്ഞു നോക്കി, അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല, നിഴലുകളുടെ സംസാരത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നിട്ടും സ്നേഹോഷ്മളമായ വാത്സല്യത്തോടെ എന്നെ വിളിച്ചത് ആ നിഴലുകളിലൊന്നായിരിക്കുമെന്ന് ഞാൻ ചിന്തിച്ചതുപോലുമില്ല.
“മകനേ..  ഞാൻ തന്നെ,  എന്നും നിനക്കൊപ്പം നടക്കുന്ന ഞാൻ തന്നെയാണ് നിന്നെ വിളിച്ചത്”
നിഴലുകൾ സംസാരിക്കുകയോ, എനിക്കല്പം ഭയം തോന്നാതിരുന്നില്ല, കൂനിപ്പുഴയുടെ നീണ്ട തീരങ്ങൾക്കിരുവശവും എന്റെ കണ്ണുകൾ തേടി, ഉച്ചയുടെ ചൂടുള്ള കാറ്റിൽ ഇളകിയാടുന്ന തെങ്ങുകളും കാറ്റിനൊപ്പം വളഞ്ഞു പുളഞ്ഞ് നൃത്തം ചെയ്യുന്ന കവുങ്ങുകളുമല്ലാതെ മറ്റൊന്നും അരികിലെവിടെയും കണ്ടില്ല.
“മകനേ..! ഭയം ലോകത്തിന് നഷ്ടമല്ലാതെ ലാഭമായതൊന്നും നേടിക്കൊടുത്തിട്ടില്ല കുഞ്ഞേ, എന്നിട്ടും വീണ്ടും വീണ്ടും ഭയന്ന് ജീവിക്കുക എന്നത് നാം നമ്മോട് ചെയ്യുന്ന ക്രൂരത തന്നെയാണ്”
എന്റെ മുഖത്തെ ഭയാനക ഭീതി കണ്ടിട്ടാവണം നിഴലിന്റെ ശബ്ദത്തിൽ ‘ദൂരെ വലിച്ചെറിയൂ നിന്റെ അനാവശ്യ ഭയം‘  എന്ന സ്നേഹമൂറുന്ന താക്കീതുണ്ടായിരുന്നു. കൂനിപ്പുഴയുടെ മറുകര കടന്നതും കറുത്ത നിഴലിന് മെല്ലെ  രൂപമാറ്റം വന്നുതുടങ്ങി. മെല്ലെ അതൊരു മനുഷ്യനായി രൂപന്തരപ്പെട്ടു കൊണ്ടിരിക്കയായിരുന്നു.
വെളുത്ത നീളൻ ജുബയും പാരിജാതപ്പൂക്കളെ പോലും ലജ്ജിപ്പിക്കുന്ന വെണ്മയുള്ള മുണ്ടും ധരിച്ച ഒരു മനുഷ്യ രൂപമായി അത് രൂപാന്തരം കൊള്ളുന്ന നേരം എന്റെ ഹൃദയസ്പന്ദനത്തിന്റെ ശബ്ദം  കൽക്കരി വണ്ടിയുടെ  മുഴക്കത്തേക്കാൾ മുഴങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
വെളുത്ത ജുബയിട്ട നിഴൽമനുഷ്യന്റെ വലതു കൈ മെല്ലെ എന്റെ വലതുകൈക്കു നേരെ നീണ്ടു. ആ കൈയുടെ സ്പർശനം എന്റെ മനസിലൊരു കുളിർ പടർത്തിയോ..  എന്റെ സ്പന്ദന വേഗം മെല്ലെ കുറഞ്ഞ് മിതത്വം പാലിച്ചുതുടങ്ങി. മുല്ലപ്പൂക്കളെ അനുസ്മരിപ്പിക്കുന്ന പല്ലുകൾ കാട്ടി അതെന്നെ നോക്കി പുഞ്ചിരിച്ചു.  സ്നേഹവും വാത്സല്യവും നിറഞ്ഞ നിഴൽ മനുഷ്യന്റെ പെരുമാറ്റം എന്റെ ഭയത്തെ ഉരുക്കിയെടുത്തുവെന്ന് തോന്നുന്നു. മനസ് ശാന്തമായി.
“കുഞ്ഞേ,  നമുക്കിവിടെയിരിക്കാം, നീ ആഗ്രഹിച്ചതുപോലെ ഞാൻ നിനക്ക് മുൻപിലുണ്ട്. നിന്റെ ചോദ്യങ്ങൾക്ക് പലതിനും ഉത്തരം നൽകാൻ എനിക്കാവില്ലായിരിക്കാം. എങ്കിലും എന്റെ കഥ ഞാൻ പറയാം. ആ കഥകളിൽ നിന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ടായിരിക്കണം.”
പച്ചോലകൾ കൊണ്ട് പന്തലിട്ടു തന്ന ഒരു തൈത്തെങ്ങിനരികിൽ ഞങ്ങളിരുന്നു. അദ്ദേഹത്തിന്റെ കുലീന ഭാവം എന്റ മനസിൽ അദ്ദേഹത്തോടുള്ള ഭയഭക്തി ബഹുമാനങ്ങൾ നിറച്ചു. വല്ലാത്തൊരു ബഹുമാനം മനസിൽ നിറഞ്ഞത് അദ്ദേഹത്തിനൊപ്പം ഇരിക്കാൻ എനിക്കല്പം വിഷമമുണ്ടാക്കി. എന്നാൽ അദ്ദേഹത്തിന്റെ നിർബന്ധം എന്നെ അദ്ദേഹത്തിനരികിലിരുത്തുക തന്നെ ചെയ്തു.
“കുഞ്ഞേ, ഞാനൊരു കഥ പറയാം. എന്റെ കഥ അല്ലെങ്കിൽ ഇവിടെ ജീവിച്ച ചിലരുടെ കഥ.“ അദ്ദേഹം എന്നെ നോക്കി.
ഞാൻ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.. അദ്ദേഹം പറഞ്ഞു തുടങ്ങി..
“നിന്നെപ്പോലെ തന്നെയായിരുന്നു അവളും. നിഴലുകളെ പ്രണയിച്ച പെൺകുട്ടി, കറുത്ത നിഴലുകളെ അവൾ വെറുതെ പ്രണയിച്ചുകൊണ്ടേയിരുന്നു, എന്നാൽ അവക്ക് മുഖമുണ്ടായിരുന്നില്ല മനസും. ഋതുഭേദങ്ങൾ മാറി മറിഞ്ഞു. വർഷവും വസന്തവും ശിശിരവും വേനലും മാറി മാറി വന്ന കാലത്തിലെന്നോ  അവളൊരു നിഴലിനെ കണ്ടുമുട്ടി. തെളിഞ്ഞ മുഖവും ആർദ്രമായ മനസുമുള്ള ഒരു നിഴൽ..അത് ഞാനായിരുന്നു കുഞ്ഞേ.. ഈ ഞാൻ“
“സ്ത്രീ, സൌന്ദര്യത്തിന്റെ പ്രതീകമാണ്. അവളുടെ മനസ് നന്മയുടെ വെൺപ്രാവുകൾ പറക്കുന്ന അമ്പല മേടുകളാണ്. അവളുടെ സ്നേഹമൊഴികൾ കഠിന ശിലകളെപ്പോലും അലിയിപ്പിക്കുന്ന മഹാമരുന്നാണ്.
 അതെ എല്ലാ അർഥത്തിലും അവളൊരു സ്ത്രീയായിരുന്നു, സ്ത്രീയെന്ന വാക്കിന് എന്തുകൊണ്ടും യോഗ്യത നേടിയവൾ. ആ സ്ത്രീത്വം ഈ നിഴലിനെയും വല്ലാതെ ആകർഷിച്ചു. പിന്നെ പ്രണയത്തിന്റെ സുന്ദര നാളുകളായിരുന്നു. മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും പുതിയ ചിറകുകൾ മുളച്ച നേരം ഇണപ്രാവുകളായി ഞങ്ങളീ ഗ്രാമത്തിന് മുകളിൽ പരസ്പരം പുണർന്ന് പറന്നു നടന്നു.“
“എന്നിട്ട്..“  എന്റെ ആകാംക്ഷക്ക് ജീവൻ വെച്ചതിനാൽ അദ്ദേഹം നിർത്തിയതും ഞാൻ ചോദിച്ചു.
“എന്നിട്ടെന്താണ് കുഞ്ഞേ, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയപ്പോൾ കാലം അതിന്റെ മായാജാലം പുറത്തെടുത്തു.“
കാലത്തിന്റെ മായാജാലമോ?  അങ്ങെന്താണുദ്ദേശിക്കുന്നത്..?
“കാലത്തിന്റെ മായാജാലം തന്നെ, അല്ലെങ്കിൽ പിന്നെന്താണ് കുഞ്ഞേ.. മനുഷ്യരൂപം കൊണ്ട മൃഗതൃഷ്ണയുടെ ആരാധകർ പിച്ചിച്ചീന്തിയ എന്റെ പ്രണയിനിയുടെ അഴുകിയ ജഡം ഈ കൂനിപ്പുഴയുടെ ഒഴുക്കിലൂടെ ഒഴുകി നീങ്ങിയത് കാലത്തിന്റെ മായാജാലമല്ലെങ്കിൽ പിന്നെന്താണ്.? ഈ ഭൂമിയിലെ ഓരോ അണുവിനെയും തന്നെക്കാളേറെ സ്നേഹിച്ച അവളെ നശിപ്പിച്ചു കൊല്ലുവാൻ വിധി പറഞ്ഞയച്ച കാപാലികർ കാലം കരുതിവെച്ച മായാജാലക്കാർ അല്ലെങ്കിൽ പിന്നാരാണ്?“
“കാലത്തിന്റെ മായാജാലക്കാരെ നീ ഇതുവരെ കണ്ടില്ലെന്നാണോ.. ഈ പുഴയിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ, ഈ ജലത്തിൽ നിന്നൊരല്പം കയ്യിലെടുത്ത് മണത്തു നോക്കൂ.. ഈ പുഴയുടെ ഓരോ തുള്ളിയിലും ഞാനടക്കം അനേകായിരം മനുഷ്യരുടെ കണ്ണുനീർകണങ്ങൾ ഒഴുകി നീങ്ങുന്നത് കാണാം. ഞങ്ങളുടെ രക്തത്തിന്റെ ഗന്ധം ഓരോ ജലകണികയിലും പടർന്നിരിക്കുന്നത് കാണാം. ഞങ്ങളുടെ വിയർപ്പിന്റെ ഈറൻ ഗന്ധം ഓരോ ജലത്തുള്ളിയിലും ഒളിഞ്ഞിരിപ്പുണ്ടാവണം.“
“സമ്പന്നമായ ഈ നാടിനെ മാത്രമേ നീ കണ്ടിട്ടുള്ളൂ കുഞ്ഞേ, കുറെ വർഷങ്ങൾക്ക് മുൻപ് ഈ ഭൂമി ഇങ്ങനെയായിരുന്നില്ല. തരിശായി കിടന്ന വരണ്ട ഭൂമിയെ ജലം ചേർത്ത് കുഴച്ചെടുത്ത് ഈർപ്പമുള്ളതാക്കി മാറ്റി നെല്ലും പയറും മരച്ചീനിയും വാഴയും അങ്ങനെ മനുഷ്യന്റെ ആഹാരത്തിനുള്ളതെല്ലാം വിളയിച്ച് ഈ നാടിനെ സമ്പന്നതയിലെത്തിച്ചത് ഞങ്ങളാണ്. സകല ജീവജാലങ്ങൾക്കും അത്യാവശ്യമായ ഈ പുഴ നിർമ്മിച്ചതും ഞങ്ങളാണ്.”
“ജീവിതത്തിന്റെ നല്ലൊരു പങ്കും ഈ നാടിനു വേണ്ടി കഷ്ടപ്പെട്ട, ഒരായിരം കൊല്ലം ഈ നാടിനെ എന്നും കണ്ണിൽ കാണാൻ ആഗ്രഹിച്ച ഞങ്ങൾക്കിപ്പോൾ ഈ നാട് കാണുന്നത് തന്നെ വേദനയാണ് കുഞ്ഞേ..എന്നിട്ടും നിഴലുകളായി ഞങ്ങളെന്നും ഇവിടെയെത്തുന്നു.
 തരിശു ഭൂമിയെ വിളനിലമാക്കാൻ ഞങ്ങൾ രാപ്പകൽ അധ്വാനിച്ചുവെങ്കിൽ വിളനിലങ്ങളെ തരിശാക്കി മാറ്റുവാൻ പുതുതലമുറ വല്ലാതെ കഷ്ടപ്പെടുന്നത് ഞങ്ങളെങ്ങനെയാണ് കണ്ടു നിൽക്കേണ്ടത്. മണ്ണിനും ജലത്തിനും മനുഷ്യനും സകല ജീവജാലങ്ങൾക്കും സമൃദ്ധി നൽകിയതിന്റെ പേരിൽ മാത്രം ഞങ്ങളെ പഴിക്കുന്ന പലരെയും നീ ഇവിടെ കാണുന്നില്ലെന്നാണോ.”
ഞാൻ ആ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി, രോഷം കലരുന്ന സങ്കടഭാവം ആ മുഖം കടും ചുവപ്പു നിറം കലർത്തിയിരുന്നു. വിയർപ്പു കണങ്ങൾ പൊടിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ മൂക്ക് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
“കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടെന്നാണോ അങ്ങ് പറയുന്നത്?” ഞാൻ വിനയ പൂർവ്വം തിരക്കി
“എന്തു മാറ്റങ്ങളാണ് കുഞ്ഞേ, കമ്പ്യൂട്ടറും ഇന്റെർനെറ്റും ആണവായുധങ്ങളുമാണോ കാലാനുസൃതമായ മാറ്റങ്ങൾ?” എങ്കിൽ ഒന്നറിഞ്ഞോളൂ. ഇതൊന്നും നിങ്ങളുടെ മാത്രം കണ്ടുപിടുത്തങ്ങളല്ല, പല മഹത്തായ കണ്ടുപിടുത്തങ്ങളെയും പിന്തുടർന്നും അനുകരിച്ചും മാത്രമാണ് നിങ്ങളിവിടെ എത്തുന്നത്. അതെല്ലാം മോശമാണെന്നല്ല, എന്നാൽ പഴമയെ പുറം കാലുകൊണ്ട് തൊഴിച്ചുകൊണ്ടിരിക്കുമ്പോൾ പഴമയുടെ തത്വങ്ങളിലൂടെയാണ് പുതുമയുടെ മാറ്റങ്ങളിലേക്ക് എത്തിപ്പെട്ടതെന്ന കാര്യം വിസ്മരിക്കരുത്..”എന്ത് മാറ്റങ്ങളുടെ പേരിലാണെങ്കിലും ഇരിക്കുന്ന കൊമ്പു മുറിക്കുന്നത് അഗാധമായ വീഴ്ചക്ക് തന്നെ കാരണമാവും. സ്വന്തം അസ്ഥിത്വത്തെ തള്ളിപ്പറയുന്നതും ഭൂഷണമായിരിക്കില്ല. കമ്പ്യൂട്ടറും ആണവായുധങ്ങളും ഭക്ഷ്യയോഗ്യമല്ല കുഞ്ഞേ, ഭക്ഷണം തരുന്ന കൃഷിയിടങ്ങളെ മാറ്റങ്ങൾക്ക് വേണ്ടി നശിപ്പിച്ചു കളയുന്നത് നാളത്തെ തലമുറയെ പട്ടിണിക്കിടാനുള്ള ഏറ്റവും ലളിതമായ വഴിയാണെന്നോർക്കുക”
ഉപദേശങ്ങൾ മറ്റാർക്കുമെന്ന പോലെ എനിക്കും വല്ലാത്ത ഈർഷ്യതയുണ്ടാക്കുന്നുണ്ട്, ഇദ്ദേഹത്തിന്റെ കവലപ്രസംഗം കേൾക്കുന്നതിനേക്കാൾ പ്രണയ കഥ കേൾക്കുന്നത് തന്നെ സുഖം.
“എന്നിട്ട് അങ്ങയുടെ പ്രണയിനിയെ കൊല ചെയ്തവർക്കെന്തു സംഭവിച്ചു?“
  വിഷയം മാറ്റാനെന്നവണ്ണം ഞാൻ ചോദിച്ചു.
അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരി പടർന്നു, അദ്ദേഹത്തിന്റെ വാക്കുകൾ തികഞ്ഞ അവജ്ഞയോടെ പുച്ഛിച്ചു തള്ളി വിഷയം മാറ്റാൻ ശ്രമിച്ച എന്നോടുള്ള പരിഹാസം നിറയുന്ന ചിരിയായിരുന്നു അതെന്ന് എനിക്ക് തോന്നി. അതൊഴിവാക്കാമായിരുന്നു.....
സ്വയം ലജ്ജ തോന്നി അദ്ദേഹത്തെ സംസാരിപ്പിക്കാനായി ഞാൻ അദ്ദേഹത്തിനു നേരെ നോക്കവേ ആ രൂപം അപ്രത്യക്ഷമായിരുന്നു. പടിഞ്ഞാറെ ചക്രവാളത്തിലേക്ക് സൂര്യൻ ഊളിയിടാൻ തുടങ്ങിയിരിക്കുന്നു.സൂര്യൻ മറഞ്ഞു തുടങ്ങിയാൽ നിഴലുകൾക്ക് ജീവൻ നഷ്ടപ്പെടുമെന്ന സത്യം ഞാൻ അപ്പോളാണ് ഓർത്തത്.
ഒരു യാത്ര പോലും ചൊല്ലാതെയുള്ള ആ മറഞ്ഞുപോക്ക് എന്നെ തെല്ല് വിഷമിപ്പിക്കാതെയിരുന്നില്ല. ഒരുപക്ഷെ ഇനിയുമൊരു ദിവസം പറഞ്ഞു വെച്ചത് പൂർത്തീകരിക്കാനായി അതെന്നരികിലെത്തുമായിരിക്കാം.
ഞാൻ എഴുന്നേറ്റു, മുന്നോട്ടുള്ള എന്റെ യാത്ര തുടർന്നു, ആ യാത്രയുടെ ഓരോ കാൽ വെപ്പുകളിലും നിഴലിന്റെ ശബ്ദം കാതിൽ പ്രകമ്പനം കൊണ്ടിരുന്നു.
മുന്നിലെ തരിശു ഭൂമിയിലെ വരണ്ടു പൊട്ടിയ ഭാഗങ്ങളിൽ ഏതോ കൊച്ചു ജീവി ഉറക്കെ വിളിച്ചു പറയുന്നുണ്ടെന്ന് എനിക്ക് തോന്നി.
“ പുതിയ തലമുറകളിൽ ദാരിദ്ര്യത്തിന്റെ വേദന കലരുന്ന രോദനങ്ങളിൽ ഹേ നിഴലുകളേ നിങ്ങളുടെ കഥ അവർക്ക് മനസിലാവുമായിരിക്കാം.

ഭ്രാന്തിയമ്മ (കഥ)

ശ്യാം, എന്താണിത്  ഇന്ന് ഓഫീസിലൊന്നും പോകുന്നില്ലേ. സമയം എത്രയായെന്നാ വിചാരം...?
അല്ലെങ്കിൽ തന്നെ ആവശ്യത്തിന് ജോലി അടുക്കളയിലുണ്ട്, അതിലിടക്ക് മോന്റെ വിക്രുതികളും, എല്ലാം കൂടി ഞാൻ വട്ടു പിടിച്ചു മരിക്കുവാ ഇവിടെ. എന്നാലിതൊക്കെ അറിയാവുന്ന ഒരാൾ ഇവിടെ കൂർക്കം വലിച്ച് ഉറങ്ങുന്ന കണ്ടില്ലെ. കൊച്ചുകുഞ്ഞാണെന്നാ വിചാരം. സഹായിക്കണ്ട, സ്വന്തം കാര്യം മാത്രമെങ്കിലും നോക്കിക്കൂടെ, അതില്ല. നേരം ഉച്ചയാവോളം കിടന്ന് ഉറങ്ങിക്കോളും“

സരിതയുടെ ദേഷ്യം കലർന്ന പരിഭവം കേട്ടാണ് രാവിലെ ഉണർന്നത്. എന്തോ ഈ ദിവസം നരകത്തിലെ ഒരു ദിവസം പോലെ വിഷമം പിടിച്ചതാണെന്ന് മനസു പറഞ്ഞു. ഒരു ദിവസവും ഈ സുന്ദരജീവിതത്തിൽ നഷ്ടമാകരുതേ എന്ന് ചിന്തിച്ചിരുന്ന ഞാൻ ഈ ദിവസം എത്രയും വേഗമൊന്നു കൊഴിഞ്ഞു പോയെങ്കിലെന്ന് ചിന്തിച്ചു പോകുന്നതിനെ പറ്റി പറയാനായിരിക്കും വിരോധാഭാസം എന്ന വാക്ക് കണ്ടു പിടിച്ചതെന്നു തോന്നുന്നു.

ബ്രഷിൽ പേസ്റ്റ് തേച്ച് മെല്ലെ ബ്രഷ് ചെയ്യാനൊരുങ്ങുമ്പോൾ വെറുതെ കണ്ണാടിയിലേക്കൊന്നു നോക്കി.
ഇല്ല ഗ്ലാമറിന് ഇപ്പോളും കുറവൊന്നും വന്നിട്ടില്ല. മുഖം അല്പം തടിച്ചിട്ടുണ്ട്. ഉറക്കച്ചടവായിരിക്കാം,
ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചില്ലല്ലോ. പുലർച്ചെ ആണ് ഒന്നുറങ്ങിയത്.  മനസിൽ ആ രൂപം മായാത്ത ഓർമ്മകളായി തളം കെട്ടി നിൽക്കുന്നത് ഇനിയും എന്തിനാണെന്നറിയില്ല. എന്തോ ചുരുങ്ങിയ ദിവസങ്ങളിൽ അത്രയധികം അടുത്തുപോയി. അന്നത്തെ സന്തോഷം ഇന്നത്തെ വേദനയായി ഭവിക്കുന്നു എന്നത് വിധിയുടെ കുസ്രുതികളിൽ ഒന്ന് തന്നെ.

സരിത എടുത്തു വച്ച ടിഫിൻ കാരിയർ എടുത്ത് ഓഫീസിൽ പോകാൻ കാർ സ്റ്റാർട്ട് ചെയ്യുമ്പോളും മനസ് വല്ലാതെ കലുഷിതമായിരുന്നു.

കാറിനടുത്തേക്ക് ഓടി വന്ന് സരിത ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോളാണ് അക്കാര്യം വിട്ടു പോയന്നറിയുന്നത്..

“അല്ല എനിക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ശ്യാം. എന്താണ് ഇന്നലെ മുതൽ പറ്റിയത്. രാവിലെ എഴുന്നേറ്റാൽ ബ്രേക്ക് ഫാസ്റ്റ് വൈകുന്നതിന് വിശക്കുന്നെന്നും പറഞ്ഞ് സ്വൈര്യം തരാത്ത ശ്യാം ഇന്നിപ്പോൾ ചായ കുടിക്കാൻ വരെ മറന്നു പോകുന്നു. പറയൂ എന്താ ഇതൊക്കെ. എന്താ പറ്റിയത്. എന്നോട് പറഞ്ഞൂടെ.?”

“ഒന്നുമില്ലെന്റെ കൊച്ചമ്മിണീ.., രവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ടുള്ള തിരക്കിൽ വിട്ടു പോയതാണെന്നേ...
ആ കള്ളം അവൾ വിശ്വസിച്ചില്ലെന്ന് അവളുടെ മുഖം കണ്ടാലറിയാം. എങ്കിലും പിന്നീടുള്ള ചോദ്യങ്ങൾ ഇല്ലാതാക്കാൻ ആ ഉത്തരം സഹായിച്ചു. ചായ കുടിച്ചവസാനിപ്പിച്ച്  കൂടുതൽ ഉരിയാടാതെ കാറിനടുത്തേക്ക് നടന്നത് അവൾക്ക് വിഷമമുണ്ടാക്കിയോ ആവോ.

 കാർസ്റ്റീരിയോയിൽ നിന്നൊഴുകുന്ന മനോഹര സംഗീതം ആസ്വദിക്കാൻ കഴിയുന്നില്ല,  എന്നും നിശബ്ദമായ മനസിനെ ഉണർത്തുന്ന ബിതോവന്റെ സിംഫണി ഇന്ന് തലവേദനയുണ്ടാക്കുന്നു.
ഓഡിയോ ഓഫ് ചെയ്ത് മെല്ലെ കാർ കറുത്ത പരവതാനി വിരിച്ച പോലെ നിരന്ന റോഡിലൂടെ പാഞ്ഞു കൊണ്ടിരുന്നു. ഓഫീസിന്റെ കവാടത്തിൽ സെകുരിറ്റിയുടെ ഗേറ്റ് പാസ് വാങ്ങാൻ നിൽക്കാതെ അകത്തേക്ക് കടന്നത് അവനിൽ അസാരസ്യം ഉണ്ടാക്കിയിരിക്കണം. മുഖം വീർത്ത നേപ്പാളിപ്പയ്യന്റെ ഭാവം എന്നത്തെയും പോലെ ഇന്ന് എന്റെ മുഖത്ത് ചിരി പടർത്തുന്നില്ല.

ഓഫീസിൽ കയറി അലക്ഷ്യമായി ഫയലുകൾ മറിക്കുമ്പോൾ  ലീന കടന്നുവന്നത് അത്ര പിടിച്ചില്ല. എന്തെന്നറിയില്ല, ഇപ്പോൾ എന്റെ അരികിൽ ആരെങ്കിലും വരുന്നതോ സംസാരിക്കുന്നതോ എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. എനിക്കെന്താണ് രണ്ട് ദിവസം കൊണ്ട് സംഭവിച്ചത്? അവരുടെ ഓർമ്മകൾ എന്തിനാണെന്നെ ഇത്രയധികം അസ്വസ്ഥമാക്കുന്നത്? അവരെക്കുറിച്ചോർത്തോ അതോ എന്റെ തന്നെ നഷ്ടമാണല്ലോ അതെന്നോർത്തോ?

അന്നൊരു ശനിയാഴ്ചയായിരുന്നു, പന്ത്രണ്ട് മണിക്ക് അടക്കുന്ന ബാങ്കിലേക്ക് ചെക്ക് മാറാനായി കാറിൽ നിന്നും ഇറങ്ങി ഓടുമ്പോളാണ് അവരെ ഞാൻ ആദ്യമായി കാണുന്നത്. റോഡ് മുറിച്ച കടക്കാനായി തത്രപ്പെടുന്ന അവരെ സഹായിക്കാൻ മനസു പറഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞ് വെറും കയ്യോടെ വീട്ടിലെത്തിയാൽ സരിതയുടെ വായിലെ ശകാരമോർത്തപ്പോൾ തൽകാലം വേണ്ടെന്നു വച്ചു. എന്നാൽ ബാങ്കിലെ തിരക്ക് മൂലം അന്ന് ബാങ്കിൽ നിന്നും ഇറങ്ങിയത് ഒരു മണിക്കൂറിനു ശേഷമായിരുന്നു. അപ്പോളും അതേ തത്രപ്പാടോടെ അവർ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ മനസിൽ എന്നോട് എനിക്കല്പം പുച്ചം തോന്നി. രണ്ട് മിനുറ്റ്  സമയമെടുത്ത് അവരെ സഹായിക്കാൻ  തുനിയാതെ ഇരുന്നതിലെ മനുഷ്യത്വ രാഹിത്യത്തിൽ എനിക്ക്  ലജ്ജ തോന്നി.

അവരെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കാനായി അവർക്കരികിലെത്തിയതും അവരെന്നെ മാറിലേക്ക് ചേർത്ത് പിടിച്ചതും ഒരുമിച്ചായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പൊതുനിരത്തിലെ സ്നേഹാശ്ലേഷണത്തിലെ ലജ്ജ കൊണ്ടും ആകെ ചൂളിപ്പോയപ്പോയി. വീണത് വിഷ്ണുലോകമാക്കി മെല്ലെ അവരുടെ കൈവിടുവിക്കാൻ ശ്രമിച്ചപ്പോളാണ് അവരുടെ കൺകളിൽ നനവ് പടർന്നത് കണ്ടത്. ബാല്യത്തിൽ മരണത്തിന്റെ മഞ്ചലേറി ഒറ്റക്ക് വിട്ടുപോയ എന്റ അമ്മയോ ഇതെന്ന് ഒരു നിമിഷം ശങ്കിച്ചു. അവരുടെ കൈകൾ മെല്ലെ വിടുവിച്ച് അവരെ കാറിനടുത്തേക്ക് നടത്തി. കാറിൽ കയറിയതിനു ശേഷം അവർ കാട്ടിക്കൂട്ടിയ വിക്രകളിൽ നിന്നാണ് അതൊരു പാവം ഭ്രാന്തിയമ്മയെന്ന് തിരിച്ചറിയുന്നത്.

അവരുടെ വീടും സ്ഥലവും ചോദിച്ചറിയാൻ നന്നേ കഷ്ടപ്പെട്ടു. യാത്രയിലുടനീളം അവരുടെ കുടുമ്പത്തോട് ദേഷ്യവും പുച്ചവുമായിരുന്നു. വയസായ, മാനസിക നില തെറ്റിയ ഒരു സ്ത്രീയെ ടൌണിൽ ഒറ്റക്കിട്ടവരോട് നാലു വാക്ക് പറയാതെ തിരിച്ചിറങ്ങില്ലെന്നോർത്താണ് ആ വീടിനു മുൻപിൽ കാർ നിർത്തിയത്.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു, അവരെ തിരിഞ്ഞ് വിഷമിക്കുന്ന കുടുംബമായിരുന്നു എനിക്കാ വീട്ടിൽ കാണാനായത്. അവരെ കണ്ടതും നീല ചുരിദാറിട്ട ഒരു പെൺകുട്ടി ഓടി ഞങ്ങളുടെ അടുത്തെത്തി.

“അമ്മായീ എങ്ങോട്ടാ ഞങ്ങളോട് മിണ്ടാണ്ടെ പോയത്. ഞങ്ങളെന്തോരം വിഷമിച്ചെന്നറിയോ“

അമ്മ ഒന്നും മിണ്ടാതെ ആ പെൺകുട്ടിയെ അനുസരിച്ചു മുന്നോട്ട് നടക്കുക മാത്രം ചെയ്തു.

നിങ്ങൾ കയറി ഇരിക്കൂ. അവർക്ക് നല്ല സുഖമില്ല, ഞങ്ങളിനി അന്വേഷിക്കാത്ത സ്ഥലമില്ല, നാല്പത്തഞ്ച് വയസു തോന്നിക്കുന്ന യോഗ്യനായ ഒരു മനുഷ്യനാണ്, ആ അമ്മയുടെ മകനാണെന്നാണ് കരുതിയത്.
അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ പൂമുഖത്തെ കസേരയിലിരുന്നു.

എന്റെ പേര് സേതുമാധവൻ, എന്റെ ഏച്ചിയാ.. അളിയൻ മിലിറ്ററീലാരുന്നു. നാട്ടിലേക്ക് വരുന്ന യാത്രയിൽ അറ്റാക്ക് വന്നു, രക്ഷിക്കാനായില്ല, ഇരുപത് വർഷായി, ഒരു മകനേയുള്ളൂ ഏച്ചിക്ക്, ഇപ്പോ എവിടാന്നറിയില്ല. നാലു വർഷം മുൻപേ ജോലി തേടിപ്പോയതാ.. ഇപ്പോ നിങ്ങടെ പ്രായംണ്ടാവും അവന്.. അവൻ പോയതോടെ ഏച്ചി ഇങ്ങനെയായി. പറഞ്ഞു നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു. ഈ മനുഷ്യനെയാണല്ലോ വിളിക്കാൻ തെറിയൊരുക്കി ഇത്ര നേരം കാത്തിരുന്നതെന്നോർത്തപ്പോൾ വിഷമം തോന്നി.

അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ അമ്മ ഓടി വന്നു, കയ്യിലെ പാൽഗ്ലാസ് എന്റെ നേരെ നീട്ടി..
അമ്മേ ഞാനിപ്പോ ചായ കുടിച്ചല്ലോ, ഇത് അമ്മ തന്നെ കുടിച്ചോളൂ..
അവർ മുഖമൊന്ന് വെട്ടിച്ചു പരിഭവിക്കുക മാത്രം ചെയ്തു..
വിരോധല്ലാച്ചാൽ അത് വാങ്ങിച്ചോളൂ ട്ടാ, ഏച്ചീടെ മോനാണെന്നോർത്താ ഈ സൽക്കാരം. സേതുവേട്ടൻ പറഞ്ഞു.
ഞാൻ അവർക്ക് നേരെ കൈ നീട്ടിയതും ആ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തെളിഞ്ഞു..
അവർ തന്ന പാലും കുടിച്ച് പിന്നെ വരാമെന്ന വാക്കോടെ പടിയിറങ്ങുമ്പോൾ മനസിൽ പുതിയൊരു അമ്മയെ കിട്ടിയ സന്തോഷമായിരുന്നു.

വീട്ടിലെത്തി സരിതയോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവൾക്കും ആ അമ്മയെ കാണാൻ താല്പര്യമായി. അങ്ങനെ അമ്മയില്ലാത്ത ഞങ്ങൾക്ക് രണ്ടുപേർക്കും പുതിയൊരു അമ്മയെ കിട്ടി. പിന്നെ ഇടക്കിടെ ഞങ്ങളാ വീട്ടിലെ സന്ദർശകരായി. ഞങ്ങൾ അവിടെ ചെല്ലുന്നതാവട്ടെ ആ കുടുംബത്തിന് ഏറെ സന്തോഷം നൽകുന്ന കാര്യമായത് ആ സന്ദർശനങ്ങൾ സുഖകരമായ അനുഭവമാക്കിയിരുന്നു.

ഇന്നലെ ആ ചിതയിലെ അവസാന കനലും കെട്ടടങ്ങിയ നേരം വീട്ടിലേക്കുള്ള യാത്രയിൽ സരിതയോട് എങ്ങനെ ഇക്കാര്യം പറയുമെന്ന ചിന്തയായിരുന്നു. സ്വതേ തൊട്ടാവാടിയായ അവൾക്ക് ഒരു മാസത്തേക്കുള്ള സങ്കടം ഇത് മതിയാവും. എന്നാൽ പറയാതിരുന്നാൽ ഇനി അങ്ങോട്ടുള്ള യാത്രക്ക് അവൾ വാശി പിടിക്കുമ്പോൾ എന്ത് പറയണമെന്നറിയാതെ വിഷമിക്കേണ്ടിയും വരും.

ഇന്നെനിക്ക് രണ്ട് സങ്കടമാണ് പ്രിയപ്പെട്ട അമ്മയുടെ വേർപാടിന്റെ വേദനക്കൊപ്പം ആ വേദന മറ്റൊരാളെക്കൂടി അറിയിക്കേണ്ട വേദനയും.

ഓഫീസിൽ വന്നത് വെറുതെയായി. ഒരു ജോലിയും നടന്നില്ലെന്ന് മാത്രമല്ല, സഹപ്രവർത്തകരെ അല്പസ്വല്പം വെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉച്ചക്ക് ശേഷം  ലീവെഴുതി മാനേജറുടെ മേശപ്പുറത്തേക്കിട്ട് ഇറങ്ങുമ്പോൾ മനസിൽ സരിതയോട് പറയാനുള്ള കള്ളങ്ങൾ ഒരുക്കൂട്ടി വെച്ചിരുന്നു.

കാറിന്റെ ശബ്ദം മുറ്റത്ത് കേട്ടപ്പോൾ തന്നെ വീടിന്റെ മുൻ വാതിൽ തുറക്കപ്പെട്ടു.
എന്തേ ശ്യാം. എന്തുണ്ടായി? സുഖമില്ലേ? സരിതയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം.
ഏയ് ഒന്നുമില്ല അമ്മിണിക്കുട്ടീ. ആകെ ഒരു അസ്വസ്ഥത. അപ്പോൾ ഇങ്ങ് പോന്നു, എനിക്ക് ടെൻഷൻ വന്നാൽ അത് മാറ്റാനുള്ള മരുന്നല്ലേ എന്റെ ഈ അമ്മിണിക്കുട്ടി.
കൊള്ളാമല്ലോ.. ഇന്നെന്താ നല്ല റൊമാന്റിക് ആണല്ലോ. രാവിലെ ഓഫീസിൽ പോയതോ മുഖത്ത് കാറും കോളുമായാ. ഉച്ചക്കേ വരുന്നത് കണ്ടപ്പോൾ മനുഷ്യൻ ശരിക്കും പേടിച്ചു. എന്നിട്ടിപ്പോൾ റൊമാൻസ് കണ്ടില്ലേ..ഉച്ചവെയിലേറ്റ് വട്ടായോ ഈശ്വരാ..?   അതൊക്കെ പോട്ടെ എന്താ ശ്യാം അസ്വസ്ഥതക്ക് കാരണം.
ഏയ്, അതിനും മാത്രം ഒന്നുമില്ലെടീ.  ഞാൻ അവിടെ പോയിരുന്നു.
എവിടെ ശ്യാം?
ചിക്കാരപ്പുറത്ത്, നമ്മുടെ ഭ്രാന്തിയമ്മേ കാണാൻ.
എന്ത് പറ്റി അമ്മക്ക്?
അമ്മക്കൊന്നും പറ്റിയില്ല, പറ്റിയത് നമുക്കാടീ..
അതെന്താ?
അവര് നമ്മുടെ ആരാ? നമ്മളെന്തിനാ അവരെ ഇത്രയധികം സ്നേഹിച്ചത്?
അതെന്താ ഇപ്പോ ഇങ്ങനൊക്കെ പറയാൻ ശ്യാം
ഒന്നുമില്ല അവരു പോയെടീ..
എങ്ങോട്ട് പോയെന്ന്?
ഇന്നലെ അവരുടെ മകൻ വന്നിരുന്നു, ഇന്ന് രാവിലെ അവന്റെ കൂടെ അവർ ബാംഗ്ലൂർക്ക് പോയത്രേ, അയാൾക്കവിടെ എന്തോ ബിസിനസാണു പോലും. എന്നാലും നമ്മളോടൊരു യാത്ര പോലും പറയാതെ പോയെന്നോർത്തപ്പോൾ വിഷമം തോന്നി, അത്രേയുള്ളൂ, ഓഫീസിലിരുന്ന് ജോലി ചെയ്യാനൊരു മൂഡില്ല, അപ്പോളീങ്ങു പോന്നു.
ഓഹ് അതാണോ ശ്യാം, അത് മറന്നേക്കൂ, നമ്മൾ ഒരുപാട് പ്രാർഥിച്ചതല്ലേ, അവർക്ക് അവരുടെ മകനെ കിട്ടാൻ,  ദൈവം നമ്മുടെ പ്രാർഥന കേട്ടല്ലോ..
എന്നാലും നമ്മളോടൊരു യാത്ര പോലും പറയാതെ.......
എന്റെ ശ്യാം. നമുക്ക് നമ്മളേ കാണൂ എന്നും, പിന്നെ അവർ യാത്ര പറയാതെ പോയത്  അയാൾക്ക് അവിടെ തിരക്കായിരിക്കും, സമയം കിട്ടിക്കാണില്ല അത് കൊണ്ടാവും.
എന്നെ സമാധാനിപ്പിക്കാനായി അവളങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. മരിച്ചു പോയ ആ അമ്മയെപ്പറ്റി നിസാരമെങ്കിലും ഇല്ലാക്കഥ പറഞ്ഞ എന്റെ മനസിനിപ്പോൾ പിടയുന്ന വേദനയാണ്. എങ്കിലും ഒരു ഉരുൾപൊട്ടൽ ശാന്തമാക്കിത്തീർക്കാൻ  കഴിഞ്ഞ  ചാർതാർഥ്യം  എന്റെ മുഖത്തുണ്ടായിരുന്നിരിക്കണം. സരിതയുടെ സമാധാന വചനങ്ങൾ കേട്ട് ഞാൻ ത്രിപ്തനായതാണെന്നോർത്ത് ആ ചാരിതാർഥ്യത്തെ അവൾ തെറ്റിദ്ദരിക്കുകയും ചെയ്തിരിക്കാം.

ചിരി

രക്തം തിളച്ചാവിയാവുമ്പോളും
കരയില്ല  ഞാനെൻ അശ്രുനീർ-
കണങ്ങളിൽ നിറയുന്ന വിഷ-
ബിന്ദു ഭൂമിയെ കരിക്കാതിരിക്കുവാൻ

കരളിൽ കൂർമുള്ളു കോറിടും നേരവും
കരയില്ല ഞാനെൻ അശ്രുനീർ-
കണങ്ങളിൽ നിറയുന്ന വേദന
യെന്നമ്മയാം ഭൂമി സഹിച്ചീടുകില്ല

കൈകളിൽ കൈവിലങ്ങിൻ ക്രൂര
ഭാരമേറുമ്പോളും കരയില്ല ഞാനെൻ
അശ്രുകളങ്ങൾ തൻ ഭാരമീ കുഞ്ഞു-
മുല്ലയെ വന്ധ്യയായ് മാറ്റിടാം.

ഹൃദയത്തെ കരിന്തേളു  നക്കിടും-
നേരവും കരയില്ല ഞാനെൻ അശ്രു-
നീർത്തുള്ളിതൻ ക്രൌര്യമീ
ശാന്തയാം ആഴിയെ ക്രൂരയായ് മാറ്റിടാം.

കാലിൽ വിഷമജ്വര വിഷമേറിടും-
നേരവും കരയില്ല ഞാനെൻ അശ്രു
കണങ്ങളിലൊളിക്കുന്ന ക്രോധമീ
അരയാലിനെ പോലും വിഷലിപ്തമാക്കിടും.

കരളും ഹ്രുദയവും നോവുന്ന നേരവും
ചിരിച്ചിടാം ഞാനെന്നുമെൻ ചിരികൾ
തൻ മുത്തിനാലീ പ്രപഞ്ചവും മനുഷ്യനും
വർണ്ണത്തിളക്കത്താൽ ശോഭിക്കുമെങ്കിൽ.

എന്റെ നോവിലും നിങ്ങൾ ചിരിച്ചെങ്കിലാ
ചിരിയെന്റെ വേദന സുഖമായ് മാറ്റിടും
നിങ്ങൾ ചിരിക്കുവാൻ ഞാൻ ചിരിച്ചീടണ
മെന്നറിഞ്ഞെന്നും ഞാനും ചിരിച്ചീടാം.

കൊള്ളലുകൾ

കൊള്ളേണ്ടത്
കൊള്ളേണ്ട പോൽ
കൊള്ളേണ്ടിടങ്ങളിൽ
കൊള്ളുമ്പോളാണ്
കൊള്ളലുകൾ
കൊള്ളലുകളാവുന്നത്.
ഇനിയെങ്ങോട്ടാണ്
നീ കൊള്ളിക്കുന്നത് ..??

നിന്റെ കയ്യിലുള്ളത്
ചെറുകല്ലുകളെങ്കിൽ
കണ്ണിലേക്കെറിയുക
ശക്തിയാൽ
കയ്യിലുള്ളത്
കഠാരയെങ്കിൽ
എന്റെ പള്ളക്ക്..
ചികഞ്ഞു
വലിച്ചെടുക്കണം
 കുടൽമാല......!!

തോക്കെങ്കിൽ
നെഞ്ചാവട്ടെ ലക്ഷ്യം
ഒരു മുഴം കയറെങ്കിൽ
മുറുക്കണം എൻ
കഴുത്തു ഞെരിയെ
ആഞ്ഞാഞ്ഞമർത്തി
ഇരുമ്പു ദണ്ഡെങ്കിൽ
തകരണം തലയോട്ടി..!!

ചങ്ങലയാണ്
കൈവശമെങ്കിൽ
എൻ കാലുകൾ
തൂണിൽ ബന്ധിക്കുക
ചെറിയൊരു
ബ്ലേഡാണായുധമെങ്കിൽ
 നീ അരിഞ്ഞു
 ദൂരേക്കെറിയണമെന്റെ
 നാക്ക്....!!

കൊള്ളേണ്ടത്
 കൊള്ളേണ്ട പോൽ
കൊള്ളേണ്ടിടങ്ങളിൽ
കൊള്ളുമ്പോളാണ്
കൊള്ളലുകൾ
കൊള്ളലുകളാവുന്നത്.
ഇനി നീ കൊള്ളിക്കുക
നിന്റെ ലക്ഷ്യത്തിൽ...!!

അരങ്ങും അണിയറയും

അരങ്ങ്
തകർക്കുന്ന
നാടകം,
കർണ്ണം പൊട്ടും
സംഭാഷണം
അണിയറയിൽ
പുകയാത്ത
അടുപ്പിൻ ചുവട്ടിലൊരു
കുഞ്ഞിന്റെ
ഗതികെട്ട
വിശപ്പിന്റെ
പട്ടിണി നാടകം.
വേദിയിൽ
മാക്ബത്തിൻ
വിറയാർന്ന
വചനങ്ങൾ
മൂന്ന് കല്ലിന്റെ
മുന്നിലിരിക്കുന്ന
കുഞ്ഞിന്റെ
നാവിലോ
ശാപ വചനങ്ങൾ
വേദിക്ക്
യവനികവീണിടും
നേരമാ
കുഞ്ഞിന്റെ ശ്വാസമോ
മെല്ലെ പിടയുന്നു
യവനിക വീണരാ
വേദിക്ക്
പിന്നിലൊരു
കുഞ്ഞിന്റെ
കല്ലറയാരുമേ
കണ്ടില്ല.

വിരഹം

ഒരു ഇലക്കുമ്പിളിൽ
സ്നേഹത്തിൻ
തീർഥജലവുമായ്,
 ഇരുണ്ട രാത്രിക്ക്
വെളിച്ചമാമൊരു
കുഞ്ഞു മിന്നൽ
മന്ദഹാസമായ്,
കാതിനെ പ്രകമ്പനം
കൊള്ളിക്കും
ഉത്സവപ്പറമ്പിൻ
മുഴക്കമായ്
വാടി നിന്നോരിലകളെ
തളിർപ്പിച്ചോടി
വന്നോരു
തുലാവർഷപാതമേ,
പിന്നെയെങ്ങോട്ട്
പോയെങ്കിലും
ഞാനിന്നുമറിയുന്നു
 നിൻ മൃദു ചുംബനത്തിൽ
നിറയും നിർമ്മല-
സ്നേഹത്തിൻ
അവാച്യമാം സുഖം...!

ഒരു കാറ്റൂഞ്ഞാലാടി
ഓടി വന്നെൻ
അരികിലിരുന്നു നീ
എൻ കാതിലോതിയ
 മുത്തശ്ശിക്കഥകൾക്കവസാനം
വിടപറഞ്ഞകലും
വിരാസ യാമങ്ങളിൽ
മ്രുദുല ഹ്രുദയത്തിൻ
ഭാരമേറും
വേദനകളൊക്കെയും
നയനങ്ങൾ
നിറയുന്ന അശ്രു
ബിന്ദുക്കളായ് മാറവേ
നീയവയൊരു
ചാറ്റൽ മഴയാക്കിയീ
വരളും ഭൂമിയെ
കുളിർപ്പിച്ചിരുന്നുവോ...?

സമാധാന കാംക്ഷികൾ..

ജീവിതം.. ഒരു കുഞ്ഞു ശലഭം..
ഞാനർഥം തേടി, ജന്മത്തിന്റെ
ജീവിതത്തിന്റെ, സന്തോഷത്തിന്റെ
ഉത്തരങ്ങൾ ഏകമായൊരു സത്യം
അത് സമാധാനമത്രേ..
സമാധാനം.. സമാധാനം.. സമാധാനം.
ഞാൻ കണ്ടെത്താൻ ശ്രമിച്ചു..
വാക്കാർഥത്തിനപ്പുറം സുന്ദരമായ
സത്യമായ സമാധാനത്തെ..
അത് സ്പഷ്ടമത്രെ, എന്നാൽ അബദ്ദവും
അത് അർഥമത്രെ, എങ്കിലും വ്യർഥവും
എന്റെ നിരീക്ഷണ ചിന്തകൾ
സമാധാനത്തിന്റെ കണ്ടെത്തലുകൾക്കായി
രാപകൽ അലഞ്ഞുകൊണ്ടേയിരുന്നു.
മരുഭൂമിയിൽ അടിഞ്ഞു കിടന്ന
മനുഷ്യാവശിഷ്ടങ്ങൾ എന്നോടു ചൊല്ലി
“എന്റെയീ അഴുകിയ അവശിഷ്ടങ്ങൾ
മറ്റൊരാൾക്ക് സമാധാനമത്രേ”
യുദ്ധവഴികളിൽ അണുബോംബെറിഞ്ഞ്
ജനതയെക്കൊല്ലും രാജാക്കൾ ചൊല്ലി..
“മാനുഷ കുലത്തിനിത് ഹാനികരമെങ്കിലും
എന്റെ രാജ്യത്തിൻ സമാധനമേ മുഖ്യം“
എന്റെ സിരകളിൽ രക്തം നിലക്കുമ്പോൾ
എന്റെ മസ്തിഷ്കം പൊട്ടിത്തകരുമ്പോൾ
എന്റെ ചിന്തകളെന്നോട് ചൊല്ലുന്നു...
“സത്യങ്ങളെല്ലാം മിഥ്യ കലർത്തി
സുന്ദര സത്യങ്ങൾ വൈകൃതമാക്കുന്ന
സ്വാർഥ താല്പര്യങ്ങളിൽ ദീപം കൊളുത്തുന്ന
അവിവേകിയാണെന്നുമീ മാനുഷ്യർ.“

അമ്മയും അമ്മിക്കല്ലും.

വലം കയ്യിലൊരു 
ചുറ്റിക വെച്ചിടം-
കൈ വീശി 
നടക്കുന്നതന്നം തേടി
മുഴുവൻ മുഷിഞ്ഞ
വസ്ത്രത്തിൻ
ഗന്ധം പരക്കുന്ന-
തോർത്തിടാതെ...

തോളിലെ തൂങ്ങും-
ഭാണ്ഡത്തിനുള്ളീലായ്
തൊട്ടിലാടുന്നൊ-
രോമന പൈതലോ
നിദ്രാസുഖത്തിന്റ
 ശാന്തഭാവത്തിലും
സൂര്യതാപത്തെ
വെല്ലു വിളിച്ചിടുന്നു.

ഇവളുമൊരു സ്ത്രീയെ-
ങ്കിലുമിവളുടെ കൈകളോ
പഞ്ഞിപോൽ മ്രുദുലമല്ല
കൊട്ടുവടിയുമായ്
നടക്കുന്ന പെണ്ണിന്റെ
കൈകളിൽ
തഴമ്പിച്ച പാടുകൾ 
നന്നായ് കാണാം

പരിഹാസ വചനവും
കല്ലേറുമായ്
കുഞ്ഞുങ്ങളവളെ 
വരവേറ്റിടുമ്പോൾ
വിധിയെ ശപിക്കാതെ
ലക്ഷ്യത്തിലേക്കവൾ 
തെറ്റാതെ കാലുകൾ 
വെച്ചിടുന്നു

അമ്മികൊത്താനുണ്ടോ-
അമ്മിക്കല്ല്
അമ്മികൊത്താനുണ്ടോ
അമ്മിക്കല്ല്
അഞ്ചുരൂപക്കൊരമ്മി-
ക്കല്ലിനെ ഞാൻ
അഴകുള്ള മൂർച്ചയെ-
യേറ്റി നൽകാം...

നാടും ചിരിക്കുന്നു,
നാട്ടാർ ചിരിക്കുന്നു
ഇന്നത്തെ കാല-
ത്തോരമ്മിക്കല്ലോ
എങ്ങുനിന്നോടി 
വരുന്നു നീ ശാപമേ
അമ്മിയെന്നതി-
ന്നൊരപമാനമല്ലേ

ഇതു കേൾക്കെ
മാതൃ ഹ്രുദയം കരയുന്നു
കുഞ്ഞിൻ വിശപ്പിനെ-
യോർത്തുകൊണ്ടേ
അമ്മിയില്ലാതിനി 
യെങ്ങനെ തീർക്കും ഞാൻ
കുഞ്ഞിന്റെ ആമത്തിൻ
വിഷമജ്വരം..

പൈതലിൻ കത്തും
കാളലോർത്തവളുടെ
കൈകൾക്ക് മെല്ലെ
കരുത്തു വന്നു
മനസിലെ സത്യത്തിൻ
ചിന്തകൾ മെല്ലെ
പൈതലിൻ കണ്ണീരി-
ലൊഴുകിപ്പോയി.

ഒരു വീടിൻ മുറ്റത്ത്
വെറുതെ കിടക്കുന്ന
ഒരു തുരുമ്പവളുടേ
ഭാണ്ഡത്തിലാക്കവേ
നെറ്റിയിൽ തട്ടിയാ
 കല്ലിന്റ വേദന
അവളെയോ മണ്ണിതിൽ
വീഴ്ത്തിടുന്നു...

വേച്ചു വേച്ചവളൊന്നു
നിൽക്കുവാൻ ആയവേ
ആയിരം കല്ലുകളൊ-
രുമിച്ച് വന്നപ്പോൾ
ഭാണ്ഡമുപേക്ഷിച്ച് 
വിഷപ്പും മറന്നിട്ട്
പ്രാണനോടവളോ
യാത്രയോതി...

ഉത്തരം തേടുന്ന ചോദ്യങ്ങൾ

സ്നേഹത്തിന്റെ
തൊട്ടിലാടി
താരാട്ടുകേട്ടുറങ്ങാൻ
മടിക്കുന്നൊരീ
പൈതങ്ങളിൽ
രാത്രിയുടെ ശൂന്യത
അപസ്മാരം നിറച്ചുവോ..??

വിരിയാൻ കൊതിച്ച
വെള്ളാമ്പൽ മൊട്ടു
വിരിയാതെ പൊഴിഞ്ഞത്
മാരുത ഹ്രുദയത്തിലും
നാം നിറച്ച വിഷബീജ
താപത്തിൻ ഫലമോ..??

പൂമുറ്റത്ത് വിടർന്നു
നിൽക്കുന്നൊരീ
ചെമ്പരത്തിപ്പൂക്കൾ
തൻ പരാഗ രേണുക്കളിൽ
തിളങ്ങി വിളങ്ങുന്നത്
വിത്തോ വിനാശ-
ക്രൌര്യഭാവങ്ങളോ..??

അസ്തമന സൂര്യന്റെ
ചെങ്കിരണങ്ങൾ
പതിക്കുന്നൊരീ
ശ്വേത വർണ്ണമാം
പാരിജാതപ്പൂക്കളിൽ
ക്രൂരത നിറക്കും
ആഭിചാരക്രിയകൾ
നടക്കുന്നുവോ..??

സുഗന്ധവും പേറി
വിടരാൻ കൊതിക്കും
ചെമ്പനീർ പുഷ്പത്തിന്
വർണ്ണം നൽകി
അനുഗ്രഹിക്കാൻ
കാലം കടമെടുത്തത്
നിരപരാധികൾ തൻ
രക്തക്കറയോ..??

രാത്രിയുടെ
അന്ത്യ യാമങ്ങളിൽ
 മാനവ  ഹൃദയങ്ങളിൽ
ഭയാനകസ്വപ്നങ്ങൾ
നിറക്കുന്നത്
അന്ധകാരത്തിനു
വിടുവേല ചെയ്യുന്ന
കുടില യക്ഷിയോ
ചെകുത്താനോ..??

മനസു പിടയുമ്പോ-
ളെന്റെ കരളിലീ
വ്യർഥ്യമാം
ചിന്തകൾ ഒളിച്ചു-
വെക്കുന്നത്
കാലത്തിൻ കൈകളോ
അവിവേകം താങ്ങുന്നൊ-
രെൻ മനം തന്നെയോ..?

ശമനം.

പുതിയൊരു
പുലരി പിറക്കുന്നു..
മുകളിലേക്ക് നോക്കുക,
പ്രകാശിതമായ
സൂര്യ ഗോളം.
മനസിലെ
അഹന്തക്ക് ശമനം.!

സൂര്യനോളമെത്താനാവുമോ
ഒരായിരം ജന്മമിവിടെ
പിറവി കൊണ്ടാലും..!

സന്ധ്യ ചുവക്കുന്നു
സന്ധ്യയുടെ
ശോഭ മെല്ലെ
ശൂന്യതയുടെ ചാര
നിറത്തിലേക്ക്
പിന്നെയും കറുപ്പ്
പടരുന്ന നിശീധിനി

ഇനിയും നോക്കുക
മുകളിലേക്ക്
ലക്ഷോപലക്ഷം
നക്ഷത്രപ്പൂക്കൾ
അവയിലൊന്നായ്
വെളിച്ചം പരത്താൻ
എത്ര ജന്മം
വേണമുലകിൽ?
മനസ്സടങ്ങിയല്ലോ,
അഹങ്കാരവും....

ഒറ്റപ്പെടലുകൾ ഓർമ്മയുടെ വസന്തമാണ്.

നിഷ്ക്രയത്വങ്ങളിൽ
നിർനിദ്ര നിശകളിൽ
നിരാശയാമങ്ങളിൽ
നിതാന്ത മൌനങ്ങളിൽ
മുറിയിലെ തിരിവെട്ടം
അണയുന്ന നേരത്തും
ഓടിയെത്തുന്നിതാ
രാക്കിളിപ്പാട്ടുകൾ..

പഴമക്കാർ പാടിയ
പാട്ടിന്റെ പല്ലവി
ശ്രുതി തെറ്റാതോതുന്ന
രാക്കിളിപ്പാട്ടിലെൻ
പ്രണയഗീതത്തിൻ
താളം മുഴങ്ങുമ്പോൾ
ഓർമ്മതൻ തേന്മാവു
പൂക്കുന്നു പിന്നെയും

ഒരു കളിത്തോണി-
യായെന്റെ ജീവിത
നദികളിൽ അവളന്ന്
നീന്തിത്തുടിക്കവേ
മാരുതരൂപിയായ്
കരിഭൂതമെത്തിയെൻ
ജീവന്റെ ജീവനെ
കവർന്നെടുത്തല്ലോ..

പിന്നെയും ജീവിത-
വഴികളിലാ ഭൂതം
കയ്യും കണക്കുമില്ലാ-
തെന്നെ പ്രഹരിച്ച്
അവശനാമെന്നെ
ഉപേക്ഷിച്ചു പോകവേ
ഒരു കൈ സഹായമായ്
 വാസന്തമെത്തി..

വാസന്ത ദേവി തൻ
സ്നേഹാർദ്ര മനമെന്റെ
അജ്ഞത കളഞ്ഞെന്നിൽ
വിജ്ഞാനം ചൊരിയവേ
ഒരു മരച്ചില്ല തൻ
ഇലയിലൂടുതിർന്നുള്ള
വിഷബിന്ദു മനതാരിൽ
അഹന്തയെ തന്നു.

ഉറക്കെ ചിരിച്ചു ഞാൻ
നാടുകൾ നീളെ
ജ്ഞാനിയെന്നോതി
അഹങ്കരിച്ചീടവേ
ഒരു മഴത്തുള്ളിയെൻ
നെറുകയിൽ വീണതെൻ
മസ്തിഷ്ക കോശങ്ങൾ
നിർജീവമാക്കി...

അറിവിന്റെ ചിന്തകൾ
അവ്യക്തമായ് മാറി
അരികിലെ അണികളും
ശത്രുവായ് മാറി
വിജ്ഞാനമില്ലാത്ത
അന്ധമാം ഭൂവിലെൻ
 ജീവിതം വീണ്ടും
അനാഥമായ് മാറി.

പിന്നെയും പൂത്തു 
പാരിജാത പൂക്കൾ
പിന്നെയും കായ്ച്ചു
തൊടിയിലെ മാവുകൾ
പിന്നെയും പെയ്തൊരാ
വേനൽ മഴയിലെൻ
മസ്തിഷ്ക കോശത്തിൽ
ജീവൻ കിളിർത്തു.

അറിവിന്റെ പൂക്കളെൻ
കപോലാന്തരങ്ങളിൽ
പിന്നെയും പൂത്തൊരാ 
സുന്ദര യാമത്തിൽ
അരയാലിൻ കൊമ്പത്തെ
മുറിവാലൻ കിളിയോതി
ജ്ഞാനം കൊതിക്കുന്നോർ
അഹന്തയെ കൊല്ലുവിൻ..!

അറിവിന്റെ ഒരുമണി
എന്നോട് ചൊല്ലീ
ഒറ്റപ്പെടലുകൾ
ഓർമ്മ തൻ പൂക്കാലം
ഒറ്റപ്പെടാതിരിക്കുന്ന
കാലങ്ങൾ  ഹേ മർത്യാ
നിന്റെ കാല്പാടുകൾ 
ദർശിക്കയില്ല നീ..

ഒറ്റപ്പെടും ദുഖ 
നിമിഷങ്ങളോരോന്നും
മനമാകും പക്ഷിയെ
വഞ്ചിച്ചിടാതെ
ഓർമ്മയിൽ വിരിയുന്ന
വാസന്തം തേടി നീ
ചിറകിട്ടടിച്ചുകൊണ്ടു-
യരെ പറക്കുക..!

ഓർമ്മ തൻ മുത്തുകൾ
തേടിപ്പറക്കുമ്പോൾ
ദർശിക്കും അപരാധ
ചെയ്തികൾ മിഴികളിൽ
അവയെ പെറുക്കിയാ
കറയാർന്ന പാടുകൾ
തിരുത്തിക്കുറിച്ച്
മുന്നേറുക നീയെന്നും...!