Sunday, March 11, 2012

മായക്കാഴ്ചകള്

മുറിക്കുള്ളിലെ ഇരുട്ടിൽ ഭയപ്പാടോടെ ചുറ്റും നോക്കി മലർന്നു കിടന്നു, പാതിരാവിലെ ഇരുട്ടു നിറഞ്ഞ മുറിയിലെ നിശബ്ദമായ ഉറക്കത്തിൽ നിന്നും തന്നെ ഉണർത്തിയ പ്രേരണ എന്താണെന്ന് ചിന്തിക്കുകയായിരുന്നു ഗോപി. ഇരുട്ടിൽ അകലെ എവിടെ നിന്നോ ചെന്നായ്ക്കൾ ഓരിയിടുന്നുണ്ട്, തെക്കേ മുറ്റത്തെ അത്തിമരക്കൊമ്പിൽ നിന്ന്  ഏതോ പക്ഷിയുടെ വേദന നിറഞ്ഞ കുറുകൽ കേൾക്കുന്നു. ഇടക്ക് വീശിയ ഒരു കൊച്ചു തെന്നൽ തുറന്നിട്ട ജനല്പാളികൾ ഇളക്കി ശബ്ദമുണ്ടാക്കി അയാളുടെ ഭയത്തിന് ആക്കം കൂട്ടിയത് മനസിനെ പിന്നിലെ ഓർമ്മകളിലേക്ക് പറിച്ചു നട്ടു.

“ഗോപിക്കുഞ്ഞ് എങ്ങ്ടാ ഈ നേരത്ത്…“   തുളസിത്തറയിൽ വിളക്ക് വെച്ച് തിരിഞ്ഞു നിന്ന മീനാക്ഷിയമ്മ കാവിലേക്കുള്ള വഴി നടക്കുന്ന തന്നെ നോക്കി ചോദിക്കുന്നു..

“ഞാ.. മ്മടെ  കുഞ്ഞാരേട്ടനെ ഒന്ന് കാണാൻ എറങ്ങ്യേതാ  ന്റോപ്പോളമ്മേ.. പെരന്റെ കെയക്കോറം ഇടിഞ്ഞ് നിക്കണ്.. അതൊന്ന് ശര്യാക്കണം.. ഇപ്പ ചെന്നെങ്കിലല്ലെ കുഞ്ഞരേട്ടനെ കാണാനൊക്കുള്ള്..“

“ഇന്നിപ്പങ്ങ്ട് പോണ്ട, വെള്ള്യായ്ച ആ വഴി അത്രക്കങ്ങ്ട് ശര്യല്ല, കാവിന്റുമ്പില് നിക്കണ ആ പാലമരത്ര ശരില്യാ..“ ഓപ്പോളമ്മ ചുണ്ടുകൾ കൊണ്ട് പറഞ്ഞതിനും വളരെയേറെ കണ്ണുകൾ കൊണ്ട് പറഞ്ഞു..

“അതൊക്കീപ്പോ നോക്ക്യാ ശര്യാവോ… മഴ പെയ്യണത് നിർത്താനും തേടീട്ട് ഒരു പട കുടീല് വെഷമിക്കണത് കണ്ടാ ……….“

വാക്കുകൾ മുഴുമിപ്പിക്കും മുൻപേ ഓപ്പോളമ്മ ഇടക്ക് കയറി…

“വേണ്ട, ഇന്നങ്ങ്ട് പോണ്ടാന്നല്ലെ പറേണത്… തിരിച്ച് പൊക്കെന്റെ ചെക്കാ..“

അന്ത്യശാസനം നൽകി ഓപ്പോളമ്മ അകത്തേക്ക് നടന്നു..

വന്നവഴി തിരിച്ചു നടക്കാനൊരുങ്ങവേ തണുത്ത കാറ്റ് വീശി, ഓപ്പോളമ്മ വെച്ച തിരി വെട്ടമണഞ്ഞുകൊണ്ട് തുളസിത്തറിയിൽ നിന്നും ഒരു കുഞ്ഞു പുകച്ചുരുളുയർന്നു. വന്ന വഴി തിരിച്ചു നടക്കുമ്പോൾ മനസിലെ വേലിയേറ്റം ശക്തമായിരുന്നു………………

ഓർമ്മകളെ മനപ്പൂർവ്വം മുറിക്കാൻ ശ്രമിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു ഗോപി. യക്ഷിപ്പേടി മനസിന്റെ ഒളിസങ്കേതങ്ങളിലെവിടെയോ ഒളിപ്പിച്ചതിനൊപ്പം നിദ്രയും പോയൊളിച്ചു.

കനത്ത ഇരുട്ടു നിറഞ്ഞ മുറിയിൽ മുളം കട്ടിലിൽ വെറുതെ എഴുന്നേറ്റിരുന്നു, ജനലിന്റെ കുഞ്ഞു മരക്കഷ്ണത്തിൽ വെച്ച തീപ്പെട്ടി തിരഞ്ഞെടുത്ത് കത്തിച്ച് വിളക്ക് പരതുന്നതിനിടെ കാൽ തട്ടി വിളക്ക് മറിഞ്ഞു. തറയിലൊച്ച മണ്ണെണ്ണയുടെ മണം അസ്വസ്ഥത നിറച്ചു.

വിളക്ക് കത്തിച്ച് മുളങ്കട്ടിലിനടിയിൽ നിന്നും പഴയ ഇരുമ്പു പെട്ടി വലിച്ചെടുത്തു കാരണമില്ലാതെ  തുറന്നു. നിറഞ്ഞു കിടന്ന കടലാസു തുണ്ടുകൾ കൈകളാൽ പരതി എന്തൊക്കെയോ തിരഞ്ഞു. മനസറിയാതെ യാന്ത്രികമായ പ്രവർത്തി. കൈ പിൻ വലിച്ചു ചിന്തിച്ചു.
 എന്താണ് തിരയുന്നത്..? ഉത്തരം കിട്ടിയില്ല, പിന്നെയും എന്തോ കടലാസുകൾക്കിടയിൽ കൈകൾ ചലിച്ചു നടന്നു. ഓരോ കടലാസു തുണ്ടുകളും എടുത്തു മറിച്ചു നോക്കി, തലക്കെട്ടുകൾ വായിച്ചു നോക്കി തിരികെ വെച്ചു.

“എന്താ ദൈവേ.. ഞാനീ തെരയണേ…“ ഗോപി സ്വയം ചോദിച്ചു. ഉത്തരം കിട്ടിയതേയില്ല.

ഇടക്കൊരു തുണ്ട് കടലാസ് കയ്യിൽ തടഞ്ഞു.. മടക്കിയ കടലാസു കയ്യിലെടുത്തു. കടലാസിലേക്ക് കണ്ണുകൾ നീണ്ടു, വായിക്കാനാവുന്നില്ല, വെളുക്കിനു നേരെ അടുത്തു പിടിച്ചു. കണ്ണിൽ നനവു പടർന്നത് തുടച്ചെടുത്തപ്പോൾ അക്ഷരങ്ങൾ വ്യക്തമായി തെളിഞ്ഞു വന്നു..വെളുത്ത കടലാസു കഷ്ണത്തിലെ കറുത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ തുടങ്ങി..

“കാർത്തീടെ കോവ്യേട്ടന്…“  

ആദ്യാക്ഷരങ്ങൾ വായിച്ചെടുത്ത കണ്ണിൽ നനവു പടർന്നു. കണ്ണിൽ നീരു പടരുന്നതിനൊപ്പം കയ്യിൽ വിറ പടർന്നു..വായിച്ചു മുഴുമിക്കാനാവില്ല.. കടലാസു നാലാക്കി മടക്കി പെട്ടിയിൽ വെച്ചു..
ചമ്രം പടിഞ്ഞ് തറയിലിരുന്ന് താടിക്ക് കൈകൊടുത്ത് ചിന്തയിലാണ്ടു.. എന്തെന്നോ ഏതെന്നോ അറിയാത്ത ഏതോ ചിന്തയിൽ വെറുതെ ഇരുന്നു.

അല്പനേരം കഴിഞ്ഞു, തറയിൽ നിന്നെഴുന്നേറ്റു, വിളക്ക് കയ്യിലെടുത്ത് ഊതിക്കെടുത്തി മുളം കട്ടിലിനടിലേക്ക് നീക്കി വെച്ചു.

അത്തിമരത്തിലെ രാക്കിളിയുടെ രോദനം നിലച്ചിരുന്നു, ചെന്നായ്ക്കളുടെ ഓരിയിടൽ ഇപ്പോൾ കേൾക്കുന്നില്ല, കട്ടിലിൽ കയറി കിടന്നു.. മലർന്നു കിടന്നു, കമിഴ്ന്നു കിടന്നു, വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞു കിടന്നു. പോയ്മറഞ്ഞ നിദ്രയെ തിരികെയെത്തിക്കാൻ കഴിഞ്ഞില്ല. കണ്ണുകളച്ചു, ഇറുകെയടച്ചു. ഉറക്കം വന്നതേയില്ല, കണ്ണുകൾക്ക് മുൻപിൽ വീണ്ടും മായക്കാഴ്ചകൾ നിറയുന്നു.

“ഇതെപ്പളാ കോവ്യേട്ടാ പൂക്കണത്…“

ചുവന്ന പനിനീർച്ചെടിയുടെ കൊമ്പ് നടുമ്പോൾ കാർത്തിക അരികിൽ നിന്ന് ചോദിക്കുന്നു…

“വേരു പൊട്ടട്ടെ, കിളിർക്കട്ടെ, എന്നിട്ടല്ലെ പൂവിടണത്…“

“ഈ ചെടീന്റെ ആദ്യണ്ടാവണ പൂ എനിക്ക് നേർന്നാ വേം പൂവിട്ടോളും…“  പറഞ്ഞുകൊണ്ട് അവൾ ഒളികണ്ണിട്ട് നോക്കുന്നു..

നിന്റെ തിളങ്ങുന്ന കണ്ണുകളില് ആയിരം പൂക്കളുള്ളപ്പോൾ എന്തിനാ പെണ്ണെ ഇനിയൊരു പൂ  എന്ന് പറയാൻ നാവു കൊതിച്ചു.

അകത്ത് റേഡിയോ പ്രവർത്തിപ്പിക്കുന്നു… സുന്ദരമായ ചലചിത്രഗാനം കാറ്റിലൂടെ മുറ്റത്തേക്കൊഴുകി വീണു.

“നെറ്റിയില്പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ. നീ പാടാത്തതെന്തേ…..“

“കണ്ടിട്ട്ണ്ടാ അതിനെ..“ കാർത്തികയുടെ ചോദ്യം..

“എന്തിനെ..“

“ആ പക്ഷീനന്നെ… അല്ലാണ്ടെന്താ….“

“അറീല്യ…“

“അതെന്താ അറീ്ല്യാത്തെ…“

“അറീല്യ  അത്രന്നെ…“

“എഴാം സ്വർഗ്ഗത്തിന്റെ വാതിലിന്റെ തുന്നാരത്ത് കൂട് കൂട്ടണ പക്ഷ്യാത്രെ അത്, സ്വർഗ്ഗവാതില്പക്ഷി, അതിനെക്കണ്ടാ ഐശ്വര്യം വരൂത്രെ,“

തുറന്നിട്ട ജനല്പാളികൾക്കുള്ളിലൂടെ ചിറകിട്ടു പറന്നു കയറിയ വവ്വാൽകുഞ്ഞ് മനസിലെ മായക്കാഴ്ചകൾക്ക് വിരാമമിട്ടു. തിരിഞ്ഞും മറിഞ്ഞും എപ്പോളോ നിദ്രയുടെ കയത്തിലേക്ക് ഊളിയിട്ടു.

പുലർച്ചെ എഴുന്നേറ്റു, പല്ലുതേക്കാതെ മുഖം കഴുകാതെ സൂര്യനുദിച്ചുണരും മുൻപേ നടന്നു.. നിയന്ത്രണം നഷ്ടമായ മനസ് ആരുടെയോ ചൊല്പടി അനുസരിക്കുന്നു. നേരെ നടന്നു, പള്ളിക്കാടിന്റെ മുന്നിലൂടെ നടക്കുമ്പോൾ മീസാൻ കല്ലുകൾക്ക് മുകളിൽ ആരൊക്കെയോ നിന്ന് ചിരിക്കുന്നു. ആരാണെന്നറിയില്ല, തിരിച്ചും ചിരിച്ചു കൊട്ത്തു. 

“വരണില്ലേ…“  മീസാൻ കല്ലുകൾക്കിടയിൽ നിന്ന് ചോദ്യം…

“വരാം…“ മനസറിയാതെ ചുണ്ടുകൾ മറുപടി നൽകി..

ആരൊക്കെയോ വീണ്ടും ചിരിച്ചു. സൌഹൃദം ചോദിക്കുന്ന പുഞ്ചിരിയോ പരിഹാസ ചിരിയോ, ഒന്നും അറിഞ്ഞില്ല, മനസിലാക്കാൻ ശ്രമിച്ചതുമില്ല.

പള്ളിക്കാട് കടന്ന് കാലുകൾ വീണ്ടും ചലിച്ചു. കാവും അമ്പലവും പള്ളിയും ഒന്നും രണ്ടും മൂന്നും പിന്നിലാക്കി നടന്നു..

ദൂരം താണ്ടി പുഴക്കരയെത്തി, മുന്നിലെ വെള്ളത്തിലേക്ക് കാൽ വെച്ചു. ചുട്ടുപൊള്ളുന്നു കാലുകൾ..
പുഴയിലെ വെള്ളത്തിന് അടുപ്പത്ത് തിളക്കുന്ന വെള്ളത്തിന്റെ ചൂട്…  കാലു പൊള്ളിയോ…
വെള്ളത്തിൽ വെച്ച കാൽ പിൻ വലിച്ചു. വന്ന വഴിയിലേക്ക് തിരിഞ്ഞു. തിരിച്ചു നടന്നു, വീണ്ടും പള്ളിക്കാടുകൾ, കാവുകൾ അമ്പലങ്ങൾ,  ഒന്ന്, രണ്ട്, മൂന്ന്…. ആദ്യ യാത്രയിൽ കണ്ട അവസാനക്കാഴ്ചകൾ മടക്കയാത്രയിൽ ആദ്യക്കാഴ്ചകളായി..

തൊണ്ട വരണ്ടു, മഞ്ഞപ്പഴ്ക്കുല കെട്ടിത്തൂക്കിയ ചായക്കടക്ക് മുൻപിൽ കാലുകൾ നിന്നു..

“ഒരിറ്റ് വെള്ളം ത…ര്വോ…..“

വെള്ളം കിട്ടി, വെള്ളപ്പാത്രം ചുണ്ടിൽ തട്ടിയപ്പോൾ ചുണ്ട് പൊള്ളിയോ… എന്തൊരു ചൂട്…  ഊതി ഊതി ആറ്റാൻ തുടങ്ങി…

“പച്ചവെള്ളാ.. കുടിച്ചോ…. ചൂടാറ്റണെന്തിനാ…“ അനുകമ്പയോടെ കടക്കാരൻ പറഞ്ഞു

പച്ചവെള്ളമോ, വിരലു കൊണ്ട് തൊട്ട് നോക്കി, അല്ല, തിളച്ചവെള്ളം തന്നെ, ചുണ്ടിനും നാവിനും ഒരുപോലെ തെറ്റ്പറ്റില്ല…

“വിശക്കണുണ്ടോ… എന്തെങ്കിലും തിന്നണോ…“  കടക്കാരൻ.

“ഉം…പൈസയില്ല…“

ബെഞ്ചിലിരുന്നു, ഡസ്കിൽ പുട്ടും കടലയും കൊണ്ടു വച്ചു തന്നു..

പാത്രത്തിലെ പുട്ട് മെല്ലെ അകത്താക്കി, കടലക്കറി തൊടാൻ തോന്നിയില്ല, ആട്ടുങ്കാട്ടം പോലെ ..
കടക്കാരനെ നോക്കി ചിരിച്ചു. ഇറങ്ങി നടന്നു…

“പ്രാന്തൻ കോവ്യേ“…“പ്രാന്തൻ കോവ്യേ..“ തെരുവിലെ കുട്ടികൾ അട്ടഹസിച്ചു ചിരിച്ചു..
അവരെ നോക്കി ചിരിച്ചു.. മുന്നിലെ വഴിയിലൂടെ കാലുകൾ ചലിച്ചു.

മുറ്റത്തെ പഴയ പനിനീർച്ചെടിയുടെ പുതു തലമുറയിലെ ഒന്നിൽ വിടർന്ന് നിന്ന ചുവന്ന റോസാ പൂ മോഷണം പോയിരിക്കുന്നു..

മനസു നൊന്തു, എന്നിട്ടും കരഞ്ഞില്ല, തുറന്ന് കിടന്ന വാതിൽ കടന്ന് അകത്തെ മുറിയിലേക്ക് നടന്നു
മുളങ്കട്ടിലിന്റെ അടിയിലെ ഇരുമ്പുപെട്ടി വലിച്ചെടുത്തു… ഞെട്ടിപ്പോയി..

പെട്ടിക്കുമുകളിൽ ഒരു ചുവന്ന റോസാ പൂവിനൊപ്പം ചേർത്തു വെച്ച വർണ്ണക്കടലാസ് നിവർത്തി വായിച്ചു..

“കാർത്തീടെ കോവിയേട്ടന്…..“

Friday, March 9, 2012

മഴക്കൂട്

പിറവിയുടെ പുലരിയിൽ നിന്നും വെളിച്ചം വാങ്ങി യാത്രതുടർന്ന അവർ ബാല്യകൌമാരങ്ങൾ താണ്ടി യൌവനത്തിന്റെ മധ്യാഹ്ന വീഥികളിലൂടെ വാർദ്ദക്യത്തിന്റെ പ്രദോഷത്തിലെത്തി അസ്തമനത്തിനായി കാത്തിരിക്കാൻ തുടങ്ങി ദിവസങ്ങൾ ഏറെയാവുന്നു.
പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിൽ അരികിലേക്ക് ഓടിയെത്താനുള്ള ഒന്ന് മരണം മാത്രമാകുന്നു. ഇനിയും മനസിൽ അവശേഷിക്കുന്ന ഏക ആഗ്രഹം കാലം നീരൂറ്റി ചണ്ടിയാക്കി മാറ്റിക്കഴിഞ്ഞ ഈ ശരീരം എത്രയും വേഗത്തിൽ ചിതൽഭക്ഷണമായി മാറുക എന്നത് മാത്രമാണ്.
അല്ലെങ്കിൽ തന്നെ എന്തിനാണിനി ജീവിക്കുന്നത്, വയസ് അറുപതിലേക്ക് കടക്കുന്നതേയുള്ളുവെങ്കിലും കാലത്തിന്റെ ക്രൂരമായ ആക്രമണങ്ങളിൽ ആരോഗ്യം ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പ്രതീക്ഷകളാകുന്ന മഴക്കാടുകൾ വരണ്ടുണങ്ങി മരുഭൂമികളായി മാറാൻ തുടങ്ങുമ്പോൾ സ്നേഹത്തിന്റെ മാന്ത്രികജലം പകർന്ന് ജീവിതത്തെ വരൾച്ചയിൽ നിന്നും രക്ഷിച്ചു പിടിക്കാൻ ഇപ്പോൾ തനിക്ക് മക്കളില്ല.
വേദനിക്കുന്ന കണ്ണുകളുമായി മുന്നിൽ നടക്കുന്ന വൃദ്ധസദനത്തിലെ ഈ മനുഷ്യരെ കാണുമ്പോൾ തന്നെ നെഞ്ചിലൊരു വേദനയാണ്. തന്നെപ്പോലെ അവഗണിക്കപ്പെടുന്നവർ. കാലം നീരൂറ്റിക്കളഞ്ഞ വെറും ചണ്ടികൾ.
അല്ലെങ്കിൽ തന്നെ അവരോട് എന്തിനെക്കുറിച്ച് പറയാനാണ്. മഞ്ഞിലും മഴയിലും വെയിലിലും സ്നേഹത്തിന്റെ ചിറക് വിടർത്തി സ്വയം നനഞ്ഞും കരിഞ്ഞും നനക്കാതെ കരിക്കാതെ വളർത്തിയെടുത്ത, സമ്പത്തിന്റെ നെറുകയിൽ കയറി നിന്നപ്പോൾ അമ്മയെ പാഴ്വസ്തുവാക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ മക്കളെക്കുറിച്ചോ.. എങ്കിൽ അവർക്ക് തിരിച്ചും പറയാനുള്ള കഥകൾ മറ്റൊന്നായിരിക്കാൻ തരമില്ലല്ലോ.. എന്തിനാണവ ഇനിയുമിനിയും അയവിറക്കാൻ ശ്രമിക്കുന്നത്?
മറന്നു തുടങ്ങുന്ന അവഗണനയുടെ വേദനകൾക്ക് വളമിട്ടു വളർത്താനോ.. വേണ്ട, വാർദ്ദക്യത്തിന്റെ പടവുകൾ കയറുന്ന മനുഷ്യർക്ക് ഓർമ്മകൾ പലപ്പോളും ശാപം തന്നെയാണ്. ഓർമ്മകളും മോഹങ്ങളും  സ്വപ്നങ്ങളും പ്രതീക്ഷകളുമില്ലാതെ അടുത്തെത്തിയ മരണത്തിനു മുൻപിലേക്ക് നടന്നടുക്കുന്നത് വരെ ജീവിക്കണം.…
സ്റ്റെയർ കെയ്സ്നിന്റ് ഏറ്റവും താഴെപടിയിലിരുന്ന് ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളെ ഓർത്ത് വിഷമിക്കുന്ന നേരം വാർഡൻ സുധാകരൻ സേതുലക്ഷ്മിക്കരികിലെത്തി..
“അമ്മക്കൊരു വിസിറ്ററുണ്ടല്ലോ.. ഓഫീസ് മുറിയിൽ കാത്തിരിപ്പുണ്ട്…”
ഓഫീസിനെ ലക്ഷ്യമാക്കി നടന്നടുക്കുമ്പോൾ സേതുലക്ഷ്മിയുടെ മുഖത്ത് ആകാംക്ഷയുടെ, സന്ദേഹത്തിന്റെ മുത്തുകളുണ്ടായിരുന്നു. ആരായിരിക്കും തന്നെ കാണാനെത്തിയ സന്ദർശകൻ, മക്കളായിരിക്കാൻ സാധ്യതയില്ല, അമേരിക്കയിൽ നിന്നും ഇത്ര വേഗത്തിലൊരു തിരിച്ചുവരവ് അവർക്ക് സാധ്യമല്ല, പണത്തോടുള്ള ആർത്തി മാറ്റി നിർത്തി നാട് കാണാൻ ഇറങ്ങിത്തിരിച്ചാൽ തന്നെയും വന്ന വേഗത്തിൽ അമ്മയെ അന്വേഷിക്കാൻ മാത്രം സ്നേഹമൊന്നും അവരിലുണ്ടെന്ന് തോന്നുന്നില്ല. ഇനിയൊരുപക്ഷെ അമ്മയുടെ സ്നേഹത്തിന്റെ വില മനസിലാവുന്ന തലങ്ങളിലേക്ക് തന്റെ മക്കളുടെ മനസ് വളർച്ച പ്രാപിച്ചുവോ? രണ്ട് നിമിഷത്തിലറിയാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലും മനുഷ്യന്റെ മനസ് വല്ലാതെ അകാംക്ഷാഭരിതമാണെന്ന തിരിച്ചറിവ് അവരെ വല്ലാതെ അൽഭുതപ്പെടുത്തി.
ഓഫീസ് മുറിയുടെ അകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ സ്നേഹാർദ്രമായ ഒരു വിളി കേട്ടു..
“സേതൂ…”
ഈ ശബ്ദം തിരിച്ചറിയാൻ ഒരു നോട്ടത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, വാർദ്ധക്യത്തിന്റെ കടന്ന് കയറ്റങ്ങളിൽ മനസിന്റ, ചിന്തകളുടെ, ഓർമ്മകളുടെ വാതിലടഞ്ഞു പോയാൽ പോലും ഈ വിളി തിരിച്ചറിയാതിരിക്കില്ല. കുമാരേട്ടൻ തന്റെ ജീവനോട് അത്രമാത്രം അടുത്തതാണല്ലോ..
സേതുലക്ഷ്മിയുടെ കണ്ണൂകൾ കുമാരേട്ടനു നേരെ നീണ്ടു..രണ്ടു ജോഡി കണ്ണുകൾ പരസ്പരം പലതും പറയാതെ പറഞ്ഞു.
ഓഫീസിൽ നിന്നിറങ്ങി പുറത്തെ വരാന്തയിലൂടെ നടക്കുമ്പോൾ സേതുലക്ഷ്മിയുടെ ചുണ്ടുകൾ വിറയോടെ മെല്ലെ വിളിച്ചു..
“കുമാരേട്ടാ…“
ആ വിളി കുമാരേട്ടന്റെ ഹൃദയത്തിൽ ചെന്നു തറച്ചത് തന്റെ പ്രണയിനിയുടെ മധുരം കിനിയുന്ന വാക്കുകളായല്ല, മറിച്ച് നിസഹായായ ഒരു സ്ത്രീയുടെ വേദനയുടെ രോദനമായിട്ടായിരുന്നു.
“സേതു  എന്റെ കൂടെ പോരുന്നോ നീ…“ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു കുമാരേട്ടനിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നത്..
കുമാരേട്ടാ,.. ഞാൻ…. സേതുലക്ഷ്മിയുടെ വാക്കുകൾ പാതിവഴിയിൽ ഉടഞ്ഞു വീണു..
“വേണ്ട, പറയാൻ തുടങ്ങുന്ന കുറെ തെറ്റുകൾ കുറെ ന്യായങ്ങൾ അതെല്ലാം നമുക്കിനി മാറ്റി വെക്കാം.വരുന്നോ എന്റെ കൂടെ?“
കുമാരേട്ടൻ സേതുലക്ഷ്മിയെ നോക്കി..
“എങ്ങനെ? എങ്ങനെയാണതിനു കഴിയുക..” സേതുലക്ഷ്മിയുടെ വാക്കുകളിൽ ബന്ധനത്തിലകപ്പെട്ട ഒരു പക്ഷിക്കുഞ്ഞിന്റെ നിസഹായതയായിരുന്നു.
“കഴിയും..അക്കാര്യം എനിക്ക് വിട്ടേക്കൂ.. കുമാരേട്ടന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
ഓഫീസ് മുറിയിലെ വാഗ്വാദങ്ങൾക്കൊടുവിൽ മകനെ വിളിച്ച് സമ്മതം വാങ്ങിയാണ് അവർ സേതുലക്ഷ്മിയെ വിടാൻ തയ്യാറായത്. അകലെ ഇരിക്കുന്ന യജമാനന്മാരായ മക്കളുടെ ബന്ധനത്തിൽ നിന്നും വൃദ്ധ സദനത്തിന്റെ മനം മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും മോചിക്കപ്പെട്ട സേതുലക്ഷ്മി നിറഞ്ഞ സന്തൊഷത്തൊടെ കൃതജ്ഞതയോടെ കുമാരേട്ടനെ നോക്കി… ആ നോട്ടത്തിൽ ഇപ്പോൾ പ്രണയത്തിന്റെ വശ്യ സൌന്ദര്യമുണ്ടെന്ന് തോന്നുന്നു.
കുമാരേട്ടനു പിറകിലായി “മഴക്കൂട് “എന്നെഴുതിയ ആ വീടിന്റെ പടി കടക്കുമ്പോൾ പൂമുഖത്ത് നിന്ന കുമാരേട്ടന്റെ മക്കളെ കണ്ടതും സേതുലക്ഷ്മിയുടെ നെഞ്ചിൽ ഒരാന്തലുണ്ടായി.. കൈകാലുകൾ മെല്ലെ വിറപൂണ്ടിരുന്നു.
ഭയന്ന മുഖത്തോടെ ചവിട്ടു പടിക്കരികിൽ എന്തുചെയ്യണമെന്നറിയാതെ സേതുലക്ഷ്മി ഒരു നിമിഷം പതറി നിന്നു.
അമ്മയെന്താ അവിടെ തന്നെ നിന്നുകളഞ്ഞത്, ഇങ്ങോട്ട് കയറിക്കോളൂന്നേ.. പൂമുഖത്തു നിന്നും വളയിട്ട ഒരു കൈ സേതുലക്ഷ്മിക്ക് നേരെ നീണ്ടു.
മരു മകളാ… മൂത്തമകന്റെ………………  കുമാരേട്ടൻ പരിചയപ്പെടുത്തി.
ചവിട്ടു പടികൾ കയറുമ്പോൾ പൂമുഖത്തെ മുഖങ്ങളിൽ പ്രതീക്ഷിച്ച വെറുപ്പിനും ദേഷ്യത്തിനും പകരം സേതുലക്ഷ്മി കണ്ടത് കാരുണ്യവും നിറഞ്ഞ സന്തോഷവുമായിരുന്നു..
കുമാരേട്ടന്റെ മക്കൾ, അത് തന്റെ മക്കൾ തന്നെയാണല്ലോ.. അല്ലെങ്കിൽ തന്നെ താനെന്തിനാണ് ഇവർ തന്നെ ആട്ടിയകറ്റുമെന്ന് വെറുതെ ഒരു നിമിഷം ഭയന്നത് സേതുലക്ഷ്മി ചിന്തിച്ചു. ആ ചിന്തക്ക് സേതുലക്ഷിയുടെ മനസ് ഉത്തരം നൽകുക തന്നെ ചെയ്തു. പത്തു മാസം ചുമന്ന് നൊന്തുപെറ്റ സ്വന്തം മക്കൾ  ആട്ടിയകറ്റിയ തന്നെ മറ്റൊരാളുടെ മക്കൾ സ്വീകരിച്ചാനയിക്കുമെന്ന് എങ്ങനെ വിശ്വസിക്കാനാണ്.
കളി ചിരികളും തമാശകളുമായി ജീവിതം  തിരിച്ചുകിട്ടില്ലെന്നുറപ്പിച്ച വസന്തങ്ങളിലെത്തിയപ്പോളും സേതുലക്ഷ്മിയുടെ കണ്ണുകളിൽ ഇടക്കെങ്കിലും ഇപ്പോളും കണ്ണുനീർ പൊടിയാറുണ്ട്. അത് സ്വന്തം ജീവിതത്തിലെ വിഷമതകളെക്കുറിച്ചോർത്തായിരുന്നില്ല, മറിച്ച് തന്റെ മക്കളുടെ ജീവിതത്തിന് ഒരാപത്തും സംഭവിക്കരുതേയെന്ന പ്രാർഥനകളിലായിരുന്നു.

Saturday, March 3, 2012

സ്വപ്നം


എന്റെ ശൈശവം എനിക്ക് ഓർക്കാനാവുന്നേയില്ല,
കരഞ്ഞുകൊണ്ട് ഞാൻ പിറന്ന് വീണപ്പോൾ അമ്മയുടെ ചുണ്ടിൽ സുന്ദരമായ ഒരു പുഞ്ചിരി വിടർന്നിട്ടുണ്ടാവണം. ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ പുഞ്ചിരിച്ച ജീവിതത്തിലെ ഏക മുഹൂർത്തവും അതായിരിക്കണം.
ബാല്യത്തിന്റെ ഓർമ്മകൾ മനസിലെ സൂക്ഷ്മ സംവേദനക്ഷമതയുള്ള ഭാഗങ്ങളിൽ എഴുതപ്പെട്ടതുകൊണ്ടാവണം ബാല്യത്തിന്റെ ഓരോ കുഞ്ഞു കാൽവെപ്പുകളും എപ്പോളും വായിച്ചെടുക്കാനാവുന്നത്.
ഓർത്തെടുക്കുമ്പോൾ വീണ്ടുമെത്തിപ്പെടാൻ കൊതിക്കുന്ന കാലം, ബാല്യകാലം!
എന്നാൽ ബാല്യത്തിൽ കൊതിച്ചത് വളർച്ചയുടെ സുന്ദരമായ യൌവനത്തിലെത്താനായിരുന്നു.
കൌമാരത്തിലും വല്ലാതെ മോഹിച്ചു, യൌവനത്തിന്റെ സുന്ദരമായ പടവുകളിൽ കയറി നിന്ന് ലോകത്തെ മുഴുവൻ അടക്കി ഭരിക്കുവാൻ
യൌവനത്തിന്റെ തുടക്കം മുതൽ പരിശ്രമിച്ചു. ഉയരങ്ങളിലേക്കുള്ള പടവുകൾ കയറുവാൻ,
മുകളിലേക്കുള്ള ഓരോ പടവുകളിലെ കാൽവെപ്പുകളിലും വിധി വീഴ്ചകൾ മറച്ചു വെക്കപ്പെട്ടിരുന്നു.
പലപ്പോളും കാൽതെന്നി സമനില തെറ്റി നിലത്തു വീണുരുണ്ടു.
വീണിടം വിഷ്ണു ലോകമെന്നു ചൊല്ലി ഉയിർത്തെഴുന്നേൽക്കുമ്പോൾ മനസും ശരീരവും നോവുന്നുണ്ടായിരുന്നു.
തെന്നി വീഴുന്ന മിനുസമാർന്ന പടവുകളിൽ പാറകത്തിന്റെ ഉരമുള്ള ഇലകൾ ചേർത്ത് വെച്ച കാൽ വെപ്പുകൾ വീണ്ടുമുള്ള വീഴ്ചകളിൽ നിന്നും തെല്ലകറ്റി നിർത്തി..
എങ്കിലും ഉയരങ്ങളിലെ പുതു പടവുകളിൽ വീണ്ടും മറക്കപ്പെട്ട വീഴ്ചകളുണ്ടായിരുന്നു..
വഴങ്ങുകയും വിഴുങ്ങുകയും ചെയ്ത് പുതിയ യാത്രകൾ മുന്നോട്ട് പോകുന്നു..
യൌവനത്തിന്റെ പാതി ഭാഗങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞ വർത്തമാന കാലം,  വരാനിരിക്കുന്ന വാർദ്ധക്യത്തിന്റെ വിഷമതകൾ ഓർമ്മിപ്പിക്കാനൊരുങ്ങുന്നു.
കാലങ്ങളോളം എത്തിപ്പെടാൻ കൊതിച്ച യൌവനത്തിൽ നിന്നും ഇന്ന് തിരിച്ചു കയറാൻ ഞാൻ കൊതിയോടെ മോഹിച്ചു പോകുന്നു..
ഇനി നേടിയെടുത്തവയെല്ലാം ഒന്നൊന്നായി ഉപേക്ഷിക്കണം,
അറിവാകട്ടെ ആദ്യം..
ഒരിക്കലും ചിന്തിക്കാൻ കഴിയരുത്. ഒന്നിനെയും ചിന്തിക്കാനാവരുത്
ശേഷം ഓർമ്മകളാവട്ടെ,
ഓർക്കുകയെന്നാൽ ഇരുളിൽ ഒറ്റപ്പെടുകയാകുന്നു.
പിന്നെ തൂത്തെറിയണം അക്ഷരാഭ്യാസം തലച്ചോറിന്റെ ഉള്ളറകളിൽ നിന്നും,
മനം മടുപ്പിക്കുന്ന ഒരു വാർത്തയും വായിക്കാനാവരുതെനിക്ക്..
ഭാവിയുടെ ദീർഘ വീക്ഷണങ്ങളെ കടപുഴക്കിയെറിയണം,
സാമ്പത്തിക മാന്ദ്യവും, തെരുവിലെ മൺ തരികളിൽ ഇറ്റു വീണേക്കാവുന്ന രക്ത തുള്ളികളും മനസിന്റെ സ്വസ്ഥത നശിപ്പിക്കരുത്. മുന്നിലെ മുള്ളുകളോർക്കാതെ മുന്നോട്ട് നടക്കാനാവണം
സ്വപ്നങ്ങളെ കളയാനാവില്ല, എങ്കിലും..
സ്വപ്നത്തിന്റെ വൻമരങ്ങളെ വെട്ടി മാറ്റി കുറ്റിമുല്ലകൾ പോലെ പൂക്കൾ നിറയുന്ന കുഞ്ഞു സ്വപ്നങ്ങളെ നട്ടു നനക്കണം.
അതിനു വേണ്ടി ഞാൻ ഇന്നൊരു വലിയ സ്വപ്നം കാണുന്നു,
എനിക്കെന്റെ ശൈശവത്തിൽ എത്താനായെങ്കിൽ, കുറഞ്ഞ പക്ഷമെന്റെ ബാല്യത്തിലെങ്കിലും..
അതിനാവുകയില്ലെങ്കിൽ ഞാൻ ഇന്നൊരു മുഴു ഭ്രാന്തനായെങ്കിൽ..