Tuesday, November 5, 2013

കുറുക്കൻ..

പകലന്തിയോളം വിശ്രമിച്ച് ഇരുൾ പരന്ന നേരത്ത് കഴിഞ്ഞ നാളിലെ മുഴുത്ത കോഴിയുടെ രുചിയോർത്ത് കുറുക്കൻ പുറത്തിറങ്ങി.

പതുങ്ങി പതുങ്ങി കോഴിക്കൂടുകളെ ലക്ഷ്യമാക്കി നടന്നു..

വഴിയരികിൽ അലസമായി കിടന്ന കോഴിത്തൂവലുകൾ വൃദ്ധന്റെ മനസിൽ വേദനയും തേങ്ങലും സൃഷ്ടിച്ചു.

കോഴികൾ ആക്രമിക്കപ്പെടുന്നതിൽ നിന്നും എങ്ങനെ അവയെ രക്ഷിച്ചെടുക്കാമെന്ന് വൃദ്ധൻ കൂലങ്കശമായി ചിന്തിച്ചപ്പോളാണ് സർവ്വൈവിങ് ഡിസാസ്റ്റർ ക്ലാസുകളും കോഴിക്കൂടുകൾ തോറും ബോധവൽക്കരണ ക്ലാസുകളുമായി വൃദ്ധൻ ഇറങ്ങിത്തിരിച്ചത്.

മാനസിക വ്യഥമാത്രമായിരുന്നു കാര്യം, അല്ലാതെ മുതലെടുപ്പുകളെക്കുറിച്ച് വൃദ്ധൻ ചിന്തിച്ചിട്ടു പോലുമില്ല.

കുറുക്കൻ ആധുനികവും നവീനവുമായ ആക്രമണങ്ങൾ പുറത്തെടുത്തു തുടങ്ങി.

കോഴിക്കൂടുകൾ തോറും കണ്ണുറുക്കിയും ഗോഷ്ടി കാട്ടിയും സ്നേഹ വചനങ്ങൾ ചൊല്ലിയും, സഹായിച്ചും പരിചരിച്ചും അങ്ങനെ കോഴികളെ കുറുക്കൻ പ്രണയത്തടവറയിലാക്കി.

പ്രണയം ആധുനിക വേടന്റെ ശക്തമായ ആയുധം, ഇരയെ പാട്ടിലാക്കാൻ ലോകത്ത് ഏറ്റവും എളുപ്പമായ മാർഗ്ഗം മറ്റൊന്നില്ലെന്ന് കോഴികൾക്കറിയില്ലല്ലോ.

അതിജീവനങ്ങൾ ഒട്ടുമില്ലാതെ കോഴികൾ കീഴടക്കപ്പെട്ടു തുടങ്ങി. വേട്ട ഇരുളിന്റെ മറവിൽ നിന്നും പകൽ വെളിച്ചങ്ങളിലേക്കുള്ള വളർച്ച പ്രാപിച്ചു തുടങ്ങിയിരിക്കുന്നു.

വൃദ്ധന് ജോലി ഏറെ കടുപ്പമുള്ളതായി തുടങ്ങി, പകൽ വെളിച്ചത്തിലും ഇരുളിന്റെ മറവിലും കോഴികൾ ഒറ്റയായി പുറത്തിറങ്ങരുതെന്ന വൃദ്ധന്റെ സ്നേഹ നിർഭരമായ ഉപദേശത്തിനെതിരെ ആധുനിക കോഴികൾ രംഗത്തെത്തി..

“നിന്റെ വീട്ടിലുമില്ലേടോ കോഴിയും കോഴിക്കൂടും.. അവറ്റകളെ പകലന്തിയോളവും അന്തിക്കും കൂട്ടിലടച്ചോണം, ഇത്തരം തത്വശാസ്ത്രങ്ങളുമായി ഇങ്ങോട്ടെഴുന്നള്ളരുത്..“

വൃദ്ധന് ഉരിയാടാനൊന്നുമുണ്ടായിരുന്നില്ല, തന്റെ വീട്ടിലെ കോഴികളെയോർത്തപ്പോൾ അയാൾ മൌനിയായി.. എങ്കിലും റോഡിലെ കോഴിത്തൂവലുകൾ, ചെകുത്താനും കടലിനുമിടയിൽ അകപ്പെട്ടതുപോലെ വിങ്ങലോടെ തനിച്ചിരുന്നു.

വിഡ്ഡിപ്പെട്ടികളിൽ കോഴിയമ്മമാർ കോഴിക്കറിയുടെ മഹത്തായ രുചിയെക്കുറിച്ച് വാചാലരായി..

തെരുവു നാടകങ്ങളിൽ കോഴിയിറച്ചി കറിയെ വർണ്ണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സ്വയം മാർക്കറ്റ് ചെയ്യുന്നത് എന്തിനെന്ന് കോഴിയമ്മമാർക്ക് പോലും വ്യക്തമല്ലായിരുന്നു.

വിഡ്ഡിപ്പെട്ടികളിൽ പ്രസംഗിച്ചു നടന്ന കോഴിയമ്മയെ കറിയാക്കുമെന്ന് പഴക്കം ചെന്ന കുറുക്കന്മാരുടെ ഭീഷണികൾ..

വഴിയരികിൽ പ്രതിഷേധം.

നടിക്ക് ഭീഷണി, വഴിയരികിലെ പ്രതിഷേധ സമരങ്ങളിൽ കുറുക്കനും കൂടി.. 

രോഷം കൊണ്ടു പ്രസംഗിച്ചു. ആവേശത്തിൽ വാക്കുകളെ വായുവിലേക്ക് ചുഴറ്റിയെറിഞ്ഞു. 

മനസിൽ ഒച്ചയില്ലാതെ ഓലിയിട്ടു, ചിരിച്ചു.

ഭീഷണിക്കെതിരെ പ്രസംഗിച്ചവരെ ചെറുചിരിയോടെ പുച്ഛിച്ചുകൊണ്ട് മഹാമനുഷ്യന് കോഴിയമ്മയുടെ മാപ്പ്.. 

തെറ്റുപറ്റാത്ത കുറുക്കന്മാരില്ല. കെളവൻ കുറുക്കനെ നേർവഴിയാക്കാൻ  സഹായിച്ച എനിക്ക് എന്റെ സ്തുതി

തെരുവുകളിൽ അപ്പോളും കോഴിത്തൂവലുകൾ പരന്നു കിടന്നു. ബ്രോയിലർ കോഴികളുടെ വില നാടൻ കോഴികൾക്കില്ല.

നാടൻ കോഴികളെ കുറിച്ച് കരയാൻ വൃദ്ധൻ മാത്രം ബാക്കിയായി

ശബ്ദമില്ലാതെ, കണ്ണു നനക്കാതെ അയാൾ കരഞ്ഞു കൊണ്ടേയിരുന്നു..

കുറുക്കന്റെ വേട്ട തുടർന്നുകൊണ്ടേയിരിക്കുന്നു..




Sunday, September 29, 2013

ഈ കഥയും ഇവിടെ മരിക്കുകയാണ്...!

എന്റെ കഥ മരണത്തോട് അടുക്കുകയാണ്, അല്ല, മരിക്കുകയാണ്, മരിച്ചു കൊണ്ടിരിക്കുകയാണ്..”

നീണ്ട താടി രോമങ്ങളിൽ തലോടി ദുഖഭാരത്തോടെ അയാൾ എന്നെ നോക്കി പറഞ്ഞു.

എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല, അല്ല എനിക്കൊന്നും മനസിലായതേയില്ല എന്നു പറയുന്നത് തന്നെയായിരിക്കും ശരി. തുമ്പപ്പൂ വറ്റുകൾ കുഞ്ഞുരുളകൾ ഉരുട്ടി ഊട്ടുമ്പോൾ അമ്മ പറഞ്ഞു കേൾപ്പിച്ച അറബിക്കഥകൾക്കെല്ലാം ആയിരം വർഷത്തെ പഴക്കമുണ്ടായിരുന്നു. വീണ്ടുമിതാ ഇരുപത്തി മൂന്ന് വർഷത്തിനുശേഷവും, ഇനിയൊരുപക്ഷേ മനുഷ്യനുള്ള കാലത്തോളം മരിക്കാത്ത ചിരംജീവികളായ കഥകളെക്കുറിച്ചാണ് ഞാൻ ഓർത്തത്.

എന്റെ മുഖത്തെ അവിശ്വസനീയതയുടെ, സന്ദേഹത്തിന്റെ മിന്നലാട്ടം കണ്ടിട്ടാവണം അയാൾ തുടർന്നു.

ചില വാക്കുകളും വരികളും മരണപ്പെട്ടു കഴിഞ്ഞു. മൃതിയടഞ്ഞ വാചകങ്ങളിൽ ചിതൽപ്പുറ്റുകൾ ഉയർന്നു നിൽക്കുന്നു. ബാക്കി വന്ന താളുകളിലാവട്ടെ വാക്കുകൾക്ക് വല്ലാത്ത മങ്ങലാണുള്ളത്

അയാളുടെ മുഖത്ത് അപ്പോൾ ശക്തനായ സിംഹത്തിന് മുൻപിൽ നീണ്ട ചെറുത്തു നില്പുകൾക്ക് പോലും അവസരം നിഷേധിക്കപ്പെട്ട് കീഴടക്കപ്പെടുന്ന ഒരു മാൻ കുഞ്ഞിന്റെ ദീനത പോലെ കാണപ്പെട്ടു.

അൾഷിമേർസ് പോലെ എന്തോ വലിയ ഒരു അസുഖം അയാൾക്ക് ബാധിച്ചു കഴിഞ്ഞുവെന്നാണ് ഞാൻ മനസിലാക്കിയത്. അനുകമ്പയോടെ ഞാൻ അയാളെ നോക്കി

“ഒരു കഥയും മരിക്കുന്നില്ല, അങ്ങയുടെ കഥയും മരിക്കുന്നില്ല, മരണം അത്രത്തോളം ശക്തനായിത്തീർന്നിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അതിവേഗം കീഴടങ്ങുന്ന ഇരകളെ മാത്രമേ അവക്ക് കീഴടക്കാനാവൂ. കഥകളാവട്ടെ ശക്തരും അന്ത്യമില്ലാത്ത ചിരംജീവികളും തന്നെയാണ്.”
അയാൾ പരിഹാസത്തോടെ നോക്കി ചിരിച്ചു.

മരിക്കാത്ത കഥകളോ?? ഗർഭാവസ്ഥയിൽ മൃതിയടയുന്നവയാണ് കഥകൾ, ഗർഭാശയത്തിന്റെ വാതിൽപ്പടിക്ക് പുറത്ത് കടക്കുന്നവർ തുലോം തുച്ഛം. ജനിക്കുന്നതിനും ഏറെ മുൻപേ ഗർഭച്ഛിദ്രത്തിന് കീഴ്പ്പെട്ട് മരിക്കാൻ വിധിക്കപ്പെട്ടവയാണ് ഭൂരിപക്ഷം കഥകളുമെന്ന് എന്തേ താങ്കൾക്കിനിയും മനസിലായിട്ടേയില്ല.“

ശരിയാണോ? അറിയില്ല കഥാകൃത്തുക്കൾക്ക് മാത്രമേ അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാവുകയുള്ളൂ എന്ന് തോന്നുന്നു വിഷയത്തിൽ  കൂടുതൽ വാദപ്രതിവാദങ്ങൾക്ക് ഞാൻ തികച്ചും അശക്തനാണ്.

അല്പ നേരത്തെ നിശബ്ദത കൊണ്ട് അയാളെന്തൊക്കെയോ ഓർക്കുകയും ചിന്തിക്കുകയുമാണെന്ന് എനിക്ക് തോന്നി. ഞാനും എന്തൊക്കെയോ ചിന്തിക്കുന്നത് പോലെ അയാൾക്ക് മുന്നിൽ  ചിന്താമഗ്നത അഭിനയിച്ചു നിന്നു.

സന്ധ്യയുടെ ശോണിമ മങ്ങി ഇരുൾ വീണുകൊണ്ടിരിക്കുകയായിരുന്നു. ഇളം കറുപ്പ് കലർന്ന ശ്യൂന്യത്യിലേക്ക് കൈകൾ ചൂണ്ടി അയാളെന്നോട് ചോദിച്ചു.

നോക്കൂ.. പുറത്ത് അന്തരീക്ഷത്തിന്റെ നിറമെന്താണെന്ന് വ്യക്തമായി പറയാനാവുമോ താങ്കൾക്ക്?“

തീർച്ചയായും!പുറത്ത് ഇരുൾപടർന്നു തുടങ്ങിയിരിക്കുന്നു. കറുപ്പ് എന്നാൽ തീരെ കട്ടി കുറഞ്ഞ കറുപ്പ്..“

അല്ല, എനിക്ക് തോന്നുന്നില്ല, ചാര നിറമാണെന്നാണ് എന്റെ പക്ഷം! ശ്യൂന്യതയുടെ ചാരനിറം.. !“

എന്റെ കഥ പോലെ തെളിഞ്ഞു തെളിഞ്ഞു കത്തുകയും, മങ്ങുകയും അവസാനം ശ്യൂന്യമായിത്തീരുകയും ചെയ്തത് പോലെ തന്നെയാണിപ്പോൾ അന്തരീക്ഷം. പകലിന്റെ വെട്ടം സന്ധ്യ മായ്ക്കുകയും അവസാനം ശ്യൂന്യത പടർത്തുകയും ചെയ്യപ്പെട്ടിരിക്കുന്നു. ഇനി ഇരുട്ടാണ്, കട്ടിയുള്ള കറുപ്പ്.. ശ്യൂന്യതക്കപ്പുറത്തെ കഠിനമായ ശ്യൂന്യതയെ പ്രധിനിധീകരിക്കുന്ന കറുപ്പ്.. മുന്നോട്ടെഴുതുവാൻ അക്ഷരങ്ങൾ കൂട്ടിനില്ലാതെ പകലും ഞാനും എന്റെ കഥയും ഇവിടെ അകാല ചരമം പ്രാപിക്കുകയാണ്.“

നാളെ മറ്റൊരു പകൽ പിറന്നേക്കാം, പകലിൽ നിന്നും തികച്ചും അന്യമായ മറ്റൊന്ന്, നാളെ മറ്റൊരു കഥയും പിറന്നേക്കാം, കഥയിൽ നിന്നും തൂലികയിൽ നിന്നും അന്യമായ മറ്റൊന്ന്.“

പുറത്തെ ഇരുളിന് ശക്തി കൂടി വന്നു. അയാളുടെ വാക്കുകളും ശക്തിപ്രാപിക്കുകയായിരുന്നു.

അങ്ങെന്തിനാണ് വിഷമിക്കുന്നത്, ഇതല്ലെങ്കിൽ മറ്റൊരു കഥക്ക് ജന്മം നൽകുവാൻ അങ്ങേക്ക് സാധിക്കില്ലേ? എന്നിട്ടും അകാല മൃത്യുവരിക്കുന്ന ജന്മം കൊള്ളാത്ത കഥകളെക്കുറിച്ച് എന്തിനാണിത്രയും വേവലാതി?“

ഇല്ല, ഇനിയൊരിക്കലും എനിക്കൊരു കഥയെഴുതാനാവുമെന്ന് തോന്നുന്നില്ല സുഹൃത്തെ, എന്റെ അവസാനത്തെ ശ്രമമായിരുന്നു കഥ. വിധി പാതിവഴിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഇക്കഥ.“

നോക്കൂ.. ചവറ്റുകുട്ടയിലേക്ക് വലിച്ചറിയപ്പെട്ട കടലാസു കഷ്ണങ്ങൾ, അവറ്റകളെ  ഞാൻ നിർദ്ദാക്ഷിണ്യം കൊന്നു കളഞ്ഞു.“

മേശപ്പുറത്ത് അലസമായി ഫാനിന്റെ കാറ്റിനൊപ്പം തുള്ളിയാടുന്ന കറുത്ത മഷി പടർന്ന കടലാസു കഷ്ണങ്ങൾ.. അവ അറിയുന്നില്ല, മരണത്തിലേക്ക്,  അകാല ചരമത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന നഗ്ന സത്യം.“

അങ്ങേക്കെന്താണ് ?  എന്തിനാണ്  അവയെ താങ്കൾ കൊന്നുകളയുവാൻ ഒരുമ്പെടുന്നത്? “

അപൂർണ്ണമായ കഥകൾ, അവക്കൊരിക്കലും ജീവിക്കാൻ അവകാശമില്ല സുഹൃത്തെ,“
പൂർണ്ണമാക്കാൻ കഴിയില്ലെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്?“

പൂർണ്ണതക്ക് കൊതിക്കാതെയല്ല, പക്ഷെ വർ അതോ വിധിയോ?? അവരൊരിക്കലും അതിന് സമ്മതിക്കുന്നതേയില്ല..“

രാവും പകലും ഞാൻ ജീവിതങ്ങൾക്ക് പിന്നാലെ അലഞ്ഞതാണ്. എന്നാൽ എന്റെ കഥയുടെ ക്ലൈമാക്സിനു വേണ്ടി ജീവിക്കുവാൻ എനിക്കെങ്ങനെയാണ് അവരോട് ആവശ്യപ്പെടാൻ കഴിയുക? എന്നെങ്കിലും അവർ പോലുമറിയാതെ അവരെന്റെ കഥയുടെ ഞാൻ കത്തിരിക്കുന്ന ക്ലൈമാക്സിലേക്കെത്തിച്ചേരുമെന്ന് കരുതിയതാണ് പക്ഷേ…“

പക്ഷേ..??  എന്തുണ്ടായി..? കാത്തിരിപ്പുകൾ ധൃതിപ്പെട്ട് അവസാനിപ്പിക്കുവാൻ കാരണം..?“

ഏതു നിമിഷവും മരണം കാത്ത് കഴിയുകയാണയവര്.. എനിക്ക് വേണ്ടത് മരണത്തിനും അജയ്യരായവരുടെ കഥയാണ്. മരണത്തിൽ അവസാനിക്കുന്ന ഒരു ദുഖപര്യവസായായി എന്റെ കഥ അവസാനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ദിവസങ്ങൾ ഞാൻ ഉരുകി ഉരുകി രാവുകളെ നിദ്രയിൽ നിന്നും അകറ്റി നിർത്തി എന്റെ സ്വപ്നവും വേദനയും കണ്ണീരും കലർത്തി ഞാൻ എഴുതിയുണ്ടാക്കിയ വരികൾ വായനക്കാരെ വേദനിപ്പിക്കാനല്ല സുഹൃത്തെ, ഓരോ വരികളിലും എന്റെ വായനക്കാർ സന്തോഷിക്കണം, അവരുടെ ഹൃദയം വർദ്ധിച്ച ആഹ്ലാദത്താൽ തുടിച്ചു കൊണ്ടിരിക്കണം. അതായിരുന്നു എന്റെ ലക്ഷ്യം..“

കഥാപാത്രമെന്നത് എനിക്ക് സ്വന്തം കുഞ്ഞുപോലെയാണ്, അവരെ മരണത്തിന്റെ ശ്യൂന്യതയിലേക്ക് തള്ളിയിടാൻ അവരുടെ സൃഷ്ടി കർത്താവിന് കഴിയുന്നതെങ്ങനെയാണ്?“

താങ്കളുടെ മനസ് വല്ലാതെ കലുഷിതമാണെന്ന് തോന്നുന്നല്ലോ. ഒരല്പം വിശ്രമിക്കൂ.. അത് താങ്കളുടെ മാനസിക വ്യഥക്ക് അയവുണ്ടാക്കുവാൻ കാരണമായേക്കാം.“

അയാളിൽ നിന്നും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു അത് പറയുമ്പോൾ എന്റെ ലക്ഷ്യം, അല്ലെങ്കിൽ തന്നെ കഥ, കഥാപാത്രങ്ങൾ, കഥാതന്തു എന്നിവയിലുള്ള ചർച്ചകളൊന്നും എനിക്ക് അത്രകണ്ട് താല്പര്യമില്ലാത്ത വിഷയമാണ്ലോകം മുഴുവൻ കയ്യിലൊതുക്കി ഭരിക്കുകയാണെന്നാണ് ചില എഴുത്തുകാരുടെ ചിന്ത.

ഞാൻ എഴുന്നേറ്റ്  അയാളോട് യാത്രപറയുമ്പോൾ അയാളുടെ കണ്ണുകളിൽ അല്പനേരം കൂടി എന്നെ ശ്രവിക്കൂ എന്നൊരു ധ്വനിയുണ്ടായിരുന്നു. പറഞ്ഞു തീരാത്ത വിശേഷങ്ങൾ പറഞ്ഞവസാനിപ്പിക്കുവാൻ അയാളേറെ കൊതിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായെങ്കിലും ഞാൻ ഇറങ്ങി നടന്നു.

മൂന്ന് രാവുകളും രണ്ട് പകലുകളും കഴിഞ്ഞിരിക്കുന്നു. ഇന്ന് ഞാൻ അയാളുടെ വീട്ടിലേക്ക് നടന്നടുത്തത് ഒരല്പം വേദനയോടെ തന്നെയാണ്. പറഞ്ഞു മുഴുമിപ്പിക്കാൻ  എന്തൊക്കെയോ ബാക്കി വെച്ച് അയാളുടെ കഥ കഴിഞ്ഞിരിക്കുന്നു. ഭ്രാന്തമായി അയാളുടെ മനസിനെ മദിച്ച എന്തൊക്കെയോ എന്റെ മനസിലേക്ക് പകർന്ന് വെക്കാൻ അയാളന്ന് ശ്രമിച്ചിരുന്നു എന്നത് എനിക്ക് വ്യക്തമായി അറിയാവുന്ന സത്യമാണ്.

സന്ധ്യയുടെ ശോഭ മങ്ങി ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. ഞാൻ പടി കടന്ന് അയാളുടെ വീട്ടിലേക്ക് കയറുമ്പോൾ അയാളുടെ ശബ്ദം എന്റെ കാതിൽ വന്നു പതിച്ചത് പോലെ തോന്നി,

“ഇത് കറുപ്പല്ല, ചാരനിറമാണ്.. ശ്യൂന്യതയുടെ ചാരനിറം. എന്റെ കഥ പോലെ തെളിഞ്ഞു തെളിഞ്ഞു കത്തുകയും, മങ്ങുകയും അവസാനം ശ്യൂന്യമായിത്തീരുകയും ചെയ്തത് പോലെ തന്നെയാണിപ്പോൾ അന്തരീക്ഷം. പകലിന്റെ വെട്ടം സന്ധ്യ മായ്ക്കുകയും അവസാനം ശ്യൂന്യത പടർത്തുകയും ചെയ്യപ്പെട്ടിരിക്കുന്നു. ഇനി ഇരുട്ടാണ്, കട്ടിയുള്ള കറുപ്പ്.. ശ്യൂന്യതക്കപ്പുറത്തെ കഠിനമായ ശ്യൂന്യതയെ പ്രധിനിധീകരിക്കുന്ന കറുപ്പ്.. മുന്നോട്ടെഴുതുവാൻ അക്ഷരങ്ങൾ കൂട്ടിനില്ലാതെ പകലും ഞാനും എന്റെ കഥയും ഇവിടെ അകാല ചരമം പ്രാപിക്കുകയാണ്.“

വെള്ളപുതച്ച ശരീരത്തെ ഞാൻ ഏറെ നേരം നോക്കി നിന്നു. വെളുത്ത തുണി മാറ്റി അയാളുടെ മുഖം ഒന്നു കാണുവാൻ എന്തോ എനിക്കപ്പോൾ കഴിയുമായിരുന്നില്ല.


എന്റെ കണ്ണുകൾക്ക് മുൻപിൽ എഴുതി പൂർത്തിയാക്കാത്ത അയാളുടെ വെളുത്ത കടലാസു കഷ്ണങ്ങളിലെ  കഥക്കൊപ്പം പൂർത്തിയാക്കപ്പെടാത്ത മറ്റൊരു കഥ കൂടി അകാലചരമം പ്രാപിച്ചിരിക്കുന്നത് ഞാൻ നിസഹായനായി  വെറുതെ നോക്കി നിന്നു.