Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, May 27, 2015

വിഷവിത്തുകൾ ജന്മം കൊള്ളുമ്പോൾ

ഓരോ പള്ളിക്കാടുകളിലും ഞാൻ തേടാറുണ്ട്,
ഒരു ഖബർ..!,

കൊത്തിയെടുത്ത കരിങ്കല്ലിൽ വെളുത്ത കുമ്മായം പൂശിയ,
കറുത്ത അക്ഷരങ്ങളിൽ എന്റെ പേരു വായിക്കാവുന്ന
ഏറെ പഴക്കം ചെന്ന ഒരു ഖബർ..!

ഓരോ പൊതു ശ്മശാനത്തിലും ഞാൻ തേടുന്നുണ്ട്..
എരിക്കിൻ പൂവുകൾ പൂത്ത മരത്തിനു താഴെയായി,
ആരും കാണാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കുഴിമാടം..!


സെമിത്തേരിക്ക് മുൻപിലൂടെ നടക്കുമ്പോൾ,
വിരലുകൾ കുത്തി ഉപ്പൂറ്റിയുയർത്തി പൊന്തി
കൽമതിലുകൾ കടന്നെന്റെ നോട്ടം പായും..
 വെളുത്ത മാർബിൾ കല്ലുകളിൽ
എന്നെ എഴുതി വെച്ച സുന്ദരമായൊരു കല്ലറ തേടി..

ശവമഞ്ചമേന്തിയ ഒരു വിലാപയാത്ര,
ദുഖഭാരമേറിയ മുഖങ്ങളുടെ അകമ്പടിയിൽ കടന്നെത്തുകയാണല്ലേ..?

അല്ല, അത് ഞാനല്ല,
വെള്ളയിൽ കുളിച്ച ആ ശരീരത്തിന്
എന്റെ രൂപവുമായി യാതൊരു സാമ്യവുമില്ലല്ലോ..

എങ്കിൽ തീർച്ചയായും ഞാനിതുവരെ മരിച്ചിട്ടുണ്ടാവുകയില്ല,
ഒരു പക്ഷെ ജനിച്ചിട്ടുമുണ്ടാവാനിടയില്ല.

ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യനോ
നാഥനോ അനാഥനോ സനാഥനോ എന്ന കാര്യത്തിൽ
വ്യക്തമായ ഒരറിവുണ്ടായിക്കാണുകയുമില്ല.
അല്ലെങ്കിൽ തന്നെ പിറവി കൊള്ളുക പോലും ചെയ്യാതെ
ഇതൊക്കെ എങ്ങനെ അറിയാനാണ്?

Sunday, August 5, 2012

ഈറൻസ്വപ്നങ്ങളെ മോഷ്ടിച്ചവര്...


ഇന്നലെ രാത്രി..
രാത്രിമഴയുടെ തണുപ്പിലും
എൻ മേനി അഗ്നിതാപത്താൽ
ഉരുകിയൊലിക്കുമ്പോൾ
മനസിൽ വേദനകളുടെ
വേലിയേറ്റം നടക്കുമ്പോൾ
ഉരുകിയൊലിച്ചാലെന്ന് നിനച്ചു ഞാൻ
എന്റെ സുന്ദര സ്വപ്നങ്ങൾ  
തകരപ്പെട്ടിയിലൊളിപ്പിച്ചു വെച്ചു.
ഇന്നു ഞാൻ
വഴിയോരങ്ങളിലൂടെ
വിയർത്തീറനായ വസ്ത്രത്താൽ
നടന്ന് നീങ്ങുമ്പോൾ
അരികിലാരോ വിളിച്ചു കൂവുന്നു
സുന്ദര സ്വപ്നങ്ങൾ വിൽക്കാനുണ്ടേ..
വഴിയോര വാണിഭക്കാരനടുത്ത്
കൌതുകത്തോടെ ഞാൻ
ഓടിയണഞ്ഞപ്പോൾ..
ഒരാന്തലോടെ ഞാൻ കണ്ടു
കുട്ടകൾ നിറച്ചവർ
വില്പനക്കായ് വെച്ചവ
എന്റെ സ്വപ്നങ്ങൾ തന്നെ.
ഇളം നീല നിറം കലർന്ന
എന്റെ  പ്രിയ സ്വപ്നങ്ങള്

Friday, August 3, 2012

അവിവേകികൾ...


ഒരിക്കൽ ഞാൻ ചോദിച്ചു..
ജീവിതം അതെന്താണ്..
അന്നെന്റെ മനസിന്
പക്വതയും പാകതയുമില്ലെന്ന്
നിങ്ങളെന്നെ വിമർശിച്ചു..
പിന്നെ ഞാൻ ചോദിച്ചു.
പക്വത, അതെന്തെന്ന്..
നിങ്ങളുടെ ചിരിയിൽ
എന്റെ അറിവില്ലായ്മയോടുള്ള
പരിഹാസമായിരുന്നു.
ഇന്ന് ഞാൻ എന്റെയീ
പക്വമല്ലാത്ത മനസുകൊണ്ട്
പാകതയില്ലാത്ത ഹൃദയം കൊണ്ട്
ജ്ഞാനമില്ലാത്ത തലച്ചോറുകൊണ്ട്
പെരും നുണകളുടെ കെട്ടഴിക്കുന്നു..
പക്വതയെക്കുറിച്ച് അറിവിനെക്കുറിച്ച്
ജീവിതത്തെക്കുറിച്ച് മരണത്തെക്കുറിച്ച്
പാതയോരപന്തലുകളിൽ ഘോരഘോരം
അസംബന്ധങ്ങൾ വിളിച്ചു കൂവുമ്പോൾ
കേട്ടിരിന്നു കയ്യടിക്കുന്നതും നിങ്ങൾ തന്നെ
ഇപ്പോൾ
എന്റെ സംശയം മറ്റൊന്നാണ്
സത്യത്തിൽ നമ്മളിൽ ആരാണ്
യഥാർഥ അവിവേകികൾ.

Thursday, August 2, 2012

എന്റെ കവിതക്ക് പുതുമയില്ല..

ഹൃദയം കൊണ്ട്
ഞാനൊരു കവിത തീർത്തു
ഞരമ്പുകളെ വളച്ച്

വള്ളികളും പുള്ളികളുമാക്കി
കരളിന്റെ വ്യഥകളാൽ
പ്രാസമൊപ്പിച്ച്
വിധിയുടെ വികൃതിളാൽ
അലങ്കാരം തീർത്ത്
സ്നേഹാക്ഷരങ്ങളാൽ
വൃത്തമൊപ്പിച്ച്
ജീവരക്തം മഷിയാക്കി
ജീവിതം കൊണ്ട് 
ഞാനെഴുതിയ കവിത..

എന്നിട്ടും..

അനുവാചകർ
അടിയിലടിവരയിട്ട്
എഴുതിക്കൂട്ടിയഅക്ഷരങ്ങളെ 
കൂട്ടി വായിച്ചാൽ കിട്ടുന്നത്
എന്റെ ഈ കവിതക്കും
പുതുമയില്ലെന്നാണല്ലോ...

Sunday, July 8, 2012

കമ്മ്യൂണിസം..!

കമ്മ്യൂണിസം എന്നാൽ
അമ്പത്തൊന്ന് വെട്ടുകൾ
ശരീരത്തിലേറ്റു വാങ്ങുന്ന
ഗതികെട്ട മനുഷ്യന്റെ
പിടയുന്ന രോദനങ്ങളിൽ
ആഹ്ലാദ നൃത്തം ചവിട്ടുന്ന
മാനസിക വൈകൃതത്തിന്റെ
തത്വശാസ്ത്രമല്ല,
നോവുകളിൽ പിടിയുന്ന
സഹികെട്ട ആത്മാവിൽ
സ്നേഹത്തിൻ ദിവ്യൌഷധമേകി
വരണ്ടുണങ്ങിയ പ്രതീക്ഷകൾക്ക്
ജലം നൽകി കിളിർപ്പിക്കുന്ന
പുതിയ സ്വപ്നങ്ങളുടെ തിളക്കം
മിഴികളിൽ നിറച്ചു നൽകുന്ന
അത്യന്തം സുന്ദരവും
ഉപമകൾക്ക് അതീതവുമായ
സാഹോദര്യമാവുന്നു..
അത്...
ജാതിയുടെ മതത്തിന്റെ
വേഷഭാഷാ വർണ്ണ വ്യതിയാനങ്ങൾ
തള്ളിമാറ്റി മനുഷ്യനെ
മനുഷ്യനായ് മാറ്റുന്ന
സർവ്വ സമ സമത്വമാകുന്നു...!
തത്വങ്ങളെ മറക്കുന്ന
തത്വശാസ്ത്രങ്ങൾ കുടികൊള്ളുന്നത്
ചീഞ്ഞു നാറുന്ന ചവറ്റു കൊട്ടകളിൽ
മൂല്യം മറക്കുന്ന മൂല്യ ചിന്തകർ
മറന്ന പടവുകൾ നടന്നു കയറട്ടെ..!

Saturday, February 18, 2012

മതമില്ലാത്ത രക്തത്തുള്ളികൾ

കൊന്നു തള്ളുവീൻ..
അരിഞ്ഞുവീഴ്ത്തുവിൻ..
ആക്രോശങ്ങൾ, അട്ടഹാസങ്ങൾ
മുഴങ്ങിക്കേൾക്കുന്ന മാറ്റൊലികൾ

തെരുവുകളിൽ ചുവന്ന-
രക്തം കലർന്ന മണ്ണിൻ ഗന്ധം
നിളകൾക്കും പുതുവർണ്ണം അരുണിമ
അസ്തമന ശോഭയല്ല..

പത്മ ലോചനം ഭീതിതം
മസ്തിഷ്കങ്ങളിൽ മർമ്മരം
കുഞ്ഞധരം വിറക്കുന്നു വിളിയിനി
അമ്മയെന്നാക്കണോ ഉമ്മയെന്നോ..

വളരുന്നതിൻ മുൻപായ് ഞെട്ടറ്റു-
വീണൊരാ പൂക്കൾക്ക് മുന്നിലായ്
താണ്ഡവമാടുന്ന മനുഷ്യപ്പിശാചുക്കൾ
ദൈവത്തെ വെല്ലു വിളിക്കുന്നവർ..

നിണവും നുണഞ്ഞങ്ങു പതിയെ
പിരിയുമ്പോൾ വൈരികൾ ഖഡ്ഗ-
ത്താലരികിലണഞ്ഞപ്പോൾ വാളുകൾ
മിന്നലായ് വീശിപ്പാഞ്ഞു.

ചികിത്സാലയത്തിൻ വിരിയിട്ട-
കട്ടിലിൽ ജീവനായ് കേണു പിടക്കുമാ
നേരത്ത് ചുടു രക്തം നൽകാനായോടി-
യണഞ്ഞവർ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും..

അരികിലണഞ്ഞില്ലയീ നേരമത്രയും
ദൈവസഹായികൾ* കൊലയാളികൾ
ദൈവത്തെ തുണക്കാനിറങ്ങുന്നവർക്കി-
വിടെയീ മർത്യനെ തുണക്കാനെവിടെ നേരം.

മുസ്ലീമിൻ രക്തം കയറ്റുവാനാകില്ല
മുസ്ലീമിൻ സിരകളിൽ വൈദ്യനോതി
മതമല്ല രക്തത്തിൻ ഗുണമാണ് മാനുഷാ
ജീവനെ എന്നെന്നും കാത്തിടുന്നോർ.

ഹിന്ദുവിൻ രക്തവും കേറ്റുവാനാകില്ല
ഹിന്ദുവിൻ സിരകളിൽ വൈദ്യനോതി
മുത്സിമിൻ രക്തം ഹിന്ദുവിനേകിടാം
കൃസ്ത്യന്റെ രക്തമീ ഇസ്ലാമിക്കും

മനസിലെ ചിന്തകൾ നോക്കിയല്ല-
വരുടെ രക്തത്തിൽ സാമ്യമിതെന്തൽഭുതം
അരുണവും ശ്വേതവുമായുള്ളണുക്കളിൻ
ചേർച്ചയിൽ മാത്രമായ് ജീവൻ കിട്ടി..

ജീവനുമായവർ തിരികെയണഞ്ഞപ്പോൾ
മത ഭീകരന്മാരോ ഓടിയെത്തി
മാനസം നിറയെ വിഷം നിറക്കുമ്പോൾ
ഉള്ളിലെ രക്തമോ കാഴ്ച നൽകി..

മതമല്ല, മാനവ സ്നേഹമാണീ ഭൂവിൽ-
മാഹാത്മ്യമെന്നൊരു തുള്ളി രക്തം തിരിച്ചറിഞ്ഞൂ
ആ നിണത്തുള്ളിയാ മർത്യന്റെ സിരകളിൽ
ആ തത്വശാസ്ത്രം നിറച്ചു വെച്ചു.

മത ഭീകരന്മാരവർ പടിയിറങ്ങി
തെരുവോരമെങ്ങും നടന്നു നീങ്ങി
മർത്യന്റെ മാനസം വിഷലിപ്തമാക്കുവാൻ
അവരിന്നുമീ വഴി നടന്നിടുന്നൂ...

അറിയുക സ്നേഹിതാ ഈ മതമേതുമേ
മാനവ സ്നേഹത്തിൻ ശത്രുവല്ല
മനുഷ്യനെ മനുഷ്യനായ് ദർശിക്കാനാവാത്ത
മർത്യന് മതങ്ങളും അന്യമല്ലോ..

Tuesday, February 14, 2012

ചിരി

രക്തം തിളച്ചാവിയാവുമ്പോളും
കരയില്ല  ഞാനെൻ അശ്രുനീർ-
കണങ്ങളിൽ നിറയുന്ന വിഷ-
ബിന്ദു ഭൂമിയെ കരിക്കാതിരിക്കുവാൻ

കരളിൽ കൂർമുള്ളു കോറിടും നേരവും
കരയില്ല ഞാനെൻ അശ്രുനീർ-
കണങ്ങളിൽ നിറയുന്ന വേദന
യെന്നമ്മയാം ഭൂമി സഹിച്ചീടുകില്ല

കൈകളിൽ കൈവിലങ്ങിൻ ക്രൂര
ഭാരമേറുമ്പോളും കരയില്ല ഞാനെൻ
അശ്രുകളങ്ങൾ തൻ ഭാരമീ കുഞ്ഞു-
മുല്ലയെ വന്ധ്യയായ് മാറ്റിടാം.

ഹൃദയത്തെ കരിന്തേളു  നക്കിടും-
നേരവും കരയില്ല ഞാനെൻ അശ്രു-
നീർത്തുള്ളിതൻ ക്രൌര്യമീ
ശാന്തയാം ആഴിയെ ക്രൂരയായ് മാറ്റിടാം.

കാലിൽ വിഷമജ്വര വിഷമേറിടും-
നേരവും കരയില്ല ഞാനെൻ അശ്രു
കണങ്ങളിലൊളിക്കുന്ന ക്രോധമീ
അരയാലിനെ പോലും വിഷലിപ്തമാക്കിടും.

കരളും ഹ്രുദയവും നോവുന്ന നേരവും
ചിരിച്ചിടാം ഞാനെന്നുമെൻ ചിരികൾ
തൻ മുത്തിനാലീ പ്രപഞ്ചവും മനുഷ്യനും
വർണ്ണത്തിളക്കത്താൽ ശോഭിക്കുമെങ്കിൽ.

എന്റെ നോവിലും നിങ്ങൾ ചിരിച്ചെങ്കിലാ
ചിരിയെന്റെ വേദന സുഖമായ് മാറ്റിടും
നിങ്ങൾ ചിരിക്കുവാൻ ഞാൻ ചിരിച്ചീടണ
മെന്നറിഞ്ഞെന്നും ഞാനും ചിരിച്ചീടാം.

കൊള്ളലുകൾ

കൊള്ളേണ്ടത്
കൊള്ളേണ്ട പോൽ
കൊള്ളേണ്ടിടങ്ങളിൽ
കൊള്ളുമ്പോളാണ്
കൊള്ളലുകൾ
കൊള്ളലുകളാവുന്നത്.
ഇനിയെങ്ങോട്ടാണ്
നീ കൊള്ളിക്കുന്നത് ..??

നിന്റെ കയ്യിലുള്ളത്
ചെറുകല്ലുകളെങ്കിൽ
കണ്ണിലേക്കെറിയുക
ശക്തിയാൽ
കയ്യിലുള്ളത്
കഠാരയെങ്കിൽ
എന്റെ പള്ളക്ക്..
ചികഞ്ഞു
വലിച്ചെടുക്കണം
 കുടൽമാല......!!

തോക്കെങ്കിൽ
നെഞ്ചാവട്ടെ ലക്ഷ്യം
ഒരു മുഴം കയറെങ്കിൽ
മുറുക്കണം എൻ
കഴുത്തു ഞെരിയെ
ആഞ്ഞാഞ്ഞമർത്തി
ഇരുമ്പു ദണ്ഡെങ്കിൽ
തകരണം തലയോട്ടി..!!

ചങ്ങലയാണ്
കൈവശമെങ്കിൽ
എൻ കാലുകൾ
തൂണിൽ ബന്ധിക്കുക
ചെറിയൊരു
ബ്ലേഡാണായുധമെങ്കിൽ
 നീ അരിഞ്ഞു
 ദൂരേക്കെറിയണമെന്റെ
 നാക്ക്....!!

കൊള്ളേണ്ടത്
 കൊള്ളേണ്ട പോൽ
കൊള്ളേണ്ടിടങ്ങളിൽ
കൊള്ളുമ്പോളാണ്
കൊള്ളലുകൾ
കൊള്ളലുകളാവുന്നത്.
ഇനി നീ കൊള്ളിക്കുക
നിന്റെ ലക്ഷ്യത്തിൽ...!!

അരങ്ങും അണിയറയും

അരങ്ങ്
തകർക്കുന്ന
നാടകം,
കർണ്ണം പൊട്ടും
സംഭാഷണം
അണിയറയിൽ
പുകയാത്ത
അടുപ്പിൻ ചുവട്ടിലൊരു
കുഞ്ഞിന്റെ
ഗതികെട്ട
വിശപ്പിന്റെ
പട്ടിണി നാടകം.
വേദിയിൽ
മാക്ബത്തിൻ
വിറയാർന്ന
വചനങ്ങൾ
മൂന്ന് കല്ലിന്റെ
മുന്നിലിരിക്കുന്ന
കുഞ്ഞിന്റെ
നാവിലോ
ശാപ വചനങ്ങൾ
വേദിക്ക്
യവനികവീണിടും
നേരമാ
കുഞ്ഞിന്റെ ശ്വാസമോ
മെല്ലെ പിടയുന്നു
യവനിക വീണരാ
വേദിക്ക്
പിന്നിലൊരു
കുഞ്ഞിന്റെ
കല്ലറയാരുമേ
കണ്ടില്ല.

വിരഹം

ഒരു ഇലക്കുമ്പിളിൽ
സ്നേഹത്തിൻ
തീർഥജലവുമായ്,
 ഇരുണ്ട രാത്രിക്ക്
വെളിച്ചമാമൊരു
കുഞ്ഞു മിന്നൽ
മന്ദഹാസമായ്,
കാതിനെ പ്രകമ്പനം
കൊള്ളിക്കും
ഉത്സവപ്പറമ്പിൻ
മുഴക്കമായ്
വാടി നിന്നോരിലകളെ
തളിർപ്പിച്ചോടി
വന്നോരു
തുലാവർഷപാതമേ,
പിന്നെയെങ്ങോട്ട്
പോയെങ്കിലും
ഞാനിന്നുമറിയുന്നു
 നിൻ മൃദു ചുംബനത്തിൽ
നിറയും നിർമ്മല-
സ്നേഹത്തിൻ
അവാച്യമാം സുഖം...!

ഒരു കാറ്റൂഞ്ഞാലാടി
ഓടി വന്നെൻ
അരികിലിരുന്നു നീ
എൻ കാതിലോതിയ
 മുത്തശ്ശിക്കഥകൾക്കവസാനം
വിടപറഞ്ഞകലും
വിരാസ യാമങ്ങളിൽ
മ്രുദുല ഹ്രുദയത്തിൻ
ഭാരമേറും
വേദനകളൊക്കെയും
നയനങ്ങൾ
നിറയുന്ന അശ്രു
ബിന്ദുക്കളായ് മാറവേ
നീയവയൊരു
ചാറ്റൽ മഴയാക്കിയീ
വരളും ഭൂമിയെ
കുളിർപ്പിച്ചിരുന്നുവോ...?

സമാധാന കാംക്ഷികൾ..

ജീവിതം.. ഒരു കുഞ്ഞു ശലഭം..
ഞാനർഥം തേടി, ജന്മത്തിന്റെ
ജീവിതത്തിന്റെ, സന്തോഷത്തിന്റെ
ഉത്തരങ്ങൾ ഏകമായൊരു സത്യം
അത് സമാധാനമത്രേ..
സമാധാനം.. സമാധാനം.. സമാധാനം.
ഞാൻ കണ്ടെത്താൻ ശ്രമിച്ചു..
വാക്കാർഥത്തിനപ്പുറം സുന്ദരമായ
സത്യമായ സമാധാനത്തെ..
അത് സ്പഷ്ടമത്രെ, എന്നാൽ അബദ്ദവും
അത് അർഥമത്രെ, എങ്കിലും വ്യർഥവും
എന്റെ നിരീക്ഷണ ചിന്തകൾ
സമാധാനത്തിന്റെ കണ്ടെത്തലുകൾക്കായി
രാപകൽ അലഞ്ഞുകൊണ്ടേയിരുന്നു.
മരുഭൂമിയിൽ അടിഞ്ഞു കിടന്ന
മനുഷ്യാവശിഷ്ടങ്ങൾ എന്നോടു ചൊല്ലി
“എന്റെയീ അഴുകിയ അവശിഷ്ടങ്ങൾ
മറ്റൊരാൾക്ക് സമാധാനമത്രേ”
യുദ്ധവഴികളിൽ അണുബോംബെറിഞ്ഞ്
ജനതയെക്കൊല്ലും രാജാക്കൾ ചൊല്ലി..
“മാനുഷ കുലത്തിനിത് ഹാനികരമെങ്കിലും
എന്റെ രാജ്യത്തിൻ സമാധനമേ മുഖ്യം“
എന്റെ സിരകളിൽ രക്തം നിലക്കുമ്പോൾ
എന്റെ മസ്തിഷ്കം പൊട്ടിത്തകരുമ്പോൾ
എന്റെ ചിന്തകളെന്നോട് ചൊല്ലുന്നു...
“സത്യങ്ങളെല്ലാം മിഥ്യ കലർത്തി
സുന്ദര സത്യങ്ങൾ വൈകൃതമാക്കുന്ന
സ്വാർഥ താല്പര്യങ്ങളിൽ ദീപം കൊളുത്തുന്ന
അവിവേകിയാണെന്നുമീ മാനുഷ്യർ.“

അമ്മയും അമ്മിക്കല്ലും.

വലം കയ്യിലൊരു 
ചുറ്റിക വെച്ചിടം-
കൈ വീശി 
നടക്കുന്നതന്നം തേടി
മുഴുവൻ മുഷിഞ്ഞ
വസ്ത്രത്തിൻ
ഗന്ധം പരക്കുന്ന-
തോർത്തിടാതെ...

തോളിലെ തൂങ്ങും-
ഭാണ്ഡത്തിനുള്ളീലായ്
തൊട്ടിലാടുന്നൊ-
രോമന പൈതലോ
നിദ്രാസുഖത്തിന്റ
 ശാന്തഭാവത്തിലും
സൂര്യതാപത്തെ
വെല്ലു വിളിച്ചിടുന്നു.

ഇവളുമൊരു സ്ത്രീയെ-
ങ്കിലുമിവളുടെ കൈകളോ
പഞ്ഞിപോൽ മ്രുദുലമല്ല
കൊട്ടുവടിയുമായ്
നടക്കുന്ന പെണ്ണിന്റെ
കൈകളിൽ
തഴമ്പിച്ച പാടുകൾ 
നന്നായ് കാണാം

പരിഹാസ വചനവും
കല്ലേറുമായ്
കുഞ്ഞുങ്ങളവളെ 
വരവേറ്റിടുമ്പോൾ
വിധിയെ ശപിക്കാതെ
ലക്ഷ്യത്തിലേക്കവൾ 
തെറ്റാതെ കാലുകൾ 
വെച്ചിടുന്നു

അമ്മികൊത്താനുണ്ടോ-
അമ്മിക്കല്ല്
അമ്മികൊത്താനുണ്ടോ
അമ്മിക്കല്ല്
അഞ്ചുരൂപക്കൊരമ്മി-
ക്കല്ലിനെ ഞാൻ
അഴകുള്ള മൂർച്ചയെ-
യേറ്റി നൽകാം...

നാടും ചിരിക്കുന്നു,
നാട്ടാർ ചിരിക്കുന്നു
ഇന്നത്തെ കാല-
ത്തോരമ്മിക്കല്ലോ
എങ്ങുനിന്നോടി 
വരുന്നു നീ ശാപമേ
അമ്മിയെന്നതി-
ന്നൊരപമാനമല്ലേ

ഇതു കേൾക്കെ
മാതൃ ഹ്രുദയം കരയുന്നു
കുഞ്ഞിൻ വിശപ്പിനെ-
യോർത്തുകൊണ്ടേ
അമ്മിയില്ലാതിനി 
യെങ്ങനെ തീർക്കും ഞാൻ
കുഞ്ഞിന്റെ ആമത്തിൻ
വിഷമജ്വരം..

പൈതലിൻ കത്തും
കാളലോർത്തവളുടെ
കൈകൾക്ക് മെല്ലെ
കരുത്തു വന്നു
മനസിലെ സത്യത്തിൻ
ചിന്തകൾ മെല്ലെ
പൈതലിൻ കണ്ണീരി-
ലൊഴുകിപ്പോയി.

ഒരു വീടിൻ മുറ്റത്ത്
വെറുതെ കിടക്കുന്ന
ഒരു തുരുമ്പവളുടേ
ഭാണ്ഡത്തിലാക്കവേ
നെറ്റിയിൽ തട്ടിയാ
 കല്ലിന്റ വേദന
അവളെയോ മണ്ണിതിൽ
വീഴ്ത്തിടുന്നു...

വേച്ചു വേച്ചവളൊന്നു
നിൽക്കുവാൻ ആയവേ
ആയിരം കല്ലുകളൊ-
രുമിച്ച് വന്നപ്പോൾ
ഭാണ്ഡമുപേക്ഷിച്ച് 
വിഷപ്പും മറന്നിട്ട്
പ്രാണനോടവളോ
യാത്രയോതി...

ഉത്തരം തേടുന്ന ചോദ്യങ്ങൾ

സ്നേഹത്തിന്റെ
തൊട്ടിലാടി
താരാട്ടുകേട്ടുറങ്ങാൻ
മടിക്കുന്നൊരീ
പൈതങ്ങളിൽ
രാത്രിയുടെ ശൂന്യത
അപസ്മാരം നിറച്ചുവോ..??

വിരിയാൻ കൊതിച്ച
വെള്ളാമ്പൽ മൊട്ടു
വിരിയാതെ പൊഴിഞ്ഞത്
മാരുത ഹ്രുദയത്തിലും
നാം നിറച്ച വിഷബീജ
താപത്തിൻ ഫലമോ..??

പൂമുറ്റത്ത് വിടർന്നു
നിൽക്കുന്നൊരീ
ചെമ്പരത്തിപ്പൂക്കൾ
തൻ പരാഗ രേണുക്കളിൽ
തിളങ്ങി വിളങ്ങുന്നത്
വിത്തോ വിനാശ-
ക്രൌര്യഭാവങ്ങളോ..??

അസ്തമന സൂര്യന്റെ
ചെങ്കിരണങ്ങൾ
പതിക്കുന്നൊരീ
ശ്വേത വർണ്ണമാം
പാരിജാതപ്പൂക്കളിൽ
ക്രൂരത നിറക്കും
ആഭിചാരക്രിയകൾ
നടക്കുന്നുവോ..??

സുഗന്ധവും പേറി
വിടരാൻ കൊതിക്കും
ചെമ്പനീർ പുഷ്പത്തിന്
വർണ്ണം നൽകി
അനുഗ്രഹിക്കാൻ
കാലം കടമെടുത്തത്
നിരപരാധികൾ തൻ
രക്തക്കറയോ..??

രാത്രിയുടെ
അന്ത്യ യാമങ്ങളിൽ
 മാനവ  ഹൃദയങ്ങളിൽ
ഭയാനകസ്വപ്നങ്ങൾ
നിറക്കുന്നത്
അന്ധകാരത്തിനു
വിടുവേല ചെയ്യുന്ന
കുടില യക്ഷിയോ
ചെകുത്താനോ..??

മനസു പിടയുമ്പോ-
ളെന്റെ കരളിലീ
വ്യർഥ്യമാം
ചിന്തകൾ ഒളിച്ചു-
വെക്കുന്നത്
കാലത്തിൻ കൈകളോ
അവിവേകം താങ്ങുന്നൊ-
രെൻ മനം തന്നെയോ..?

ശമനം.

പുതിയൊരു
പുലരി പിറക്കുന്നു..
മുകളിലേക്ക് നോക്കുക,
പ്രകാശിതമായ
സൂര്യ ഗോളം.
മനസിലെ
അഹന്തക്ക് ശമനം.!

സൂര്യനോളമെത്താനാവുമോ
ഒരായിരം ജന്മമിവിടെ
പിറവി കൊണ്ടാലും..!

സന്ധ്യ ചുവക്കുന്നു
സന്ധ്യയുടെ
ശോഭ മെല്ലെ
ശൂന്യതയുടെ ചാര
നിറത്തിലേക്ക്
പിന്നെയും കറുപ്പ്
പടരുന്ന നിശീധിനി

ഇനിയും നോക്കുക
മുകളിലേക്ക്
ലക്ഷോപലക്ഷം
നക്ഷത്രപ്പൂക്കൾ
അവയിലൊന്നായ്
വെളിച്ചം പരത്താൻ
എത്ര ജന്മം
വേണമുലകിൽ?
മനസ്സടങ്ങിയല്ലോ,
അഹങ്കാരവും....

ഒറ്റപ്പെടലുകൾ ഓർമ്മയുടെ വസന്തമാണ്.

നിഷ്ക്രയത്വങ്ങളിൽ
നിർനിദ്ര നിശകളിൽ
നിരാശയാമങ്ങളിൽ
നിതാന്ത മൌനങ്ങളിൽ
മുറിയിലെ തിരിവെട്ടം
അണയുന്ന നേരത്തും
ഓടിയെത്തുന്നിതാ
രാക്കിളിപ്പാട്ടുകൾ..

പഴമക്കാർ പാടിയ
പാട്ടിന്റെ പല്ലവി
ശ്രുതി തെറ്റാതോതുന്ന
രാക്കിളിപ്പാട്ടിലെൻ
പ്രണയഗീതത്തിൻ
താളം മുഴങ്ങുമ്പോൾ
ഓർമ്മതൻ തേന്മാവു
പൂക്കുന്നു പിന്നെയും

ഒരു കളിത്തോണി-
യായെന്റെ ജീവിത
നദികളിൽ അവളന്ന്
നീന്തിത്തുടിക്കവേ
മാരുതരൂപിയായ്
കരിഭൂതമെത്തിയെൻ
ജീവന്റെ ജീവനെ
കവർന്നെടുത്തല്ലോ..

പിന്നെയും ജീവിത-
വഴികളിലാ ഭൂതം
കയ്യും കണക്കുമില്ലാ-
തെന്നെ പ്രഹരിച്ച്
അവശനാമെന്നെ
ഉപേക്ഷിച്ചു പോകവേ
ഒരു കൈ സഹായമായ്
 വാസന്തമെത്തി..

വാസന്ത ദേവി തൻ
സ്നേഹാർദ്ര മനമെന്റെ
അജ്ഞത കളഞ്ഞെന്നിൽ
വിജ്ഞാനം ചൊരിയവേ
ഒരു മരച്ചില്ല തൻ
ഇലയിലൂടുതിർന്നുള്ള
വിഷബിന്ദു മനതാരിൽ
അഹന്തയെ തന്നു.

ഉറക്കെ ചിരിച്ചു ഞാൻ
നാടുകൾ നീളെ
ജ്ഞാനിയെന്നോതി
അഹങ്കരിച്ചീടവേ
ഒരു മഴത്തുള്ളിയെൻ
നെറുകയിൽ വീണതെൻ
മസ്തിഷ്ക കോശങ്ങൾ
നിർജീവമാക്കി...

അറിവിന്റെ ചിന്തകൾ
അവ്യക്തമായ് മാറി
അരികിലെ അണികളും
ശത്രുവായ് മാറി
വിജ്ഞാനമില്ലാത്ത
അന്ധമാം ഭൂവിലെൻ
 ജീവിതം വീണ്ടും
അനാഥമായ് മാറി.

പിന്നെയും പൂത്തു 
പാരിജാത പൂക്കൾ
പിന്നെയും കായ്ച്ചു
തൊടിയിലെ മാവുകൾ
പിന്നെയും പെയ്തൊരാ
വേനൽ മഴയിലെൻ
മസ്തിഷ്ക കോശത്തിൽ
ജീവൻ കിളിർത്തു.

അറിവിന്റെ പൂക്കളെൻ
കപോലാന്തരങ്ങളിൽ
പിന്നെയും പൂത്തൊരാ 
സുന്ദര യാമത്തിൽ
അരയാലിൻ കൊമ്പത്തെ
മുറിവാലൻ കിളിയോതി
ജ്ഞാനം കൊതിക്കുന്നോർ
അഹന്തയെ കൊല്ലുവിൻ..!

അറിവിന്റെ ഒരുമണി
എന്നോട് ചൊല്ലീ
ഒറ്റപ്പെടലുകൾ
ഓർമ്മ തൻ പൂക്കാലം
ഒറ്റപ്പെടാതിരിക്കുന്ന
കാലങ്ങൾ  ഹേ മർത്യാ
നിന്റെ കാല്പാടുകൾ 
ദർശിക്കയില്ല നീ..

ഒറ്റപ്പെടും ദുഖ 
നിമിഷങ്ങളോരോന്നും
മനമാകും പക്ഷിയെ
വഞ്ചിച്ചിടാതെ
ഓർമ്മയിൽ വിരിയുന്ന
വാസന്തം തേടി നീ
ചിറകിട്ടടിച്ചുകൊണ്ടു-
യരെ പറക്കുക..!

ഓർമ്മ തൻ മുത്തുകൾ
തേടിപ്പറക്കുമ്പോൾ
ദർശിക്കും അപരാധ
ചെയ്തികൾ മിഴികളിൽ
അവയെ പെറുക്കിയാ
കറയാർന്ന പാടുകൾ
തിരുത്തിക്കുറിച്ച്
മുന്നേറുക നീയെന്നും...!

ഇനി ഞാൻ ഉറങ്ങട്ടെ..!..

ഇവിടെ ഞാൻ മരിക്കുന്നു..
ഈ ഇരുളടഞ്ഞ 
മൺ വീഥിക്കരികെ
നരിച്ചീറുകളിലും 
ഭീതി പടർത്തുന്നയീ
കറുത്ത കോട്ടയിലെ
ചുവന്ന മുറിയിൽ….

കാലപ്രവാഹങ്ങൾക്ക്
അണകെട്ടീടുവാൻ
യുഗ യുഗാന്തരങ്ങൾക്കപ്പുറം
ബലിക്കല്ലിൽ ഇറ്റുവീണ 
രക്തബിന്ദുക്കൾ ചായം പൂശിയ
ഈ ചുവന്ന മൺ തിണ്ണയിൽ…

ഈ അന്ധവിശ്വാസ
മൺ മണ്ഡപത്തിന്റ
ആഴമേറുന്ന
നിലവറക്കുള്ളിൽ
വീണു പിടഞ്ഞ
മഹാ പിതാക്കന്മാരുടെ
നിണമണിഞ്ഞ
പൊടിപടലങ്ങളിൽ…

ദയയുടെ തേങ്ങലും
കരുണ തൻ വിങ്ങലും
ശ്രവണനാളങ്ങളിൽ
അലയടിക്കുമ്പോൾ
തിരിഞ്ഞൊന്നു നോക്കുക
അസാധ്യമായ് മാറ്റും
ഭീതി ജനകമാം 
ഈ അന്തരീക്ഷത്തിൽ…

നേർത്തു തുടിച്ചൊരെൻ
സ്പന്ദന ശ്രുതികളിൽ
മരണത്തിൻ സംഗീതം
അലയടിക്കുമ്പോൾ
ഇറുകെയടച്ചു ഞാനെൻ
മിഴികളോരോന്നും
മരണത്തിൻ മുന്നിലായ് 
കീഴടങ്ങീടുന്നു..

എന്നോ തുടങ്ങിയൊരെൻ
യാത്ര തൻ വാഹനം
ഇന്നീ മുറിക്കുള്ളിൽ
അലസമായ് വെക്കുന്നു
ഉറുമ്പുകൾ ചിതലുകൾ 
എൻ വാഹനത്തിനായ്
കൊതിയോടെ
മുറിയിലേക്കോടിയെത്തുന്നു…

മഞ്ഞു പെയ്യുന്നു, മരങ്ങളും...!

മഞ്ഞു പെയ്താലും മരങ്ങൾ പെയ്താലും
മനസിനു പറയുവാൻ ഒന്നു മാത്രം...
ഉറഞ്ഞ മഞ്ഞിലെ നനഞ്ഞ മരത്തിലെ
നിറഞ്ഞു നിൽക്കുന്ന സ്നേഹം മാത്രം..
ദരിദ്ര ഭൂവിലെ നിറഞ്ഞ കണ്ണുകൾ
തുളുമ്പി നിൽക്കുമാ സ്നേഹം മാത്രം..
ജീവ നാഡികൾക്ക് ഓജസ് പകരുന്ന
നിസ്വാർഥമാം സത്യ സ്നേഹം മാത്രം..
തുളുമ്പുമാ കണ്ണിലെ വേദന മാറ്റുന്ന
വിങ്ങുമാ നെഞ്ചിലെ വേപധു മാറ്റുന്ന
വിലങ്ങിട്ട കൈകൾക്ക് സ്വാതന്ത്ര്യമേകുന്ന
ചങ്ങാതിക്കൂട്ടത്തിൻ സ്നേഹം മാത്രം..
മനസു പെയ്താലും മരങ്ങൾ പെയ്താലും
മനസിലോടിയെത്തുന്നതൊന്നു മാത്രം
എത്രയോ ജന്മകൾ തേടിയലഞ്ഞു ഞാൻ
നേടിയെടുത്ത നിൻ പ്രണയം മാത്രം..
ഒരു കുഞ്ഞു കാറ്റിന്റെ തലോടലായി
ഒരു തുമ്പ പൂവിൻ നറു പുഞ്ചിരിയായ്
ഒരു സുഖ സാന്ത്വന കര സ്പർശമായി
എന്നിലേക്കുതിരുന്ന നിൻ പ്രണയം മാത്രം..
മഞ്ഞു പെയ്താലും മരങ്ങൾ പെയ്താലും
മനസു ചോദിക്കുന്നതൊന്നു മാത്രം..
ജീവിത വഴിയിലെ തിരക്കിട്ട യാത്രയിൽ
എവിടെയോ കൈവിട്ട നിന്നെ മാത്രം..
കണ്ണിലെ തെളിയുന്ന ദീപമായ് മാറിയെൻ
ജീവനു തുണയാകും നിന്നെ മാത്രം..
മഞ്ഞു പെയ്താലും മരങ്ങൾ പെയ്താലും
കണ്ണുകൾ തേടുന്നതൊന്ന് മാത്രം..
എന്നുമീ ജീവിത വഴിയിലെ കാഴ്ചകൾ
കരളിനെ മുറിക്കാതിരുന്നിടേണം..
എന്നുമീ സ്വപ്നങ്ങൾ എന്റെ പ്രതീക്ഷകൾ
സ്വപ്നത്തിലെങ്കിലും കാത്തിടേണം..
മഞ്ഞു പെയ്യട്ടെ മരങ്ങളും പെയ്യട്ടെ
മനസിലെ വേദന തീർന്നിടട്ടെ.....!

വിരോധാഭാസങ്ങൾ.

ആത്മാവിന്റെ
ശ്രവണേന്ദ്രിയങ്ങൾക്ക്
അലോസരമാകുന്ന
ആരവങ്ങൾ
മൌനത്തിന്റെ 
ചിറകടിയൊച്ചകളാകുന്നു..
മരവിച്ച കണ്ണുകൾക്ക്
വെറുക്കപ്പെട്ട പൂക്കൾ
കല്ലറയിൽ വെക്കുന്ന 
ചുവന്ന പുഷ്പങ്ങളും..
ഒരിക്കൽ ശാന്തിയുടെ
പ്രതിരൂപമായ മൌനം
ഒരിക്കൽ പ്രണയത്തിന്
അഴക് വിരിച്ച പൂക്കൾ
ഇന്നിന്റെ നിർജീവ
ഏകാന്തവാസത്തിൽ
മനം മടുപ്പിക്കുന്ന 
അസ്വസ്ഥതയാണ്..
വിരോധാഭാസങ്ങൾ.....
വിരോധാഭാസങ്ങൾ.....
നിഗൂഡ രഹസ്യങ്ങൾ 
നിറയും പ്രപഞ്ചത്തിൽ
നിറഞ്ഞു കവിയുന്ന 
വിരോധാഭാസങ്ങൾ...!