Monday, August 27, 2012

കാലം..




ഇന്നലെ സന്ധ്യയിൽ
മഴപെയ്തു തോർന്നപ്പോൾ
“കാല“മെന്നരികിലായ് ഓടി വന്നു
മിഴിനിറച്ചെന്നെയും നോക്കി നിന്നു.

പൂമുഖപ്പടിയിലെ നനവുള്ള പടവിലായ്
തേങ്ങിക്കൊണ്ടെന്നെയും നോക്കി നിൽക്കും
“കാല“ത്തിൻ ശോകാർദ്ര ഭാവമറിഞ്ഞിട്ടെൻ
നെഞ്ചകം ഉരുകിപ്പിടഞ്ഞു നിന്നു.

എൻ കരം “കാല“ത്തിൻ മിഴിനീർതുടക്കവേ
തൻ കയ്യാലെൻ കയ്യെടുത്തെറിഞ്ഞ്
ചിരിതൂകം എൻ മുഖമവജ്ഞയാൽ നോക്കി-
യതെന്തൊക്കെയോ മുറുമുറുത്തു നിന്നു.

എൻ പ്രിയ തോഴന്റെ സങ്കടം തീർക്കാനായ്
മുറ്റത്തെ ചെമ്പനീർ ഞാനിറുത്തു -
എന്നെയും ദർശിച്ച് ക്രുദ്ധനായ് നിൽക്കുമാ
കാലത്തിൽ നേർക്കു ഞാൻ നീട്ടി നിന്നൂ.

കാലത്തിൻ കണ്ണിലെ ശോകഭാവം മെല്ലെ
സ്നേഹാർദ്രഭാവമായ് മാറി വന്നൂ.
എന്നടത്തായ് വന്ന് മൂകയായ് നിൽക്കുമാ
കാലത്തിൻ വേദനയാരാഞ്ഞു ഞാൻ.

ഒന്നുമേയുരിയാടാതെന്നെയെടുത്തു
കൊണ്ടുയരങ്ങളിലേക്കായ് പറന്നുയർന്നു
കടലുകൾ താണ്ടി, കരകളും താണ്ടി
കാടുകൾ താണ്ടി പറക്കയാണിപ്പൊഴും.

കുടിലുകൾ കണ്ടു, കൊട്ടാരക്കെട്ടുകൾ
കവലകൾ പാതകളൊക്കെ കണ്ടു.
കുതികൊണ്ട് പായുമ്പോൾ ശ്രവണ-
പഥങ്ങളിൽ വാക്കുകളൊക്കെയും നന്നായ് കേട്ടൂ..

ഒരു കുഞ്ഞു കുടിലിലായ് ഒരു കൊച്ചു ബാലൻ
വിങ്ങിക്കൊണ്ടിങ്ങനെ വിലപിക്കുന്നൂ
അച്ഛന്റെ ശയനമത് തെരുവിലല്ലോ ഇന്നും
ഇതെന്തൊരു കാലമാണെന്റെ ദൈവേ

വഴിവക്കിൽ നിന്നൊരു  മങ്കയും ചൊല്ലുന്നു
കാലത്തെ നോവിക്കും വചനമല്ലോ
പകലിലും തെരുവിലായ് അപമാനിക്കപ്പെടും
ഇതെന്തൊരു കാലമാണെന്റെ ദൈവേ..

ഒരു ഗൃഹത്തിൽ നിന്നൊരു വൃദ്ദനും ചൊല്ലുന്നൂ
എത്രകൊതിച്ചതാണീ കൊഞ്ചൽ ഞാൻ
അറിയാത്ത ഭാഷയിലിവനോട് മിണ്ടുവാൻ
കഴിയാത്ത കാലമിതെന്തുകാലം..

ഒരു വൃദ്ദ സദനത്തിലൊരമ്മ നിന്നല്ലോ
മിഴികൾ നിറച്ചു വിലപിക്കുന്നൂ
നൊന്തുപെറ്റുള്ളോരുണ്ണിക്ക് വേണ്ടാത്ത
അമ്മമാരല്ലോ ഈ കലികാലത്തിൽ

കാരുണ്യമതിയാവും അമ്മ തൻ സദനത്തിൽ
ചിത്തഭ്രമക്കാരൻ കരഞ്ഞീടുന്നൂ
ഒന്നുമേയറിയാത്ത എന്നെയും കൊന്നിടും
എന്തൊരു കാലമാണീ കലികാലം..

ഓരോരോ കാഴ്ചകൾ കാണിച്ചു കാലമെൻ
കൺകളിൽ നോക്കി കരഞ്ഞുകൊണ്ടേ
സങ്കടം താങ്ങാതെ ചുണ്ടും വിറപ്പിച്ചേ
ഉത്തരമെന്നോടായ് ആരായുന്നൂ

എൻ പ്രിയ സോദരാ മനുഷ്യപുത്രാ
എൻ ചോദ്യങ്ങൾക്കായുത്തരം നൽകുക നീ
നിങ്ങളിൻ ചെയ്തികളെൻ പേരിൽ വെച്ചിട്ടു
കാലത്തെ ശപിക്കുവാനെന്തു കാര്യം.

തലപുകഞ്ഞാലോചിച്ചുത്തരം തേടവേ
എൻ ഗേഹമെത്തിച്ചു എന്നെ കാലം
പിന്നെയും ചിന്തിച്ചു ഉത്തരം തേടവേ
കാലം പിണങ്ങി പറന്നു പോയി

പിന്നെ ഞാൻ കണ്ടതോ ക്രുദ്ധനായ്
കലികൊണ്ടലറി നടക്കുന്നോരു കാലത്തെ
വേനലും വർഷവും തെറ്റിച്ചും വെട്ടിച്ചും
കോപം ശമിപ്പിക്കും കലികാലത്തെ.

Sunday, August 19, 2012

മതവാദിയും മിതവാദിയും



തെരുവോരങ്ങളിൽ മതവാദി മതം പ്രസംഗിച്ചു വിൽക്കുന്നൂ
ദൈവത്തെ കീശയിലൊതുക്കിയ ആധിപത്യത്തിന്റെ ഹുങ്ക്...

നടവഴികളിൽ അലയുന്ന മിതവാദി മതവാദിയെ കേട്ടു നിൽക്കുന്നു
ദൈവം പോലും വിശ്വസിക്കാത്ത വാക്പ്രവാഹത്തിന്റെ പങ്ക്..

കേട്ടിരിക്കുന്ന സജ്ജനങ്ങളിൽ ഭാവഭേദങ്ങൾ ഞെട്ടലുകൾ
ഗർജ്ജനം തുടരുന്ന മതവാദിയിൽ ആവേശത്തിന്റെ പതനുരകളും

ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് മിതവാദിയെ തട്ടിമാറ്റി പെട്ടെന്ന്
കടന്നു പോയ ദൈവത്തിന്റെ മുഖത്ത് വല്ലാതെ ബോറടിച്ച ഭാവം..


Wednesday, August 15, 2012

നല്ലകാലം (കുഞ്ഞിക്കഥ)


“ലീലാമ്മേ, ഇതൊന്നും അത്രക്കങ്ങ്ട് ശര്യല്ല ട്ടാ. വയസിത്രേം ആയില്ലെ, പോരാണ്ടും നിന്റെ മോൻ വളർന്ന് വരണ്. ഇനിയും നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാതെ ഒതുങ്ങി അങ്ങ്ട് ജീവിച്ചൂടെ..“
“സുധീടെ അച്ചനെ എനിക്ക് ഉപേക്ഷിക്കാൻ പറ്റ്യാലും കടേലെ രാഘവേട്ടനെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല അമ്മായീ…“
അമ്മായിയുടെ കണ്ണു നിറഞ്ഞു. തിരിച്ചൊന്നും ഉരിയാടാതെ അകത്തേക്ക് നടന്നു. അയയിൽ തൂക്കിയ വസ്ത്രത്തിലേക്ക് കൈ നീണ്ടു. നേര്യേതെടുത്ത് ഒന്ന് രണ്ട് വസ്ത്രങ്ങളും കവറിലാക്കി പുറത്തേക്കിറങ്ങി..
“ലീലാമ്മേ .. ഞാൻ പോണ്..“
ഇനിയും ഈ വയസു കാലത്തും ഇതൊന്നും കാണാനും കേൾക്കാനും ഉള്ള കരുത്ത് ഈ തള്ളക്കില്ല..“
ലീലാമ്മ ഒരക്ഷരം ഉരിയാടിയില്ല, പോകണമെന്നോ പോകരുതെന്നോ അവളുടെ മുഖഭാവത്തിൽ നിന്നും തിരിച്ചറിയാനുമായില്ല.
പിന്നിൽ നിന്നൊരു വിളി അമ്മായി പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല..
വൃദ്ധയുടെ പാലായനവും ലീലാമ്മയുടെ നിസംഗഭാവവും കണ്ട കാറ്റ് മനുഷ്യന്റെ അവിവേകമോർത്ത്  മണൽ തരികളിളക്കി ഉറക്കെ ചിരിച്ചു.
സന്ധ്യാമേഘങ്ങൾ മധുരക്കനിയെന്നോർത്ത് കൊത്തിപ്പറക്കാൻ ഉയർന്നു പറക്കുന്നതിനിടെ പൂമരക്കൊമ്പിൽ വന്നിരുന്ന പക്ഷി പൂമരച്ചോട്ടിൽ വിശ്രമിക്കാനിരുന്ന വൃദ്ധയെ നോക്കി ഇടതൂർന്ന് പന്തലിച്ചു നിന്ന മരങ്ങളോട് ഉറക്കെ പറഞ്ഞു.
“കൂട്ടുകാരെ, നിങ്ങൾക്കിതാ നല്ല കാലം തിരിച്ചു വന്നിരിക്കുന്നു. ഇന്നലെ നിങ്ങളുടെ ചുവട്ടിൽ അക്ഷരം പഠിക്കാനിരുന്ന മനുഷ്യരുണ്ടായിരുന്നു. ആ നല്ലകാലം വിധി  പറിച്ചെറിഞ്ഞു.      ഇന്നലെ നിന്റെ കനികൾ പെറുക്കി ആർത്തിയോടെ ഭക്ഷിക്കാൻ കലപില കൂട്ടി കളിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു. അതും മെല്ലെ നിനക്ക് നഷ്ടപ്പെട്ടു.
ഇന്നിതാ വീണ്ടും നിങ്ങളുടെ നല്ല കാലം തുടങ്ങുന്നു. നിന്റെ ചുവട്ടിൽ പരസ്പരം കഥകൾ അയവിറക്കാൻ വൃദ്ധന്മാരും വൃദ്ധകളും ഇനി കൂട്ടം കൂട്ടമായെത്തും. നിലത്ത് വീണഴുകുന്ന കനികളെയോർത്തുള്ള നിന്റെ സങ്കടം അവസാനിച്ചിരിക്കുന്നു. നിന്റെ കനികൾ വിശപ്പിന്റെ വേദന പേറുന്ന നിരാലംഭരായ മനുഷ്യക്കൂട്ടങ്ങൾ ഭക്ഷിക്കുന്നത് താമസിയാതെ നിങ്ങൾക്ക് കാണാം.
ഇതെന്തൊരൽഭുതം..! ഒരിക്കലും കിട്ടില്ലെന്ന് നിനച്ച നല്ല കാലം വീണ്ടും തിരിച്ചെത്തുകയോ?
അതെ, ഭൂമി ഉരുണ്ടതാണ്, അതു കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.അതിനാൽ നമുക്കൊന്നും നഷ്ടപ്പെട്ടു പോകാനിടയില്ല. ഇന്ന് നിന്നിൽ നിന്നും ഭൂമിയിൽ നഷ്ടപ്പെട്ട് പോകുന്നതെല്ലാം, ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിലായി നിന്നിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും..അത് നല്ലതായാലും ചീത്തയായാലും.”

Monday, August 13, 2012

കുമാരേട്ടന്റെ പ്രയാണങ്ങള്...

എട്യേയ്.. ഞാന്‍ ദേങ്ങട് എറങ്ങണു ട്ടോ..

പ്രിയതമയോട് യാത്രയോതി കുമാരേട്ടൻ ഇറയത്തു തിരുകി വെച്ചിരുന്ന കാലൻ കുടയുമെടുത്ത് പുറത്തേക്കിറങ്ങി. നേരിയ ചാറ്റൽ മഴയിൽ നിന്നും കാലൻ കുട അയാളുടെ ശരീരത്തിന് സംരക്ഷണം നൽകി. കാൽ വെപ്പുകളുടെ എണ്ണം കൂടി വന്ന് പടിപ്പുര വാതിലും കടന്ന് നീങ്ങുമ്പോൾ കുമാരേട്ടന്റെ മനസ് ശരീരത്തോട് മെല്ലെ സംവദിച്ചുകൊണ്ടിരുന്നു. അത് തലച്ചോറുകളിലൂടെ കടന്ന് ചിന്തകളായി രൂപാന്തരണം പ്രാപിച്ചുകൊണ്ടിരുന്നു.

ജീവിതം മഹത്തായ ഒരു യാത്രയാണ്, എന്നാൽ ആ വലിയ യാത്ര അവസാനിക്കുന്നതോ പ്രാണൻ നഷ്ടപ്പെടുന്ന മരണമെന്ന മഹാ സത്യത്തിലും. മരണം അതിനപ്പുറം എന്തായിരിക്കും? ഒരുപക്ഷേ ഓരോ മനുഷ്യനും നേടേണ്ടതെന്തെന്ന വ്യക്തമായ കാഴ്ചപ്പാടില്ലാതെ എന്തൊക്കെയോ തേടുന്ന യാത്രയ്ക്കവസാനം നഷ്ടപ്പെടുന്ന പ്രാണനെക്കാൾ സുന്ദരമായതെന്തോ മരണത്തിൽ നേടുന്നുണ്ടാവണം. അത്.. നിശബ്ദമായ ശാന്തതയാവാം, ഒന്നിനെയും ഓർക്കാതെ,ഒന്നുമൊന്നും ചിന്തിക്കാതെ, ഒട്ടും വേവലാതികളില്ലാതെ തികച്ചും സമാധാനപരമായ ഒരു അന്തരീക്ഷം. ചിലപ്പോൾ വേഗതയുടെ ഏറ്റവും ഉന്നതിയിൽ കടിഞ്ഞാണില്ലാതെ പായുന്ന മനസിനെ നിയന്ത്രിക്കുന്ന പ്രാണനെക്കാൾ ആ ശ്യൂന്യത സുന്ദരമായിരിക്കണം.

കുമാരേട്ടനെങ്ങ്ടാ ഇത്രേം നേരത്തെ, വല്യ ഒരു യാത്രേടെ ലക്ഷണമുണ്ടല്ലോ....

പാൽക്കാരൻ പയ്യന്റെ കുശലാന്വേഷണത്തിന് അയാൾക്കെന്തോ മറുപടിയോതുവാൻ തോന്നിയതേയില്ല.. എങ്കിലും ഒന്നിനും കൊള്ളാത്ത മഹത് ചിന്തകളിൽ നിന്നും ഉണർത്തപ്പെട്ടതിന്റെ അസാരസ്യങ്ങളെ മറച്ചുവെച്ച് അയാളൊന്ന് ചിരിച്ചെന്ന് വരുത്തി.

ചിരി ഈയിടെ കുറവാണ് കുമാരേട്ടന്.. ചിരികളെ സൂക്ഷിച്ച പേടകം നഷ്ടപ്പെട്ട ഒരു നിരാശഭാവം ആ മുഖത്തിപ്പോൾ ദൃശ്യമാണ്.

 ജീവിതയാത്രയിലെ നഷ്ടസ്വപ്നങ്ങൾ നിരാശതകളെ നൽകിയ ഈ വൃദ്ധന്റെ മുഖത്ത് ഈയിടെ വല്ലാത്തൊരു നിർവികാര ഭാവമാണ്. എങ്കിലും സ്വപ്നങ്ങളുടെ വെൺചിറകുകളേറുന്ന സ്വപ്നജീവിയായ ഈ മനുഷ്യന്റെ ഏകാന്ത നിമിഷങ്ങളിൽ അയാളുടെ മുഖം അസ്തമന സൂര്യന്റെ ചുവപ്പും തുടുപ്പും പടർന്നു നിൽക്കാറുണ്ട്.

ഒറ്റപ്പെടലിന്റെ ബാല്യമായിരുന്നു കുമാരേട്ടന്.. സഹപാഠികളുടെ കളിചിരികളിൽ നിന്നൊഴിഞ്ഞുമാറി ഏകാന്തമായൊരു കോണിൽ ഏകനായിരുന്ന് സ്വപ്നം കാണാറുള്ള കുമാരേട്ടനെ ഇടക്കെങ്കിലും വാസ്തവികത്വങ്ങളിലേക്ക് ക്ഷണിക്കാറുള്ളത് യശോദയുടെ സാമീപ്യമായിരുന്നു. കുമാരന്റെ കൌമാരത്തിലെ നിർവികാര ഭാവം അടർത്തി മാറ്റി അവിടെ പ്രണയത്തിന്റെ സുന്ദരഭാവം എഴുതി വെച്ചത് യശോദയാണ്. അവളുടെ പ്രണയം, അത് എത്ര പെട്ടെന്നാണ് കുമാരനെ മറ്റൊരു കുമാരനാക്കി തീർത്തത്. അന്നുമുതൽ ഇന്ന് വരെ ഉരുകിയൊലിക്കാതെ, ചോർന്നുപോകാതെ ആ പ്രണയം അവരിൽ നിറഞ്ഞു നിൽക്കുന്നതിനാൽ അതൊരു ദിവ്യ പ്രണയമായിരുന്നുവെന്ന് അനുമാനിക്കാം.

സത്യസന്ധനും മാന്യനുമായ കുമാരേട്ടന്റെ ജീവിതം മരുഭൂമിയുടെ വികൃതികൾ പോലെയാണ്. പലപ്പോളും വിധി അയാൾക്ക് മുന്നിൽ മരുപ്പച്ചക്കലായി വന്ന് ഭവിക്കാറുണ്ട്. സ്വപ്നജീവിയായ ഈ മനുഷ്യന്റെ ജീവിതം ഒരു മരീചിക പോലെയാണ് മറ്റൊരിക്കൽ. ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവാത്ത ഒരവസ്ഥയിൽ അതൊരു വിസ്മയം തീർത്തു നിൽക്കും. എന്നാലിപ്പോൾ ക്രുദ്ധനായ മാരുതന്റെ കോപം കലർന്നുണ്ടാവുന്ന പൊടിക്കാറ്റുകളിൽ നിന്നും ചെളി പടർന്നിരിക്കുകയാണ് അയാളുടെ ജീവിതം ഇപ്പോൾ.

കള്ളക്കുമാരാ.. ആരെ സ്വപ്നം കണ്ട് നടക്കുന്നു.. മരുമകളെയോ അതോ.....?
കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധർ വരെ സ്വപ്ന ജീവിയായ കുമാരേട്ടനെ കാണുമ്പോൾ പലപ്പോളും പരിഹാസച്ചുവ കലർത്തി ചോദിക്കുന്ന ഈ ചോദ്യമാണ് ഇന്ന് കുമാരേട്ടന്റെ ഏറ്റവും വലിയ ദുഖം. ഈയൊരു ചോദ്യം മതിയായിരുന്നു ഒറ്റപ്പെടലുകളുടെ അന്ധകാരത്തിൽ നിന്നും യശോദയുടെ പ്രണയം മോക്ഷം നൽകിയ കുമാരേട്ടനെ വീണ്ടും ഒറ്റപ്പെടലുകളുടെ വേദനകളിലേക്ക് തള്ളുവാൻ. ഇന്നീ ലോകത്ത് കുമാരേട്ടനെ വിശ്വസിക്കുന്നത് യശോദ മാത്രം. ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ, സ്നേഹത്തിന്റെ സുന്ദര വചനങ്ങളുമായി യശോദ കുമാരേട്ടനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ വേദനാ സംഹാരിക്കും കുമാരേട്ടന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ആ മുറിവിന്റെ വേദനയകറ്റാനാവുന്നില്ല.

കുമാരേട്ടന്റെ യാത്ര ഇരുവശവും നിരന്ന് നിന്ന് ഇളം കാറ്റിലൂടെ സന്ദേശങ്ങൾ കൈമാറിക്കളിക്കുന്ന ഞാവൽ മരങ്ങൾ നിറഞ്ഞ, നനഞ്ഞു പുതഞ്ഞ ചെമ്മപാതകളെ പിന്നിലാക്കി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഈ നനഞ്ഞ മണ്ണിലെ ഓരോ ചവിട്ടടിയും കുമാരേട്ടനിപ്പോൾ അഗ്നിപാതയിലെ അസഹനീയ വേദന നൽകുന്നുണ്ട്. അയാളുടെ ഹൃദയം ദ്രുതഗതിയിൽ മിടിക്കുകയും കരളിൽ കരിമുള്ളു പടരുന്ന വേദന പടരുകയും ചെയ്യുന്നു. ഇടക്കിടെ ഉടുമുണ്ടിന്റെ കരയാൽ കണ്ണിമകളിലെ ഈർപ്പം തുടക്കുന്ന കാഴ്ച അയാളിലെ നിരപരാധിത്വത്തിന്റെ വ്യക്തമായ തെളിവായിരിക്കണം.

മകന്റെ വിവാഹത്തോടെയാണ് കുമാരനെന്ന മാന്യനും സൽസ്വഭാവിയുമായ വ്യക്തി നാട്ടുകാർക്കിടയിൽ തെമ്മാടിയും അധകൃതനുമായി തീർന്നത്. മക്കളുടെ ഇഷ്ടങ്ങൾക്കായി ജീവിച്ച പിതാവ് തന്നെയായിരുന്നു കുമാരേട്ടൻ. എന്നാൽ സ്വന്തം മക്കൾ തങ്ങളിൽ നിന്നും അകന്ന് ജീവിക്കുന്നത് അയാൾക്ക് സഹിക്കാനാവുമായിരുന്നില്ല.മക്കൾ എന്നും തങ്ങൾക്കൊപ്പം വേണമെന്ന ചിന്ത ഒരുപക്ഷെ സ്വാർഥതയായിരിക്കാം. എന്നാൽ ആ സ്വാർഥത സ്നേഹത്തിന്റെ ഉത്തംഗശൃംഖങ്ങളിൽ നിന്നും ഉൽഭവിക്കുന്നത് തന്നെയാണ്.

അണുകുടുംബത്തെ മനസാ വരിച്ച മരുമകൾക്ക് പക്ഷെ കുമാരേട്ടന്റെ ഈ സ്വാർഥതയോട് വല്ലാത്തൊരു ഈർഷ്യതയുണ്ടായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഭർത്താവിന്റെ കാതിലോതിയ തലയണമന്ത്രങ്ങളിൽ ഫലം കാണാതായ അവൾക്ക് വാശിയേറി വന്നതുകൊണ്ടാവണം ഭർത്താവിന്റെ പിതാവിന്റെ നോട്ടങ്ങളിലും ഭാവങ്ങളിലും ലൈംഗിക ചേഷ്ടകൾ ആരോപിക്കാൻ അവൾ ഒരുമ്പെട്ടത്. അത് പക്ഷെ കുറിക്കു കൊള്ളുകയും ചെയ്തിരിക്കുന്നു.

കുമാരേട്ടന്റെ യാത്ര മകന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ഈ യാത്രയിൽ അയാളുടെ മനസ് തെല്ലും ശാന്തമല്ല, മനസറിഞ്ഞ് മാപ്പിരക്കാൻ അയാൾ തയ്യാറുമല്ല, അല്ലെങ്കിൽ തന്നെ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾക്ക് എങ്ങനെയാണ് മനസറിഞ്ഞ് മാപ്പിരക്കുന്നത്. എന്നാൽ താൻ ഇല്ലാതാവുന്നതോടെ ഒറ്റപ്പെട്ടുപോകുന്ന യശോദയെക്കുറിച്ച് അയാൾക്ക് ചിന്തിക്കാതിരിക്കാനാവില്ല. അവൾക്കായി എന്തുചെയ്യാനും കുമാരേട്ടൻ ഒരുക്കമാണ്. ആ സ്നേഹം തന്നെയാണ് ഇന്നത്തെ ഈ യാത്രക്ക് ആധാരവും.

കുമാരേട്ടന്റെ ശോകഭാവം കണ്ടിട്ടാവണം, ചാറ്റൽ മഴയുടെ ശക്തിയേറി വരുന്നു. ഭൂമിയിൽ ശക്തിയോടെ വീഴുന്ന വലിയ ജലത്തുള്ളികൾ പ്രകൃതിയുടെ കണ്ണുനീർ പോലെ തോന്നിച്ചു. ഇപ്പോൾ ഈ മഴക്ക് നേർത്ത തേങ്ങലിന്റെ താളമുള്ളത് പോലെ എനിക്ക് തോന്നുന്നു.

കുമാരേട്ടൻ മകന്റെ വീടിനടുത്തെത്തിയിരിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങുന്ന ശബ്ദം കേൾക്കാം. വലതുകയ്യിൽ നിന്നും കാലൻ കുട ഇടതുകയ്യിലേക്ക് മാറ്റി വലതു കൈ നീട്ടി അയാൾ ഗേറ്റ് തുറന്നു.  മുറ്റത്തെ ചുവന്ന മണ്ണിൽ തളം കെട്ടി നിന്ന മഴതുള്ളികൾ രക്തത്തുള്ളികളെ അനുസ്മരിപ്പിക്കുന്നു.

ആ വന്ദ്യവയോധികന്റെ വേദന കണ്ടിട്ടാവണം എങ്ങുനിന്നോ ശക്തമായ ഒരു കാറ്റു വീശി. പുറത്തെ നെല്പാടങ്ങളിൽ നിന്നും കുളക്കോഴിയുടെ വേദന നിറയുന്ന കരച്ചിൽ കേൾക്കുന്നു.

ഇറയത്ത് കയറി കുട മടക്കി ആദ്യ പടി ചവിട്ടാനൊരുങ്ങവേ പിന്നിൽ നിന്നും ശക്തമായ പ്രഹരമേറ്റതുപോലെ കുമാരേട്ടൻ മുന്നോട്ട് ആഞ്ഞു വീണു. 

കുമാരേട്ടന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നത് കാണാം. സഹായത്തിനായി ഒന്നുറക്കെ വിളിക്കണമെന്ന് അയാൾ ആശിച്ചെങ്കിലും ശബ്ദം പുറത്ത് വന്നതേയില്ല. മെല്ലെ അടയാനൊരുങ്ങുന്ന കണ്ണുകൾക്ക് മുന്നിൽ അയാൾ കണ്ടു. സ്നേഹത്തിന്റെ പര്യായമായ യശോദയെ, കുഞ്ഞിളം കാലുകൾ കൊണ്ട് പിച്ച വെച്ച് അരികിലേക്കോടിയെത്തുയെത്തുന്ന തന്റെ മകനെ..  മെല്ലെ മെല്ലെ ആ ശരീരം നിശ്ചലമാവുകയായിരുന്നു.

അപ്പോൾ അകലെ നൊന്തു പെറ്റ മകനും ജീവനാഥനായ കുമാരേട്ടനും കൈകോർത്ത് പടികടന്നെത്തുന്നതും സ്വപ്നം കണ്ട് യശോദ കാത്തിരിക്കുകയായിരുന്നു...

===============================

Sunday, August 5, 2012

ഈറൻസ്വപ്നങ്ങളെ മോഷ്ടിച്ചവര്...


ഇന്നലെ രാത്രി..
രാത്രിമഴയുടെ തണുപ്പിലും
എൻ മേനി അഗ്നിതാപത്താൽ
ഉരുകിയൊലിക്കുമ്പോൾ
മനസിൽ വേദനകളുടെ
വേലിയേറ്റം നടക്കുമ്പോൾ
ഉരുകിയൊലിച്ചാലെന്ന് നിനച്ചു ഞാൻ
എന്റെ സുന്ദര സ്വപ്നങ്ങൾ  
തകരപ്പെട്ടിയിലൊളിപ്പിച്ചു വെച്ചു.
ഇന്നു ഞാൻ
വഴിയോരങ്ങളിലൂടെ
വിയർത്തീറനായ വസ്ത്രത്താൽ
നടന്ന് നീങ്ങുമ്പോൾ
അരികിലാരോ വിളിച്ചു കൂവുന്നു
സുന്ദര സ്വപ്നങ്ങൾ വിൽക്കാനുണ്ടേ..
വഴിയോര വാണിഭക്കാരനടുത്ത്
കൌതുകത്തോടെ ഞാൻ
ഓടിയണഞ്ഞപ്പോൾ..
ഒരാന്തലോടെ ഞാൻ കണ്ടു
കുട്ടകൾ നിറച്ചവർ
വില്പനക്കായ് വെച്ചവ
എന്റെ സ്വപ്നങ്ങൾ തന്നെ.
ഇളം നീല നിറം കലർന്ന
എന്റെ  പ്രിയ സ്വപ്നങ്ങള്

Friday, August 3, 2012

അവിവേകികൾ...


ഒരിക്കൽ ഞാൻ ചോദിച്ചു..
ജീവിതം അതെന്താണ്..
അന്നെന്റെ മനസിന്
പക്വതയും പാകതയുമില്ലെന്ന്
നിങ്ങളെന്നെ വിമർശിച്ചു..
പിന്നെ ഞാൻ ചോദിച്ചു.
പക്വത, അതെന്തെന്ന്..
നിങ്ങളുടെ ചിരിയിൽ
എന്റെ അറിവില്ലായ്മയോടുള്ള
പരിഹാസമായിരുന്നു.
ഇന്ന് ഞാൻ എന്റെയീ
പക്വമല്ലാത്ത മനസുകൊണ്ട്
പാകതയില്ലാത്ത ഹൃദയം കൊണ്ട്
ജ്ഞാനമില്ലാത്ത തലച്ചോറുകൊണ്ട്
പെരും നുണകളുടെ കെട്ടഴിക്കുന്നു..
പക്വതയെക്കുറിച്ച് അറിവിനെക്കുറിച്ച്
ജീവിതത്തെക്കുറിച്ച് മരണത്തെക്കുറിച്ച്
പാതയോരപന്തലുകളിൽ ഘോരഘോരം
അസംബന്ധങ്ങൾ വിളിച്ചു കൂവുമ്പോൾ
കേട്ടിരിന്നു കയ്യടിക്കുന്നതും നിങ്ങൾ തന്നെ
ഇപ്പോൾ
എന്റെ സംശയം മറ്റൊന്നാണ്
സത്യത്തിൽ നമ്മളിൽ ആരാണ്
യഥാർഥ അവിവേകികൾ.

Thursday, August 2, 2012

എന്റെ കവിതക്ക് പുതുമയില്ല..

ഹൃദയം കൊണ്ട്
ഞാനൊരു കവിത തീർത്തു
ഞരമ്പുകളെ വളച്ച്

വള്ളികളും പുള്ളികളുമാക്കി
കരളിന്റെ വ്യഥകളാൽ
പ്രാസമൊപ്പിച്ച്
വിധിയുടെ വികൃതിളാൽ
അലങ്കാരം തീർത്ത്
സ്നേഹാക്ഷരങ്ങളാൽ
വൃത്തമൊപ്പിച്ച്
ജീവരക്തം മഷിയാക്കി
ജീവിതം കൊണ്ട് 
ഞാനെഴുതിയ കവിത..

എന്നിട്ടും..

അനുവാചകർ
അടിയിലടിവരയിട്ട്
എഴുതിക്കൂട്ടിയഅക്ഷരങ്ങളെ 
കൂട്ടി വായിച്ചാൽ കിട്ടുന്നത്
എന്റെ ഈ കവിതക്കും
പുതുമയില്ലെന്നാണല്ലോ...