Tuesday, February 14, 2012

ഒരു നിഴലിന്റെ നൊമ്പരങ്ങള്.. ( കഥ)

ഉച്ച സൂര്യന്റെ കാരുണ്യത്തിന്റെ മുത്തുകൾ കരസ്ഥമാക്കിയാവണം കറുത്ത നിഴലുകൾ ഈ നടത്തത്തിൽ എനിക്കൊപ്പം കൂടി. എന്നോടൊപ്പം നടക്കുകയും എന്റെ ചലനങ്ങൾക്കൊപ്പം ചലിക്കുകയും ചെയ്യുന്ന നിഴലുകൾ. ഇവ എന്നെപ്പോലെ തന്നെ ചിന്തിക്കുന്നുണ്ടാവുമോ?
 ഇടക്കിടെ വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞും ചെരിഞ്ഞും ഇവ എന്തിനായിരിക്കും എന്നെ അനുകരിച്ചു കൊണ്ട് എനിക്കൊപ്പം നീങ്ങുന്നത്? ആത്മാക്കളെ സൂക്ഷിക്കുന്ന സൃഷ്ടി കർത്താവിന്റെ പൊൻപേടകത്തിൽ നിന്നും ഒളിച്ചു ചാടിയ, എന്നെ തന്നോളം സ്നേഹിക്കുന്ന ഏതോ മിത്രങ്ങളായിരിക്കാം നിഴലുകളായി എന്നും എനിക്കൊപ്പം നടക്കുന്നത്. മനസിലുള്ളത് തുറന്ന് പറയാനാവാത്തതിനാൽ ചലനങ്ങളിലൂടെ അതെന്നോട് സംസാരിക്കുകയാവാം.
അതെ പലപ്പോളും പല രൂപങ്ങളായി പല വലിപ്പത്തിൽ എനിക്കൊപ്പം നീങ്ങുന്ന നിഴലുകൾ ഒരാളാവാൻ വഴിയില്ല, അത് പലരായിരിക്കാം. അവയിൽ എന്നെ പ്രണയിച്ചവരുണ്ടാവാം, എന്നെ സ്നേഹിച്ചവരുണ്ടാവാം, എന്റെ പൂർവ്വിക പരമ്പരകളിൽ‌പ്പെട്ട മഹാമനുഷ്യരുമുണ്ടായിരിക്കാം.
ഈ നിഴലുകൾക്ക് എന്നോട് പറയുവാനുള്ളത് എന്തായിരിക്കും. വരാനിരിക്കുന്ന പുതുയുഗത്തിലെ നിലാപക്ഷികൾ പാടാനിരിക്കുന്ന പുതിയ പാട്ടുകളെക്കുറിച്ചാവാൻ വഴിയില്ല, പൊയ്പ്പോയ നിലാവിലെ ഏതോ നിശാപുഷ്പം പാടിയ പ്രണയ ഗാനങ്ങളുടെ പല്ലവികളെക്കുറിച്ചാവാം.
 വരാനിരിക്കുന്ന സുന്ദര ഗാനങ്ങളിലെ വരികൾ പോലും കടലുകളിൽ പ്രയാണം ചെയ്തുപോയ മഹാമനുഷ്യരുടെ ജീവിത ഗാനവീചികളിൽ നിന്നും ഏറെ അകലെയാണല്ലോ. ജീവിതപ്രയാണത്തിൽ തെറ്റുന്ന വഴികളിൽ നിന്നും മാറ്റി നടത്താനും അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഉപദേശങ്ങൾ ചൊരിഞ്ഞെന്നെ നേർവഴി കാണിക്കാനും ജീവിത ഗന്ധമുള്ള ഗാനമുരുവിടുന്നുണ്ടാവണം ഇവ. എന്നിട്ടും എനിക്കൊന്നും കേൾക്കാനാവുന്നില്ലല്ലോ.
എന്റെ യാത്ര തുടർന്നു കൊണ്ടിരുന്നു, കൂനിപ്പുഴയുടെ ആഴം കുറഞ്ഞ ഭാഗം നോക്കി മുട്ടിനൊപ്പം ഉയർന്ന് ഒഴുകി നീങ്ങുന്ന വെള്ളത്തിലൂടെ പുഴ മുറിച്ചു കടക്കുമ്പോൾ കാതിൽ ഒരു വിളികേട്ടു.
“കുഞ്ഞേ…!“
ഞാൻ തിരിഞ്ഞു നോക്കി, അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല, നിഴലുകളുടെ സംസാരത്തെക്കുറിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നിട്ടും സ്നേഹോഷ്മളമായ വാത്സല്യത്തോടെ എന്നെ വിളിച്ചത് ആ നിഴലുകളിലൊന്നായിരിക്കുമെന്ന് ഞാൻ ചിന്തിച്ചതുപോലുമില്ല.
“മകനേ..  ഞാൻ തന്നെ,  എന്നും നിനക്കൊപ്പം നടക്കുന്ന ഞാൻ തന്നെയാണ് നിന്നെ വിളിച്ചത്”
നിഴലുകൾ സംസാരിക്കുകയോ, എനിക്കല്പം ഭയം തോന്നാതിരുന്നില്ല, കൂനിപ്പുഴയുടെ നീണ്ട തീരങ്ങൾക്കിരുവശവും എന്റെ കണ്ണുകൾ തേടി, ഉച്ചയുടെ ചൂടുള്ള കാറ്റിൽ ഇളകിയാടുന്ന തെങ്ങുകളും കാറ്റിനൊപ്പം വളഞ്ഞു പുളഞ്ഞ് നൃത്തം ചെയ്യുന്ന കവുങ്ങുകളുമല്ലാതെ മറ്റൊന്നും അരികിലെവിടെയും കണ്ടില്ല.
“മകനേ..! ഭയം ലോകത്തിന് നഷ്ടമല്ലാതെ ലാഭമായതൊന്നും നേടിക്കൊടുത്തിട്ടില്ല കുഞ്ഞേ, എന്നിട്ടും വീണ്ടും വീണ്ടും ഭയന്ന് ജീവിക്കുക എന്നത് നാം നമ്മോട് ചെയ്യുന്ന ക്രൂരത തന്നെയാണ്”
എന്റെ മുഖത്തെ ഭയാനക ഭീതി കണ്ടിട്ടാവണം നിഴലിന്റെ ശബ്ദത്തിൽ ‘ദൂരെ വലിച്ചെറിയൂ നിന്റെ അനാവശ്യ ഭയം‘  എന്ന സ്നേഹമൂറുന്ന താക്കീതുണ്ടായിരുന്നു. കൂനിപ്പുഴയുടെ മറുകര കടന്നതും കറുത്ത നിഴലിന് മെല്ലെ  രൂപമാറ്റം വന്നുതുടങ്ങി. മെല്ലെ അതൊരു മനുഷ്യനായി രൂപന്തരപ്പെട്ടു കൊണ്ടിരിക്കയായിരുന്നു.
വെളുത്ത നീളൻ ജുബയും പാരിജാതപ്പൂക്കളെ പോലും ലജ്ജിപ്പിക്കുന്ന വെണ്മയുള്ള മുണ്ടും ധരിച്ച ഒരു മനുഷ്യ രൂപമായി അത് രൂപാന്തരം കൊള്ളുന്ന നേരം എന്റെ ഹൃദയസ്പന്ദനത്തിന്റെ ശബ്ദം  കൽക്കരി വണ്ടിയുടെ  മുഴക്കത്തേക്കാൾ മുഴങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
വെളുത്ത ജുബയിട്ട നിഴൽമനുഷ്യന്റെ വലതു കൈ മെല്ലെ എന്റെ വലതുകൈക്കു നേരെ നീണ്ടു. ആ കൈയുടെ സ്പർശനം എന്റെ മനസിലൊരു കുളിർ പടർത്തിയോ..  എന്റെ സ്പന്ദന വേഗം മെല്ലെ കുറഞ്ഞ് മിതത്വം പാലിച്ചുതുടങ്ങി. മുല്ലപ്പൂക്കളെ അനുസ്മരിപ്പിക്കുന്ന പല്ലുകൾ കാട്ടി അതെന്നെ നോക്കി പുഞ്ചിരിച്ചു.  സ്നേഹവും വാത്സല്യവും നിറഞ്ഞ നിഴൽ മനുഷ്യന്റെ പെരുമാറ്റം എന്റെ ഭയത്തെ ഉരുക്കിയെടുത്തുവെന്ന് തോന്നുന്നു. മനസ് ശാന്തമായി.
“കുഞ്ഞേ,  നമുക്കിവിടെയിരിക്കാം, നീ ആഗ്രഹിച്ചതുപോലെ ഞാൻ നിനക്ക് മുൻപിലുണ്ട്. നിന്റെ ചോദ്യങ്ങൾക്ക് പലതിനും ഉത്തരം നൽകാൻ എനിക്കാവില്ലായിരിക്കാം. എങ്കിലും എന്റെ കഥ ഞാൻ പറയാം. ആ കഥകളിൽ നിന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ടായിരിക്കണം.”
പച്ചോലകൾ കൊണ്ട് പന്തലിട്ടു തന്ന ഒരു തൈത്തെങ്ങിനരികിൽ ഞങ്ങളിരുന്നു. അദ്ദേഹത്തിന്റെ കുലീന ഭാവം എന്റ മനസിൽ അദ്ദേഹത്തോടുള്ള ഭയഭക്തി ബഹുമാനങ്ങൾ നിറച്ചു. വല്ലാത്തൊരു ബഹുമാനം മനസിൽ നിറഞ്ഞത് അദ്ദേഹത്തിനൊപ്പം ഇരിക്കാൻ എനിക്കല്പം വിഷമമുണ്ടാക്കി. എന്നാൽ അദ്ദേഹത്തിന്റെ നിർബന്ധം എന്നെ അദ്ദേഹത്തിനരികിലിരുത്തുക തന്നെ ചെയ്തു.
“കുഞ്ഞേ, ഞാനൊരു കഥ പറയാം. എന്റെ കഥ അല്ലെങ്കിൽ ഇവിടെ ജീവിച്ച ചിലരുടെ കഥ.“ അദ്ദേഹം എന്നെ നോക്കി.
ഞാൻ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.. അദ്ദേഹം പറഞ്ഞു തുടങ്ങി..
“നിന്നെപ്പോലെ തന്നെയായിരുന്നു അവളും. നിഴലുകളെ പ്രണയിച്ച പെൺകുട്ടി, കറുത്ത നിഴലുകളെ അവൾ വെറുതെ പ്രണയിച്ചുകൊണ്ടേയിരുന്നു, എന്നാൽ അവക്ക് മുഖമുണ്ടായിരുന്നില്ല മനസും. ഋതുഭേദങ്ങൾ മാറി മറിഞ്ഞു. വർഷവും വസന്തവും ശിശിരവും വേനലും മാറി മാറി വന്ന കാലത്തിലെന്നോ  അവളൊരു നിഴലിനെ കണ്ടുമുട്ടി. തെളിഞ്ഞ മുഖവും ആർദ്രമായ മനസുമുള്ള ഒരു നിഴൽ..അത് ഞാനായിരുന്നു കുഞ്ഞേ.. ഈ ഞാൻ“
“സ്ത്രീ, സൌന്ദര്യത്തിന്റെ പ്രതീകമാണ്. അവളുടെ മനസ് നന്മയുടെ വെൺപ്രാവുകൾ പറക്കുന്ന അമ്പല മേടുകളാണ്. അവളുടെ സ്നേഹമൊഴികൾ കഠിന ശിലകളെപ്പോലും അലിയിപ്പിക്കുന്ന മഹാമരുന്നാണ്.
 അതെ എല്ലാ അർഥത്തിലും അവളൊരു സ്ത്രീയായിരുന്നു, സ്ത്രീയെന്ന വാക്കിന് എന്തുകൊണ്ടും യോഗ്യത നേടിയവൾ. ആ സ്ത്രീത്വം ഈ നിഴലിനെയും വല്ലാതെ ആകർഷിച്ചു. പിന്നെ പ്രണയത്തിന്റെ സുന്ദര നാളുകളായിരുന്നു. മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും പുതിയ ചിറകുകൾ മുളച്ച നേരം ഇണപ്രാവുകളായി ഞങ്ങളീ ഗ്രാമത്തിന് മുകളിൽ പരസ്പരം പുണർന്ന് പറന്നു നടന്നു.“
“എന്നിട്ട്..“  എന്റെ ആകാംക്ഷക്ക് ജീവൻ വെച്ചതിനാൽ അദ്ദേഹം നിർത്തിയതും ഞാൻ ചോദിച്ചു.
“എന്നിട്ടെന്താണ് കുഞ്ഞേ, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയപ്പോൾ കാലം അതിന്റെ മായാജാലം പുറത്തെടുത്തു.“
കാലത്തിന്റെ മായാജാലമോ?  അങ്ങെന്താണുദ്ദേശിക്കുന്നത്..?
“കാലത്തിന്റെ മായാജാലം തന്നെ, അല്ലെങ്കിൽ പിന്നെന്താണ് കുഞ്ഞേ.. മനുഷ്യരൂപം കൊണ്ട മൃഗതൃഷ്ണയുടെ ആരാധകർ പിച്ചിച്ചീന്തിയ എന്റെ പ്രണയിനിയുടെ അഴുകിയ ജഡം ഈ കൂനിപ്പുഴയുടെ ഒഴുക്കിലൂടെ ഒഴുകി നീങ്ങിയത് കാലത്തിന്റെ മായാജാലമല്ലെങ്കിൽ പിന്നെന്താണ്.? ഈ ഭൂമിയിലെ ഓരോ അണുവിനെയും തന്നെക്കാളേറെ സ്നേഹിച്ച അവളെ നശിപ്പിച്ചു കൊല്ലുവാൻ വിധി പറഞ്ഞയച്ച കാപാലികർ കാലം കരുതിവെച്ച മായാജാലക്കാർ അല്ലെങ്കിൽ പിന്നാരാണ്?“
“കാലത്തിന്റെ മായാജാലക്കാരെ നീ ഇതുവരെ കണ്ടില്ലെന്നാണോ.. ഈ പുഴയിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ, ഈ ജലത്തിൽ നിന്നൊരല്പം കയ്യിലെടുത്ത് മണത്തു നോക്കൂ.. ഈ പുഴയുടെ ഓരോ തുള്ളിയിലും ഞാനടക്കം അനേകായിരം മനുഷ്യരുടെ കണ്ണുനീർകണങ്ങൾ ഒഴുകി നീങ്ങുന്നത് കാണാം. ഞങ്ങളുടെ രക്തത്തിന്റെ ഗന്ധം ഓരോ ജലകണികയിലും പടർന്നിരിക്കുന്നത് കാണാം. ഞങ്ങളുടെ വിയർപ്പിന്റെ ഈറൻ ഗന്ധം ഓരോ ജലത്തുള്ളിയിലും ഒളിഞ്ഞിരിപ്പുണ്ടാവണം.“
“സമ്പന്നമായ ഈ നാടിനെ മാത്രമേ നീ കണ്ടിട്ടുള്ളൂ കുഞ്ഞേ, കുറെ വർഷങ്ങൾക്ക് മുൻപ് ഈ ഭൂമി ഇങ്ങനെയായിരുന്നില്ല. തരിശായി കിടന്ന വരണ്ട ഭൂമിയെ ജലം ചേർത്ത് കുഴച്ചെടുത്ത് ഈർപ്പമുള്ളതാക്കി മാറ്റി നെല്ലും പയറും മരച്ചീനിയും വാഴയും അങ്ങനെ മനുഷ്യന്റെ ആഹാരത്തിനുള്ളതെല്ലാം വിളയിച്ച് ഈ നാടിനെ സമ്പന്നതയിലെത്തിച്ചത് ഞങ്ങളാണ്. സകല ജീവജാലങ്ങൾക്കും അത്യാവശ്യമായ ഈ പുഴ നിർമ്മിച്ചതും ഞങ്ങളാണ്.”
“ജീവിതത്തിന്റെ നല്ലൊരു പങ്കും ഈ നാടിനു വേണ്ടി കഷ്ടപ്പെട്ട, ഒരായിരം കൊല്ലം ഈ നാടിനെ എന്നും കണ്ണിൽ കാണാൻ ആഗ്രഹിച്ച ഞങ്ങൾക്കിപ്പോൾ ഈ നാട് കാണുന്നത് തന്നെ വേദനയാണ് കുഞ്ഞേ..എന്നിട്ടും നിഴലുകളായി ഞങ്ങളെന്നും ഇവിടെയെത്തുന്നു.
 തരിശു ഭൂമിയെ വിളനിലമാക്കാൻ ഞങ്ങൾ രാപ്പകൽ അധ്വാനിച്ചുവെങ്കിൽ വിളനിലങ്ങളെ തരിശാക്കി മാറ്റുവാൻ പുതുതലമുറ വല്ലാതെ കഷ്ടപ്പെടുന്നത് ഞങ്ങളെങ്ങനെയാണ് കണ്ടു നിൽക്കേണ്ടത്. മണ്ണിനും ജലത്തിനും മനുഷ്യനും സകല ജീവജാലങ്ങൾക്കും സമൃദ്ധി നൽകിയതിന്റെ പേരിൽ മാത്രം ഞങ്ങളെ പഴിക്കുന്ന പലരെയും നീ ഇവിടെ കാണുന്നില്ലെന്നാണോ.”
ഞാൻ ആ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി, രോഷം കലരുന്ന സങ്കടഭാവം ആ മുഖം കടും ചുവപ്പു നിറം കലർത്തിയിരുന്നു. വിയർപ്പു കണങ്ങൾ പൊടിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ മൂക്ക് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
“കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടെന്നാണോ അങ്ങ് പറയുന്നത്?” ഞാൻ വിനയ പൂർവ്വം തിരക്കി
“എന്തു മാറ്റങ്ങളാണ് കുഞ്ഞേ, കമ്പ്യൂട്ടറും ഇന്റെർനെറ്റും ആണവായുധങ്ങളുമാണോ കാലാനുസൃതമായ മാറ്റങ്ങൾ?” എങ്കിൽ ഒന്നറിഞ്ഞോളൂ. ഇതൊന്നും നിങ്ങളുടെ മാത്രം കണ്ടുപിടുത്തങ്ങളല്ല, പല മഹത്തായ കണ്ടുപിടുത്തങ്ങളെയും പിന്തുടർന്നും അനുകരിച്ചും മാത്രമാണ് നിങ്ങളിവിടെ എത്തുന്നത്. അതെല്ലാം മോശമാണെന്നല്ല, എന്നാൽ പഴമയെ പുറം കാലുകൊണ്ട് തൊഴിച്ചുകൊണ്ടിരിക്കുമ്പോൾ പഴമയുടെ തത്വങ്ങളിലൂടെയാണ് പുതുമയുടെ മാറ്റങ്ങളിലേക്ക് എത്തിപ്പെട്ടതെന്ന കാര്യം വിസ്മരിക്കരുത്..”എന്ത് മാറ്റങ്ങളുടെ പേരിലാണെങ്കിലും ഇരിക്കുന്ന കൊമ്പു മുറിക്കുന്നത് അഗാധമായ വീഴ്ചക്ക് തന്നെ കാരണമാവും. സ്വന്തം അസ്ഥിത്വത്തെ തള്ളിപ്പറയുന്നതും ഭൂഷണമായിരിക്കില്ല. കമ്പ്യൂട്ടറും ആണവായുധങ്ങളും ഭക്ഷ്യയോഗ്യമല്ല കുഞ്ഞേ, ഭക്ഷണം തരുന്ന കൃഷിയിടങ്ങളെ മാറ്റങ്ങൾക്ക് വേണ്ടി നശിപ്പിച്ചു കളയുന്നത് നാളത്തെ തലമുറയെ പട്ടിണിക്കിടാനുള്ള ഏറ്റവും ലളിതമായ വഴിയാണെന്നോർക്കുക”
ഉപദേശങ്ങൾ മറ്റാർക്കുമെന്ന പോലെ എനിക്കും വല്ലാത്ത ഈർഷ്യതയുണ്ടാക്കുന്നുണ്ട്, ഇദ്ദേഹത്തിന്റെ കവലപ്രസംഗം കേൾക്കുന്നതിനേക്കാൾ പ്രണയ കഥ കേൾക്കുന്നത് തന്നെ സുഖം.
“എന്നിട്ട് അങ്ങയുടെ പ്രണയിനിയെ കൊല ചെയ്തവർക്കെന്തു സംഭവിച്ചു?“
  വിഷയം മാറ്റാനെന്നവണ്ണം ഞാൻ ചോദിച്ചു.
അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരി പടർന്നു, അദ്ദേഹത്തിന്റെ വാക്കുകൾ തികഞ്ഞ അവജ്ഞയോടെ പുച്ഛിച്ചു തള്ളി വിഷയം മാറ്റാൻ ശ്രമിച്ച എന്നോടുള്ള പരിഹാസം നിറയുന്ന ചിരിയായിരുന്നു അതെന്ന് എനിക്ക് തോന്നി. അതൊഴിവാക്കാമായിരുന്നു.....
സ്വയം ലജ്ജ തോന്നി അദ്ദേഹത്തെ സംസാരിപ്പിക്കാനായി ഞാൻ അദ്ദേഹത്തിനു നേരെ നോക്കവേ ആ രൂപം അപ്രത്യക്ഷമായിരുന്നു. പടിഞ്ഞാറെ ചക്രവാളത്തിലേക്ക് സൂര്യൻ ഊളിയിടാൻ തുടങ്ങിയിരിക്കുന്നു.സൂര്യൻ മറഞ്ഞു തുടങ്ങിയാൽ നിഴലുകൾക്ക് ജീവൻ നഷ്ടപ്പെടുമെന്ന സത്യം ഞാൻ അപ്പോളാണ് ഓർത്തത്.
ഒരു യാത്ര പോലും ചൊല്ലാതെയുള്ള ആ മറഞ്ഞുപോക്ക് എന്നെ തെല്ല് വിഷമിപ്പിക്കാതെയിരുന്നില്ല. ഒരുപക്ഷെ ഇനിയുമൊരു ദിവസം പറഞ്ഞു വെച്ചത് പൂർത്തീകരിക്കാനായി അതെന്നരികിലെത്തുമായിരിക്കാം.
ഞാൻ എഴുന്നേറ്റു, മുന്നോട്ടുള്ള എന്റെ യാത്ര തുടർന്നു, ആ യാത്രയുടെ ഓരോ കാൽ വെപ്പുകളിലും നിഴലിന്റെ ശബ്ദം കാതിൽ പ്രകമ്പനം കൊണ്ടിരുന്നു.
മുന്നിലെ തരിശു ഭൂമിയിലെ വരണ്ടു പൊട്ടിയ ഭാഗങ്ങളിൽ ഏതോ കൊച്ചു ജീവി ഉറക്കെ വിളിച്ചു പറയുന്നുണ്ടെന്ന് എനിക്ക് തോന്നി.
“ പുതിയ തലമുറകളിൽ ദാരിദ്ര്യത്തിന്റെ വേദന കലരുന്ന രോദനങ്ങളിൽ ഹേ നിഴലുകളേ നിങ്ങളുടെ കഥ അവർക്ക് മനസിലാവുമായിരിക്കാം.

No comments:

Post a Comment