Sunday, September 21, 2014

ഭൈരവൻ..


ചുടലക്കാടിന്റെ കിഴക്കേ അതിരിലെ ആലമരത്തിന്റെ തണല്പറ്റി അയാളുണ്ടായിരുന്നു
ഇന്ന് വൈകുന്നേരം സംസ്കരിക്കാനായി ചിതക്ക് വിറക് കൂട്ടുന്ന പരേതന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നോക്കി അയാൾ അർഥ ഗർഭമായി ഒന്ന് ചിരിച്ചു. പിന്നെ മെല്ലെ എഴുന്നേറ്റ് അവർക്കരികിലെത്തി.

എങ്ങനെ ആയിരുന്നു?“

വാഹനത്തിൽ കൊണ്ട് വന്ന് കൂട്ടിയിട്ട വിറക് കഷ്ണങ്ങളിൽ നിന്നും രണ്ട്  കൈകളിലും ഓരോന്നെടുത്ത് ചിതക്കരികിൽ അടുക്കുന്നതിനിടെ അയാൾ ചോദിച്ചു.

ഹൃദയസ്തംഭനം..”

ഭൈരവന്റെ നീണ്ട ജഡപിടിച്ച താടിയും മുടിയും വസ്ത്രവും  നൽകിയ ദുർഗന്ധം അസഹനീയമായതിനാലാവണം അത് തെല്ല് നീരസത്തോടെയാണ് മധ്യ വയസ്കൻ പറഞ്ഞത്.

ഭൈരവൻ വായ തുറന്നു ചിരിച്ചു. വായിൽ ബാക്കി വന്ന രണ്ട് മൂന്ന് പല്ലുകൾ മഞ്ഞയും കറുപ്പും കലർന്നിരുന്നു.

സമയാവുമ്പോ പോവാതെ പറ്റില്ലാലോ ല്ലേ?“

മുഖത്തെ ചിരി മായ്ക്കാതെ, എങ്കിലും തികഞ്ഞ ഗൌരവത്തിലാണ് ഭൈരവൻ മധ്യവയസ്കനെ നോക്കി പറഞ്ഞത്..

മധ്യവയസ്കൻ അത് കേട്ടതായി ഭാവിച്ചില്ല, ഒരുപക്ഷേ ഇയാളോട് സംസാരിക്കാൻ നിന്നാൽ അയാൾ തന്റെ ശരീരത്തോട് അല്പം കൂടി ചേർന്ന് നിന്നാലുള്ള ദുർഗന്ധം ഭയന്നാവാം, അല്ലെങ്കിൽ ഒരുപക്ഷേ പരേതന്റെ ഏറ്റവും അടുത്ത ആരെങ്കിലുമാവാം..

ചോദ്യത്തിന് ഉത്തരം കിട്ടാത്തതും സംസാരത്തിന് മറുപടിയില്ലാത്തതും  ഭൈരവന് ഇത് ആദ്യമായൊന്നുമല്ല.. അത്തരം നടപടികളിൽ ഭൈരവന് തെല്ലും നിരാശയുമില്ല.

മധ്യ വയസ്കൻ അടുത്ത് നിൽക്കുന്ന ആളെ വിളിച്ചു കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി

ഭാസ്കരാ.”

ഭാസ്കരൻ പോക്കറ്റിൽ നിന്നും നൂറ് രൂപാ നോട്ടെടുത്ത്  കയ്യിൽ ചുരുട്ടി പിടിച്ച് ഭൈരവനരികിലേക്ക് നടന്നു.ഭൈരവന്റെ കയ്യിൽ പിടിച്ച് അയാൾ നോട്ട് അയാളുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു.

.. പൈസ തന്ന് ഒഴിവാക്കാൻ വന്നതാ.. ല്ലേ?”

നന്നായി, ഒഴിവാക്കണം.. മരിച്ചവർക്കറിയാം ഭൈരവന്റെ വില.. മരിച്ചവർക്കേ അറിയൂ ഭൈരവന്റെ വില. ആരും കൂട്ടില്ലാത്ത ആത്മാക്കളാണ് ഭൈരവന്റെ കൂട്ട്.. മരണം വരെ ആർക്കും വേണ്ടി വരില്ല ഭൈരവനെ.. പക്ഷേ നീയൊക്കെ നാളെ ഇവിടെ വരുമ്പോൾ നീയും അറിയും ഭൈരവന്റെ വില..“

ഭാസ്കരന് വേണ്ടായിരുന്നു എന്ന് തോന്നിക്കാണണം.. അയാൾ ഭൈരവനെ ദയനീയമായി നോക്കി..

ക്ഷമിക്കണം, നിങ്ങളെ ഇവിടെ നിന്ന് ഒഴിവാക്കാനൊന്നുമല്ല, ചായ കുടിക്കാൻ ചില്ലറ, അത്  സധാരണ എല്ലായിടത്തും പതിവുള്ളതല്ലേ
.
ഉം, മനസിലായി, ഞാൻ സഹായത്തിന് വന്നപ്പോൾ നിങ്ങൾക്ക് തോന്നി വല്ലതും കിട്ടാനായി പറ്റിക്കൂടിയതാണ് എന്ന് അല്ലേ? മനുഷ്യത്വത്തിന് വില പറയുന്നവൻ തന്നെ മനുഷ്യൻ.. ത്ഫൂ

ഇല്ല സുഹൃത്തെ, അങ്ങനെയൊന്നുമില്ല, നിങ്ങളെ മനസിലാക്കാനാവാതെ പോയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു

വേണ്ട, അതിന്റെ ആവശ്യേ ഇല്ല, ഭൈരവൻ ആദ്യമായല്ല വക കാര്യങ്ങള് കാണണതും കേൾക്കണതും അനുഭവിക്കണതും.. അതൊക്കെ പോട്ടെ  നിസാര കാര്യങ്ങളിൽ ഭൈരവന് തെല്ലും നിരാശ തോന്നാറില്ല, ജീവിതത്തെക്കുറിച്ച് മാത്രം അറിയുന്നവരാണ് നിങ്ങൾ.. മരണശേഷം നമ്മൾ തമ്മിൽ കാണുമ്പോളാവും നാം തമ്മിൽ കൂടുതൽ ശക്തമായ ഒരു ബന്ധമുണ്ടാവുക. ഇന്ന് നിങ്ങൾക്ക് കൂട്ടിന് പലരുണ്ടാവും, അന്ന് നിങ്ങൾക്ക് ഞാൻ മാത്രമാവുമല്ലോ കൂട്ട്..”

ഭാസ്കരൻ ഒരക്ഷരം മിണ്ടാതെ അയാളെ നോക്കി, ഒറ്റ നോട്ടത്തിൽ അധകൃതനെന്നോ ഭ്രാന്തനെന്നോ ഒക്കെ തോന്നുന്ന ഒരു മനുഷ്യൻ, ഒരു സാത്വികനെ പോലെ അർഥവത്തായ സംസാരം, ഇയാളൊരു പണ്ഡിതനാവാം, അല്ലെങ്കിൽ തന്നെ ചുടലയിൽ ആത്മാക്കളുമായി സംവദിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഇയാൾ ഒരു പണ്ഡിതശ്രേഷ്ടനാവാതെ തരമില്ലല്ലോ..

എത്ര വയസായിക്കാണുംഭൈരവൻ ഭാസ്കരനെ നോക്കി

വയസ് അമ്പത്തൊന്നാവും അടുത്ത ചിങ്ങത്തില്, പക്ഷേ കണ്ടാൽ അറുപതിൽ കൂടുതൽ പറയുമെന്നാ ഭാര്യ പറയണേ.. മക്കളൊക്കെ ഒരു കരപറ്റണ വരെ ഒറ്റക്ക് ജീവിത നൌക തുഴഞ്ഞ് കരക്കടുപ്പിക്കാൻ പെടാപ്പാട് പെടുന്നോർക്കെല്ലാം പ്രായത്തിൽ കൂടുതൽ പ്രായം തോന്നിക്കുമല്ലോ

"നിങ്ങളെക്കുറിച്ചല്ല ഞാൻ ചോദിച്ചത്, ജീവിച്ചിരിക്കുന്നവരുടെ വയസും പ്രായവും അറിഞ്ഞിട്ട് എനിക്കെന്താണ്? പരേതന്റെ പ്രായമാണ് ഞാൻ ചോദിച്ചത്.."

എന്റെ പ്രായം വരും..”

ഉയരം?

ആറടിയോളം ഉയരം കാണും, നീളവും വണ്ണവും പാകമായ നല്ല ഒത്ത ശരീരം, പറഞ്ഞിട്ടെന്താ? ഇത്രേയുള്ളൂ മനുഷ്യന്മാരുടെ കാര്യം അല്ലേ?”

ഭൈരവൻ ഒന്നും പറഞ്ഞില്ല, വെറുതെ ചിരിച്ചു. വായിൽ അവശേഷിച്ച പല്ലുകൾ കാട്ടിയ ഒരു ചിരി

അയാൾ പരേതന്റെ രൂപം ഭാവനയിൽ കാണുകയാണെന്ന് തോന്നി. അയാളുടെ മുഖത്ത് ഗൌരവം നിറഞ്ഞു. വീണ്ടും അയാളൊന്നു ചിരിച്ചു. ചുണ്ടുകൾ തുറക്കാത്ത അർഥഗർഭമായ ഒരു ചിരി.

അകലെ നിന്നും പരേതന്റെ ശരീരം വഹിച്ച് ആൾക്കൂട്ടം ശ്മ്ശാനത്തെ ലക്ഷ്യമായി നടന്നു വരുന്നുണ്ടായിരുന്നു.

ഭൈരവന്റെ മുഖത്ത് സന്തോഷവും മറ്റു മുഖങ്ങളിൽ ദുഖവും തളം കെട്ടി നിൽക്കുന്നത് ശ്രദ്ധിക്കാതെ മൃത ശരീരം ശ്മശാന വളപ്പിലേക്ക് കടന്നുവന്നു.

ശരീരം ചിതയിൽ വെച്ച് വിറകുകളടക്കി വെച്ച് ശാന്തിക്കാരൻ കർമ്മങ്ങൾക്ക് നേതൃത്വം നൽകി, പതിനഞ്ചോ പതിനാറോ വയസു തോന്നിപ്പിക്കുന്ന ഒരാൺകുട്ടി, മൃതശരീരം വെച്ച ചിതയെ വലം വെച്ചു നടന്നു, തലയിലേറ്റിയ മൺകുംഭം നിലത്തുവീണുടഞ്ഞു. വിറക്കുന്ന കൈകളോടെ അവൻ ചിതയിലേക്ക് തീ കൊളുത്തി..

മൃത ദേഹത്തെ അനുഗമിച്ച ആളുകൾ ഓരോരുത്തരായി തിരിച്ചു പോയിക്കൊണ്ടിരുന്നു.

നിശബ്ദരായി ദുഖമയമായ മുഖത്തോടെ കടന്ന് വന്നവരിൽ പലരും സംസാരിച്ചും തമാശകൾ പറഞ്ഞു ചിരിച്ചും ശ്മശാന നിശബ്ദതയെ അല്പ നേരത്തേക്ക് ശബ്ദമയമാക്കി കടന്ന് പോകുകയാണ്.

പരേതന്റെ മകനും ഭാസ്കരനും കൂടെ ഒന്നോ രണ്ടോ ആളുകളും മാത്രം ചുടലക്കാട്ടിൽ ഇപ്പോളും നില്പുണ്ട്.. അവരും തിരിച്ചു പോകുവാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭൈരവന് അറിയാം.. 

എത്ര തവണ കണ്ടിരിക്കുന്നു അയാൾ ഇത്തരം കാഴ്ചകൾ..

ഒരേ പോലെ, ഒരു ചെറിയ മാറ്റം പോലുമില്ലാതെ അന്നും ഇന്നും.. 

മരിച്ചു കിടക്കുന്ന മനുഷ്യനും അയാളെ അനുഗമിക്കുന്ന മനുഷ്യരും മാത്രം മാറും, മറ്റെല്ലാം ഒരേ പോലെ, ഓരോ ശവശരീരവുമായി ഇവിടെയെത്തുന്ന ആൾക്കൂട്ടത്തിലും ചിലരുടെ മുഖത്ത് ദുഖമാവും, മറ്റു ചിലരുടെ മുഖത്ത് മേക്കപ്പിട്ട ദുഖത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ അവരുടെ മനസിലെ സന്തോഷം കാണാം. മറ്റു ചിലർക്ക് നിസംഗ ഭാവമെങ്കിലും ദുഖത്തിന്റെ ഒരു പുറം മോടി മുഖത്തും കണ്ണുകളിലും ഒട്ടിച്ചു വെച്ചിരിക്കും. ചിലരുടെ മുഖം പ്രത്യേകമായ ഒരു ഭാവമായിരിക്കും, മുഖത്ത് നിന്ന് ഒന്നും വായിച്ചെടുക്കാനാവാത്ത ഒരു ഭാവം..

ശ്മശാനത്തിൽ അവശേഷിച്ച അവസാന ആളുകളും തിരിച്ചു പോകാനൊരുങ്ങുകയാണ്, മുന്നോട്ട് രണ്ടടി വെച്ച് ഭാസ്കരൻ തിരിഞ്ഞു നിന്നു. എന്തോ ഓർത്തെടുത്തത് പോലെ അയാൾ നടന്ന് ഭൈരവന്റെ അരികിലേക്ക് വന്നു, കൂടെയുണ്ടായിരുന്നവരും അയാളെ അനുഗമിച്ച് പിന്നിൽ വരുന്നുണ്ട്..

സുഹൃത്തെ, ഞങ്ങൾ പോട്ടെ..“ ഭൈരവന്റെ കൈ പിടിച്ച് ഭാസ്കരൻ പറഞ്ഞു.

കുഞ്ഞിനെ സ്കൂളിൽ കൊണ്ട് വന്ന് ക്ലാസിൽ ഇരുത്തി ടീച്ചറോട് കണ്ണുകൾ കൊണ്ട് എന്റെ കുഞ്ഞിനെ നല്ലപോലെ നോക്കണേ എന്നപേക്ഷിക്കുന്ന ഒരമ്മയുടെ അപേക്ഷ ആ മനുഷ്യരുടെ കണ്ണുകളിൽ നിന്നും ഭൈരവന് വായിക്കാൻ കഴിയുന്നുണ്ട്.

ജഡ പിടിച്ച നീണ്ട താടിയും മുടിയും അഴുക്ക് പുരണ്ട് ദുർഗന്ധം വമിക്കുന്ന വസ്ത്രവും ശരീരവും ഒന്നും ഈ നിമിഷം തന്റെ അരികിൽ നിന്നപ്പോൾ അവർക്ക് ഈർഷ്യതയും അസ്വസ്ഥതയും അനുഭവപ്പെടുത്തുന്നില്ലേ എന്ന് ചോദിക്കുവാൻ അയാൾക്കിപ്പോൾ അറിയാതെയോ മറന്നുപോയിട്ടോ അല്ല, എന്നിട്ടും,

അയാൾ അവരെ നോക്കി ചിരിച്ചു. ധൈര്യമായി പൊയ്ക്കോളൂ.. ഞാനുണ്ടല്ലോ എന്ന്  ഒരു ചിരിയിലൂടെ അമ്മക്ക് വാക്ക് കൊടുക്കുന്ന ടീച്ചറുടെ ചിരി..

അവസാനത്തെ ആൾക്കൂട്ടവും ശ്മ്ശാനത്തിന്റെ പടിയിറങ്ങിക്കഴിഞ്ഞതും ഭൈരവൻ ആലിൻ ചുവട്ടിൽ നിന്നെഴുന്നേറ്റു ചെന്ന് പടിയടച്ച് പൂട്ടി.. തിരിച്ചു നടക്കുമ്പോൾ കത്തുന്ന ചിതയെ നോക്കി ചിരിച്ചു കൊണ്ട് കടന്നു പോയി..

മരണവീട്ടിൽ ആളുകൾ ഇറങ്ങി തുടങ്ങുകയായിരുന്നു. ആശ്വാസ വചനങ്ങൾ നൽകി കണ്ണു നിറച്ച് ആളുകൾ ഓരോരുത്തരായി ഇറങ്ങി.

മുൻഭാഗത്ത് ആളുകൾക്കിരിക്കാനായി കെട്ടിയ നീല ടാർപ്പോളിനടിയിൽ നിരത്തിയിട്ട കസേരകളിൽ ഭാസ്കരനും അടുത്ത ബന്ധുക്കളും മാത്രമായി..

ഇങ്ങനെ ഇരുന്നിട്ടെന്താ, വിശപ്പില്ലേ, പോവാനുള്ളോര് പോയീന്നും വെച്ചിട്ട് ജീവനുള്ളോര് തിന്നാതേം കുടിക്കാതേം ഇരുന്നിട്ടെന്താ..” 

ഉമ്മറത്തെ കസേരയിൽ ഇരുന്ന കാരണവർ ആരോടെന്നില്ലാതെ പറഞ്ഞു.

കസേരകളിൽ നിന്നും ആളുകൾ ഭക്ഷണത്തിനായി എഴുന്നേറ്റു

ടാർപോളിനടിയിൽ നിരത്തിയിട്ട രണ്ട് മേശകളിലും ചോറും സാംബാറും പപ്പടവും മറ്റും ആരൊക്കെയോ ചേർന്ന് വിളമ്പി.

ന്നാലും, വല്ലാത്ത ഒരു മരണമായിപ്പോയി ഇത് അല്ലേ

ഭക്ഷണം കഴിക്കുന്നതിനിടയിൽ ദുഖഭാരം വിട്ടുമാറാത്ത ആരോ പറഞ്ഞു.

ചിലർ വെറുതെ തലയാട്ടുകയും ചിലർ വെറുതെ മൂളുകയും ചെയ്തു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന പരേതന്റെ മകനെ ആരോ ഭക്ഷണം കഴിക്കാനായി കൊണ്ട് വന്ന് ഇരുത്തി.. എല്ലാവരുടെയും കണ്ണുകൾ അവനു നേരെയായി..

എന്നാലും ഇവിടത്തെ ശ്മ്ശാനം  ഒരൽഭുതം തന്ന്യാ.. ചെല്യേടത്തൊക്കെ ആകെ കാട് പിടിച്ച്, കണ്ടാ തന്നെ പേട്യാവണ ഒരു കോലത്തിലാവും. ആ മനുഷ്യൻ ഒരു ഭാഗ്യാ ഇവടെള്ളോർക്ക്, സ്വന്തം വീട്ടു മുറ്റം കാത്ത് സൂക്ഷിക്കണ പോലെയല്ലേ ശ്മശാനം കാത്ത് സൂക്ഷിക്കണത് ല്ലേ?”

ഭാസ്കരൻ കൂടെ കൈകഴുകാൻ വന്ന ആളെ നോക്കി പറഞ്ഞു..

ശര്യാ.. സാത്വികനായ ഒരു മനുഷ്യൻ, മനുഷ്യന്മാരുമായി അങ്ങനെ വല്യ ബന്ധമൊന്നുമില്ല അയാൾക്ക്, ആത്മാക്കളാണ് അയാളുടെ കൂട്ട്..“ അയാൾ പ്രതിവചിച്ചു
.
ചുടലക്കാട്ടിൽ ഇരുട്ടിന് ശക്തി കൂടി വരികയായിരുന്നു. ഭൈരവൻ ഒരു ചെറു ചിരിയോടെ എഴുന്നേറ്റു. ആലിന്റെ പിന്നിലായി കരുതി വെച്ച വലിയ ഇരുമ്പ് ദണ്ഡ് കയ്യിലെടുത്ത് ചിതക്കരികിലേക്ക് നടന്നു.

പരേതന്റെ ആത്മാവ് അയാളുടെ ചുറ്റും പറന്നു നടന്നു..

അരുതേ, എന്റെ ശരീരം അശുദ്ധമാക്കരുതേ.. എന്റെ ശരീരത്തെ നശിപ്പിച്ചു കളയരുതേ..”

ഭൈരവന് ചുറ്റും തലങ്ങും വിലങ്ങും നടന്ന് ആത്മാവ് അയാളോട് ദയനീയമായി യാചിച്ചുകൊണ്ടിരുന്നു.

അത്മാവിന്റെ യാചനകളെ വക വെക്കാതെ ഭൈരവൻ മുന്നോട്ട് നടന്നു. ചിതയിൽ അടുക്കി വെച്ച കത്തിക്കൊണ്ടിരുന്ന വിറകു കഷ്ണങ്ങളെ അയാൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഒരോന്നായി തള്ളിയിട്ടു കൊണ്ടിരുന്നു.

ആത്മാവ്  യാചിച്ചു കരയുന്നത് വക വെക്കാതെ വെന്ത മനുഷ്യ മാംസത്തിന്റെ രുചിയോർത്ത് അയാൾ തുള്ളിച്ചാടി, അഘോരി മന്ത്രങ്ങൾ ഉരുവിട്ട് അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു.

കരഞ്ഞു തളർന്ന് നിലത്ത് വീണ ആത്മാവിനെ ഇടം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് അയാൾ ചിതയിലെ വെന്ത മനുഷ്യ മാംസം നുള്ളിയെടുക്കാൻ കൈ നീട്ടുകയായിരുന്നു.10 comments:

 1. ഭൈരവനും ,ആത്മാക്കളും ,ചുടലക്കളവുമൊക്കെ മനസ്സിലിങ്ങനെ നില്‍ക്കുന്നു ...വായനയ്ക്കിപ്പുറവും .

  ReplyDelete
 2. നരഭോജികളുടെ കാലം

  ReplyDelete
 3. നല്ല കഥ ,, കഥാ പ്രമേയത്തിലും കഥ പറച്ചിലിലും റൈനിയുടെ ശൈലിയില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്നു ഈ കഥ ,, ഇഷ്ടായി .

  ReplyDelete
 4. ഹോ വല്ലാത്ത കഥ ആയി പോയി .. കഷ്ടം തന്നെ

  ReplyDelete
 5. ശ്മശാനത്തിൽ മാത്രമല്ല. ഇന്ന് പച്ചമനുഷ്യരുടെ ഇറച്ചി തിന്നുന്നവരാണ് ശ്ശശാനത്തിനു പുറത്തും ...

  ReplyDelete
 6. നരഭോജികളുടെ ലോകം.. മനുഷ്യമംസത്തിനാണത്രേ ഏറ്റവും രുചിയുള്ളത്..

  ReplyDelete
 7. വായിക്കാന്‍ വൈകി.. നരഭോജികള്‍ പലപ്പോഴും പണ്ഡിത മുഖംമൂടി അണിയാറുണ്ട്.. ഇഷ്ടപ്പെട്ടു

  ReplyDelete
 8. ഒരുപാട് വൈകിയെന്നറിയാം...
  എങ്കിലും...
  ഞാൻ ആശംസയുടെ ഒരൊപ്പ് വെക്കുന്നു ഈ പോസ്റ്റിന്റെ താഴെ...
  :)

  നല്ല രചന. നല്ല ഭാഷയും. മനുഷ്യന്റെ ജീവിതങ്ങൾ നമുക്ക് ചുറ്റും പരന്നു കിടക്കുന്നു. അതിൽ മുത്തുകളും പവിഴങ്ങളും വെറും കുപ്പിച്ചില്ലുകളും ഉണ്ട്. മറ്റാരും കാണാത്തത് കണ്ടെത്തി സ്വന്തമാക്കുന്നതിലാണ് ഒരു കഥാകാരന്റെ മിടുക്ക്. താങ്കൾക്കത്‌ ധാരാളം ഉണ്ട്
  ആശംസകളോടെ

  ReplyDelete
 9. നന്നായിട്ടുണ്ട് . അവസാന വരികള്‍ മനസ്സില്‍ തൊട്ടു

  ReplyDelete
 10. വേറിട്ട പ്രമേയം...
  ഫ്രീ സർവീസസ് ഫോർ എ ടേയ്റ്റി ഫുഡ് ..!
  കഥ നന്നായിട്ടുണ്ട് കേട്ടൊ ഭായ്

  ReplyDelete