Monday, February 11, 2013

അശ്വ ഗന്ധം

ഇവിടെ ഞാൻ ഏകനാണത്രെ! എന്നാൽ ഏകാന്തതയുടെ പതിനൊന്ന് വർഷങ്ങൾ എന്ന് പറയപ്പെട്ടപ്പോൾ തന്നെ, അതിന്റെ വേദനകളൊന്നും എന്നെ അലട്ടിയിട്ടില്ല. പണ്ട് ആരൊക്കെയോ പറയാതെ പറഞ്ഞു പോയ മരുഭൂമിക്കഥകളിൽ, ഞാൻ ജനിക്കുന്നതിനും ഏറെ മുൻപേ എഴുതിക്കഴിഞ്ഞതാവാം ഒരു പക്ഷെ എന്റെ കഥ


 എന്നാലും അതിൽ ഒരു വരിയിലെങ്കിലും എന്റെ ജീവിതം വ്യത്യസ്തമാണെന്ന് എനിക്ക് വെറുതെ തോന്നാറുണ്ട്.
വർഷത്തിലൊരിക്കൽ എന്റെ കുതിരകളെ തേടിയെത്തുന്ന കുതിരപ്പന്തയക്കാരായ മനുഷ്യർ എന്നോട് ചോദിച്ചപ്പോഴാണ് ഏകാന്തത എന്ന പദത്തെക്കുറിച്ച് ഞാൻ ഓർക്കുന്നത്. സത്യത്തിൽ ഏകാന്തതയുടെ അർഥം എനിക്കിപ്പോഴും വ്യക്തമായിട്ടില്ല.


അല്ലെങ്കിൽ തന്നെ ഞാൻ ഏകനാവുന്നതെങ്ങിനെയാണ്? വഗ്ദിയും സബാഹും ഖുവാദും മാദും അടക്കം പതിനേഴു കുതിരകളും കറുത്ത പൂച്ച അബ്ബാസും അവനൊപ്പം വെള്ളക്കുറുമ്പി സാൽവയും കൂടെയുള്ളപ്പോൾ ഞാൻ ഏകനാണെന്ന് പറയുന്നതിന്റെ അർഥമെന്താണ് എന്ന് എനിക്ക് മനസിലായിട്ടില്ല.


പൊടിക്കാറ്റു വീശാത്ത ശാന്തമായ വൈകുന്നേരങ്ങളിൽ, ദേ നോക്കൂ മണൽത്തിട്ടയിലിരുന്നാണ് ഞാൻ സ്വപ്നം കാണാറുള്ളത്. ഖാഫ് എന്ന് ഞാൻ തന്നെ പേരിട്ട മണൽതിട്ടയിൽ  എനിക്ക് മൂന്ന് ഈന്തപ്പനകളുണ്ട്. എന്റെ കണ്മുന്നിൽ വളർന്ന് വന്ന ഇവ എനിക്കെന്റെ മക്കളെപ്പോലെ തന്നെയാണ്. ഞാൻ നൽകിയ വെള്ളവും തലോടലുകളുമേറ്റ് വളർന്നത് കൊണ്ടാവാം, ഇവറ്റകൾ ഒരു പിതാവിന്റെ സ്ഥാനത്താണ് എന്നെ കാണുന്നത് എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് . വൈകുന്നേരങ്ങളിൽ ഖാഫില്രെ ഈന്തമരത്തണലിൽ ഇരിക്കുമ്പോൾ ആകാശത്ത് നിന്ന് ചാഞ്ഞും ചെരിഞ്ഞും എന്നെ നോക്കി ചിരിക്കാറുള്ള വെളുത്ത നക്ഷത്ര സുന്ദരിയെപ്പോലെ ഒരുവളെ ഞാൻ സ്വപ്നം കാണാറുണ്ട്എന്നെ സ്നേഹിക്കുന്ന, എന്റെ കുതിരകളെ സ്നേഹിക്കുന്ന ഒരു സുന്ദരിയെ.


കഥകളേറെ പറയാറുണ്ട് ഞാൻ അവളോട്. എന്നാൽ എല്ലാം അവൾ ചിരിച്ചു കൊണ്ട് കേട്ടിരിക്കുക മാത്രം ചെയ്യും. ഒരു മറുവാക്ക് കേൾക്കാൻ കൊതിക്കാറുണ്ട് ഞാൻ.


എന്നെക്കുറിച്ച്, എന്റെ കൂട്ടുകാരെക്കുറിച്ച്, എന്റെ കൂട്ടുകാരെക്കുറിച്ച് ഇപ്പോൾ ഒരു ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ, ബാക്കി കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിന് മുൻപായി എന്റെ കുതിരകൾക്ക് തീറ്റ കൊടുക്കാനുണ്ട്. അവറ്റകൾ വല്ലാതെ ഒച്ചയുണ്ടാക്കുകയും എന്റെ ചിന്തകളെ കൊന്നുകളയുകയും ചെയ്യുകയാണ്. ചൂട് കാറ്റ് വീശുന്നത് കൊണ്ടാവാം, ദാഹം ഏറെയുണ്ട് അവർക്കെന്ന് തോന്നുന്നു


എന്റെ കുതിരകൾക്കായി ഞാൻ ഇവിടെ പുല്ലുകൾ ധാരാളം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. എങ്കിലും അവയ്ക്ക് ആസ്വദിച്ചു കഴിക്കാൻ മാത്രം അത് കിട്ടാറില്ല. മാദിന്റെ ഇഷ്ടഭക്ഷണം മുതിരയാണ്. ഒരു ഇളം വേവിൽ പുഴുങ്ങിയ മുതിര കിട്ടിയാൽ അവനെന്നെ നന്ദിയോടെ നോക്കും.. സത്യത്തിൽ അവന് എന്നോടുള്ളതിനേക്കാൾ  നന്ദി ഞാൻ അവനോട് കാണിക്കേണ്ടതുണ്ട്. മാദ് എന്ന ചെമ്പൻ കുതിര തന്നെയാണ് ഓരോ വർഷവും ഏനിക്കേറ്റവും കൂടുതൽ പണം നേടിത്തരുന്നവൻ.


അവനെത്തേടി ഓരോ വർഷവും എന്റെയടുത്ത് എത്തുന്ന കുതിരയോട്ടക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ഒരൊറ്റ മത്സരത്തിന് അവനെ വിട്ടുകൊടുക്കുക  എന്നത് എനിക്കും എന്റെ കുതിരകൾക്കും ഒരു വർഷം ജീവിക്കാൻ വേണ്ടതിന്റെ മുക്കാൽ പങ്കും നേടിത്തരുന്നുണ്ട്.


കുതിരപ്പന്തയ ദിവസമെത്താൻ ഇനി അധിക ദിവസങ്ങളില്ല. പന്തയത്തിന്റെ സമയം അടുക്കുമ്പോൾ വല്ലാത്തൊരു വേദനയാണ്, എന്റെ പതിമൂന്ന് കുതിരകളെ രണ്ടാഴ്ചയോളം പിരിഞ്ഞിരിക്കുക എന്നത് എനിക്കോർക്കാൻ കൂടി കഴിയാത്ത കാര്യമാണ്. എങ്കിലും ആ വേദന എല്ലാ വർഷവും സഹിച്ചേ മതിയാവൂ. വർഷം നിറയുന്ന പട്ടിണിയേക്കാൾ ഒരാഴ്ചത്തെ വേർപിരിയലുകൾ തന്നെയാണല്ലോ നല്ലത്.


പന്തയദിവസത്തിനും ഏഴോ എട്ടോ ദിവസം മുൻപേ എന്റെ നാലു പെൺകുതിരകളൊഴിച്ചുള്ളവ ഓരോ വഴിയായി പിരിയും. പന്തയ ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അവയുടെ ദേഹത്തെ മുറിപ്പാടുകൾ എന്റെ കണ്ണുകൾ നനയിക്കുമ്പോൾ ചിരിച്ചുകൊണ്ട് അവയെന്നെ നോക്കും.
പ്രിയ കൂട്ടുകാരാ, കുതിരകളുടെ വിധിയാണിത്, കുറയുന്ന വേഗത കൂട്ടാൻ തല്ലുകൊണ്ടേ മതിയാവൂ എന്നത് നിയമമാണ്, ഞങ്ങൾക്കതിൽ തെല്ലും വിഷമമില്ല, നിങ്ങളുടെ നിറഞ്ഞ കണ്ണുകൾ മാത്രമാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്എന്ന ധ്വനി ആ ചിരിയിൽ നിന്നും എനിക്ക് വായിക്കാൻ കഴിയാറുണ്ട്.


എന്തോ  ഇന്ന് ഭക്ഷണം കഴിഞ്ഞിട്ടും മാദ് തേങ്ങിക്കൊണ്ടേയിരുന്നു. അവന്റെ മുതുകിൽ കൈചേർത്ത് ഞാനൊന്ന് തലോടിയാൽ നിലക്കുന്ന സങ്കടം മാത്രമേ അവനുണ്ടാവാറുള്ളൂ. ഇന്ന് പക്ഷെ ഇവനെന്തുപറ്റി ? ഞാനവനെ തഴുകിക്കൊണ്ടിരുന്നപ്പോൾ തേങ്ങലോടെ അവൻ മുഖം എന്റെ നെഞ്ചോട് അടുപ്പിച്ചു വിങ്ങിക്കൊണ്ടേയിരുന്നു.


ഞാൻ അവന്റെ മുഖം സൂക്ഷ്മമായി വീക്ഷിച്ചു. അത് വളരെ ദയനീയമായി കാണപ്പെട്ടു. അവന്റെ ശരീരം മെല്ലെ വിറക്കുകയും പിന്നീട് ആ വിറയലിലൂടെ അത് നിശ്ചലമാവുകയും എന്നെ തള്ളിയിട്ടുകൊണ്ട് അവന്റെ ശരീരം തളർന്ന് വീഴുകയും ചെയ്തു.


മാദിന്റെ മരണം എന്നെയും മറ്റുള്ള കുതിരകളേയും വല്ലാതെ വേദനിപ്പിച്ചു.മൂന്ന് നാലു ദിവസത്തേക്ക് ഭക്ഷണ പാനീയങ്ങളോട് പോലും വിരക്തിയുണ്ടാവാൻ ഞങ്ങൾക്ക് മാദിന്റെ മരണം ഒരു കാരണമായി. പരസ്പരം വേദനയോടെ നോക്കുക എന്നതിലപ്പുറം ഞങ്ങളെ സമാധാനിപ്പിക്കാൻ മറ്റാരുമില്ലായിരുന്നു. അബ്ബാസും സാൽവയും മാത്രം ഒന്നും സംഭവിക്കാത്തതു പോലെ ഒന്നുമറിയാത്തതുപോലെ പരസ്പരം പ്രണയിച്ചു നടന്നു.


എന്റെ കുതിരകളെ പന്തയത്തിനായി കൊണ്ട് പോകുവാൻ ആവശ്യക്കാർ വന്നു. ആദ്യമാദ്യം മാദിന്റെ വിയോഗത്തിൽ ദുഖിതരായ എന്റെ അശ്വങ്ങളെ ഇത്തവണ വിട്ടു കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തെങ്കിലും പിന്നീട് മത്സരം അവയുടെ മനസിലെ വേദനയെ ഇല്ലാതാക്കിയേക്കുമെന്ന് എനിക്കു തോന്നി


പതിമൂന്ന് കുതിരകൾ പതിമൂന്ന് പേർക്കൊപ്പം വിവിധ സ്ഥലങ്ങളിലേക്കായി പോയി. ഒഴിഞ്ഞു കിടന്ന കുതിര ലായത്തിലേക്ക് നോക്കുമ്പോൾ മാദ് അവിടെ നിന്നും എന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് വെറുതെ തോന്നി


പെൺകുതിരകളുടെ മുഖത്തെ വേദന മെല്ലെ മാറിത്തുടങ്ങിയിട്ടുണ്ടെന്ന്  തോന്നുന്നു. നാളത്തെ പന്തയത്തിൽ തങ്ങളുടെ കൂട്ടുകാർ തന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തണമെന്ന പ്രാർഥനയാണ് അവയുടെ മുഖത്തെന്ന് എനിക്ക് മനസിലായി.


പന്തയം കഴിഞ്ഞ് കുതിരകളുമായി ആളുകൾ എത്തിത്തുടങ്ങി. എല്ലാ തവണയും കിട്ടാറുള്ള അഭിനന്ദന പ്രവാഹങ്ങൾക്ക് പകരം ഇത്തവണ അവരുടെ ചീത്തവിളികളാണ് കേൾക്കേണ്ടി വന്നത്. എന്റെ കുതിരകളെ കൂടാതെ മത്സരിച്ച നാലു കുതിരകളാണ് ഇത്തവണ പന്തയത്തിൽ ആദ്യമെത്തിയത്. കഴിഞ്ഞ പന്തയങ്ങളിൽ എന്റെ ഒരു കുതിരയെപ്പോലും പിന്നിലാക്കാൻ കഴിയാത്തവയായിരുന്നു ആ കുതിരകള്. സാധാരണ കിട്ടാറുള്ള പണത്തിന്റെ നാലിലൊന്ന് പോലും ഇത്തവണ കിട്ടിയതേയില്ല.


അവസാന കുതിരയെ കൊണ്ടുവന്ന മനുഷ്യന് എന്റെ വേദനകളിൽ സഹതാപം തോന്നിയിട്ടുണ്ടെന്ന് തോന്നുന്നു. അയാൾ പറഞ്ഞു.


ഹേ ഖുർഫാൻ, മാദിന്റെ മരണം താങ്കളെ, താങ്കളുടെ കുതിരകളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ അത് താങ്കളുടെ മാത്രം ദുഖമല്ല, കഴിഞ്ഞ നാലു തവണയും എന്നെ വിജയിയാക്കിയവനാണവൻ. ഈ വിഷമാവസ്ഥയിൽ നിങ്ങൾക്കൊരു മാറ്റം  ഒരു വിവാഹത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ നിങ്ങളുടെ മുഖത്തെ സന്തോഷം തന്നെയാവും ഈ കുതിരകളെയും സന്തോഷവാനാക്കുന്നത്.അത് തന്നെയാവും അവറ്റകളുടെ വേഗത കൂട്ടുന്നതും.“


വിവാഹമോ? അതിന് വെറുമൊരു അശ്വപാലകനായ എന്നെ വിവാഹം കഴിക്കാൻ ആരാണ് സമ്മതിക്കുന്നത്..“ ഞാൻ തിരിച്ചു ചോദിച്ചു.


എന്റെ നാട്ടിൽ ധനാഡ്യനായ ഒരു മനുഷ്യന്റെ മകളുണ്ട്, വിധവയാണവര്, ഒരു ആൺകുഞ്ഞുമുണ്ട് അവർക്ക്. ഈയവസ്ഥയിൽ താങ്കളുടെ വിഷമങ്ങൾക്ക് അവരെപ്പോലെ പക്വതയുള്ള ഒരു സ്ത്രീ ജീവിതത്തിലേക്ക് കടന്ന് വരുന്നതായിരിക്കും നല്ലത്. താങ്കൾക്ക് സമ്മതമെങ്കിൽ ഇക്കാര്യത്തിൽ മറ്റൊന്നും ചിന്തിക്കാനില്ല. എല്ലാ കാര്യങ്ങളും എനിക്ക് വിട്ടേക്കൂ..“


എനിക്ക് വേണ്ടിയോ, അതോ എന്റെ കുതിരകൾക്ക് വേണ്ടിയോ എന്നറിയില്ല, അങ്ങനെ ഞാൻ വിവാഹിതനായി.


ഒരു കുതിരക്കാരനെ വിവാഹം കഴിച്ചതിൽ എനിക്ക് വിഷമമേതുമില്ല, എന്നാൽ ഒരു കുതിരയെ വിവാഹം കഴിക്കേണ്ടി വന്നിട്ടുണ്ടോ എന്നെനിക്ക് ഇപ്പോൾ തോന്നുന്നു.“


ആദ്യ ദിവസം തന്നെ എന്റെ പത്നി പറഞ്ഞ വാക്കുകള് എന്റെ ഹൃദയത്തിലൊരു മുറിവുണ്ടാക്കി. പിന്നീടുള്ള ദിവസങ്ങൾ മുറിവിന്റെ ആഴം കൂടുന്ന ദിവസങ്ങളായിരുന്നു. കുതിരയുടെ മണമുള്ള മനുഷ്യനെ അവൾ വല്ലാതെ വെറുത്തു.

കുതിരക്കാരന് കുതിരയുടെ മണമല്ലാതെ മറ്റെന്തു മണമുണ്ടാകാനാണ് ? “ഞാൻ ചോദിച്ചു.
നശിച്ച കുതിരകള്, എന്റെ മകനെ ഒന്ന് നെഞ്ചോട് ചേർത്ത് ലാളിക്കാൻ പോലും എനിക്കിപ്പോൾ ആകുന്നില്ല. നിങ്ങളുടെ വാത്സല്യവും ലാളനകളും അവന്റെ ദേഹം ഒരു കുതിരയുടെ മണമാക്കി മാറ്റിയിരിക്കുന്നു.“ അവൾ മുള്ളുകൾ കൊണ്ടെന്നെ എറിഞ്ഞു കൊണ്ടിരുന്നു.

കുതിരകളെ വിൽക്കുക എന്നത് അവസാന ചിന്തയായിരുന്നു. അവളുടെ പിതാവാണ് അങ്ങനെ ഒരു നിർദ്ദേശം വെച്ചത്..
ഖുർഫാൻ, താങ്കളെന്താണ് ചെയ്യുന്നത് എന്ന് താങ്കൾ തന്നെ അറിയുന്നില്ല. കഴിഞ്ഞ പന്തയത്തിൽ താങ്കളെ ചതിച്ചിട്ടും താങ്കൾക്ക് ആ ശല്യങ്ങളെ വിറ്റുകളയാൻ തോന്നിയില്ലല്ലോ. താങ്കളതിനെ ഇപ്പോൾ വിൽക്കുകയാണെങ്കില് നല്ല വില കിട്ടും. അതുകൊണ്ട് പട്ടണത്തിൽ ഒരു വീട് വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കില് തികയാത്ത പണം ഞാൻ നൽകാം.“


ആദ്യം ആ നിർദ്ദേശത്തോട് യോജിക്കാനായില്ലെങ്കിലും വർദ്ധിച്ചു വന്ന മുള്ളേറുകള്, എന്റെ ജീവനായ കുതിരകളെ വിൽക്കുവാൻ എന്നെ നിർബന്ധിതനാക്കി.

പണമായിരുന്നില്ല എന്റെ ലക്ഷ്യം, എന്റെ കുതിരകളെ ഏറ്റവും നന്നായി പരിചരിക്കുന്ന ഒരാൾക്ക് മാത്രം അവയെ നൽകാമെന്ന് ഞാൻ സമ്മതിച്ചു. സൈഹാനിൽ നിന്നും നൂറ് മൈലോളം അപ്പുറത്ത് മാജിദ് എന്ന കുതിരസ്നേഹി നല്ല വില നൽകി തന്നെ എന്റെ കുതിരകളെ കൊണ്ടു പോയി.

സ്വൈഹാനിൽ നിന്നും വളരെ ദൂരെ പട്ടണത്തിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടായി. ജീവിതം സുന്ദരമായി തന്നെ മുന്നോട്ട് പോകാൻ തുടങ്ങി എങ്കിലും പല രാത്രികളും എന്റെ കുതിരകളെക്കുറിച്ചോർത്ത് ഞാൻ കണ്ണീർ വാർത്തു.

മാസങ്ങൾ കടന്നു പോകെ കുതിരകളുടെ പേരിൽ ഞാൻ വീണ്ടും ക്രൂശിക്കപ്പെട്ടു. മനുഷ്യരുമായി വലിയ സഹവാസമില്ലാതെ കുതിരകൾക്കൊപ്പം ജീവിച്ച ഞാൻ പൊതുസമൂഹത്തിൽ പലപ്പോളും പരിഹാസ്യനായി. കുതിരകളോട് പെരുമാറുന്നതെങ്ങനെ എന്നല്ലാതെ മനുഷ്യരുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്നതെങ്ങനെ എന്നെനിക്ക് അറിയില്ലായിരുന്നു.

കുതിരകൾക്കൊരിക്കലും മനുഷ്യരാവാനാവില്ല,“

 അവളിൽ നിന്നും വീണ്ടും എന്നെ നൊമ്പരപ്പെടുത്തുന്ന കുറ്റപ്പെടുത്തലുകൾ ഊർന്നുവീണു തുടങ്ങി. എന്റെ ജീവിതാവസാനം വരെ ഇനി അതു തുടരുക തന്നെ ചെയ്യുമെന്ന് എനിക്ക് ഏതാണ്ടുറപ്പായിട്ടുണ്ട്.

ഒരു വർഷം തികയാൻ തുടങ്ങുമ്പോൾ തന്നെ മൂന്ന് മനുഷ്യർ ജീവിക്കുന്ന ഈ വീടിപ്പോൾ മൂന്ന് വീടു പോലെയായിട്ടുണ്ട്. സഹകരണം എന്നത് ഇനിയൊരിക്കലും സംഭവ്യമല്ലെന്ന് ഞങ്ങൾക്ക് വ്യക്തമായി തുടങ്ങി.

നാളെ എന്റെ കുതിരകളുടെ മത്സരം നടക്കുകയാണ്. രാവിലെ തന്നെ ഞാൻ കുളിച്ചൊരുങ്ങി പുറപ്പെട്ടു. അവളോട് യാത്ര പറഞ്ഞപ്പൊൾ അവളെന്നെ പുച്ഛത്തോടെ ആട്ടുകയാണുണ്ടായത്. പക്ഷെ അവളുടെ വാക്കുകളോ പ്രവർത്തികളോ ഇപ്പോളെന്നെ അത്രയധികം അലട്ടുന്നേയില്ല. ഞങ്ങളിപ്പോൾ വിവാഹമെന്ന നിയമ ബന്ധം മാത്രമുള്ള അന്യരായിരിക്കുന്നു.

ഞാൻ ഇപ്പോൾ പന്തയ വേദിയിലാണ്. എന്റെ കുതിരകൾ ഒന്നാമതെത്തുന്നത് കാണാനുള്ള വർദ്ധിച്ച ആഗ്രഹത്തിലാണ് എന്റെ മനസ്. ഇത്തവണ ആദ്യമെത്തുന്നത് എന്റെ ഖുവാദും രണ്ടാമതെന്റെ സബാഹും തന്നെയാവുമെന്ന് എന്റെ മനസു പറഞ്ഞു.

പന്തയം അവസാനിച്ചു. ഇത്തവണയും എന്റെ കുതിരകള്, അങ്ങനെ ഇപ്പോൾ വിളിക്കാമോ എന്നെനിക്ക് അറിയില്ല. അവർ പരാജയപ്പെടുകയായിരുന്നു. വർദ്ധിച്ച ദുഖം എന്റെ മനസിനെ കീഴടക്കി. എന്റെ കുതിരകൾ തോല്ക്കുകയെന്നാൽ അവർക്ക് വേണ്ട പരിചരണം കിട്ടാതിരിക്കുകയാണ് എന്നെനിക്ക് തോന്നി. ഈ പരാജയത്തിനു വീണ്ടും അവർ ക്രൂശിക്കപ്പെടുമോ എന്നോർത്ത് എന്റെ നെഞ്ചു പിടഞ്ഞു.

തിരിച്ച് വീടെത്തുമ്പോൾ സൂര്യനസ്തമിച്ചു കഴിഞ്ഞിരുന്നു. വാതിൽ തുറന്ന് അവൾ പറയാൻ പോകുന്ന പദങ്ങള് വീണ്ടും എന്റെ നെഞ്ചിലെ വേദന ഇരട്ടിപ്പിക്കുമെന്ന് ഞാൻ ഓർത്തു. വിധിയെ ഒരിക്കലും തിരുത്തിയെഴുതാനാവില്ലെന്ന് മനസിൽ ഉറപ്പിച്ചു ഞാൻ എന്റെ വീടിന്റെ പടി കടന്നു. അടഞ്ഞു കിടന്ന വാതിലിനു നേരെ അടുത്തപ്പോൾ വാതിൽപ്പടിയിൽ എഴുതി വെക്കപ്പെട്ട കടലാസ് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അത് നിവർത്തി വായിച്ചു.

ഖുർഫാൻ..  കുതിരയോടൊത്ത് ജീവിക്കാൻ കഴിയുക കുതിരക്ക് മാത്രമാണ്. ഞാനാകട്ടെ  ഒരു മനുഷ്യസ്ത്രീയും. എനിക്ക് വേണ്ടത് മനുഷ്യനെയാണ്, ഞാനൊരു മനുഷ്യനെ കണ്ടെത്തിയിരിക്കുന്നു, അയാൾക്കൊപ്പം പോകുന്നു. നിർഭാഗ്യവശാൽ താങ്കളൊരു കുതിരയാണ്, താങ്കളേതെങ്കിലും കുതിരയെ ഇണയാക്കുക. വാതിലിനപ്പുറത്തെ ജനല്പാളി വലിച്ചു തുറന്നാൽ താക്കോൽ കിട്ടും

എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ദുർവിധി അകന്നു കഴിഞ്ഞിരിക്കുന്നു. ജനൽ തുറന്ന് താക്കോലെടുത്ത് ഞാൻ വാതിൽ തുറന്നു. എന്റെ വസ്ത്രങ്ങളും അത്യാവശ്യം വേണ്ടതും കെട്ടിപ്പെറുക്കി ഞാനും ഇറങ്ങി.

സ്വൈഹാനിലെത്തുമ്പോൾ നേരം പുലരാൻ തുടങ്ങിയിരുന്നു. ഒഴിഞ്ഞു കിടന്ന കുതിരലായം എന്റെ കണ്ണിൽ നനവു പടർത്തി. എങ്കിലും സ്വാതന്ത്ര്യം തിരിച്ചു കിട്ടിയ ആവേശത്തിൽ ഞാൻ ഖാഫിലേക്ക് നടന്നു.

ഈന്തപ്പനകൾ എന്റെ വരവു കണ്ട് ഓലകൾ ഇളക്കി സന്തോഷം അറിയിച്ചു. അവയിലൊന്നിനോട് ചേർന്നിരുന്നപ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിച്ചു. എല്ലാമെല്ലാം നഷ്ടപ്പെട്ടവനാണ് ഇപ്പോൾ ഞാൻ എന്ന് എന്റെ മനസു പറഞ്ഞു. എന്റെ ഹൃദയം വിങ്ങി, അറിയാതെ മനസിലെ സങ്കടം തേങ്ങലുകളായി, പിന്നെ അതൊരു പൊട്ടിക്കരച്ചിലായി രൂപാന്തരപ്പെട്ടു.

അബ്ബാജാൻ ഹൃദയം പൊട്ടി വിളിക്കുന്നതു പോലെ ഞാനൊരു വിളി കേട്ടു. 

കാറ്റിൽ അശ്വഗന്ധം നിറഞ്ഞു. അതെന്റെ മാദിന്റെ ഗന്ധമാണെന്ന് ഞാൻ അറിഞ്ഞു. മരിച്ചു പോയ മാദ്, ഞാൻ തെല്ലൽഭുതത്തോടെ ചുറ്റും നോക്കി.

അകലെ നിന്നും എന്റെ ചെമ്പൻ കുതിര ഓടിയോടി വരുന്നു. അത് വന്നെന്റെ നെഞ്ചോട് തല ചേർത്ത് ഒട്ടി നിന്നു.

ഹേ മാദ്, എന്റെ ചെമ്പൻ സുന്ദരാ നീ എനിക്ക് വാക്കുകൾ പൂർത്തീകരിക്കാനായില്ല.

അബ്ബാജാൻ, ഞാൻ തന്നെ, അങ്ങയുടെ മാദ്, ഇപ്പോളാകട്ടെ സംസാരിക്കുന്ന ചെമ്പൻ കുതിര..!“

മരിച്ചു കഴിഞ്ഞിട്ടും നീ എങ്ങനെ ഇവിടെ..?”

അങ്ങയുടെ കണ്ണീരു കണ്ട് ഈ പ്രകൃതിയിൽ ലയിച്ചു ചേരാൻ എനിക്കാകുമോ? അങ്ങെന്തിനാണ് വിഷമിക്കുന്നത്, നഷ്ടങ്ങളെ ഓർത്തോ? നഷ്ടങ്ങൾ..! തിരിച്ചു കിട്ടാത്ത നഷ്ടങ്ങളുണ്ടോ? ഇല്ല, സത്യത്തിൽ അങ്ങനെ ഒന്നില്ല. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടാവാം. എന്നാൽ മറ്റെവിടെ നിന്നോ അതൊക്കെ നമുക്ക് തിരികെ ലഭിക്കുന്നുമുണ്ട് അബ്ബാജാൻ. വീണുപോയ സ്ഥലങ്ങളിൽ നിന്നല്ല, മറ്റെവിടെയൊക്കെയോ നിന്ന്.. കാരണം ഉരുണ്ട ഭൂമി തിരിഞ്ഞു കൊണ്ടേയിരിക്കുകയാണ്.“

നിന്നെക്കാൾ വലിയ നഷ്ടമെന്താണ് എനിക്കുള്ളത് മാദ്,“

ഞാൻ അങ്ങേക്ക് നഷ്ടമായെന്നോ, അങ്ങയുടെ ഒരോ നിമിഷത്തിലും ഞാൻ കൂടെ ഉണ്ടായിരുന്നു, അങ്ങ് വേദനിച്ചപ്പോളൊക്കെയും ഞാൻ കരയുകയായിരുന്നു. ഇപ്പോളിതാ അങ്ങയുടെ മാദ് അങ്ങയുടെ മുൻപിൽ നിൽക്കുകയും ചെയ്യുന്നു. എന്നിട്ടും എങ്ങനെയാണ് ഞാൻ നഷ്ടപ്പെട്ടു പോയെന്ന് അങ്ങേക്ക് തോന്നുന്നത്? എന്നാൽ വളരെ താമസിയാതെ ഒരുപിടി ധൂളിയായി ഞാൻ ഈ പ്രകൃതിയിൽ ലയിക്കും. അതിനു മുൻപായി അങ്ങേക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ കൂടെ ഞാനുണ്ടാവും.അങ്ങയുടെ അശ്വങ്ങളെ, പിന്നെ അങ്ങ് സ്വപ്നം കാണാറില്ലെ, നക്ഷത്ര സുന്ദരി പോലെ, കുതിരകളെ സ്നേഹിക്കുന്ന, കവിളിൽ സന്ധ്യാ ശോഭയുള്ള ആ പെൺകുട്ടിയെയും..“

അതെങ്ങനെ മാദ്??

കാണാനിരിക്കുന്നത് പറഞ്ഞറിയിക്കേണ്ടതിന്റെ ആവശ്യമെന്ത് അബ്ബാജാൻ.


69 comments:

  1. ഏതോ ഒരു അറബിക്കഥയുടെ വിവര്‍ത്തനം എന്ന ധാരണയിലാണ് ഞാന്‍ വായിച്ചു വന്നത്. അവസാനമെത്തിയപ്പോഴും അതെപ്പറ്റി പരാമര്‍ശമൊന്നും കണ്ടില്ല. ബ്ലോഗിലെ കഥയെഴുത്തുകാര്‍ മുഖ്യധാരാ(?) എഴുത്തുകാരെ അതിശയിപ്പിക്കുന്നുവെന്ന് ഇത്തരം കഥകള്‍ വിളിച്ചുപറയും വൈകാതെ.

    നല്ല കഥയ്ക്ക് അനുമോദനങ്ങള്‍

    ReplyDelete
  2. ഹൃദയസ്പര്‍ശിയായ കഥ
    അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  3. വായിച്ചിരുന്നു..വായിച്ചു .ഇഷ്ട്ടായി :) കലക്കി.

    ReplyDelete
  4. നല്ല കഥ ! വളരെ മികച്ച അവതരണം...
    ആശംസകള്‍..

    ReplyDelete
  5. ഈ കഥ ഒരു പെൺകുട്ടി/സ്ത്രീ എഴുതിയിരുന്നെങ്കിൽ ഇപ്പോൾ കമന്റുകളുടെ എണ്ണം 100 കഴിയുമായിരുന്നു.. Best from your pen so far..

    ReplyDelete
  6. നല്ല കഥ റൈനി... ഒരുപാട് മുന്നേറിയിരിക്കുന്നു എഴുത്തില്‍ . അറേബ്യന്‍ വിവര്‍ത്തന കഥ വായിക്കുന്നത് പോലൊരു സുഖമുണ്ട് . കഥാപശ്ചാത്തലത്തോടു പൂര്‍ണമായും നീതി കാണിച്ച പാത്രസൃഷ്ടി . അഭിനന്ദനങ്ങള്‍.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. റെയിനി മനോഹരമായ കഥ വായിച്ചു തുടങ്ങിയപ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളില്‍ പറയുന്ന ഒരു കുതിരക്കാരനെ ഓര്‍മ വന്നു വളരെ നന്നായി എയുതി ആശംസകള്‍

    ReplyDelete
  9. ഒടുവില്‍ പാഞ്ഞു വന്ന മാദ് .. അയാളുടെ ഉള്ളിന്റെ ഉള്ളിലെ പ്രതീക്ഷകളുടെ രൂപമായിരുന്നു...
    മനോഹരം.. എന്നെ പറയാനൊക്കൂ.... അറബിക്കഥ പോലെ മനോഹരം...

    ReplyDelete
  10. “പ്രിയ കൂട്ടുകാരാ, കുതിരകളുടെ വിധിയാണിത്, കുറയുന്ന വേഗത കൂട്ടാൻ തല്ലുകൊണ്ടേ മതിയാവൂ എന്നത് നിയമമാണ്, ഞങ്ങൾക്കതിൽ തെല്ലും വിഷമമില്ല, നിങ്ങളുടെ നിറഞ്ഞ കണ്ണുകൾ മാത്രമാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്”എന്ന ധ്വനി ആ ചിരിയിൽ നിന്നും എനിക്ക് വായിക്കാൻ കഴിയാറുണ്ട്."

    ഈ അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും ഹൃദയ സ്പര്‍ശിയായ കഥ.... മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും...വാക്കുകള്‍ ഇല്ല ഭായ്,അഭിനന്ദിക്കാന്‍.... :)

    എന്റെ ബ്ലോഗ്ഗിലെക്കും സ്വാഗതം..
    കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം.....

    ReplyDelete
  11. വളരെ നല്ല കഥ........


    അഭിനന്ദനങ്ങൾ !

    ReplyDelete
    Replies
    1. വളരെ നന്ദി നല്ല വാക്കുകൾക്കും വായനക്കും സ്നേഹത്തിനും ഫിറോസ് ഭായ്...

      ജയേട്ടനിലെ കഥാകാരനെ ആരാധനയോടെ നോക്കിക്കാണുന്ന എനിക്ക് ഈ വാക്കുകൾ വളരെ ആത്മ വിശ്വാസം നൽകുന്നതാണ്. തിരക്കിനിടയിലും ഈ വഴി വന്ന് നൽകിയ പ്രോത്സാഹനത്തിന് നന്ദി ജയേട്ടാ

      Delete
  12. വായിച്ചിരുന്നു, പക്ഷെ എന്തോ കാരണക് കൊണ്ട് കമന്റിയില്ല എന്ന് തോന്നുന്നു!
    നന്നായി, ഇഷ്ടപ്പെട്ടു.ആശംസകള്‍ !

    ReplyDelete
  13. റൈനി സൂപ്പര്‍ കഥ. മനോഹരം എന്നല്ല അതി മനോഹരം എന്ന് തന്നെ ഞാന്‍ ഇതിനെ പറയുന്നു.എത്ര ഭംഗിയായി കഥ അവസാനിപ്പിച്ചു.
    "കാണാനിരിക്കുന്നത് പറഞ്ഞറിയിക്കേണ്ടതിന്റെ ആവശ്യമെന്ത് അബ്ബാജാൻ…."

    സ്നേഹം നിറഞ്ഞ ആശംസകള്‍
    കഥ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണീ സ്നേഹം :):)

    ReplyDelete
  14. മനോഹരമായി ,അറബിക്കഥ പോലെ ഉള്ള നല്ല ഒഴുക്കോടെ വായിച്ചു പോകുന്ന കഥ ...ബ്ലോഗ്ഗില്‍ വ്യത്യസ്തമായി എഴുതുന്ന ഈ കഥാകാരന് അഭിനന്ദനങ്ങള്‍ ...

    ReplyDelete
  15. റൈനീ..
    നിയ്ക്കും വളരെ ഇഷ്ടമായി ട്ടൊ..
    നല്ല കഥ..മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..
    ആശംസകൾ..!

    ReplyDelete
  16. ഒരു അറബിക്കഥ പോലെ.

    ReplyDelete
  17. റൈനി ... എഴുത്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു.

    അടുത്ത കാലത്ത് വായിച്ച കഥകളില്‍ മികച്ച ഒരെണ്ണം. തീര്‍ച്ചയായും മുഖ്യധാര എഴുത്തിനോട് കിടപിടിക്കുന്നത് എന്ന് പറയാന്‍ തെല്ലും മടിയില്ല.

    കാനാനിരിക്കുന്നത് പറഞ്ഞറിയിക്കേണ്ടതെന്തിന് റൈനി ജാന്‍?? ഇനിയും ഒരു പാട് നല്ല സൃഷ്ട്ടികള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ ...

    നല്ല കഥക്ക് അഭിനന്ദനങ്ങള്‍ !!!!

    ReplyDelete
  18. ഈ നല്ല കഥ വായിക്കാന്‍ വൈകിയതില്‍ ക്ഷമപറയട്ടെ. തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്ന രചന. ഇനിയുമിനിയും കൂടുതല്‍ മികച്ച രചനകള്‍ക്കായി ആശംസകള്‍

    ReplyDelete
  19. കഥയും പ്ലോട്ടും ആഖ്യാനവും വളരെ നന്ന്. ഒരു മികച്ച രചയിതാവ് കഥയുടെ ടെക്നിക്കല്‍ സൈഡ്‌കൂടി ഇനിയുള്ള കഥകളില്‍ പരിഗണിച്ചാല്‍ നന്ന് എന്നൊരു അപേക്ഷയുണ്ട്.

    കുതിരകള്‍ക്ക് പകരം പന്തയത്തിന് പോകുന്ന ഒട്ടകം ആയിരുന്നെങ്കിലോ? അറബ് ലോകത്ത് വലിയ സമ്മാനത്തുകയുള്ള വാശിയേറിയ മത്സരമാണ് ഒട്ടകഓട്ടം. പറയുവാന്‍ കാരണമുണ്ട്.

    പതിമൂന്നിനു മേല്‍ കുതിരകളുടെ ഉടമ ഒരിക്കലും പണമില്ലാത്തവനാകില്ല. അതായത് ഒരു കുതിര ലക്ഷങ്ങളുടെ മുതലാണ്‌. പരിപാലകര്‍ സ്ത്രീകള്‍ക്ക് പ്രിയങ്കരരാണ് എന്നാണല്ലോ വെയ്പ്പ് (ജയന്‍-ശരപഞ്ചരം, മമ്മൂക്ക-ജാക്പോട്ട് ).:)
    ജോക്കികള്‍ മാറാമെങ്കിലും പന്തയത്തിന് പോകുന്ന കുതിരകള്‍ സാധാരണയായി ഉടമയുടെ തന്നെയായിരിക്കും.

    (ഒരു മികച്ച സൃഷ്ടിയുടെ നിലവാരം കുറച്ചു കാണാനല്ല ഇത്രയും പറഞ്ഞത്,വെറും വ്യക്തിപരമായ അഭിപ്രായം)

    ReplyDelete
    Replies
    1. കുതിരകളല്ല, പന്തയത്തിന് ഒട്ടകം തന്നെയാണ് ആദ്യം കഥ മനസിൽ വന്നപ്പോൾ ഉദ്ദേശിച്ചത്, സ്ത്രീകൾക്ക് അശ്വപാലകരെ ഇഷ്ടമാണെന്ന് മനസിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അല്പം നെഗറ്റീവ് ആയ നായിക മറ്റു സ്ത്രീകളുടെ സ്വഭാവത്തിൽ നിന്നും എല്ലാ തരത്തിലും വ്യത്യസ്തമാവട്ടെ എന്ന് കരുതിയുമാണ് കുതിരയെ വെറുക്കുന്ന സ്ത്രീ ആയി ചിത്രീകരിച്ചത്. എന്നു മാത്രവുമല്ല അടുത്തിടെ സ്വൈഹാനിൽ ചെന്ന് ഒരു കുതിരലായം സന്ദർശിക്കാൻ ഇടയായത് ഒട്ടകത്തെ മാറ്റി കുതിരയെ ആക്കിയത്.

      വായനക്കും വിശദമായ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി. തീർച്ചയായും തുടർ രചനകളിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കാം... :)

      Delete
  20. ഒരറബിക്കഥ പോലെ വായിച്ചു.

    ReplyDelete
  21. വായനക്കാരന്റെ മനസ്സിനെ എഴുത്തുകാരന്‍ കയ്യിലെടുക്കുന്ന രചന.. ഇതാണ് എഴുത്ത്.. എവിടെയാണ് സര്‍ഗാത്മകത! ഒരായിരം ആശംസകള്‍ .

    ReplyDelete
  22. മനോഹരമായ ഒരു കിനാവ്‌ പോലെ സുന്ദരം...

    ആശംസകള്‍...,...

    ReplyDelete
    Replies
    1. റാംജിയേട്ടാ, അബൂതി, മനോജ് സർ, വായനക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി..!

      Delete
  23. മുഖ്യധാരയിലെ കഥകളെ അതിശയിപ്പിക്കുന്ന കഥകൾ ബ്ലോഗുകളിൽ വായിക്കാനവുന്നത് എത്ര ആഹ്ലാദകരം.....

    ReplyDelete
  24. ഈ കഥകള്‍ ബ്ലോഗില്‍ മാത്രമായി ഒതുക്കി നിര്‍ത്തരുത്....
    കുറച്ചുടെ വലിയ ലോകങ്ങള്‍ അവ ആവശ്യപെടുന്നു...
    അത് നിറവേറ്റുക തന്നെ വേണം...

    ReplyDelete
  25. ബ്ലോഗ് എഴുത്തുക്കാരെ ഇനി എന്തിനാ അങ്ങനെ വിളിക്കുന്നത് , നിങ്ങൾ ഒരു കാഥാ എഴുത്തുക്കാരനാണ്,

    മികച്ച ഒരു കഥ

    ReplyDelete
  26. അർഥം എന്നത് അർത്ഥം ആക്കുക............ഈ നല്ല കഥക്കെന്റെ നല്ല നമസ്കാരം..ഇനിയും വളരുക............വാനോളം

    ReplyDelete
  27. വളരെ മികച്ച അവതരണം...നല്ല കഥ........
    ആശംസകള്‍..

    ReplyDelete
  28. ഏകാന്തതയിലെ സ്വപ്നങ്ങള്‍ നെയ്തെടുത്ത കഥ നന്നായി അവതരണത്തില്‍ വിത്യസ്തത ഉണ്ടായിരുന്നു ഒത്തിരി ആശംസകളോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  29. നല്ല ഭാഷയിൽ, ശൈലിയിൽ എഴുതപ്പെട്ട ഭേദപ്പെട്ട കഥ. പ്രതീക്ഷയുടെ ചരട് ബാക്കിവെച്ചുകൊണ്ട് ഇക്കഥയ്ക്ക് ഭരതവാക്യം കുറിച്ചത് നന്നായി. ആശംസകൾ.

    ReplyDelete
  30. വളരെ നന്നായിട്ടുണ്ട്, നല്ല ഒഴുക്കുള്ള നല്ല കഥ. ഒരു നല്ല കഥ വായിച്ച സംതൃപ്തി. ഇനിയും മികച്ച സൃഷ്ടികള്‍ ആ തൂലികയില്‍ നിന്നും പിറക്കട്ടെ.

    ReplyDelete
  31. വ്യത്യസ്തമായ ഒരു രീതി അനുഭവപ്പെട്ടു വായിക്കുമ്പോള്‍ ഇനിയും പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു

    ReplyDelete
  32. വൈകിയാണ് വന്നതെങ്കിലും ഒറ്റ ശ്വാസത്തിന് വായിച്ചു തീര്‍ത്തു, മനോഹരം റെനി :) ഒരു അറേബ്യന്‍ കാവ്യം പോലെ സുന്ദരം,മികച്ച ഒരു കഥ, അഭിനന്ദങ്ങള്‍ പ്രിയാ :)

    ReplyDelete
  33. വളരെ മനോഹരമായ ഒരു കഥ

    ReplyDelete
  34. ബ്ലോഗ്‌ വായന വളരെ കുറവാണ്..(എന്റെ ചില സുഹൃത്തുക്കളുടെ ബ്ലോഗ്‌ ഒഴിച്ച്) ബ്ലോഗ്‌ എന്ന് മാത്രമല്ല.. സീരിയസ് ആയി വായിക്കുന്നത് തന്നെ കുറഞ്ഞു എന്ന് പറയുന്നതാവും ശരി. ജോലിത്തിരക്കും അതിന്‍റെ പിരിമുറുക്കങ്ങളും അകറ്റാന്‍ തമാശകളും മറ്റുമായി അല്‍പ്പം സമയം ഇവിടെ ചിലവഴിക്കുന്നു.. .. പക്ഷെ ഈ കഥ വായിച്ചപ്പോള്‍ മാദിന്റെ രൂപം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് പോലെ തോന്നുന്നു... വളരെ നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു... ആശംസകള്‍..... ഇനിയും ഒരുപാടെഴുതി ഉയരങ്ങളില്‍ എത്തട്ടെ................

    ReplyDelete
  35. വളരെ നന്നായി എഴുതിയിരിക്കുന്നു ,വീണ്ടും ഇതുപോലെ മനോഹരമായ കഥകള്‍ പ്രതീക്ഷിക്കുന്നു ,എല്ലാ ആശംസകളും !

    ReplyDelete
  36. കുറെ ദിവസമായി ബ്ലോഗ്ഗില്‍ വരാറില്ലായിരുന്നു.....വന്നപ്പോഴാണ് ഈ കിടു സാധനം കണ്ടത്..നന്ദി റൈനി ഈ വായനാനുഭവം തന്നതിന്......

    ReplyDelete
  37. ഇ മഷിയിൽ കഥ വായിച്ചപ്പോൾ വലിയ അതിശയം തോന്നി. പുതിയൊരു എഴുത്തുകാരനെ കണ്ടതു പോലെ.

    ജോസെലെറ്റ് പറഞ്ഞ സാങ്കേതികവശങ്ങൾ എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് അതൊരു പ്രശ്നമായി തോന്നിയില്ല. ( പക്ഷെ അറിയാവുന്നവർക്ക് അതൊരു കല്ലുകടി തന്നെയായി അനുഭവപ്പെടും എന്നുള്ളതിൽ തർക്കമില്ല ). സ്വന്തം കുടുംബാംഗങ്ങളെക്കാൾ മൃഗങ്ങളെ സ്നേഹിക്കുന്ന മനുഷ്യരെ കണ്ടെത്താൻ കഴിയും എന്നു തന്നെയാണ് വിശ്വാസം. അതുകൊണ്ടു തന്നെ അയാളുടെ ഭാര്യയുടെ പെരുമാറ്റത്തിലും അപാകത തോന്നിയില്ല.

    മികച്ച ഒരു കഥ സമ്മാനിച്ചതിൽ അഭിനന്ദനങ്ങൾ റെയ്നി.

    ReplyDelete
  38. നല്ലശൈലിയില്‍ മനോഹരമായ കഥ.ആശസകള്‍

    ReplyDelete
  39. ഹാ.ഒരു നല്ല കഥ..!!
    ഇത് സംഭവായിട്ടുണ്ട് ട്ടാ..
    ഇഷ്ടായി ചങ്ങാതീ.. ഒരു പാട്..!!

    ReplyDelete
  40. അശ്വഗന്ധം എന്ന ഈ കഥയെ മനോഹരം എന്നല്ല പറയേണ്ടത്....അതിമനോഹരം എന്നത്രെ !

    ഈ അടുത്തകാലത്ത്‌ വായിച്ച ഏറ്റവും നല്ല കഥ.

    എല്ലാ ആശംസകളും.

    ReplyDelete
  41. അശ്വഗന്ധം തീര്‍ച്ചയായും വായിക്കപ്പെടേണ്ട കഥ തന്നെയാണ് ,പലരും പറഞ്ഞപോലെ അച്ചടികളെക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഇത്തരം കഥകള്‍ ബ്ലോഗില്‍ വരുന്നു എന്നത് ബ്ലോഗ്‌ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് , മികച്ച കഥ കൂടുതല്‍ വായനക്കാരില്‍ എത്തണം ,എല്ലാവരും ഈ കഥ മറ്റുള്ളവരില്‍ എത്തിക്കട്ടെ ,, എല്ലാ ആശംസകളും .

    ReplyDelete
  42. ഉന്നത നിലവാരം പുലര്‍ത്തുന്ന മികച്ച കഥ... അഭിനന്ദനങ്ങള്‍

    ReplyDelete
  43. ആദ്യത്തെ കമന്റ് തന്നെ ആദ്യം തോന്നിയത്. എന്ത് മനോഹരമായിരിക്കുന്നു. വായിക്കാനുള്ള മടി മൂലം വിട്ടു പോയിരുന്നെങ്കില്‍ എന്തൊരു നഷ്ടമായേനെ. ഈ കഥ ബ്ലോഗ്‌ വിട്ട്‌ പറന്നുയരട്ടെ.

    ReplyDelete
  44. നന്നായിട്ടുണ്ട്...
    നേരത്തെ ആരൊക്കെയോ പറഞ്ഞത് പോലെ ആദ്യം ഓടിച്ചു വായിക്കാന്‍ ആണ് തോന്നിയത്.. പക്ഷെ നല്ല എഴുത്ത്.. കുറച്ചു കൂടെ ആറ്റിക്കുറുക്കാമായിരുന്നു എന്ന് തോന്നി..

    ReplyDelete
  45. വ്യത്യസ്തമായ പ്രമേയം മനോഹരമായ ഭാഷയില്‍ .അടുത്തിടെ അപൂര്‍വ്വമായിക്കണ്ട മികച്ച കഥ.

    ReplyDelete
  46. അതിമനോഹരമായ കഥ, ഒരു അറബി കഥപോലെ പറഞ്ഞു.
    ആശംസകളോടെ.

    ReplyDelete
  47. അതിമനോഹരമായ രചന. അഭിനന്ദനങ്ങള്‍.....

    ReplyDelete
  48. വളരെ നന്നായി എഴുതിയിരിക്കുന്നു നല്ല ഒഴുക്കോടെ വായിച്ചു .വീണ്ടും ഇതുപോലെ മനോഹരമായ കഥകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  49. കുറെ കേട്ടറിഞ്ഞ കഥയാണിത്.
    പക്ഷെ കഥ വായിക്കാനാവിശ്യമായ ഒരു മൂഡ്‌ വന്നിരുന്നില്ല .
    മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.
    പലരും പറഞ്ഞ പോലെ ഒരു അറേബ്യന്‍ ഗന്ധം.
    ഇത്തരം വിത്യസ്ഥകള്‍ ബൂലോഗത്തെ സജീവമാക്കും .
    അഭിനന്ദനങ്ങള്‍

    ReplyDelete
  50. കൊള്ളാം . ഇഷ്ടമായി . @PRAVAAHINY

    ReplyDelete
  51. ഈ കഥയുടെ പേര് കണ്ടിരുന്നൂ

    വായിക്കാന്‍ പറ്റിയിരുന്നില്ലാ ..
    തലകെട്ട് വീണ്ടും എന്നെ എത്തി നോക്കാന്‍ പ്രോത്സാഹിപ്പിച്ചു
    വായിച്ചു തുടങ്ങിയപ്പോള്‍ ഒരു വിവര്‍ത്തനത്തിന്റെ ഫീല്‍
    ആ യാത്ര അവസാനിച്ചപ്പോള്‍ ഒരു സുഖം ..എഴുത്തിന്റെ വായനയുടെ
    എഴുത്തിന്റെ നന്മ ..ജീവന്‍ ..

    അഭിനന്ദനം ഡിയര്‍

    ReplyDelete
  52. ഇ മഷിയിൽ വായിച്ചിരുന്നു..വളരെ നല്ല ഒരു കഥ.... അഭിനന്ദനങ്ങൾ..
    ഒരു അറബിക്കഥ വായിച്ച ഫീൽ...

    ReplyDelete
  53. നേരത്തെ വായിച്ചിരുന്നു റൈനി അന്ന് ഒന്നും പറയാണ്ട് പോയതു കൊണ്ട് ഈ മനോഹരമായ കഥ ഇന്ന് ഒന്നൂടെ വായിക്കാന്‍ സാധിച്ചു ..!

    ReplyDelete
  54. മരുഭൂമിയില്‍ മല്‍സരയോട്ടതിനു പങ്കെടുക്കുന്ന കുതിരകളെ പാര്‍പ്പിക്കുന്ന ഒരു കുതിരാലയം ആണ് പശ്ചാത്തലമാകുന്നത്. അധികം വിശദാംശങ്ങള്‍ കഥാകൃത്ത്‌ നല്‍കുന്നില്ല. എങ്കിലും ഇത്രയധികം കുതിരകള്‍ ( അതും വില കൂടിയ മല്‍സരക്കുതിരകള്‍ സ്വന്തമായുള്ള ഒരാള്‍ ദാരിദ്രനാകുന്നതും ഇത്തരം ഒരു സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നതും പശ്ചാത്തല വിവരണത്തിലെ അസ്വഭാവികതയായി തോന്നുന്നു. എങ്കിലും ആ ഒരു മരുഭൂമിയുടെ സാനിധ്യമാണ് ഈ കഥയെ മനോഹരമാക്കുന്നത് എന്നതും പറയാതെ വയ്യ.

    പ്രമേയപരമായി വലിയ പുതുമ അവകാശപ്പെടാന്‍ ഇല്ല. വളര്‍ത്തു മൃഗങ്ങളെയോ കൃഷിയെയോ സ്വന്തം ജോലിയെയോ അതിരറ്റു സ്നേഹിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെണ്ണിന് അതുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ ജീവിതം ദുരന്തമാകുന്ന പ്രമേയം മുന്‍പും ഏറെ വായിച്ചതാണ്. എങ്കിലും അവതരണവും പശ്ചാത്തലവും ഈ പരിമിതിയെ വലിയ തോതില്‍ ഇല്ലതെയാക്കുന്നുണ്ട്. പ്രമേയതെക്കാള്‍ അവതരണം കൊണ്ടും പശ്ചാത്തലം കൊണ്ടും പാത്രരൂപീകരണത്തിലെ പുതുമ കൊണ്ടുമാണ് ഈ കഥ വിജയിക്കുന്നത്

    കഥയുടെ അവതരണം അതിന്റെ മറ്റെന്തു കുറവുകളേയും മറികടക്കുന്ന അത്ര ഉജ്വലമാകും എന്നതാണ് ഈ കഥ വായിക്കുമ്പോള്‍ എനിക്ക് വീണ്ടും വീണ്ടും തോന്നുന്നത്.

    ReplyDelete
  55. ഞാന്‍ ആദ്യമായാണ്‌ ഈ കഥ വായിക്കുന്നത് . അജിത്തേട്ടന്‍ പറഞ്ഞത് സത്യം തന്നെ .

    ReplyDelete
  56. മികച്ച കഥ - സന്തോഷം തോന്നി വായിച്ചപ്പോൾ - എന്നാൽ ജൊസ്ലെട്ട് പറഞ്ഞ പോലെ സാങ്കേതികമായി ചിന്തിക്കുമ്പോൾ ഒരു കുറവ് ... കാരണം , ഞാൻ പന്തയക്കുതിരകളുടെ ലായങ്ങൾ സന്ദർശിച്ചിട്ടുണ്ട് ...മസരകളും മില്ല്യനുകൾ ആണ് ഓരോന്നിന്റെയും (കുതിര) വില ........പ്രാദേശികമായി അങ്ങനെ ഒരു മത്സരം കണ്ടിട്ടുമില്ല.... എന്നാൽ ഒട്ടക ഓട്ടമുണ്ട്‌ ..... കാളപ്പോരും ഉണ്ട് .... ഈ പ്ലോട്ടിൽ നിന്ന് എഴുതുമ്പോൾ നിരീക്ഷണക്കുറവ് തോന്നുന്നു ..... ... വരികളുടെ അടക്കവും ,,, ഒതുക്കവും ,,, അവതരണ മികവും ,,,, വളരെ ഇഷ്ടായി ... ഇങ്ങനെയൊക്കെ ആണെങ്കിലും ഉള്ളിൽ തട്ടിയിട്ടും ഉണ്ട് ......... നല്ല കഥകള എഴുതുന്ന നിങ്ങള്ക്ക് അഭിനന്ദനങ്ങൾ --- നിധീഷ് കൃഷ്ണൻ (അമൃതംഗമയ ) ഒരു കമ്മെന്റിൽ പരാമർശിച്ചു കണ്ടപ്പോൾ തേടിപ്പിടിച്ചു വായിക്കുകയായിരുന്നു ...... നിങ്ങളിൽ നിന്നൊക്കെ വേണ്ടേ എന്തെങ്കിലും കിട്ടാൻ ... :) -- നന്ദി

    ReplyDelete