Friday, March 1, 2013

അർത്ഥവിന്യാസങ്ങൾ




മാഷ്ക്കിതെന്ത് പറ്റി, അങ്ങ്ട് പോകുമ്പോ ഇതേ ഇരിപ്പിരിക്കണ കണ്ട്ട്ട് പോയതാ ഞാൻ,  ഇപ്പോ നേരെത്രായി ഈ ഇരിപ്പിര്ക്കണേ.”


പറഞ്ഞുകൊണ്ട്, ഇറയത്തേക്ക് കയറിയ അച്യുതന്റെ വാക്കുകളാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്

ഒന്നൂല്യടോ, മറഞ്ഞുപോയ കാര്യങ്ങളൊക്കെ വെറുതെയിങ്ങനെ ഓർത്തോണ്ടിരിക്കാൻ ഒരു സുഖാ, ചിലപ്പോളൊക്കെ അത് മനസിനെ വല്ലാണ്ടെ ഉത്തേജിപ്പിക്കും, ചിലപ്പോളാകട്ടെ നഷ്ടങ്ങളുടെ വേദനകൾ ഉള്ളിലിങ്ങനെ ഇട്ട് പെടപ്പിച്ചോണ്ടിരിക്കും, എന്നാലും നഷ്ടപ്പെടുത്തി കളഞ്ഞതൊക്കെ കല്ലറ മാന്തി പുറത്തെടുക്കാൻ തോന്നാത്ത ആരൂല്ലല്ലോ ഈ ലോകത്തില്..”


അത് ശര്യാ മാഷെ, കഴിഞ്ഞ് പോയതൊക്കെ എങ്ങനെ നോക്ക്യാലും വിഷമങ്ങളന്ന്യാ അവസാനം തരുള്ളൂ.. നല്ലതാണെങ്കില് ആ നല്ലകാലം കഴിഞ്ഞ് പോയീന്നും പറഞ്ഞ് കരയാം, ചീത്തയാണെങ്കില് അതൊക്കെ എനിക്ക് സംഭവിച്ചൂലോ എന്നോർത്തിട്ടും കരയാം ല്ലെ മാഷെ,“


ശര്യാടോ, ചെലപ്പോളൊന്നും എത്ര ചിന്തിച്ചാലും ഉത്തരം കിട്ടാണ്ടിരിക്കണ പലതും ഉണ്ട് നമ്മുടൊക്കെ ജീവിതത്തില്.“


അല്ല മാഷെ, ഈ വയസുകാലത്ത് പിന്നിലേക്ക് നോക്കുമ്പോ മാഷ്ടെ വല്യ നഷ്ടം ന്ന് തോന്നണതെന്താവും ന്ന് ഞാൻ പറയട്ടെ?“


അച്യുതാ, ന്റെ മനസിലുള്ളത് അനക്കോ നെന്റെ മനസിലുള്ളത് ഇനിക്കോ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല്യ. അകത്ത് നടക്കണ സംഘട്ടനങ്ങളൊക്കെ പുറത്ത് കാണിക്കാതെ മാറ്റിപ്പിടിക്കാൻ മ്മടെ മുഖത്തിന് അത്ര പ്രയാസള്ള കാര്യൊന്നല്ല. ന്നാലും നീയ്യ് പറയ്.. അന്റെ ചിന്ത എന്താന്നൊന്ന് അറിയാലോ.“


ശര്യാവും. മാഷ്ടെ ചിന്ത എവ്ടെ കെടക്ക്ണ്, എന്റെ ചിന്ത എവ്ടെ കെടക്ക്ണ്?, ന്നാലും നല്ല കാലത്ത് ഒരു കല്യാണം കഴ്ച്ചീര്ന്നെങ്കില് ന്ന് ഇപ്പോ തോന്നണില്ലെ മാഷ്ക്ക്?“


ഞാനൊന്നു ചിരിച്ചു. അല്പം ശബ്ദമുയർത്തി തന്നെ ചിരിച്ചു. ചില ചോദ്യങ്ങൾ എന്നെ തീരെ വേദനിപ്പിക്കുന്നില്ല എന്ന് അഭിനയിച്ച് ഫലിപ്പിക്കാൻ ഞാൻ പലപ്പോളും ഇങ്ങനെ ചിരിക്കാറുള്ളതാണ്.


ചിരി തീരും മുൻപേ അച്യുതന്റെ പരിഭവവും വിഷമവും കലർന്ന വാക്കുകൾ കേട്ടു..
മാഷെന്നെ കളിയാക്കി ചിരിക്ക്യാ ല്ലെ?“


അല്ല, അച്യുതാ ഞാൻ എന്നെത്തന്നെ കളിയാക്കി ചിരിക്കുകയായിരുന്നുഎന്ന് പറയാൻ മനസു പറഞ്ഞതാണ് എങ്കിലും സ്വയം അടക്കി പിടിച്ച് ഒന്ന് കൂടി ചിരിച്ചതേയുള്ളൂ.


മാഷോട് വർത്താനം പറഞ്ഞിട്ട് ഒരു കാര്യോല്ല, വെറുതെ ഒറ്റക്കിരുന്ന് മുഷിയണ്ടാന്ന് കരുതി ഇവിടെ വന്ന എന്നെത്തന്നെ പറഞ്ഞിട്ടെ കാര്യൊള്ളൂ..“    അച്യുതൻ കസേരയിൽ നിന്നെഴുന്നേറ്റു.


ഇരിക്കച്ച്യുതാ, നിന്നെ ഞാനിപ്പെന്തിനാ കളിയാക്ക്ണ്ത്. നിയ്യവിടെ ഇരിക്ക് ഞാൻ ചായട്ത്ത് വരാ


വേണ്ട മാഷേ, ഞാൻ പോവാ.. ഇല്ലെങ്കിലും ഇപ്പോ അയിനും മാഷെന്നെ അടുക്കളയിൽ കേറണോല്ലോ


അച്യുതൻ ഇറങ്ങി, ചവിട്ടു പടികളിൽ നിന്ന് എന്നെ തിരിഞ്ഞൊന്ന് നോക്കി, സഹതാപത്തിന്റെ കറുത്തതും മൂർച്ചയുള്ളതുമായ തരംഗങ്ങൾ സന്ധ്യയുടെ ചുവന്ന ശോഭയിൽ വെട്ടിത്തിളങ്ങി എന്നെ പുച്ഛിക്കുന്നത്  എനിക്കു കാണാമായിരുന്നു.




കാലുകൾ വീണ്ടുമുയർത്തി  പൂമുഖത്തിനു കൈവരി വെച്ച അലൂമിനിയം ഫ്രൈമിൽ വെച്ച് ഞാൻ ഇരുന്നു. അച്യതന്റെ ചോദ്യവും എന്റെ ചിരിയും എന്റെ തലച്ചോറിൽ അപ്പോളും ഓളം വെട്ടിക്കളിക്കുകയായിരുന്നു. ഓർമ്മകളുടെ വേലിയേറ്റത്തിന് അനുയോജ്യമായ അമാവാസി പോലെ!

ചിറ്റമ്മേ ചിറ്റാരമ്മേ
പണ്ടത്തെ താളം തായോ

പടി കടന്ന് കയറുമ്പോൾ  അവൾ കുഞ്ഞുങ്ങളോടൊത്ത് പാടുകയായിരുന്നു. ഉണ്ടക്കണ്ണി ഉണ്ണിമായ‘. ചവിട്ട് പടികൾ കയറുമ്പോൾ ചോദിക്കാതെ തന്നെ ഉത്തരം വന്നു.

അച്ചനിവിടില്ല്യ, മാളുവേടത്തീടെ വീട്ടിലെ മദ്ധ്യസ്ഥക്ക് പോയിക്ക്ണ്.

പുറത്ത് കള്ള ദേഷ്യവും അകത്ത് പ്രണയവും ചേരുന്ന അവളുടെ മുഖം നോക്കി ഞാൻ ചിരിച്ചു.


ഞാനൊന്നും ചോയ്ച്ചില്ലാലോ ഉണ്ടക്കണ്ണീ.. ഒരാള് കുടുമ്മത്ത് കേറി വരുമ്പോ ഇങ്ങനെന്ന്യാ വേണ്ടേ, കേറണ മുന്നെ ആട്ട്യറക്കണം. നല്ല ശീലം ന്ന്യേ..


അയിനിപ്പോ ഇവിടാരാ ആട്ട്യെറക്ക്യേത്, അച്ചവിനിവിടില്യാന്നല്ലെ ഞാൻ പറഞ്ഞീള്ളൂ”.


ന്നാ പിന്നെ ഞാനും ഒന്നും പറഞ്ഞില്ല്യ ,  ഞാൻ പോണ് അച്ചൻ വന്നാല് ഞാൻ വന്ന് അന്വേഷിച്ച് ന്ന് പറഞ്ഞാ മതി..

മാഷേ മാഷേ..

ഉണ്ണിമായക്കൊപ്പം നിന്ന കുട്ടിക്കൂട്ടം ഓടി വന്നു..

ഉം എന്തേ

ആ പാല മരുത്തുമ്മല് പൂമാലക്ഷ്മീണ്ട്ന്ന് പറേണത് സത്യാണോ?“


പൂമാലക്ഷ്മി ഇള്ളതന്ന്യാ, കുരുത്തക്കേട് കാണിച്ചാ പനേമ്മല് കേറി പനങ്കുലമ്മന്ന് നാരും വെട്ടി ചാട്ടവാറ്ണ്ടാക്കി തലങ്ങും വെലങ്ങും പൂശും ന്ന് പറയണതും നേരന്ന്യാ. പക്ഷേങ്കില് നല്ല കുട്ട്യോളെ ഒക്കെ യക്ഷിക്ക് സ്വന്തം കുട്ട്യോള് പോലന്ന്യാ


അപ്പോ ന്നാള് ഓള് ഒരാൾടെ ചോര കുടിച്ച് കൊന്നൂന്ന് പറഞ്ഞതോ, അതൊക്കെ നേരാ? യക്ഷ്യോള് ശരിക്കും ചോര കുടിക്ക്യോ?“

യക്ഷ്യോള് മാത്രൊന്നല്ല, മനുഷ്യന്മാര് വരെ ചോര കുടിക്കും, വല്യേ ദൃംഷ്ടകളും പേട്യാവണ രൂപോം ഒന്നൂലെങ്കിലും കണ്ണോണ്ടാണ് മനുഷ്യര് ചോര കുടിക്കണത്ഇമ വെട്ടാതെ എന്നെ നോക്കി നിന്ന ഉണ്ണിമായയെ ഇടങ്കണ്ണിട്ട് ഞാൻ നോക്കി


പൂമുഖത്ത് പുഞ്ചിരി കത്തി, നൂറ് ചന്ദ്രന്മാർ ഒന്നിച്ചു മാനത്തുദിച്ചത് പോലെ കള്ള ദേഷ്യത്തിലും അവളുടെ മുഖം തിളങ്ങി നിന്നു.
ഒന്നു കൂടി തിരിഞ്ഞു നോക്കി ഞാനിറങ്ങി നടന്നു.

 
പിന്നെയുമൊരുപാട് വസന്തങ്ങൾ പൂക്കൾ വിടർത്തി, വേനലും വർഷവും എന്റെ ജീവിതത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി, അതിലിടക്ക് വന്ന ശിശിരങ്ങൾ വിടർത്തി വെച്ച സ്വപ്നങ്ങളുടെ ഇലകൾ ഒന്നൊന്നായി മണ്ണിൽ പൊഴിച്ചിട്ടുകൊണ്ടിരുന്നു.


സീമേടേം വത്സലേടേം കെട്ടൊന്ന് കഴിഞ്ഞാലേ ഇക്കൊരു സമാധാനം ള്ളൂ,“ അമ്മ ഇടക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. 


അല്പം വൈകിയാണെങ്കിലും അമ്മക്ക് സമാധാനം കിട്ടി. അമ്മയുടെ സമാധാനത്തിനായി എന്റെ ഉണ്ടക്കണ്ണിയെ മറ്റാരുടേതോ ആക്കിത്തീർക്കാൻ ഞാൻ  വിധിക്കപ്പെടുകയും ചെയ്തു.


വിവാഹ കമ്പോളത്തിൽ വയസേറിയവന്റെ ജീവിതത്തിന് മൂല്യം കുറവായിരുന്നു. മനസിനിണങ്ങാത്ത വിവാഹത്തേക്കാൾ വഴിമാറിക്കൊടുക്കുക എന്ന ഒറ്റ ചിന്തയായിരുന്നു എളുപ്പം.


സഹോദരങ്ങളുടെ സ്നേഹത്തിന് പുത്തനച്ചിമാരുടെ ഭരണം തടസമായിത്തുടങ്ങി. സ്വന്തം വീട്ടിൽ അന്യതാബോധം മനസിനെ തളർത്തിയ നിമിഷത്തിൽ വീടും കൂടും വിട്ടു.


പറക്കാൻ അപ്പോളും പക്ഷെ ചിറകുകൾ മുളച്ചിട്ടുണ്ടായിരുന്നില്ല. ഏന്തിയും വലിഞ്ഞും ഇഴഞ്ഞും നടന്നു. നോക്കിലും നടപ്പിലും ഇരിപ്പിലും ഞാൻ എന്റെ രണ്ടാം പ്രണയത്തെ തിരഞ്ഞു നടന്നു.
 കണ്ടെത്താനായില്ല. നിശ്ചയിച്ച സമയം ഏറെ അവശേഷിക്കുന്നുണ്ടായിരുന്നുവെന്ന് തോന്നി.


പടിഞ്ഞാറേ തൊടിയിലെ മൂവാണ്ടന്മാവിൽ നിന്നും ഏതോ പക്ഷി നീട്ടിക്കരഞ്ഞത് ഓർമ്മകളുടെ ഭാണ്ഡം അഴിച്ചു വെപ്പിച്ചു.

കണ്ണൂകൾ എന്തിനോ ദൂരേക്ക് നീണ്ടു. നടുമുറ്റത്ത് ഒരു കരിനാഗം ഇഴഞ്ഞു നീങ്ങുന്നത് കണ്ണില്പെട്ടു. രാവിന് കട്ടി കൂടി വരുന്നുണ്ടായിരുന്നു.
 
കഴിഞ്ഞ കാലങ്ങളെ മനസിൽ താലോലിച്ചത് കണ്ണിൽ ഉറവ പൊട്ടിയൊലിപ്പിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്. ഉടുമുണ്ടിന്റെ തലപ്പ് പൊക്കി കണ്ണുകൾ തുടച്ചു.
 
വീടിനു പുറകിലെ വയലിൽ നിന്നും ആരോ ആരെയോ കൂവി വിളിക്കുന്നുണ്ടായിരുന്നു. ആരോ ആർക്കോ വേണ്ടി എവിടെയോ കാത്തിരിക്കുന്നുണ്ടാവണം, അടുത്തെത്താനുള്ള തിടുക്കമാണ്, ധൃതിയും!

 എഴുന്നേറ്റ് ചവിട്ടുപടികളിലൊന്നിൽ കുത്തിവെച്ച കാലൻ കുടയെടുത്ത് അകത്തേക്ക് വെക്കാൻ തുനിഞ്ഞു കുമ്പിട്ടനേരത്ത് പടികളിലഴിച്ചു വെച്ച ചെരിപ്പിൽ ഉറുമ്പരിക്കുന്നു. അല്പ നേരം നോക്കി നിന്നു. നീല വാറുകൾക്കടിയിലെ വെളുത്ത പ്രതലത്തിൽ ഉറുമ്പ്  മുന്നിലേക്കും പിന്നിലേക്കും അരിച്ചു നടന്നുകൊണ്ടിരുന്നു.




മനസ് കരഞ്ഞുവോ അതോ ചിരിച്ചുവോ ? അറിയില്ല, നിമിത്തങ്ങളാണ്, വരവറിയിക്കുന്ന നിമിത്തങ്ങള്. 

കൈതക്കാറ്റിന്റെ സുഗന്ധം അപ്പോൾ മുറിയിലെത്താൻ വെമ്പി എവിടെയോ  കാത്തു നിൽക്കുന്നുണ്ടായിരിക്കണം.