Friday, December 21, 2012

ലോകവസാനവും ലൈവ് ബ്രോഡ്കാസ്റ്റിങ്ങും...!!


ഇതെന്തോ വിഷൻ വാർത്തയിലേക്ക് സ്വാഗതം ഞാൻ പുനീത് കുമർ,
പ്രധാന വാർത്തകൾ..
ഇന്ന് 21-12-2012, മായൻ കലണ്ടർ പ്രകാരം ലോക ജനത ലോകാവസാന ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നു. ഇപ്പോൾ സമയം പത്ത് പത്ത്, പതിനൊന്ന് പതിനൊന്നിന് അരികിലണയുന്ന ലോകവസാന മഹോത്സവത്തിന് കോപ്പുകൂട്ടുവാൻ കുട്ടികൾ ആടയാഭരണങ്ങളണിഞ്ഞ് കാത്തിരിക്കുകയാണ്. വർണ്ണ നക്ഷത്രങ്ങളും പൂക്കളവുമായി ലോകവസാനത്തിനെ വരവേൽക്കാൻ കാത്തിരിക്കുന്ന മലയാളികൾക്ക് മുൻപിൽ ലോകവസാനം എത്തിച്ചേരുമോ എന്ന സന്ദേഹത്തിലാണ് മലയാളികൾ..!!

ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥയിൽ നേരിയ വ്യതിയാനം പോലും റിപ്പോർട്ട് ചെയ്തതായി വാർത്തകൾ ലഭിച്ചിട്ടില്ലെങ്കിലും ഒരു മണിക്കൂറിനകം എന്തെങ്കിലും സംഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ലോക ജനത..!

ലോകവസാനം സത്യമോ മിഥ്യയോ എന്ന വിഷയം ചർച്ച ചെയ്യാൻ ഇന്ന് നമുക്കൊപ്പം അഖില ലോക യുക്തി വാദി സംഘത്തിന്റെ മേലദ്ധ്യക്ഷൻ ശ്രീ നിരീശ്വരാനന്ദ, മായൻ കലണ്ടർ പ്രധിനിധി ശ്രീ മായിക പ്രഭൻ, സാഹിത്യ ലോകത്തെ അൽഭുതം ശ്രീമതി ശാശ്വത കുമാരി എന്നിവരുണ്ട്. ഒപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലും ക്യാമറയും തൂക്കി ജാഗരൂകരായി നമ്മുടെ റിപ്പോർട്ടർമാർ വെയിറ്റ് ചെയ്യുകയാണ്. എല്ലാ പ്രേക്ഷകർക്കും ലോകവസാന ചർച്ചയിലേക്ക് ഹാർദ്ദവമായ സ്വാഗതം..!

“ആദ്യ ചോദ്യം ശ്രീ നിരീശ്വരാനന്ദയോടാണ്, നമസ്കാരം ശ്രീ നിരീശ്വരാനന്ദ, ലോകവസാനം ഇന്ന് വരും എന്ന് താങ്കൾ ഉറച്ചു വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ് വരുന്നത്? വന്നില്ലെങ്കിൽ അതെന്തു കൊണ്ടാണ് വരാത്തത്? വരാതിരുന്നാൽ കാത്തിരിക്കുന്ന ജനങ്ങളിൽ മോഹഭംഗത്തിന്റെ വേദന മായ്ക്കാൻ താങ്കൾക്കെന്താണ് ചെയ്യാൻ കഴിയുന്നത്, അല്ലെങ്കിൽ എങ്ങനെയാണ് താങ്കൾ ഇക്കാര്യത്തെ നോക്കിക്കാണുന്നത്, അതുമല്ലെങ്കിൽ.“
“മതി മതി ശ്രീ പുനീത്, ഇത്രയും ചോദ്യങ്ങൾ ഒരുമിച്ച് താങ്ങാനുള്ള കരുത്ത് ഈയുള്ളവനുണ്ടെന്ന് തോന്നുന്നില്ല, അതുകൊണ്ട് തന്നെ ചോദ്യങ്ങൾ ഒരോന്നായി ചോദിക്കുന്നതാവും നല്ലത്..
ക്ഷമിക്കണം ശ്രീ നിരീശ്വരൻ, എങ്കിൽ പറയൂ  ലോകവസാനം ഇന്ന് നടക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?“

“ഒരിക്കലുമില്ല പുനീത്, ലോകവസാനം ഇന്നും നാളെയും വരാൻ യാതൊരു സാധ്യതയുമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു..!“

“ഇത്രയും ഉറപ്പിച്ചു പറയുവാൻ താങ്കൾക്ക് തോന്നുന്ന കാരണം എന്താണ്?? പറയൂ നമ്മുടെ പ്രേക്ഷകർ താങ്കളുടെ വാക്കുകൾക്ക് കാതോർക്കുകയാണ്, അല്ലെങ്കിൽ ചെവി കൂർപ്പിക്കുകയാണ്.“
“പുനീത്, താങ്കളെപ്പോലെ ഉള്ളവർക്ക് ലോകത്തെക്കുറിച്ച് എന്താണറിയുന്നത്,  സൂര്യൻ ഒരു ഗ്രഹമാണ്, ഭൂമി മറ്റൊരു ഗ്രഹവും, അപ്പോൾ ചന്ദ്രൻ എന്തുകൊണ്ടാണ് ഉപഗ്രഹം ആയത് എന്ന് നിങ്ങൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല, മാത്രവുമല്ല, ബുധനും ശുക്രനും ഇന്നൊന്നും ചെയ്യാൻ കഴിയാത്ത ദിവസമാണ്, ഇന്ന് വെള്ളിയാഴ്ചയാണ്, അറബി ഗ്രഹങ്ങളിൽ ഒഴിവ് ദിനം, നാളെയും മറ്റന്നാളും ആകട്ടെ മറ്റു പല ഗ്രഹങ്ങളിലും ഒഴിവു ദിവസങ്ങളും. ജോലി ദിവസങ്ങളിൽ തന്നെ വല്ലാതെ മടി പിടിച്ച് ഇരിക്കുന്നവ ഒഴിവു ദിനത്തിൽ ഇത്രയും ശ്രമകരമായ ഒരു ജോലി ചെയ്യുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
യുക്തിവാദം എന്ന് പറയുന്നത് മാങ്ങാത്തൊലിയൊന്നുമല്ല, ബുദ്ധിയുടെ ആന്തരിക മണ്ഡലങ്ങളെ ഉത്തേജിപ്പിച്ച് ബുദ്ധിപരമായ ചിന്തകളും കണ്ടെത്തലുകളും നടത്തുന്ന എന്നെപ്പോലെ ഉള്ളവരെ നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഇക്കാര്യത്തിൽ താങ്കൾക്ക് സത്യം മനസിലായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.“

“വളരെയധികം വ്യക്തമാണ് ശ്രീ നിരീശ്വരാനന്ദ, നമുക്ക് ഇതേക്കുറിച്ച് മായ പ്രഭൻ സാറിനോട് ചോദിക്കാം.. ശ്രീ മായപ്രഭൻ ലോകം ഇന്ന് അവസാനിക്കുമോ അല്ലെങ്കിൽ എന്നെങ്കിലും അവസാനിക്കുമോ? അതുമല്ലെങ്കിൽ കാത്തിരിക്കുന്നവരുടെ മോഹം പൂവണിയുമോ, ഇക്കാര്യത്തിൽ എന്താണ്, അല്ലെങ്കിൽ എന്തൊക്കെയാണ് താങ്കൾക്ക് പറയാനുള്ളത്..?“

“പുനീത്, ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ എന്താണ് പറയുക, മായിൻ ഇക്ക എന്നോട് പറഞ്ഞു ഇന്നെന്തായാലും ലോകം അവസാനിക്കും എന്ന്. പുള്ളിക്കാരൻ ഭയങ്കര ജീനിയസ് ആണ്, ലോകം അവസാനിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദം വരെ അദ്ധേഹം മുൻ കൂട്ടി കണ്ട് ഞങ്ങളെ കേൾപ്പിക്കുകയുണ്ടായി!!“

“ഇത്രയും തെളിവുകൾ താങ്കളുടെ കയ്യിലുണ്ടായിട്ടും അതെന്ത്കൊണ്ടാണ് ഞങ്ങൾ ചാനലുകാർക്ക് വിട്ടു താരാത്തത്, പറയൂ എങ്ങനെയാണ് ആ ശബ്ദം..?“

“എനിക്ക് മിമിക്രി അറിയില്ല മിസ്റ്റർ പുനീത് എങ്കിലും നിർബന്ധമാണെങ്കിൽ കുറച്ച് സാധനങ്ങൾ സംഘടിപ്പിച്ച് നൽകിയാൽ ഞാൻ ഒരു പരീക്ഷണത്തിലൂടെ ലോകവസാന ശബ്ദം നിങ്ങളെ കേൾപ്പിക്കാൻ ശ്രമിക്കാം,“

“എന്താണ് എന്താണ് താങ്കൾക്ക് വേണ്ട സാധനങ്ങൾ മടിക്കാതെ പറയൂ നമ്മുടെ പ്രേക്ഷകര് ഉദ്വേഗത്തിന്റെ മുൾ മുനയിലാണെന്ന് താങ്കൾ മനസിലാക്കൂ പ്ലീസ് …“

“ശരി അങ്ങനെ എങ്കിൽ അല്പം തീക്കനലുകളും കുറച്ച് വെള്ളവും സംഘടിപ്പിച്ച് നൽകിയാൽ ഞാൻ ആ ശബ്ദത്തിന്റെ ഒരു മോഡൽ ഇവിടെ കേൾപ്പിക്കാം പുനീത് അത്രൊക്കെയേ എന്നെക്കൊണ്ട് പറ്റൂ കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ മായിൻ ഇക്കാനെ വിളിച്ചാൽ മതി.“

(പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ചാനൽ സ്റ്റുഡിയോയിൽ പരീക്ഷണം നടക്കുന്നു. തീക്കനലിലേക്ക് വെള്ളമൊഴിച്ചപ്പോൾ കേട്ട സ് സ് സ് സ് ശൂം ശബ്ദം കേൾപ്പിച്ച് വിജയിയായി മായപ്രഭൻ സായൂജ്യമടയുന്നു, ആദ്യമായി ലോകവസാന പരീക്ഷണവും ലോകാവസാനത്തിന്റെ ശബ്ദവും ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്ത പുനീത് കുമാർ അത്യാഹ്ലാദത്താൽ ഓടി ചാടി നടന്ന് ചിരിക്കുന്നു)

“വളരെ നന്ദി ശ്രീ മായപ്രഭൻ,ലോകവസാന ചക്രവർത്തി ശ്രീ മായിൻ ഇക്കയെ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്നും കണക്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ എത്രയും വേഗത്തിൽ ലൈനിൽ കിട്ടുമെന്ന പ്രതീക്ഷയോടെ നമുക്ക് ശ്രീമതി ശാശ്വത കുമാരിയുടെ അഭിപ്രായങ്ങൾ കേൾക്കാം..“

“ശ്രീമതി ശാശ്വത കുമാരി, ലോകവസാനത്തെക്കുറിച്ച്,  ഇവിടെ നടന്ന പരീക്ഷണത്തെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്??“

“ന്റെ പുനീതേട്ടാ, ലോകം അവസാനിക്കും ന്ന് എല്ലാരും പറഞ്ഞപ്പോ എന്റുള്ളില് വല്യ ഞെട്ടലാണുണ്ടായത്. ലോകം അവസാനിച്ചാൽ ഞാൻ ഇന്നലെയും കൂടി എഴുതി വെച്ച് പ്രസിദ്ധീകരണത്തിന് കൊടുക്കാൻ പോണ പുസ്തകം ആര് വായിക്കും എന്നോർത്തപ്പോൾ എന്റെ നെഞ്ച് വരണ്ട് കിടക്കണ പുല്ലാണിപ്പാടം പോലെ ആയി. ന്റെ കാഞ്ചിപുരം പട്ട് സാരി ഞാൻ ഒരു തവണയല്ലെ ഉടുത്തിട്ടുള്ളൂ എന്നോർത്തപ്പോൾ എന്റെ ഉള്ളിലെ മൈന ദയനീയമായി മൂ‍ളുകയാണുണ്ടായത്. അപ്പോൾ തന്നെ സമകാലീന സുന്ദരിക്കോതകളും എന്റെ കൂടെ അടിഞ്ഞൊടുങ്ങും എന്നോർത്തപ്പോൾ തെല്ലൊരു സമാധാനം എനിക്ക് കിട്ടാതെയുമിരുന്നിട്ടില്ല. ഖസാഖിന്റെ ഇതിഹാസം ഞാൻ വായിക്കണമെന്ന് വിചാരിച്ചത് വായിച്ച് തീർത്തില്ലല്ലോ എന്ന സങ്കടവും വന്നു. സിസ്റ്റം ഓഫ് ചെയ്ത് രണ്ട് പുസ്തകം വായിക്കൂ കുട്ട്യോളെ എന്ന് പറഞ്ഞ എന്റെ വാക്ക് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാൻ പോണില്ലല്ലോ എന്ന കാര്യം ഓർത്ത് ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു. പക്ഷെ ഇപ്പോൾ ഈ പരീക്ഷണം കണ്ടപ്പോൾ എനിക്ക് അല്പം ആശ്വാസമുണ്ട്..!!“

“സത്യത്തിൽ ലോകാവസാനത്തിന്റെ ഈ ശബ്ദം ഞാൻ നേരത്തെ തന്നെ കേട്ടിട്ടുള്ളതാണ്, വീട്ടിലെ അടുപ്പിൽ നിന്നും ഇടക്കിടെ ഞാനത് കേൾക്കാറുണ്ട്. രണ്ട് മൂന്ന് വട്ടം വീട്ടിൽ ദോശ ചുട്ടപ്പോളും ഇതേ ശബ്ദം  നേരിയ വ്യത്യാസത്തോടെ ഞാൻ കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് ഇത് ലോകാവസാന ശബ്ദം ആണെന്ന് ഞാൻ വിശ്വസിക്ക്ണ് ല്ല.. ഇത് പ്രകൃതിയുടെ ആന്തോളനങ്ങളുടെ ബാഹ്യസ്ഫുരണങ്ങളെ അത്യന്തം ഹർഷ പുളകിതമാക്കാൻ സർവ്വേശ്വരൻ നൽകിയ ഒരു പ്രത്യേക സമ്മാനം തന്നെയാണ്. അതിന്റെ അലയൊലികൾ ഇല്ലാതെ എനിക്ക് ഒരു വരി പോലും എഴുതാൻ കഴിയില്ല. അറിയാമോ??“

“വളരെ നന്ദി ശ്രീമതി ശാശ്വത കുമാരി, നമ്മളെന്തൊക്കെയോ ചോദിച്ചു, അവരെന്തൊക്കെയോ പറഞ്ഞു, പ്രേക്ഷകർ എന്തൊക്കെയോ കേട്ടു. വളരെ നന്ദി,“

“ഇപ്പോൾ ലോകവസാന ചക്രവർത്തി ശ്രീ മായിൻ ഇക്ക ലൈനിലുണ്ട്, നമുക്കദ്ദേഹത്തോട് ചോദിക്കാം…“

ഹലോ ശ്രീ മായിൻ കേൾക്കാമോ കേൾക്കാമോ?

ഹലോ ഹലോ ഹലോ..

കേൾക്കാമോ ശ്രീ മായിൻ, കേൾക്കാമോ

എന്താണ്ടാ ജ്ജി കേൾക്കാമോ കേൾക്കാമോ എന്ന് ചോയിക്കണത്, വയസ് അറുവത്തഞ്ച് ആയെങ്കിലും ന്റെ ചൊവ്ട്ടിന് ഒരു പ്രസ്നം ഇതുവരെ ഉണ്ടായീല്ല്യ. എന്നിട്ടവന്റെ ഒരു ചോദ്യം.. യ്യ് ന്നെ മടിയിൽ വെച്ച് പേരിട്ടതാണ്ടാ മായിൻ ആണത്രെ, അന്നേക്കാട്ടീം എത്ര വയസുണ്ട് ടാ ഇക്ക്.. ഇക്കാ ന്ന് വിളിച്ചാൽ അന്റെ നാക്ക് ഇറ്ങ്ങിപ്പോവോ  ന്റടുത്ത് അത്രത്തോളം സുജായി ചമഞ്ഞാൽ അന്റെ എല്ല് ഞാൻ നുറുക്കും

ക്ഷമിക്കണം ശ്രീ മായിൻ ഇക്കാ, 

ശ്രീ മായിൻ ഇക്ക അല്ലടാ ജനാബ് മായിൻ ഇക്ക

വീണ്ടും ക്ഷമിക്കണം ശ്രീ ജനാബ് മായിൻ ഇക്കാ  പറയൂ എങ്ങനെയാണ് ലോകവസാനം വരുന്നത്

ബീമാനത്തില്, അല്ല പിന്നെ, അന്റെ ഒരു ചോദ്യം പൊട്ടന്മാരോട് ചോയ്ക്കണ ചോദ്യം കൊണ്ട് ഇന്റടുത്ത് വരരുത്.

അതല്ല, താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു ശ്രീ ജനാബ് മായിൻ ഇക്ക സാഹിബ്.. എന്റെ ചോദ്യം അതല്ല, ലോകവസാനത്തെ കുറിച്ച് താങ്കൾ ഒന്ന് വിശദീകരിക്കാമോ.

അത്രേള്ളോ.

“കുല്ലു നഫ്സുൻ ദായിക്കത്തുൽ മൌത്ത് “ എല്ലാ സരീരങ്ങളും മരണത്തിന്റെ രുച്യറിയും ന്റെ കുട്ട്യേ.. അനക്കും ഇക്കും പിന്നെള്ളൊര്ക്കും ചെന്ന് കെടക്കാൻ ള്ളത് ഖബറാണ്.. ഖബറെന്ന് പറഞ്ഞാൽ ആറടി മണ്ണാണ്, തിരിയാനും മറിയാനും സ്ഥലമില്ലാത്തൊരു കുഞ്ഞു കുഴിയാണ്.
ലോകവാസാനം എന്നത് വല്ല്യൊരു കാര്യാണ് മക്കളേ. ഒരു കൊടുങ്കാറ്റ് , ഒരു സുനായി, ആകാസം ഭൂമീനെ ഒന്ന് ചുമ്പിക്കല് അയിന്റപ്പുറം ഒന്നും ഉണ്ടാവൂലാ മെയ്തീൻ ഇക്കാന്റെ കടയുണ്ടാവൂലാ, കുമാരന്റെ ചായപ്പീട്യ ഉണ്ടാവൂലാ, എന്തിന് ഞമ്മടെ വീട് ണ്ടാവൂല, ഇങ്ങനെ സുജായിത്തരം കാണിക്കാൻ അനക്ക് ചാനലും ഉണ്ടാവൂലാ അനക്കൊന്നും ജീവനും ഉണ്ടാവൂല, 
പടച്ചോനെ, കാത്തോളണേ

ശ്രീ ജനാബ് മായിൻ ഇക്കാ  നമ്മുടെ സമയം കഴിയാനായിരിക്കുന്നു

അതെന്നെയാണ് കുട്ട്യേ ഞാനും പറഞ്ഞത്, ഒക്കെ കഴിയാനായിരിക്കണ്, ആ ദുഷിച്ച ദിവസം അതെന്നാണ് അതെന്നാണ് എന്ന് ചിന്തിച്ചോണ്ടിരുന്നാള് ഒരു അന്തവുമില്ല, ഞമ്മക്കൊരു കുന്തവുമില്ല മോനെ

അതല്ല, ശ്രീ മായിൻ ഇക്കാ, ഇന്ന് ലോകാവസാനം ആയിരിക്കുമെന്ന് പറഞ്ഞ താങ്കൾ അതെന്നാണ് അതെന്നാണ് എന്ന് ചിന്തിച്ചിരിക്കുകയോ??

അനക്ക് തെറ്റിപ്പോയി മോനെ, ആ മായിൻ ഇക്ക ഞമ്മളല്ല, ഞമ്മള് വയള് പറയാൻ പോണ മായിൻ ഇക്ക, ലോകവസാനം പറഞ്ഞ മായിൻ ഇക്കാനെ ആണാ ജ്ജി വിളിച്ചത്??

ക്ഷമിക്കണം മായിൻ ഇക്കാ, ഞാൻ അദ്ദേഹത്തെ ആണ് വിളിച്ചത്, നിങ്ങളെയല്ല,
വളരെ നന്ദി, ശ്രീ മായിൻ ഇക്കാ, താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു

പ്ഭ്ഫാ. @#$%^&*() @#$%^&*(

മായിൻ ഇക്കയുമായുള്ള ഫോൺ ബന്ധം ചില സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടിരിക്കുന്നു..
പ്രേക്ഷകരേ, ലോകവസാനം വരുമോ, പോകുമോ, ഉടനെ എത്തുമോ, വഴിയിൽ പെട്ട് ബുദ്ധിമുട്ടി വൈകുമോ, വരുന്ന വണ്ടിയുടെ ടയർ പഞ്ചറാകുമോ, ട്രാഫിക് ബ്ലോക്കിൽ പെടുമോ എന്നുള്ള ചോദ്യങ്ങൾ ഇപ്പോളും ബാക്കിയാവുന്നു. ലോകാവസാനം ഒരു സമസ്യ,,,!
ഈ ചർച്ച ഇവിടെ പൂർണ്ണമാവുന്നു. നാളെ ലോകം ഇതുപോലെ ഉണ്ടെങ്കിൽ മറ്റൊരു ചർച്ചയുമായി ഇതേസമയം ഇതേ നേരം വീണ്ടും.
സുലായ്…….

PS :  ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ജീവിക്കാന്‍ ഇരിക്കുന്നവാണോ മരിക്കാന്‍ ഇരിക്കുന്നവരോ ജനിക്കാന്‍ ഇരിക്കുന്നവരോ ആയ ആരുമായും ഇതിലെ കഥക്കോ കഥാ പാത്രങ്ങള്‍ക്കോ  ബന്ധമില്ല. അതല്ല ഇനി ഇത് നിങ്ങളാണെന്നു നിങ്ങള്‍ക്ക്  തോന്നുന്നു എങ്കില്‍ നിങ്ങള്‍ക്ക്  സങ്കടവും എനിക്ക് സന്തോഷവും തന്നെ...!