Saturday, February 2, 2013

മരണത്തിനപ്പുറത്ത് നിന്നും…!



“മോളേ രേണൂ.. ഇതെത്ര കാലമാണെന്ന് വെച്ചാ ഇങ്ങനെ? വിധിയെ മാറ്റി മറിക്കാനൊന്നും നമുക്ക് കഴിയില്ല മോളേ, അപ്പോൾ പിന്നെ ആ വിധിക്കൊപ്പം അനുസരണയോടെ ചലിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ.. ഇതിപ്പോ എത്ര കാലമാണെന്ന് വെച്ചാ നീയിങ്ങനെ, നിന്നെ ഓർക്കണ്ട, ഞങ്ങളെക്കുറിച്ചും ചിന്തിക്കണ്ട, പക്ഷെ വളർന്ന് വരുന്ന നിന്റെ മോനെക്കുറിച്ചെങ്കിലും നമുക്ക് ചിന്തിച്ചല്ലേ മോളേ കഴിയൂ..“


അച്ചനും അമ്മയും രേണുവിനെ ഗുണ ദോഷിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് എന്ത് കൊണ്ടാണെന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ നെഞ്ച് വല്ലാതെ വേദനിച്ചു.


വിവാഹ ശേഷം ഇതുവരെ അവളുടെ മുഖം പുഞ്ചിരിയോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല, ഇതിപ്പോൾ എന്താണിങ്ങനെ? പുറത്ത് പോകുമ്പോൾ ചിരിച്ച മുഖത്തോടെ യാത്രയാക്കിയ ഇവൾ എന്തിനിങ്ങനെ കരയുന്നു, എന്തോ വലിയ കാരണം തന്നെയാണ്, അല്ലെങ്കിൽ അച്ഛനുമമ്മയും മണിക്കുട്ടന്റെ ഭാവിയെക്കുറിച്ച് പോലും വാചാലരാവാൻ വഴിയില്ലല്ലോ..


ഞാൻ അകത്തേക്ക് കയറുമ്പോൾ അച്ഛനും അമ്മയും പുറത്തേക്കിറങ്ങുകയായിരുന്നു, അവരെ നോക്കി ഞാൻ ഹൃദ്യമായി ചിരിച്ചുവെങ്കിലും അവരത് കണ്ടഭാവം നടിക്കുക പോലും ചെയ്തില്ല. എന്റെ ഉള്ളൊന്ന് വിങ്ങി..


ഞാൻ രേണുവിനരികിലേക്കടുക്കുമ്പോൾ മണിക്കുട്ടൻ ഓടി വരുന്നുണ്ടായിരുന്നു, എന്റെ കാലിൽ തട്ടി അവൻ നിലത്തുരുണ്ട് വീഴുമെന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു. എന്നിട്ടും പക്ഷെ എത്ര വിദഗ്ദമായാണ് അവൻ എന്റെ കാലുകൾക്കിടയിലൂടെ മുന്നിലേക്ക് കടന്ന് പോയതെന്ന് ഞാൻ അൽഭുതപ്പെട്ടു. മണിക്കുട്ടൻ ഇങ്ങനെയാണ്, കുസൃതി കണ്ടു പിടിച്ചത് അവനാണെന്നാണ് രേണു പറയാറുള്ളത്.


വിങ്ങിപ്പൊട്ടിയിരുന്ന രേണുവിന് അരികിൽ ഞാൻ ചേർന്നിരുന്നു.
എന്തുപറ്റി രേണു, എന്തുണ്ടായി ഇവിടെ, ഞാൻ അവളെ ചേർത്തുപിടിച്ചു ചോദിച്ചു..
അവളൊന്നും മിണ്ടുകയോ എന്റെ നേരെയൊന്നു നോക്കുകയോ ചെയ്തില്ല, അവളുടെ കണ്ണുകളിലെ നീർച്ചാലുകൾ ഉറവ പൊട്ടിയൊലിക്കുന്നത് പോലെ ഒലിച്ചു കൊണ്ടിരുന്നു.


എന്റെ ആകാംക്ഷയും സങ്കടവും ഇരട്ടിച്ചു, ആ വികാരത്തള്ളിച്ച എന്നിൽ ദേഷ്യവും രോഷവുമായി രൂപാന്തരം പൂണ്ടു. മുറിയിൽ കിടക്കുന്ന ഓരോന്നും വാരി വലിച്ചെറിഞ്ഞ് ദേഷ്യം തീർക്കാൻ എനിക്കു തോന്നി, എങ്കിലും എങ്ങനെയോ ഞാൻ സ്വയം നിയന്ത്രിച്ചെടുത്തു.


"എന്റെ രേണു, മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കരുത് നീ, എന്തെങ്കിലും ഒന്ന് മിണ്ടൂ, പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ രേണു, പ്ലീസ് പറയൂ, എന്തു പറ്റി എന്റെ രേണുവിന്.."


എന്നോടുള്ള അവളുടെ നിസംഗഭാവം അവൾ തുടർന്നുകൊണ്ടിരുന്നു. കാര്യമറിയാതെ സങ്കടപ്പെടേണ്ടി വരുന്നവന്റെ രോഷം എന്റെ മുഖത്തിപ്പോൾ പ്രകടമാണെന്ന് തോന്നുന്നു. എന്റെ കണ്ണുകളും നനഞ്ഞു കുതിർന്ന് ഇപ്പോൾ കാഴ്ച മറച്ചുകൊണ്ടിരിക്കുന്നുണ്ട്. ഞാൻ തറയിലിരുന്നു കളിക്കുന്ന മണിക്കുട്ടനരികിലേക്ക് നീങ്ങി,


"മോനെ, അപ്പ രാവിലെ പോയപ്പോൾ ഈ വീട്ടിൽ എന്തുണ്ടായെടാ കുട്ടാ? കണ്ണീരോടെയാണ് ഞാനത് ചോദിച്ചത്.."


അവനൊന്നും മിണ്ടിയില്ല, കളിപ്പാട്ടങ്ങളിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ, ഇല്ലെങ്കിലും രേണു പറയാറുണ്ട്,  

“ഏട്ടാ, ഇവൻ അപ്പന്റെ മോൻ തന്നെയാ, എന്തെങ്കിലും ചെയ്തുകൊണ്ട് കളിച്ചോണ്ടിരുന്നാൽ പിന്നെ ലോകം അവസാനിക്കാൻ പോണെന്ന് പറഞ്ഞാൽ പോലും അവൻ അനങ്ങില്ല.“


“അവനെങ്ങനെയാടീ ലോകാവസാനം ഒക്കെ അറിയുന്നത്, അവൻ കുഞ്ഞു വാവയല്ലെടീ പോത്തെ,“


“ഇതാപ്പോ നന്നായെ, ഞാൻ ഒരു ഉദാഹരണം പറഞ്ഞതല്ലെ?“


ഈ അവസ്ഥയിൽ എന്റെ പഴകിയ നല്ല ഓർമ്മകൾ എന്റെ നെഞ്ചിനെ ഇപ്പോൾ വല്ലാതെ മുറിവേൽ‌പ്പിക്കുന്നുണ്ട്.


ഞാൻ മുറി വിട്ട് പുറത്തിറങ്ങി, എന്താണ്  ഒറ്റ പകൽ കൊണ്ട് ഈ വീട്ടിൽ സംഭവിച്ചത് ഈശ്വരാ ? എത്ര ചിന്തിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടിയതേയില്ല, എന്തു ചെയ്യണം ആരോട് ചോദിക്കണമെന്നറിയാതെ ഞാൻ നിന്നു. പിന്നെ പൂമുഖത്തേക്കിറങ്ങി.


മുറ്റത്തേക്കിറങ്ങുമ്പോൾ അമ്മയുടെ സ്നേഹമൂറുന്ന വാക്കുകൾക്ക് ഞാൻ കാതോർത്തു


“മോനെ, ഈ നേരത്തിനി ഇതിപ്പോ എങ്ങോട്ടാ, ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു, ഇഴജന്തുക്കൾ ഒരുപാടുള്ള സ്ഥലാ ഇത്, ഇനീപ്പോ  നീയ്യ് പുറത്തെറെങ്ങ്യാല് തീയാവും ഇവിടിരിക്കണോര്ടെ നെഞ്ചില്..”


ഇല്ല, അതുണ്ടായില്ല, അമ്മയോ അച്ഛനോ ഒരക്ഷരം മിണ്ടിയില്ല, എന്റെ നേർക്ക് അവരൊന്നു നോക്കുക പോലും ചെയ്തതുമില്ല.


അപ്പോ കുറ്റക്കാരൻ ഞാൻ തന്നെയാണ്, പക്ഷെ എന്താണ് ചെയ്ത കുറ്റം? അതറിയിക്കാതെയുള്ള ഈ അകറ്റി നിർത്തല്, ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പറയാനുള്ള മനസെങ്കിലും നിങ്ങൾക്കൊന്ന് കാണിച്ചു കൂടെ എന്ന് നെഞ്ചുപൊട്ടി ഉറക്കെ വിളിച്ചു ചോദിക്കണമെന്ന് എനിക്ക് തോന്നി, എങ്കിലും ഞാനത് സ്വയം നിയന്ത്രിച്ചെടുത്തു.


പടി കടന്ന് റോഡിലേക്കിറങ്ങി നടന്നപ്പോൾ വള്ളിപ്പടർപ്പുകൾക്കിടയിൽ സർപ്പങ്ങളുടെ ഇണചേരലുകളിലെ സീൽക്കാരങ്ങൾ കേട്ടു. പക്ഷെ എന്തോ മുൻപ് ഇത്തരം സന്ദർഭങ്ങളിൽ തോന്നാറുള്ള ഭയം ഉണ്ടായില്ല. ആർക്കും വേണ്ടാതായ താനിനി എന്തിന് നാഗത്താന്മാരെ ഭയക്കണം? സ്വയം ചോദിച്ചു.


നിലാവു വീണു പരന്ന വയൽ വരമ്പിലൂടെ വെറുതെ നടന്നു, പാടവരമ്പിനിരു വശത്തു നിന്നും തവളകളുടെയും ചിവീടുകളുടെയും ഉച്ചത്തിലുള്ള കരച്ചിൽ എന്നെ കൂടുതൽ അസ്വസ്ഥനാക്കി. അവയെ പറഞ്ഞിട്ടെന്താണ്, അവറ്റകൾക്ക് ഇപ്പോളത്തെ എന്റെ അവസ്ഥയെക്കുറിച്ച് എന്തറിയാനാണ്, സ്വയം സമാധാനിക്കാൻ ശ്രമിച്ചു.


വയൽ വരമ്പു കടന്നു അബൂട്ടിക്കയുടെ ചായക്കടയിലേക്ക് കയറി, അബൂട്ടിക്ക ദിവസത്തെ കഷ്ടപ്പാടിന്റെ പ്രതിഫലം എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.


“അബൂട്ടിക്കാ, നല്ല ചൂടിലൊരു ചായ തരൂന്നേ, തൊണ്ട വരളുന്നു, ആദ്യം ഒരു ഗ്ലാസ് വെള്ളം ഇങ്ങെട്ടെടുക്കൂ ട്ടോ..“


അബൂട്ടിക്ക പൈസ എണ്ണിക്കൊണ്ടേയിരുന്നു, അയാളുടെ ആർത്തിയോടെയുള്ള ആ എണ്ണൽ എന്നെ രോഷാകുലനാക്കി, 


“അബൂട്ടിക്കാ, ഇങ്ങളോടല്ലെ പറഞ്ഞത്, കച്ചോടം കഴിഞ്ഞെങ്കിൽ ഇതങ്ങ് പൂട്ടിയിടൂ.. അല്ലാതെ തുറന്ന് വെച്ച് ഇങ്ങനെ ഒരുമാതിരി ആളെ അപമാനിച്ചോണ്ടിരിക്കരുത്.”


അയാളൊന്നും പറഞ്ഞില്ല, എന്റെ ദേഷ്യം കത്തിക്കയറി, 


“എടോ മനുഷ്യാ നാളെ മുതൽ നിന്റെ ചായക്കടയിലേക്ക് വരുന്ന പത്ത് പേരെയെങ്കിലും ഞാൻ മുടക്കി തരാം“ എന്നും പറഞ്ഞു ഇറങ്ങി നടന്നു. 


തിരിച്ചു നടന്ന് വയൽ വരമ്പിലെത്തുമ്പോൾ വിളി കേട്ടു..


“വരൂ സുഹൃത്തെ, നമ്മുടെ സമയം തീരാനായിരിക്കുന്നു,“ 


“ആരാ നിങ്ങള്, എങ്ങോട്ട് വരാനാണ്, എന്തു സമയം തീരാനായെന്ന്…“ ഞാൻ ചോദിച്ചു.


“ഹ ഹ ഹ ഹ .. അതുശരി, എന്റെ കൂടെ വരാൻ, നിനക്കിവിടെ അനുവദിച്ച സമയം കഴിയാനായെന്നു തന്നെ..“


“അല്ല ഹേ നിങ്ങളാരാണ്, നിങ്ങളെനിക്ക് സമയം അനുവദിച്ചെന്നോ, എന്തൊക്കെയാണീ പറയുന്നത്..?“

“അതുകൊള്ളാമല്ലോ, എങ്കിൽ നടക്കൂ, നമുക്കൊരിടം വരെ പോകാമല്ലോ…“


“എങ്ങോട്ട്? ഞാനെങ്ങോട്ടുമില്ല, നിങ്ങളാരെന്നും എനിക്കറിയില്ല.“


“സാരമില്ല, ഇപ്പോൾ താങ്കൾ നടന്ന് ചെല്ലുന്നിടം ശോകമൂകമാണല്ലോ, അതിൽ നിന്നൊരു മോചനത്തിനാണല്ലോ പുറത്തേക്ക് ഇറങ്ങിയതു തന്നെ, അപ്പോൾ പിന്നെ എന്റെ കൂടെ ഒന്ന് വരാൻ ഇപ്പോൾ എന്താണിത്ര മടി.“


“ശരി, നടന്നോളൂ.. ഞാൻ കൂടെയുണ്ട്.“  


അയാൾക്ക് പിന്നിലായി ഞാൻ നടന്നു. വയൽ വരമ്പു കടന്നു തിരിയുന്ന റോഡരികിലെ ബോർഡിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു..


“അതൊന്നു വായിക്കൂ.“


ഞാൻ ആ ബോർഡിലേക്ക് സൂക്ഷിച്ചു നോക്കി..


“സുരേഷ് കുമാർ മെമ്മോറിയൽ ഗ്രന്ഥശാല“, ഞാൻ ഞെട്ടിത്തരിച്ചു നിന്നു


വിശ്വാസം വരാതെ ഞാൻ വീണ്ടും വീണ്ടും നോക്കി.. ഈശ്വരാ!


വീണ്ടും കണ്ണുകൾ തൊട്ടപ്പുറത്തെ ബോർഡിനു നേരെ നീങ്ങി.


“സുരേഷ് കുമാർ മെമ്മോറിയൽ  റോഡ്, ജനനം ജനുവരി 3, 1979 മരണം ഫെബ്രുവരി 2, 2012.


ഈശ്വരാ, എന്താണിത് ? ഒരു വർഷം മുൻപേ ഞാൻ മരിച്ചു പോയെന്നോ...

33 comments:

  1. അയ്യോ പേടിപ്പിക്കല്ലേ...ഇങ്ങനെ ഒക്കെ ആയിരിക്കുമ അല്ലെ നടക്കുക എന്തായാലും ഭായീ നന്നായിട്ടുണ്ട് രണ്ടു പ്രാവശ്യം വായിച്ചപ്പോള്‍ ആണ് തലേക്കെറിയത്‌...,,,

    ReplyDelete
  2. ആരവിടെ...!!!
    ഈ പ്രേതാത്മാവിനൊരു ‘ബോഡി’ കൊടുക്കൂ

    ReplyDelete
  3. ആയുഷ്കാലം എന്ന സിനിമയാണ് കഥ വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സിലേക്ക് വന്നത് , കല്ലിന്റെ കഥ പോലെ വ്യതസ്തമായ ചിന്തകളില്‍ കൂടി കഥ മെനയുന്ന റൈനീയില്‍ നിന്നും ഇഷടമായ ഒരു പോസ്റ്റ്‌ കൂടി .

    ReplyDelete
  4. നല്ല അവതരണം.
    പക്ഷെ എന്താണ് ചെയ്ത കുറ്റം?
    അതെ. അതാണ്‌ ആര്‍ക്കും അറിയാത്തത്....
    അപ്പോള്‍ ഡിസംബര്‍ 31നു മരിച്ച് ജനുവരി ഒന്നിനാണോ എത്തി നോക്കിയത് ..ആയിരിക്കും അല്ലേ?
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  5. എന്റെ പോന്നിക്കാ.. ദാണ്ടേ നമിചോണ്ട് നിക്കുന്നു ......
    അവസാനം കൊണ്ടിട്ടു ഞെട്ടിച്ചു തകര്‍ത്തു...
    എന്ത് പറയണം എന്നറിയില്ല .. ഒന്നും പറഞ്ഞാല്‍ അധികമാവില്ല എന്ന് മാത്രം പറയട്ടെ
    ആശംസകള്‍.....

    ReplyDelete
  6. പേടിപ്പിക്കാനായിട്ട് തുനിഞ്ഞു ഇറങ്ങിയിരിക്കാണല്ലേ? ഹും ഹും...

    കുറച്ചു പേടിച്ചാലും, കഥ ഇഷ്ടായി..

    ReplyDelete
  7. ആ ചോദ്യകർത്താവ്‌ 'ഞാനായി ' വായന തുടരുകയായിരുന്നൂ..
    അന്ത്യത്തിൽ ഞാനെത്തിപ്പെട്ട ഇടം കണ്ടാദ്യം പകച്ചു...
    ഇപ്പോഴിതാ ഒരു വായനക്കാരി മാത്രമായി...കഥയെ ഉൾക്കൊണ്ടിരിക്കുന്നൂ..
    വളരെ ഇഷ്ടായി..!

    ReplyDelete
  8. സംഭവം ഇത്തിരി വ്യത്യസ്തമായിട്ടുണ്ട്... കഥാപാത്രങ്ങളും സംഭാഷണങ്ങളും എല്ലാം ഇഷ്ട്ടപെട്ടു.

    ReplyDelete
  9. നമ്മുടെ അവസാനം നമുക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല അതാണ്‌ ജീവിതം നല്ല ആശയം രൈനീ

    ReplyDelete
  10. ഹൊ അല്ലാ ഇങ്ങനെ ഒക്കെ ഉണ്ടായിർക്കും അല്ലേ
    ഹൊ

    ReplyDelete
  11. രൈനീ ...സംഭവം എനിക്കിഷ്ടമായി ..ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ കുറെയേറെ കഥകള്‍ എല്ലാവരും എഴുതാറുണ്ട് എന്ന് തോന്നുന്നു.. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്നെ എഴുതി അവതരിപ്പിച്ചിരിക്കുന്നു. എഴുത്ത് വളരെയധികം മെച്ചപ്പെട്ടിട്ടുമുണ്ട് .. എന്നാലും പറയട്ടെ ..

    അവസാനം ഒന്ന് കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. അത് പോലെ തന്നെ ഒരു വര്‍ഷം എന്ന കാലാവധി അല്‍പ്പം കൂടുതലായി തോന്നി. ആ സമയത്തും വീട്ടില്‍ ശോക മൂകം എന്നത് മാറ്റി അതിനു പകരം സുരേഷുമായി ബന്ധപ്പെട്ടെ ഏതെങ്കിലും കാര്യം അവതരിപ്പിക്കാമായിരുന്നു. അവസാനം വന്നു വിളിക്കുന്ന ആള്‍ ഒരു അദൃശ്യ ശക്തിയാണ് എന്നത് വ്യക്തം . താന്‍ മരിച്ചു പോയി എന്നത് സുരേഷിന് ബോധ്യപ്പെടുന്നത് ആ ബോര്‍ഡ് കണ്ടാണ്‌ . ആ ഭാഗം തീരെ ഇഷ്ടമായില്ല. അവസാനം സുരേഷ് തന്നെ ചിന്തിക്കുന്നു താന്‍ ഒരു വര്‍ഷം മുന്നേ മരിച്ചു പോയിരിക്കുന്നു എന്ന് . ആ ഭാഗം വായനക്കാരന് വിട്ടു കൊടുക്കാമായിരുന്നു .

    ആദ്യ ഭാഗം പെര്‍ഫക്റ്റ് .. ഒന്നിനൊന്നു മെച്ചമായ രീതിയില്‍ പടി പടിയായി കാര്യങ്ങള്‍ അവതരിപ്പിച്ചു എന്നത് അഭിനന്ദനീയമാണ് . ആ പാമ്പും കാവ് , സര്‍പ്പ ശീല്‍ക്കാരങ്ങള്‍ , വയലും തവളയുടെ കരച്ചിലും അതെല്ലാം സൂപ്പര്‍ ... പക്ഷെ ശേഷം ചായക്കടയില്‍ എത്തിയ ശേഷമുള്ള സംഭാഷണവും അവിടുന്നുള്ള ഇറങ്ങിപ്പോക്കും തൊട്ടാണ് കഥയുടെ എന്തോ ഒന്ന് നഷ്ടമായതെന്ന് ഞാന്‍ പറയും .

    പിന്നെ വേറൊരു അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ ഈ കഥ ഓക്കെ ആണ്. അയാളുടെ ചരമ വാര്‍ഷികത്തിന് ഭൂമിയില്‍ അല്‍പ്പ സമയം അനുവദിക്കപ്പെട്ടപ്പോള്‍ വീടും നാടും കാണാന്‍ അയാള്‍ വന്നു. ആ സമയം കഴിഞ്ഞപ്പോള്‍ ആണ് അദൃശ്യ ശക്തി അയാളെ തിരിച്ചു വിളിച്ചത് എന്ന് കരുതാം ..

    എന്തായാലും കഥ ഇഷ്ടായി...ആശംസകളോടെ ..

    ReplyDelete
  12. കഥയിൽ പുതുമ തോന്നിയില്ല. ഫൈസൽ പറഞ്ഞതു പോലെ ആയുഷ്ക്കാലം എന്ന സിനിമയാണോർമ്മ വന്നത്.

    ReplyDelete
  13. "അവസാനം ഒന്ന് കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. അത് പോലെ തന്നെ ഒരു വര്‍ഷം എന്ന കാലാവധി അല്‍പ്പം കൂടുതലായി തോന്നി. ആ സമയത്തും വീട്ടില്‍ ശോക മൂകം എന്നത് മാറ്റി അതിനു പകരം സുരേഷുമായി ബന്ധപ്പെട്ടെ ഏതെങ്കിലും കാര്യം അവതരിപ്പിക്കാമായിരുന്നു."

    ഇവിടെ ഒരു വര്‍ഷമെന്ന കാലാവധി വെച്ചത് ആദ്യ പാരഗ്രാഫിനു വേണ്ടിയാണ്, അവസാനം ചിന്തിക്കുമ്പോള്‍ കഥയുടെ ആദ്യ വരികള്‍ രേണുവിന്റെ പുനര്‍ വിവാഹത്തെ കുറിച്ചുള്ള വരികളായി വായിച്ചു കൂടെ, രേണുവിന്റെ പുനര്‍വിവാഹം ഒരു വര്‍ഷം കഴിയാതെ നടക്കാന്‍ നിവൃത്തിയില്ലല്ലോ..അങ്ങനെ ഒരു വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ രേണു തന്റെ പ്രിയതമനെ ഓര്‍ക്കുകയും ഇനിയൊരു വിവാഹമില്ലെന്നു വാശി പിടിക്കുകയും ചെയ്യുമ്പോളാണ് വീട് ശോകമൂകമാകുന്നത്.

    "വേറൊരു അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ ഈ കഥ ഓക്കെ ആണ്. അയാളുടെ ചരമ വാര്‍ഷികത്തിന് ഭൂമിയില്‍ അല്‍പ്പ സമയം അനുവദിക്കപ്പെട്ടപ്പോള്‍ വീടും നാടും കാണാന്‍ അയാള്‍ വന്നു. ആ സമയം കഴിഞ്ഞപ്പോള്‍ ആണ് അദൃശ്യ ശക്തി അയാളെ തിരിച്ചു വിളിച്ചത് എന്ന് കരുതാം .."

    ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്. അപ്പോളാകട്ടെ ഏറ്റവും സ്നേഹത്തോടെ ജീവിച്ച ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയിരുന്നു അവരെന്ന് അറിയാവുന്ന അദൃശ്യ ശക്തി സുരേഷില്‍ നിന്നും മരണത്തിനപ്പുറം ഉള്ള ചിന്തകളെ താല്‍ക്കാലികമായി മറച്ചു കളഞ്ഞു. എന്തെന്നാല്‍ ഏതെങ്കിലും ഒരു നിമിഷത്തില്‍ തന്റെ ഭാര്യയുമായി അയാള്‍ക്ക്‌ സംസാരിക്കാനായാല്‍ മരണത്തിനപ്പുറത്തെ നിഗൂഡ രഹസ്യങ്ങള്‍ വെളിവാകുമെന്നു ആ അദൃശ്യ ശക്തി ഭയന്നു. അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ സമയം അനുവദിക്കുമ്പോള്‍ മരണത്തിനപ്പുറത്തെ എല്ലാ ഓര്‍മ്മകളും അയാളില്‍ നിന്നും ആ ശക്തി മായ്ച്ചു കളഞ്ഞു.
    അതിനാല്‍ സുരേഷിന് അവസാന ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങി ഓഫീസിലേക്ക് പോകുന്നതായിരുന്നു അയാളിലെ അവസാനത്തെ ഓര്‍മ്മ. അതുകൊണ്ടാണ് അയാള്‍ മരിച്ച കാര്യം അയാള്‍ അറിയാതെ പോയത്. ശേഷം തന്റെ മരണം ലേഖനം ചെയ്ത ബോര്‍ഡ് കാണുന്നതോടെയാണ് അദൃശ്യ ശക്തി അയാള്‍ക്ക്‌ മരണത്തിനപ്പുരമുള്ള ഓര്‍മ്മകളെ തിരിച്ചു നല്‍കുന്നത്.

    പിന്നെ പെര്‍ഫെക്ഷന്‍ അതിന്റെ കാര്യത്തില്‍ ഒന്നും പറയുന്നില്ല, അതിനല്പം കുറവ് വന്നിട്ടുണ്ടോ എന്ന് എനിക്കും സംശയം ഇല്ലാതില്ല.:)

    വളരെ നന്ദി പ്രവീ വിശദമായ കുറിപ്പിനും സ്നേഹത്തിനും

    ReplyDelete
  14. പാവം പരേതന്‍.. :) നന്നായി പറഞ്ഞു.. ആശംസകള്‍.

    ReplyDelete
  15. നന്നായിട്ടുണ്ട് കേട്ടോ ..

    ReplyDelete
  16. ഈ കഥ വായിച്ചപ്പോള്‍ ഓര്‍മ വന്നത് sixth Sense എന്ന സിനിമയില്‍ Bruce Willis അവതരിപ്പിച്ച കഥാപാത്രത്തെയാണ്.

    ReplyDelete
  17. നന്നായി എഴുതി.ആശംസകൾ.

    ReplyDelete
  18. ഏട്ടന്റെ മുന്‍പത്തെ പോസ്റ്റുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ കഥ ... കഥ പറയുന്ന രീതിയില്‍ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട് ... എന്നിരുന്നാല്‍ കൂടി , മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോ അപൂര്‍ണ്ണത ഫീല്‍ ചെയ്തു .. കഴിഞ്ഞ ജന്മത്തിലേക്കു അല്ലെങ്കില്‍ മരിച്ച ഓര്‍മ്മകളിലേക്ക് എത്തിപ്പെടാന്‍ , കഥാഗതിയ്ക്ക് കഴിഞ്ഞില്ല എന്നെനിക്കു തോന്നി .. രണ്ടു സാഹചര്യങ്ങളെയും ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് നഷ്ട്ടപെട്ട പോലെ .... ഇത് എന്റെ മാത്രം അഭിപ്രായമാണ് കേട്ടോ .... ചിലപ്പോ തെറ്റാകാം ..

    ReplyDelete
  19. കൊള്ളാം.. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. നല്ല ഓരോഴുക്കുണ്ടാര്‍ന്നു പറച്ചലില്‍...,,,വായിക്ക്യുന്നവന് ഇത് സ്വന്തം അനുഭവമാണോ എന്നു തോന്നി പോകുന്ന ഒരവസ്ഥ.......മരണം..ജീവതത്തിന് തിരശ്ശീല ഇടുകയല്ല............തുടര്ച്ചയാല്‍ മൂര്‍ച്ച കൂട്ട്‌ന്നു എന്നു കരുതുന്നു....rr

    ReplyDelete
  22. നല്ല ഓരോഴുക്കുണ്ടാര്‍ന്നു പറച്ചലില്‍...,,,വായിക്ക്യുന്നവന് ഇത് സ്വന്തം അനുഭവമാണോ എന്നു തോന്നി പോകുന്ന ഒരവസ്ഥ.......മരണം..ജീവതത്തിന് തിരശ്ശീല ഇടുകയല്ല............തുടര്ച്ചയാല്‍ മൂര്‍ച്ച കൂട്ട്‌ന്നു എന്നു കരുതുന്നു....rr

    ReplyDelete
  23. റൈനി .. കഥ നന്നായോ ?
    ഇത്തരം കഥകള്‍ പറയുമ്പോള്‍ നമ്മള്‍ എന്താണ് ലക്‌ഷ്യം വെക്കുന്നത്. വായനയുടെ ഒഴുക്കില്‍ നിന്നും വിഭിന്നമായ ഒരു ട്വിസ്റ്റ്‌ അവസാനത്തില്‍ വരുമ്പോള്‍ വായനക്കാരനു ലഭിക്കന്ന വായനാനുഭവം ആണ് ഇത്തരം രചനകളുടെ വിജയം. പുതിയ ആശയമോ സന്ടെശാമോ നല്‍കല്‍ അല്ല. അപ്പോള്‍ കഥ വിജയിക്കുക തുടക്കം മുതല്‍ ആ സ്വാഭാവികത നിലനിര്‍ത്താനാകുമ്പോഴാണ്. ഇത് ആദ്യ സംഭാഷണം ( കഥയുടെ തലക്കെട്ട്‌ തന്നെ എന്ന് വേണേല്‍ പറയാം ) തന്നെ കഥാഗതി പറഞ്ഞു തന്നു. പിന്നെ വായനക്കാരന് അത് വായിക്കുക എന്നതിലപ്പുറം മറ്റൊന്നും ചെയ്യാനില്ല. അവസാനമാണേല്‍ പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി ഒന്നുമില്ല.
    എഴുതിയതിനെയോ കഥയെഴുത്തിന് റൈനിക്കുള്ള കഴിവിനെയോ കുറച്ചു കണ്ടല്ല ഞാനിവ പറയുന്നത്.
    ഓരോ കഥക്കും ഒരു ലക്‌ഷ്യം വേണം. വായനക്കാരനില്‍ ഇതെന്തു മാറ്റം ഉണ്ടാക്കണം എന്ന വ്യക്തമായ ലക്‌ഷ്യം. ആ ലക്‌ഷ്യം സഫലീകരിച്ചാല്‍ മാത്രമേ അതിനെ നല്ല കഥ എന്ന് പറയാനാകൂ..
    ആശംസകള്‍

    ReplyDelete
  24. ആ കുറ്റം എന്തെന്ന് വായിച്ചെടുക്കാന്‍ പറ്റിയില്ല എന്നത് മാത്രം ചെറിയൊരു കുറവ്.
    പക്ഷെ വായിക്കാന്‍ രസമുണ്ട് .
    ആശംസകള്‍

    ReplyDelete
  25. നന്നായിരിക്കുന്നു
    പറഞ്ഞപോലെ അല്പം മിനുക്കുപണികള്‍ കൂടി ചെയ്താല്‍ കഥ കൂടുതല്‍
    ആകര്‍ഷകവും.
    ആശംസകളോടെ

    ReplyDelete
  26. പ്രമേയം പുതിയതായി തോന്നിയില്ല, പക്ഷേ നന്നായി എഴുതിയതു കൊണ്ട് വായനാസുഖം തന്നു.

    ReplyDelete
  27. കഥ നന്നായി. കഥാഗതി അവസാനം വരെ ഒന്ന് ഗോപ്യമാക്കി വെച്ചിരുന്നെങ്കില്‍ എന്നഭിപ്രായമുണ്ട്.

    ReplyDelete
  28. രാത്രി വായിക്കാന്‍ പറ്റിയ കഥ

    ReplyDelete
  29. പലയിടത്തു വായിച്ച പ്രമേയം തന്നെ.എന്നാലും അവതരണ ഭംഗിയുണ്ട്

    ReplyDelete

  30. പലരെയും പോലെ ആയുഷ്ക്കാലം സിനിമ തന്നെയാണ് എന്റെയും ഓര്‍മ്മയില്‍ വന്നത്.

    ഇത്തരം തീമുകള്‍ സ്വാഭാവികമായും കൊണ്ടെത്തിക്കുന്നത് മനസ്സില്‍ പതിഞ്ഞ അത്തരം സിനിമകളിലാണ്...

    ഇലഞ്ഞി പറഞ്ഞ പോലെ ഒരു ആത്മാവിലൂടെയാണ് കഥ പറയുന്നത് എന്ന കാര്യം വായനക്കാരന്‍ ആദ്യമേ ഗ്രഹിക്കുന്നത് തന്നെയാണ് ഈ കഥയുടെ പോരായ്മ.

    ReplyDelete
  31. അവതരണം നന്നായി ....

    ReplyDelete