ഒരു കല്ല് ഞാനെടുത്തു…
എനിക്കും ഒന്നെറിയണമല്ലോ, എറിയുവാനും കൊള്ളിക്കുവാനും ആ തട്ടലുകളുടെ പ്രകമ്പനങ്ങളിൽ
ആനന്ദം കൊള്ളുവാനും ആരാണാഗ്രഹിക്കാത്തത്..?
എനിക്ക് കിട്ടിയത് വെള്ളാരംകല്ലായിരുന്നു, വെളുത്ത് മിനുസമാർന്ന,
മനോഹരമായൊരു വെള്ളാരം കല്ല്..
വിരലുകൾ കൊണ്ട് ഞാനതിനെ തഴുകി രസിച്ചു, എന്തൊരു മിനുസമാണിതിന്, എന്റെ കൺ തടങ്ങളിൽ വെച്ചു ഞാൻ അതിന്റെ തണുപ്പിന്റെ സുഖമറിഞ്ഞു..
പിന്നീടെപ്പോളോ എനിക്ക് ബോധോദയമുണ്ടായി, എന്റെ ബോധ മണ്ഡലങ്ങളിൽ പറവകൾ ചിലച്ചു,
ആ ചിലമ്പലുകളുടെ അർഥം ഞാൻ അറിഞ്ഞു. അത് “കല്ലുകളുടെ മൂല്യം തേടുക“ എന്നതായിരുന്നു.
കല്ലുകൾ, അത് വെറും കല്ലുകളാണ്, എറിയുമ്പോൾ അനുസരണയോടെ
മുന്നോട്ട് പറക്കുന്നത്, ജലാശയങ്ങളിൽ ഓളം തീർത്ത് ആഴങ്ങളിലേക്ക്
ഊളിയിട്ട് രക്ഷപ്പെടുന്നത്.. ഞാൻ സ്വയം പറഞ്ഞു.
കല്ലുകൾ വെറും കല്ലുകളാകുന്നു, എന്നാൽ കണ്ണു തുറന്ന് കാതോർത്ത് നീ കല്ലുകളെ
വീക്ഷിക്കുക മനസിൽ സ്വപ്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ കൂട് കൂട്ടിയ കുഞ്ഞുപ്രാവുകൾ മന്ത്രിച്ചു.
കല്ലുകളെ വീക്ഷിക്കാനെന്തിരിക്കുന്നു, കല്ലുകൾ വെറും കല്ലുകൾ, കാലത്തിനൊപ്പം നീങ്ങാൻ പഠിക്കാത്തവർ, മാറ്റങ്ങൾക്കൊപ്പം
മാറാനറിയാത്തവർ, കാലവസ്ഥകൾ താങ്ങാൻ കഴിയാത്തവർ, വെയിലും മഴയും, മണ്ണാക്കിയെടുക്കുന്ന ഒന്ന്, കല്ലിനെന്തു പ്രസക്തി.. ഞാനും എന്നോട് മന്ത്രിച്ചു.
കല്ലുകൾ വെറും കല്ലുകളോ, കല്ലുകളെ നീ അറിഞ്ഞിട്ടില്ല, കല്ലുകളുടെ ചരിത്രവും നീ പഠിച്ചിട്ടില്ല, കല്ലുകളുടെ
പ്രസക്തിയെക്കുറിച്ച് നീ ചിന്തിക്കുകയും ചെയ്തിട്ടില്ല, അതു കൊണ്ട്
ഹേ മനുഷ്യാ, കല്ലുകൾ നിനക്ക് കല്ലുകൾ മാത്രമായി അവശേഷിക്കുന്നു, അകക്കണ്ണിലെ കുരുവികൾ കലപിലാ ചിറകട്ടടിച്ചു ചിരിച്ചു.
പരിഹാസമോ? ലോകത്തെ കീഴടക്കിയ, ഭൂമിയെ മുട്ടുകുത്തിച്ച,
ചന്ദ്രനെ കൈവെള്ളയിലൊതുക്കിയ, ചൊവ്വയെ ജനവാസമാക്കാനൊരുങ്ങുന്ന
ഞങ്ങളോട്?? വിവേകിയായ മനുഷ്യനോട്.. സർവ്വ
ചരാചരങ്ങളിൽ ഉൽകൃഷ്ട ജന്മത്തോട്, ബുദ്ധിജീവികളോട്?? കല്ലിനെ കല്ലായിക്കണ്ടാൽ പരിഹസിക്കാൻ എന്തിരിക്കുന്നു..? എങ്കിൽ പഠിക്കുക തന്നെ കല്ലുകളുടെ ചരിത്രം,
കണ്ടവരോടെല്ലാം ഞാൻ കല്ലുകളുടെ ചരിത്രം തിരക്കി, കല്ലുകളുടെ വിലയും..!
വഴിയിലെ തണലിൽ ഭാണ്ഡമൊതുക്കി നിദ്രയെ പുൽകാൻ കൊതിച്ച കുറത്തി പറഞ്ഞു..
“ഹേ മനുഷ്യാ, കല്ല് വെറും കല്ലാണെന്നോ,
കല്ല് കാലനാകുന്നു, കല്ലിന് ജീവനോളം വിലയുണ്ട്,
എന്റെ കണവന്റെ ജീവന്റെ വില.!“
ഞാൻ അമ്പരന്നു, വെറുമൊരു കല്ലിന് ജീവന്റെ വിലയോ?
“അതെ, ജീവന്റെ വില തന്നെ, തെരുവിന്റെ പെണ്ണിന്റെ കണവന്റെ വില..കൂടുതൽ ഉത്തരങ്ങൾ
നേടാൻ ശ്രമിക്കുമ്പോൾ കല്ലിന് ഒരുപക്ഷെ ഇനിയും വിലയുണ്ടാവാം”
നാട്ടുപെണ്ണിന്, ഈ ചാവാലിപ്പെണ്ണിന് എന്തറിയാം, ബുദ്ധിയുറക്കാത്തവള്,
നിസാരമായ കല്ലുകളെ ഭയക്കുന്നവള്, ഞാൻ നടത്തം തുടർന്നു..
കരിങ്കല്ലേറ്റിയ പെണ്ണുവരുന്നു, കല്ലുകളെ അറിയാനിനി എന്തു വേണം?
പറയൂ സോദരീ, കല്ലുകൾക്കെന്താണ് പ്രസക്തി?
കല്ലുകൾക്ക് വല്ലാത്ത ഭാരമാകുന്നു, എങ്കിലും കല്ലുകൾ എന്റെ അന്നമാകുന്നു,
ഇവളൊരു മനുഷ്യ സ്ത്രീ തന്നെയോ, കല്ലിനെ അന്നമാക്കുന്നവള്, കൊണ്ടുപോയി ഭക്ഷിക്കുവിൻ, കല്ലിന്റെ നിസാരതയറിയാത്തവർക്ക്
കല്ലു തന്നെയാവട്ടെ ഭക്ഷണം..
ഞാൻ പിന്നെയും നടന്നു, മഞ്ഞാറപ്പാടം മുറിച്ച് കടക്കുമ്പോൾ എതിരെ വന്ന
മാന്യനെ ഞാൻ തടഞ്ഞുകൊണ്ട് ചോദിച്ചു..
സഹോദരാ, കല്ലിന്റെ പ്രസക്തിയെന്താണ്, നിസാരമായ കല്ലുകൾക്ക് എന്തു
വിലയാണുള്ളത്..
“കല്ലുകളുടെ പ്രസക്തി താങ്കൾക്കറിയില്ലെന്നോ? എന്തൊരു കഷ്ടമാണിത്, കല്ലുകൾ മനോഹരമായ എന്റെ ഭവനമാകുന്നു.
എന്റെ ഉറക്കത്തിൽ എനിക്ക് കാവലാകുന്നു, ജീവിതത്തിൽ
മഴയിലും വെയിലിലും എന്റെ ഈ മേനി കാത്തുവെക്കുന്നത് അതാകുന്നു.“
അദ്രുമാനിക്കയുടെ ചായക്കടയിലിരുന്നപ്പോൾ ഞാൻ ചോദിച്ചു.. കല്ലിനെന്താണ്
പ്രസക്തി?
കല്ല് ചില്ലലമാരകളെ തകർത്തു കളയുകയും നെറ്റിയിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും ചെയ്യുന്നുണ്ടല്ലോ..
അത് സത്യം തന്നെ, എറിയപ്പെടുന്ന കല്ലുകൾ പ്രസക്തമാണ്. അത്
പക്ഷെ എറിയുന്നവന്റെ കരങ്ങളുടെ ഉന്നത്തിനും ശക്തിക്കുമനുസരിച്ചാണല്ലോ?
കല്ലുകളുടെ നിസാരതയെ അറിയാൻ ശ്രമിക്കാത്ത, കല്ലുകൾ മഹത്തരമെന്ന് ചിന്തിക്കുന്ന
മനുഷ്യർ, ഇനിയാരോടും എനിക്ക് ചോദിക്കേണ്ടതില്ല, കല്ലുകളെ കണ്ടറിയുക തന്നെ വേണം..!
ക്ഷേത്ര ഭിത്തിചേർന്ന് നടന്നപ്പോൾ കല്ലുകളെ കൈകൂപ്പി വണങ്ങുന്നവരുണ്ടായിരുന്നു,
കല്ലുകൾ ദൈവമോ?
ആഭരണക്കടകളിൽ കല്ലുകൾക്കായി തിരക്കായിരുന്നു, പവിഴക്കല്ലുകൾ,രത്നക്കല്ലുകൾ, മരതകക്കല്ലുകൾ, ഓരോ പേരുകൾക്കും ഓരോ വിലയാണത്രെ.. വിഡ്ഡികൾ, കല്ലുകൾ വെറും കല്ലുകളാകുന്നു, കല്ലുകൾ എറിയപ്പെടാൻ മാത്രം
വിധിക്കപ്പെട്ടവരെന്ന സത്യം അറിയാത്തവരും വിവേകിയായ മനുഷ്യക്കൂട്ടങ്ങളിലുണ്ടല്ലോ…
കല്ലുകളെ മഹത്വവൽക്കരിക്കുന്നവരെ ഞാൻ പിന്നെയും കണ്ടു. കല്ലുകൾക്കായി
പരക്കം പായുന്നവരെയും. കല്ലുകൾ മനുഷ്യന്റെ വിധിപോലും നിശ്ചയിക്കുമെന്ന
പരസ്യങ്ങളും..
മാണിക്യക്കല്ല്, മരതകക്കല്ല്, കരിങ്കല്ല്, വെള്ളാരങ്കല്ല്,കരിങ്കല്ല്, ചെങ്കല്ല്,
ഓരോ പേരിലെ കല്ലുകൾക്ക് വില പലതാണത്രെ,
പക്ഷെ ഞാൻ വീണ്ടും പറയുന്നു, കല്ലുകൾ വെറും കല്ലുകൾ തന്നെ,
വിലയിടുന്നവർ മണ്ടന്മാരും…!
കല്ല് എറിയപ്പെടാൻ മാത്രം വിധിക്കപ്പെട്ടതാണ്, എന്റെ കയ്യിലെ മിനുസമുള്ള വെള്ളാരംകല്ലിനെ
ഞാൻ ആഞ്ഞെറിയുന്നു.
ജലാശയത്തിന്റെ മുകൾത്തട്ടിൽ അഞ്ചോ ആറോ ഓളങ്ങളെ സൃഷ്ടിച്ച് ആ കല്ല് ആഴങ്ങളിലേക്ക്
കടന്നു പോയി…!
അത്യാഹ്ലാദത്താൽ
ഞാൻ വീണ്ടും പറയുന്നു.
കല്ലുകൾ, അത് എറിയുവാൻ മാത്രമുള്ളതാകുന്നു.
നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ.
ReplyDeleteഇതുകേട്ട് മനഃസ്സാക്ഷിയുടെ ആക്ഷേപം സഹിച്ചുകൂടാഞ്ഞ് പ്രായമേറിയവര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ അവിടം വിട്ടുപോയി.
ഒടുക്കം അവനും അവളും മാത്രം അവിടെ അവശേഷിച്ചു
ഒരു കല്ല് എനിക്കും കിട്ടിയിരുന്നെങ്കില്‍ :)
ReplyDeleteമറന്നുവോ എഴുത്തുകാരെ നീയാ കല്ലിനെ?
ReplyDeleteമനസ്സ് കല്ലായിപോയവർ മാത്രം മറക്കുന്ന ഒരു കല്ലിനെ! ആ കല്ല്, അത് പുരുഷന് മാതൃത്വം നൽകുന്നു, അവനിലൊരമ്മയെത്തീർക്കുന്നു, ദൈവത്തെ കൺമുന്നിൽ കാട്ടിത്തരുന്നു, ജീവിച്ചിരിക്കേ മരണവേദനയുടെ രുചി നൽകുന്നു, പലപ്പോഴും മനുഷ്യദേഹങ്ങളെ കീറിമുറിക്കുന്നു, താക്കോൽപ്പഴുതിലൂടെ ഒളിഞ്ഞു നോക്കി പിടിച്ചെടുക്കുന്ന- മൂത്രക്കല്ല്!!!
എന്തേ മറന്നു കളഞ്ഞൂ!
നല്ല എഴുത്ത റൈനീ
എനിക്ക് എല്ലാം മനസ്സിലായി... എന്നാലും എന്റെ കിനാവേ ട്ടാ കല്ല്.. ഹോ...
ReplyDeleteകല്ല് എറിയാന്‍ മാത്രം ഉള്ളതാണ് എന്ന് പറയുമ്പോള്‍ കല്ല് കൊണ്ട് ഒരു ഏറു കിട്ടിയ പോലെ ഉണ്ടല്ലോ....മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുടൊരു സൌരഭ്യം. അവിടെയാണ് കല്ലിന്റെ വില.
ReplyDeletewww.ettavattam.blogspot.com
സംഗതി കൊള്ളാം... നല്ല ചിന്തകൾ... ഇതു വായിച്ചു ജ്വെല്ലെറികളെല്ലാം അടച്ചുപൂട്ടുമോ എന്തോ..!! അവരാണല്ലോ കല്ലിനു വിലയിടുന്നവർ...!!
ReplyDeleteകല്ലേറ്....കൊള്ളാം മാഷെ ..
ReplyDeleteകല്ലുകള്‍ എറിയാന്‍ മാത്രമുള്ളതല്ല , ഏറു കൊള്ളുവാന്‍ കൂടി ഉള്ളവയാണ് :).
ReplyDeleteകല്ലുകള്‍ വണങ്ങാനുള്ളതല്ല ,എറിയാനുള്ളതും,അണിയാനുള്ളതുമാകട്ടെ !ആശംസകള്‍ .
ReplyDeleteമൂത്രത്തില്‍ കല്ലിനെ മറന്നു ജന ലക്ഷങ്ങള്‍ ചുംബിക്കുന്ന കറുത്ത കല്ലിനെ മറന്നു സാത്താന്‍റെ പ്രതീകമായ ജമ്ബ്രയെ എരിയുന്ന കല്ലിനെ മറന്നു കല്ലിന്‍റെ വില എങ്ങനെ തിട്ട പെടുത്തും കാട്ടു കരിങ്കല്ലും ചെന്കല്ലും വജ്ര കല്ലും അടക്കം എത്ര എത്ര കല്ലുകള്‍ വെത്യസ്തമായ ചിന്തക്ക് ആശംസകള്‍
ReplyDeleteകല്ലിന് ഓരോയിടത്തും ഓരോരോ രൂപങ്ങള്‍, ഭാവങ്ങള്‍, ഉപയോഗങ്ങള്‍.
ReplyDeleteപോസ്റ്റ് കൊള്ളാം
കല്ലേറ്...
ReplyDeleteഇതാണല്ലേ അവന്റെ മനസ്സ് കല്ലായിപ്പോയി എന്ന് പറയുന്നത്.
ReplyDeleteചിന്തകള്‍ നന്നായി.
ഒരു ചെറിയ ത്രഡ് ല്‍ നിന്നും കുറെ ചിന്തകളിലൂടെ വികസിപ്പെച്ചെടുത്ത ഒരു നല്ല കഥ ,,,ഇത് കൂടുതല്‍ പേര്‍ വായിക്കട്ടെ ,,
ReplyDeleteകല്ലുകൾ, അത് എറിയുവാൻ മാത്രമുള്ളതാകുന്നു.
ReplyDeleteഒരു കഥ എന്നതിനപ്പുറം നല്ല കുറച്ച് ചിന്തകള്‍ പങ്കു വെച്ചതിന് അഭിനന്ദനങ്ങള്‍..
കല്ലുകള്‍ സൌന്ദര്യ ത്തെ പുകഴ്ത്താനും....(വെള്ളാരം കല്ലുകള്‍ പോലെ മനോഹരമാണ് നിന്‍ കണ്ണുകള്‍..))))....,,,,,,,,,,ഓര്‍മകളില്‍ ഓളങ്ങള്‍ തീര്‍ക്കാനും കൂടി ഉപയോഗപ്പെടുന്നു മാഷേ....rr
ReplyDeleteകൊള്ളാം കല്ലു കഥ
ReplyDeleteറൈനി...
ReplyDeleteനിന്റെ ഈ പോസ്റ്റ് കാണാന്‍ വൈകി. നിന്റെ എഴുത്ത് ഒരു പാട് മുന്നിലേക്ക് പോയിരിക്കുന്നു ... കുറച്ചു വരികളില്‍ നീ പറഞ്ഞു വെച്ചത് ഏറെ വലിയ കാര്യങ്ങള്‍ ...
അനാമിക പറഞ്ഞ പോലെ കല്ലുകള്‍ എറിയാന്‍ മാത്രമല്ല ഏറു കൊള്ളാന്‍ കൂടിയാണ് ...
കല്ലെന്നാല്‍ എന്‍റെ കയ്യാണ്.. എറിയുവാനും ഏറു കൊള്ളുവാനും .. ഭേഷ് സഖേ.
ReplyDeleteറൈനി ഇത് വായിച്ചപ്പോള്‍ ഏറെ സന്തോഷം അഭിമാനം. ഒരു കല്ലെടുത്ത് ഞാനും എറിയട്ടെ.
ReplyDeleteസൂക്ഷ്മമായ ചിന്തകള്‍...,.. നല്ല ഭാഷ... ഒരു സ്നേഹകല്ല് (പുതിയ കല്ലാ.. ഇപ്പൊ കണ്ടു പിടിച്ചേ ഉള്ളു) കൊണ്ട് ഒരു ഏറു തരട്ടെ...
ReplyDeleteആശംസകള്‍...,...
കല്ലുകള്‍ എറിയാന്‍ മാത്രമാകുന്നു എന്ന് പറയുമ്പോഴും,കല്ലുകള്‍ എവിടെ എപ്പോള്‍ എത്ര പ്രാധാന്യത്തോടെ ഉപയോഗിക്കുന്നു എന്നും ഒര്‍മ്മിപ്പിച്ചു. ചിന്തിപ്പിക്കുന്ന കഥ
ReplyDeleteവ്യത്യസ്ത തലങ്ങളില്‍ കല്ലിന്റെ വിലയ്ക്കുണ്ടാകുന്ന മ്യൂല്യവ്യത്യാസങ്ങളെ ചൂണ്ടിക്കാണിച്ച് വെറുമൊരുകല്ലില്‍ നിന്നും ഒരു കഥ ചെത്തിമിനുക്കി അതിന്റെ വില ചോദിച്ച് ഞങ്ങളുടെ മുന്നില്‍ വന്നപ്പോള്‍ ഇത് വെറുമൊരു കല്ല് കഥയെന്ന് പറഞ്ഞ് തള്ളിക്കളയാനെനിക്കാവില്ല. പുതിയ മാനങ്ങള്‍ കണ്ടെത്തുന്നല്ലോ..ഈ വെള്ളാരംകല്ലില്‍ തീര്‍ത്ത കഥയുടെ വിലമതിക്കാനാവുന്നില്ല.
ReplyDeleteനല്ല പ്രമേയം ....
ReplyDeleteകല്ലിനുമുണ്ടു കഥ പറയാൻ.നന്നായി എഴുതി.
ReplyDeleteകല്ലിന്‍റെ കഥ . ഇതൊക്കെ എത്ര പേര്‍ ചിന്തിക്കുന്നുണ്ടാകും . ആശംസകള്‍ @PRAVAAHINY
ReplyDeleteനന്നായിരിക്കുന്നൂ റൈനീ...
ReplyDeleteഅടിത്തറക്കും കല്ല് അനിവാര്യം തന്നെ..ആശംസകൾ ട്ടൊ..ഇഷ്ടായി.,!
നല്ല ചിന്തകൾ..
ReplyDeleteപക്ഷെ ഒരു കഥാരൂപം എവിടെയോ നഷ്ടപ്പെട്ടു എന്നു തോന്നുന്നു.
കല്ല് ലക്ഷ്യസ്ഥാനം നോക്കി എറിയുന്നവരും,അലക്ഷ്യമായി വലിച്ചെറിയുന്നവരും ഉണ്ട്............
ReplyDeleteനല്ല ചിന്തകള്‍
ആശംസകള്‍
അതിശയം . കല്ലുകളെ കുറിച്ച് ഇത്രയ്ക്കു പറയുവാന്‍ ഉണ്ടൊ ?
ReplyDeleteപക്ഷെ മറുവശത്തുള്ള അവന്റെ കൈയിലും കല്ലുകള്‍ ഉണ്ടാകും എന്ന ഓര്മ വേണമല്ലോ
ഏറു കിട്ടാതെ നോക്കുകയും വേണം....
കല്ലിന്റെ ശാസ്ത്രം നന്നായി
ആശംസകള്‍
ഹ്മം... ചിന്തക്ക് അബസ്വരാഭിനന്ദനങ്ങള്‍
ReplyDelete