പുതിയ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കുമ്പോളും പിന്നിൽ നിലവിളി ശബ്ദങ്ങൾ കേൾക്കുന്നുണ്ട്.
കാതുകളെ അലോസരപ്പെടുത്തുന്ന ആ തേങ്ങലുകളെ, അവരുടെ വേദനകളെ അവഗണിച്ചുകൊണ്ട് നമുക്ക്
മുന്നോട്ട് നീങ്ങാനാവുമെന്ന് തോന്നുന്നില്ല, അവഗണിക്കപ്പെടുന്ന പലതും പാമ്പായി നമ്മുടെ
കഴുത്തിൽ ചുറ്റിപ്പിണയാറുണ്ടെന്നത് ചരിത്രം.
അധിനിവേശങ്ങളിലെ ക്രൂരതകൾ, അതിജീവത്തിലെ പരാജയങ്ങൾ, അറിവില്ലായ്മയുടെ വിളയാട്ടങ്ങൾ,
ചെറുത്ത് നില്പുകളുടെ കരുത്തുറ്റതെങ്കിലും ഒറ്റപ്പെട്ട ശബ്ദങ്ങള്, പുതിയ വിപ്ലവ ധ്വനികൾ,
സമ്പന്ന ലോകത്തിൽ പടർന്നു കയറുന്ന ദ്രാരിദ്ര്യം, അഴിമതികളുടെ നീണ്ടകഥകള്, വിലക്കയറ്റമെന്ന
വിഷ സർപ്പം അങ്ങനെ പലതും ഫലസ്തീനായി, ഇസ്രയേലായി, ഈജിപ്തും ലിബിയയുമായി,സൊമാലിയയും
ഉഗാണ്ടയുമായി, സൌമ്യയായി, സത്നാം സിങ്ങായി, അവസാനം ജ്യോതിയിലെത്തി, നാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
അറിഞ്ഞതിൽ കൂടുതൽ അറിയാതെ പോയിരിക്കാം.
ഇരകളുടെ നിലവിളി ശബ്ദങ്ങളിലൂടെ കടന്നു പോയ രണ്ടായിരത്തി
പന്ത്രണ്ടിനപ്പുറം ഇവിടെ പുതിയൊരു വർഷം സമാഗതമായിരിക്കുന്നു. എന്തു പ്രതീക്ഷയിലാണ്
നാം രണ്ടായിരത്തി പതിമൂന്നിനെ വരവേൽക്കേണ്ടതെന്ന ചോദ്യം, ഉത്തരമില്ലാതെ വളഞ്ഞു പുളഞ്ഞൊരു
ചോദ്യ ചിഹ്നം മാത്രമായി നിൽക്കുന്നു.
അലമുറയിടുന്ന പ്രതിഷേധ ധ്വനികൾ നാലു ചുവരുകൾക്കുള്ളിൽ മാത്രം മുഴങ്ങി കേട്ടു കൊണ്ടിരുന്നത്
ശക്തി പ്രാപിച്ച് ഭരണ വർഗ്ഗത്തിന്റെ മൂക്കിൻ തുമ്പിലേക്കെത്തി നിൽക്കുന്നു എന്നത് ചെറിയൊരു
പ്രതീക്ഷ തന്നെയാണ്. എന്നാൽ അടിച്ചമർത്തപ്പെട്ട, അല്ലെങ്കിൽ അവഗണിക്കപ്പെട്ട പ്രതിഷേധങ്ങളും
സമരങ്ങളും ഒത്തിരി തവണ കടന്നുപോയൊരു വർഷം കൂടിയാണ് രണ്ടായിരത്തി പന്ത്രണ്ട് എന്ന സത്യം അംഗീകരിക്കാതെ വയ്യ.
ജനാധിപത്യം
മെല്ലെ സ്വേച്ഛാധിപത്യത്തിലേക്ക് അധപതിച്ചു കണ്ട നയങ്ങളിലൂടെ, നിയമങ്ങളിലൂടെ നാം കടന്നു
പോയി. അവിടവിടെ നിഴലിച്ചു കണ്ട പ്രതിഷേധങ്ങളെ മതവും രാഷ്ട്രീയവും പൌരോഹിത്യവും ചേർന്ന
മേലാളന്മാർ പുച്ഛിച്ചു തള്ളി, ആ പുച്ഛത്തിൽ ഒളിഞ്ഞു നിന്ന ഭയത്തിന്റെ ലാഞ്ചന മനസിലാകാതെ,
അതിലെ കുബുദ്ധി ശരിയായ അർത്ഥത്തിൽ മനസിലാകാതെ, എക്കാലത്തും കഴുതകളായ
പൊതുജനമെന്ന നാം ആ പുച്ഛഭാവം ഏറ്റു പിടിച്ചപ്പോൾ പല സമരങ്ങളും മരിച്ചു മണ്ണടിഞ്ഞു.
പുതിയ തത്വശാസ്ത്രങ്ങൾ ഉയർന്നു പൊങ്ങിയപ്പോൾ പഴയ പല സത്തകളെയും നാം വലിച്ചെറിയുന്ന
നിലപാടാണ് നാം എടുത്തത്, എന്നാൽ പുത്തൻ തത്വങ്ങളിലെ ഒളിഞ്ഞിരിക്കുന്ന ചതി നാം അറിയാതെ പോവുകയും ചെയ്തു.
എന്നാൽ ആ ഒളിഞ്ഞിരിക്കുന്ന ചതിയിലെ ഏറ്റവും വേദനാജനകമായ ഒന്ന് ബന്ധങ്ങളിലെ മൂല്യ ശോഷണം തന്നെയാണെന്ന് പറയാം,
അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന അണു കുടുംബങ്ങളിൽ പോലും പരസ്പര സഹകരണവും,
സ്നേഹവും ബഹുമാനവും കുറഞ്ഞു വരുന്നതായി കാണാം. അയൽപ്പക്കങ്ങളിൽ നിന്നും ഒരു ഗ്ലാസ്
ഉപ്പും നാലു വറ്റൽ മുളകും അത്യാവശ്യത്തിന് കടം വാങ്ങുന്നത് നിന്ന കാലം മുതലേ അയൽപ്പക്കങ്ങളുമായുള്ള
സുന്ദരമായ ബന്ധങ്ങളുടെ ചരിത്രവും അവസാനിച്ചു.. പിന്നീട് ആ സ്നേഹത്തിന് പകരമായി നാം
പുതിയൊരു വികാരം അവശേഷിപ്പിച്ചു അസൂയ.
അവരേക്കാൾ എന്തുകൊണ്ടും മുന്നിലെത്തുക എന്ന ഭാവം
മാത്രം നമ്മിൽ അവശേഷിച്ചു. പരസ്പരം നല്ല സ്നേഹബന്ധം കണ്ടു വളർന്ന പലരും അയൽപ്പക്കത്തെ
അമ്മയെ അമ്മയെന്നും അവരുടെ മക്കളെ സഹോദരനെന്നും സഹോദരിയെന്നും വിളിച്ച് സ്നേഹിച്ചും
ബഹുമാനിച്ചും ആദരിച്ചും പോന്നപ്പോള്, ഇന്ന് അയൽപ്പക്കത്തെ അമ്മയും മകളും വെറും സ്ത്രീ
എന്നും സ്ത്രീ എന്നത് പുരുഷന്റെ വികാരങ്ങളെ ശമിപ്പിക്കാനുള്ള ഉപകരണമാണെന്നും പഠിച്ചു
വെക്കുന്ന മക്കളെയാണോ അതോ നമ്മെത്തന്നെയാണോ നാം പഴിക്കേണ്ടത്.
മകളെ വിൽക്കുന്ന മാതാപിതാക്കൾക്കായി സംസാരിക്കാൻ
വരെ ആളുകൾ കടന്നുവന്നു എന്നതും അതിൽ പോലും ന്യായാന്യായങ്ങൾ ചികയാനും രണ്ടു തലങ്ങളിൽ
നിന്ന് ചർച്ചിക്കാനും തർക്കിക്കാനും ആളുകളുണ്ടായെന്നത് എന്നെ എത്രത്തോളം ഞെട്ടിച്ചതാണെന്ന്
പറയാതെ വയ്യ.
ലൈംഗിക അതിക്രമങ്ങൾ ഒഴിവാക്കാൻ വേശ്യാലയങ്ങൾ ഉണ്ടാക്കണമെന്ന് വാദിക്കുന്ന
പലരും കടന്നു വന്നത് ഇന്നോ ഇന്നലെയോ അല്ല എന്നത് സത്യം തന്നെയാണ്. എങ്കിലും ആ ആവശ്യം
കൂടുതൽ ശക്തിപ്രാപിക്കുന്നത് നാം കണ്ട വർഷമാണ് രണ്ടായിരത്തി പന്ത്രണ്ട്, ഒരു പക്ഷെ
ലൈംഗിക അക്രമങ്ങള്, അതിക്രമങ്ങള് ഒരുപാട് നടക്കുകയും ചർച്ചയാവുകയും ചെയ്ത വർഷമായത്
കൊണ്ടാവാം അത്. എന്നാൽ വേശ്യാവൃത്തിയിലേർപ്പെടുന്ന പലരും എങ്ങനെ അവിടെ എത്തി എന്ന്
അറിയാനോ ചിന്തിക്കാനോ തയ്യാറാവാതെ, പുതിയ വേശ്യാലയങ്ങളിലേക്ക് ലൈംഗിക തൊഴിലാളികൾ എങ്ങനെ
പ്രവേശിക്കപ്പെടും എന്ന് വ്യക്തമായി ചിന്തിക്കാതെ വന്ന ഒരു ആവശ്യമാണ് അതെന്ന് യുക്തിപൂർവ്വമായ
ചിന്തകൾക്ക് ബോധ്യപ്പെടുന്നതാണ് എന്നാണ് എന്റെ വിശ്വാസം.
ഇന്ന് അവിടവിടെ കാമ പൂർത്തീകരണത്തിന്
ഉപയോഗിക്കപ്പെടുന്ന ഇരകളുടെ പത്തിരട്ടിയെങ്കിലും ആയിരിക്കാം നാളെ മുട്ടിന് മുട്ടിന് മുളച്ചു പൊന്തുന്ന
വേശ്യാലയങ്ങളിൽ വേശ്യകളെ എത്തിക്കാനായി സപ്ലൈയർമാർ ചെയ്യുന്നത് എന്ന ഒരുപാട് ചിന്തിക്കേണ്ടതില്ലാത്ത
വിഷയം കൂടി നാം മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു എന്നതാണ് സത്യം. കാരണം ഒരു പെൺകുട്ടിയും വേശ്യ ആയി ജനിക്കുന്നില്ല, വേശ്യകളുടെ മക്കളായി ചിലർ ജനിച്ചേക്കാം, എന്നാൽ അവരും ജനിക്കുന്നത് വേശ്യകളായല്ല എന്ന സത്യം മറന്നു പോകരുതല്ലോ.
ദീർഘവീക്ഷണങ്ങളില്ലാതെ,
അപ്പപ്പോൾ ഉണ്ടാവുന്ന ആവശ്യ പൂർത്തീകരണത്തിന് കാട്ടിക്കൂട്ടിയ അതിക്രമങ്ങളെ പ്രകൃതി
പല തവണ നീലമഴയായും ചുവന്ന മഴയായും കനത്ത ചൂടും കോച്ചുന്ന കുളിരുമായി താക്കീത് നൽകിയിട്ടും മനുഷ്യൻ അല്പം കൂടി മുന്നിലേക്ക്
ചിന്തിച്ച് പ്രവർത്തിക്കാൻ തയ്യാറായിട്ടില്ലെന്നത് സ്പഷ്ടം.
പരസ്ത്രീ പുരുഷ ബന്ധം വലിയ തെറ്റാണെന്ന സംസ്കാരം പഠിച്ചു വളർന്ന നമുക്കിടയിൽ പരസ്പരം
അറിഞ്ഞു കൊണ്ടുള്ള സ്ത്രീ പുരുഷ ബന്ധത്തിന് യാതൊരു പ്രശ്നവും ഇല്ലെന്ന് പറയുന്നവരുണ്ട്.
ഇക്കാര്യം ഞാൻ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഓരോരുത്തരുടെയും ഇഷ്ടം
എന്ന നിലക്ക് വിടാൻ എന്നെ സംബന്ധിച്ച് വലിയ വേദനകൾ ഇല്ലാത്തപ്പോൾ തന്നെയും ഇത്തരം മാറ്റങ്ങള്
എന്നെ ഒരല്പം വേദനിപ്പിക്കുന്നുണ്ട്. കാരണം മനുഷ്യന്റെ വളർച്ചകൾക്കനുസരിച്ചു പലതും
നിസാരമായി തള്ളാൻ അവൻ പഠിക്കുകയാണെന്ന് പറയാതെ വയ്യ.
ഇന്ന് ഇങ്ങനെ ഒക്കെ ചിന്തിക്കാമെങ്കിൽ നാളത്തെ കുറച്ചു കൂടി അറിവു നേടുന്ന തലമുറ, കുറച്ചു കൂടി തിരക്ക് അനുഭവപ്പെടുന്ന അവരുടെ ജീവിത സാഹചര്യങ്ങളിൽ പഴയ “കയ്യൂക്കുള്ളവർ കാര്യക്കാര്”, ഇരകൾ വെറും ഇരകൾ, ഇരകൾ
ഇരകളാവാൻ വിധിക്കപ്പെട്ടവര്, അവർ ഇരകളാവാൻ വേണ്ടി മാത്രം ജനിച്ചതാണെന്ന ഒരു തത്വശാസ്ത്രത്തിലേക്ക് മാറിയാൽ അവരെ കുറ്റപ്പെടുത്താനാവുമോ എന്നൊരു ചിന്ത ഉള്ളിൽ അവശേഷിക്കുന്നു. അക്കാര്യത്തിൽ വാദിക്കാനും അവർക്ക്
വളരെയധികമെന്നും മാറേണ്ടതില്ലല്ലോ.
പ്രകൃതി തന്നെ അങ്ങനെ ഒരു തത്വം ചില കാര്യങ്ങളിൽ പാലിക്കുന്നുണ്ട്.
വന്യ മൃഗങ്ങൾ ചെറു മൃഗങ്ങളെ ഇരകളാക്കുന്ന പ്രകൃതി നിയമത്തെ ചൂണ്ടിക്കാണിച്ച് വാദിക്കാൻ
അത്തരം ചിലരും ഇറങ്ങിത്തിരിച്ചേക്കാം എന്നത് വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ളതാണ്.
ചിലതെല്ലാം മനുഷ്യൻ മനുഷ്യ നന്മക്കായി ഉണ്ടാക്കിയ മനുഷ്യ നിർമ്മിത നിയമങ്ങളാണെന്നും
അവന്റെ ബുദ്ധിയിലും യുക്തിയിലും ഉദിച്ചുയർന്ന സംസ്കാരിക ബോധം കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്നും അത് പല തലത്തിലും
മനുഷ്യന് നന്മയാണെന്നും വ്യതിചലിക്കുന്നത് മനുഷ്യ ബന്ധങ്ങളുടെ വില കുറക്കുകയും പരസ്പര
ബഹുമാനമില്ലാത്ത ഒരു ജനത മനുഷ്യ വർഗ്ഗത്തെ തന്നെ നശിപ്പിക്കുമെന്നും തിരിച്ചറിയാനും
മനസിലാക്കാനും മനുഷ്യന് കഴിയേണ്ടതുണ്ട്.
മായൻ കലണ്ടറിനെയും, മഹദ്പ്രവചനങ്ങളെയും തള്ളിമാറ്റിയും വെല്ലുവിളിച്ചും ലോകം പ്രയാണം
തുടരുന്നു. ഇനിയോ എത്രയോ നൂറ്റാണ്ടുകൾ, യുഗങ്ങൾ ഞാൻ ഇങ്ങനെ ഇവിടെയുണ്ടെന്ന് അതുറക്കെ
പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ, മനുഷ്യത്വമുള്ള മനുഷ്യര് ഇനി എത്ര കാലം ലോകത്ത് അവശേഷിക്കുമെന്ന ചോദ്യത്തിന്
മുന്നിൽ ഞാൻ എന്ന മനുഷ്യൻ ചോദ്യച്ഛിഹ്നം പോലെ വളഞ്ഞു നിൽക്കുന്നു.
പുതിയ വർഷത്തിന്റെ ചവിട്ടുപടിയിൽ കാൽ വെച്ചു നിൽക്കുന്ന എല്ലാവർക്കും കണ്ണീരിന്റെ
ഉപ്പു ചുവയില്ലാത്ത ഒരു സുന്ദര വർഷം ആശംസിക്കുന്നു. പിന്നിലേക്ക് പായാതെ മനുഷ്യത്വത്തോടെ ഒരുപാട് ഒരുപാട് മുന്നിലെത്തട്ടെ നാം, നമ്മുടെ ലോകം...!
സ്നേഹപൂർവ്വം…!
ഇന്ന് വായിച്ച എല്ലാ ബ്ലോഗിലും ഇങ്ങിനെ പഴയ കാര്യങ്ങളും പുതുതും ഒക്കെ പറഞ്ഞു വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഉള്ളൂ ... ഇവിടെ വന്നപ്പോള്‍ വീണ്ടും സെന്റിയായി... ഇനി നല്ലത് മാത്രമേ വരൂ എന്നൊക്കെ പ്രതീക്ഷിക്കാം ല്ലേ രൈനീ ... പ്രതീക്ഷയില്ലാതെ എന്ത് ജീവിതം... ആശംസകളോടെ ..
ReplyDeleteനല്ലൊരു ലേഖനം ആശംസകള്‍
ReplyDeleteശുഭ പ്രതീക്ഷകളുമായി 2013 നെ വരവേല്‍ക്കാം
ReplyDeleteപുതുവല്സാരാശംസകള്‍ !
പുതുവർഷത്തിനൊപ്പം മനുഷ്യത്വവും പുനർജ്ജനിക്കട്ടെ...! നന്നായി എഴുതി. മനസ്സിൽ നന്മയുള്ളവർക്കു നല്ലതു വരട്ടേ.. ആശംസകൾ..
ReplyDeleteപ്രതീഷയോടെ നമുക്ക് നന്മയെ മാടിവിളിക്കാം .,.,തിന്മകളെ നമ്മില്‍ നിന്നും സമൂഹത്തില്‍ നിന്നും തട്ടിയകറ്റാന്‍ ശ്രമിക്കാം
ReplyDeleteലേഖനം നന്നായിട്ടുണ്ട്
ReplyDeleteഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.... മാത്രം....നേരാം ഇന്ന്.നല്ല ലേഖനം ...ആശംസകള്‍ ...
ReplyDeleteഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുകഷായം മരുന്നായിട്ട് കൊടുക്കുന്നതുപോലെയാണ് പല നിവാരണപ്രവൃത്തികളും
ReplyDeleteവേരോടെ ചായ്ക്കുന്ന ഒരു കടുംവെട്ട് ചികിത്സയുടെ ആവശ്യമുണ്ട്.
പക്ഷെ ആര്‍ ചെയ്യും??
മായൻ കലണ്ടറിനെയും, മഹദ്പ്രവചനങ്ങളെയും തള്ളിമാറ്റിയും വെല്ലുവിളിച്ചും ലോകം പ്രയാണം തുടരുന്നു. ഇനിയോ എത്രയോ നൂറ്റാണ്ടുകൾ, യുഗങ്ങൾ ഞാൻ ഇങ്ങനെ ഇവിടെയുണ്ടെന്ന് അതുറക്കെ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ, മനുഷ്യത്വമുള്ള മനുഷ്യര് ഇനി എത്ര കാലം ലോകത്ത് അവശേഷിക്കുമെന്ന ചോദ്യത്തിന് മുന്നിൽ ഞാൻ എന്ന മനുഷ്യൻ ചോദ്യച്ഛിഹ്നം പോലെ വളഞ്ഞു നിൽക്കുന്നു.
ReplyDeleteഅജിതേട്ടന്‍ പറഞ്ഞതുപോലെ ഒരു വേരോടെ പിഴുതു മാറ്റിയ ഒരു ചികിത്സ അനിവാര്യം!
കണ്ണീരിന്റെ ചുവയില്ലാത്ത പുതുവത്സരം നേരാം ആശിക്കാം,,..
ReplyDeleteനല്ല നാളെകള്‍ പിറക്കട്ടെ .. നന്മയിലൂടെ നടത്തട്ടെ......
അര്‍ത്ഥവത്തായ ലേഖനത്തിന് നിറഞ്ഞ അഭിനന്ദനങ്ങള്‍ ...
പുതിയ വര്‍ഷം അവിടെ പുതിയ കാഴ്ചകള്‍ അത് നല്ലതുമാത്രമാവട്ടെ.
ReplyDeleteപുതിയ കൂട്ടകരച്ചിലുകളെങ്കിലും നിലക്കട്ടെ
ReplyDeleteതാങ്കളുടെ വിഷമം ഈ സമൂഹത്തിന്റെ ആധിയാണ് ...എന്റെ മനസ്സില്‍ നിറഞ്ഞൊഴുകുന്ന വിദ്വേഷമാണ് ......പക്ഷെ കേള്‍വിക്കാര്‍ കുറവാണ് !
ReplyDeleteആസ്വാദകര്‍ കൂടുതലും !!
എല്ലാം നല്ലതിനാവട്ടെ ...ലക്ഷ്യമല്ല കര്‍മം ജയിക്കെട്ടെ !
ആശംസകളോടെ
അസ്രുസ് .
പുതുവത്സരാശംസകള്‍
ReplyDeleteആശംസകൾ മാത്രം നേരുന്നു...
ReplyDeleteആശംസകൾ
ReplyDeleteനല്ലൊരു വര്‍ഷമാകട്ടെ ഈ 2013
ReplyDeleteറൈനി, വായിക്കാന്‍ വൈകി... പുതു വര്‍ഷം നമുക്ക് നന്മകള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ?
ReplyDelete