Wednesday, April 1, 2015

‘അബല’


മഞ്ഞു വീഴുന്ന പ്രഭാതത്തിൽ മടിച്ചു മടിച്ചു കടന്നെത്തുന്ന വെളിച്ചത്തിലേക്ക് ജനലഴികളിലൂടെ കണ്ണുകൾ നട്ട് നിൽക്കുകയാണ് ശ്രീലത. 

പുറത്തെ കാഴ്ചകളിലേക്കാണ് നോട്ടമെങ്കിലും അവളവിടെ ഒന്നും കാണുന്നുണ്ടായിരുന്നില്ല. പുറത്തെ നേർത്ത വെളിച്ചവും മഞ്ഞുകണങ്ങളുടെ ഈർപ്പവും മാത്രമല്ല, മനസിലെ മൂടിക്കെട്ടിയ കാർമേഘങ്ങളും അവളുടെ നേർക്കാഴ്ചകളെ മറയ്ക്കുന്നു. മനസിലെ ശുഷ്കമായ കുഞ്ഞുലോകത്ത്  ചില കണക്കെടുപ്പുകൾ നടത്തുകയാണവൾ..

പൌലോസേട്ടൻ  കിടക്കയിൽ ഉണർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി, അയാൾ അവളെ നോക്കി ഒരു ദീർഘ നിശ്വാസമുതിർത്തു. ഏറെ നേരമായുള്ള അവളുടെ ആ നിർത്തം അയാളിൽ ആധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. അയാളെഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു..

“എന്താ കുട്ട്യേ പറ്റ്യേത്, എത്ര നേരമായി ഇങ്ങനെ നിൽക്കാൻ തുടങ്ങീട്ട്..”

അവളുടെ ചുമലിൽ വാത്സല്യത്തോടെ കൈവെച്ച് അയാൾ ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല, തിരിഞ്ഞ് അയാളെ നോക്കുകയും ചെയ്തില്ല, കിട്ടാത്ത ഒരു മറുപടിക്ക് മുൻപിൽ പരാജയം സമ്മതിച്ച് അയാൾ പോകുമെന്ന് അവളോർത്തുകാണണം.

പക്ഷേ അയാൾക്ക് അങ്ങനെ പോകാനാവില്ല, അനക്കമില്ലാത്ത ഇരു ശിലകൾ പോലെ അവരിരുവരും അല്പനേരം നിന്നു.

നിറഞ്ഞ കണ്ണുകൾ തുടക്കാതെ എങ്ങനെ അച്ഛനെ നോക്കുമെന്നായിരുന്നു അവളുടെ ചിന്ത, എന്നിട്ടും ഏറെ നേരം പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല, അതിനു മുൻപേ അവൾക്ക്  അച്ചനെ നോക്കേണ്ടി വന്നു.

മനസിൽ തിളച്ചു മറിയുന്ന വേദനയോടെ "അച്ഛാ".. എന്ന വിളിയോടെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു..

"ഇല്ല, മോളെ.. ഒന്നൂല്യ.. ന്റെ കുട്ടിക്ക് ഒന്നൂല്യാ ട്ടോ.."

അവളുടെ മുടിയിഴകളിൽ തഴുകി കാര്യമെന്താണെന്ന് വ്യക്തമായി മനസിലായില്ലെങ്കിലും അയാളവളെ സമാധാനിപ്പിച്ചു.

അയാളുടെ തോളിൽ ചാഞ്ഞു കിടന്നപ്പോൾ അവളൊരു കുഞ്ഞായി മാറുകയായിരുന്നു. മനസിലെ ഭാരം മുഴുവനും ഒരു നിമിഷത്തേക്ക് തന്നിൽ നിന്നും ഒഴിഞ്ഞു പോവുന്നത് അവളറിഞ്ഞു . സുരക്ഷിതത്വത്തിന്റെ സമാധാനത്തിന്റെ അല്പ നിമിഷങ്ങൾ...

പൌലോസേട്ടനും അപ്പോൾ മറ്റൊരു ലോകത്തായിരുന്നു. ശ്രീലതയെ തനിക്ക് കിട്ടിയ ആ കാലത്തിലേക്ക് അയാൾ എത്തപ്പെട്ടു കഴിഞ്ഞിരുന്നു.

അന്നും അവളങ്ങനെയായിരുന്നു, ഉറച്ചുനിൽക്കാനായി മരം ചുറ്റിപ്പടർന്ന് വളരുന്ന ഒരു വള്ളിച്ചെടിപോലെ, തന്റെ നെഞ്ചിലൊട്ടി നിൽക്കുന്ന ഓമനത്വമുള്ള ഒരു കുഞ്ഞ്.. അത് കൊണ്ട് തന്നെയാണ് അവൾക്ക് ലത എന്ന് പേരിട്ടതും, പിന്നീടത് അല്പം കൂടി പരിഷ്കരിച്ചു ശ്രീലതയായി..

വർഷം എത്ര കഴിഞ്ഞിരിക്കുന്നു, പൌലോസേട്ടൻ വെറുതെ കണക്ക് കൂട്ടി. ഏരിമ്മൽ കടവിൽ നിന്ന് ശ്രീക്കുട്ടിയെ കിട്ടി വർഷം ഇരുപത്തി രണ്ട് കഴിഞ്ഞിരിക്കുന്നു.

ഏരിമ്മൽ കടവിലിപ്പോൾ കടത്തില്ല,പഴയ ടെലഫോൺ പോസ്റ്റുകൾ നാട്ടി അതിനു മുകളിൽ മരക്കഷ്ണങ്ങൾ കൊണ്ട് പണിത ഒരു ചെറിയ നടപ്പാലമാണുള്ളത്, ഇന്നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ അദ്ധ്വാനമാണത്. പക്ഷേ ഈ കടവ് അന്നിങ്ങനെ ആയിരുന്നില്ല. മാറ്റങ്ങളുടെ ലോകമാണിത്, മാറാതെ വയ്യ, അനിവാര്യമായ മാറ്റങ്ങൾ നാട്ടിലും വീട്ടിലും ഏറെ നടന്നിട്ടുണ്ട്. ഇന്നും മാറാത്തത് ഒന്നേയുള്ളൂ, 

വേദനകൾ, വേദനകൾ മാത്രം..!


അക്കാലത്ത് പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുന്ന മുൻപേ വീട്ടുപടിക്കൽ നിന്നും അവുള്ളാക്കയുടെ കൂവൽ കേൾക്കാം..

"പോവോയ് പോവോയ്…"

ചായപ്പീടികയിലേക്കുള്ള വിളിയാണ്, ആ വിളി കേൾക്കുമ്പോളേ യാന്ത്രികമായി എഴുന്നേൽക്കും, ഉമ്മറത്ത് നിന്നും പിടഞ്ഞെഴുന്നേറ്റ് കിണറ്റിൻ കരയിലേക്ക് നടക്കുമ്പോൾ അവുള്ളാക്ക കിണറ്റിൻ കരയിലേക്കെത്തിയിട്ടുണ്ടാവും..

പല്ലു തേക്കാനായി കിണറിനടുത്തേക്ക് ചാഞ്ഞ മാവിന്റെ കൊമ്പിൽ നിന്നും പഴുത്ത മാവില പൊട്ടിക്കുമ്പോൾ കിണറിന്റെ തിണ്ണയിൽ കയറിയിരുന്ന് അവുള്ളാക്ക വെറുതെ പാടും

“പഴുത്ത മാവിന്നില്ല കൊണ്ട് തേച്ചാൽ
പുഴുത്ത പല്ലും നവരത്നമാവും…“

അവിടെ നിന്നാണ് പൌലോസേട്ടന്റെ ഒരു ദിവസം ആരംഭിക്കാറുള്ളത്..

ചായപ്പീടികയിൽ എത്തുമ്പോൾ മരക്കാരിക്കയുടെ മക്കാനിയിലെ സമോവറിൽ വെള്ളം തിളച്ചു മറിയുന്നുണ്ടാവും. സമോവരിനുള്ളില്‍ ഇട്ട നാണയത്തുട്ട് വെള്ളം തിളക്കുന്നതിനോപ്പം തുള്ളിക്കളിച്ചു ഇളകുന്ന ശബ്ദം മരക്കാരിക്കയുടെ മൂളിപ്പാട്ടിന്  അകമ്പടി സേവിക്കുന്ന സംഗീതമാവും. പലകബഞ്ചിലിരിക്കുമ്പോൾ കളങ്കമില്ലാത്ത ചിരിയോടെ മരക്കാരിക്ക ആവി പറക്കുന്ന ചായയുമായെത്തും.. 
ആ ചായയാണ് ആ ദിവസത്തെ ഊർജ്വസ്വലമാക്കിയിരുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തി ഒട്ടുമില്ല.

ഇരുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് അങ്ങനെ ഒരു പുലരിയുടെ തുടക്കത്തിലാണ് ശ്രീക്കുട്ടിയെ ആദ്യമായി കാണുന്നത്. അണിയം, കരയിലേക്ക് കയറ്റിയിട്ട അവുള്ളാക്കയുടെ കടത്ത് തോണി വെള്ളത്തിലിറക്കാൻ സഹായിക്കുമ്പോളാണ്  പത്ത് പതിനഞ്ച് വാര അകലെയായി എന്തോ അനങ്ങുന്നത് കണ്ടത്.. കുറുക്കനോ മറ്റോ ആയിരിക്കാമെന്ന് കരുതി ശ്രദ്ധിച്ചാണ് അതിനരികിലേക്ക് നടന്നെത്തിയത്. അടുത്തെത്തിയപ്പോളാണ് തിരിച്ചറിഞ്ഞത്, ഒരു പൈതലാണത്, ഓമനത്വമുള്ള ഒരു പെൺകുഞ്ഞ്..

അൻപതോ അറുപതോ ദിവസമേ പ്രായം കാണൂ.. കുളിരുന്ന തണുപ്പിൽ രണ്ട് വിരലുകൾ  വായിൽ തിരുകി കളിക്കുകയാണവൾ,

“കർത്താവേ.. ആരുടെ കുഞ്ഞാ അവുള്ളാക്കാ ഇത്”

ശബ്ദം കേട്ടതും അൽഭുതത്തോടെ അവുള്ളാക്കയും ഓടിയെത്തി, പൌലോസേട്ടൻ അവളെ കോരിയെടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു.. ഒരു വള്ളിപോലെ അവൾ അയാളെ ഉറക്കാത്ത കൈകൾ കൊണ്ട് ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു..

“പൌലോസേ, നീയെന്തൂട്ടാ ഈ കാണിക്കണേ, അവ്ടെ ഇട്ടേക്ക്, ആരാ ഈ പാതകം ചെയ്തേന്നറിയില്ല,  നിയ്യായിട്ട് ഇനി അതിനെ എടുത്ത് പുലിവാല് പിടിക്കണ്ട..”

അയാൾ അവളെ മെല്ലെ നിലത്ത് കിടത്താൻ തുനിഞ്ഞതും അവളുടെ പിഞ്ചുകൈകൾ അയാളെ ചുറ്റി പിടിച്ചത് വിടുവിക്കാനൊരുങ്ങുമ്പോൾ അയാളുടെ മനസൊന്ന് പതറി,

"വേണ്ട അവുള്ളാക്ക, ഇതിനെ ഈ തണുപ്പത്ത് ഇങ്ങനെ കെടത്താൻ വയ്യ, ചത്ത് പോവേള്ളൂ പാവം, ആരേലും വരണേച്ചാ ന്റെ വീട്ടിൽക്ക് വിട്ടോളിം ങ്ങള്.."

"പൌലോസേ, ചില്ലറ കളിയൊന്നൊല്ല അത്, ജ്ജി അയിനെ അവിടട്ട് അന്റെ പണി നോക്കി പൊയ്ക്കാളിം.."

ആ വള്ളിച്ചെടി പൌലോസ് എന്ന മരത്തെ ചുറ്റി വളരാനുള്ളതാണ് എന്ന് വിധി വളരെ മുൻപേ നിശ്ചയിച്ചു കഴിഞ്ഞിരുന്നിരിക്കണം, പൌലോസ് കുഞ്ഞിനെ നെഞ്ചോടടുക്കി പിടിച്ച് വീട്ടിലേക്ക് നടന്നു.

അയാളുടെ നടത്തം നോക്കി അവുള്ളാക്ക ഏറെ നേരം നിന്നു. അയാളുടെ മനസിൽ അപ്പോൾ സമ്മിശ്രമായ ഒരു വികാരം അലയടിക്കുന്നുണ്ടായിരുന്നു. അയാളുടെ സുഹൃത്തിനാൽ ഒരു ജീവൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു, ഒരു ജീവിതം മുളപൊട്ടി വളരാൻ തുടങ്ങുന്നു, എന്നാൽ അതേസമയം തന്നെ അത് പൌലോസിന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അയാളിൽ നിറഞ്ഞു നിന്നു.


നെഞ്ചിൽ ഒട്ടിപ്പിടിച്ചു കിടന്ന കൈക്കുഞ്ഞുമായി വീടിന്റെ പടി കടന്ന് വീട്ടിലേക്ക് കയറുമ്പോൾ ശോശാമ്മച്ചിയുടെ  നെഞ്ചിൽ ഒരാന്തലുണ്ടായി. അയാളെ തന്നെ സൂക്ഷിച്ചു നോക്കി നിന്ന അമ്മച്ചിയെ വകവെക്കാതെ പൌലോസ് അകത്തേക്ക് കയറിപ്പോയപ്പോൾ ആ ആന്തലിന് ശക്തി കൂടിക്കൂടി വന്നു.

“ഇതേതാടാ ഈ കൊച്ച്?“  അമ്മച്ചിയുടെ സ്വരത്തിൽ ഭയം നിറഞ്ഞിരുന്നത് അയാൾക്ക് മനസിലായി..

അമ്മച്ചി കരുതുന്ന പോലൊന്നൂല്യ, തോട്ടും കരേന്ന് കിട്ട്യേതാ ഇതിനെ, തണുത്ത് വെറങ്ങലിച്ച് അവിടെ കെടക്കണ്ണ്ടാരുന്നു. വിട്ടിട്ട് പോരാൻ തോന്നീല, ഞാനിങ്ങ്ട് എടുത്തു.

എന്തിനും വേണ്ടീട്ടാ പ്പോ ഇതൊക്കെ, ആരാന്റെ കുഞ്ഞിനെ എടുത്ത് വന്നിട്ട് ഞ്ഞി ന്തൊക്ക്യാണോ ണ്ടാവണത്..
പൌലോസ് ഒന്നും മിണ്ടിയില്ല, കുഞ്ഞിനെ പായയിൽ കിടത്തി പൌലോസ് കളിച്ചുകൊണ്ടിരുന്നു. ഒരു പാവക്കുഞ്ഞിനെ കയ്യിൽ കിട്ടിയ ബാലനെപ്പോലെ അയാൾ ആ കുഞ്ഞിന്റെ കയ്യും കാലും പിടിച്ചും എടുത്ത് ഉമ്മ വെച്ചും കളിച്ചുകൊണ്ടിരുന്നു.

ശോശാമ്മച്ചി പുറത്ത് ശോകമൂകമായിരുന്നു, അവരുടെ മനസു മുഴുവൻ ആധിയായിരുന്നു. മകന്റെ കാര്യത്തിൽ അല്ലെങ്കിലും ശോശാമ്മക്ക് വല്ലാത്ത വേവലതിയാണ്, ആരും ചിന്തിക്കാത്ത കാര്യങ്ങളാണ് പൌലോസ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ശോശാമ്മക്കെന്നല്ല, ഒരാൾക്കും അയാളുടെ ഒരു തീരുമാനവും മാറ്റിയെടുക്കാൻ കഴിയില്ലെന്ന് അവർക്കറിയാം.എന്നിട്ടും അവർ ഏറെ ശ്രമിച്ചു നോക്കി, 
ഒരിക്കലും ഫലം കാണാത്ത ഒരു പാഴ്ശ്രമം എന്നറിഞ്ഞിട്ടും..!

കുഞ്ഞ് വലിയ വായിൽ കരയാൻ തുടങ്ങി, പൌലോസിന് എന്ത് ചെയ്യണമെന്ന് ഒരെത്തുമ്പിടിയും കിട്ടിയില്ല.അയാൾ കുഞ്ഞിനെ കളിപ്പിക്കാനും ചിരിപ്പിക്കാനും ശ്രമിച്ച് പരാജയം സമ്മതിച്ചു കൊണ്ടിരുന്നു.

കുഞ്ഞിന്റെ കരച്ചിൽ ശോശാമ്മച്ചിക്ക് സഹിക്കാനായില്ല, അവർ നേർപ്പിച്ച പാലുമായി എത്തുമ്പോൾ കുഞ്ഞ് ശാന്തമായി അയാളുടെ നെഞ്ചിൽ ഒട്ടിപ്പിടിച്ച് കിടപ്പുണ്ട്. മാവിൽ ചുറ്റിപിണഞ്ഞ് കിടക്കുന്ന കുരുമുളക് വള്ളി പോലെ.

ശോശാമ്മക്ക് ആ കാഴ്ച അൽഭുതമായിരുന്നു. കല്യാണം പോലും കഴിക്കാത്ത തന്റെ മകന്  വിശന്ന് കരയുന്ന കുഞ്ഞിന്റെ കരച്ചിലടക്കാൻ കഴിഞ്ഞത് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.അന്നുമുതൽ പൌലോസ് ഒരമ്മ കൂടിയാവുകയായിരുന്നു, പുരുഷ ജന്മം കൊണ്ട അമ്മ.

ശോശാമ്മച്ചി അയാളിൽ നിന്നും കുഞ്ഞിനെ വാങ്ങി കാലിൽ കിടത്തി സ്പൂണിൽ പാൽ കോരിക്കൊടുക്കുവാൻ തുടങ്ങി. അവരുടെ കാലിൽ കിടന്ന് കൈകാലിട്ടടിച്ച് കളിക്കുന്ന കുഞ്ഞിന്റെ മുഖം അവരിലെ മാതൃത്വത്തെ ഉണർത്തി..

വർഷങ്ങൾ എത്ര വേഗത്തിലാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്, ഇരുപത്തി രണ്ട് വർഷങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞ സംഭവങ്ങൾ പോലെ പൌലോസേട്ടന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു.


“അച്ഛാ..” 

ശ്രീലതയുടെ വിളി അയാളെ ഓർമ്മകളിൽ നിന്നുണർത്തി.

***
പുറത്തേക്കിറങ്ങുമ്പോൾ ശ്രീലത പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു. പടിക്കെട്ടുകളിറങ്ങി അവൾ തിരിഞ്ഞ് നോക്കി, അവൾക്ക് കൌതുകം തോന്നി,

എവിടെ നിന്നാണ് ഇവിടേക്ക് എത്തിപ്പെട്ടത്, എങ്ങനെയാണ് ഈ വീട്ടിൽ ജീവിക്കാനയത്, ജന്മം നൽകുന്ന മാതാപിതാക്കളിൽ നിന്നുള്ള പീഡന കഥകൾ വർദ്ധിക്കുമ്പോളും ജന്മം നൽകാത്ത ഇത്രത്തോളം സ്നേഹ നിധിയായ ഒരച്ഛനെ എന്ത് പുണ്യം കൊണ്ടാണ് തനിക്ക് ലഭിച്ചത്? അവളുടെ മനസിൽ ചിന്തകൾ അലതല്ലി..
വിധിയാണ്, വിധി!

ഇന്നലെ സംഭവിച്ചതും ഇന്ന് സംഭവിക്കുന്നതും ഇനി നാളെ സംഭവിക്കാനിരിക്കുന്നതും എല്ലാം വിധി തന്നെ, എഴുതപ്പെട്ട വിധി, ഇനിയൊരിക്കലും മാറ്റമില്ലാത്ത വിധി..!

പിന്നിലേക്ക് ഒന്നിനെയും അന്വേഷിച്ച് നടക്കരുത്,മുന്നോട്ടുള്ള നടത്തത്തിന് അത് വിഘ്നം വരുത്തും, വിധികൾ നടപ്പാക്കണം, വിധിക്കൊപ്പം തന്നെ നടക്കണം,  അവൾ സ്വയം പറഞ്ഞു.

മൺ റോഡുകൾ കടന്ന് വയൽ വരമ്പുകൾ താണ്ടി തോട്ടുവരമ്പുകളിലൂടെ നടക്കുമ്പോൾ ഒരു പുലർക്കാലത്തെ തണുപ്പിൽ മരണത്തെ മല്ലടിച്ച് തോല്പിച്ചു കൊണ്ടിരുന്ന ഒരു ചോരക്കുഞ്ഞിന്റ രൂപം അവളവിടെ കാണാൻ ശ്രമിച്ചു, പല നടത്തത്തിലും അച്ചനവൾക്ക് കാണിച്ച് കൊടുത്തിട്ടുള്ള ആ കടവിൽ അവൾ അവളെ തിരഞ്ഞു.                
ഇല്ല, ഒന്നുമില്ല, മായകളാണെല്ലാം,

പിന്നിലേക്ക് നോക്കരുത്, മുന്നിലേക്ക് നടക്കുക എന്ന് സ്വയമൊരായിരം തവണ ഉരുവിടുമ്പോളും പലതും അവളെ പിന്നിലേക്ക് ആഞ്ഞുവലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

എല്ലാത്തിനെയും അവഗണിച്ചുകൊണ്ട് അവൾ നടന്നു, സത്യത്തിൽ നടത്തമായിരുന്നില്ല, ഒരോട്ടമായിരുന്നു അത്. തോട്ടു വരമ്പിലൂടെയുള്ള ആ ഓട്ടം അവൾ നിർത്തിയത് ഓലമേഞ്ഞ ആ മൺകുടിലിന്റെ ഉമ്മറപ്പടിയിലായിരുന്നു.
വാതിൽ മുട്ടുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അവൾ കണ്ണുകളടച്ച് സ്വയം നിയന്ത്രിക്കാനും ധൈര്യം സംഭരിക്കാനും ശ്രമിച്ചു.

“ആരാ.. ഇങ്ങ്ട് കേറി വാ..“

“ഞാനാ ഇച്ചോയേട്ടാ..“ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കടന്നു.

മരക്കട്ടിലിന്റെ കാലിലേക്ക് തലയിണ കുത്തിവെച്ച് അതിലേക്ക് തല ചേർത്ത് ഇച്ചോയേട്ടൻ അവളെ ചോദ്യ രൂപേണ നോക്കി..

“എനിക്ക് കൊല്ലണം ഇച്ചോയേട്ടാ, അവറ്റകളെയെല്ലാം എനിക്ക് കൊല്ലണം,“  കടുത്ത ശബ്ദത്തിലാണ് അവളത് പറഞ്ഞത്.

അയാൾ ചിരിച്ചു, വലിയൊരു തമാശ കേട്ടത് പോലെ കുലുങ്ങി ചിരിച്ചു.

അവളയാളെ രൂക്ഷമായൊന്ന് നോക്കി, അവൾ തമാശ പറയുകയല്ലെന്ന് ആ നോട്ടത്തിൽ നിന്നയാൾക്ക് തിരിച്ചറിയാനാവുമായിരുന്നു.

“ആട്ടെ, ആരെയാ  ശ്രീലതക്ക് കൊല്ലണ്ടേ, എന്തിനാ കൊല്ലണ്ടേ..?“

“അതൊന്നും നിങ്ങളറിയേണ്ട കാര്യമില്ല ഇച്ചോയേട്ടാ, ഒരു കാര്യവുമില്ലാതെ ആരേങ്കിലും കൊല്ലാൻ എനിക്ക് ഭ്രാന്തൊന്നുമില്ലെന്ന് ഇങ്ങക്കറിയാലോ..“

“മോളെ, എന്താ കാര്യം ന്ന് ച്ചാ നിയ്യ് പറയ്, നമ്മക്ക് പോംവഴി ണ്ടാക്കാം, അല്ലാണ്ടെ അനക്കാരേം കൊല്ലാനൊന്നും പറ്റില്ല,  യ്യൊരു പെണ്ണാണ് അത് മറക്കരുത്....“  അയാൾ അവളെ ശാന്തയാക്കാനെന്നോണം പറഞ്ഞു.

ഇപ്പോൾ ചിരിച്ചത് അവളാണ്.

“എനിക്കറിയാം, ഞാൻ ഒരു പെണ്ണാണ്, നിങ്ങളുടെ ഭാഷയിൽ അബലയായ പെണ്ണ്..എന്നാൽ കേട്ടോളൂ.. ഒരു പെണ്ണൂം അബലയല്ല, അവൾ അബലയെന്ന് നാഴികക്ക് നാല്പത് വട്ടം അവളെ പറഞ്ഞ് വിശ്വസിപ്പിച്ച് അവളെ അബലയാക്കുന്നത് നിങ്ങളാണ്, നിങ്ങളെന്ന പുരുഷ മേധാവികള്, എന്നാൽ ചിലരുണ്ടാവും ആ നുണകളെ ഏറ്റിപ്പിടിച്ച് നടക്കുന്ന മഹിളാ മണികൾ, സ്ത്രീ അബലയാണെന്ന് സ്വയം പ്രഖ്യാപിച്ച് കിട്ടാവുന്ന നക്കാപിച്ചകൾക്കും സംവരണങ്ങൾക്കും കോപ്പ് കൂട്ടി നടക്കുന്നവർ". "അവർക്ക് വേണ്ടത് സ്ത്രീ ഉന്നമനങ്ങളൊന്നുമല്ല, കിട്ടാവുന്ന അപ്പക്കഷ്ണങ്ങളും പേരും പ്രശസ്തിയും മാത്രമാണ്.  ഞാൻ അവരിലൊരാളല്ല, ഞാൻ അബലയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല".

"മോളെ.. നീയിതെന്ത് ഭാവിച്ചാണ്, ഇന്നലെ വരെ കണ്ട ശ്രീലതക്ക് ഒരു ദിവസം കൊണ്ട് എന്താണ് സംഭവിച്ചത്?"

“പലതും എനിക്ക് തുറന്ന് പറയാനാവില്ല ഇച്ചോയേട്ടാ.. തെറ്റ് എന്റെ ഭാഗത്തും ധാരാളമുണ്ടാവാം, പക്ഷെ ഞാൻ ആരെയും ചതിച്ചിട്ടില്ല, അവരാണ് പലപ്പോളും എന്നെ ചതിച്ചത്."

“കഴിഞ്ഞതൊക്കെ അത് എന്താണെങ്കിലും  കഴിഞ്ഞു പോയില്ലെ. അതൊക്കെ മറന്ന് ഇനിയുള്ള കാലം സന്തോഷമായി ജീവിക്കാൻ നിൽക്കാതെ........ “  
“എന്റെ മോളെ, എനിക്ക് നിന്നെ ശരിക്കും മനസിലാവുന്നില്ല.“

“ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ മനസിലുണ്ടായിരുന്ന ഇച്ചോയേട്ടൻ ഇതായിരുന്നില്ല, ഒരു കാലത്ത് ഈ നാട് മുഴുവൻ വിറപ്പിച്ച് നടന്ന ധൈര്യശാലിയായ മനുഷ്യനായിരുന്നു. ഇപ്പോൾ നിങ്ങൾ വെറും ഭീരുവാണ്.“

“എന്റെ ഈ കിടപ്പ് നീ കാണുന്നില്ലേ? ചെയ്തുകൂട്ടിയ ദുഷ്ക്രിയകളെയാണ് നീ ധൈര്യമെന്ന് വിളിക്കുന്നത്, എന്റെ കർമ്മങ്ങൾക്കുള്ള ശിക്ഷയാണ് ഈ കിടത്തം, എഴുന്നേറ്റ് നടക്കാൻ കാലുകളില്ലാത്ത ഒരു ജീവച്ഛവം. മുന്നോട്ട് വഴിയില്ലാതെ പിടയാൻ പോകുന്ന ഒരു ജീവിതം ഞാൻ നിന്നിലും കാണുന്നുണ്ട് മോളെ..“

“മുന്നോട്ട് വഴികളില്ലെന്ന് ആരുപറഞ്ഞു?“  “തീർത്തും ഇരുട്ടാർന്ന ഒരു മുട്ടക്കുള്ളിൽ നിന്നും ശക്തമായ പുറം തൊണ്ട് പൊട്ടിച്ച് ഒട്ടും ബുദ്ധിയില്ലാത്ത ഓരോ കോഴിക്കുഞ്ഞും പാതകളുണ്ടാക്കി വെളിച്ചത്തിന്റെ ഈ ലോകത്തേക്ക് കടന്ന് വരുന്നത് കണ്ടിട്ടുണ്ട്, എന്നിട്ടും വിശാലമായ ഈ ഭൂമിയിൽ ബുദ്ധിമാനായ മനുഷ്യന് ജീവിക്കാൻ വഴിയില്ലത്രെ, മുന്നോട്ട് പാതകൾ ഇല്ലത്രെ.. പാതകളില്ലാതെയല്ല, കണ്ടെത്തി മുന്നോട്ട് നീങ്ങാനുള്ള മനസില്ലാത്തത് മാത്രമാണ് പ്രശ്നം.” 
“നിങ്ങളോട് സംസാരിക്കാനിരുന്നിട്ട് ഏറെ പ്രയോജനമുണ്ടെന്ന് കരുതുന്നില്ല, ചില കാര്യങ്ങൾ അറിയാനാണ് വന്നത്, എന്നാൽ അതൊരിക്കലും ഒരു ഭീരുവിൽ നിന്നും ലഭിക്കില്ലെന്ന് മനസിലായി, ഞാനിറങ്ങുന്നു ഇച്ചോയേട്ടാ..“

വാതിൽ കടന്ന് ഇറങ്ങിപോകുന്ന അവളെ നോക്കി ഇച്ചോയേട്ടൻ ഒരു നെടുവീർപ്പിട്ടു.

***
ഓരോ മനുഷ്യ ശരീരത്തിലും തന്റെ കയ്യിലെ പിച്ചാത്തി കൊണ്ട് ആഞ്ഞു കുത്തുമ്പോൾ അവൾ വല്ലാത്തൊരു ആനന്ദം അനുഭവിക്കുന്നത് പോലെ തോന്നി. 
പല ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ വെച്ച് അവൾ മൂന്ന് മനുഷ്യശരീരങ്ങളെ അവൾ ചോപ്പിച്ച പഞ്ഞിക്കെട്ടുകളാക്കി മാറ്റി, 
മനസ് പതറുകയോ കുറ്റം ബോധം തോന്നുകയോ ചെയ്തില്ല.

കയ്യിൽ വിലങ്ങുമായി നിൽക്കുന്ന ശ്രീലതയെ നോക്കി പൌലോസേട്ടൻ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു, 

അവൾ പോലീസുകാരനെ നോക്കി, 

ഒന്ന് സംസാരിക്കാൻ അയാൾ അവൾക്ക് അനുവാദം നൽകുന്നത് പോലെ തലയാട്ടി..

അവൾ അയാൾക്കരികിലേക്ക് നടന്നു ചെന്ന് മെല്ലെ വിളിച്ചു. 

“അച്ഛാ..“

അയാളുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.. 

“എന്റെ പൊന്നുമോളെ“ എന്നാർത്തു വിളിച്ചുകൊണ്ട് അയാളവളെ ചേർത്ത് പിടിച്ചു.“

അവളുടെ കൈകൾ മെല്ലെ വിടുവിക്കുമ്പോൾ അയാൾ അവളോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

“എന്തിനായിരുന്നു മോളെ..“

“കാരണം ഞാൻ പറയേണ്ടതുണ്ടോ അച്ഛാ..?”

“ഞാൻ ഒരു സ്ത്രീയാണ്, പുരുഷമേധാവിത്വം അബലകളെന്ന് ധരിപ്പിച്ച്, ശക്തി ക്ഷയിപ്പിച്ച്, ചൂഷണം ചെയ്യുന്ന ഒരുപകരണം.“

“ഒരായിരം പേർ എല്ലാം സഹിച്ചുകൊണ്ട് ജീവിക്കാൻ തീരുമാനിക്കുമ്പോൾ ഞാൻ പ്രതികരിച്ചുകൊണ്ട് മരിക്കാൻ തീരുമാനിക്കുന്നു.”

*********** 

13 comments:

 1. ആദ്യം അഭിനന്ദനങ്ങള്‍ റെയ്നി for #Back2Blog
  അഭിപ്രായം വഴിയേ..

  ReplyDelete
 2. സ്ത്രീശാക്തീകരണമാണല്ലോ വിഷയം! കൊള്ളാം. ബാക്ക് റ്റു ബ്ലോഗിന് അഭിനന്ദനങ്ങള്‍!!

  ReplyDelete
 3. അപ്പപ്പോഴത്തെ കാര്യങ്ങള്‍ എങ്ങിനേയും നടത്തി അവനവന്റെ കാര്യങ്ങള്‍ നോക്കി സമൂഹ മദ്ധ്യത്തില്‍ നല്ലവനായി നടക്കുക എന്ന ഒരൊറ്റ അജണ്ടയില്‍ ഒട്ടും തന്നെ സഹിക്കാനോ ക്ഷമിക്കാനോ തയ്യാറല്ലാത്ത മനസ്സുകള്‍, ന്യായങ്ങള്‍ക്കും അന്യായങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി വേദനിക്കാന്‍ നില്‍ക്കുന്നതിനേക്കാള്‍ അവനവന്‍ എന്നുള്ളതിനു ഊന്നല്‍ നല്‍കുന്നു. അവിടെ എല്ലാം വാചക കസര്‍ത്തുകള്‍ മാത്രമാണ്. സാഹചര്യങ്ങള്‍ സമ്മാനിക്കുന്ന നീറ്റലുകളില്‍ കുടുങ്ങുന്ന ശ്രീദേവിമാര്‍ സൃഷ്ടിക്കുന്ന ഇത്തരം ചലനങ്ങള്‍ സമൂഹത്തിനു നല്‍കുന്ന തിരിച്ചറിവുകള്‍ ഒരു പൊതുബോധമായി ഉയരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.

  ReplyDelete
 4. അഭിനന്തനങ്ങൾ ഭായ് തിരിച്ചുവരവിൽ മനോഹരമായ കഥ സമ്മാനിച്ചതിന് .

  ReplyDelete
 5. കൊള്ളാം..
  പിന്നെ ഇവർ അത്ര അബലകളൊന്നുമല്ല കേട്ടൊ

  ReplyDelete
 6. Welcome back! കൊള്ളാം റൈനി...

  ReplyDelete
 7. Vaayichu - Just average Rainee --- Gapukal pinnott valichittund

  pora / thuranna abhipraayam

  ReplyDelete
 8. വായിച്ചു വീണ്ടുംവീണ്ടും...
  വിഷയം പിടികിട്ടിയെങ്കിലും ദുരൂഹതകളാണേറെ.......
  ആശംസകള്‍

  ReplyDelete
 9. അബലകള്‍ പ്രബലകള്‍ ആകാന്‍ താമസിക്കുന്നതാണ് പ്രശ്നം...
  സ്വയം തിരിച്ചറിയട്ടെ പെണ്ണിന്റെ മിടുക്ക്..

  ReplyDelete
 10. ബ്ലോഗ്‌ വാപ്പസി ആണല്ലേ..സന്തോഷം. റൈനിയുടെ കഥയായത് കൊണ്ടു കുറച്ചു കൂടി പ്രതീക്ഷിച്ചു

  ReplyDelete
 11. കഥ നന്ന്. നന്മകള്‍. കഥ പറയാനുള്ള മിടുക്ക് സമ്മതിയ്ക്കുന്നു.

  ReplyDelete
 12. സ്ത്രീത്വം മഹത്ത്വം..... നിസംശയം പറയാം സ്ത്രീ അബലയല്ല..... നല്ലെഴുത്തിന് ആശംസകൾ......

  ReplyDelete