Tuesday, February 14, 2012

കുപ്പിവളകൾ... (കഥ)
മഞ്ഞാർപ്പാടത്തിന്റെ കുഞ്ഞു വരമ്പുകളിലൂടെ നടന്ന് നീങ്ങുമ്പോൾ വാൽമാക്രികളെന്നോട് കുശലം ചൊല്ലുന്നുണ്ടായിരുന്നു. കുഞ്ഞുമീനുകൾ പാടവരമ്പിലേക്കോടി വന്നെന്റെ പാദങ്ങളെ പുണരാൻ ശ്രമിക്കുകയാണെന്ന് തോന്നി. എന്റെ പാദസ്പർശനത്തിലൂടെ ജീവിത വീഥികളിലെ അപരാധങ്ങൾക്ക് മോക്ഷം നേടാനൊന്നുമല്ല, എന്റെ പാദങ്ങൾ രണ്ടും കുഞ്ഞുചുണ്ടുകൾ കൊണ്ട് കൊത്തിവിഴുങ്ങാമെന്നായിരിക്കും അവയുടെ ധാരണ. അങ്ങനെയായിരിക്കുമോ?.. അങ്ങനെയാവാൻ വഴിയില്ല, അത്രയും അബദ്ധ ചിന്തകളുമായി നടക്കാൻ അവ മനുഷ്യരല്ലല്ലോ.

പാട വരമ്പത്തെ ചെളി പറ്റിയ കാലുമായി മുന്നോട്ട് നീങ്ങുമ്പോൾ അകലെ നിന്നായി അവൾ വരുന്നത് കണ്ടു. അത്തിപ്പറമ്പിലെ മണിക്കുട്ടി. കറുപ്പിൽ വെളുത്ത പൂക്കൾ തുന്നിച്ചേർത്ത വസ്ത്രത്തിന്റെ കീഴ്ഭാഗത്ത് ചെളി തെറിക്കുന്നതിനാലാവണം കണങ്കാലിനു മുകളിലേക്ക് വസ്ത്രം ഒരു കയ്യാൽ ഉയർത്തിപ്പിടിച്ച് മറുകയ്യാലൊരു പുസ്തകം മാറോടടുക്കിപ്പിടിച്ച് തോളിലൊരു ബാഗും തൂക്കി മുഖം നിറയുന്ന വിഷമ ഭാവങ്ങളുമായി അവളരികിലെത്തിയപ്പോൾ എന്തുകൊണ്ടെന്നറിയില്ല എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

പലർക്കും പലതും പലപ്പോളും തിരിച്ചറിയാനാവാത്തത് മഹാഭാഗ്യം തന്നെയാണ്. അതുകൊണ്ടായിരിക്കണമല്ലോ എന്റെ പരിഹാസ ഹസ്തത്തിനും അവളിൽ നിന്നും  സ്നേഹത്തിന്റെ സൌഹൃദത്തിന്റെ വശ്യമായൊരു പുഞ്ചിരി പകരം കിട്ടിയത്. എങ്കിലും ആ പുഞ്ചിരിയുടെ മലർകണങ്ങൾ മനസിന്റെ കോണിൽ സൂക്ഷിക്കാനൊരുങ്ങുമ്പോൾ മനസൊന്നു തേങ്ങിയത് ഞാനറിഞ്ഞു. തിന്മയെ നൽകി നന്മയെ സ്വന്തമാക്കുന്ന നേരം പല മനസുകളും കരയാറുണ്ടായിരിക്കാം, എന്നാൽ അതാരറിയുന്നു.

എന്നെയും കടന്നുകൊണ്ടവൾ മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ വെറുതെയൊന്നു തിരിഞ്ഞുനോക്കി. കണ്ണുകൾ മെല്ലെ അവളെയും കടന്ന് കൂനിപ്പുഴയുടെ തീരത്തെ ഇടുങ്ങിയ ഗുഹാമുഖം പോലെ തോന്നിപ്പിക്കുന്ന, വള്ളിക്കാടുകളും മുൾപ്പടർപ്പുകളും പടർന്നു കിടക്കുന്ന കൈത്തോടിന്റെ പ്രഭവകേന്ദ്രത്തിലാണ് ചെന്നുടക്കി നിന്നത്.

പകൽ സൂര്യന്റെ വെളിച്ചം കണ്ണുകളിൽ നിറം മങ്ങി വന്നു. ഓർമ്മക്കോണിലെ ഇരുണ്ട പ്രകാശം മനസിൽ കറുപ്പിന്റെ മൂടുപടം ചാർത്തുന്നു. വയല്പാടത്തെ കതിരുകൊത്താനെത്തിയ കിളികളുടെ പാട്ടുകൾ രോദനങ്ങളായി ചെവികളിൽ മുഴങ്ങിക്കേട്ടു. ഒരു കുഞ്ഞു പൈതലിൻ ഇളം കൈ തലോടൽ പോലെ കിഴക്കേ കോണിൽ നിന്നോടിയെത്തിയ ഈറൻ തെന്നൽ ശരീരത്തെ മെല്ലെയൊന്നു തലോടി കടന്നു പോയി. ആ തെന്നലിൽ ഒരു കൊച്ചു കുഞ്ഞിന്റെ കണ്ണീരിന്റെ ഗന്ധമുണ്ടായിരുന്നു. ആ ഗന്ധം ലോചനങ്ങളിൽ തെല്ലൊരു വേദന നിറച്ചു, അകക്കണ്ണിലൊരു പിടച്ചിലും;

മനസ് വളരെ വേഗതയിൽ പിന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്നു. ഓർമ്മയിൽ തട്ടിത്തടഞ്ഞ പലതിനെയും തള്ളിമാറ്റി അത് വളരെ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു. അവസാനം തേടിത്തിരഞ്ഞ ഓർമ്മയുടെ ഭാഗത്തിലെത്തിയതും മനസൊന്നു പിടച്ചു. പിന്നെ കണ്ണുകളിലേക്ക് ഓർമ്മകളിൽ നിന്നും ധവളപ്രകാശമയച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾക്ക് മുൻപിലൊരു തിരശീലയുയർന്നു. വ്യക്തവും ശക്തവും സൂക്ഷ്മവുമായ കാഴ്ചകൾ മുന്നിൽ അഭ്രപാളിയിലെന്ന പോലെ തെളിഞ്ഞു വന്നു.

ഇരുപത്തിരണ്ട് വർഷത്തെ പഴക്കമുള്ള ഈ കാഴ്ചകൾക്ക് ഇപ്പോളും തെല്ലും മങ്ങലേറ്റിട്ടേയില്ല. ഇളം മനസുകളിൽ കൊത്തിവെക്കപ്പെടുന്ന കാഴ്ചാ വിസ്മയങ്ങൾക്ക് ഒരിക്കലും മങ്ങലേൽക്കുകയില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു എന്റെ മനസ്. നിറം മങ്ങിയ ഭാഗങ്ങൾ കണ്ണുകൾക്ക് മുൻപിലെത്തുമ്പോൾ കൺപോളകളൊന്നു പിടക്കും. ആ പിടച്ചിലുകളാണ് അവക്ക് കൂടുതൽ വ്യക്തമായ വെളിച്ചം പകരുന്നതെന്ന് ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

അകലെ  ഒരു മഴ പെയ്തുതോർന്ന ഗ്രാമത്തിലെ നനഞ്ഞുകിടന്ന മണൽമുറ്റത്ത് കയ്യിൽ കൂനിപ്പുഴയിലെ കൊച്ചു മത്സ്യങ്ങളെ കബളിപ്പിച്ചു പിടിക്കാൻ കയ്യിലൊരു ചൂണ്ടയും കുളത്തുമായി നിൽക്കുന്ന എന്റെ ചിത്രം എത്ര സുന്ദരമായാണ് ഇപ്പോളും മനസിന് കണ്ണുകളിൽ പകർത്തിയെഴുതാൻ കഴിയുന്നത്.

“ഇങ്ങ്ട് വന്നേ ഉണ്ണിക്കുട്ടാ, അമ്മ പറേണ കേൾക്ക് നീ.. പുഴയൊക്കെ നെറഞ്ഞ് കവിഞ്ഞിരിക്ക്യാ.. അച്ഛൻ വന്നാ നമ്മട കുളത്തില് പോയി ചൂണ്ടയിടാലോ”

അമ്മയുടെ ഭീതി കലർന്ന സ്വരം കാതുകളിൽ മുഴങ്ങുന്നു.

“അതിന് ഞാൻ ഒറ്റക്കല്ലാലോ അമ്മേ, പുഴേലൊന്നും ഇറങ്ങില്ല്യാ. കരക്കിരുന്ന് ചൂണ്ടയിടേ…ള്ളൂ.. അച്ഛൻ വന്നാ ന്റെ കൂടെ ഒന്നും വരില്യ, നിക്കറിഞ്ഞൂടെ..”

വീണ്ടും അമ്മയെന്തോ പറയാൻ വന്നതും കേൾക്കാൻ ചെവി കൊടുക്കാതെ ഞാൻ പുഴയെ ലക്ഷ്യമാക്കി നീങ്ങി.
പുഴയിലെ ഓളങ്ങളിൽ ചൂണ്ടയിലെ പൊന്ത് ഒഴുകിക്കളിക്കുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ഒരു കുഞ്ഞുമീനെപ്പോലും കിട്ടാതെ കോപത്തോടെ ഇരിക്കുമ്പോൾ ബാലേട്ടൻ പുഴ കടന്നു വന്ന് അരികിൽ നിന്നത് എനിക്കൊട്ടും പിടിച്ചില്ല.

“അയ്യേ, കുഞ്ചറപ്പിണ്ണാക്കന്മാരെ..  ഇവ്ടെ എന്തെടുക്കാ. ഇത്രേം ഒഴുക്കുള്ള പൊഴേല് ചൂണ്ടയിട്ടാ മീൻ കിട്ട്യോ.”

ദേഷ്യം പിടിച്ചിരിക്കുമ്പോളാ ഉപദേശിക്കാൻ വരണത്, ചൂണ്ടക്കണയെടുത്ത് ഒരെണ്ണം കൊടുക്കാൻ മനസു പറഞ്ഞതാ. എങ്കിലും ദേഷ്യം കടിച്ചമർത്തി. അത്രക്ക് പാടില്ലല്ലോ, ഇന്നിനി ഒരു മീനെങ്കിലും കിട്ടാതെ ഇവിടെ നിന്ന് എഴുന്നേൽക്കുന്ന പ്രശ്നമേയില്ല.

“വിനുക്കുട്ടാ.. മീനൊന്നും കിട്ടണില്യല്ലോ. ഞമ്മ്ക്ക് പോയാലോ..”

പീതാംബരേട്ടന്റെ മോൻ സനീഷാ, അവന് ഇല്ലെങ്കിലും തീരെ ക്ഷമയില്ല, ഇടക്കൊക്കെ എനിക്ക് ഒറ്റച്ചവിട്ട് കൊടുക്കാൻ തോന്നാറുണ്ട്. എന്നാലും പിന്നെ അങ്ങ്ട് ക്ഷമിക്കും.

“വിനുക്കുട്ടാ, ബാലൻ മാമൻ പറഞ്ഞത് ശര്യാവും ട്ടാ, ഇവിടെ ഒഴുക്കുള്ളോണ്ടാവും മീൻ കിട്ടാത്തെ, നമ്ക്ക് ആ കൈതോട്ടില് പോയോക്ക്യാലോ..“

എല്ലാവരും പൊട്ടൻ എന്നാണ് വിളിക്കണതെങ്കിലും ചിയ്യാരം തൊടീലെ ജോസഫേട്ടന്റെ മകൻ സജിക്ക് നല്ല ബുദ്ധിയുണ്ട്. എന്നാലും ഞങ്ങളൊന്നും അങ്ങനെ അത് സമ്മതിച്ചു കൊടുക്കാറൊന്നുമില്ല.

കൈത്തോട്ടില് പോയാല് മീൻ കിട്ടുമായിരിക്കാം, ന്നാലും അമ്മേനോട് പറഞ്ഞത് പുഴക്കര വരെ പോകുള്ളൂന്നാ. അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാതിരിക്കണത് മോശമല്ലെ, സരില്യ, എന്റെ അമ്മയല്ലെ, എന്റെ അമ്മ എന്നോട് ക്ഷമിച്ചില്യാച്ചാൽ പിന്നെ ആരോടാ ക്ഷമിക്ക്യാ.

“എന്നാ വാടാ, നമുക്ക് അക്കരെ കടക്കാം”. ഞാൻ വിളിച്ചതും മൂന്നു പേരും എഴുന്നേറ്റു എനിക്കൊപ്പം നീങ്ങി.

തെങ്ങിൻ തടി പാലത്തിലൂടെ അക്കരെ കടക്കുക എനിക്ക് ശരിക്കും പേടിയാണ്, ഈ പാലത്തിന് കൈപ്പിടികളൊന്നുമില്ലെന്നേ, ഉരുണ്ടിരിക്കണ ഈ തെങ്ങിൻ തടിയിൽ ചവിട്ടിയാൽ വീഴാൻ പോണ പോലെ തോന്നും. വീണാൽ പിന്നെ മരിച്ചത് തന്നെ, എന്തൊരൊഴുക്കാ താഴെ കാണണത്. എങ്കിലും സർവ്വ ദൈവങ്ങളെയും വിളിച്ച് ധൈര്യം സംഭരിച്ച് അകത്തെ ഭയം പുറത്തുകാണിക്കാതെ ഞാൻ നടന്നു. എന്നെ അനുഗമിച്ച് സനീഷും സജിയും സുരേഷും പിറകിൽ കൂടി.

കൈത്തോടിന്റെ ചുറ്റും പടർന്നു പിടിച്ച മുൾപ്പടർപ്പുകൾ മാറ്റി ചൂണ്ടയിടാനിരിക്കാൻ വഴിയൊരുക്കുന്നതിനിടെ സനീഷ് കിതച്ചുകൊണ്ട് അടുത്തെത്തി.

“ദേണ്ടാ  നോക്ക് അവിടെ...“ അവൻ നിന്ന് കിതച്ചു കൊണ്ട് വിക്കി.

“എന്താടാ  നിനക്ക് പേട്യാവണ്ണ്ടാ, പേടിക്കണ്ട, നമ്മള് നാല് പേരില്ലെ പിന്നെന്താ...?“  ഞാൻ അവനിൽ ധൈര്യം നിറക്കാൻ ശ്രമിച്ചു.

:അതല്ലെടാ അവിടെ... “ അവന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി

“എന്താ നീ പാമ്പിനെക്കണ്ടോ, അത് സാരില്യ, അത് പോയിട്ടുണ്ടാവും ന്നേ...”

“അതല്ല, അവിടെ ഒരു ഉണ്ണിക്കുട്ടി കിടക്കുന്നു  വാ കാണിച്ച് തരാം..“

മൂന്ന് പേരും സനീഷിനൊപ്പം കൈത്തോടിന്റെ ഉൽഭവസ്ഥാനത്തെക്ക് നീങ്ങി.. അവിടെ വെള്ളത്തിന് മുകളിൽ ചണ്ടികളിൽ കുരുങ്ങി ഒരു ചോരപ്പൈതൽ കിടന്നിരുന്നു. ഞാൻ അതിനെ സൂക്ഷിച്ച് നോക്കി. ജനിച്ചിട്ട് ഒന്നോ രണ്ടോ ദിവസമേ ആയിക്കാണൂ. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ കാണാൻ ഒരു ഭംഗീം ഉണ്ടാവില്ല, എന്നാൽ ഈ ഉണ്ണിക്കുട്ടിയെ കാണാൻ എന്തൊരു ഭംഗിയാണെന്ന് ഞാൻ ഓർത്തു. വെളുത്തു ചുവന്ന കുഞ്ഞുകവിളുകളിൽ ഒരു കുഞ്ഞുമ്മ വെക്കാൻ തോന്നുന്ന ഭംഗിയുള്ള കുഞ്ഞുവാവ.

പിന്നെ എന്തൊക്കെയാണ് അവിടെ നടന്നതെന്ന് അറിയില്ല, കൈത്തോടിന്റെ കരഭാഗം ജനനിബിഡമായത് വളരെ പെട്ടെന്നായിരുന്നു. ആ കുഞ്ഞിനെ ആദ്യം കണ്ട ഞങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ചില ദുഷ്ടൻ ചേട്ടന്മാർക്ക് ഞങ്ങളെ അവിടെ നിന്ന് ഓടിച്ചു വിടാൻ എന്തൊരു ധൃതി ആയിരുന്നെന്നോ. അതുകൊണ്ട് പിന്നെ എന്തൊക്കെയാ നടന്നതെന്ന് ഞങ്ങൾ മാത്രം അറിഞ്ഞില്ല, ഞാൻ എല്ലാവരോടും ചോദിച്ചപ്പോളും ആരും പറഞ്ഞു തന്നതുമില്ല.
**
എനിക്കിപ്പോൾ നല്ല പോലെ പനിക്കണുണ്ട്, അമ്മയുടെ കൈകൾ എന്റെ തലയിൽ മുടിയിഴകളിലൂടെ മെല്ലെ തലോടുന്നു. അമ്മ എന്നെ തൊടുമ്പോൾ എനിക്ക് എന്തൊരു സുഖമാണെന്നറിയാമോ? അമ്മ മുടിയിഴകളിലൂടെ വിരൽ ഓടിക്കുമ്പോൾ ഞാൻ ഇങ്ങനെ രസിച്ചു കിടക്കും. ചിലപ്പോൾ കണ്ണ് മെല്ലെ അടഞ്ഞ് ഞാൻ ഉറങ്ങിപ്പോവാറുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് കണ്ണടക്കാനും ഉറങ്ങാനും ഒന്നും പറ്റണില്ല്യ. മനസിൽ നിറയെ ആ ഉണ്ണിക്കുട്ടിയുടെ ഓർമ്മ വരുന്നു. ഞാൻ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, പിന്നെ ചോദിച്ചു..

“അമ്മേ, ആ ഉണ്ണിക്കുട്ടീനെ ആരാ അവിടെ കൊണ്ടിട്ടത് ? അതിനെ അതിന്റെ അമ്മേടെ അടുത്ത് കൊണ്ട് പോയിക്കൊടുത്തോ ആരേലും.“

“എന്തിനാ ഇപ്പോ അതൊക്കെ ചിന്തിക്കണത് അമ്മേടെ ഉണ്ണിക്കുട്ടൻ ഉറങ്ങിക്കോളൂ ട്ടോ...  വേണ്ടാത്തതൊന്നും ഓർക്കണ്ട ഇപ്പോ”     അമ്മയുടെ മറുപടി എനിക്ക് തീരെ പടിച്ചില്ല.

“പറയമ്മേ,“       ഞാൻ മെല്ലെ ചിണുങ്ങി..

“അറിയില്ല, മോനെ, അതിനെ ആരാ അവിടെ ഇട്ടേന്ന്, ആ കുഞ്ഞ് മരിച്ച് പോയിരുന്നു, ഇല്ലെങ്കില് ആർക്കും വേണ്ടാച്ചാ നമുക്ക് വളർത്താരുന്നു അതിനെ, ഇനീപ്പോ പറഞ്ഞിട്ടെന്താ, ഒക്കെ കഴിഞ്ഞൂലോ.. ഇനീപ്പോ ന്റെ ഉണ്ണിക്കുട്ടൻ അതൊന്നും ഓർക്കണ്ട”

എന്റെ കണ്ണുകൾ മെല്ലെ നിറഞ്ഞു വന്നു, അമ്മയുടെ സാരിത്തലപ്പ് എന്റെ കണ്ണുകളിലെ നീര് തുടച്ചു കളഞ്ഞു.
കണ്ണീർ തുടക്കുന്നതിനിടെ അമ്മ പറഞ്ഞു...
“മോൻ ഇനി അതൊന്നും ഓർക്കാൻ ശ്രമിക്കണ്ട, അതൊക്കെ കഴിഞ്ഞില്ലെ, അതൊക്കെ ഓർത്തിട്ടാ ഇപ്പോ വയ്യാണ്ടാവണത്. മോൻ കണ്ണടച്ച് കിടന്നേ അമ്മ അടുക്കളേല് ചെല്ലട്ടെ..”

നടന്നു നീങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് എന്നെ കാണിക്കാതെ അമ്മ തുടക്കാൻ ശ്രമിച്ചത് ഞാൻ കണ്ടു. എനിക്ക് നല്ല സങ്കടണ്ട്, അമ്മക്കും സങ്കടണ്ട്, അപ്പോ എന്താ ആ ഉണ്ണിക്കുട്ടീനെ അവിടെ കൊണ്ടിട്ട ആൾക്കാർക്ക് മാത്രം സങ്കടം ഇല്യാണ്ടാവണേ?  ഞാൻ വെറുതെ ഓർത്തു .

എനിക്കെന്തോ ഉണ്ണിക്കുട്ടീനെ മറക്കാൻ പറ്റണുണ്ടായിരുന്നില്ല. എനിക്കൊപ്പം തന്നെ എന്റെ ഉണ്ണിക്കുട്ടിയെ ഞാൻ വളർത്തിക്കൊണ്ടിരുന്നു. എന്റെ ഉണ്ണിക്കുട്ടി ആണോ പെണ്ണോ എന്നറിഞ്ഞില്ലെങ്കിലും ഞാൻ ഉണ്ണിക്കുട്ടിയെ എന്റെ സഹോദരിയാക്കി.

കാവിലെ ഉത്സവത്തിന് അച്ഛൻ വാങ്ങിത്തന്ന കളിപ്പാട്ടങ്ങൾ ജനൽ ഭിത്തിയിൽ വെച്ച് അവൾക്കായി ഞാൻ ജനല്പാളികൾ തുറന്നു വെച്ചു. ഇടക്കിടെ എന്റെ ഉണ്ണിക്കുട്ടിയുടെ വിശപ്പ് മാറ്റാൻ എന്റെ പാത്രത്തിൽ നിന്നും ഉരുളയുരുട്ടി അമ്മയറിയാതെ ജനല്പാളികൾക്കപ്പുറത്തേക്ക് ഇട്ടുകൊണ്ടിരുന്നു. ഓരോ നിമിഷവും മറ്റാരും കേൾക്കാതെ ഞാൻ അവളോട് കുശലം പറഞ്ഞുകൊണ്ടിരുന്നു. അവളൊന്നും തിരിച്ചുരിയാടിയില്ലെങ്കിലും എന്തൊക്കെയോ എന്റെ മനസിലെ കടലാസിൽ എഴുതിച്ചേർത്തുകൊണ്ടിരുന്നു.

വർഷങ്ങൾ കടന്നുപോകുമ്പോൾ എനിക്കൊപ്പം ഞാൻ എന്റെ ഉണ്ണിക്കുട്ടിയെയും വളർത്തിക്കൊണ്ടു വന്നു. അവൾക്കായി ഞാൻ കുപ്പിവളകൾ വാങ്ങിക്കൂട്ടി. മുത്തുമാലകൾ വാങ്ങിവെച്ചു. എന്റെ തടിയലമാരകളിൽ ചുവപ്പും വെളുപ്പും നീലയും മഞ്ഞയും കുപ്പി വളകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അമ്മയെന്നെ പലപ്പോളും കളിയാക്കി. പിറക്കാതെ പോയ കൂടെപ്പിറപ്പിന് കരുതി വെക്കുന്ന സമ്മനമാണെന്നാണ് അമ്മയുടെ ധാരണ. അമ്മക്ക് ഇതൊക്കെ കണ്ട് എനിക്കൊരു കുഞ്ഞനുജത്തിയെ തരാതിരുന്നതിൽ വിഷമം ആവുന്നുണ്ടോ എന്തോ?

അമ്മ ഉണ്ണിക്കുട്ടിയെ മറന്നിട്ടുണ്ടാവും . പിറക്കാതെ പോയ കുഞ്ഞനുജത്തിക്കല്ല, എന്റെ ഉണ്ണിക്കുട്ടിക്കാണ് ഞാൻ ഇതെല്ലാം വാങ്ങുന്നതെന്ന് അമ്മക്കറിയില്ലല്ലോ.ഓരോ രാത്രികളിലും എന്റെ കളിപ്പാട്ടങ്ങളുമായി കളിക്കാൻ ഞാൻ ഉറങ്ങുന്ന നേരം നോക്കി ഉണ്ണിക്കുട്ടി വരുന്നതും അമ്മ അറിഞ്ഞിട്ടുണ്ടാവില്ല.  
രാവിന്റെ നിശബ്ദതയിൽ ആരും കാണാതെ കള്ളിയെപോലെ വന്ന് ഞാൻ കരുതിവെക്കുന്ന കുപ്പിവളകളും മുത്തുമാലകളും ചാർത്തി പുലരുവോളം ഇവിടെ നൃത്തം ചെയ്യുന്നതും അമ്മക്കറിയില്ല. സൂര്യന്റെ കിരണങ്ങളുടെ ആദ്യത്തെ പൊൻപൊടി ഈ ജനല്പാളിയിലൂടെ അകത്ത് കടക്കുന്ന നേരം അവളെന്റെ കണ്ണിലൊരു സ്നേഹ ചുംബനം നൽകും. ആ ചുംബനമാണ് പുലരിയിൽ എന്നെ ഉണർത്തുന്നത് എന്നൊക്കെ അമ്മയോട് പറഞ്ഞാൽ അമ്മക്കെങ്ങനെയാണ് അതൊക്കെ മനസിലാവുക.
**
മനസിലെ ഓർമ്മച്ചിരാതുകൾ മെല്ലെ അണയാൻ തുടങ്ങുമ്പോൾ കണ്ണിൽ യാഥാർഥ്യങ്ങളുടെ നേർത്ത പ്രകാശം വന്നു പതിക്കുന്നു. നെൽ വയലിലെ കതിർ കൊത്താനെത്തി തിരിച്ചു പറക്കുന്ന ഒരു കുഞ്ഞുപ്രാവിന്റെ ചിറകടി ശബ്ദം വളരെ വേഗത്തിൽ കാല്പനികതയുടെ ലോകത്ത് നിന്നും വാസ്തവികത്വത്തിലേക്ക് പറിച്ചു നട്ടു. അരികിൽ വിളഞ്ഞു നിൽക്കുന്ന നെന്മണികൾ എന്നെ നോക്കി ചിരിച്ചതിന്റെ അർഥം എനിക്ക് മനസിലായി.

എന്റെ കാലുകൾ വീണ്ടും മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു, ഉണ്ണിക്കുട്ടി ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ അവളിന്ന് അത്തിപ്പറമ്പിലെ മണിക്കുട്ടിയെ പോലെ തന്നെയായിരിക്കുമെന്ന് എന്റെ മനസു പറഞ്ഞു. കറുപ്പിൽ വെളുത്ത പൂക്കൾ നിറയുന്ന വസ്ത്രമിട്ട് വലതുകയ്യാൽ കണങ്കാലിനു മുകളിലേക്ക് വസ്ത്രം ഉയർത്തിപ്പിടിച്ച് ഇടം കയ്യിൽ പിടിച്ച പുസ്തകം മാറോടടുക്കിപ്പിടിച്ച് തോളിലൊരു കുഞ്ഞു ബാഗുമായി അവളും ഈ വയൽ വരമ്പിലെ ചെളിയിൽ ചവിട്ടി കോളേജിലേക്ക് പോകുമായിരുന്നിരിക്കണം.

അകലെ നിന്നും വയലിലെ നെൽച്ചെടികളെ മുഴുവൻ തഴുകി വീണ്ടുമൊരു കുഞ്ഞു കാറ്റു കടന്നു വന്നു. പുന്നെല്ലിന്റെ മനം മയക്കുന്ന മണമുള്ള ആ കാറ്റിൽ ഉണ്ണിക്കുട്ടിയുടെ സ്നേഹ സന്ദേശങ്ങളുണ്ടായിർന്നു. ആ സന്ദേശം കാറ്റെന്റെ കാതിൽ മന്ത്രിച്ചു.

“പ്രിയപ്പെട്ട സഹോദരാ, നീയെന്നെ എത്രമാത്രം അറിയുന്നുവോ അത്രത്തോളം തന്നെ ഞാൻ നിന്നെയും അറിയുന്നു. നിന്റെ മിഴികൾ എന്നെ തേടിക്കൊണ്ടിരിക്കുന്ന ഓരോ മാത്രകളിലും എന്റെ മിഴികളും നിന്നെ തേടിയലയാറുണ്ട്. നിന്റെ മൊഴികൾ എന്നെക്കുറിച്ചാവുന്ന നിമിഷങ്ങൾ ഞാൻ ഈ തെന്നലിനോട് നിന്നെ കുറിച്ച് പറയുന്ന നിമിഷങ്ങളാണ്. നീ എനിക്കായ് കണ്ണീരോടെ പ്രാർഥിക്കുമ്പോളൊക്കെയും എന്റെ മനസ് നിനക്കായ് പ്രാർഥിക്കുകയാണ്. നിന്റെ വഴികളിൽ പുതിയ പൂക്കൾ വിരിയുവാൻ, നിന്റെ ദിവസങ്ങളിൽ നീ ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേക്കെത്തുവാൻ, നിന്റെ കണ്ണുകൾ ഒരിക്കലും വേദനയുടെ ഈറനണിയാതിരിക്കാൻ ഞാൻ എന്നും പ്രാർഥിച്ചു കൊണ്ടേയിരിക്കുന്നു. നിനക്കെന്നും നല്ലതുമാത്രം സംഭവിക്കട്ടെ..!“

ഒരുമാത്ര എന്റെ മനസും ശരീരവും സന്തോഷാധിക്യത്താൽ കോരിത്തരിച്ചു. ഞാൻ വീണ്ടും നടന്നു. പൂർത്തീകരിക്കാൻ ബാക്കി നിൽക്കുന്ന യാത്രയുടെ വഴിയിലൂടെ എന്റെ കാലുകൾ മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു.

1 comment:

  1. ഈ കഥ കൂട്ടത്തില്‍ വായിച്ചതാണ് എങ്കിലും ഇവിടെ നിന്നും വീണ്ടും വായിച്ചു. ഇഷ്ടമായി.

    കവിതകള്‍ മനസ്സില്‍ ആക്കാന്‍ ഉള്ള വിവരം എനിക്കില്ല അതുകൊണ്ട് പൊതുവേ അവയെ കുറിച്ച് അഭിപ്രായം വല്ലപ്പോഴുമേ പറയാറുള്ളൂ.

    ReplyDelete