Monday, February 20, 2012

ഞാവൽ പഴങ്ങൾ.


നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞ് ഗ്രാമത്തിന്റെ ശാന്തതയിലേക്ക് നടന്നടുക്കുമ്പോൾ ഓർമ്മക്കൂട്ടിലെ മാടത്തകൾ എന്റെ ചെവിയിലൊരായിരം കൊയ്ത്തുപാട്ടുകൾ പാടിക്കേൾപ്പിക്കുകയായിരുന്നു.

കൊയ്ത്തും മെതിയും വയൽ വരമ്പുകളും നാട്ടുകൂട്ടങ്ങളും സർപ്പക്കാവുകളും മഹാപിതാക്കന്മാരുടെ അൽഭുതകഥകൾ ചൊല്ലിക്കേൾപിക്കുന്ന മുത്തിയമ്മയും ഓർമ്മച്ചിരാതുകളിൽ വെളിച്ചം പകർന്നപ്പോൾ എന്റെ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെ ഒരായിരം തിരമാലകൾ ഉയർന്നു.

ആ സുന്ദര നിമിഷത്തിലും അഹ്ലാദചിത്തത്തിൽ ആറാടുന്ന എന്റെ മനസിനൊരു നേരിയ പിടയലായി നീ കടന്നുവന്നതെന്തിനാണ്. സന്തോഷത്തിന്റെ വെൺമേഘങ്ങളേറി ശ്യൂന്യതയിൽ ഭാരരഹിതമായ് പറന്നുയരുന്ന നേരങ്ങളിലെല്ലാം താങ്ങാനാവാത്ത വേദനയുടെ, കണ്ണീരിന്റെ ഭാരമായി നീ എന്നും എന്റെ കണ്ണുകൾക്ക് മുൻപിൽ കടന്നുവരാറുള്ളതാണല്ലോ.

വർഷങ്ങൾക്ക് മുൻപ് നടന്നകന്ന ഈ ഗ്രാമഭംഗിയോട് വീണ്ടും അടുക്കുന്ന നേരം മനസിലെ പുസ്തകത്താളുകളിലെ മയില്പീലികൾ പെറ്റുപെരുകുന്ന സുഖത്തിന്റെ ലഹരി ഞാനറിയുന്നു. കൂടി നിന്ന ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നടുക്കുമ്പോൾ നിറഞ്ഞുവന്ന ആകാംക്ഷ ഓർമ്മകളിലെ കാല്പനിക വസന്തത്തിൽ നിന്നും വാസ്തവികത്വത്തിലേക്കെത്തിച്ചു.

“പാറേമ്പാടത്തെ ചീക്കുട്ടിയമ്മയാ, നടക്കാനൊന്നും വയ്യാരുന്നു, ന്നാലും എവിടേം അടങ്ങിയൊതുങ്ങി ഇരിക്കൂല്ലാന്നേ, അല്ലെങ്കിലും സമയവും സ്ഥാനവും ഒക്കെ മുന്നേ നിശ്ചയിച്ചീണ്ടാവൂലോ, എത്തിപ്പെടണ്ടേ സമയാവുമ്പോ………….“
ശ്രീധരേട്ടന്റെ വാക്കുകളിൽ ചീക്കുട്ടിയമ്മയുടെ തിരോധാനത്തിലെ വേദനയും അടുത്തെത്തി നിൽക്കുന്ന മരണത്തിന്റെ ഭയചിന്തയും നിഴലിച്ചിരുന്നുവെന്ന് എനിക്ക് തോന്നി.

ചീക്കുട്ടിയമ്മയുടെ ശരീരം ചുമന്ന് വീട്ടിലെത്തിക്കുന്നതിൽ ഒരുപാട് കൈകൾക്കൊപ്പം എന്റെ രണ്ട് കൈകളും കൂടിച്ചേർന്നു. വർഷങ്ങൾക്ക് ശേഷം ഗ്രാമത്തിന്റെ മധുരം നുണഞ്ഞ് അല്പ ദിവസങ്ങൾക്കായെത്തിയ എന്റെ മനസിൽ എന്റെ പഴങ്കഥയുടെ തമ്പുരാട്ടിയുടെ ശവമഞ്ചം ചുമപ്പിച്ച വിധിയുടെ ക്രൂരതയിൽ എനിക്ക് ദേഷ്യം തോന്നാതിരുന്നില്ല. ചിറകിലെ ഊർജ്ജം നഷ്ടപ്പെട്ട പക്ഷിക്കുഞ്ഞിനെപ്പോലെ എന്റെ മനസ് വെറുതെ തേങ്ങിപ്പിടയുന്നു..

മരണത്തിന്റെയും വേദനകളുടെയും ആ മുറിക്കുള്ളിൽ അവളുണ്ടായിരുന്നു.ഓരോ സന്തോഷത്തിലും എന്റെ മനസിൽ കാരമുള്ളുകൾ കൊണ്ട് കൊത്തി വലിക്കുന്ന അവൾ......
ചിറ്റേടത്തെ ലക്ഷ്മിക്കുട്ടി....
മറ്റുള്ളവരെക്കാൾ മുന്നിലായി നിൽക്കുന്ന അവളുടെ മിഴികളുടെ നീലിമ ഞാൻ കണ്ടു. കാഴ്ചയുടെ പ്രകാശമില്ലാത്ത കണ്ണുകൾക്ക് ഒരു പക്ഷേ സൌന്ദര്യം കൂടുതലായിരിക്കാം. അവളുടെ കണ്ണുകളിലെ വേദനയുടെ പിടച്ചിൽ എനിക്ക് ദർശിക്കാമായിരുന്നു.
ചിറ്റേടത്തെ ഐശ്വര്യ ദേവതയെന്ന വിശേഷണത്തിൽ എല്ലാ സൌഭാഗ്യങ്ങളോടെയും വളർന്നവൾ, ഇന്നീ മരണം മണക്കുന്ന മുറിക്കുള്ളിൽ തേങ്ങുന്നത് ചീക്കുട്ടിയമ്മയുടെ തിരോധാനത്തിലെ വേദനയിലോ അതോ വിധിയുടെ ക്രൂരതയിൽ കണ്ണിലെ അന്ധകാരം മനസിന്റെ അകത്തളങ്ങളിൽ നിറക്കുന്ന ഭയാന്ധകാര എകാന്തതയുടെ കറുത്ത സീൽക്കാരങ്ങളുടെ അലർച്ചകളാലോ. ലക്ഷ്മിയെക്കുറിച്ചുള്ള ചിന്തകൾ എന്റെ ഹൃദയത്തിന് ഭാരം നൽകി.

മരണത്തിന്റെ മണം നിറഞ്ഞ ആ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി നടക്കുമ്പോൾ അല്പദൂരത്തിനിടയിൽ അവളുണ്ടായിരുന്നു.
മനസിലെ കുറ്റബോധമോ സഹതാപ വചനങ്ങളിലെ കാപട്യമോ എന്തോ അവളോട് സംസാരിക്കുന്നതിൽ നിന്നും എന്റെ ചുണ്ടുകളെ വിലക്കിയകറ്റിക്കൊണ്ടിരുന്നു. ഒരായിരം കാഥം അകലെ നിന്നുപോലും വ്യക്തമായി എന്നെ തിരിച്ചറിഞ്ഞിരുന്നവൾ ഇപ്പോൾ കണ്മുന്നിലെ ഒരു മീറ്റർ ദൂരത്ത് നിന്നിട്ടും കാണാനാവാതെ, അറിയാനാവാതെ..

ഒരേ മനസോടെ മോഹങ്ങൾ നെയ്തവർ, ഒരു മെയ്യായി വളർന്നവർ, ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടവർ ഇന്നീ വഴിത്താരയിൽ തികച്ചും അന്യരെപ്പോലെ, ഒരു വാക്കുരിയാടാനാവാതെ എന്നാൽ ഒരായിരം വാക്കുകൾ മനസിൽ ഒളിപ്പിച്ചു നടന്നു നീങ്ങുന്നു. എത്ര വിചിത്രം..! എന്തൊരു വിരോധാഭാസം…!

ജീവിത വഴികളിലെവിടെയോ ആഞ്ഞടിച്ച ഒരു കുഞ്ഞുമാരുതന്റെ ദിശമാറിയത് എത്ര വേഗത്തിലായിരുന്നു.
പതിനേഴാം വയസിലേക്ക് കാൽ വെക്കുന്ന നേരത്തിലായിരുന്നു ദുരന്തങ്ങൾ എന്റെ ലച്ചൂട്ടിയെ വേട്ടയാടിത്തുടങ്ങിയത്. കണ്ണിലെ പ്രകാശനാളങ്ങളെ ഒന്നൊന്നായി ഊതിക്കെടുത്തിയ വിധി അവളുടെ കണ്ണുകളിൽ മാത്രമല്ല ജീവിതമാകെ കറുത്ത പുകമറ തീർത്തു.

നഷ്ടമായ കണ്ണിലെ പ്രകാശത്തെക്കാൾ ഒരു പക്ഷെ അവളെ നോവിച്ചത് അവളുടെ പ്രകാശമായിരുന്ന എന്റെ നഷ്ടമായിരിക്കാം.
മങ്ങിത്തുടങ്ങിയ കണ്ണിലെ പ്രകാശത്തെക്കുറിച്ച് അവളാദ്യം പറഞ്ഞത് തന്നോടായിരുന്നുവല്ലോ. മങ്ങിയ ആ തിരികൾ എത്ര പെട്ടെന്നാണ് പൂർണ്ണമായും അണഞ്ഞ് പോയത്. വിധി മനുഷ്യനെ കീഴടക്കുന്നത് എത്ര വേഗത്തിലാണ്.

“ലച്ചൂട്ടീ,“ എത്ര നിയന്ത്രിച്ചിട്ടും അറിയാതെ എന്റെ ചുണ്ടുകൾ അവളെ വിളിച്ചുപോയി..

“ആരാത്, മണിക്കുട്ടനാണോ, ഇതെപ്പളാ വന്നേ.. എവിടെ ശ്രീദേവി?”

ഒറ്റ വിളിയിൽ നിന്നും എന്റെ ശബ്ദം തിരിച്ചറിഞ്ഞത് എന്നെ തെല്ലും അൽഭുതപ്പെടുത്തിയില്ലെങ്കിലും ഒരു തേങ്ങലിന്റെ പ്രതിധ്വനി കാത്തു നിന്ന കാതുകളെ അൽഭുതപ്പെടുത്തി അവൾ.

“ഞാൻ വന്നതേയുള്ളൂ ലച്ചൂട്ടീ, പഴയ ഓർമ്മകൾ നിറയുന്ന ഈ മണ്ണിൽ അല്പ ദിവസം എല്ലാം മറന്നുറങ്ങാൻ വന്നതാണിവിടെ. പക്ഷെ അയവിറക്കാനുള്ള വേദനിക്കുന്ന ഓർമ്മകളിലൊന്നായി മാറി ചീക്കുട്ടിയമ്മയുടെ ജഡമാണെന്നെ ഇവിടെ സ്വീകരിക്കാൻ കാത്തു നിന്നത്. ജീവിത വഴികളിലെ പാപങ്ങൾക്ക് അനുഭവിക്കാതിരിക്കുക തരമില്ലല്ലോ...

“ജനിച്ചവർക്കെല്ലാം മരണം ഉറപ്പാണല്ലോ മണിക്കുട്ടാ, പിന്നെന്തിനിത്രയും വിഷമിക്കുന്നു, മുളപൊട്ടിയതുമുതൽ പൊഴിഞ്ഞു വീഴുന്നതുവരെ വിശ്രമിക്കാനുള്ള ഒരു സത്രമാണ് ഈ ഭൂമി, സമയമടുക്കുമ്പോളേക്കും എത്തേണ്ട ദൂരം താണ്ടിക്കഴിഞ്ഞിരിക്കണം. അവനാണ് വിജയി”
എന്നെ സമാധാനിപ്പിക്കാനെന്ന പോലെ ലക്ഷ്മിയുടെ ചുണ്ടുകളിൽ നിന്നും വാക്കുകൾ ഒഴുകി വീണു.

“പഴയ തത്വശാസ്ത്രങ്ങൾ, ലച്ചൂട്ടി ഇപ്പോളും ഒന്നും മറന്നിട്ടില്ല അല്ലേ?”

“മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല മണിക്കുട്ടാ, ഓർമ്മകളിലാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗങ്ങൾ ചേർത്തു വെക്കപ്പെട്ടിരിക്കുന്നത്.”

“എന്നാൽ ഒരുപക്ഷെ മറവികളിലാവണം എന്റെ ജീവിതത്തിന്റെ മുഴുത്ത ഭാഗങ്ങൾ നിറക്കപ്പെട്ടിരിക്കുന്നത്. ഓർമ്മകൾ….! അതെന്റെ കണ്ണുകളെ ഈറനാക്കുന്ന ഭയാനക സത്വങ്ങളാവുന്നു. സുന്ദരമായ തുടക്കങ്ങളിലൂടെ ഓർമ്മകൾ എന്നെ മാടി വിളിക്കുന്നു, കൊതിയോടെ ഞാൻ ഓടിയടുക്കുന്ന നേരങ്ങളിൽ രക്തദാഹിയായ രക്ഷസിനെപ്പോലെ അതെന്നെ വല്ലാതെ ഭയപ്പെടുത്തും. ഓർമ്മകളുടെ അവസാനം അതെന്റെ കണ്ണുകളെ വല്ലാതെ നോവിക്കുന്നു, ഹ്രുദയത്തിന്റെ സ്പന്ദനങ്ങൾക്ക് വേഗം കൂടുകയും കരളിൽ കരിമുള്ളുകൾ ആഞ്ഞു തറക്കുകയും ചെയ്യുന്നു.“

“എങ്കിൽ പിന്നെന്തിനാണ് ഓർമ്മകളിലെ പഴങ്കഥകൾ തേടി മണിക്കുട്ടൻ ഈ വഴി വന്നത്. വേദനകളുടെ കൈപ്പു പടരുന്ന വഴികളിൽ നിന്നും മാറി നടക്കാൻ തുനിയാഞ്ഞതെന്തേ?“

ലക്ഷ്മിയുടെ ആ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചതേയില്ല. ജീവിതത്തിലെ കൈക്കുന്ന അനുഭവങ്ങളാണ് മനുഷ്യ മനസുകൾക്ക് ശക്തിയും കരുത്തും നൽകുന്നതെന്ന് തോന്നുന്നു.

“ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചിലപ്പോൾ ആർക്കും കഴിയാറില്ല ലച്ചൂട്ടീ.. എത്ര ശ്രമിച്ചാലും ചില ഉത്തരങ്ങൾ കൂട്ടി വായിക്കുമ്പോൾ അവ തമ്മിൽ വല്ലാത്ത അന്തരങ്ങളായിരിക്കും.“

അല്പ നേരത്തെ മൌനം രണ്ട് മനസുകൾക്കിടയിൽ ഒരായിരം ചിന്തകളുണർത്തുന്നു. പിന്നിട്ട കാല്പാടുകളിലെ ശരി തെറ്റുകളെ മനുഷ്യർ പലപ്പോളും ഇങ്ങനെ വിശകലനം ചെയ്യുന്നുണ്ടായിരിക്കണം. ആപത്തിൽ കൈവിട്ടു കളഞ്ഞ എന്റെ സ്നേഹമെന്ന പദങ്ങളിലെ കാപട്യത്തെക്കുറിച്ചാവാം അവളോർക്കുന്നത്. എന്റെ ചിന്തകളും വ്യത്യസ്തമല്ല.


അന്ധയായ ലച്ചൂട്ടിയെ അവഗണിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിൽ എനിക്കൊരായിരം ന്യായങ്ങൾ നിരത്താനാവും. എന്നാലൊരു പക്ഷെ ആ ന്യായങ്ങളിലെ സത്യസന്ധത സ്നേഹമെന്ന പദത്തിനൊപ്പം വെച്ച് വായിക്കുന്ന നേരങ്ങളിൽ ഒരിക്കലും പരസ്പരം ബന്ധിക്കാനാവാറില്ല. സ്നേഹവും ത്യാഗവും തമ്മിൽ അസാമാന്യമായൊരു ബന്ധം നിലനിർത്തുവെന്ന സത്യത്തെ തിരിച്ചറിയാതിരിക്കാൻ എനിക്കാവുന്നില്ലല്ലോ.

“ശ്രീദേവി എന്തേ വന്നില്ല?“
നിശബ്ദതയുടെ മൂടുപടം ആദ്യം വലിച്ചെറിഞ്ഞത് അവളായിരുന്നു.

“അവൾക്കിനി എന്റെ കൂടെ വരാനാവില്ല ലച്ചൂട്ടീ, അവൾ താണ്ടിത്തീരേണ്ട ദൂരങ്ങളെല്ലാം വളരെ നേരത്തെ താണ്ടിക്കഴിഞ്ഞിരിക്കുന്നു.“

“ഓ..ശ്രീദേവി….? എന്നിട്ടെന്തേ അറിയിച്ചില്ല“

“അനാവശ്യമെന്ന് തോന്നി, മനസിലെ വേദനകൾ ചിലപ്പോൾ ലോകത്തോട് മുഴുവൻ തോന്നുന്ന വിദ്വേഷമായി പരിണമിക്കാറുണ്ടല്ലോ..“

“ഒറ്റപ്പെട്ട ജീവിതം വല്ലാത്ത മുഷിപ്പുണ്ടാക്കാറില്ലേ, എന്നിട്ടും എന്തേ നാട്ടിലേക്കൊന്ന് എത്തി നോക്കാൻ ശ്രമിച്ചില്ല?“

“അറിയില്ല, ഈ ഗ്രാമ ഭംഗി എന്റെ ജീവനാണ് എന്നിട്ടും  ഈ മണ്ണിന്റെ മണം ആവോളം ആസ്വദിച്ച് ഇലഞ്ഞി മരത്തിന്റെ ആ തണുത്ത കോണിലിരുന്ന് ഒന്ന് പൊട്ടിക്കരയാൻ ഇതുവരെ തോന്നിയതുമില്ല…“

“എന്നിട്ടും ഇപ്പോളെന്തേ വന്നു, കരളിന്റെ ആഴങ്ങളിൽ കാലം പുതിയ കൊത്തുപണികൾ നടത്തിത്തുടങ്ങിയോ?“

“ഇല്ല, കാലം എന്റെ തലയിൽ മുൾക്കിരീടമണിയിക്കാൻ പോകുന്നു. അസ്തമനത്തിന് പുതിയ സമയം ഗണിച്ചു നൽകിയിരിക്കുന്നു. കാത്തുവെക്കാനുള്ളവ കാത്തുവെക്കാൻ കാലം അനുവദിച്ചു നൽകിയ അനഘ നിമിഷങ്ങളെ പൂർത്തീകരിക്കാൻ വന്നതാണിവിടെ..“

“മനസിലായില്ല, എന്റെ മനസിലെ മൺ ചിരാതുകൾക്ക് ഇപ്പോൾ പഴയ ശോഭയില്ല, തെളിച്ചു പറയൂ , ഇല്ലെങ്കിൽ മനസിലാക്കാൻ ഞാൻ പ്രയാസപ്പെട്ട് പോവും.“

“എന്റെ മനസിന്റെ പ്രതീക്ഷാമണ്ഡലങ്ങൾക്ക് താക്കീതുകളാവുന്ന യുഗപുരുഷന്മാരുടെ ശാപവചനങ്ങൾ ശ്രവണപഥങ്ങളിൽ മുഴച്ചുകേൾക്കുന്നു. നടന്നുവന്ന സഞ്ചാരപഥങ്ങളിൽ മൂഡ സ്വർഗ്ഗങ്ങൾ പണിതീർത്ത് കാലപ്രവാഹങ്ങൾക്ക് ഭംഗം തീർത്ത അസുരതാണ്ഡവങ്ങൾക്ക് വിധിയുടെ കൈകളിൽ കാലം കൊടുത്തുവിട്ട ദണ്ഡനമുറകൾ അത് ശക്തിയുക്തം എന്നിൽ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. സഹായികളില്ലാത്ത ഈ ഏകാന്തവഴിത്താരയിൽ വിധിയുടെ ബലിഷ്ടമായ കരങ്ങളിൽ ഞെരിയുന്ന വേദനയിൽ പുളയുമ്പോൾ കാലം എഴുതിക്കൂട്ടിയ ശിക്ഷാവിധികൾ പകർത്തിയ കടലാസുകഷ്ണങ്ങൾ കൈകളിൽ നൽകിക്കഴിഞ്ഞു.

“മരണത്തിന്റെ ഗന്ധം നിറയുന്നതുപോലെ, എന്തേ അങ്ങനെ തോന്നാൻ?“

“മരണത്തിന്റെ ഗന്ധം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു, ദിവസങ്ങളുടെ അല്ലെങ്കിൽ ആഴ്ചകളുടെ അവധി മാത്രം.“

“എന്താണിവിടെ കാത്തുവെക്കാനുള്ളത്, മൌനം നിറയുന്ന രാക്കിളികളുടെ രോദനങ്ങളോ..?“

“അല്ല, വെളിച്ചം പകരുന്ന കുഞ്ഞു ഞാവല്പഴങ്ങൾ..“

“വെളിച്ചം പകരുന്ന ഞാവല്പഴങ്ങളോ? എന്താണത്?“

“ഞാവല്പഴങ്ങൾ തന്നെ വെളിച്ചം പകരുന്ന ഞാവല്പഴങ്ങൾ.. മരണത്തിലും നശിക്കാതെ എനിക്കത് കാത്തുവെക്കണം.“

“എവിടെ ബഹ്റാമിന്റെ കൊട്ടാരത്തിലെ ഏഴു താഴുകളിട്ടു പൂട്ടാവുന്ന സ്വർണ്ണപ്പെട്ടികളിലൊന്നിലോ?“

“അല്ല, പൂർണ ചന്ദ്രനെപ്പോലെ തിളങ്ങുന്ന നിന്റെ മുഖത്തെ പ്രകാശം കെട്ടുപോയ ഈ നേത്രങ്ങളുടെ സ്ഥാനത്ത്.“

“എങ്ങനെ, സഹതാപത്തിന്റെ അവ്യക്തമായ അട്ടഹാസങ്ങളിൽ ചാലിച്ചോ?“

“അല്ല, വിധിക്കും മണ്ണോട് ചേർക്കാൻ വിട്ടുകൊടുക്കുന്നില്ലെന്ന അഭിമാനബോധത്തിന്റെ പശ ചേർത്ത്…“

“നല്ലത്, എങ്കിൽ അതെനിക്ക് നൽകൂ, മരണത്തിന്റെ അവസാന നിമിഷങ്ങൾ വരെ ഞാൻ ആ ഞാവല്പഴങ്ങൾ കാത്തുവെക്കാം. കഴിയുമെങ്കിൽ എന്റെ മരണത്തിനും നശിപ്പിക്കാനാവാതെ മറ്റൊരു മുഖത്തേക്ക് അവയെ മാറ്റി വെക്കാം. പിന്നെയും പിന്നെയും അങ്ങനെ മനുഷ്യനുള്ള കാലത്തോളം അവ അന്ധകാരങ്ങളെ വെല്ലുവിളിക്കട്ടെ.
നടത്തം അവസാനിച്ചു തുടങ്ങി, യാത്രകൾ വിരമിക്കാനും സമയമടുത്തിരിക്കുന്നു. താൽകാലികമായി ലക്ഷ്മിയോട് യാത്ര പറഞ്ഞപ്പോൾ ഉടനെ ലോകത്തോട് മുഴുവൻ പറയാനുള്ള യാത്രയെ ഞാൻ ഓർത്തു. മനസിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടുവോ..?
എങ്കിലും എന്റെ വെളിച്ചം പകരുന്ന ഞാവല്പഴങ്ങൾക്ക് അപ്പോൾ ഒരല്പം തിളക്കം കൂടിയതു പോലെ എനിക്ക് തോന്നി...!

2 comments:

  1. മനോഹരമായി എഴുതി പക്ഷെ ചില പദങ്ങള്‍ക്ക് നല്ല കട്ടിയുണ്ടോ എന്നൊരു സംശയം. എന്നെപ്പോലുള്ള സാധാരണക്കാരിലേക്ക് ഇറങ്ങാന്‍ കുറച്ചു കൂടി ലളിതമായ പദങ്ങള്‍ ആണ് ഉചിതം എന്ന ഒരു അഭിപ്രായം ഉണ്ട്.

    ReplyDelete
  2. നല്ല രചന.
    ആശംസകള്‍

    ReplyDelete