Friday, September 21, 2012

യാത്രകള്.. അഥവാ പറിച്ചു നടലുകളുടെ ചരിത്രം...!


യാത്രകളാണത്രെ മനുഷ്യ ജീവിതങ്ങള്..! 
അച്ചന്റെ മുതുകിലൂടെ, അമ്മയുടെ ഗർഭപാത്രത്തിലൂടെ സഞ്ചരിച്ച് ഭൂമിയിലെത്തുമ്പോൾ അവനെ കാത്തിരിക്കുന്നതും യാത്രകൾ തന്നെ. 
               
ശൈശവത്തിൽ നിന്നും ബാല്യത്തിലേക്ക്, ബാല്യത്തിൽ നിന്നു കൌമാരത്തിലേക്ക്, പിന്നെ യൌവനത്തിലേക്ക്, യൌവനത്തിൽ നിന്നും വാർദ്ധക്യത്തിലേക്കും തുടർന്ന് ഒടുക്കത്തിലേക്കും ചുമക്കപ്പെടുന്നതിലേക്കും അടക്കപ്പെടുന്നതിലേക്കും വരെ നീളുന്ന വലിയ പ്രയാണങ്ങള്

യാത്രകൾക്കിടയിലെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ചരിത്രം അപഗ്രഥിക്കുവാനാവുന്നതാർക്കാണ്. അല്ലെങ്കിൽ തന്നെ ഇത്തിരിവെട്ടത്തെ ജീവിതത്തിനിടയില് ശാശ്വതമായ നേട്ടങ്ങളെന്താണ് ? കോട്ടങ്ങളെന്താണ്. ?

എന്റെ ചിന്തകളിൽ പലപ്പോളും എന്റെ നേട്ടങ്ങൾ മറ്റൊരാളുടെ നഷ്ടങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റൊരാൾ നേടേണ്ടിയിരുന്നവ വിധി നിഷ്കരുണം അയാളിൽ നിന്നും തട്ടിപ്പറിച്ച് എന്നിലേക്ക് നീട്ടുന്നതു പോലെ. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ ഞാനത് ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. ഇടക്കെപ്പോളെങ്കിലും ഉറക്കമില്ലാത്ത രാവുകളിൽ വെറുതെ കിടന്നു ഓർമ്മകളെ കല്ലറ തോണ്ടി വിശകലനം ചെയ്യുമ്പോൾ മാത്രം, ഇതെന്തൊരു ലോകം.! ഇവിടെ എത്രയെത്ര വിരോധാഭാസങ്ങൾ.! എന്ന് ഞാനോർക്കുന്ന തട്ടിപ്പറികള്..!

തരം തിരിക്കലുകളുടെ ചരിത്രം തുടങ്ങുന്നിടത്ത് നിന്നാണ് തട്ടിപ്പറികളുടെ ചരിത്രവും തുടങ്ങുന്നത്. കഴിവുകളുടെ അടിസ്ഥാനത്തില്, മതത്തിന്റെ അടിസ്ഥാനത്തില്, ജാതിയുടെ അടിസ്ഥാനത്തില്, ചിന്തകളുടെ അടിസ്ഥാനത്തില്, വേഷഭാഷാധികളുടെ അടിസ്ഥാനത്തില്, വർണ്ണാടിസ്ഥാനത്തില്, വർഗ്ഗാടിസ്ഥാനത്തില്, അങ്ങനെ എത്രയെത്ര തരംതിരിവുകളാണ് ലോകത്ത് എന്ന ചിന്ത എന്നെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓരോ തരം തരംതിരിവുകൾക്കും ന്യായവും അന്യായവും ഒരേ അനുപാതത്തിൽ കാണാൻ കഴിയുമ്പോളാകട്ടെ ആ വിസ്മയത്തെ വെല്ലുന്ന വിസ്മയത്തിന്റെ സമ്മേളനമാണ്

മനുഷ്യൻ എന്ന മഹാ തരം തിരിവിനപ്പുറം മറ്റൊരു തരം തിരിവിനും ഈ നശ്വരലോകത്ത് പ്രസക്തിയില്ലെന്ന കമ്മ്യൂണിസ്റ്റ് ചിന്ത ( കമ്മ്യൂണിസ്റ്റ് എന്നാൽ രാഷ്ട്രീയപാർട്ടിയല്ല, സർവ്വ സമ സമത്വമെന്ന ഒരു നല്ല ചിന്ത മാത്രമാണുദ്ദേശം) മനസിലുള്ളതിനാലാവണം ഈ ഭ്രാന്തൻ ചിന്തകൾ എന്നിലേക്ക് കടന്നുവരുന്നതെന്നു തോന്നുന്നു.

പറിച്ചു നടലുകളുടെ ചരിത്രമെഴുതാൻ ശ്രമിക്കുമ്പോള് പറിച്ചു നടലുകളുടെ ആവശ്യകഥയെക്കുറിച്ച് ചിന്തിക്കേണ്ടി വരും. പറിച്ചു നടലുകൾ, പ്രകൃതിയുടെ നിയമങ്ങളിലൊന്നാണത്.

കൊത്തിമാറ്റി ഒരിക്കലതില്പിന്നെ-
 ത്രനാളിന്റെ തൂവൽ കൊഴിഞ്ഞു. “

എന്ന കവിതാ വരികൾ വിശദീകരിച്ചു നാലാം ക്ലാസിലെ അമ്മിണി ടീച്ചർ വ്യക്തമാക്കിയിടത്തു നിന്നുള്ളത് തന്നെയാവണം എന്റെ മനസിലെ പറിച്ചു നടലുകളുടെ പ്രകൃതിദത്ത ചിന്തയും ഉടലെടുത്തത്

പറക്കമുറ്റുന്നത് വരെ തന്റെ ചിറകിൻ കീഴിലൊതുക്കി നടന്ന കുഞ്ഞുങ്ങളെ പക്വതയും പാകതയുമാവുന്നതോടെ തള്ളക്കോഴി അടുത്ത് നിന്ന് കൊത്തിയോടിക്കുന്ന ചിത്രം മനസിൽ വരച്ചിട്ട അമ്മിണി ടീച്ചർ പറിച്ചു നടൽ ജീവിതമെന്ന മഹായാത്രയുടെ അവഗണിക്കാനാവാത്ത അനിവാര്യതയാണെന്ന ചിത്രം തന്നെയാണ് മനസിൽ വരച്ചിട്ടത്.

ഇന്നിപ്പോൾ നഗ്ന സത്യം പലപ്പോളായി അനുഭവിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഓർമ്മകളിലെ കഴിഞ്ഞു പോയ വലിയ പറിച്ചു നടലുകളുടെ ചരിത്രത്തെ എഴുതാനുള്ള പ്രചോദനം പുതിയൊരു പറിച്ചുനടൽ അടുത്തുണ്ടായേക്കാം എന്ന ചിന്ത തന്നെയാണ്.

അനിവാര്യമായതെങ്കിലും പറിച്ചു നടലുകൾ വേദന തന്നെയാണ്, വേരിലെ നനഞ്ഞ മണ്ണുണങ്ങാതെയുള്ള പറിച്ചു നടൽ നമുക്കെങ്ങനെയാണ് സാധ്യമാവുന്നത്. ഒട്ടുമിക്ക പറിച്ചു നടലുകളിലും വേരിലെ ഈറനായ മണ്ണിന്റെ അവസാനത്തെ നനവിന്റെ അംശവും ചോർന്നുണങ്ങിയ അവസ്ഥയിലായിരിക്കും എന്നത് വിധിയുടെ സുന്ദരമായ ഒരു കളിയാണെന്ന് തോന്നുന്നു.

പുതിയൊരു കൃഷിയിടത്തിൽ വേരു കിളിർത്ത് വളർന്നു തുടങ്ങുന്നത് വരെയുള്ള അവസ്ഥ വേദനാജനകമാണല്ലോ. വേദനാ ചിന്ത തന്നെയാണ് ഈയൊരു ചരിത്രത്തിന്റെ അയവിറക്കലുകൾക്ക് ആധാരം.കഴിഞ്ഞു പോയ പറിച്ചു നടലുകളിലെ സുന്ദരമായ ഓർമ്മകൾ വരാനിരിക്കുന്നതിനെക്കുറിച്ചുള്ള അകാരണമായ വേദനകൾ ഇല്ലാതാക്കുമായിരിക്കാം.

എന്നെ സംബന്ധിച്ചിടത്തോളം അവസാനത്തേത് പ്രവാസത്തിൽ നിന്നുള്ള വിടുതിയായിരുന്നു എന്നതിനാൽ അതൊരു വലിയ വേദനയായിരുന്നില്ല. എന്നിട്ടും അവസാന നാളുകളിൽ അത് ഒരു ഒറ്റപ്പെടലിന്റെ, നഷ്ടത്തിന്റെ വേദന എന്നിൽ ഉണ്ടാക്കിയിട്ടില്ലെന്ന് എനിക്ക് പറയാനാവില്ല.
നാലു വർഷത്തോളം ഒരു കുടുംബം പോലെ ജീവിച്ചവർ, ആ കാലയളവിൽ അവരെ പിരിഞ്ഞത് മൂന്ന് മാസം മാത്രമാണല്ലൊ. ദൈവം നൽകിയ രക്തബന്ധത്തിനപ്പുറം നാം കണ്ടെടുക്കുന്ന ചില ബന്ധങ്ങൾ നമ്മെ വളരെ സ്വാധീനിക്കുന്നുണ്ട് എന്നാണെന്റെ അഭിപ്രായം.

അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും കാണാത്ത, എന്നെ ദിനവും വേദനിപ്പിച്ചു കൊണ്ടിരുന്ന അവസാന പ്രവാസത്തിലെ സിദ്രായക്ഷിയുടെ ഓർമ്മകൾ പോലും ഇന്നെനിക്ക് മധുരമായ ഓർമ്മകൾ ആവുന്നതെങ്ങനെയാണ്. സിദ്രായക്ഷിയെന്ന പരാമർശം നിങ്ങളിൽ ഒരു ചെറിയ ചിരിയുടെ മത്താപ്പിന് തിരികൊളുത്തിക്കാണുമെന്ന് എനിക്കറിയാം. അവസാന വായനയിൽ സിദ്രായക്ഷിയുടെ ചരിത്രം ഞാൻ വിശദമാക്കാം.

കഴിഞ്ഞു പോയ ഖത്തർ ജീവിതം എന്റെ ഗൾഫിലെ ആദ്യ പ്രവാസമായിരുന്നതിനാൽ തന്നെ ആദ്യ ദിനങ്ങൾ വളരെ വിഷമകരമായിരുന്നു. ആ ദിനങ്ങളുടെ ഒറ്റപ്പെടലിന്റെ പ്രവാസച്ചൂടിൽ എന്റെ നേർക്ക് സ്നേഹത്തിന്റെ ചിരിയോടെ നാട്ടിലേക്ക് വിളിക്കാൻ മൊബൈൽ ഫോൺ നീട്ടിയ മഹേഷ് എസ് അയ്യർ തന്നെയാണ് എന്നിലെ ഏറ്റവും സുഖമുള്ള ഓർമ്മ. ആദ്യ ദിവസത്തിലെ ആ മനുഷ്യത്വത്തിന് അവസാനം ദിനം വരെ ഒരു മാറ്റവുമില്ലാതെ തുടർന്നപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ കണ്ട മനുഷ്യനെന്ന വാക്കിന് ഏറ്റവും അർഹനായ വ്യക്തിയെന്ന് അദ്ധേഹത്തെ ഹൃദയത്തിൽ എഴുതി വെക്കുന്നു.

മലയാള കവിതാ വരികളില്ലാതെ ജീവിക്കാൻ ആവില്ലെന്ന് തോന്നിപ്പിച്ച് ദിവസവും കവിതാ ഈരടികളുമായി മുറിയിൽ എനിക്ക് കൂട്ടായിരുന്ന പ്രതാപേട്ടനാണ് മറ്റൊരു ഓർമ്മ. സ്വന്തം ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കണ്ട്, ജീവിതത്തെ ഇത്രയും നിസാരമായി കാണാൻ മറ്റൊരാൾക്ക് കഴിയുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അപ്പോൾ തന്നെയും മറ്റുള്ളവന്റെ ജീവിതത്തെ വിലമതിക്കുകയും അശരണരായവർക്ക് വേണ്ടി  സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന ആ വ്യക്തിത്വത്തെ എനിക്കൊരിക്കലും എഴുതുവാൻ കഴിയില്ലെന്ന് തോന്നുന്നു. മലയാള കവിതയോട് ഇന്ന് എനിക്കുള്ള സ്നേഹം ആലപ്പുഴക്കാരനായ  ഈ നാടക നടൻ നിറച്ചു തന്നതാണെന്ന് പറയുവാൻ ഇന്ന് എനിക്ക് അഭിമാനമുണ്ട്. 

വ്യക്തിത്വങ്ങൾ പിന്നെയും ഒരുപാട് മനസിന്റെ ഉള്ളറകളിലുണ്ട്, മലയാളിയുടെ സ്വാർത്ഥ ചിന്താഗതിയുടെ ഉദാഹരണങ്ങളായവര്, സ്നേഹത്തിന്റെ പരിഗണനയുടെ പര്യായപദങ്ങളായവര്. ഒറ്റപ്പെടലിന്റെ വേദനിക്കുന്ന മുറിവിൽ സ്നേഹത്തിന്റെ, പരിഗണനകളുടെ മരുന്ന് പുരട്ടിയവര്.. അങ്ങനെ അങ്ങനെ………

എന്നാൽ ഖത്തർ ജീവിതം ഓർക്കുമ്പോൾ എന്നെ ഏറെ ആഹ്ലാദചിത്തനാക്കുന്നത് മഹേഷ് എസ് അയ്യരും പ്രതാപേട്ടനും സിദ്രായക്ഷിയും തന്നെയാണ്. സിദ്രായക്ഷിയെ വിശദീകരിക്കാമെന്ന് മുൻപ് വാക്കു തന്നിരുന്നതാണല്ലേ.. തീർച്ചയായും ഞാനത് വിശദീകരിക്കാൻ പോകുകയാണ്.

സിദ്രായക്ഷി എന്നത് ഒരു ഭാവന മാത്രമാണ്, ചിലപ്പോളെങ്കിലും നമുക്ക് വ്യക്തമായറിയാത്ത കാര്യങ്ങൾക്ക് നമ്മളൊരു വിശദീകരണം കണ്ടെത്താൻ ശ്രമിക്കാറില്ലെ? ഒരുപക്ഷെ നമ്മുടെ ബോധമനസിന് അസാധ്യം, അപ്രാപ്യം എന്നൊക്കെ തോന്നുന്ന തരത്തിലുള്ള ചിന്തകൾ ഉണരുമ്പോൾ പോലും നമ്മുടെ ഉപബോധ മനസു കൊണ്ട് നമ്മളതിനെ അങ്ങ് ഉറപ്പിച്ചു നിർത്തും.ഒരു പാഴ്ചിന്തയെന്ന് സ്വയം പലവട്ടം പറഞ്ഞാലും അറിയാതെ നമ്മളതിനെ വിശ്വസിക്കും. അല്ലെങ്കിൽ അത് സത്യമാണെന്ന് ചിന്തിക്കാൻ നമ്മളാഗ്രഹിക്കും.

സിദ്രാ എന്നത് ഖത്തറിലെ ദേശീയ മരമാണ് എന്നാണ് എനിക്ക് തോന്നുന്നത്. പ്രവാസത്തിന്റെ അവസാന നാളുകളിൽ നാലു വർഷത്തോളം സ്വന്തമെന്ന് കരുതിയ അനേകം കൂട്ടുകാരെ നഷ്ടപ്പെട്ട് പോകുന്നതിലെ വേദനയോ, നാലു വർഷത്തെ കണക്കുകൾ എല്ലാം അടക്കിയൊതുക്കി കൈമാറാനുള്ള തിടുക്കത്തിൽ ഉണ്ടായ മാനസിക സമ്മർദ്ധമോ, ഒരു ചാട്ടത്തിന് പ്രാവാസമെന്ന ദുരിതത്തെ വലിച്ചെറിഞ്ഞ് പോകുവാൻ ഒരുമ്പെട്ട് രാജിക്കത്ത് നൽകിയപ്പോൾ മനസ് സ്വയം ചോദിച്ചു കൊണ്ടിരുന്ന “ഇനി നീ എന്തുചെയ്യാൻ പോകുന്നു” എന്ന ചോദ്യം മനസിലുണ്ടാക്കിയ മാനസിക സമ്മർദ്ധമോ ഖത്തറിലെ അവസാന ദിവസങ്ങൾ എന്റെ മനസിനെ വല്ലാതെ ഉരുകിയൊലിപ്പിച്ചിരുന്നിരിക്കണം.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഖത്തറിലെ എന്റെ അവസാനത്തെ ഒരു മാസം തുടർച്ചയായി ഞാൻ ഉറക്കത്തിൽ ഞെട്ടിയുണരുമായിരുന്നു. വെറുതെ ഞെട്ടിയുണരുന്നതല്ല, കണ്ണടഞ്ഞു കഴിയുമ്പോൾ കഴുത്തിൽ ആരോ വന്ന് ഞെക്കിയമർത്തും. ഞാൻ ശ്വാസം മുട്ടി വല്ലാതെ പിടയും. ഒന്ന് ശബ്ദിക്കാനാവാതെ എന്റെ നാവു കുഴയും. മരണത്തിലേക്കുള്ള യാത്രയുടെ അവസാന പടവുകളിലാണെന്ന് സ്വയം ചിന്തിച്ച് , മറ്റൊരു നിവൃത്തിയുമില്ലാതെ കീഴടങ്ങാനൊരുങ്ങുന്ന നേരം എന്റെ കഴുത്തിലെ കൈകൾക്ക് മെല്ലെ അയവു വരും. മെല്ലെ എന്റെ കഴുത്ത് ആ കൈകളിൽ നിന്നും മോചിതനാവുന്ന നേരം ഞാൻ ഉണരും. ഏതാണ്ട് ഒന്നൊന്നര മാസത്തോളം എല്ലാ ദിവസവും ഇതു തന്നെ അവസ്ഥ.

ആദ്യ ദിവസങ്ങളിൽ ഇതൊരു വല്ലാത്ത വിഷമമായിരുന്നു. ഉറങ്ങുന്നില്ലെന്ന് കരുതി ഇന്റെർനെറ്റിനു മുന്നിൽ കുത്തിയിരുന്ന ദിവസങ്ങൾ. എന്നിട്ടും പുലർച്ചെ ഒന്നു കണ്ണടച്ചാലും ഇതു തന്നെ അവസ്ഥ. എന്നാൽ  ആ അവസ്ഥയെ താമസിയാതെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. 

എന്റെ സ്വപനത്തിൽ കഴുത്തിൽ കുത്തിപ്പിടിക്കുന്നവളെ ഞാൻ ഭാവനയിൽ കണ്ടു. അവൾക്ക് ഞാൻ സിദ്രയെന്ന് പേരിട്ടു. അവളെ ഞാൻ ഒരു യക്ഷിയെന്ന് സങ്കല്പിച്ചു. ഞാൻ ഓരോ നാളിലും ചെയ്യുന്ന കൊച്ചു തെറ്റുകൾക്ക് എന്നെ ചങ്കിൽ കുത്തിപ്പിടിച്ചു ചോദ്യം ചെയ്യുന്ന നന്മ നിറഞ്ഞൊരു യക്ഷിയായി ഞാൻ അവളെ സങ്കല്പിച്ചു. എല്ലാ തെറ്റുകളിൽ നിന്നും എന്നെ മോചിപ്പ് തീർത്തും നല്ലൊരു മനുഷ്യനാവാൻ ആ ചിന്ത എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. വ്യർഥ ചിന്ത എങ്കിലും ആ ദിവസങ്ങളിൽ എത്ര ദേഷ്യം വന്നാലും ലേബർമാരോട് പോലും ഒന്ന് മുഖം വീർപ്പിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. 

പാതിരാവിൽ എന്നെ ചോദ്യം ചെയ്തുണർത്തി സിദ്രായക്ഷി പോയിക്കഴിയുമ്പോൾ എന്റെ ചിന്തകൾ ഉണരും. സിദ്രാ മരത്തെക്കുറിച്ചും മരുഭൂമിയിൽ പെട്രോൾ ഉണ്ടായതിനെക്കുറിച്ചും അതിന് മുൻപ് മുക്കുവനും കച്ചവടക്കാരനും ആയിരുന്ന അറബികളെക്കുറിച്ചും അങ്ങനെ മണിക്കൂറുകളോളം ആ ശാന്തമായ രാത്രികളിൽ ഞാൻ തല പുകക്കും. അങ്ങനെ സിദ്രായക്ഷി എന്റെ സ്വപ്നങ്ങളിൽ നിന്നും ഒരിക്കലും വിട്ടു പോകരുതെന്ന് കൊതിക്കുന്ന തരത്തിലേക്ക് ആ സ്വപ്നം എന്നെ കൊണ്ടെത്തിച്ചിരുന്നു.

എന്നാൽ നാട്ടിലേക്കുള്ള ടിക്കറ്റ് കയ്യിലെത്തിയതോടെ സിദ്രായക്ഷി എന്നോട് വിട പറഞ്ഞു. എന്റെ മാനസിക സമ്മർദ്ധം തന്നെയായിരുന്നു സിദ്രായക്ഷിയുടെ താണ്ഡവത്തിന് പിന്നിലെന്ന സത്യം അങ്ങനെ വെളിവായി. 

നാട്ടിലേക്ക് പറക്കാനുള്ള ടിക്കറ്റ് നൽകിയ സന്തോഷത്തിൽ മനസിന്റെ ഏതോ ഒരു മണ്ഡലത്തിൽ ജീവിച്ചിരുന്ന സിദ്രായക്ഷി പറിച്ചെറിയപ്പെട്ടു. പിന്നെ പലപ്പോളും ആ സ്വപ്നം കാണാൻ കൊതിയോടെ ഞാൻ കിടന്നെങ്കിലും അതുണ്ടായതേയില്ല.

ഇന്ന് ഞാൻ വീണ്ടും ആ പഴയ അവസ്ഥയിലേക്ക് എത്തുമെന്ന ചിന്തയിലാണ്. ഇവിടെ പക്ഷെ പ്രവാസം അവസാനിക്കുന്നില്ല, ഈ മണൽ‌പ്പരപ്പിൽ നിന്നും മറ്റൊരു മരുഭൂമിലേക്ക് ചേക്കാറാനുള്ള തയ്യറെടുപ്പ് മാത്രം.

അബൂദാബിയുടെ ഈ കത്തുന്ന ചൂടിൽ നിന്നും ഒരു പക്ഷെ പറിച്ചു നടപ്പെടുന്നത് ഓമാനിലെ കടൽത്തീരങ്ങളിലേക്കാവാം. അല്ലെങ്കിൽ  വിശുദ്ധ നാടായ സൌദിയിലെ മദീനയിലേക്ക്.. രണ്ടായാലും ഒരു പറിച്ചു നടൽ കൂടി വീണ്ടും അനിവാര്യമാവുന്നു.

അല്ലെങ്കിൽ തന്നെ പറിച്ചു നടലുകളുടെ ചരിത്രം അവസാനിക്കുന്നില്ലല്ലോ. തുടക്കത്തിനും ഒടുക്കത്തിനും ഇടയിലായി ഇനിയുമെത്ര പറിച്ചു നടലുകൾ ജീവിതത്തിൽ അനിവാര്യമായിരിക്കാം!

12 comments:

  1. "പറിച്ചു നടലുകളുടെ ചരിത്രം അവസാനിക്കുന്നില്ലല്ലോ. തുടക്കത്തിനും ഒടുക്കത്തിനും ഇടയിലായി ഇനിയുമെത്ര പറിച്ചു നടലുകൾ ജീവിതത്തിൽ അനിവാര്യമായിരിക്കാം…!"

    ആശംസകള്‍ സുഹൃത്തേ...

    ReplyDelete
  2. യാത്രകൾ പറഞ്ഞു തരുന്നതും പഠിപ്പിക്കുനതും, ജീവിതവും ഭൂമിയും തമ്മിലുള്ള സൂത്ര വക്യങ്ങളാണ്

    ആശംസകൾ

    ReplyDelete
  3. വളരെ ഹൃദയസ്പര്‍ശിയായി എഴുതി. കഴുത്തില്‍ കുത്തിപ്പിടിക്കുന്ന ദുസ്വപ്നത്തെ നന്മയുള്ള യെക്ഷിയായി കാണാന്‍ കഴിഞ്ഞ റൈനി പറഞ്ഞുതന്നത് അതിജീവനത്തിന്‍റെ മഹത്തായ ഒരു പാഠമാണ്.

    ReplyDelete
  4. അനിവാര്യമായതെങ്കിലും പറിച്ചു നടലുകൾ വേദന തന്നെയാണ്, വേരിലെ നനഞ്ഞ മണ്ണുണങ്ങാതെയുള്ള പറിച്ചു നടൽ നമുക്കെങ്ങനെയാണ് സാധ്യമാവുന്നത്.

    വളരെ നന്നായി എഴുതി...

    ReplyDelete
  5. സഞ്ചാരം..അതൊരുതരം ആനന്ദമാണ്..മനുഷ്യനും പറവകളും തുടങ്ങി പലരും അതു ആസ്വദിക്കുന്നു...പക്ഷെ പറിച്ച് നടലുകള്‍ ,പലായനങ്ങള്‍ മുതലായവ പലപ്പോഴും വേദനാജനകമായ അവസ്ഥയാണ്..എന്നിരുന്നാലും അതിലെ അനുഭൂതി നുകരുമ്പോള്‍ ശരീരത്തിന്റെ ആന്റിബയോട്ടിക് ആയി അത് മാറട്ടെ...!!
    ആശംസകളോടെ..
    അസ്രുസ്

    ReplyDelete
  6. അബൂദാബിയുടെ ഈ കത്തുന്ന ചൂടിൽ നിന്നും ഒരു പക്ഷെ പറിച്ചു നടപ്പെടുന്നത് ഓമാനിലെ കടൽത്തീരങ്ങളിലേക്കാവാം. അല്ലെങ്കിൽ വിശുദ്ധ നാടായ സൌദിയിലെ മദീനയിലേക്ക്.. രണ്ടായാലും ഒരു പറിച്ചു നടൽ കൂടി വീണ്ടും അനിവാര്യമാവുന്നു...എഴുത്ത് ഇഷ്ടമായി...

    ReplyDelete
  7. ജീവിതം തന്നെ യാത്രയാണ്... ലക്ഷ്യസ്ഥാനം നന്നാവട്ടെ.

    ReplyDelete
  8. സിധ്രയെന്നു പേരിട്ടു യക്ഷി എന്ന് വിളിച്ചു .ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ആ .. റെനി തകര്‍ത്തു ....ആശംസകള്‍

    ReplyDelete
  9. ജീവിതയാത്ര അക്ഷരങ്ങളൂടെ ലോകത്തേക്ക്‌ വഴി തുറക്കുന്നു..
    സഫലമാകട്ടെ തൂലികയാത്ര എന്ന് ആശംസിക്കുന്നു..!

    ReplyDelete
  10. .....
    ....
    ...
    ..ads by google! :
    ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  11. സിദ്രായെക്ഷി... അതാണെനിക്കിഷ്ടമായത്
    സ്വന്തമായൊരു യക്ഷി കുട്ടിക്കാലം മുതലേ എന്റെ സ്വപ്നമാണു. കഴുത്തു ഞക്കിപ്പിടിക്കരുതെന്ന് മാത്രം

    ReplyDelete
  12. ചിന്തിച്ചുറങ്ങുന്നവര്‍ക്ക് ദ്രിഷ്ട്ടന്തങ്ങളുടെ വേരോട്ടം കൂടും
    നല്ല രചന കുറെ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ തന്നെ ജീവിതം വിരോദാഭാസം നിരഞ്ഞെന്നു പറഞ്ഞ വരികള്‍ കൂടുതല്‍ ഇഷ്ട്ടമായി
    ആശംസകള്‍

    ReplyDelete