Saturday, July 7, 2012

പുതിയ നീതിശാസ്ത്രങ്ങള്


ഇത്തിൾ കണ്ണികൾ
മുത്തശ്ശി മാവിന്റെ രക്തമൂറ്റുമ്പോൾ
ആശംസയർപ്പിച്ച് ആയിരമായിരം
പുളിയനുറുമ്പുകൾ...

താഴെ കാത്ത് നിൽക്കുന്ന
ഉറുമ്പു തീനിയുടെ മനസ്സിൽ
കാൽ തെറ്റി വീഴുന്ന ഉറുമ്പിൻ
മാംസത്തിന്റെ രുചി..

സേവനമെന്ന വാക്കിന്റെ
മൂല്യത്തെ ചോദ്യം ചെയ്യുന്ന
രാഷ്ട്രീയ വർഗ്ഗങ്ങൾ സേവനത്തെ
 അധികാരമെന്നെഴുതുന്നു..

അധികാരം അർദ്ദപട്ടിണിക്കാരന്റെ
നാലുകാലോലപ്പുരകളെ
ജെസിബിക്കിരയാക്കുമ്പോൾ
നയം ഭൂമി കയ്യേറ്റങ്ങൾ..

പ്രമാണിയുടെ മണി മാളികകൾക്കും
പാർട്ടി മന്ദിരങ്ങൾക്കും പുതിയ
നിയമങ്ങളും പുതിയ നയങ്ങളുമായി
രാഷ്ട്രീയത്തിന്റെ പുത്തൻ നീതിശാസ്ത്രം.

എവിടെയും ഭീതി നിറയുന്ന
കരച്ചിലും കണ്ണീർക്കണങ്ങളും
കാലിൽ ജഡങ്ങൾ തട്ടുന്ന യാത്രകൾ
മനസാക്ഷിയുള്ളവന്റെ കണ്ണുനീർ..

മതങ്ങൾ ഇരുട്ടിന്റെ അന്തപുരങ്ങളിൽ
മേധാവികളുടെ തിരുത്തലുകൾക്ക് വിധേയം.
തത്വ ശാസ്ത്രങ്ങളുടെ വേദനകൾ,തേങ്ങലുകൾ
വഴിത്താരകളിൽ ആയുധം നഷ്ടമായവരും

അധികാരങ്ങൾക്കായി പ്രത്യയശാസ്ത്രങ്ങൾ
തെരുവിലേക്കെറിയുന്ന വിപ്ലവ നായകർ..
ഹിറ്റ്ലറെപ്പോലും ലജ്ജിപ്പിക്കുന്ന
രാഷ്ട്രീയക്കാരന്റെ അധികാരക്കൊതി

നേതാവിന്റെ മുന്നിൽ അണികൾ
കയറിട്ട വെറും കളിപാവകൾ
ജയിലുകളിൽ കുറ്റവാളികളുടെ കാവൽക്കാർ
മനുഷ്യ മാംസം ഉപ്പുകൂട്ടി ഭക്ഷിക്കുന്നവർ.

നിമിഷങ്ങളിൽ ജഡങ്ങളായ് മാറുന്ന
മലയാളത്തിന്റെ മാന്യ വനിതകൾ
മാനഭംഗങ്ങൾ പകൽ വെളിച്ചത്തിലും
സ്ത്രീവേദികളും മനുഷ്യാവകാശവും വില്പനക്ക്..

പണം നീതിയെ തിരുത്തിയെഴുതുന്നു
നിയമങ്ങൾ ഉരുപ്പടികൾക്ക് വിധേയം
മാൻ പേടകളുടെ കരച്ചിലിനൊപ്പം
എവിടെയോ ചെന്നായകളുടെ ഓലി

പ്രണയം - ഒരാഴ്ചയുടെ നേരമ്പോക്ക്
സ്നേഹം - കിട്ടാവുന്നതൊക്കെ കയ്യാളും വരെ മാത്രം
ബന്ധങ്ങൾ - പുറമെ കാണുന്ന പുഞ്ചിരികൾ
ത്യാഗം - അന്യന്റെ മുതൽ സ്വന്തമാകും വരെ.

2 comments:

  1. ശക്തവും തീക്ഷണവുമായ വരികളില്‍
    ആളിപ്പടരുന്ന ക്ഷോഭത്തിന്‍റെ ജ്വാലകള്‍.
    ആശംസകള്‍

    ReplyDelete
  2. മച്ചൂ...ഇതെന്ത് കഥ അല്ല കവിത!!കുറച്ച് സ്ട്രോങ്ങ് കുറക്ക്...!!

    ReplyDelete