Tuesday, October 30, 2012

മഹാറാണിയുടെ ഫെയ്ക്കൊമാനിയ


ര്‍ ര്‍ ര്‍ റ ണ്ട ണ്ട ണ്ട ണ്ട ണ്ടോ ...

ലിങ്കോസല രാജ്യത്തെ ബ്ലോഗര്‍ ആനന്ദ ശശി മഹാരാജാവ് ഇതാ എഴുന്നള്ളുന്നെ....

ര്‍ ര്‍ ര്‍ റ ണ്ട ണ്ട ണ്ട ണ്ട ണ്ടോ

മഹാരാജന്‍ അങ്ങേക്ക് പ്രമാണം, ക്ഷമിക്കണം, പ്രണാമം..!

 മഹാരാജാവ് വീണാല്‍ ചാവട്ടെ...!പിന്നെയും ക്ഷമിക്കണം നീണാള്‍ വാഴട്ടെ...!

മഹാ മന്ത്രീ, നമ്മുടെ രാജ്യം പുരോഗതിയിലേക്ക് അടുക്കുന്നുണ്ടല്ലോ അല്ലെ ?

ഉണ്ട്, മഹാരാജന്‍ ഞാനടക്കം നമ്മുടെ ഉദ്യോഗസ്ഥരെല്ലാം നല്ല പോലെ പച്ചപിടിചിട്ടുണ്ട്.

മഹാരാജന്‍, അങ്ങയെ മുഖം കാണിക്കാന്‍ പൌരമുഖ്യന്‍ കാത്തു നില്‍ക്കുന്നു.

കിടന്നു വരാന്‍ പറയൂ മന്ത്രി.. അന്തിക്കാനും ശങ്കിക്കാനും ഇനിയെന്ത്..?

ജിംബുംബാ, ജിംബുംബാ  മഹാരാജാവിനു വന്ദനം ...!

ങേ ഇതെന്താണ് മന്ത്രീ  ... "ജിംബുംബാ"....??

ക്ഷമിക്കണം മഹാരാജന്‍, പൌരമുഖ്യനു ഈയിടെയായി അലാവുദ്ധീന്റെ ചെറിയ അസ്കിത.

ആരവിടെ,  നമ്മുടെ വൈദ്യരോട് ഉടന്‍ വരാന്‍ പറയൂ...

"അശ്വ അജമാംസ കുറുന്തോട്ടി വൈദിഹാ
കുക്കുട കരിങ്കുരങ്ങായ രസായനാ..."

ബി എ  എം എസ് മഹാരാജന്‍..!  ......! ബി എ  എം എസ്.. ..!

അങ്ങേന്നോട് വാരാന്‍ പറഞ്ഞതായി മുഖ്യ മങ്കി പറഞ്ഞു...

വൈദ്യരെ, പൌര മുഖ്യന്റെ അലാവുദ്ധീന്‍ അസ്കിത ചികിത്സിച്ചു ഭേദമാക്കുവാന്‍ നാം കല്പീക്കുന്നു.

കല്പന പോലെ മഹാരാജന്‍ , ലിങ്കസ്യ ലിങ്കാധാര ബ്ലോഗുവായനാഹ, കമന്റസ്യ കമന്റസ്യ മഹാ കര്യഹ എന്നാണല്ലോ.

എന്ത്, അത്രയും മാരകമായ അസുഖമോ...

സാരമില്ല മഹാരാജന്‍, ഗാഡ്ജറ്റാദി  കഷായവും ലെയൌട്ടാതി ഗുളികയും കൊടുത്താല്‍ ഭേദപ്പെടുമെന്നു തന്നെയാണ് അടിയന്റെ വിശ്വാസം..!

ആരവിടെ, ?

ഞാന്‍ ഇവിടെ മഹാരാജന്‍,

വൈദ്യന്‍ ജറ്റിന്റെ പറഞ്ഞപ്പോളാണ് നമ്മുടെ കുതിര സവാരി രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുന്നത് നാം ഓര്‍ത്തത്‌.

നമ്മുടെ കുതിര  ലായത്തില്‍ നിന്നും നമുക്കേറ്റവും പ്രിയപ്പെട്ട വെളുത്ത എയര്‍ ഇന്ത്യ കുതിരയെ ഒരുക്കി നിര്‍ത്തുവാന്‍ അശ്വ പാലകനോടു പറയൂ...

കല്പന പോലെ മഹാരാജന്‍,
***
ഭാഗം രണ്ട്


ആരവിടെ,

മഹാ രാജന്‍... കല്പിച്ചാലും,

കുതിര കൊണ്ട് വരൂ...

(ടക് തക് തക് ടക്  തക് ടക് ... കുതിര ഓടി വരുന്നു... )

മഹാ രാജാവ് ഒരു മൂളിപ്പാട്ടോടെ കുതിരപ്പുറത്തു കയറുന്നു.

"റാഞ്ചാം നമുക്ക് റാഞ്ചാം
വീണ്ടുമൊരു റാഞ്ചു റാഞ്ചാം
റാഞ്ചിക്കഴിഞ്ഞ   രാഗം
പ്രാണനുരുകും ഗാനം ഗാനം"

മഹാ മന്ത്രീ... കാറ്റിലൂടെ ഒരു മനുഷ്യന്റെ കരച്ചില്‍ ഒഴുകി വരുന്നുണ്ടല്ലോ..

ഉണ്ട്, മഹാരാജന്‍ ഞാനും കേള്‍ക്കുന്നു...

എങ്കില്‍ നമുക്കവിടെക്ക് പോകാം, എന്റെ ഭരണത്തിന്‍ കീഴില്‍ ഒരാളും കരയാന്‍ ഞാന്‍ സമ്മതിക്കില്ല.

മഹാരാജന്‍ ശരിക്കും ചിന്തിച്ചു കൊണ്ടാണോ ഈ പറയുന്നത്? കാലം വളരെ മോശമാണ് പ്രഭോ.. വെറുതെ വല്ലവന്റേം കൈക്ക് നമ്മളായി ജോലി ഉണ്ടാക്കണോ?

എന്ത്... നമ്മോടു തര്‍ക്കുത്തരം പറയാന്‍ മാത്രം മന്ത്രിക്കു നാവു പൊന്തുകയോ...

ആം ദി സോറി മഹാരാജന്‍, ഐ ആം ദി വെരി സോറി ഓഫ് യൂ...

കുതിര അതിവേഗത്തില്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് കുതിക്കുന്നു...

പ്രഭോ... ദേ കെടക്കണ് നമ്മള്‍ തേടി  വന്ന സാധനം... കണ്ടിട്ട് ഒരു മനുഷ്യന്റെ രൂപം ഉള്ള മനുഷ്യനാണെന്നു തോന്നുന്നു .

മഹാമാന്ത്രീ, താങ്കള്‍ ഇന്ന് ഹയരുന്നിസ മാഡത്തെയോ മണിച്ചന്‍ സാറിനെയോ രാവിലെ തന്നെ ദര്ശിച്ചതായി നോം സംശയിക്കുന്നു.. വാക്കുകള്‍ എങ്ങോട്ടോ ചിതറി തെറിക്കുന്നുണ്ടല്ലോ...

ഐ ആം ദി സോറി മഹാരാജന്‍.., ഇന്ന് രാവിലെ തന്നെ നേരം വെളുത്തത് കൊണ്ട് ഞാന്‍ അറിയാതെ...

ഉം, ഇത്തവണത്തെക്ക് മാത്രം ക്ഷമിച്ചിരിക്കുന്നു... ഡ്യൂട്ടി സമയം ഇനി ഇതാവര്‍ത്തിച്ചാല്‍ താങ്കളുടെ തലയില്‍ കഴുത്ത് കാണുകയില്ല, ഓര്‍മ്മയിരിക്കട്ടെ...!

(തികഞ്ഞ ഭവ്യത അഭിനയിച്ചു മഹാമന്ത്രി തലയാട്ടുന്നു, മനസുകൊണ്ട് മഹാ രാജാവിന്റെ തന്തക്കു വിളിക്കുന്നു)

അല്ലയോ മനുഷ്യാ താങ്കള്‍ എന്തിനാണ് കരയുന്നത്...?

അല്ല ആരിത് മഹാ രാജനോ, അങ്ങ് ഭരിക്കുന്ന നാട് അങ്ങേക്ക് പോലും മടുത്ത് പോയെന്നോ... കലികാല വൈഭവം..!

ഹേ മനുഷ്യാ നീയെന്തോക്കെയാണ് പുലമ്പുന്നത്? വല്ലാണ്ട് കളിച്ചാല്‍ ഇല്ലാണ്ടാവും ഓര്‍മ്മയിരിക്കട്ടെ...! ഞാന്‍ നാട് മടുത്ത്‌ വന്നതല്ല, ഒരു കുതിര സവാരിക്കിറങ്ങിയതാണ്  ഹേ...

ആട്ടെ താങ്കളെന്തിനാണ് ആര്‍ത്ത് അട്ടഹസിച്ചത് ?

മഹാ രാജന്‍ അങ്ങയുടെ എയര്‍ കൊസലാ കുതിര സവാരി സര്‍വീസില്‍ അടുത്ത നാട്ടിലേക്ക് പുറപ്പെട്ടതാണ് ഞാന്‍., ഇടക്ക് എനിക്കൊന്നു മൂത്രമൊഴിക്കാന്‍ മുട്ടി. ഒന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടതും അയാള്‍ പട്ടാളക്കാര്‍ക്ക് കുതിര റാഞ്ചാന്‍ ശ്രമിച്ചതായി കുറിമാനം വിട്ടു. അവര് വന്നെന്നെ ചവുട്ടിക്കൂട്ടി മഹാരാജന്‍ ചവിട്ടിക്കൂട്ടി...!

ആഹാ അത്രക്കായോ...  ആരവിടെ...

ഞാന്‍ ഇവിടെ മഹാരാജന്‍,

കുതിര സവാരിക്കിടയില്‍ മൂത്രമൊഴിക്കാന്‍ മുട്ടുകയോ.. ഇത് ശത്രു രാജ്യത്തിന്റെ ചാരന്‍ തന്നെ... ഇയാളെ പിടിച്ചു കെട്ടി ഉടന്‍ തുരുങ്കില്‍ അടക്കൂ...

കല്പന പോലെ മഹാ രാജന്‍...,

ഹായ് ഹായ് ഹോയ് ഹോയ്
ഹായ് ഹായ് ഹോയ് ഹോയ്
അടച്ച ജയിലിനുള്ളില്‍ കിടക്കുവാന്‍
വന്നൊരു പൊന്നല്ലേ കണ്ണല്ലേ
നിനക്ക് ചാട്ടവാറു കൊണ്ട് വന്നു
പെട പെടക്കാന്‍ ഞാനില്ലേ ഞാനില്ലേ

മന്ത്രി മുഖ്യന്‍ ഹൃദന്ത പുളകിതനായി ആനന്ദ നൃത്തം ചവിട്ടുന്നു...
***

ഭാഗം മൂന്ന്..

രാജാവിന്‍റെ കല്ലറ, ക്ഷമിക്കണം പള്ളിയറ...

മഹാറാണീ, തിരുമുഖം വിഷാദ മൂഖമായിരിക്കുന്നു.. മൊഴിഞ്ഞാലും പ്രിയേ....

പ്രഭോ.. ഈയടുത്ത് ഒരു മഹാപ്രസ്ഥാനം പിറവി കൊണ്ടതായി ഈയുള്ളവള്‍ അറിയുന്നു..

പറയൂ.. ഭവതിയുടെ ഏതു സങ്കടവും നിവര്തിക്കുവാന്‍ പ്രാപ്തനായ കോസല മഹാരാജാവാണ്‌ ഞാന്‍...,

പ്രഭോ, ഈയിടെ കുറച്ചു (കു) ബുദ്ധിജീവികള്‍ ചേര്‍ന്ന് കൊസലീയം എന്നൊരു മോന്തബുക്ക് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നു. എഴുതുന്നവര്‍ക്ക് മാത്രേ അവിടെ കയരിക്കൂട്ടാന്‍ പറ്റൂ..  ഞാനും നമ്മുടെ മാംഗല്യത്തിനു മുന്പ് വലിയൊരു എഴുത്ത് കാരിയായിരുന്നു എന്ന് അങ്ങേക്കറിയാമല്ലോ. എനിക്കും അതിലൊരു മെമ്പര്‍ഷിപ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുകയാണ്...

ഇത്രേയുള്ളൂ... ആരവിടെ ,

ഞാനിവിടെ.....

അതാര്....?

ഞാനാ മഹാരാജന്‍ മന്ത്രിമുഖ്യന്‍ ...

അതെയോ... എങ്കില്‍ മേലാല്‍ ആവര്‍ത്തിക്കരുത്, പള്ളിയരക്കരികില്‍ ഒളിഞ്ഞു നില്‍ക്കുന്നുവോ...

ശീലമായിപ്പോയി മഹാരാജന്‍ ശീലമായിപ്പോയി...

സൂക്ഷിച്ചോളൂ. ഇല്ലെങ്കില്‍ തലയ്ക്കു മുകളില്‍ കഴുത് കാണില്ല,.

കല്ക്കി പിചിയാലും പ്രഭോ...........

എന്ത്?

കല്പിച്ചാലും പ്രഭോ...

നമ്മുടെ മഹാ റാണിയുടെ ആഗ്രഹം സാധിപിച്ചു കൊടുക്കുവാന്‍ താങ്കളെ ഞാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു...

കൃതാര്‍ഥനായി പ്രഭോ കൃതാര്‍ഥനായി ... എങ്കില്‍ അങ്ങ് സിംഹാസനതിലേക്ക് പൊയ്കോളൂ..

എന്ത് ?

അല്ല മഹാരാനിയുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുന്നതിലെക്കായി അങ്ങ്...............

ഹും... എടാ മരമണ്ടന്‍ മന്ത്രീ  ഞാന്‍ രാനിക്കൊരു ഫെസ് ബുക്ക് അക്കൌണ്ടും ഗ്രൂപ്പ് അംഗത്വവും നല്കുന്നതിനെക്കുരിച്ചാണ് പറഞ്ഞത്...

മഹാരാജന്‍... , എന്നാലും....

ഉം എന്ത് പട്ടി മന്ത്രീ... താങ്കള്‍ വിശാടമൂകനാവാന്‍ എന്തുണ്ടായി...

എന്നാലും വെറുതെ കൊതിപ്പിച്ചല്ലോ രാജന്‍..., ആന കൊടുത്താലും ആശ കൊടുക്കരുത് മഹാരാജന്‍, ആശ കൊടുക്കരുത്...

മന്ത്രി മുഖ്യന്‍ കരയുകയോ? കരയാതിരിക്കൂ മഹാ മന്ത്രീ ക്ഷമിക്കൂ എനിക്കൊരു പട്ടു തെറ്റിപ്പോയി പട്ടു തെറ്റിപ്പോയി....!

( വിഷാദ ഭാവം പൂണ്ടു കണ്ണ് നീരൊലിപ്പിച്ചു മഹാരാജാവും മന്ത്രി മുഖ്യനും പരസ്പരം പുണര്‍ന്നു നില്‍ക്കുന്നു.. ഇരുവരുടെയും കണ്ണുകള്‍ സജലം)

***

ഭാഗം നാല് ...

മന്ത്രി മുഖ്യാ...

മൊഴിഞ്ഞാലും മഹാരാജന്‍,

എന്നാലും മഹാറാണി...

തളരരുത് മഹാ രാജന്‍ തളരരുത്...

തളരാതെ എന്ത് ചെയ്യും മഹാമാന്ത്രീ....

ഇന്നും അത് തന്നെ സംഭവിച്ചുവോ രാജന്‍...,

അതെ, മന്ത്രീ, ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നുണ്ട്...

എങ്കിലതൊന്നു വേഗമാവട്ടെ മഹാരാജന്‍..,

എന്ത്?

അല്ല, എല്ലാ പ്രശ്നങ്ങളും വേഗത്തില്‍ ശരിയാവുമെന്നാണ് അറിയാന്‍ ഉദ്ദേശിച്ചത്...

എന്നാലും മഹാറാണി എന്നെ ഫെയ്ക്കെന്നും പറഞ്ഞു അകറ്റി നിര്‍ത്തുന്നത് എനിക്ക് സഹിക്കാനാവുന്നില്ല മന്ത്രീ... സഹിക്കാനാവുന്നില്ല..

എല്ലാം ശരിയാവും മഹാ രാജന്‍, നമ്മുടെ വൈദ്യന്റെ ചികിത്സയില്‍ ആണല്ലോ.

അതാണ്‌ മന്ത്രീ എന്‍റെ ഭയം..  വൈദ്യനെ അവള്‍ ഫെയ്ക്ക് എന്ന് വിളിക്കുന്നതെയില്ല.

സാരമില്ല മഹാ രാജന്‍, ഞാന്‍ റാണിയുടെ അടുതെക്കൊന്നു ചെന്നാലോ...

എന്നിട്ടെന്തു ഫലം...

രാജാവ് ഫെയ്ക്കാനെന്നു ചിന്തിക്കുന്ന റാണി,

റാണി...?

റിയല്‍ രാജാവ് ഞാന്‍ ആണെന്ന് ചിന്തിക്കുന്നുണ്ടോ എന്നറിയാമല്ലോ...

എന്നിട്ടെന്തു ഫലം മന്ത്രിമുഖ്യാ....

അങ്ങനെ ചിന്തിക്കുന്നെങ്കില്‍ ഞാന്‍ എങ്കിലും രക്ഷപ്പെട്ടല്ലോ മഹാരാജന്‍...,

രാജാവ് ബോധം കേട്ട് വീഴുന്നു...





Saturday, October 20, 2012

ഇറോം ശാർമ്മിള...



ഇറോം ...
ഒരു നോവാണ് നീ ...
സ്വതന്ത്ര ഭാരത ഭൂവില്‍
സ്വാതന്ത്ര്യത്തിനായ് -
ത്യാഗം സഹിക്കുന്നവളേ..!

ചിരിച്ചും കളിച്ചും
കലഹിച്ചും സ്നേഹിച്ചും
ജീവിക്കാതെ നീ
സഹോദരര്‍ക്കായി
ജീവിതം നീട്ടുന്നു...!

കത്തുന്നുണ്ട്, നിന്റെ
മിഴികളില്‍ നേരിയൊരഗ്നി
എങ്കിലും പടര്‍ന്നില്ലിതുവരെ-
യതൊരഗ്നി ഗോളമായ്.. !

എഴുത്താണികള്‍
നിനക്ക് ഭ്രഷ്ട് കല്‍പിക്കുമ്പോള്‍
തളരുന്നില്ല നീ ഒഴിയുന്നില്ല
സത്യം നിന്നിലാണെന്ന
പ്രഖ്യാപനം..!

പഠിക്കേണ്ടതുണ്ട് നിന്നില്‍,
സ്വാര്‍ത്ഥ ചിന്തകളില്‍
മൌനം പൂണ്ട മര്‍ത്യരിലേക്ക്
ചോദ്യങ്ങളെറിയുന്നുമുണ്ട് നീ..!

കൂടെയുണ്ടെന്നുറക്കെ ഞാന്‍
വാക്ക് ശരങ്ങളെറിയുമ്പോഴും
കൂടെ നില്‍ക്കുകില്ല നിന്നരികിലെ-
ന്നറിഞ്ഞു ചിരിക്കുന്നു നീ...!

മൊഴിയുവാനൊരു വാ മതി
എഴുത്തിനായെന്റെ പേനയും
നിന്നരികില്‍ വന്നു കൈകോര്‍ത്തു
നില്‍ക്കുവാന്‍ വേണം
ധൈര്യവും ധര്‍മ്മ ബോധവും