Friday, August 2, 2013

നെയ്മയെ കാത്ത്..

സമയം രാവിലെ ഒൻപതുമണിയോടടുക്കുന്നു. വെള്ളിയാഴ്ചകളിൽ വൈകി ഉണരുക പതിവാണ്.

കിടക്കയിൽ നിന്നെഴുന്നേറ്റ് വെറുതെ ജനൽചില്ലുകൾക്കുള്ളിലൂടെ പുറത്തേക്ക് നോക്കി നിന്നു ഏഞ്ചലോ, പുറത്ത് ജബൽ ഹഫീത്തിലെ പാറക്കൂട്ടങ്ങൾ ചുട്ടുപഴുത്ത് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. മണൽക്കാറ്റ് ആഞ്ഞു വീശുന്നുണ്ട്. പൊടിപടലങ്ങൾ പറന്നുയരുന്ന വീട്ടു മതിലിന്റെ ഓരം ചേർന്ന  വഴിയിലൂടെ ഒട്ടകക്കൂട്ടങ്ങൾ കടന്നു പോയി, ഏറ്റവും അവസാനത്തിലായി അവയെ മേച്ചു നടന്ന പാകിസ്ഥാനിയും.

ഹോ എന്തൊരു ചൂടാണ്, എത്ര ആയാസകരമായിരിക്കും ജബൽ ഹഫീത്തിനു മുകളിലെ ഇപ്പോളത്തെ ജീവിതം എന്നോർത്തപ്പോളാണ് മനസിൽ വീണ്ടും വേദനയായി ‘നെയ്മ‘ കടന്നു വന്നത്.

രണ്ട് വർഷങ്ങൾക്ക് മുൻപാണത്, നെയ്മ ഈ നാട് വിട്ടു പോകുന്നതിന്റെ രണ്ടോ മൂന്നോ മാസങ്ങൾക്ക് മുൻപ്..

ജബൽ ഹഫീത്തിനു താഴെ പരന്നു കിടന്ന മരുഭൂമിയിലേക്ക് മിഴികൾ നീട്ടി അവൾ അയാളോട് ചോദിച്ചു.

"ഏഞ്ചലോ..  മരണത്തോട് നിശബ്ദമായി സംസാരിച്ചിട്ടുണ്ടോ നീ??"

"മരണത്തോട് സംസാരിക്കുകയോ? നീയെന്താണ് അർഥമാക്കുന്നത്?"

"മറ്റെന്ത് അർഥമാക്കുവാൻ? മരണത്തോട് സംസാരിക്കുക തന്നെ...! ഞാൻ സംസാരിച്ചിട്ടുണ്ട് പല തവണ, വേദനിച്ചും കരഞ്ഞും സങ്കടങ്ങളുരുവിട്ടും നിശബ്ദമായി ഞാൻ സംസാരിച്ചപ്പോളെല്ലാം എന്റെ കണ്ണിമകളെ, കരളിനെ തഴുകി മരണമെന്നെ ആശ്വസിപ്പിച്ചിട്ടുമുണ്ട്. ഞാൻ സ്നേഹിക്കപ്പെടേണ്ടവനല്ല, വെറുക്കപ്പെടേണ്ടവനാണെന്ന് നിറഞ്ഞ സങ്കടത്തോടെ  അതെന്നെ ഓർമ്മിപ്പിക്കാറുമുണ്ട്."
"സത്യമായും ജീവിതത്തേക്കാൾ ഏറെ ഏറെ കാരുണ്യം സൂക്ഷിക്കുന്ന സുഹൃത്താകുന്നു മരണം."

 കണ്ണെത്താത്ത മരുഭൂമിയുടെ ആഴങ്ങളിലേക്ക് നോക്കിയാണ് അവളത് പറഞ്ഞത്.

ഒന്നും മനസിലാവാതെ ഏഞ്ചലോ അവളെ നോക്കി, പരിചയപ്പെട്ട നാൾ മുതൽ അൽഭുതമായിരുന്നു അയാൾക്ക് നെയ്മ എന്ന പെൺകുട്ടി. അവളുടെ സംസാരം, പെരുമാറ്റം, പലപ്പോളും മുഖത്തേക്ക് ശ്രദ്ധിക്കാതെ, നിർവികാരമായി ദൂരങ്ങളിലേക്ക് കണ്ണുകൾ പായിച്ചുള്ള അവളുടെ സംസാരം, എല്ലാം ഒരൽഭുത കഥയിലെ നായികയെപ്പോലെ അവളെ  മനസിലെഴുതുവാൻ തക്ക  കാരണങ്ങളായിരുന്നു അയാൾക്ക്.

"ഏഞ്ചലോ, ഈ മരത്തണൽ നമുക്കിപ്പോൾ എന്തൊരാശ്വാസമാണല്ലേ, മരുഭൂമിയിലെ കനത്ത ചൂടിൽ ഏറെയൊന്നും വിഷമിക്കാതെ നമുക്കിങ്ങനെയിരിക്കാൻ കഴിയുന്നത് ഇതുള്ളത് കൊണ്ട് മാത്രമാണല്ലോ. എത്രത്തോളം പണം മുടക്കിയാണ് ഈ മരുഭൂവിൽ കുറച്ചു മരങ്ങളെങ്കിലും കാത്ത് സൂക്ഷിക്കപ്പെടുന്നത്. എന്റെ നാട്ടിലെ കഥ മറിച്ചാണ്, ഒരു തൈ നട്ട് രണ്ടോ മൂന്നോ വർഷം അവയെ ഒന്ന് ശ്രദ്ധിച്ചാൽ പിന്നീട് വടവൃക്ഷമായി അത് വളർന്നു പൊങ്ങും. എന്നിട്ടോ ആവശ്യത്തിനും അനാവശ്യത്തിനുമായി ഞങ്ങളതിനെ വെട്ടി മുറിച്ച് കളയുകയും ചെയ്യാറുണ്ട്."

"അങ്ങനെതന്നെയാണ് ജീവിതങ്ങളും. ചിലയിടങ്ങളിലെല്ലാം അവക്ക് പച്ചപ്പാണ്, വളർന്നു പൊങ്ങുവാൻ അവക്ക് പ്രത്യേക പരിചരണത്തിന്റെ ആവശ്യമേയില്ല, മറ്റു ചിലയിടങ്ങളിലാവട്ടെ വരണ്ടുണങ്ങിയ മരുഭൂമിയാകുന്നു ജീവിതങ്ങള്, ഒരു ചെറിയ നോട്ടപ്പിശകു മതിയാവും അവ മണ്ണടിയുവാൻ."

"നിർഭാഗ്യവശാൽ, ഞാൻ മരുഭൂവിലെ ഒരു കുഞ്ഞു ചെടിയാകുന്നു ഏഞ്ചലോ.. നീയാകട്ടെ ജീവിതത്തിന് വളക്കൂറുള്ള മണ്ണിൽ പൊട്ടി വിടർന്ന ഒരു കുഞ്ഞു മരവും.."

അവളുടെ ശബ്ദം ഇടറിയിട്ടുണ്ടെന്ന് അയാൾക്ക് മനസിലായി, അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ ചുവപ്പുരാശി പടർന്നിരുന്നു.

അല്പ നേരം അവർക്കിടയിൽ നിശബ്ദത തളം കെട്ടുവാൻ ആ വാക്കുകൾ കാരണമായി..

അയാൾക്കൊന്നും മനസിലായതേയില്ല, എങ്കിലും അവളുടെ ചുണ്ടുകളിൽ നിന്നും ഉതിർന്നു വീഴുന്ന ശബ്ദ തരംഗങ്ങളുടെ ആസ്വാദകനാകയാൽ ഒട്ടും മുഷിപ്പ് തോന്നിയതുമില്ല. അല്ലെങ്കിലും അവളങ്ങനെയാണ്. എന്തൊക്കെയോ മനസിൽ കണക്കുകൂട്ടി മറ്റെന്തൊക്കെയോ പുറത്തേക്കെയ്തുവിടും. പലപ്പോളും വാക്കുകളുടെ അർഥം ചുരുളഴിച്ചെടുക്കാൻ കഴിയാതെ അയാൾ സ്വയം തോൽവി സമ്മതിക്കുകയും ചെയ്യും.

ഒരുകാര്യം മാത്രം അയാൾക്ക് വ്യക്തമായിരുന്നു. എന്തൊക്കെയോ വേദനകൾ അവളെ വല്ലാതെ അലട്ടുന്നുണ്ട്. അതെല്ലാം മനസ് തുറന്ന് പങ്കുവെക്കുവാൻ അവളാഗ്രഹിക്കുകയും ചെയ്യുന്നു. അപ്പോളൊക്കെ വേദനകളുടെ ഭാണ്ഡക്കെട്ടുകളഴിച്ചിടുമ്പോൾ തനിക്കു നേരെ ഉതിർന്നേക്കാവുന്ന സഹതാപ നോട്ടങ്ങളെ അവൾ വെറുക്കുകയും ചെയ്യുന്നു. തികഞ്ഞ അഭിമാന ബോധം അവളുടെ സങ്കടങ്ങളെ പറയാതെ പറയുവാൻ അവളെ പ്രേരിപ്പിക്കുകയാവാം.

സൂര്യനസ്തമിച്ച് ഭൂമിക്കു മുകളിൽ ഇരുൾ തളം കെട്ടി നിന്നപ്പോൾ അവർ എഴുന്നേറ്റു. തിരിച്ച് നടക്കുമ്പോൾ അവർ പരസ്പരം സംസാരിച്ചതേയില്ല. വീട്ടുപടിക്കലെത്തി അകത്തേക്ക് കടക്കുമ്പോൾ അവൾ അയാളെ നോക്കി ചിരിച്ചു കൊണ്ട് കൈ വീശി..

അവളുടെ വീടും കടന്ന് നടന്ന് നീങ്ങുമ്പോൾ അയാളുടെ ചിന്ത അവളെക്കുറിച്ചായിരുന്നു. ഇത്രയും ബുദ്ധിമതിയും അത്യാവശ്യം വിദ്യാഭ്യാസവും നല്ലൊരു ജോലിയും അവൾക്കുണ്ട്. എന്നിട്ടും എന്തായിരിക്കും അവളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം? എത്രയാലോചിച്ചിട്ടും അയാൾക്ക് അതിനൊരുത്തരം നേടാനായതേയില്ല.

നെയ്മ അയാളുടെ ഹൃദയത്തിൽ ആഴത്തിൽ വേരോടിയ വൃക്ഷമായിരുന്നു. അത്ര വേഗത്തിലൊന്നും അവളെ പറിച്ചെറിയുവാൻ അയാൾക്കാവുമായിരുന്നില്ല. പലപ്പോളും, നെയ്മയും താനും വ്യത്യസ്ഥ രാജ്യക്കാരും മതക്കാരും ആണല്ലോ എന്നോർക്കുമ്പോൾ അയാളുടെ ഉള്ളിലൊരു ഭയം നിറയാറുണ്ട്

മനസിലെ മോഹം അവളെ അറിയിച്ചാൽ സൌഹൃദം പോലും നഷ്ടമായേക്കുമോ എന്ന ഭയം തന്നെയാണ് അയാളെ തന്റെ ഇഷ്ടം തുറന്നു പറയുന്നതിൽ നിന്നും അയാളെ അകറ്റുന്നത്.

അവൾ തിരിച്ചു പോകുന്നതിന്റെ നാലു ദിവസങ്ങൾക്ക് മുൻപാണ് പിന്നീട് തമ്മിൽ സംസാരിക്കാനായത്,

"നെയ്മാ, നിന്റെ ഈ തിരിച്ചു പോക്ക് എന്നെ എത്രത്തോളം ദുഖത്തിലാഴ്ത്തുമെന്ന് നിനക്കറിയാമോ? ഒരു സൌഹൃദ് ബന്ധത്തിന്റെ അവസാനം വരും നാളുകളിൽ തുടങ്ങുകയാവാം. ഒരിക്കലും, ജീവനുള്ള കാലത്തോളം എനിക്ക് എന്റെ സൌഹൃദത്തെ മറക്കാനാവുകയില്ല."

"ശരിയാണ് ഏഞ്ചലോ, ഓരോ തുടക്കത്തിനൊപ്പം തന്നെ എഴുതപ്പെട്ട വിധിയാണ് ഒടുക്കവും, അത് തീർച്ചയായും സംഭവിച്ചല്ലേ മതിയാവൂ. നാം തമ്മിൽ കണ്ട് മുട്ടണമെന്നും പിരിയണമെന്നതും നമ്മുടെ ജന്മത്തോടൊപ്പം തന്നെ എഴുതപ്പെട്ടതാവാം. സത്യത്തിൽ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച ഒരു സ്നേഹവും ഒരിക്കലും അവസാനിക്കുന്നില്ല. ഹൃദയത്തിന്റെ നിലക്കാത്ത ശബ്ദത്തോടൊപ്പം ആ ഓർമ്മകളും തുടിച്ചുകൊണ്ടേയിരിക്കും."

പറയാൻ വന്ന  അവളോടുള്ള ഇഷ്ടം പുറത്തേക്ക് ചാടാതെ അയാളുടെ തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നു.

അല്പനേരത്തെ നിശബ്ദതയിൽ അവരിരുവരും എന്തെല്ലാമോ പറയാതെ പറഞ്ഞുവെച്ചു.

“ഏഞ്ച്ലോ, നിനക്കറിയാമോ എന്നെക്കുറിച്ച്, എന്റെ ബാല്യ കൌമാര കാലങ്ങളെക്കുറിച്ച്?

വിദൂരതയിൽ നിന്നും കണ്ണുകൾ പിന്വലിച്ച് അവൾ അയാളെ നോക്കി ചോദിച്ചു..

"നെയ്മാ, നീ പറയാതെ ഞാൻ എങ്ങനെ അറിയാനാണ്, നീ പറഞ്ഞു വെക്കുന്നത് തന്നെ പലപ്പോളും എനിക്ക് മനസിലാവാറില്ല, പിന്നെയാണ് പറയാതെ പോയ കാര്യങ്ങള്."

അയാൾ ചിരിച്ചു. ഉള്ളിലെ വേദന അയാളുടെ ചിരിയെ വല്ലാതെ പരിഹസിച്ചു നിന്നിരുന്നു.

അയാളെ നോക്കി അവളൊന്നു ചിരിച്ചു. പിന്നെ തുടർന്നു.

"പാകിസ്ഥാനെക്കുറിച്ച് ഏഞ്ചലോ കേട്ടുകാണും, പാകിസ്ഥാനിലെ ചില പ്രവിശ്യകളിലെ നാട്ടുരാജാക്കന്മാരെക്കുറിച്ച് വളരെയൊന്നും നീ കേട്ടുകാണാൻ സാധ്യതയില്ല. കേൾക്കുന്നതിനേക്കാൾ ഭയാനകമായ കാഴ്ചകൾ നിനക്ക് അത്തരം പ്രവശ്യകളിൽ കാണാനാവും. പാക് പോലീസിന് ഒരിക്കലും കടന്നു പറ്റാനാവാത്ത കോളനികൾ. അവിടെ നിയമ പാലനത്തിനെത്തുന്ന പോലീസുകാരന്റെ വിധി മയ്യിത്ത് കട്ടിലിൽ തിരിച്ചുപോകാനായിരിക്കും. അങ്ങനെയുള്ള  ഒരു കൊച്ചു നാട് സവാദ്. ആ സവാദിലാണ് ഞാൻ ജനിച്ചു വീണത്."

"അത്രത്തോളം സുന്ദരമായ ബാല്യകൌമാര ഓർമ്മകളൊന്നും എനിക്കില്ല, ബാല്യവും കൌമാരവും ഭയപ്പെടുത്തുന്ന ദിനരാത്രങ്ങൾ മാത്രം. കലഹപ്രിയരായ അഞ്ച് സഹോദരന്മാരുടെ രണ്ട് സഹോദരിമാരിൽ ഇളയവളാണ് ഞാൻ."

"നിസാരകാര്യങ്ങൾക്ക് പോലും കൊല്ലും കൊലയും ആണത്തത്തിന്റെ പര്യായമായി കണക്കാക്കുന്ന ക്ഷമയുടെ പേരുപോലും നിഷിദ്ധമായ ഒരു നാട്." പല്ലിനു പല്ല് കണ്ണിനു കണ്ണെന്ന തരത്തിൽ വിധി പ്രഖ്യാപിക്കുന്ന ജർഗ്ഗ.

"അക്കാലത്താണ് എന്റെ മൂത്ത സഹോദരനാൽ നാട്ടിലെ പ്രമാണിയുടെ മകൻ കൊല്ലപ്പെട്ടത്. എന്തോ നിസാര വാക്കു തർക്കമായിരുന്നു ആ കൊലക്ക് പിന്നിൽ എന്നാണ് എന്റെ ഓർമ്മ.
പകരം വീട്ടാൻ നടക്കുന്ന അയാളുടെ സഹോദരരെ ഭയന്ന് എന്റെ സഹോദരന്മാർ ഒളിവിൽ പോയി. രാവിലും പകലിലും വാതിൽ മുട്ടുന്ന ശബ്ദം ഹൃദയമിടിപ്പിന് വേഗത കൂട്ടുന്ന ആ ബാല്യത്തിലാവണം മരണവുമായി ഞാൻ നിശബ്ദമായി സംസാരിക്കാൻ തുടങ്ങിയത്."

"മാസങ്ങൾക്ക് ശേഷം ജർഗ്ഗയുടെ വിസ്താരം, ജർഗ്ഗാമാലികിന്റെ വിധിപ്രസ്താവം. കൊല്ലപ്പെട്ടവന്റെ ജീവനു പകരമായി പതിമൂന്നുകാരിയായ എന്റെ ജേഷ്ഠത്തിയെ നാല്പത്തി മൂന്നുകാരനായ കൊല്ലപ്പെട്ടവന്റെ മൂത്ത സഹോദരന് വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു സുൽഹ് വിധി.“

"ഏഞ്ചലോ, ഇന്നും അതെനിക്ക് ഒരാന്തലോടെയല്ലാതെ ഓർക്കാനാവില്ല. സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം ഒരൊറ്റ ദിവസം കൊണ്ട് പൊട്ടിത്തകർന്ന ഒരു പാവം പെൺകുട്ടിയായി, ശത്രുവിന് പകരം വീട്ടുവാൻ മാത്രമായി ഒരു ജന്മം മുഴുവൻ ജീവിക്കാൻ വിധിക്കപ്പെട്ട, എട്ടും പൊട്ടും തിരിയാത്ത എന്റെ ജേഷ്ഠത്തിയുടെ മുഖം. ആ കണ്ണുകളിൽ അന്ന് ഞാൻ കണ്ടത് അറക്കാൻ കഴുത്തിൽ കത്തിവെച്ചു കഴിഞ്ഞ ഒരു കുഞ്ഞാടിന്റെ ദീനതയായിരുന്നു."

അവളൊരു ദീർഘനിശ്വാസമുതിർത്തു.

"വീണ്ടും വർഷങ്ങളുടെ പ്രയാണം. മറ്റൊരു സുൽഹ് വിധിയിൽ എരിഞ്ഞടങ്ങുന്ന എന്റെ ജീവിതം സ്വപ്നത്തിൽ കണ്ട് ഞെട്ടിയുണരുന്ന ഞാൻ."

"ആ ഭയത്തിന്റെ കൌമാരത്തിലാണ് ഞാൻ മുനീറിനെ പരിചയപ്പെടുന്നത്. കോളേജ് പഠനം കൊണ്ട് ആകെ കിട്ടിയ സമ്പാദ്യം. ഒരു ഒളിച്ചോട്ടത്തിന്റെ തുടക്കം. അവനിലൂടെയാണ് ഞാൻ ഇവിടെയെത്തിയത്.   വിവാഹത്തിന്റെ ആദ്യവർഷത്തിൽ തന്നെ മരണത്തിനു മുൻപിൽ കീഴടങ്ങിയ മുനീർ വീണ്ടും എന്റെ ജീവിതത്തിന് നീണ്ട നെടുവീർപ്പുകൾ സമ്മാനിച്ചു.“

"നിനക്കറിയാമോ? തിരിച്ചുപോകാനൊരുങ്ങുമ്പോൾ മനസ് ശാന്തമാണ്, സ്വപ്നങ്ങളും പ്രതീക്ഷകളുമൊന്നുമില്ലാത്ത ഒരു മരുഭൂമി..!"

"കാത്തിരിക്കാൻ ആരുമില്ലെങ്കിൽ ഇനിയെന്തിനാണൊരു തിരിച്ചുപോക്ക്. നെയ്മാ നിന്നെ എനിക്കിഷ്ടമാണ്, എന്റെ ജീവനോളം, അല്ലെങ്കിൽ അതിലുമൊരുപാട്. എന്റെ ജീവിതത്തിലേക്ക് നിന്നെ ക്ഷണിക്കുവാൻ ഞാൻ ഒരുമ്പെട്ടതാണ്."

"നടക്കാൻ വിദൂര സാധ്യതപോലുമില്ലാത്ത ഒരു സ്വപ്നമാണത് ഏഞ്ചലോ. ഞാൻ തിരിച്ചുപോകാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു.."

"എനിക്കറിയാം, അന്യരാജ്യക്കാരനും അന്യമതക്കാരനുമായ ഒരാളെന്ന ചിന്തയല്ലേ നിന്നെ പിന്തിരിപ്പിക്കുന്നത്?"

"ഏഞ്ചലോ, മതങ്ങളുടെ നല്ല വശങ്ങൾ മറക്കപ്പെടുകയും തത്വശാസ്ത്രങ്ങളെ വളച്ചൊടിച്ച് സ്വാർഥ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യപ്പെടുമ്പോൾ ഓരോ മതവിശ്വാസിയും ഏറ്റവും നല്ല നാസ്തികരായി മാറും.“
ആ വേദനയിലും അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി.

"സത്യമായും എനിക്കൊരാളെ കാണേണ്ടതുണ്ട്. എന്റെ സഹോദരിയെ..!  ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നുപോലുമറിയില്ല. ജീവിച്ചിരിക്കുന്നെങ്കിൽ എല്ലാ വേദനകളും പരസ്പരം പങ്കുവെച്ച് കെട്ടിപ്പുണർന്ന് എനിക്കൊന്ന് കരയണം ഏഞ്ചലോ, ഇല്ലെങ്കിൽ ആ കല്ലറക്ക് മുൻപിൽ നിന്നെന്റെ വേദനകൾ പറഞ്ഞൊന്ന് പൊട്ടിക്കരയണം. അതിന് ശേഷം ഞാൻ തിരിച്ചു വരും, മുന്നോട്ട് നയിക്കപ്പെടുന്ന വിധി വീണ്ടും അനുമതി നൽകുമെങ്കിൽ..!“

ജബൽ ഹഫീത്തിലെ പാറക്കൂട്ടങ്ങളുടെ കാഴ്ച കണ്ണുകൾക്ക് അസാധ്യമായി. ഷർട്ടിന്റെ അറ്റം നീട്ടി അയാൾ കണ്ണുകൾ തുടച്ചു. ജനല്പാളികൾ തെല്ലു ദേഷ്യത്തോടെ കണ്ണുകൾ പിൻവലിച്ച് അയാൾ കട്ടിലിൽ ചെന്നിരുന്നു.

“അവൾ വരും, എന്റെ നെയ്മ, ഒരപകടവുമില്ലാതെ അവൾ തിരിച്ചെത്തും. വർഷങ്ങൾ ഏറെ കഴിഞ്ഞാലും എന്റെ മരണത്തിനു തൊട്ടടുത്ത നിമിഷമെങ്കിലും അവൾ എന്നരികിലെത്തും.“

അയാൾ സ്വയം ഉരുവിട്ടുകൊണ്ടിരുന്നു.
===

















15 comments:

  1. മഴക്കിനാവേ...
    കഥ എഴുത്ത് മറന്നുപോയില്ല, മറിച്ച് മനോഹാരിത കൂടിയിരിയ്ക്കയാണെന്ന് പറയാം.
    കഴിഞ്ഞ നാലഞ്ച് കഥകളിലായി എടുക്കുന്ന പ്രമേയങ്ങളിലും എഴുതുന്ന ഭാഷയിലും പുലര്‍ത്തുന്ന ഈ വ്യത്യസ്തത വളരെ നന്നാവുന്നുണ്ട്. കഥയ്ക്ക് കവിതയോട് വലിയ അകലമില്ല ചില വര്‍ണ്ണനകളില്‍.
    എഴുത്തില്‍ ശ്രദ്ധിക്കുകയും രാകിരാകി മൂര്‍ച്ച കൂട്ടുകയും ചെയ്താല്‍ നന്നായി തിളങ്ങിവരും.

    ReplyDelete
  2. പിടിച്ചിരുത്തുന്ന വർണ്ണനകൾ..., മനോഹരമായ രചനാശൈലി . കഥ ഒരുപാടിഷ്ടമായി

    ReplyDelete
  3. തിരിച്ചുവരവ്‌ നന്നായിരിക്കുന്നു.കഥയുടെ ഭാഷ മനോഹരം.എടുക്കുന്ന വിഷയവും പറയുന്ന രീതിയും ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നു. പ്രൌഡ് ഓഫ് യു .

    ReplyDelete
  4. ഇത് ഒന്ന് കൂടി വായിക്കണം

    ആശംസകൾ

    ReplyDelete
  5. കൂടുതൽ പറയാനില്ല - നന്നായി ,ഇഷ്ടമായി / കാരണം .
    പാകിസ്താനികളായ ഒരു പാട് പേരോട് സംബർക്കമുണ്ടായിട്ടുണ്ട്. അവരില പലരോടും അവരുടെ നാടിനെ പറ്റി അറിയാൻ ചൂഴ്ന്നു നോക്കും .. ഇന്ത്യയെ കുറ്റം പറഞ്ഞാല മതി . അവർ നമ്മോടു പറഞ്ഞു തുടങ്ങിക്കൊള്ളും.
    അങ്ങനെ കേട്ട കഥകളില തീര്ച്ചയായും ഒരു നെയ്മ ഉണ്ട് .... പകയുടെ കനലുകൾ എരിയുന്ന പട്ടാന്മാരുടെ ഗാഥകൾ ഉണ്ട്... അടിച്ചമർത്തപ്പെട്ട / മനുഷ്യനായി പരിഗണിക്കപ്പെടാത്ത ഒരു പാട് ജീവിതങ്ങള ഉണ്ട്...... നാട്ടു രാജാക്കന്മാർ ( സർപാഞ്ച് / അല്ലെങ്കിൽ സുപാരി എന്നവർ പേരിട്ടു വിളിക്കും ) . വേദന തോന്നിയിട്ടുണ്ട് . അത് കൊണ്ട് തന്നെ പാകിസ്ഥാനികളോട് അടിസ്ഥാനപരമായി എനിക്ക് ഇഷ്ടമേ അല്ല (വ്യക്തിപരം) ... ഇക്കഥ അറിഞ്ഞു കേട്ടതിന്റെ ആവിഷ്കാരമായ സ്ഥിതിക്ക് വളരെ ഇഷ്ടായി . ....... കൂടുതൽ ഒന്നും പറയുന്നില്ല .. നല്ല ഒരു കഥാകാരൻ ആയി മാറട്ടെ.
    എല്ലാ ആശംസകളും രൈനീ. ( ആശ്വ ഗന്ധവുമായി താരതമ്യം ചെയ്യുമ്പോ ഇത്തിരി / സ്വല്പം പുറകിലാ :D )

    ReplyDelete
  6. എന്റെ റൈനീ, നീയെങ്ങനെയാണീ കഥകൾക്ക് കഥാപാത്രങ്ങളുടെ പേര് കണ്ടുപിടിക്കുന്നത് ? വളരെ രസകരമാണീ കഥ പറയൽ.! കാരണം നമുക്കൊരു പരിചയവും ബന്ധവും ഇല്ലാത്ത ആളുകളും ജീവിതരീതികളും ഉള്ളവരാവുമല്ലോ ?
    അതുകൊണ്ട് അവരെ കുറിച്ച് ഏത് തരത്തിലുള്ള വിവരണവും വിശേഷണങ്ങളും ആകാം, വളരെ കൊതിയോടെയാണ് ഞാനിതിലൂടെ കണ്ണോടിച്ചത്. ചുമ്മാ ഫേയ്സ് ബുക്കിലൂടെ കണ്ണോടിക്കുമ്പോൾ ഇത് കണ്ടതാ, അപ്പോൾ പരിചയമില്ലാത്ത പരിതസ്ഥിതികളുടെ വിവരണം കേൾക്കാം എന്ന ഒരൊറ്റ കാരണം കൊണ്ട് ഇതെടുത്ത് വായിച്ചു.
    നല്ലത് ഇഷ്ടമായി,
    ആശംസകൾ.

    ReplyDelete
  7. പേരും നാളും കഥാപാത്രങ്ങളും സംഭാഷണങ്ങളും നൂറു നൂറാകാം കഥ ഒരു വല്ലാത്ത ലോകം തന്നെ മനോഹരമായ ഒരു കഥയിലൂടെ അത് ഇവിടെ വീണ്ടും വരച്ചിട്ടു

    ReplyDelete
  8. പരിചിതമല്ലാത്ത ചുറ്റുപാടുകളെ ചേർത്ത്‌ കഥയെഴുതുന്ന റൈനിയുടെ മിടുക്ക്‌ താത്പര്യത്തോടെ കാണുന്നു..
    കഥാപാത്രങ്ങളും സംഭാഷണങ്ങളും ആ ചുറ്റുപാടിനുതകുന്ന രീതിയിൽ തന്നെ നീങ്ങികൊണ്ടിരിക്കുന്നു..
    നന്നായിരിക്കുന്നൂ ട്ടൊ..
    സ്ഥലകാല വിഷയത്തെ കുറിച്ച്‌ ഒന്നൂടെ പഠിച്ച്‌ എഴുതിയിരുന്നേൽ ഒരു മികച്ച കഥയിലേയ്ക്ക്‌ എത്തിക്കാമായിരുന്നുവെന്ന് തോന്നുന്നൂ..
    ന്റെ അഭിപ്രായാണു ട്ടൊ..
    നല്ല വായന നൽകിയ റൈനിയ്ക്ക്‌ ആശംസകൾ..സന്തോഷം.

    ReplyDelete
  9. നെയ്മ വരും .... അവന്റെ ശുഭാപ്തി വിശ്വാസം അളവറ്റതാണ്.
    കഴിഞ്ഞ കുറച്ചു മാസങ്ങള്‍. അത് റൈനിയുടെ സര്‍ഗ്ഗശേഷിക്കു നല്‍കിയ മികവ് വളരെ വലുതാണ്‌. ഒരു പാട് നല്ല കഥകള്‍ ഈ ബ്ലോഗ്ഗില്‍ വായിക്കാന്‍ ആവുന്നു എന്നത് വളരെ സന്തോഷം തരുന്നു. തൂലിക ചലിപ്പിച്ചു കൊണ്ടേയിരിക്കുക. ഇനിയും ഒരു പാട് നല്ല സൃഷ്ടികള്‍ പിറക്കട്ടെ. ഭാവുകങ്ങള്‍

    ജനല്‍പ്പാളികള്‍ തെല്ലു ദേഷ്യത്തോടെ കണ്ണുകള്‍ പിന്‍വലിച്ചു അയാള്‍ കട്ടിലില്‍ ചെന്നിരുന്നു... എന്ന വരിയില്‍ .... ജനല്‍പ്പാളികളില്‍ നിന്ന് തെല്ലു ദേഷ്യത്തോടെ... എന്നാണോ എഴുതാന്‍ ഉദ്ദേശിച്ചത്?

    ReplyDelete
  10. നല്ല ഭാഷ .. ആശംസകൾ..

    ReplyDelete
  11. നല്ല ഒരു രചന . അവതരണം നന്നായി .
    കാത്തിരിക്കുവാൻ ആരുമില്ല എങ്കിൽ ഒരു തിരിച്ചുപോക്ക് എന്തിന് ? ... നല്ല ചോദ്യം
    ആശംസകൾ

    ReplyDelete
  12. ഹും .. കൊള്ളാം

    ReplyDelete
  13. സാധാരണക്കാര്‍ക്ക് പരിചിതമല്ലാത്ത പരിസരങ്ങളെ മനോഹരമായി വിവരിച്ചു കൊണ്ടുള്ള ഈ കഥ ഹൃദ്യമായി

    ReplyDelete
  14. മനോഹരമായ രചന റൈനി...

    ReplyDelete
  15. വ്യത്യസ്ഥമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ റൈനിക്കു നല്ല മിടുക്കു തന്നെ, എങ്കിലും ഒന്നു ചോദിച്ചോട്ടേ, സ്ഥിരം ബിംബങ്ങളിൽ നിന്നും എന്തേ മാറാത്തത്...

    ആശംസകൾ

    ReplyDelete