Tuesday, February 28, 2012

അനോണിമസ് പ്രോക്സി

“ഭയപ്പെടേണ്ട സമാധാനമായിരിക്കൂ.. ഞങ്ങൾക്കിടയിൽ വന്ന് നിങ്ങളെ ആരും ഉപദ്രവിക്കില്ല“
ഡൊക്ടറുടെ വാക്കുകൾ അയാളെ തെല്ലൊന്ന് ശാന്തനാക്കിയെന്ന് തോന്നുന്നു. അയാൾ മുന്നിലെ കസേരയിലേക്കിരുന്നു. അപ്പോളും ഭയത്തിന്റെ നേരത്ത സ്ഫുരണങ്ങൾ അയാളുടെ കണ്ണുകളിൽ തിളങ്ങിക്കാണാമായിരുന്നു. കുതറിയോടിയേക്കുമെന്ന ഭയത്താൽ സുരേഷ് അയാളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
തന്റെ മുൻപിലിരിക്കുന്ന ഡൊക്ടറെയും സുരേഷിനെയും അയാൾ മാറി മാറി നോക്കിക്കൊണ്ടിരുന്നു, ആ നോട്ടങ്ങളിൽ അയാളുടെ മുഖഭാവം പലപ്പോളും ശാന്തവും ഭയാനകവുമായി മാറി വന്നു.
“മിസ്റ്റർ ശ്രീരാജ്, നിങ്ങൾ പറയൂ, എന്തിനാണ് നിങ്ങളിങ്ങനെ ഭയപ്പെടുന്നത്? ഇതുവരെ നിങ്ങളെ ആരും ഉപദ്രവിച്ചിട്ടില്ലല്ലോ? എന്നിട്ടും ആരൊക്കെയോ താങ്കളെ ഉപദ്രവിക്കാൻ ഓടിയെത്തുന്നുവെന്ന് നിങ്ങൾ ഭയക്കുന്നതെന്തിന്? “
ശ്രീരാജ് ഡോക്ടറെ സൂക്ഷിച്ചു നോക്കി, മുഖത്തെ ഭയം മെല്ലെ മാറി അയാളുടെ മുഖത്ത് ശാന്തതയുടെ തെളിമ നിറഞ്ഞു വന്നു.
“ഡോക്ടർ, സത്യം പറയൂ.. എനിക്ക് നിങ്ങളെ വിശ്വസിക്കാമോ? അതോ നിങ്ങളും അയാൾ വാടകക്കെടുത്ത പടയാളി തന്നെയാണോ..ഞാൻ എങ്ങനെയാണ് താങ്കളെ വിശ്വസിക്കുന്നത്? “
“ഭയം കളഞ്ഞേക്കൂ, ഞാൻ ആരുടെയും പടയാളിയല്ല സുഹൃത്തെ, ഞാനൊരു ഡൊക്ടറാണ് നിങ്ങളുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്ന ഈ ഭയത്തെ വേരോടെ പിഴുതെറിയുവാൻ ശ്രമിക്കുന്ന ഡൊക്ടർ..”
ശ്രീരാജിന്റെ കണ്ണുകൾ സുരേഷിനു നേരെ നീണ്ടു. ഡൊക്ടറുടെ ഈ വാക്കുകൾ വിശ്വസിക്കാമോ എന്ന ചോദ്യരൂപേണ അയാളെ നോക്കി. ശാന്തമായ മുഖത്തോടെ സുരേഷ് അയാളിൽ ധൈര്യം പകർന്നു.
“മിസ്റ്റർ ശ്രീരാജ്, ഈ ഭയത്തെ നമുക്ക് വേരോടെ പിഴുതെറിഞ്ഞേ മതിയാവൂ. എന്നാൽ രോഗത്തെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനായി ഒരു ഡൊക്ടർക്ക് ഏറ്റവും അത്യാവശ്യം രോഗകാരണം അറിയുക തന്നെയാണ്. താങ്കൾ ഭയപ്പെടാതെ പറയൂ.. നിങ്ങളിൽ ഈ അകാരണ ഭയം നിറഞ്ഞുവന്നതെങ്ങനെയാണ്”
“ഞാൻ പറയാം ഡൊക്ടർ, എല്ലാം ഞാൻ പറയാം. പക്ഷെ എന്റെ മനസ് വല്ലാതെ വേദനിക്കുന്നു, എന്റെ കണ്ണുകളിൽ സുനാമിത്തിരകൾ അടിക്കുന്നതു പോലെ വല്ലാതെ പിടയുന്നുണ്ട്, എന്റെ കാതുകളിൽ തീവണ്ടിയുടെ മുരൾച്ചയാണ്. ആ വേദന മാറ്റുവാൻ ആദ്യം എനിക്കെന്തെങ്കിലും മരുന്ന് നൽകാമോ.. ശാന്തമായി എനിക്കൊന്നും ഓർക്കാനാവുന്നില്ല ഇപ്പോൾ..”
“വിഷമിക്കാതിരിക്കൂ.. ഈ ഗുളിക കഴിച്ചോളൂ നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾക്ക് അല്പ നേരത്തിന് ആശ്വാസം പകരാൻ ഇതിനു കഴിവുണ്ട്.”
ഡൊക്ടർ നൽകിയ മരുന്ന് കഴിച്ചതും അയാൾക്ക് വലിയ സമാധാനം ലഭിച്ചിട്ടുണ്ടെന്ന് ഇപ്പോൾ അയാളുടെ ശാന്തമായ മുഖഭാവം കണ്ടാലറിയാം.
ഇനി എല്ലാം ഓർത്തു നോക്കൂ, എന്താണുണ്ടായതെന്ന് സ്വയം ചിന്തിച്ചു നോക്കൂ..
 ഡൊക്ടർ അയാളെ നോക്കി.
“പറയാം ഡൊക്ടർ എനിക്കെല്ലാം ഓർമ്മിക്കാൻ കഴിയുന്നു ഇപ്പോൾ, അയാളാണ് പ്രശ്നക്കാരൻ, ആ അനോണിമസ് പ്രോക്സി, ഡൊക്ടർക്കറിയാമോ അത് ഹിറ്റ്ലറാണ്. ജർമ്മനിയിലെ ഹിറ്റ്ലർ, അനോണിമസ് പ്രോക്സിയിട്ട് അയാളെന്നെ പലപ്പോളും പിന്തുടരുന്നു, അയാളെന്നെ കൊലപ്പെടുത്തും എനിക്കുറപ്പാണത്..”
“അബദ്ധം പറയാതിരിക്കൂ, ഹിറ്റ്ലർ മരണപ്പെട്ട് കഴിഞ്ഞിട്ട് കാലങ്ങളായിരിക്കുന്നു, അയാളെങ്ങനെയാണ് നിങ്ങളെ അനോണിമസ് പ്രോക്സിയിട്ട് പിന്തുടരുന്നത്.? “
“ഹാ…താങ്കളാണോ ഡൊക്ടർ, താങ്കൾക്കെന്തറിയാം, താങ്കളേതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ, അതിൽ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ഉണ്ടായിരുന്നുവോ.. ഡ്രാക്കുളയും മരിച്ചതായിരുന്നു. എന്നിട്ടും അയാൾ എത്ര പേരെയാണ് കൊന്നു രക്തമൂറ്റിക്കുടിച്ചത്.. അനോണിമസ് പ്രോക്സികൾ പരേതാത്മക്കളാണ് ഡൊക്ടർ, രൂപവും ഭാവവും ഇല്ലാത്തവർ…!  ഡൊക്ടർ ഒന്നും ചോദിക്കാതിരിക്കൂ.. ഞാൻ പറയുന്നത് മുഴുവൻ കേൾക്കുമ്പോൾ ഡൊക്ടർക്കെല്ലാം മനസിലാകുമെന്ന് എനിക്കുറപ്പാണ്.”
ശരി, ഞാൻ ഇടക്ക് കയറി നിങ്ങൾക്ക് ശല്യമുണ്ടാക്കുകയില്ല, നിങ്ങൾ ശാന്തമായി തുടർന്നോളൂ..
“അന്ന് ഞാൻ വല്ലാത്ത കൌതുകത്തോടെയാണ് അയാളുടെ പേജ് കണ്ടത്, ഇന്റർനെറ്റ് തുറന്ന് ആ സൈറ്റിലെ എന്റെ പേജിൽ നിന്നും അയാളുടെ പേജിലേക്ക് കടന്നു ചെന്നപ്പോൾ അയാളുടെ പേജിൽ ഒരു ചതുരക്കട്ടയിൽ ഭൂമി കറങ്ങുന്നുണ്ടായിരുന്നു. താഴെ നീല നിറത്തിൽ കുറെ രാജ്യപ്പേരുകൾ.. എനിക്കെന്തോ വല്ലാതെ കൌതുകം തോന്നി. ഞാൻ ആ കൌതുകം അയാളുമായി പങ്കുവെച്ചപ്പോൾ അയാളെനിക്ക് അതിന്റെ ഗുട്ടൻസ് പറഞ്ഞു തന്നു. ഡൊക്ടർക്കറിയാമോ, ഐ പി ട്രേസർ യന്ത്രമാണത്. വരുന്നവരെയും പോകുന്നവരെയും എല്ലാം അത് കൃത്യമായി എണ്ണി എഴുതി വെക്കും.“
“എന്റെ പേജിലും ആ യന്ത്രം വെച്ചാൽ നന്നായിരിക്കുമെന്ന് എനിക്കപ്പോൾ തോന്നിയതിൽ ഡൊക്ടർക്കെന്നെ കുറ്റപ്പെടുത്താൻ തോന്നുന്നുണ്ടോ?”
“തീർച്ചയായും ഇല്ല മിസ്റ്റർ ശ്രീരാജ്, കൌതുകകരമായത് സ്വന്തമാക്കണമെന്ന് ആരാണിഷ്ടപ്പെടാത്തത്..”
“ശരിയാണ്, ഞാനും ഒരു ഐ പി ട്രേസർ യന്ത്രം എന്റെ പേജിൽ ഫിറ്റു ചെയ്തു. അത് എത്ര രസകരമായ അനുഭവമായിരുന്നുവെന്നോ, ഞാൻ ഉള്ളപ്പോളും ഇല്ലാത്തപ്പോളും എന്റെ പേജിലൂടെ കയറിയിറങ്ങിപ്പോയവരെ മുഴുവൻ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. എന്റെ സന്തോഷത്തിന് അപ്പോൾ അതിരില്ലായിരുന്നു. ഓരോ ദിവസവും എന്റെ പേജ് എത്ര പേരാണ് സന്ദർശിക്കുന്നത് എന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം…. എന്റെ ഡൊക്ടർ... എനിക്കൊരിക്കലും അത് പറഞ്ഞറിയിക്കാനാവില്ലെന്ന് തോന്നുന്നു.“
“ഡൊക്ടർക്ക് കാര്യം മനസിലായില്ലെന്ന് തോന്നുന്നു അല്ലേ.. എന്റെ പേജ് ഏറ്റവും കൂടുതൽ സന്ദർശിച്ചത് അവളായിരുന്നു. ദിവസവും നാലും അഞ്ചും വിസിറ്റ് അവൾ നടത്തുന്നതറിഞ്ഞാൽ ഞാൻ എങ്ങനെ സന്തോഷിക്കാതിരിക്കാനാണ്.അന്നത്തെ എന്റെ സന്തോഷം രാത്രി വൈകുവോളം നീണ്ടു ഡൊക്ടർ,“
“രാത്രി വൈകിയ വേളയിൽ ഞാൻ വല്ലാതെ ചിന്തിക്കാറുണ്ടെന്ന് ഡൊക്ടർക്കറിയാമോ? ഓരോ ദിവസവും ചെയ്തുവെച്ച കാര്യങ്ങളെ നന്നായൊന്ന് അവലോകനം ചെയ്ത് ശരിതെറ്റുകളെ വേർതിരിച്ച് കണക്ക് നോക്കുക എന്നും എന്റെ പതിവാണ്. അന്ന് രാത്രി എന്റെ ചിന്തയിൽ ഏറ്റവുമധികം നീണ്ടു നിന്നത് ഐ പി ട്രേസർ ആയിരുന്നു ഡൊക്ടർ..”
“ഐ പി ട്രേസർ പേജിൽ വെക്കുന്നത് ഒരു തരം ഭയത്തിന് അടിമകളായവർ മാത്രമായിരിക്കുമെന്ന് എന്റെ മനസു പറഞ്ഞു. ഞാൻ ഒരു ഭീരുവാണെന്ന് മറ്റുള്ളവരെ അറിയിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ഡൊക്ടർ, അപ്പോൾ തന്നെ ഞാൻ ആ ഐ പി ട്രേസർ എടുത്ത് നശിപ്പിച്ചു കളഞ്ഞു.”
“പറയൂ.. എന്നിട്ടെന്താണുണ്ടായത്,“ ഡൊക്ടറുടെ വാക്കുകളിൽ വല്ലാത്തൊരു ആകാംക്ഷയുണ്ട്…
“പിറ്റേന്ന്  ഞാൻ പേജിലെത്തിയതും എനിക്കെന്തോ വീണ്ടും ഐ പി ട്രേസർ പേജിൽ വെക്കണമെന്ന് തന്നെ തോന്നി ഡൊക്ടർ, മറ്റുള്ളവർ ഭീരുവെന്ന് കരുതിയാൽ പോലും അവൾ എന്റെ പേജ് ദിവസവും എത്ര തവണ എത്തി നോക്കുന്നുവെന്ന് എനിക്ക് അറിയാൻ വല്ലാത്ത അഭിനിവേശമുണ്ടായിരുന്നു..”
“എന്നിട്ട് താങ്കളത് വീണ്ടും പേജിൽ ഫിറ്റ് ചെയ്തുകാണും അല്ലേ?”
“പറയാം ഡൊക്ടർ, അതിനു മുൻപ് എനിക്കൊരല്പം വെള്ളം നൽകാമോ? എന്റെ തൊണ്ട വല്ലാതെ വരളുന്നു..”
അരികിലെ വാട്ടർ ഡിസ്പെൻസറിൽ നിന്നും സുരേഷ് വെള്ളമെടുത്തു വന്ന് അയാൾക്ക് നേരെ നീട്ടി..
ഒറ്റ വലിയിൽ വെള്ളം കുടിച്ചു തീർത്ത് അയാൾ പറയാനാരംഭിച്ചു.
“ചെയ്തു ഡൊക്ടർ, ഐ പി ട്രേസർ എന്റെ പേജിലിട്ടു ഞാൻ, ഏതൊക്കെയോ നാട്ടിൽ നിന്നും ഞാൻ അറിയാത്ത ആരൊക്കെയോ എന്റെ പേജ് സന്ദർശിക്കുന്നു. എനിക്ക് തെല്ല് സംശയം തോന്നാതിരുന്നില്ല.“
“ആരായിരിക്കും അവർ,“  ഡൊക്ടർ സംശയത്തോടെ അയാളെ നോക്കി
 “ചെകുത്താന്മാർ തന്നെ, അല്ലെങ്കിൽ എന്നെ അറിയാത്തവർക്ക് എന്റെ പേജിൽ എന്ത് കാര്യമാണുള്ളത്..?“
“അന്ന് ഫെയ്സ് ബുക്കിലെ ചൂടൻ ചർച്ചയിൽ ഞാൻ ഹിറ്റ്ലറെ വല്ലാതെ വിമർശിച്ചു, എന്നത്തെയും പോലെ ദിവസ വിശകലനം നടത്തുമ്പോൾ അത് ഒരല്പം കൂടിപ്പോയെന്ന് എനിക്ക് തോന്നാതിരുന്നില്ല ഡൊകടർ, ഹിറ്റ്ലറായാലും അയാളൊരു മനുഷ്യൻ ആയിരുന്നല്ലോ.. എന്നാലും കുറെ പാവങ്ങളുടെ രക്തം തളം കെട്ടിയ ചിത്രം കണ്ടാൽ ആർക്കാണ് നിശിതമായി വിമർശിക്കാതിരിക്കാനാവുന്നത്.”
“എന്നിട്ടെന്താണുണ്ടായത് മിസ്റ്റർ ശ്രീരാജ്….?”
“അന്നു രാത്രി അയാൾ വന്നു ഡൊക്ടർ, എല്ലാവരും ഉറക്കത്തിലായ നേരം നോക്കി അയാളെന്റെ മുറിയിൽ വന്നു. അയാൾ ധീരനും ശക്തിമാനുമായിരുന്നു, ഞാൻ വെറും ഭീരു മാത്രവും എന്നയാൾ ഉറക്കെ പറഞ്ഞു. ചെയ്യാനാവാത്ത കാര്യങ്ങളെ വിമർശിക്കാൻ ഒരു കഴിവിന്റേയും ആവശ്യമില്ലെന്ന് പറഞ്ഞ് അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു.“
“ഹിറ്റ്ലർ താങ്കളുടെ അടുത്ത് വന്നെന്നോ, മിസ്റ്റർ ശ്രീരാജ് അതൊരു സ്വപ്നമായിരുന്നു വെറും സ്വപ്നം”
“ഡൊക്ടർക്ക് അത് വളരെ ഈസിയായി പറയാം. കാരണം അനുഭവിക്കുന്നവൻ ഡൊക്ടർ അല്ലല്ലോ..  ആ രാത്രി വെളുത്തപ്പോൾ എന്റെ പേജിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി, എന്റെ പേജിൽ ഒരു അനോണിമസ് പ്രോക്സി കറങ്ങി നടക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി ഡൊക്ടർ, അനോണിമസ് പ്രോക്സിയെന്നെഴുതിയ ആ അക്ഷരങ്ങൾ മെല്ലെ ഇന്നലെ രാത്രി കണ്ട ഹിറ്റ്ലറുടെ രൂപമായി മാറുകയായിരുന്നു. ഞാൻ ഭയത്തോടെ പിന്നോക്കം മാറി, എത്ര നേരം കഴിഞ്ഞിട്ടാണത് പോയതെന്ന് എനിക്കറിയില്ല ഡൊക്ടർ, കാരണം ഞാൻ അപ്പോൾ തന്നെ ആ സൈറ്റിൽ നിന്നും ഇറങ്ങിപ്പോയി..”
“പിന്നെ ഞാൻ കയറുന്ന നേരങ്ങളിലെല്ലാം ആ അനോണിമസ് പ്രോക്സിയായി അയാളെന്നെ പിന്തുടർന്നു ഡൊക്ടർ, അയാളെന്നെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരിക്കും.“
“ഭയപ്പെടാതിരിക്കൂ മിസ്റ്റർ ശ്രീരാജ്, താങ്കൾ എനിക്കൊപ്പം വരൂ ആ അനോണിമസ് പ്രോക്സി ഇപ്പോൾ ഇവിടെയുണ്ട്, താങ്കൾക്ക് അയാളെ നേരിൽ കാണാം. അത് ഹിറ്റ്ലർ ഒന്നുമായിരുന്നില്ല.“
ഡൊക്ടർ നടന്നു. അയാൾ സുരേഷിന്റെ കൈകളിൽ ഒരു ധൈര്യത്തിനെന്നോണം പിടിച്ച് ഡൊക്ടറെ അനുഗമിച്ചു.
കമ്പികൾകൊണ്ട് അഴികൾ തീർത്ത സെല്ലിനു മുൻപിൽ ഡൊക്ടർ നിന്നു. “സുഭാഷ്…”  ഡൊക്ടർ സെല്ലിനു നേരെ നോക്കി വിളിച്ചു. തടിച്ച് ഉയരം കുറഞ്ഞ ഒരു രൂപം സെല്ലിനു മുൻപിൽ പ്രത്യക്ഷപ്പെട്ടു.
“മിസ്റ്റർ ശ്രീരാജ്, ഇത് മിസ്റ്റർ സുഭാഷ്, താങ്കളെയും താങ്കളെപ്പോലെ പലരെയും പിന്തുടർന്നും സംശയിച്ചും മാനസിക നില തെറ്റിയ ഒരു പാവം മനുഷ്യനാണ് ഇദ്ദേഹം, നോക്കൂ, ഇദ്ധേഹം ഹിറ്റ്ലറൊന്നുമല്ല, താങ്കളെയും മറ്റുള്ളവരെയും ഭയന്നിട്ടാണ് ഇദ്ധേഹം നിങ്ങളെ അനോണിമസ് പ്രോക്സിയുമായി പിന്തുടർന്നത്. പക്ഷെ താങ്കളെ പേടിച്ചയാളെ താങ്കളും പേടിച്ചു എന്ന് മാത്രം.”
“നിർത്തൂ ഡൊക്ടർ, എനിക്കെല്ലാം മനസിലായി..“
ഒരു രോഗിയെ വളരെ നിസാരമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിൽ സ്വയം അഹങ്കരിച്ചു നിന്ന ഡൊക്ടറെയും  ഡൊക്ടറുടെ മിടുക്കിൽ അന്തം വിട്ടു നിന്ന സുരേഷിനെയും അമ്പരപ്പിച്ചു കൊണ്ട് അയാളിൽ നിന്നും വീണ്ടും വാക്കുകൾ പുറത്തു ചാടി…
“താങ്കൾ ഡൊക്ടർ തന്നെ, രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രുരാജ്യത്തിൽ പ്ലേഗ് പടർത്തുന്ന ആണവായുധത്തിനായി ഗവേഷണം നടത്തിയ അതേ ഡൊക്ടർ, ഹിറ്റ്ലറുടെ ചാരൻ, നിങ്ങളെന്നെ മാരക രോഗാണുക്കൾ കുത്തിവെച്ച് രോഗിയാക്കാനുള്ള തത്രപ്പാടിലാണല്ലേ.. നടക്കില്ല ഡൊക്ടർ, നടക്കില്ല,“
പറഞ്ഞു തീർന്നതും അമ്പരന്ന് നിന്ന ഡൊക്ടറെയും സുരേഷിനെയും തട്ടിമാറ്റി അയാൾ ഓടുകയായിരുന്നു.

Monday, February 20, 2012

ഞാവൽ പഴങ്ങൾ.


നഗരത്തിലെ തിരക്കിൽ നിന്നൊഴിഞ്ഞ് ഗ്രാമത്തിന്റെ ശാന്തതയിലേക്ക് നടന്നടുക്കുമ്പോൾ ഓർമ്മക്കൂട്ടിലെ മാടത്തകൾ എന്റെ ചെവിയിലൊരായിരം കൊയ്ത്തുപാട്ടുകൾ പാടിക്കേൾപ്പിക്കുകയായിരുന്നു.

കൊയ്ത്തും മെതിയും വയൽ വരമ്പുകളും നാട്ടുകൂട്ടങ്ങളും സർപ്പക്കാവുകളും മഹാപിതാക്കന്മാരുടെ അൽഭുതകഥകൾ ചൊല്ലിക്കേൾപിക്കുന്ന മുത്തിയമ്മയും ഓർമ്മച്ചിരാതുകളിൽ വെളിച്ചം പകർന്നപ്പോൾ എന്റെ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിന്റെ ഒരായിരം തിരമാലകൾ ഉയർന്നു.

ആ സുന്ദര നിമിഷത്തിലും അഹ്ലാദചിത്തത്തിൽ ആറാടുന്ന എന്റെ മനസിനൊരു നേരിയ പിടയലായി നീ കടന്നുവന്നതെന്തിനാണ്. സന്തോഷത്തിന്റെ വെൺമേഘങ്ങളേറി ശ്യൂന്യതയിൽ ഭാരരഹിതമായ് പറന്നുയരുന്ന നേരങ്ങളിലെല്ലാം താങ്ങാനാവാത്ത വേദനയുടെ, കണ്ണീരിന്റെ ഭാരമായി നീ എന്നും എന്റെ കണ്ണുകൾക്ക് മുൻപിൽ കടന്നുവരാറുള്ളതാണല്ലോ.

വർഷങ്ങൾക്ക് മുൻപ് നടന്നകന്ന ഈ ഗ്രാമഭംഗിയോട് വീണ്ടും അടുക്കുന്ന നേരം മനസിലെ പുസ്തകത്താളുകളിലെ മയില്പീലികൾ പെറ്റുപെരുകുന്ന സുഖത്തിന്റെ ലഹരി ഞാനറിയുന്നു. കൂടി നിന്ന ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നടുക്കുമ്പോൾ നിറഞ്ഞുവന്ന ആകാംക്ഷ ഓർമ്മകളിലെ കാല്പനിക വസന്തത്തിൽ നിന്നും വാസ്തവികത്വത്തിലേക്കെത്തിച്ചു.

“പാറേമ്പാടത്തെ ചീക്കുട്ടിയമ്മയാ, നടക്കാനൊന്നും വയ്യാരുന്നു, ന്നാലും എവിടേം അടങ്ങിയൊതുങ്ങി ഇരിക്കൂല്ലാന്നേ, അല്ലെങ്കിലും സമയവും സ്ഥാനവും ഒക്കെ മുന്നേ നിശ്ചയിച്ചീണ്ടാവൂലോ, എത്തിപ്പെടണ്ടേ സമയാവുമ്പോ………….“
ശ്രീധരേട്ടന്റെ വാക്കുകളിൽ ചീക്കുട്ടിയമ്മയുടെ തിരോധാനത്തിലെ വേദനയും അടുത്തെത്തി നിൽക്കുന്ന മരണത്തിന്റെ ഭയചിന്തയും നിഴലിച്ചിരുന്നുവെന്ന് എനിക്ക് തോന്നി.

ചീക്കുട്ടിയമ്മയുടെ ശരീരം ചുമന്ന് വീട്ടിലെത്തിക്കുന്നതിൽ ഒരുപാട് കൈകൾക്കൊപ്പം എന്റെ രണ്ട് കൈകളും കൂടിച്ചേർന്നു. വർഷങ്ങൾക്ക് ശേഷം ഗ്രാമത്തിന്റെ മധുരം നുണഞ്ഞ് അല്പ ദിവസങ്ങൾക്കായെത്തിയ എന്റെ മനസിൽ എന്റെ പഴങ്കഥയുടെ തമ്പുരാട്ടിയുടെ ശവമഞ്ചം ചുമപ്പിച്ച വിധിയുടെ ക്രൂരതയിൽ എനിക്ക് ദേഷ്യം തോന്നാതിരുന്നില്ല. ചിറകിലെ ഊർജ്ജം നഷ്ടപ്പെട്ട പക്ഷിക്കുഞ്ഞിനെപ്പോലെ എന്റെ മനസ് വെറുതെ തേങ്ങിപ്പിടയുന്നു..

മരണത്തിന്റെയും വേദനകളുടെയും ആ മുറിക്കുള്ളിൽ അവളുണ്ടായിരുന്നു.ഓരോ സന്തോഷത്തിലും എന്റെ മനസിൽ കാരമുള്ളുകൾ കൊണ്ട് കൊത്തി വലിക്കുന്ന അവൾ......
ചിറ്റേടത്തെ ലക്ഷ്മിക്കുട്ടി....
മറ്റുള്ളവരെക്കാൾ മുന്നിലായി നിൽക്കുന്ന അവളുടെ മിഴികളുടെ നീലിമ ഞാൻ കണ്ടു. കാഴ്ചയുടെ പ്രകാശമില്ലാത്ത കണ്ണുകൾക്ക് ഒരു പക്ഷേ സൌന്ദര്യം കൂടുതലായിരിക്കാം. അവളുടെ കണ്ണുകളിലെ വേദനയുടെ പിടച്ചിൽ എനിക്ക് ദർശിക്കാമായിരുന്നു.
ചിറ്റേടത്തെ ഐശ്വര്യ ദേവതയെന്ന വിശേഷണത്തിൽ എല്ലാ സൌഭാഗ്യങ്ങളോടെയും വളർന്നവൾ, ഇന്നീ മരണം മണക്കുന്ന മുറിക്കുള്ളിൽ തേങ്ങുന്നത് ചീക്കുട്ടിയമ്മയുടെ തിരോധാനത്തിലെ വേദനയിലോ അതോ വിധിയുടെ ക്രൂരതയിൽ കണ്ണിലെ അന്ധകാരം മനസിന്റെ അകത്തളങ്ങളിൽ നിറക്കുന്ന ഭയാന്ധകാര എകാന്തതയുടെ കറുത്ത സീൽക്കാരങ്ങളുടെ അലർച്ചകളാലോ. ലക്ഷ്മിയെക്കുറിച്ചുള്ള ചിന്തകൾ എന്റെ ഹൃദയത്തിന് ഭാരം നൽകി.

മരണത്തിന്റെ മണം നിറഞ്ഞ ആ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി നടക്കുമ്പോൾ അല്പദൂരത്തിനിടയിൽ അവളുണ്ടായിരുന്നു.
മനസിലെ കുറ്റബോധമോ സഹതാപ വചനങ്ങളിലെ കാപട്യമോ എന്തോ അവളോട് സംസാരിക്കുന്നതിൽ നിന്നും എന്റെ ചുണ്ടുകളെ വിലക്കിയകറ്റിക്കൊണ്ടിരുന്നു. ഒരായിരം കാഥം അകലെ നിന്നുപോലും വ്യക്തമായി എന്നെ തിരിച്ചറിഞ്ഞിരുന്നവൾ ഇപ്പോൾ കണ്മുന്നിലെ ഒരു മീറ്റർ ദൂരത്ത് നിന്നിട്ടും കാണാനാവാതെ, അറിയാനാവാതെ..

ഒരേ മനസോടെ മോഹങ്ങൾ നെയ്തവർ, ഒരു മെയ്യായി വളർന്നവർ, ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടവർ ഇന്നീ വഴിത്താരയിൽ തികച്ചും അന്യരെപ്പോലെ, ഒരു വാക്കുരിയാടാനാവാതെ എന്നാൽ ഒരായിരം വാക്കുകൾ മനസിൽ ഒളിപ്പിച്ചു നടന്നു നീങ്ങുന്നു. എത്ര വിചിത്രം..! എന്തൊരു വിരോധാഭാസം…!

ജീവിത വഴികളിലെവിടെയോ ആഞ്ഞടിച്ച ഒരു കുഞ്ഞുമാരുതന്റെ ദിശമാറിയത് എത്ര വേഗത്തിലായിരുന്നു.
പതിനേഴാം വയസിലേക്ക് കാൽ വെക്കുന്ന നേരത്തിലായിരുന്നു ദുരന്തങ്ങൾ എന്റെ ലച്ചൂട്ടിയെ വേട്ടയാടിത്തുടങ്ങിയത്. കണ്ണിലെ പ്രകാശനാളങ്ങളെ ഒന്നൊന്നായി ഊതിക്കെടുത്തിയ വിധി അവളുടെ കണ്ണുകളിൽ മാത്രമല്ല ജീവിതമാകെ കറുത്ത പുകമറ തീർത്തു.

നഷ്ടമായ കണ്ണിലെ പ്രകാശത്തെക്കാൾ ഒരു പക്ഷെ അവളെ നോവിച്ചത് അവളുടെ പ്രകാശമായിരുന്ന എന്റെ നഷ്ടമായിരിക്കാം.
മങ്ങിത്തുടങ്ങിയ കണ്ണിലെ പ്രകാശത്തെക്കുറിച്ച് അവളാദ്യം പറഞ്ഞത് തന്നോടായിരുന്നുവല്ലോ. മങ്ങിയ ആ തിരികൾ എത്ര പെട്ടെന്നാണ് പൂർണ്ണമായും അണഞ്ഞ് പോയത്. വിധി മനുഷ്യനെ കീഴടക്കുന്നത് എത്ര വേഗത്തിലാണ്.

“ലച്ചൂട്ടീ,“ എത്ര നിയന്ത്രിച്ചിട്ടും അറിയാതെ എന്റെ ചുണ്ടുകൾ അവളെ വിളിച്ചുപോയി..

“ആരാത്, മണിക്കുട്ടനാണോ, ഇതെപ്പളാ വന്നേ.. എവിടെ ശ്രീദേവി?”

ഒറ്റ വിളിയിൽ നിന്നും എന്റെ ശബ്ദം തിരിച്ചറിഞ്ഞത് എന്നെ തെല്ലും അൽഭുതപ്പെടുത്തിയില്ലെങ്കിലും ഒരു തേങ്ങലിന്റെ പ്രതിധ്വനി കാത്തു നിന്ന കാതുകളെ അൽഭുതപ്പെടുത്തി അവൾ.

“ഞാൻ വന്നതേയുള്ളൂ ലച്ചൂട്ടീ, പഴയ ഓർമ്മകൾ നിറയുന്ന ഈ മണ്ണിൽ അല്പ ദിവസം എല്ലാം മറന്നുറങ്ങാൻ വന്നതാണിവിടെ. പക്ഷെ അയവിറക്കാനുള്ള വേദനിക്കുന്ന ഓർമ്മകളിലൊന്നായി മാറി ചീക്കുട്ടിയമ്മയുടെ ജഡമാണെന്നെ ഇവിടെ സ്വീകരിക്കാൻ കാത്തു നിന്നത്. ജീവിത വഴികളിലെ പാപങ്ങൾക്ക് അനുഭവിക്കാതിരിക്കുക തരമില്ലല്ലോ...

“ജനിച്ചവർക്കെല്ലാം മരണം ഉറപ്പാണല്ലോ മണിക്കുട്ടാ, പിന്നെന്തിനിത്രയും വിഷമിക്കുന്നു, മുളപൊട്ടിയതുമുതൽ പൊഴിഞ്ഞു വീഴുന്നതുവരെ വിശ്രമിക്കാനുള്ള ഒരു സത്രമാണ് ഈ ഭൂമി, സമയമടുക്കുമ്പോളേക്കും എത്തേണ്ട ദൂരം താണ്ടിക്കഴിഞ്ഞിരിക്കണം. അവനാണ് വിജയി”
എന്നെ സമാധാനിപ്പിക്കാനെന്ന പോലെ ലക്ഷ്മിയുടെ ചുണ്ടുകളിൽ നിന്നും വാക്കുകൾ ഒഴുകി വീണു.

“പഴയ തത്വശാസ്ത്രങ്ങൾ, ലച്ചൂട്ടി ഇപ്പോളും ഒന്നും മറന്നിട്ടില്ല അല്ലേ?”

“മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല മണിക്കുട്ടാ, ഓർമ്മകളിലാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗങ്ങൾ ചേർത്തു വെക്കപ്പെട്ടിരിക്കുന്നത്.”

“എന്നാൽ ഒരുപക്ഷെ മറവികളിലാവണം എന്റെ ജീവിതത്തിന്റെ മുഴുത്ത ഭാഗങ്ങൾ നിറക്കപ്പെട്ടിരിക്കുന്നത്. ഓർമ്മകൾ….! അതെന്റെ കണ്ണുകളെ ഈറനാക്കുന്ന ഭയാനക സത്വങ്ങളാവുന്നു. സുന്ദരമായ തുടക്കങ്ങളിലൂടെ ഓർമ്മകൾ എന്നെ മാടി വിളിക്കുന്നു, കൊതിയോടെ ഞാൻ ഓടിയടുക്കുന്ന നേരങ്ങളിൽ രക്തദാഹിയായ രക്ഷസിനെപ്പോലെ അതെന്നെ വല്ലാതെ ഭയപ്പെടുത്തും. ഓർമ്മകളുടെ അവസാനം അതെന്റെ കണ്ണുകളെ വല്ലാതെ നോവിക്കുന്നു, ഹ്രുദയത്തിന്റെ സ്പന്ദനങ്ങൾക്ക് വേഗം കൂടുകയും കരളിൽ കരിമുള്ളുകൾ ആഞ്ഞു തറക്കുകയും ചെയ്യുന്നു.“

“എങ്കിൽ പിന്നെന്തിനാണ് ഓർമ്മകളിലെ പഴങ്കഥകൾ തേടി മണിക്കുട്ടൻ ഈ വഴി വന്നത്. വേദനകളുടെ കൈപ്പു പടരുന്ന വഴികളിൽ നിന്നും മാറി നടക്കാൻ തുനിയാഞ്ഞതെന്തേ?“

ലക്ഷ്മിയുടെ ആ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചതേയില്ല. ജീവിതത്തിലെ കൈക്കുന്ന അനുഭവങ്ങളാണ് മനുഷ്യ മനസുകൾക്ക് ശക്തിയും കരുത്തും നൽകുന്നതെന്ന് തോന്നുന്നു.

“ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചിലപ്പോൾ ആർക്കും കഴിയാറില്ല ലച്ചൂട്ടീ.. എത്ര ശ്രമിച്ചാലും ചില ഉത്തരങ്ങൾ കൂട്ടി വായിക്കുമ്പോൾ അവ തമ്മിൽ വല്ലാത്ത അന്തരങ്ങളായിരിക്കും.“

അല്പ നേരത്തെ മൌനം രണ്ട് മനസുകൾക്കിടയിൽ ഒരായിരം ചിന്തകളുണർത്തുന്നു. പിന്നിട്ട കാല്പാടുകളിലെ ശരി തെറ്റുകളെ മനുഷ്യർ പലപ്പോളും ഇങ്ങനെ വിശകലനം ചെയ്യുന്നുണ്ടായിരിക്കണം. ആപത്തിൽ കൈവിട്ടു കളഞ്ഞ എന്റെ സ്നേഹമെന്ന പദങ്ങളിലെ കാപട്യത്തെക്കുറിച്ചാവാം അവളോർക്കുന്നത്. എന്റെ ചിന്തകളും വ്യത്യസ്തമല്ല.


അന്ധയായ ലച്ചൂട്ടിയെ അവഗണിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിൽ എനിക്കൊരായിരം ന്യായങ്ങൾ നിരത്താനാവും. എന്നാലൊരു പക്ഷെ ആ ന്യായങ്ങളിലെ സത്യസന്ധത സ്നേഹമെന്ന പദത്തിനൊപ്പം വെച്ച് വായിക്കുന്ന നേരങ്ങളിൽ ഒരിക്കലും പരസ്പരം ബന്ധിക്കാനാവാറില്ല. സ്നേഹവും ത്യാഗവും തമ്മിൽ അസാമാന്യമായൊരു ബന്ധം നിലനിർത്തുവെന്ന സത്യത്തെ തിരിച്ചറിയാതിരിക്കാൻ എനിക്കാവുന്നില്ലല്ലോ.

“ശ്രീദേവി എന്തേ വന്നില്ല?“
നിശബ്ദതയുടെ മൂടുപടം ആദ്യം വലിച്ചെറിഞ്ഞത് അവളായിരുന്നു.

“അവൾക്കിനി എന്റെ കൂടെ വരാനാവില്ല ലച്ചൂട്ടീ, അവൾ താണ്ടിത്തീരേണ്ട ദൂരങ്ങളെല്ലാം വളരെ നേരത്തെ താണ്ടിക്കഴിഞ്ഞിരിക്കുന്നു.“

“ഓ..ശ്രീദേവി….? എന്നിട്ടെന്തേ അറിയിച്ചില്ല“

“അനാവശ്യമെന്ന് തോന്നി, മനസിലെ വേദനകൾ ചിലപ്പോൾ ലോകത്തോട് മുഴുവൻ തോന്നുന്ന വിദ്വേഷമായി പരിണമിക്കാറുണ്ടല്ലോ..“

“ഒറ്റപ്പെട്ട ജീവിതം വല്ലാത്ത മുഷിപ്പുണ്ടാക്കാറില്ലേ, എന്നിട്ടും എന്തേ നാട്ടിലേക്കൊന്ന് എത്തി നോക്കാൻ ശ്രമിച്ചില്ല?“

“അറിയില്ല, ഈ ഗ്രാമ ഭംഗി എന്റെ ജീവനാണ് എന്നിട്ടും  ഈ മണ്ണിന്റെ മണം ആവോളം ആസ്വദിച്ച് ഇലഞ്ഞി മരത്തിന്റെ ആ തണുത്ത കോണിലിരുന്ന് ഒന്ന് പൊട്ടിക്കരയാൻ ഇതുവരെ തോന്നിയതുമില്ല…“

“എന്നിട്ടും ഇപ്പോളെന്തേ വന്നു, കരളിന്റെ ആഴങ്ങളിൽ കാലം പുതിയ കൊത്തുപണികൾ നടത്തിത്തുടങ്ങിയോ?“

“ഇല്ല, കാലം എന്റെ തലയിൽ മുൾക്കിരീടമണിയിക്കാൻ പോകുന്നു. അസ്തമനത്തിന് പുതിയ സമയം ഗണിച്ചു നൽകിയിരിക്കുന്നു. കാത്തുവെക്കാനുള്ളവ കാത്തുവെക്കാൻ കാലം അനുവദിച്ചു നൽകിയ അനഘ നിമിഷങ്ങളെ പൂർത്തീകരിക്കാൻ വന്നതാണിവിടെ..“

“മനസിലായില്ല, എന്റെ മനസിലെ മൺ ചിരാതുകൾക്ക് ഇപ്പോൾ പഴയ ശോഭയില്ല, തെളിച്ചു പറയൂ , ഇല്ലെങ്കിൽ മനസിലാക്കാൻ ഞാൻ പ്രയാസപ്പെട്ട് പോവും.“

“എന്റെ മനസിന്റെ പ്രതീക്ഷാമണ്ഡലങ്ങൾക്ക് താക്കീതുകളാവുന്ന യുഗപുരുഷന്മാരുടെ ശാപവചനങ്ങൾ ശ്രവണപഥങ്ങളിൽ മുഴച്ചുകേൾക്കുന്നു. നടന്നുവന്ന സഞ്ചാരപഥങ്ങളിൽ മൂഡ സ്വർഗ്ഗങ്ങൾ പണിതീർത്ത് കാലപ്രവാഹങ്ങൾക്ക് ഭംഗം തീർത്ത അസുരതാണ്ഡവങ്ങൾക്ക് വിധിയുടെ കൈകളിൽ കാലം കൊടുത്തുവിട്ട ദണ്ഡനമുറകൾ അത് ശക്തിയുക്തം എന്നിൽ പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. സഹായികളില്ലാത്ത ഈ ഏകാന്തവഴിത്താരയിൽ വിധിയുടെ ബലിഷ്ടമായ കരങ്ങളിൽ ഞെരിയുന്ന വേദനയിൽ പുളയുമ്പോൾ കാലം എഴുതിക്കൂട്ടിയ ശിക്ഷാവിധികൾ പകർത്തിയ കടലാസുകഷ്ണങ്ങൾ കൈകളിൽ നൽകിക്കഴിഞ്ഞു.

“മരണത്തിന്റെ ഗന്ധം നിറയുന്നതുപോലെ, എന്തേ അങ്ങനെ തോന്നാൻ?“

“മരണത്തിന്റെ ഗന്ധം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു, ദിവസങ്ങളുടെ അല്ലെങ്കിൽ ആഴ്ചകളുടെ അവധി മാത്രം.“

“എന്താണിവിടെ കാത്തുവെക്കാനുള്ളത്, മൌനം നിറയുന്ന രാക്കിളികളുടെ രോദനങ്ങളോ..?“

“അല്ല, വെളിച്ചം പകരുന്ന കുഞ്ഞു ഞാവല്പഴങ്ങൾ..“

“വെളിച്ചം പകരുന്ന ഞാവല്പഴങ്ങളോ? എന്താണത്?“

“ഞാവല്പഴങ്ങൾ തന്നെ വെളിച്ചം പകരുന്ന ഞാവല്പഴങ്ങൾ.. മരണത്തിലും നശിക്കാതെ എനിക്കത് കാത്തുവെക്കണം.“

“എവിടെ ബഹ്റാമിന്റെ കൊട്ടാരത്തിലെ ഏഴു താഴുകളിട്ടു പൂട്ടാവുന്ന സ്വർണ്ണപ്പെട്ടികളിലൊന്നിലോ?“

“അല്ല, പൂർണ ചന്ദ്രനെപ്പോലെ തിളങ്ങുന്ന നിന്റെ മുഖത്തെ പ്രകാശം കെട്ടുപോയ ഈ നേത്രങ്ങളുടെ സ്ഥാനത്ത്.“

“എങ്ങനെ, സഹതാപത്തിന്റെ അവ്യക്തമായ അട്ടഹാസങ്ങളിൽ ചാലിച്ചോ?“

“അല്ല, വിധിക്കും മണ്ണോട് ചേർക്കാൻ വിട്ടുകൊടുക്കുന്നില്ലെന്ന അഭിമാനബോധത്തിന്റെ പശ ചേർത്ത്…“

“നല്ലത്, എങ്കിൽ അതെനിക്ക് നൽകൂ, മരണത്തിന്റെ അവസാന നിമിഷങ്ങൾ വരെ ഞാൻ ആ ഞാവല്പഴങ്ങൾ കാത്തുവെക്കാം. കഴിയുമെങ്കിൽ എന്റെ മരണത്തിനും നശിപ്പിക്കാനാവാതെ മറ്റൊരു മുഖത്തേക്ക് അവയെ മാറ്റി വെക്കാം. പിന്നെയും പിന്നെയും അങ്ങനെ മനുഷ്യനുള്ള കാലത്തോളം അവ അന്ധകാരങ്ങളെ വെല്ലുവിളിക്കട്ടെ.
നടത്തം അവസാനിച്ചു തുടങ്ങി, യാത്രകൾ വിരമിക്കാനും സമയമടുത്തിരിക്കുന്നു. താൽകാലികമായി ലക്ഷ്മിയോട് യാത്ര പറഞ്ഞപ്പോൾ ഉടനെ ലോകത്തോട് മുഴുവൻ പറയാനുള്ള യാത്രയെ ഞാൻ ഓർത്തു. മനസിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടുവോ..?
എങ്കിലും എന്റെ വെളിച്ചം പകരുന്ന ഞാവല്പഴങ്ങൾക്ക് അപ്പോൾ ഒരല്പം തിളക്കം കൂടിയതു പോലെ എനിക്ക് തോന്നി...!

Saturday, February 18, 2012

മതമില്ലാത്ത രക്തത്തുള്ളികൾ

കൊന്നു തള്ളുവീൻ..
അരിഞ്ഞുവീഴ്ത്തുവിൻ..
ആക്രോശങ്ങൾ, അട്ടഹാസങ്ങൾ
മുഴങ്ങിക്കേൾക്കുന്ന മാറ്റൊലികൾ

തെരുവുകളിൽ ചുവന്ന-
രക്തം കലർന്ന മണ്ണിൻ ഗന്ധം
നിളകൾക്കും പുതുവർണ്ണം അരുണിമ
അസ്തമന ശോഭയല്ല..

പത്മ ലോചനം ഭീതിതം
മസ്തിഷ്കങ്ങളിൽ മർമ്മരം
കുഞ്ഞധരം വിറക്കുന്നു വിളിയിനി
അമ്മയെന്നാക്കണോ ഉമ്മയെന്നോ..

വളരുന്നതിൻ മുൻപായ് ഞെട്ടറ്റു-
വീണൊരാ പൂക്കൾക്ക് മുന്നിലായ്
താണ്ഡവമാടുന്ന മനുഷ്യപ്പിശാചുക്കൾ
ദൈവത്തെ വെല്ലു വിളിക്കുന്നവർ..

നിണവും നുണഞ്ഞങ്ങു പതിയെ
പിരിയുമ്പോൾ വൈരികൾ ഖഡ്ഗ-
ത്താലരികിലണഞ്ഞപ്പോൾ വാളുകൾ
മിന്നലായ് വീശിപ്പാഞ്ഞു.

ചികിത്സാലയത്തിൻ വിരിയിട്ട-
കട്ടിലിൽ ജീവനായ് കേണു പിടക്കുമാ
നേരത്ത് ചുടു രക്തം നൽകാനായോടി-
യണഞ്ഞവർ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും..

അരികിലണഞ്ഞില്ലയീ നേരമത്രയും
ദൈവസഹായികൾ* കൊലയാളികൾ
ദൈവത്തെ തുണക്കാനിറങ്ങുന്നവർക്കി-
വിടെയീ മർത്യനെ തുണക്കാനെവിടെ നേരം.

മുസ്ലീമിൻ രക്തം കയറ്റുവാനാകില്ല
മുസ്ലീമിൻ സിരകളിൽ വൈദ്യനോതി
മതമല്ല രക്തത്തിൻ ഗുണമാണ് മാനുഷാ
ജീവനെ എന്നെന്നും കാത്തിടുന്നോർ.

ഹിന്ദുവിൻ രക്തവും കേറ്റുവാനാകില്ല
ഹിന്ദുവിൻ സിരകളിൽ വൈദ്യനോതി
മുത്സിമിൻ രക്തം ഹിന്ദുവിനേകിടാം
കൃസ്ത്യന്റെ രക്തമീ ഇസ്ലാമിക്കും

മനസിലെ ചിന്തകൾ നോക്കിയല്ല-
വരുടെ രക്തത്തിൽ സാമ്യമിതെന്തൽഭുതം
അരുണവും ശ്വേതവുമായുള്ളണുക്കളിൻ
ചേർച്ചയിൽ മാത്രമായ് ജീവൻ കിട്ടി..

ജീവനുമായവർ തിരികെയണഞ്ഞപ്പോൾ
മത ഭീകരന്മാരോ ഓടിയെത്തി
മാനസം നിറയെ വിഷം നിറക്കുമ്പോൾ
ഉള്ളിലെ രക്തമോ കാഴ്ച നൽകി..

മതമല്ല, മാനവ സ്നേഹമാണീ ഭൂവിൽ-
മാഹാത്മ്യമെന്നൊരു തുള്ളി രക്തം തിരിച്ചറിഞ്ഞൂ
ആ നിണത്തുള്ളിയാ മർത്യന്റെ സിരകളിൽ
ആ തത്വശാസ്ത്രം നിറച്ചു വെച്ചു.

മത ഭീകരന്മാരവർ പടിയിറങ്ങി
തെരുവോരമെങ്ങും നടന്നു നീങ്ങി
മർത്യന്റെ മാനസം വിഷലിപ്തമാക്കുവാൻ
അവരിന്നുമീ വഴി നടന്നിടുന്നൂ...

അറിയുക സ്നേഹിതാ ഈ മതമേതുമേ
മാനവ സ്നേഹത്തിൻ ശത്രുവല്ല
മനുഷ്യനെ മനുഷ്യനായ് ദർശിക്കാനാവാത്ത
മർത്യന് മതങ്ങളും അന്യമല്ലോ..