Sunday, September 21, 2014

ഭൈരവൻ..


ചുടലക്കാടിന്റെ കിഴക്കേ അതിരിലെ ആലമരത്തിന്റെ തണല്പറ്റി അയാളുണ്ടായിരുന്നു
ഇന്ന് വൈകുന്നേരം സംസ്കരിക്കാനായി ചിതക്ക് വിറക് കൂട്ടുന്ന പരേതന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നോക്കി അയാൾ അർഥ ഗർഭമായി ഒന്ന് ചിരിച്ചു. പിന്നെ മെല്ലെ എഴുന്നേറ്റ് അവർക്കരികിലെത്തി.

എങ്ങനെ ആയിരുന്നു?“

വാഹനത്തിൽ കൊണ്ട് വന്ന് കൂട്ടിയിട്ട വിറക് കഷ്ണങ്ങളിൽ നിന്നും രണ്ട്  കൈകളിലും ഓരോന്നെടുത്ത് ചിതക്കരികിൽ അടുക്കുന്നതിനിടെ അയാൾ ചോദിച്ചു.

ഹൃദയസ്തംഭനം..”

ഭൈരവന്റെ നീണ്ട ജഡപിടിച്ച താടിയും മുടിയും വസ്ത്രവും  നൽകിയ ദുർഗന്ധം അസഹനീയമായതിനാലാവണം അത് തെല്ല് നീരസത്തോടെയാണ് മധ്യ വയസ്കൻ പറഞ്ഞത്.

ഭൈരവൻ വായ തുറന്നു ചിരിച്ചു. വായിൽ ബാക്കി വന്ന രണ്ട് മൂന്ന് പല്ലുകൾ മഞ്ഞയും കറുപ്പും കലർന്നിരുന്നു.

സമയാവുമ്പോ പോവാതെ പറ്റില്ലാലോ ല്ലേ?“

മുഖത്തെ ചിരി മായ്ക്കാതെ, എങ്കിലും തികഞ്ഞ ഗൌരവത്തിലാണ് ഭൈരവൻ മധ്യവയസ്കനെ നോക്കി പറഞ്ഞത്..

മധ്യവയസ്കൻ അത് കേട്ടതായി ഭാവിച്ചില്ല, ഒരുപക്ഷേ ഇയാളോട് സംസാരിക്കാൻ നിന്നാൽ അയാൾ തന്റെ ശരീരത്തോട് അല്പം കൂടി ചേർന്ന് നിന്നാലുള്ള ദുർഗന്ധം ഭയന്നാവാം, അല്ലെങ്കിൽ ഒരുപക്ഷേ പരേതന്റെ ഏറ്റവും അടുത്ത ആരെങ്കിലുമാവാം..

ചോദ്യത്തിന് ഉത്തരം കിട്ടാത്തതും സംസാരത്തിന് മറുപടിയില്ലാത്തതും  ഭൈരവന് ഇത് ആദ്യമായൊന്നുമല്ല.. അത്തരം നടപടികളിൽ ഭൈരവന് തെല്ലും നിരാശയുമില്ല.

മധ്യ വയസ്കൻ അടുത്ത് നിൽക്കുന്ന ആളെ വിളിച്ചു കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി

ഭാസ്കരാ.”

ഭാസ്കരൻ പോക്കറ്റിൽ നിന്നും നൂറ് രൂപാ നോട്ടെടുത്ത്  കയ്യിൽ ചുരുട്ടി പിടിച്ച് ഭൈരവനരികിലേക്ക് നടന്നു.ഭൈരവന്റെ കയ്യിൽ പിടിച്ച് അയാൾ നോട്ട് അയാളുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു.

.. പൈസ തന്ന് ഒഴിവാക്കാൻ വന്നതാ.. ല്ലേ?”

നന്നായി, ഒഴിവാക്കണം.. മരിച്ചവർക്കറിയാം ഭൈരവന്റെ വില.. മരിച്ചവർക്കേ അറിയൂ ഭൈരവന്റെ വില. ആരും കൂട്ടില്ലാത്ത ആത്മാക്കളാണ് ഭൈരവന്റെ കൂട്ട്.. മരണം വരെ ആർക്കും വേണ്ടി വരില്ല ഭൈരവനെ.. പക്ഷേ നീയൊക്കെ നാളെ ഇവിടെ വരുമ്പോൾ നീയും അറിയും ഭൈരവന്റെ വില..“

ഭാസ്കരന് വേണ്ടായിരുന്നു എന്ന് തോന്നിക്കാണണം.. അയാൾ ഭൈരവനെ ദയനീയമായി നോക്കി..

ക്ഷമിക്കണം, നിങ്ങളെ ഇവിടെ നിന്ന് ഒഴിവാക്കാനൊന്നുമല്ല, ചായ കുടിക്കാൻ ചില്ലറ, അത്  സധാരണ എല്ലായിടത്തും പതിവുള്ളതല്ലേ
.
ഉം, മനസിലായി, ഞാൻ സഹായത്തിന് വന്നപ്പോൾ നിങ്ങൾക്ക് തോന്നി വല്ലതും കിട്ടാനായി പറ്റിക്കൂടിയതാണ് എന്ന് അല്ലേ? മനുഷ്യത്വത്തിന് വില പറയുന്നവൻ തന്നെ മനുഷ്യൻ.. ത്ഫൂ

ഇല്ല സുഹൃത്തെ, അങ്ങനെയൊന്നുമില്ല, നിങ്ങളെ മനസിലാക്കാനാവാതെ പോയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു

വേണ്ട, അതിന്റെ ആവശ്യേ ഇല്ല, ഭൈരവൻ ആദ്യമായല്ല വക കാര്യങ്ങള് കാണണതും കേൾക്കണതും അനുഭവിക്കണതും.. അതൊക്കെ പോട്ടെ  നിസാര കാര്യങ്ങളിൽ ഭൈരവന് തെല്ലും നിരാശ തോന്നാറില്ല, ജീവിതത്തെക്കുറിച്ച് മാത്രം അറിയുന്നവരാണ് നിങ്ങൾ.. മരണശേഷം നമ്മൾ തമ്മിൽ കാണുമ്പോളാവും നാം തമ്മിൽ കൂടുതൽ ശക്തമായ ഒരു ബന്ധമുണ്ടാവുക. ഇന്ന് നിങ്ങൾക്ക് കൂട്ടിന് പലരുണ്ടാവും, അന്ന് നിങ്ങൾക്ക് ഞാൻ മാത്രമാവുമല്ലോ കൂട്ട്..”

ഭാസ്കരൻ ഒരക്ഷരം മിണ്ടാതെ അയാളെ നോക്കി, ഒറ്റ നോട്ടത്തിൽ അധകൃതനെന്നോ ഭ്രാന്തനെന്നോ ഒക്കെ തോന്നുന്ന ഒരു മനുഷ്യൻ, ഒരു സാത്വികനെ പോലെ അർഥവത്തായ സംസാരം, ഇയാളൊരു പണ്ഡിതനാവാം, അല്ലെങ്കിൽ തന്നെ ചുടലയിൽ ആത്മാക്കളുമായി സംവദിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഇയാൾ ഒരു പണ്ഡിതശ്രേഷ്ടനാവാതെ തരമില്ലല്ലോ..

എത്ര വയസായിക്കാണുംഭൈരവൻ ഭാസ്കരനെ നോക്കി

വയസ് അമ്പത്തൊന്നാവും അടുത്ത ചിങ്ങത്തില്, പക്ഷേ കണ്ടാൽ അറുപതിൽ കൂടുതൽ പറയുമെന്നാ ഭാര്യ പറയണേ.. മക്കളൊക്കെ ഒരു കരപറ്റണ വരെ ഒറ്റക്ക് ജീവിത നൌക തുഴഞ്ഞ് കരക്കടുപ്പിക്കാൻ പെടാപ്പാട് പെടുന്നോർക്കെല്ലാം പ്രായത്തിൽ കൂടുതൽ പ്രായം തോന്നിക്കുമല്ലോ

"നിങ്ങളെക്കുറിച്ചല്ല ഞാൻ ചോദിച്ചത്, ജീവിച്ചിരിക്കുന്നവരുടെ വയസും പ്രായവും അറിഞ്ഞിട്ട് എനിക്കെന്താണ്? പരേതന്റെ പ്രായമാണ് ഞാൻ ചോദിച്ചത്.."

എന്റെ പ്രായം വരും..”

ഉയരം?

ആറടിയോളം ഉയരം കാണും, നീളവും വണ്ണവും പാകമായ നല്ല ഒത്ത ശരീരം, പറഞ്ഞിട്ടെന്താ? ഇത്രേയുള്ളൂ മനുഷ്യന്മാരുടെ കാര്യം അല്ലേ?”

ഭൈരവൻ ഒന്നും പറഞ്ഞില്ല, വെറുതെ ചിരിച്ചു. വായിൽ അവശേഷിച്ച പല്ലുകൾ കാട്ടിയ ഒരു ചിരി

അയാൾ പരേതന്റെ രൂപം ഭാവനയിൽ കാണുകയാണെന്ന് തോന്നി. അയാളുടെ മുഖത്ത് ഗൌരവം നിറഞ്ഞു. വീണ്ടും അയാളൊന്നു ചിരിച്ചു. ചുണ്ടുകൾ തുറക്കാത്ത അർഥഗർഭമായ ഒരു ചിരി.

അകലെ നിന്നും പരേതന്റെ ശരീരം വഹിച്ച് ആൾക്കൂട്ടം ശ്മ്ശാനത്തെ ലക്ഷ്യമായി നടന്നു വരുന്നുണ്ടായിരുന്നു.

ഭൈരവന്റെ മുഖത്ത് സന്തോഷവും മറ്റു മുഖങ്ങളിൽ ദുഖവും തളം കെട്ടി നിൽക്കുന്നത് ശ്രദ്ധിക്കാതെ മൃത ശരീരം ശ്മശാന വളപ്പിലേക്ക് കടന്നുവന്നു.

ശരീരം ചിതയിൽ വെച്ച് വിറകുകളടക്കി വെച്ച് ശാന്തിക്കാരൻ കർമ്മങ്ങൾക്ക് നേതൃത്വം നൽകി, പതിനഞ്ചോ പതിനാറോ വയസു തോന്നിപ്പിക്കുന്ന ഒരാൺകുട്ടി, മൃതശരീരം വെച്ച ചിതയെ വലം വെച്ചു നടന്നു, തലയിലേറ്റിയ മൺകുംഭം നിലത്തുവീണുടഞ്ഞു. വിറക്കുന്ന കൈകളോടെ അവൻ ചിതയിലേക്ക് തീ കൊളുത്തി..

മൃത ദേഹത്തെ അനുഗമിച്ച ആളുകൾ ഓരോരുത്തരായി തിരിച്ചു പോയിക്കൊണ്ടിരുന്നു.

നിശബ്ദരായി ദുഖമയമായ മുഖത്തോടെ കടന്ന് വന്നവരിൽ പലരും സംസാരിച്ചും തമാശകൾ പറഞ്ഞു ചിരിച്ചും ശ്മശാന നിശബ്ദതയെ അല്പ നേരത്തേക്ക് ശബ്ദമയമാക്കി കടന്ന് പോകുകയാണ്.

പരേതന്റെ മകനും ഭാസ്കരനും കൂടെ ഒന്നോ രണ്ടോ ആളുകളും മാത്രം ചുടലക്കാട്ടിൽ ഇപ്പോളും നില്പുണ്ട്.. അവരും തിരിച്ചു പോകുവാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭൈരവന് അറിയാം.. 

എത്ര തവണ കണ്ടിരിക്കുന്നു അയാൾ ഇത്തരം കാഴ്ചകൾ..

ഒരേ പോലെ, ഒരു ചെറിയ മാറ്റം പോലുമില്ലാതെ അന്നും ഇന്നും.. 

മരിച്ചു കിടക്കുന്ന മനുഷ്യനും അയാളെ അനുഗമിക്കുന്ന മനുഷ്യരും മാത്രം മാറും, മറ്റെല്ലാം ഒരേ പോലെ, ഓരോ ശവശരീരവുമായി ഇവിടെയെത്തുന്ന ആൾക്കൂട്ടത്തിലും ചിലരുടെ മുഖത്ത് ദുഖമാവും, മറ്റു ചിലരുടെ മുഖത്ത് മേക്കപ്പിട്ട ദുഖത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ അവരുടെ മനസിലെ സന്തോഷം കാണാം. മറ്റു ചിലർക്ക് നിസംഗ ഭാവമെങ്കിലും ദുഖത്തിന്റെ ഒരു പുറം മോടി മുഖത്തും കണ്ണുകളിലും ഒട്ടിച്ചു വെച്ചിരിക്കും. ചിലരുടെ മുഖം പ്രത്യേകമായ ഒരു ഭാവമായിരിക്കും, മുഖത്ത് നിന്ന് ഒന്നും വായിച്ചെടുക്കാനാവാത്ത ഒരു ഭാവം..

ശ്മശാനത്തിൽ അവശേഷിച്ച അവസാന ആളുകളും തിരിച്ചു പോകാനൊരുങ്ങുകയാണ്, മുന്നോട്ട് രണ്ടടി വെച്ച് ഭാസ്കരൻ തിരിഞ്ഞു നിന്നു. എന്തോ ഓർത്തെടുത്തത് പോലെ അയാൾ നടന്ന് ഭൈരവന്റെ അരികിലേക്ക് വന്നു, കൂടെയുണ്ടായിരുന്നവരും അയാളെ അനുഗമിച്ച് പിന്നിൽ വരുന്നുണ്ട്..

സുഹൃത്തെ, ഞങ്ങൾ പോട്ടെ..“ ഭൈരവന്റെ കൈ പിടിച്ച് ഭാസ്കരൻ പറഞ്ഞു.

കുഞ്ഞിനെ സ്കൂളിൽ കൊണ്ട് വന്ന് ക്ലാസിൽ ഇരുത്തി ടീച്ചറോട് കണ്ണുകൾ കൊണ്ട് എന്റെ കുഞ്ഞിനെ നല്ലപോലെ നോക്കണേ എന്നപേക്ഷിക്കുന്ന ഒരമ്മയുടെ അപേക്ഷ ആ മനുഷ്യരുടെ കണ്ണുകളിൽ നിന്നും ഭൈരവന് വായിക്കാൻ കഴിയുന്നുണ്ട്.

ജഡ പിടിച്ച നീണ്ട താടിയും മുടിയും അഴുക്ക് പുരണ്ട് ദുർഗന്ധം വമിക്കുന്ന വസ്ത്രവും ശരീരവും ഒന്നും ഈ നിമിഷം തന്റെ അരികിൽ നിന്നപ്പോൾ അവർക്ക് ഈർഷ്യതയും അസ്വസ്ഥതയും അനുഭവപ്പെടുത്തുന്നില്ലേ എന്ന് ചോദിക്കുവാൻ അയാൾക്കിപ്പോൾ അറിയാതെയോ മറന്നുപോയിട്ടോ അല്ല, എന്നിട്ടും,

അയാൾ അവരെ നോക്കി ചിരിച്ചു. ധൈര്യമായി പൊയ്ക്കോളൂ.. ഞാനുണ്ടല്ലോ എന്ന്  ഒരു ചിരിയിലൂടെ അമ്മക്ക് വാക്ക് കൊടുക്കുന്ന ടീച്ചറുടെ ചിരി..

അവസാനത്തെ ആൾക്കൂട്ടവും ശ്മ്ശാനത്തിന്റെ പടിയിറങ്ങിക്കഴിഞ്ഞതും ഭൈരവൻ ആലിൻ ചുവട്ടിൽ നിന്നെഴുന്നേറ്റു ചെന്ന് പടിയടച്ച് പൂട്ടി.. തിരിച്ചു നടക്കുമ്പോൾ കത്തുന്ന ചിതയെ നോക്കി ചിരിച്ചു കൊണ്ട് കടന്നു പോയി..

മരണവീട്ടിൽ ആളുകൾ ഇറങ്ങി തുടങ്ങുകയായിരുന്നു. ആശ്വാസ വചനങ്ങൾ നൽകി കണ്ണു നിറച്ച് ആളുകൾ ഓരോരുത്തരായി ഇറങ്ങി.

മുൻഭാഗത്ത് ആളുകൾക്കിരിക്കാനായി കെട്ടിയ നീല ടാർപ്പോളിനടിയിൽ നിരത്തിയിട്ട കസേരകളിൽ ഭാസ്കരനും അടുത്ത ബന്ധുക്കളും മാത്രമായി..

ഇങ്ങനെ ഇരുന്നിട്ടെന്താ, വിശപ്പില്ലേ, പോവാനുള്ളോര് പോയീന്നും വെച്ചിട്ട് ജീവനുള്ളോര് തിന്നാതേം കുടിക്കാതേം ഇരുന്നിട്ടെന്താ..” 

ഉമ്മറത്തെ കസേരയിൽ ഇരുന്ന കാരണവർ ആരോടെന്നില്ലാതെ പറഞ്ഞു.

കസേരകളിൽ നിന്നും ആളുകൾ ഭക്ഷണത്തിനായി എഴുന്നേറ്റു

ടാർപോളിനടിയിൽ നിരത്തിയിട്ട രണ്ട് മേശകളിലും ചോറും സാംബാറും പപ്പടവും മറ്റും ആരൊക്കെയോ ചേർന്ന് വിളമ്പി.

ന്നാലും, വല്ലാത്ത ഒരു മരണമായിപ്പോയി ഇത് അല്ലേ

ഭക്ഷണം കഴിക്കുന്നതിനിടയിൽ ദുഖഭാരം വിട്ടുമാറാത്ത ആരോ പറഞ്ഞു.

ചിലർ വെറുതെ തലയാട്ടുകയും ചിലർ വെറുതെ മൂളുകയും ചെയ്തു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന പരേതന്റെ മകനെ ആരോ ഭക്ഷണം കഴിക്കാനായി കൊണ്ട് വന്ന് ഇരുത്തി.. എല്ലാവരുടെയും കണ്ണുകൾ അവനു നേരെയായി..

എന്നാലും ഇവിടത്തെ ശ്മ്ശാനം  ഒരൽഭുതം തന്ന്യാ.. ചെല്യേടത്തൊക്കെ ആകെ കാട് പിടിച്ച്, കണ്ടാ തന്നെ പേട്യാവണ ഒരു കോലത്തിലാവും. ആ മനുഷ്യൻ ഒരു ഭാഗ്യാ ഇവടെള്ളോർക്ക്, സ്വന്തം വീട്ടു മുറ്റം കാത്ത് സൂക്ഷിക്കണ പോലെയല്ലേ ശ്മശാനം കാത്ത് സൂക്ഷിക്കണത് ല്ലേ?”

ഭാസ്കരൻ കൂടെ കൈകഴുകാൻ വന്ന ആളെ നോക്കി പറഞ്ഞു..

ശര്യാ.. സാത്വികനായ ഒരു മനുഷ്യൻ, മനുഷ്യന്മാരുമായി അങ്ങനെ വല്യ ബന്ധമൊന്നുമില്ല അയാൾക്ക്, ആത്മാക്കളാണ് അയാളുടെ കൂട്ട്..“ അയാൾ പ്രതിവചിച്ചു
.
ചുടലക്കാട്ടിൽ ഇരുട്ടിന് ശക്തി കൂടി വരികയായിരുന്നു. ഭൈരവൻ ഒരു ചെറു ചിരിയോടെ എഴുന്നേറ്റു. ആലിന്റെ പിന്നിലായി കരുതി വെച്ച വലിയ ഇരുമ്പ് ദണ്ഡ് കയ്യിലെടുത്ത് ചിതക്കരികിലേക്ക് നടന്നു.

പരേതന്റെ ആത്മാവ് അയാളുടെ ചുറ്റും പറന്നു നടന്നു..

അരുതേ, എന്റെ ശരീരം അശുദ്ധമാക്കരുതേ.. എന്റെ ശരീരത്തെ നശിപ്പിച്ചു കളയരുതേ..”

ഭൈരവന് ചുറ്റും തലങ്ങും വിലങ്ങും നടന്ന് ആത്മാവ് അയാളോട് ദയനീയമായി യാചിച്ചുകൊണ്ടിരുന്നു.

അത്മാവിന്റെ യാചനകളെ വക വെക്കാതെ ഭൈരവൻ മുന്നോട്ട് നടന്നു. ചിതയിൽ അടുക്കി വെച്ച കത്തിക്കൊണ്ടിരുന്ന വിറകു കഷ്ണങ്ങളെ അയാൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഒരോന്നായി തള്ളിയിട്ടു കൊണ്ടിരുന്നു.

ആത്മാവ്  യാചിച്ചു കരയുന്നത് വക വെക്കാതെ വെന്ത മനുഷ്യ മാംസത്തിന്റെ രുചിയോർത്ത് അയാൾ തുള്ളിച്ചാടി, അഘോരി മന്ത്രങ്ങൾ ഉരുവിട്ട് അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു.

കരഞ്ഞു തളർന്ന് നിലത്ത് വീണ ആത്മാവിനെ ഇടം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് അയാൾ ചിതയിലെ വെന്ത മനുഷ്യ മാംസം നുള്ളിയെടുക്കാൻ കൈ നീട്ടുകയായിരുന്നു.







Saturday, September 6, 2014

മൈലാഞ്ചിപ്പൂക്കളുടെ ഗന്ധം..


സൈതാലിക്കാ, എന്താ മീൻ?“

മാന്തൾ, മത്തി, അയില ഒക്കെ ഉണ്ടാർന്നൂ..“

ആഹാ മാന്തള് വലിപ്പമുള്ളതാണോ?“   മാന്തൾ എനിക്ക് പണ്ടേ ഇഷ്ടമുള്ള മീനാണ്. ഞാൻ എഴുന്നേറ്റ് സൈതാലിക്കയുടെ മീൻ കുട്ടക്കരികെ ചെന്നു..

ആഹാ, ഇതിലൊന്നും ഇല്ലല്ലോ?“

അതല്ലടാ മൊയന്തേ അന്നോട് പറഞ്ഞേ മാന്തളും മത്തീം അയലേം ഉണ്ടാർന്നൂന്ന്. മീൻ കയിഞ്ഞപ്പോ ഞാൻ കൊട്ടയും വണ്ടീമൊക്കെ ഒന്ന് കഴുകാന്നൊച്ച് തോട്ടും വക്കത്ത് വന്നതാ..“

അതെന്താ സൈതാലിക്കാ, ഇന്ന് ഇത്രേം വേഗം മീനൊക്കെ വിറ്റുപോയാ?“

അതൊന്നും പറയണ്ട ന്റെ ശംസൂ.. ആ ചെക്കൻ കടലിൽ വീണ് മരിച്ചിട്ട് ഇന്നേക്ക് മൂന്നല്ലേ ആയുള്ളൂ.. അതോണ്ട് പൊന്നാക്കാര് ഓന്റെ മയ്യിത്ത് കിട്ടാതെ ആരേം കടലീ പോകാൻ സമ്മതിക്കണില്ലാത്രേ..“

വണ്ടി സ്റ്റാന്റിൽ വെച്ച് സയ്താലിക്ക ഞങ്ങളിരുന്നിരുന്ന കലുങ്കിൽ വന്നിരുന്നു.

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. സെയ്താലിക്കയുടെ സ്പെഷൽ കടൽക്കഥകൾ കേൾക്കാൻ തയ്യാറായിക്കോളൂ എന്നാണ് ആ ചിരിയുടെ അർഥം.

ശംസൂന്നറിയോ? കടലിന്റൌത്തേക്ക് അടുക്കുമ്പോൾ ഇഷ്ടത്തിന് ചുഴിയോളുണ്ട്, ചുഴീന്ന് പറഞ്ഞാ നല്ല ഒന്നൊന്നാന്തരം ചുഴി. ഇപ്പോ കടല് ന്ന് കേൾക്കുമ്പളേ സൈതാലിക്കാക്ക് പേട്യാ ട്ടോ. പക്ഷേ ഒരു കാലത്ത് ഏറ്റും നല്ല ഏനക്കാരനും ചാട്ടക്കാരനും നീന്തക്കാരനും ഒക്കെ ആയിര്ന്ന് ഈ സൈതാലിക്ക.“

പണ്ട് ഞങ്ങള് പോയ വഞ്ചി, ഞാനാ അന്നൊക്കെ ചാട്ടക്കാരൻ, വലയെറിഞ്ഞാൽ പിന്നെ വഞ്ചീന്ന് ഒറ്റച്ചാട്ടമാ, എന്നിട്ടു വലയും പിടിച്ച് ചുറ്റോട് ചുറ്റും നടന്ന് അയ വിടർത്തി നീർത്തിയിടും, പിന്നെ വന്ന് വഞ്ചിയിൽ കയറി ഞങ്ങളെല്ലാവരും കൂടെ ആഞ്ഞാഞ്ഞ് വലിക്കും."

മഴയും കാറും കോളുമുള്ള ഒരു നശിച്ച ദിവസം..“

ചാടി നീന്തുന്ന എന്നെ പിടിച്ച് ഒരു ചുഴി, ഒറ്റയടി, ന്നട്ട് വിട്ടാ.. ഇല്ല, വീണ്ടും വീണ്ടും അങ്ങനെ മൂന്ന് തവണ ചൊയറ്റിയടിച്ചു കടല്, ഒര് കണക്കിനാ അന്ന് ജീവൻ കിട്ട്യേത്.. ശരിക്കും മയച്ച് പോയി.. അതേ പിന്നെ പേടിയാ എനക്ക് കടലിൽ ഇറങ്ങി ഒന്ന് കുളിക്കാൻ പോലും.. മക്കള് കുളിക്കണ കണ്ടാലോ അതിലും പേട്യാ..“

സയ്താലിക്ക കഥ തുടരുകയാണ്..

കടൽക്കഥകൾ കേൾക്കാൻ നല്ല രസമാണ്, പ്രത്യേകിച്ചും സൈതാലിക്കൻ ടച്ച് കടൽക്കഥകൾ.. എന്നിട്ടും ഓർമ്മകൾ എങ്ങോ മാടി വിളിക്കുന്നു..

മനസ് അകലെ കടൽത്തീരത്തേക്ക് അറിയാതെ പായുന്നു. സൈതാലിക്കയുടെ ശബ്ദം പതിഞ്ഞു പതിഞ്ഞു വരികയും മറ്റെന്തൊക്കെയോ ശബ്ദങ്ങൾ മനസിൽ ജീവൻ വെച്ചുണരുകയും ചെയ്യുന്നു.

അകലെ കടപ്പുറത്തെ മണൽത്തിട്ടയിൽ കാലുകൾ നീട്ടിയിരിക്കുന്ന നേഹയും ഞാനും മനസിലെ ജീവനുള്ള ചിത്രങ്ങളായി മാറുന്നു.

ഞാൻ പറഞ്ഞിട്ടില്ലേ?“

എന്ത്?“

മറന്നു പോയോ?? മൈലാഞ്ചിപ്പൂക്കൾക്ക് മരണത്തിന്റെ മണമാണെന്ന്..“

.. അതാണോ?“

അക്കാര്യത്തിൽ എനിക്ക് നിന്നോട് യോജിക്കുക വയ്യ, മൈലാഞ്ചിപ്പൂക്കൾക്ക് പ്രണയത്തിന്റെ മണമാണ്. വെറുമൊരു പ്രണയഗന്ധമല്ല, കടൽ പോലെ ആഴവും പരപ്പുമുള്ള വിശ്വാസവും തുണയുമാവുന്ന ഉൽകൃഷ്ടമായ പ്രണയത്തിന്റെ ഗന്ധം..“

അവളൊന്നും മിണ്ടിയില്ല, ഇഷ്ടപ്പെടാത്തതു പോലെ എന്നൊയൊന്നു നോക്കുക മാത്രം ചെയ്തു.

പരന്നു കിടക്കുന്ന കടൽ ജലത്തിനു മുകളിലൂടെ മത്സ്യ ബന്ധനക്കാരുടെ ബോട്ടുകൾ കരയിലേക്ക് കുതിക്കുന്നുണ്ടായിരുന്നു. അവക്കിടയിൽ ഒരു വഞ്ചി ബോട്ടുകളുടെ വേഗതയോട് മത്സരിക്കാനാവാതെ വേച്ചും വിറച്ചും തിരമാലകളെ വെല്ലുവിളിക്കാതെ അതിസൂക്ഷ്മം ഇഴഞ്ഞു വരുന്നുണ്ട് വിധിയെ പ്രകോപിക്കാതെ അതിനെ സസൂക്ഷ്മം കീഴടക്കുന്ന ബുദ്ധിമാനായ ഒരു മനുഷ്യന്റെ ജീവിതം പോലെ..

ഞാൻ അവളെ നോക്കി, അസ്തമയ സൂര്യന്റെ ചുവപ്പു രാശി കലർന്ന കവിൾത്തടങ്ങൾ നോക്കി  ഞാൻ മനസിൽ പറഞ്ഞു. നേഹാ നീ തന്നെയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി.

 അവളും കടലിന്റെ മായക്കാഴ്ചകളിലായിരുന്നുവെന്ന് എനിക്ക് മനസിലായി.. ഞാൻ ചിന്തിക്കുന്നതൊക്കെ തന്നെയാവും ചിലപ്പോൾ അവളും ചിന്തിക്കുന്നുണ്ടാവുക.

നേഹാ.. നീയെന്താണ് മിണ്ടാതിരിക്കുന്നത്? മൈലാഞ്ചിപ്പൂക്കൾക്ക് ചിലപ്പോൾ മരണത്തിന്റെ ഗന്ധം തന്നെയാവുമെന്ന് തോന്നുന്നു. ചില കാര്യങ്ങളെക്കുറിച്ച് ചിലർ എന്നും അജ്ഞരാണെന്ന് കരുതിയാൽ മതിയല്ലോ..”

എന്റെ വാക്കുകളാണ് അവളെ നിശബ്ദയാക്കുവാൻ പ്രേരിപ്പിച്ചതെന്നോർത്ത് സ്വയം കീഴടങ്ങുവാൻ തയ്യാറായി..

ഏയ്.. അതൊന്നുമല്ല ശംസൂ.. ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി..”
എന്താണ്? നീ ചിന്തിക്കുന്നത് എന്താണെങ്കിലും എന്നോട് പറയൂ.. നമുക്ക് അതേക്കുറിച്ച് തന്നെ സംസാരിച്ചിരിക്കാമല്ലോ.."

അതിനെക്കുറിച്ച് തന്നെയാണ് ശംസൂ.. നാം ഇപ്പോൾ നടന്നു വന്ന വഴികളിൽ പൂത്തു നിന്ന മൈലാഞ്ചിപ്പൂക്കളെക്കുറിച്ച്, അതിന്റെ ഇലയെക്കുറിച്ച്.. നമ്മുടെ പള്ളിയുടെ ഖബറിസ്ഥാനിൽ തളിർത്ത് നിൽക്കുന്ന, പുതിയ ഖബറുകളുടെ മീസാൻ കല്ലുകളെ ചാരി നിൽക്കുന്ന മൈലാഞ്ചി കൊമ്പുകളെക്കുറിച്ച്..“

മരണമോ മരണവുമായി ബന്ധപ്പെട്ടതോ ആയ ഏത് കാര്യവും എനിക്ക് ഭയമാണ്. എന്നിട്ടും ഇവളെന്തിനാണ് മരണത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ?

വിഷയം മാറ്റാനായി ഞാൻ പറഞ്ഞു

എന്തൊക്കെയാണ് നീ ചിന്തിക്കുന്നത്.. കടലിനെക്കുറിച്ച് നിനക്ക് ചിന്തിച്ചുകൂടേ..

ഒന്നോർത്തു നോക്കൂ നേഹാ.. നാം ജീവിക്കുന്ന കരയിൽ ഇത്രത്തോളം വൈവിധ്യമായ ജന്തുസസ്യജാലങ്ങൾ ഉണ്ടെങ്കിൽ ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും പരന്ന് കിടക്കുന്ന സമുദ്രത്തിൽ എത്രത്തോളം ജീവജാലങ്ങളുണ്ടാവും അല്ലേ?“

എത്രത്തോളം ജീവജാലങ്ങളുണ്ടോ അതിനടുത്ത് സംഖ്യ തന്നെ മയ്യിത്തുകളുമുണ്ടാകും ശംസൂ..” അവൾ ചിരിയോടെ എന്നെ നോക്കി..

എനിക്ക് വല്ലാത്ത ഈർഷ്യതയാണ് തോന്നിയത്..

 “പോസിറ്റീവായി ഒരു വാക്കും നിന്റെ വായിലില്ല, നെഗറ്റീവ് എനർജി മനസിൽ നിറക്കാനേ സംസാരം  ഉപകരിക്കൂ.. മതി വാ എഴുന്നേൽക്ക്.. നമുക്ക് പോകാം..”

അവൾ എഴുന്നേറ്റു.. എന്റെ വലത് കയ്യിൽ അവളെടെ രണ്ടു കൈകൾ കൊണ്ടും മുറുകെ പിടിച്ചു ചിരിക്കാൻ തുടങ്ങി..

എന്റെ ശംസൂ.. എനിക്കറിയാം, നിനക്ക് മരണമെന്ന പദം പോലും പേടിയാണെന്ന്. നീയെന്നോട് അത് തുറന്ന് സമ്മതിക്കില്ലെങ്കിൽ പോലും.. നിന്റെ വീട്ടിൽ വരുമ്പോളൊക്കെ ഉമ്മ ഇക്കാര്യം എന്നോട് പറയും. ശംസുവിന്റെ മരണ ഭയവും പറഞ്ഞ് ഞങ്ങളെത്ര ചിരിക്കാറുണ്ടെന്നോ?“

ശരിയാണ് നേഹാ, മരണത്തെ എനിക്ക് ഭയം തന്നെയാണ്, വലിയ വലിയ വർത്തമാനം പറയാൻ കഴിയുമെങ്കിലും ആർക്കാണ് മരിക്കാൻ ഭയമില്ലാത്തത്..”

"എനിക്കൊരു പേടിയും ഇല്ല ശംസൂ.. ജനിച്ചാൽ മരണം ഉറപ്പാണ്,"

ആ സംസാരത്തിനു ശേഷം മൂന്ന് വർഷങ്ങളെടുത്തു  അവളുടെ ജനനത്തിനൊപ്പവും മരണം എഴുതി വെക്കപ്പെട്ടിരുന്നു എന്ന ആ സത്യം അനുഭവവേദ്യമാകുവാൻ..

***
കിടന്നിട്ട് ഉറക്കം വരുന്നതേയില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകളടച്ച് എല്ലാ ചിന്തകളേയും മറന്നു കളയുവാനുള്ള പാഴ്ശ്രമങ്ങൾ, ഒരു ദിവസത്തെ ശോകാർദ്രമായ ചിന്തകൾ മുഴുവൻ ഒരൊറ്റ സെകന്റിൽ മറന്നുകളയുന്നത് എങ്ങനെയാണ്.?

വാതിൽ തുറന്നു പുറത്തെ സിറ്റൌട്ടിലിരുന്നു പുറത്തെ ഇരുട്ടിൽ പെയ്തുവീഴുന്ന മഴത്തുള്ളികളുടെ അവ്യക്തമായ നിഴൽ രൂപങ്ങളെ നോക്കി എത്ര നേരമിരുന്നു? അറിയില്ല, വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികൾ പുറത്തെ മഴവെള്ളത്തിൽ ഒലിച്ചു നടക്കുന്നുണ്ട്.

സത്യത്തിൽ എന്താണ് തന്റെ പ്രശ്നമെന്നും, വിഷമമെന്നും തിരിച്ചറിയുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ജനനത്തിനൊപ്പം തന്നെ എഴുതിവെക്കപ്പെട്ട മരണം, ഒരു സെകന്റ് പോലും അതിന്റെ ദൈർഘ്യം കൂട്ടാനോ കുറക്കാനോ കഴിയില്ലെന്നിരിക്കെ എല്ലാം ഒരു പാഴ്ചിന്തയാണെന്ന് തിരിച്ചറിയാൻ കഴിയുമ്പോളും ലാഘവമായി ചിന്തിക്കുവാനോ മറന്നു കളയുവാനോ കഴിയാത്ത ചില നിമിഷങ്ങൾ..!

വാതിൽ ചാരി വെച്ച് കുട നിവർത്തി മുറ്റത്തേക്കിറങ്ങി നടന്നു. കടപ്പുറത്തേക്കുള്ള വഴിയരികൾ മൈലാഞ്ചിച്ചെടികൾ പൂത്തു നിൽക്കുന്നുണ്ട്.  മൈലാഞ്ചിപ്പൂക്കളുടെ രൂക്ഷമായ ഗന്ധം തലച്ചോറിലേക്ക് അടിച്ചു കയറുന്നത് പോലെ.. തല വേദനിക്കുന്നു..

നിശബ്ദമായ രാത്രിയിൽ തിരമാലകളുടെ ശബ്ദം ഭയാനകമായി തോന്നി, കടലിന്റെ ആഴങ്ങളിലേക്ക് വെറുതെ കണ്ണുനട്ട്  മണൽ‌പ്പരപ്പിൽ കാലുകൾ നീട്ടിയിരുന്നു. ഇടക്കിടെ മണലിൽ കുഴി തീർത്ത് ആഴത്തിലേക്ക് ഇറങ്ങി പോകുന്ന  ഞണ്ടുകളും കുനിയകളും മാത്രമുണ്ട് ഈ തീരത്ത് കൂട്ടിന്..

എത്ര നേരം ആ ഇരിപ്പിരുന്നുവെന്നറിഞ്ഞു കൂടാ, തിരമാലകൾക്ക് മുകളിൽ വെളുത്ത രൂപം പ്രത്യക്ഷമായി, അടുത്ത് വരും തോറും അതൊരു സ്ത്രീ രൂപമാണെന്ന് വ്യക്തമായി തുടങ്ങി.

കയ്യിലൊരു പിടി മൈലാഞ്ചി പൂക്കളുമായി നേഹ അരികിൽ വന്നിരിക്കുന്നു, ആ പൂക്കൾ എന്റെ നേരെ നീട്ടി അവൾ പറയുന്നു..
“ശംസൂ.. ഇത് സ്വീകരിക്കൂ, ഈ മൈലാഞ്ചിപ്പൂക്കൾ സത്യത്തിൽ  ഇതിനു മരണത്തിന്റെ ഗന്ധമേയല്ല, പ്രണയത്തിന്റെ വശ്യഗന്ധം തന്നെയാണ്..“

എന്റെ കൈകളിലിരുന്ന് ആ മൈലാഞ്ചിപ്പൂ‍ക്കൾ വിറച്ചു..

 “ഇല്ല, നേഹാ, സത്യമായും  മൈലാഞ്ചിപ്പൂക്കൾക്ക് മരണത്തിന്റെ ഗന്ധം തന്നെയാണ്..“

നീയാണ് ശരി, അല്ല ഞാനാണ് ശരി എന്ന വാദപ്രതിവാദങ്ങൾക്ക് സമയം തികഞ്ഞതേയില്ല, അതിനും ഏറെ മുൻപേ മനസിലെ ചായക്കൂട്ടുകളിലെ മഷി തീരുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..