Monday, June 25, 2012

നിറം മങ്ങിയ വിളക്കുകൾ..!

മുന്നോട്ടുള്ള ജീവിതം നീണ്ടു നിവർന്നു കിടക്കുന്നു, ശ്യൂന്യമായ കൈകളോടെ മുന്നോട്ടുള്ള യാത്രകളിൽ തുണയായിരുന്ന പ്രതീക്ഷകൾക്ക് അർബുദം ബാധിച്ചിരിക്കുന്നു. പ്രതീക്ഷകളും സ്വപ്നങ്ങളും ഇപ്പോൾ വല്ലാത്തൊരു ഭാരമാണ്. പിന്നിട്ട വഴികൾ മുന്നോട്ടു നടത്തിയിരുന്ന പ്രത്യാശകൾ ഇപ്പോൾ മനസിൽ നിരാശയുടെ വിത്തുകൾ മുളപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. കരയായിക്കിടന്ന മനസിലെ തീരപ്രദേശങ്ങൾ തിരയുടെ ശക്തമായ പ്രഹരങ്ങളാൽ കീഴടക്കി കടലെടുത്തു കഴിഞ്ഞിരിക്കുന്നു. മുന്നോട്ടുള്ള യാത്രകളിൽ ഇനി പ്രണയത്തിന്റെ നനു നനുത്ത തലോടലുകളില്ല. ഒറ്റപ്പെടലുകളുടെ ഈ കയത്തിൽ വിള്ളൽ വീണ കൊച്ചു നൌകയുമായി ജീവിതം കരക്കടുപ്പിക്കുക ശ്രമകരമായൊരു ജോലി തന്നെയാണെന്ന് തോന്നുന്നു.

അസ്വസ്ഥമായ മനസുമായി പുത്തനാറിന്റെ കൊച്ചു പാലം കടക്കുമ്പോൾ താഴെ പുരവഞ്ചി ചന്തക്ക് പുറപ്പെടാനുള്ള തിരക്കിലായിരുന്നു


“സുധി, ടൌണിലെത്താൻ തിരക്കില്ലാച്ചാൽ വന്നോളൂ ട്ടോ.. നമുക്ക് നാട്ടു വർത്തമാനം പറഞ്ഞ് മെല്ലെ തുഴയാം.“


മുന്നോട്ട് നീങ്ങുന്ന യാത്ര എന്തിനു വേണ്ടിയെന്നോ എവിടേക്കെന്നോ തീരുമാനിച്ചുറപ്പിക്കാത്തതിനാൽ മയമാലിക്കയുടെ ക്ഷണം സസന്തോഷം സ്വീകരിച്ചു.


പാലമിറങ്ങി മേൽക്കൂര കെട്ടിയ വഞ്ചിക്കുള്ളിലേക്ക് കാലെടുത്തു വെക്കുമ്പോൾ കുഞ്ചുവേട്ടന്റെ കൈകൾ എന്റെ നേരെ നീണ്ടു. ആ കൈകളിൽ പിടിച്ച് അകത്തേക്ക് കയറുമ്പോൾ കുഞ്ചുവേട്ടന്റെ മുഖത്തെ പുഞ്ചിരിക്ക് മനോഹരമായ ഒരു പുഞ്ചിരി മടക്കി നൽകാൻ ഞാൻ മറന്നില്ല.


“സുധീടെ കാര്യം ഞങ്ങളെപ്പളും പറയും. എങ്ങനാ പറയാണ്ടിരിക്ക്യാ,ഇങ്ങടെ ജീവിതം വല്ലാത്തൊരു നാടകം തന്ന്യാണല്ലോ, ന്നാലും നാട്ടീ വന്നിട്ട് ഇങ്ങോട്ടൊന്ന് കാണാണ്ടിരിക്കണത് വല്യ വെഷമന്ന്യാ..“ മയമാലിക്കയുടെ വാക്കുകളിൽ കേട്ട പരിഭവം മുഖത്തും വ്യക്തമായിരുന്നു.


“ഒന്നുമുണ്ടായിട്ടല്ല മയമാലിക്കാ, പുറത്തിറങ്ങാനോ ആരെയെങ്കിലും കാണാനോ സംസാരിക്കനോ മാത്രം മനസ് പാകമായിരുന്നില്ല, അത് ശാന്തവുമായിരുന്നില്ല. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടു മുട്ടലുകൾ പോലും സന്തോഷകരമാക്കാനാവുന്നതല്ലെങ്കിൽ ആ കൂടിക്കാഴ്ചകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് തോന്നി..”


മൂന്നു ജോഡി ചുണ്ടുകളിൽ അല്പ നേരത്തേക്കെങ്കിലും മൌനത്തിന്റെ വിഷവിത്തു പാകാൻ ആ വാക്കുകൾക്ക് കഴിവുണ്ടായിരുന്നുവെന്ന സത്യം എന്റെ മനസിനെ അല്പം നോവിക്കാതിരുന്നില്ല. ഒഴിവാക്കാമായിരുന്നു. സന്തോഷത്തിന്റെ അഭിനയലോകം തന്നെയാണ് വേദനകളുടെ യഥാർഥ ലോകത്തേക്കാൾ മഹത്തരമെന്ന് തോന്നുന്നു. നിരാശ നിറഞ്ഞ എന്റെ കണ്ണുകൾ പുറം കാഴ്ചകളിലേക്ക് മെല്ലെ തിരിഞ്ഞു. അല്ലെങ്കിലും നിരാശയുടെ നിമിഷങ്ങളിലാണല്ലോ പ്രകൃതിയെക്കുറിച്ച് മനുഷ്യൻ ഇപ്പോൾ ഓർമ്മിക്കുന്നതു പോലും.


ചാഞ്ഞും ചെരിഞ്ഞും നീങ്ങുന്ന വഞ്ചിയുടെ ചലനം ജലകണികകളെ മെല്ലെ ചലിപ്പിക്കുന്നുണ്ട്. കൌതുകത്തോടെ ഏതോ ബാലൻ ഒഴുക്കി വിട്ട കൊച്ചു കടലാസു തോണിയുടെ വേഗം കൂട്ടാൻ എന്ന പോലെ എങ്ങുനിന്നോ ഒരു കാറ്റു വന്നു. ലക്ഷ്യമേതുമില്ലാതെ വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്ന ആ കടലാസു തോണി എന്റെ ജീവിതത്തിന്റെ നേർചിത്രം പോലെ തോന്നി.


ഇളകുന്ന വെള്ളം ഇടക്കെങ്കിലും ദുർഗന്ധത്തിന്റെ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പ്രകൃതിയെ അറിയാതെ ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ ചെയ്തികൾ ഈ കായലോളങ്ങളെ വല്ലാതെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. പട്ടണങ്ങളുടെ പകിട്ടാർന്ന ജീവിതങ്ങൾക്ക് തങ്ങളുടെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളായിരിക്കുന്നു നമ്മുടെ ഓരോ നദികളുമെന്ന് തോന്നുന്നു.


“അവളെ കണ്ടില്ലേ, ഇത്രേടം വന്നിട്ടും..“

കുഞ്ചുവേട്ടന്റെ ചോദ്യമാണ് മൌനത്തിന്റെ മൂടുപടം തകർത്തെറിഞ്ഞത്.


“ഇല്ല.. “


“എന്തേ.. മറന്നിട്ടുണ്ടാവില്ലല്ലോ ഒന്നും ഇതുവരെ ല്ലെ” കുഞ്ചുവേട്ടന്റെ ആ വാക്കുകളിൽ നിഴലിച്ച ദുഖം ആത്മമാർഥമാണെന്നു തന്നെ എനിക്കു തോന്നി.


“ഒന്നുമില്ല, വേണ്ടെന്ന് തോന്നി.. ചില കണ്ടു മുട്ടലുകളെങ്കിലും വേദനകളാണല്ലോ..”


“നന്നായി.. സുധി, എല്ലാം മറക്കുന്നത് തന്ന്യാ നല്ലത്.. ഇനീപ്പോ എന്തിനാ..”


മയമാലിക്കയുടെ സ്വരത്തിൽ ഓർമ്മകളെ കൊന്നു കളയാനുള്ള കല്പനകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എന്റെ മനസു പറഞ്ഞു. അല്ലെങ്കിൽ തന്നെ നഷ്ടപ്പെടുന്നതൊന്നും തിരിച്ചു കിട്ടാറില്ല, ഓർമ്മകൾ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ സൃഷ്ടിക്കാറുണ്ട്,. ആഗ്രഹങ്ങൾ നിരാശകളെയും. വേണ്ട മറവിയുടെ ഖബറിടങ്ങളിൽ ഉറങ്ങുന്നതെല്ലാം ശാന്തമായുറങ്ങട്ടെ.. പുതിയൊരു ചിന്തയിൽ അവക്കൊരിക്കലും ജീവൻ കൊടുക്കേണ്ടതില്ല.


“അവൾക്കിപ്പോ സുഖാ…ന്നാലും ചീരുവേട്ടത്തീടെ കാര്യാ കഷ്ടന്നെ..”

മനസ് ചോദിച്ച ചോദ്യത്തിനുത്തരം കുഞ്ചുവേട്ടന്റെ ചുണ്ടുകളിലൂടെ ഒഴുകിയെത്തി.


“ഇപ്പോളും ജീവനോടെയുണ്ടോ ചീരുവമ്മ??“


“ജീവനുണ്ടെന്ന് പറയുന്ന മൃതശരീരം തന്നെ..“ “ഇതുവരെ കണ്ടില്ല അല്ലേ..“ മയമാലിക്ക സംശയത്തോടെ നോക്കി..“


“ഇല്ല, കണ്ടില്ല, ആരെയും.. കാണണമെന്ന് തോന്നി ഓടിയെത്തിയത് ഈ മണ്ണിനെ മാത്രമായിരുന്നു മനുഷ്യരെയല്ല.”


“ന്നാലും ഒന്ന് കാണാരുന്നു.. കാലമുണക്കാത്ത മുറിവുകൾ പാടില്ലല്ലോ..”


കുഞ്ചുവേട്ടന്റെ വാക്കുകൾക്ക് മറുപടി കൊടുത്തില്ല. മനസ് മറക്കാൻ ശ്രമിച്ച പഴയ ഓർമ്മകളിലൂടെ ഊളിയിട്ടു നടന്നു. അകക്കണ്ണുകളിൽ ഇപ്പോൾ അമ്മിണിയമ്മയുടെ പറമ്പിലെ മാവുകൾ കായ്ച്ചു നിൽക്കുന്ന മാങ്ങാക്കാലം അവ്യക്തമായി തെളിയുന്നു. മെല്ലെ മെല്ലെ അത് വ്യക്തമായ ചിത്രങ്ങളായി രൂപാന്തരപ്പെട്ടു തുടങ്ങി.


“ആ തുമ്പത്തെ മാങ്ങ പഴുത്തേക്കണ്.. പറിച്ചു തര്യോ സുധീ..“ ലക്ഷ്മിയുടെ ചോദ്യം കാതിൽ മുഴങ്ങുന്നു

മരം കയറാൻ അറിയില്ലെങ്കിലും മാവിൽ കയറി മാമ്പഴവുമായി താഴെ എത്തുമ്പോൾ കയ്യിലും വയറിലും മരത്തിലുരഞ്ഞുണ്ടായ നീറ്റലുകൾ, അവളുടെ സന്തോഷകരമായ മുഖഭാവ ദർശനത്തിൽ എങ്ങോ പോയ്മറഞ്ഞു.


“പുളിറുമ്പു കടിച്ചില്ലാലോ..“


മാമ്പഴം വാങ്ങുമ്പോൾ അവളടെ ചോദ്യത്തോടൊപ്പം എന്റെ കണ്ണുകളിലേക്ക് നീണ്ട അവളുടെ മിഴിയിണകളിൽ പ്രണയത്തിന്റെ വശ്യ സൌന്ദര്യമുണ്ടായിരുന്നു.


എത്ര വേഗത്തിലാണ് കാലം കടന്നു പോയത്.. എന്റെ പ്രണയവും സന്തോഷവും സമാധാനവും  തട്ടിയെറിഞ്ഞു കളയാനായി കോപാന്ധനായ കാലം  വിധിയുടെ പേരു ചാർത്തി കടന്നു വന്നപ്പോൾ നഷ്ടപ്പെട്ടത് ആറ് ജീവനുകളായിരുന്നു. ദൃംഷ്ടകളിൽ രക്തമിറ്റുന്ന യക്ഷിയെപ്പോലെ ചീരുവമ്മ ശത്രുവേഷം കെട്ടിയാടിയ കഥകൾക്കവസാനം സ്വന്തമായതെല്ലാം അന്യമാവായത് എത്ര വേഗതയിലാണ്.


ചിറ്റമ്മയുമായുള്ള എന്റെ ബന്ധം എത്ര പവിത്രമായിരുന്നു. ഒരു മകന്റെ സ്വാതന്ത്ര്യങ്ങൾക്കപ്പുറം മറ്റൊന്നും അവരോടുണ്ടായിരുന്നില്ലല്ലോ. എന്നിട്ടും ചീരുവമ്മയുടെ അപവാദ പ്രചരണങ്ങളിൽ എന്തേ നാടും വീടും എതിരായി നിന്നത്.

അല്പ നേരത്തെ രസകരമായ നേരം പോക്കിനു വേണ്ടി മാത്രം പ്രചരിപ്പിച്ച ചീരുവമ്മയുടെ കഥകളിൽ നഷ്ടപ്പെട്ടത് വിലപ്പെട്ട ആറു ജീവനുകളായിരുന്നുവല്ലോ. അന്നാണെല്ലാം നഷ്ടമായത്... മാതാപിതാക്കൾ, കുടുംബം, സഹോദരങ്ങൾ, കൂട്ടുകാർ അങ്ങനെ എല്ലാമെല്ലാം തികച്ചും വ്യാജമായ അല്പം വാചകങ്ങൾ കൊണ്ട് നശിപ്പിച്ചു കളഞ്ഞവൾ.. അവർ ജീവിതത്തിലും മനസിലും ഏല്പിച്ച മുറിവുകൾ മയമാലിക്ക പറഞ്ഞതു പോലെ കാലത്തിന് ഉണക്കാനാവുമോ.. പകരം വീട്ടാനായി സൂക്ഷിക്കുന്ന ഒന്നും സുധിയുടെ മനസിലില്ല, എന്നാൽ വേദനകളുടെ നിഴലുകളുമായി ഓർമ്മകൾ മായാതെ മറയാതെ മനസിൽ കത്തി നിൽക്കുന്നതെന്തിനാണ്..

അല്ലെങ്കിൽ തന്നെ പകരം വീട്ടുന്നത് എന്തിന്റെ പേരിലാണ്. പക വീട്ടേണ്ടത് ആരോടാണ്.. സ്വന്തം വാക്കുകളുടെ ദുരുപയോഗം വിനയായി ഭവിച്ച നിർജീവ ശരീരങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് എല്ലാം ഒരു തമാശക്ക് വേണ്ടി മാത്രമെന്ന് വിലപിച്ച് അലറിക്കരഞ്ഞ ഇന്നും ജീവിക്കുന്ന ജഡമായിക്കഴിഞ്ഞ ഒരു സ്ത്രീ രൂപത്തോടോ..


അമ്മയുടെ സ്ഥാനത്ത് കാണേണ്ട മാതാവിന്റെ അനുജത്തിയെ പ്രാപിക്കാനും പ്രണയിക്കാനും നടന്നവന്റെ മാതാപിതാക്കളും സഹോദങ്ങളുമായി സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കാനാവാത്തതിന്റെ പേരിൽ ജീവനൊടുക്കിയവരെ ന്യായീകരിക്കാമായിരിക്കാം. എന്നാൽ എന്റെ ചിറ്റേ.. നിങ്ങളെന്തിനാണത് ചെയ്തത്? നിങ്ങളെ ഒരു അമ്മയെന്നതിനപ്പുറം ഞാൻ കണ്ടിട്ടില്ല എന്ന വ്യക്തമായ സത്യം നിങ്ങൾക്കെങ്കിലും പകൽ പോലെ സ്പഷ്ടമായിരുന്നില്ലെ..?


ഓർമ്മകൾ വല്ലാത്ത വേദനകളുടെ നേർക്കാഴ്ചകൾ തന്നെയാണ്. വേണ്ട മറവി തന്നെയായിരിക്കണം എന്നും മോക്ഷത്തിന്റെ സുഖം നൽകുന്നത്. മറക്കണം.. എല്ലാം മറക്കണം.. ഒന്നും ഓർക്കാൻ ശ്രമിക്കരുത്.. ഒന്നിനെയും ഓർമ്മിപ്പിക്കാനും ശ്രമിക്കരുത്. മനസിന് മനപ്പൂർവ്വമായി തയ്യാറാക്കിയ കയറിട്ട് മയമാലിക്കയോടും കുഞ്ചുവേട്ടനോടും വിടയോതി വീട്ടിലേക്കുള്ള വഴിയിലേക്ക് കാലുകൾ നീട്ടി നടക്കുമ്പോളും കണ്ണിലെ നനവ് ഉണങ്ങാതെ കൂട്ടിനുണ്ടായിരുന്നു.


മനസിലെ മങ്ങിയ വെളിച്ചം പോലെ സന്ധ്യ ഈ നടപ്പാതയിലും ഉരുണ്ട വെളിച്ചം വിതറി കഴിഞ്ഞിരിക്കുന്നു. എവിടെയോ കൂവുന്ന കുയിലിന്റെ നാദം ചെവിയിൽ നിറക്കുന്നത് മധുര ശ്രുതിയായിരുന്നില്ല, ഏതോ യുദ്ദത്തിലെ മുഴങ്ങുന്ന കാഹളം പോലെ അത് ചെവികളിൽ വേദനയായി വന്നു പതിക്കുന്നു. മൂന്നായി വിഭജിക്കപ്പെട്ട വഴികൾക്ക് മുൻപിൽ കാലുകൾ ഒരു നിമിഷം നിശ്ചലമാക്കിയത് മനസോ അതോ കാലത്തിന്റെ കല്പനകളോ.. അറിയില്ല, കാലുകൾ ഇടതു വശത്തേക്ക് തിരിയുന്ന വഴിയിലൂടെ തിരിച്ചു വിടുന്നത് എഴുതപ്പെട്ട വിധിയിലൊന്നു തന്നെയാവണം.

**
ചീരുവമ്മയുടെ വീട്ടിലേക്ക് കയറുമ്പോൾ മനസിലെ വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കണ്ടുപിടിക്കപ്പെടാത്തതും എഴുതി വെക്കപ്പെടാത്തതുമായ വികാരം നിറയുന്ന മനസോടെ പൂമുഖത്തേക്ക് കയറി.

“കയറി വരൂ..“ പൂമുഖത്തെ കസേരയിലിരുന്ന മനുഷ്യൻ ക്ഷണിച്ചു.

അകത്തെ കട്ടിലിൽ ഒരു ഞാഞ്ഞൂലിനെക്കാൾ ദുർബലയായി ചീരുവമ്മ കിടക്കുന്നുണ്ടായിരുന്നു. അവ്യക്തമായ കാഴ്ചകൾ നിറയുന്ന വെളിച്ചമില്ലാത്ത കണ്ണുകളോടെ അവരെന്നെ നോക്കി. എന്നെ തിരിച്ചറിഞ്ഞിരിക്കുമോ ആവോ.. അറിഞ്ഞിരിക്കണം.. ജീവിതം ഇങ്ങനെയാണ്, ഒന്നിനും കഴിയാതെ ജഡമാവാൻ തുടങ്ങുന്ന അവസ്ഥയിൽ മനുഷ്യന് കാണരുതെന്നാശിക്കുന്നതെല്ലാം വ്യക്തമായ കാഴ്ചകളും കാണാൻ കൊതിക്കുന്നവ മങ്ങിയ കാഴ്ചകളും ആയിരിക്കണം. നാലു കണ്ണുകൾ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടെന്ന് തോന്നുന്നു, എന്നാൽ രണ്ടു മനസുകളും തികച്ചും നിർവികാരാവസ്ഥയിലാണിപ്പോൾ. രണ്ട് കണ്ണുകൾ മാപ്പു ചോദിക്കുക്കയും രണ്ടെണ്ണം മാപ്പ് നൽകുകയുമാവാം.

**
ചീരുവമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ മനസ് ശാന്തമായിരുന്നു. ഈ നാട്ടിലിനി കാണാൻ ആഗ്രഹമുള്ള ഒരാൾ മാത്രം അവശേഷിക്കുന്നു. എന്റെ ലക്ഷ്മി.. അതിനി വേണ്ട.. വീണ്ടുമൊരു ഗൃഹാതുരത്വ ചിന്തകൾക്ക് വഴി തുറക്കേണ്ടതില്ല.എല്ലാം പറഞ്ഞവസാനിപ്പിക്കാതെ എന്നും ഓർമ്മയിൽ അവശേഷിക്കുന്നതായി തന്നെ അത് നെഞ്ചിൽ നിലകൊള്ളട്ടെ.. സുഖത്തിന്റെ നൈർമല്യവും കണ്ണുനീരിന്റെ ഭാരവും നിറയുന്നതായിത്തന്നെ…

എന്റെ കാലുകൾ വേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു.ലക്ഷ്മിയെ കണ്ണുകൾക്ക് മുന്നിലെത്തിക്കരുതേ എന്ന പ്രാർഥനയോടെ ഇന്നാട്ടിലേക്ക് വീണ്ടും നടന്നു കയറിയ അതേ വഴികളിലൂടെ തിരിച്ചു നടന്നു കയറുമ്പോൾ മനസ് മൂകമായിരുന്നു..

ഇവിടെ നിന്നെടുത്ത ഓർമ്മകൾ ഇവിടെ ഞാൻ കുഴിച്ചു മൂടിക്കഴിഞ്ഞിരിക്കുന്നു.ഇനിയൊരിക്കലും ഉയിർത്തെഴുന്നേറ്റു വരാത്തത്ര ശക്തമായ കല്ലുകൾ ചേർത്തു വെച്ചൊരു കല്ലറയിൽ അവ ഇനി ശാന്തമായുറങ്ങിക്കൊള്ളട്ടെ..!

ഓർമ്മകളിൽ സൂക്ഷിക്കാൻ ഇനിയൊന്നേ ബാക്കിയുള്ളൂ.. എന്റെ ലക്ഷിയുടെ ഓർമ്മകൾ മാത്രം.. മതി അതു മാത്രം മതി എന്റെ ജീവന് കൂട്ടായി… തിരി മങ്ങിയ വിളക്കിലെ നേർത്ത വെളിച്ചത്തിന്റെ ഇഴകളായി മുന്നോട്ടുള്ള ജീവിതത്തിന്റെ ഏകാന്തയാത്രകളിൽ…

***