ഈയൊരവസ്ഥയില്‍ ഞാന്‍
ഇങ്ങോട്ട് എത്തിപ്പെട്ടത് എങ്ങനെയാണ്?
അറിയില്ല,
സുരേട്ടന്‍റെ ഭാര്യയും
രമേച്ചിയും സുഷമേച്ചിയും പാര്‍ട്ടി വേണമെന്ന് ആവശ്യപ്പെടുന്നു.
ഏയ്, ഇവര്‍ക്കിതെന്താണ് പറ്റിയത്? എന്താണിവരിങ്ങനെ?
എനിക്കൊരു കുഞ്ഞു പിറക്കാന്‍
പോകുന്നുണ്ട് പോലും, അവര്‍ പറയുന്നത് കേട്ടില്ലേ..
ഈശ്വരാ..
ഞാനറിഞ്ഞിട്ടില്ലല്ലോ..!
ഷര്‍ട്ട് പോലും ഇടാതെ, ഈ ലുങ്കി മാത്രമായ വേഷത്തില്‍ ഞാനിപ്പോള്‍ ഇവര്‍ക്കിടയിലേക്ക് എന്തിനാണ് ഓടിക്കിതച്ച് വന്നത്.
ഒരെത്തും പിടിയും കിട്ടുന്നില്ല..
എനിക്കിവരെ
അഭിമുഖീകരിക്കാനാവുന്നേയില്ല.. എന്‍റെ നെഞ്ചിലെ ചുരുളന്‍ രോമങ്ങളിലേക്കാണ് ഈ
സ്ത്രീകള്‍ ഇങ്ങനെ നോക്കുന്നത്..
ഒരു പുരുഷന്‍റെ ലജ്ജയെ വക
വെക്കാതെ, എന്തിനാണ് ഇവരെന്നെ ഇങ്ങനെ നോക്കി നോക്കി ആക്രമിക്കുന്നത്?
അവിവാഹിതനായ ഒരുത്തന്‍, ജീവിതത്തില്‍ ഒരു സ്ത്രീയെ
സ്പര്‍ശിക്കുക പോലും ചെയ്യാത്തവന് കുഞ്ഞു പിറക്കാന്‍ പോകുന്നതിന്‍റെ പാര്‍ട്ടി പോലും.. എന്തൊരസംബന്ധമാണിത്!
എന്‍റെ നെഞ്ചിലേക്കുള്ള
അവരുടെ തുളച്ച് കയറുന്ന നോട്ടം എന്നിലെ പ്രതികരണ ശേഷി നഷ്ടപ്പെടുത്തി
കളഞ്ഞിരിക്കുന്നു.
ഒന്നും പറയാതെ, അവരെ വെറുപ്പിക്കാത്ത
തരത്തില്‍ നേര്‍ത്ത ഒരു ചിരി ചുണ്ടില്‍ വരുത്തി ഞാന്‍ അവരില്‍ നിന്നു വേഗം നടന്നു.
ഹാവൂ.. കൈകള്‍ കൊണ്ട്
നെഞ്ച് പൊത്തിപ്പിടിച്ചപ്പോള്‍ ഉണ്ടായ സമാധാനം.
എന്‍റെ വഴിയില്‍ എനിക്ക് മുന്പിലൂടെ ഏതോ
രണ്ട് സ്ത്രീകള്‍ നടന്നു പോകുന്നു.
എന്‍റെ വഴിയില്‍ ഞാന്‍
അറിയാത്തവരോ?
വേഗമേറിയ എന്‍റെ നടത്തം അവരിലേക്ക് അടുക്കവേ അവരുടെ സംസാരം എന്നെക്കുറിച്ചാണെന്ന് ബോധ്യപ്പെട്ടു.
ഹോ.. അവരിലെ തടിച്ച
സ്ത്രീയുടെ പിന്‍ വശം ചിരകാല പരിചയമുള്ളത് പോലെ..
ആരാണ്? ഇല്ല, ഒരു പിടിയും
കിട്ടുന്നില്ല.
എന്‍റെ മനസില്‍ ഞാന്‍ അവള്‍ക്ക്
10 വയസു കുറച്ചുള്ള ഒരു രൂപം സങ്കല്‍പിച്ചു നോക്കി, പിന്നെ ഇരുപത്, മുപ്പത്..
അവളുടെ പ്രായം പൂജ്യത്തില്‍
ചെന്നവസാനിച്ചിരിക്കുന്നു.
എന്തിനെന്നറിയാതെ ഒരു വിഷമം
മനസിനെ കീഴടക്കി കളഞ്ഞു.
അറിയാതെ ഉള്ളില്‍ നിന്നും
വീണ വാചകം അല്‍പം ഉറക്കെയായിപ്പോയെന്ന് തോന്നുന്നു..
"ഹോ.. എന്താണിത്, വല്ലാത്ത കഷ്ടം തന്നെ.."
അവരിരുവരും ആ ശബ്ദത്തെ
അനുഗമിച്ചുകൊണ്ട്എനിക്ക് നേരെ തിരിഞ്ഞു..
എത്ര രൂക്ഷമാണിവരുടെ
നോട്ടം..
ഈ സ്ത്രീകളെല്ലാം എന്താണിങ്ങനെ?
അവരുടെ രണ്ട് കണ്ണുകളിലെ
നോട്ടം എന്‍റെ വലത്തെ കവിള്‍ത്തടവും രണ്ട് കണ്ണുകളിലെ നോട്ടം എന്‍റെ ഇടത്തെകവിള്‍ത്തടവും
ഞെരിച്ചമര്‍ത്തുന്നു.
എന്‍റെ മുഖം കൂര്‍ത്ത് കൂര്‍ത്ത്
ഒരു കാലന്‍ കുടയുടെ നടുക്കമ്പി പോലെ മുന്നിലേക്ക് നീണ്ട് വരുന്നുണ്ടോ?
ചുറ്റുപാടുകളിലെ എന്‍റെ
കാഴ്ച നഷ്ടപ്പെടുകയാണെന്ന് തോന്നുന്നു..ഇപ്പോള്‍ അന്തരീക്ഷത്തിനു
വെറും ചാര നിറം മാത്രം..
പിന്നെ നേര്‍ത്ത കറുപ്പ്, കറുപ്പ്, കടും കറുപ്പ്..
ഞാനില്ലാത്ത, മറ്റൊന്നുമില്ലാത്ത വെറും
ശൂന്യത.