എത്രയോ അകലങ്ങളിലാണ് ഇന്ന് നാമിരുവരും.. ഉയരെ പറന്ന് മിനാരത്തുമ്പുകളിൽ ഒരുമിച്ചിരുന്നു കഥ പറഞ്ഞ കാലം ഇന്ന് നമുക്ക് ഓർമ്മകളാണ്. താഴെ ഭൂമിയുടെ മടിത്തട്ടിലെ വയലേലകളിലെ നെന്മണി കൊത്തിപ്പറന്ന കാലവും സ്മൃതിയുടെ കല്ലറകളിലാണ്..നീയില്ലാത്ത കാലത്തോളം എന്നിൽ വെളിച്ചമില്ലാതാവുന്നതിനാൽ ഇന്ന് രാവും പകലും എനിക്കൊരുപോലെ..പകലിന്റെ ശബ്ദമയം എന്റെ മനസിനെ മുറിവേൽപ്പിക്കുകയും രാവിന്റെ മൌനം ശാന്തി നൽകുകയും ചെയ്യുന്നതിനാൽ ഇന്ന് ഞാനൊരു നിശാ ശലഭമായി സ്വയം ചുരുങ്ങട്ടെ...!
Monday, February 11, 2013
Saturday, February 2, 2013
മരണത്തിനപ്പുറത്ത് നിന്നും…!
“മോളേ രേണൂ.. ഇതെത്ര കാലമാണെന്ന് വെച്ചാ ഇങ്ങനെ? വിധിയെ മാറ്റി മറിക്കാനൊന്നും
നമുക്ക് കഴിയില്ല മോളേ, അപ്പോൾ പിന്നെ ആ വിധിക്കൊപ്പം അനുസരണയോടെ ചലിക്കുകയേ നമുക്ക്
നിവൃത്തിയുള്ളൂ.. ഇതിപ്പോ എത്ര കാലമാണെന്ന് വെച്ചാ നീയിങ്ങനെ, നിന്നെ ഓർക്കണ്ട, ഞങ്ങളെക്കുറിച്ചും
ചിന്തിക്കണ്ട, പക്ഷെ വളർന്ന് വരുന്ന നിന്റെ മോനെക്കുറിച്ചെങ്കിലും നമുക്ക് ചിന്തിച്ചല്ലേ
മോളേ കഴിയൂ..“
അച്ചനും അമ്മയും രേണുവിനെ ഗുണ ദോഷിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല,
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് എന്ത് കൊണ്ടാണെന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല.
എന്റെ നെഞ്ച് വല്ലാതെ വേദനിച്ചു.
വിവാഹ ശേഷം ഇതുവരെ അവളുടെ മുഖം പുഞ്ചിരിയോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല, ഇതിപ്പോൾ
എന്താണിങ്ങനെ? പുറത്ത് പോകുമ്പോൾ ചിരിച്ച മുഖത്തോടെ യാത്രയാക്കിയ ഇവൾ എന്തിനിങ്ങനെ
കരയുന്നു, എന്തോ വലിയ കാരണം തന്നെയാണ്, അല്ലെങ്കിൽ അച്ഛനുമമ്മയും മണിക്കുട്ടന്റെ ഭാവിയെക്കുറിച്ച്
പോലും വാചാലരാവാൻ വഴിയില്ലല്ലോ..
ഞാൻ അകത്തേക്ക് കയറുമ്പോൾ അച്ഛനും അമ്മയും പുറത്തേക്കിറങ്ങുകയായിരുന്നു, അവരെ നോക്കി
ഞാൻ ഹൃദ്യമായി ചിരിച്ചുവെങ്കിലും അവരത് കണ്ടഭാവം നടിക്കുക പോലും ചെയ്തില്ല. എന്റെ ഉള്ളൊന്ന്
വിങ്ങി..
ഞാൻ രേണുവിനരികിലേക്കടുക്കുമ്പോൾ മണിക്കുട്ടൻ ഓടി വരുന്നുണ്ടായിരുന്നു, എന്റെ കാലിൽ
തട്ടി അവൻ നിലത്തുരുണ്ട് വീഴുമെന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു. എന്നിട്ടും പക്ഷെ എത്ര
വിദഗ്ദമായാണ് അവൻ എന്റെ കാലുകൾക്കിടയിലൂടെ മുന്നിലേക്ക് കടന്ന് പോയതെന്ന് ഞാൻ അൽഭുതപ്പെട്ടു.
മണിക്കുട്ടൻ ഇങ്ങനെയാണ്, കുസൃതി കണ്ടു പിടിച്ചത് അവനാണെന്നാണ് രേണു പറയാറുള്ളത്.
വിങ്ങിപ്പൊട്ടിയിരുന്ന രേണുവിന് അരികിൽ ഞാൻ ചേർന്നിരുന്നു.
എന്തുപറ്റി രേണു, എന്തുണ്ടായി ഇവിടെ, ഞാൻ അവളെ ചേർത്തുപിടിച്ചു ചോദിച്ചു..
അവളൊന്നും മിണ്ടുകയോ എന്റെ നേരെയൊന്നു നോക്കുകയോ ചെയ്തില്ല, അവളുടെ കണ്ണുകളിലെ
നീർച്ചാലുകൾ ഉറവ പൊട്ടിയൊലിക്കുന്നത് പോലെ ഒലിച്ചു കൊണ്ടിരുന്നു.
എന്റെ ആകാംക്ഷയും സങ്കടവും ഇരട്ടിച്ചു, ആ വികാരത്തള്ളിച്ച എന്നിൽ ദേഷ്യവും രോഷവുമായി
രൂപാന്തരം പൂണ്ടു. മുറിയിൽ കിടക്കുന്ന ഓരോന്നും വാരി വലിച്ചെറിഞ്ഞ് ദേഷ്യം തീർക്കാൻ
എനിക്കു തോന്നി, എങ്കിലും എങ്ങനെയോ ഞാൻ സ്വയം നിയന്ത്രിച്ചെടുത്തു.
"എന്റെ രേണു, മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കരുത് നീ, എന്തെങ്കിലും ഒന്ന് മിണ്ടൂ,
പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ടോ രേണു, പ്ലീസ് പറയൂ, എന്തു പറ്റി എന്റെ രേണുവിന്.."
എന്നോടുള്ള അവളുടെ നിസംഗഭാവം അവൾ തുടർന്നുകൊണ്ടിരുന്നു. കാര്യമറിയാതെ സങ്കടപ്പെടേണ്ടി
വരുന്നവന്റെ രോഷം എന്റെ മുഖത്തിപ്പോൾ പ്രകടമാണെന്ന് തോന്നുന്നു. എന്റെ കണ്ണുകളും നനഞ്ഞു
കുതിർന്ന് ഇപ്പോൾ കാഴ്ച മറച്ചുകൊണ്ടിരിക്കുന്നുണ്ട്. ഞാൻ തറയിലിരുന്നു കളിക്കുന്ന മണിക്കുട്ടനരികിലേക്ക്
നീങ്ങി,
"മോനെ, അപ്പ രാവിലെ പോയപ്പോൾ ഈ വീട്ടിൽ എന്തുണ്ടായെടാ കുട്ടാ? കണ്ണീരോടെയാണ് ഞാനത്
ചോദിച്ചത്.."
അവനൊന്നും മിണ്ടിയില്ല, കളിപ്പാട്ടങ്ങളിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ, ഇല്ലെങ്കിലും
രേണു പറയാറുണ്ട്,
“ഏട്ടാ, ഇവൻ അപ്പന്റെ മോൻ തന്നെയാ, എന്തെങ്കിലും ചെയ്തുകൊണ്ട് കളിച്ചോണ്ടിരുന്നാൽ
പിന്നെ ലോകം അവസാനിക്കാൻ പോണെന്ന് പറഞ്ഞാൽ പോലും അവൻ അനങ്ങില്ല.“
“അവനെങ്ങനെയാടീ ലോകാവസാനം ഒക്കെ അറിയുന്നത്, അവൻ കുഞ്ഞു വാവയല്ലെടീ പോത്തെ,“
“ഇതാപ്പോ നന്നായെ, ഞാൻ ഒരു ഉദാഹരണം പറഞ്ഞതല്ലെ?“
ഈ അവസ്ഥയിൽ എന്റെ പഴകിയ നല്ല ഓർമ്മകൾ എന്റെ നെഞ്ചിനെ ഇപ്പോൾ വല്ലാതെ മുറിവേൽപ്പിക്കുന്നുണ്ട്.
ഞാൻ മുറി വിട്ട് പുറത്തിറങ്ങി, എന്താണ് ഒറ്റ പകൽ കൊണ്ട് ഈ വീട്ടിൽ സംഭവിച്ചത് ഈശ്വരാ ? എത്ര
ചിന്തിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടിയതേയില്ല, എന്തു ചെയ്യണം ആരോട് ചോദിക്കണമെന്നറിയാതെ
ഞാൻ നിന്നു. പിന്നെ പൂമുഖത്തേക്കിറങ്ങി.
മുറ്റത്തേക്കിറങ്ങുമ്പോൾ അമ്മയുടെ സ്നേഹമൂറുന്ന വാക്കുകൾക്ക് ഞാൻ കാതോർത്തു…
“മോനെ, ഈ നേരത്തിനി ഇതിപ്പോ എങ്ങോട്ടാ, ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു, ഇഴജന്തുക്കൾ
ഒരുപാടുള്ള സ്ഥലാ ഇത്, ഇനീപ്പോ നീയ്യ് പുറത്തെറെങ്ങ്യാല്
തീയാവും ഇവിടിരിക്കണോര്ടെ നെഞ്ചില്..”
ഇല്ല, അതുണ്ടായില്ല, അമ്മയോ അച്ഛനോ ഒരക്ഷരം മിണ്ടിയില്ല, എന്റെ നേർക്ക് അവരൊന്നു
നോക്കുക പോലും ചെയ്തതുമില്ല.
അപ്പോ കുറ്റക്കാരൻ ഞാൻ തന്നെയാണ്, പക്ഷെ എന്താണ് ചെയ്ത കുറ്റം? അതറിയിക്കാതെയുള്ള
ഈ അകറ്റി നിർത്തല്, ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് പറയാനുള്ള മനസെങ്കിലും നിങ്ങൾക്കൊന്ന്
കാണിച്ചു കൂടെ എന്ന് നെഞ്ചുപൊട്ടി ഉറക്കെ വിളിച്ചു ചോദിക്കണമെന്ന് എനിക്ക് തോന്നി,
എങ്കിലും ഞാനത് സ്വയം നിയന്ത്രിച്ചെടുത്തു.
പടി കടന്ന് റോഡിലേക്കിറങ്ങി നടന്നപ്പോൾ വള്ളിപ്പടർപ്പുകൾക്കിടയിൽ സർപ്പങ്ങളുടെ
ഇണചേരലുകളിലെ സീൽക്കാരങ്ങൾ കേട്ടു. പക്ഷെ എന്തോ മുൻപ് ഇത്തരം സന്ദർഭങ്ങളിൽ തോന്നാറുള്ള
ഭയം ഉണ്ടായില്ല. ആർക്കും വേണ്ടാതായ താനിനി എന്തിന് നാഗത്താന്മാരെ ഭയക്കണം? സ്വയം
ചോദിച്ചു.
നിലാവു വീണു പരന്ന വയൽ വരമ്പിലൂടെ വെറുതെ നടന്നു, പാടവരമ്പിനിരു വശത്തു നിന്നും
തവളകളുടെയും ചിവീടുകളുടെയും ഉച്ചത്തിലുള്ള കരച്ചിൽ എന്നെ കൂടുതൽ അസ്വസ്ഥനാക്കി. അവയെ
പറഞ്ഞിട്ടെന്താണ്, അവറ്റകൾക്ക് ഇപ്പോളത്തെ എന്റെ അവസ്ഥയെക്കുറിച്ച് എന്തറിയാനാണ്, സ്വയം
സമാധാനിക്കാൻ ശ്രമിച്ചു.
വയൽ വരമ്പു കടന്നു അബൂട്ടിക്കയുടെ ചായക്കടയിലേക്ക് കയറി, അബൂട്ടിക്ക ദിവസത്തെ കഷ്ടപ്പാടിന്റെ
പ്രതിഫലം എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.
“അബൂട്ടിക്കാ, നല്ല ചൂടിലൊരു ചായ തരൂന്നേ, തൊണ്ട വരളുന്നു, ആദ്യം ഒരു ഗ്ലാസ് വെള്ളം
ഇങ്ങെട്ടെടുക്കൂ ട്ടോ..“
അബൂട്ടിക്ക പൈസ എണ്ണിക്കൊണ്ടേയിരുന്നു, അയാളുടെ ആർത്തിയോടെയുള്ള ആ എണ്ണൽ എന്നെ
രോഷാകുലനാക്കി,
“അബൂട്ടിക്കാ, ഇങ്ങളോടല്ലെ പറഞ്ഞത്, കച്ചോടം കഴിഞ്ഞെങ്കിൽ ഇതങ്ങ് പൂട്ടിയിടൂ..
അല്ലാതെ തുറന്ന് വെച്ച് ഇങ്ങനെ ഒരുമാതിരി ആളെ അപമാനിച്ചോണ്ടിരിക്കരുത്.”
അയാളൊന്നും പറഞ്ഞില്ല, എന്റെ ദേഷ്യം കത്തിക്കയറി,
“എടോ മനുഷ്യാ നാളെ മുതൽ നിന്റെ ചായക്കടയിലേക്ക് വരുന്ന പത്ത് പേരെയെങ്കിലും ഞാൻ
മുടക്കി തരാം“ എന്നും പറഞ്ഞു ഇറങ്ങി നടന്നു.
തിരിച്ചു നടന്ന് വയൽ വരമ്പിലെത്തുമ്പോൾ വിളി കേട്ടു..
“വരൂ സുഹൃത്തെ, നമ്മുടെ സമയം തീരാനായിരിക്കുന്നു,“
“ആരാ നിങ്ങള്, എങ്ങോട്ട് വരാനാണ്, എന്തു സമയം തീരാനായെന്ന്…“ ഞാൻ ചോദിച്ചു.
“ഹ ഹ ഹ ഹ .. അതുശരി, എന്റെ കൂടെ വരാൻ, നിനക്കിവിടെ അനുവദിച്ച സമയം കഴിയാനായെന്നു
തന്നെ..“
“അല്ല ഹേ നിങ്ങളാരാണ്, നിങ്ങളെനിക്ക് സമയം അനുവദിച്ചെന്നോ, എന്തൊക്കെയാണീ പറയുന്നത്..?“
“അതുകൊള്ളാമല്ലോ, എങ്കിൽ നടക്കൂ, നമുക്കൊരിടം വരെ പോകാമല്ലോ…“
“എങ്ങോട്ട്? ഞാനെങ്ങോട്ടുമില്ല, നിങ്ങളാരെന്നും എനിക്കറിയില്ല.“
“സാരമില്ല, ഇപ്പോൾ താങ്കൾ നടന്ന് ചെല്ലുന്നിടം ശോകമൂകമാണല്ലോ, അതിൽ നിന്നൊരു മോചനത്തിനാണല്ലോ
പുറത്തേക്ക് ഇറങ്ങിയതു തന്നെ, അപ്പോൾ പിന്നെ എന്റെ കൂടെ ഒന്ന് വരാൻ ഇപ്പോൾ എന്താണിത്ര
മടി.“
“ശരി, നടന്നോളൂ.. ഞാൻ കൂടെയുണ്ട്.“
അയാൾക്ക് പിന്നിലായി ഞാൻ നടന്നു. വയൽ വരമ്പു കടന്നു തിരിയുന്ന റോഡരികിലെ ബോർഡിലേക്ക്
ചൂണ്ടി അയാൾ പറഞ്ഞു..
“അതൊന്നു വായിക്കൂ….“
ഞാൻ ആ ബോർഡിലേക്ക് സൂക്ഷിച്ചു നോക്കി..
“സുരേഷ് കുമാർ മെമ്മോറിയൽ ഗ്രന്ഥശാല“, ഞാൻ ഞെട്ടിത്തരിച്ചു നിന്നു
വിശ്വാസം വരാതെ ഞാൻ വീണ്ടും വീണ്ടും നോക്കി.. ഈശ്വരാ…!
വീണ്ടും കണ്ണുകൾ തൊട്ടപ്പുറത്തെ ബോർഡിനു നേരെ നീങ്ങി.
“സുരേഷ് കുമാർ മെമ്മോറിയൽ റോഡ്, ജനനം ജനുവരി
3, 1979 മരണം ഫെബ്രുവരി 2, 2012.
ഈശ്വരാ, എന്താണിത് ? ഒരു വർഷം മുൻപേ ഞാൻ മരിച്ചു പോയെന്നോ...
Subscribe to:
Posts (Atom)