Wednesday, April 10, 2013

ചിതലുകളില്ലാത്ത താഴ്വാരങ്ങളിൽ
പൊരി വെയിലത്ത് നിന്നും അകത്ത് കയറിയപ്പോൾ എന്തൊരു സുഖമാണ്. കയ്യിലെ സഞ്ചി നടുവകത്ത് വെച്ച് ഉമ്മിയുടെ മുറിയിലേക്ക് നടന്നു. കഴിക്കേണ്ട വിധം എഴുതി വെച്ച കവറുകളിൽ നിന്നും  നേരത്തേക്ക് ആവശ്യമായ ഗുളികകളെടുത്ത്, മുറിയിലെ ജഗിൽ നിന്നും വെള്ളമെടുത്ത് ഉമ്മിയുടെ അരികിലെത്തി .

ഉമ്മിയുടെ
 ഓരോ നോട്ടത്തിലും എന്തെന്നറിയാത്ത ഭാവങ്ങളാണുണ്ടാവുക, ഒരുപക്ഷെ അത് സഹതാപമാവാം, അല്ലെങ്കിൽ കുറ്റബോധം!


ഒന്നും മിണ്ടാതെ മരുന്ന് കഴിച്ച് അവർ വീണ്ടും കിടന്നു.  മിഴികൾ നിറഞ്ഞുകവിഞ്ഞ് ഒരു  തുള്ളി ഇടത്തെ ചെവിയിലേക്കിറ്റ് വീഴുന്നതും കഴുത്തിൽ വിങ്ങലിന്റെ വിറയലു ണ്ടാവുന്നതും  കണ്ടു.  പ്രത്യേകിച്ച് ഒരു ഭാവബേധവുമുണ്ടായില്ല. ഉമ്മിയെയും അബ്ബായെയും  ഇന്നാദ്യമായല്ലല്ലോ കാണുന്നത്.


 ഉമ്മറത്തേക്ക് നടന്നു.

ഉമ്മിയും
 അബ്ബായും എന്ന് പറയുമ്പോൾ അവർ എന്റെ  മാതാപിതാക്കൾ ആണെന്ന് കരുതരുത്. സത്യത്തിൽ അവർ ഫാത്തിമയുടെ അബ്ബായും ഉമ്മിയുമാണ്. ഈജിപ്തിലെ പ്രശസ്ത ഗായിക ഫാത്വിമാ അൽ ബാസിരിയുടെ ഉമ്മിയും അബ്ബായും.

ഉമ്മറത്തെ
 കസേരയിൽ ചെന്നിരുന്നപ്പോൾ പുറത്തെ വെയിലിന്റെ  ശക്തി ശരീരത്തിന് ഭാരമാവുന്നത് അറിഞ്ഞ് എഴുന്നേറ്റു മുറിയിലേക്ക് നടന്നു.   കട്ടിലിൽ അലക്ഷ്യമായി കിടന്ന വസ്തുക്കൾ വാരിപ്പെറുക്കി കസേരയിലേക്കിട്ടു. അല്പം കഴിഞ്ഞു അടക്കിയൊതുക്കി വയ്ക്കാം
.
വെറുതെ
 കിടക്കുമ്പോൾ കൂട്ടിനെത്തുന്ന ഓർമ്മകളെ പായിക്കാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി, അവറ്റകളുണ്ടോ പോകുന്നു. മനസുണ്ടെങ്കിൽ ഓർമ്മകൾക്കും ഒരു പഞ്ഞവുമില്ലത്രെ!

റയിനർ
 റിൽക്കെയുടെ പുസ്തകമാണ് മുഷിപ്പുമാറ്റാനായി കയ്യിലെടുത്തത്, ഒരുപാട് തവണ വായിച്ചിട്ടുള്ളതാണിത്, എങ്കിലും ഓരോ വായനയിലും ഓരോ വാക്കിന് ഓരോ അർഥമാണെന്ന് തോന്നാറുണ്ട്. ഇല്ലെങ്കിൽ തന്നെ നാം ഏതവസ്ഥയിലാണ്  അവസ്ഥയിലാണല്ലോ നമുക്ക് കാര്യങ്ങളെ ഗ്രഹിക്കാനാവുന്നത്.

വിദൂരർ,
 വൃദ്ധർ
അതിപുരാതനർ,പിതൃക്കൾ
നമ്മോടവരൊന്നു മിണ്ടിയിരുന്നുവെങ്കിൽ!
നമ്മളോ, കേൾവിക്കാരുമായെങ്കിൽ!
കേൾവിക്കാർ
 മനുഷ്യരിലാദ്യമായി.

തുറന്ന്
 വായിച്ച പേജ് ഈയവസ്ഥയിൽ മുഷിച്ചിൽ ഏറ്റാനേ ഉപകരിച്ചുള്ളൂ. വായന വേണ്ടെന്ന് വെച്ച് പുസ്തകം മടക്കി എഴുന്നേറ്റു അലമാറയിൽ നിന്നും പഴയ ഡയറികളിലൊന്ന് എടുത്ത് കട്ടിലിൽ ഇരുന്നു.
എന്നോ
 എഴുതി വെച്ചതാണ്, ഓർമ്മകളെ കൊല്ലാൻ തുനിഞ്ഞിറങ്ങിയിട്ടിപ്പോൾ ഓർമ്മയുടെ പച്ചപ്പ് കിട്ടാൻ ഡയറി വായിക്കുന്ന ഗതിയായി. റിൽക്കെ ചതിച്ചതാണിത്.


ഡയറിയുടെ ആദ്യ പേജ് തുറന്ന് വായിച്ചു.

 നീണ്ട നൈൽ നദിക്കപ്പുറത്തെവിടെയോ ചിതലരിക്കാത്തൊരു താഴ്വരയുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.   പ്രേതങ്ങളും ജിന്നുകളും മാത്രം വിഹരിക്കുന്ന  താഴ്വരയിൽ ഒന്നിനും അവസാനമില്ല. മരണത്തിനപ്പുറവും ശരീരം മണ്ണോട് ചേർക്കാൻ കഴിയാത്ത  അൽഭുത താഴ്വരിയിൽ നിന്നാവണം നമ്മുടെ മുൻഗാമികളായ ഫറവോമാരുടെ ശരീരം ഇന്നും കേടുപാടുകളില്ലാതെ സൂക്ഷിക്കാൻ ആവശ്യമായ പച്ചിലച്ചാറുകളെടുത്തത്".

"ജിന്നുകൾക്കും
 പ്രേതങ്ങൾക്കും മനുഷ്യർ ഭയക്കുന്ന എല്ലാത്തിനും പേടി സ്വപ്നമായ ഏതോ യോഗിവര്യൻ കൊണ്ട് വന്നതാകാം  പച്ചിലകൾ. അത് സത്യമെങ്കിൽ ചിതലുകളില്ലാത്ത  താഴ്വരയിൽ നമുക്കെത്തേണ്ടതുണ്ട്. മരണമെത്തുന്ന നേരത്തും  പ്രണയത്തിന്റെ  ഏറ്റവും മൂർത്തഭാവത്തോടെ പരസ്പരം പുണർന്ന് നമുക്ക്  താഴ്വരയിൽ കിടക്കണം. പുതിയ ഉയിർത്തെണീപ്പിന് പരസ്പരം പുണർന്ന അവസ്ഥയിൽ തന്നെ നമുക്കെഴുന്നേറ്റ് വരികയും വേണം.“

ഡയറി
 മടക്കി വെച്ചു. ഓർമ്മകളെ കെട്ടിയിട്ട കയറുകൾക്ക് മെല്ലെ അയവ് വന്നു ഇല്ലെങ്കിലും അങ്ങനെയാണ്, എന്തിനെക്കുറിച്ച് നാം മനപ്പൂർവ്വം ചിന്തിക്കാതിരിക്കാൻ ശ്രമിക്കുന്നുവോ, അത് മാത്രമായിരിക്കും നമ്മുടെ മനസിലേക്ക് കൂടുതൽ ശക്തമായ ഓർമ്മകളും ചിന്തകളുമായി ഓടിയെത്തുന്നത്.

നിങ്ങൾക്ക്
 ബോറടിച്ചാലും ഇല്ലെങ്കിലും ന്റെ ചരിത്രത്തിന്റെ  ചില ഏടുകൾ ഞാൻ മറിക്കാൻ തുടങ്ങുകയാണ്. സത്യമായും നിങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന ചിന്ത ഉണ്ടായിട്ടല്ല, പക്ഷേ, ഇനിയത് പറയാതെ ഇരിക്കുക എനിക്ക്  വയ്യ!

ഫാത്തിമ
 അല് ബാസിരിയുടെ പൂര്വ്വകാലത്തെ കുറിച്ച്  വ്യക്തമായി നിങ്ങള്ക്ക് അറിയാന് സാധ്യതയില്ല എന്നെനിക്കു തോന്നുന്നു. അവളുടെ പൂര്വ്വകാല ചരിത്രം എഴുതുക എന്നത് എന്റെ പൂര്വ്വ കാല ചരിത്രം എഴുതുന്നത് പോലെ തന്നെയാവും.


വർഷങ്ങൾക്ക് മുൻപാണതഎന്ന് പറഞ്ഞാല് കൃത്യമായും 32 വര്ഷങ്ങള്ക്കു മുന്പ്  അസ്വാന് പട്ടണത്തിന്റെ ആളൊഴിഞ്ഞ താഴ്വാരത്ത് നിന്നാണ് എന്റെ ജീവിതവും ചരിത്രവും ആരംഭിക്കുന്നത്.


അസ്വാന് പട്ടണത്തിന്റെ ആളൊഴിഞ്ഞ ഒരു കോണില് കൈ കാലുകളിട്ടടിച്ചു കരഞ്ഞ രണ്ടര വയസുകാരനെ അലാ സുല്ത്വാന് എന്ന ഏകാന്തപഥികന് ആയ   വൃദ്ധന് കാണുകയും വലീദ് എന്നാ നാമം നല്കി  അവനെ എടുത്തു വളര്ത്തുകയും ചെയ്ത കാലം മുതല് എനിക്കും ഓര്മ്മകളും ചരിത്രവും ഉണ്ടാവുകയായിരുന്നു.


അബ്ബായുടെ ഭാഷയില്‍  പറഞ്ഞാല് സ്വയം ഏകാന്തത ആഗ്രഹിച്ച്  പണിപ്പെട്ടു നേടിയവനും ആഗ്രഹിക്കാതെ ഏകാന്തത കൈവന്നവനും തമ്മിലെ പൊരുത്തം. അത് തന്നെയാണ് ഞങ്ങള് തമ്മിലുണ്ടായിരുന്ന ബന്ധം.


കൂട്ട് കുടുംബങ്ങളുടെ സ്നേഹവാത്സല്യങ്ങള് എന്ന അഭിനയം കണ്ടു  മടുത്ത അദ്ദേഹം ഏകാന്ത ജീവിതവും ഒറ്റപ്പെട്ടവന്റെ ഏകാന്തത മടുത്ത ഞാന് സാമൂഹിക ജീവിതവും ഇഷ്ടപ്പെട്ടു. എങ്കിലും ഞങ്ങള്ക്കിടയില് ഒരു അസ്വസ്ഥതയും അതുണ്ടാക്കിയതെയില്ല.


ഗിസായിലെ കെയ്റോ യുനിവേര്സിറ്റി കോളേജില് നിന്നാണ് ഫാത്വിമയെ ഞാന് പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വിരിയാന് അധികനാള് വേണ്ടി വന്നില്ല. രാവിലും പകലിലും എന്റെ കണ്ണുകളില് സ്വപ്നങ്ങളുടെ തിളക്കം       നിറച്ചവള്‍, അതായിരുന്നു ഫാത്വിമ.


നൈലിന്റെ നനവുള്ള തീരങ്ങളില് ഞങ്ങള് പുതിയ കവിതകള് നെയ്തു. സ്വപ്നങ്ങളില് ശരീര ഭാരം ഒരു അപ്പൂപ്പന് താടിയോളമായി ചുരുങ്ങിയപ്പോള്‍  നൈലിലെ വെള്ളത്തിന് മുകളിലൂടെ ഞങ്ങള് ഓടി നടന്നു. സ്വപ്നങ്ങളും മോഹങ്ങളും  പുതിയ കവിതകള്ക്ക് മാഷിയായി. ഞാന് എഴുതുകയും അവളത് മൂളുകയും ചെയ്തുകൊണ്ട് ദിവസങ്ങള് നീങ്ങിക്കൊണ്ടിരുന്നു.


ഹേ സുന്ദരീ നിന്റെ നയനങ്ങള്
വിസ്മയമാകും
 നക്ഷത്രകുഞ്ഞുങ്ങള്
ഹേ
 പ്രിയേ നിന് അധരങ്ങള്
മധു
 കിനിഞ്ഞിറ്റുന്ന മധുരപഴങ്ങള്..

ഞാൻ
 എഴുതി അവൾ ഈണമിട്ട് ഞങ്ങൾ ചേർന്ന് പാടിക്കൊണ്ടിരുന്ന  ഗാനത്തിലൂടെ തന്നെയാണ് അവൾ പ്രശസ്തയാവുന്നത് തലവരയുള്ളവർ മാത്രമാണ് രക്ഷപ്പെടുക. എന്റെ സമയം അപ്പോൾ തെളിഞ്ഞുവന്നിട്ടുണ്ടായിരുന്നില്ലല്ലോ.

പിന്നീടവൾക്ക്
 തിരക്കിന്റെ നാളുകള് ആയിരുന്നു. ഈജിപ്തിലെ പ്രശസ്തരായ പലർക്കുമൊപ്പം അവൾ പാടുകയും ഉയർച്ചയുടെ കൊടുമുടികൾ കീഴടക്കുകയും ചെയ്തു. തിരക്കിട്ട അക്കാലങ്ങളിൽ അവളെ കണ്ടുമുട്ടുക പ്രയാസമായിത്തുടങ്ങി. അങ്ങനെയാണ് പലപ്പോളും അവളുടെ വീട്ടിലേക്കുള്ള യാത്രകളുണ്ടാവുന്നതും അബ്ബായെയും ഉമ്മിയെയും പരിചയപ്പെടുന്നതും.

ആദ്യകാലങ്ങളിൽ
 അവളുടെ ഉയര്ച്ചകള്ക്കായി അവള്ക്കെന്റെ സഹായം ആവശ്യമായി വന്നിരുന്നു. എന്റെ വരികൾ ഓരോന്നും വായിച്ച് അവൾ എന്നോട് പറയും.

"വലീദ്,
 പ്രിയപ്പെട്ടവനേ! എത്ര സുന്ദരവും  പ്രണയാർദ്രവുമായ  വരികളാണിത്  ഞാൻ എഴുതിയതാണിത് എന്ന് ഞാന്‍  പറഞ്ഞോട്ടെ? അങ്ങനെയെങ്കിൽ, ഇവ  ഈജിപ്തിന്റെ തെരുവോരങ്ങളിൽ എന്റെ ശബ്ദത്തിൽ അലയടിക്കുന്നത് നിങ്ങൾക്ക് കേൾക്കാം, എനിക്കറിയാം അത് എന്റെ വലീദിനെ എത്രത്തോളം സന്തോഷവാനായിരിക്കുമെന്ന്."

എനിക്ക്
 മറ്റൊന്നും ചിന്തിക്കാനില്ലയിരുന്നു. ഞാന് പറഞ്ഞു.


"ഇതെന്തൊരു ചോദ്യമാണ് ഫാത്വിമ? ഞാനും നീയും തമ്മില് നമുക്കെന്താണ് വ്യത്യാസം! എന്നിലൂടെ നീ കൂടുതല് വളര്ച്ച പ്രാപിക്കുക എന്നതിലേറെ സന്തോഷം എനിക്ക് മറ്റെന്താണ് നല്കുന്നത്? ഉയര്ച്ചയും വളര്ച്ചയും അത് നിന്റെതാവുമ്പോഴും എന്റെതാവുമ്പോഴും നമ്മുടെതാണ് എന്നതല്ലേ സത്യം?"


ഫാത്വിമയുടെ അബ്ബാ ഒരിക്കലെന്നോട് ചോദിച്ചു.

വലീദ്,
 ഇനിയും നിങ്ങളുടെ വിവാഹം നീട്ടിവെക്കുന്നത് എന്തിനാണ്  വരുന്ന റമദാന് മുൻപായി നമുക്കത് നടത്തിക്കൂടെന്നുണ്ടോ?

ഇതില്പരം
 സന്തോഷം എനിക്കെവിടെ നിന്ന് ലഭിക്കാനാണ്? സ്വർഗ്ഗത്തിന്റെ ഏറ്റവും ഉയരത്തിലെ കനകക്കൊട്ടാരത്തിലെ സിംഹാസനത്തില്‍  എന്റെ ഹൂറിയോട് ചേർന്നിരിക്കുന്ന സ്വപ്നങ്ങൾ ഞാൻ നെയ്തു കൂട്ടി. എന്റെ കണ്ണുകൾക്ക്  അടുത്ത രാവുകളിൽ നിദ്രയെ പുൽകാനാവുന്നതേ ഉണ്ടായിരുന്നില്ല. സ്വപ്നങ്ങളും ഭാവനകളും കാമനകളും നെയ്ത് എന്റെ രാത്രികൾ ഞാൻ നിദ്രാവിഹീനങ്ങളാക്കി

പിറ്റെ പ്രഭാതത്തില് എന്റെ ഏകാന്തപഥികൻ നീണ്ട തീർഥയാത്ര കഴിഞ്ഞ് വീട്ടിലെത്തി, അദ്ദേഹത്തിന് മുൻപിൽ ഞാൻ എന്റെ വിവാഹക്കാര്യം അവതരിപ്പിച്ചു.

"വലീദ്,
 എനിക്ക് ഏറ്റവും പ്രിയമുള്ളവനെ വിവാഹം എന്നത് നിന്റെ മനസിനിപ്പോള്‍  എത്ര സുന്ദരമായ ഒരു സങ്കല്പമാണെന്ന് എനിക്ക് മനസിലാക്കാം, പക്ഷെ വിവാഹം  എപ്പോഴും ഒരു ബന്ധനം തന്നെയാണ്. പിന്നെ ജീവിതത്തില് തിരുത്തലുകൾക്ക് നേരമുണ്ടാവുകയേയില്ല. ഒരേ പാതയിൽ ആർക്കോ വേണ്ടി എന്തിനോ നാം ജീവിച്ചു തീർക്കും മനോഹരമായ നമ്മുടെ  ജീവിതം. എങ്കിലും കുഞ്ഞേ നിന്റെ ആഗ്രഹങ്ങൾക്ക് ഞാൻ ഒരിക്കലും എതിരല്ല, എനിക്ക് പിറന്ന മക്കളേക്കാൾ എനിക്ക് പിറക്കാതെ പോയ  എന്റെ മകനായ നീ എനിക്ക് പ്രിയപ്പെട്ടവനാകുന്നത് സ്നേഹിച്ചു കൊണ്ട് സ്നേഹിപ്പിക്കുക എന്ന നിന്റെ സുന്ദരമായ തത്വശാസ്ത്രം കൊണ്ട് തന്നെയാണ്."

എല്ലാവരോടും
 വിവാഹത്തെക്കുറിച്ച് സംസാരിച്ചെങ്കിലും അവളോട് മാത്രം ഞാൻ ഇക്കാര്യം ചർച്ച ചെയ്തില്ലല്ലോ എന്ന് അപ്പോളാണോർത്തത്, ഇല്ലെങ്കിൽ തന്നെയും അവളെ ഇപ്പോൾ കണ്ട് കിട്ടുക എന്നത് പോലും അത്രക്ക് പ്രയാസകരമാണല്ലോ.

അടുത്ത
 തവണ ഒരുമിച്ചായപ്പോൾ ഞാൻ അവളോട് പറഞ്ഞു. ഫാത്വിമാ, നിന്റെ മനസിനെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഒരു സത്യം ഞാൻ നിന്നോട് പറയാൻ പോകുകയാണ്. നീയത് അറിഞ്ഞിട്ടുണ്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം, എങ്കിലും എന്റെ ചുണ്ടുകളിൽ നിന്നും  വാക്കുകൾ കേൾക്കാൻ നീ ഒരുപാട് കൊതിക്കുന്നില്ലെ എന്റെ സുന്ദരീ..
പറയൂ
 വലീദ്, എന്താണ് പറഞ്ഞു വരുന്നത്?
പ്രിയേ,
 നമ്മുടെ വിവാഹം  റമദാനു മുൻപായി നടത്താൻ നമ്മുടെ വീട്ടുകാർ ചേർന്ന് തീരുമാനിച്ചിരിക്കുന്നു. ഞാന് അത്യാഹ്ലാടതോടെയാണ് അതവളെ അറിയിച്ചത്.


വലീദ്, താങ്കളെന്തൊക്കെയാണ്  പറയുന്നത്? നിങ്ങള്ക്ക് സുഫ്യാനെ അറിയില്ലെ ? അന്ന് നാം ഒരുമിച്ച് കെയ്റോയിൽ വെച്ച് കണ്ട തടിച്ച  ഉയരമുള്ള ചെറുപ്പക്കാരൻ തന്നെ. ഒരു വർഷത്തോളമായി ഞങ്ങൾ പ്രണയത്തിലായിരുന്നു,  ഞാൻ അക്കാര്യം വലീദിനോട് പോലും പറഞ്ഞിട്ടില്ലല്ലോ അല്ലെ? ഇന്നിപ്പോള് മറ്റാരും അറിഞ്ഞില്ലെങ്കില് പോലും ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്.


ഞാൻ കൊതിയോടെ, അതിയായ മോഹാവേശത്തോടെ മനസിൽ കൊണ്ട് നടന്ന എന്റെ ഏറ്റവും വലിയ സ്വപ്നത്തിന്റെ കഥ കഴിഞ്ഞിരിക്കുന്നു എന്ന സത്യം ഞാൻ അറിഞ്ഞു. കുറച്ചു ദിവസങ്ങൾ എന്നെ അത് വല്ലാതെ വേദനിപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു.

വിവാഹ
 ശേഷം അവൾക്ക് തിരക്കുകൾ ഏറുകയേ ചെയ്തിട്ടുള്ളൂ. എന്റെ ഏകാന്തപഥികന് ചെറിയ യാത്രകൾ അവസാനിപ്പിച്ച് വലിയ യാത്ര പോകേണ്ടതായും വന്നു. ഏകാന്തതയെ ശപിച്ച എനിക്കിപ്പോൾ ഏകാന്തമായ ജീവിതം നൽകപ്പെട്ടിരിക്കുന്നു.

വയസു
 കാലത്ത് ഒറ്റപ്പെട്ട പരിചരിക്കാൻ ആളില്ലാതെ  വിഷമിച്ചു കൊണ്ടിരുന്ന ഫാത്വിമയുടെ അബ്ബായെയും ഉമ്മിയെയും കുറിച്ച് ഉമർ ആണ് എന്നോട് പറഞ്ഞത് .അവര്ക്ക് പരിചരണവും എന്റെ ജീവിതത്തിനു ഏകാന്തതയില് നിന്നൊരു മോചനവും ആഗ്രഹിച്ചു, മറ്റൊന്നും ചിന്തിക്കാതെ അവരെ വീട്ടിലേക്ക് കൂട്ടിയപ്പോൾ ഫാത്വിമയിൽ നിന്നും വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നു.അവള് പക്ഷെ വളരെ ക്ഷമയോടെയാണ് കാര്യങ്ങളെ നേരിട്ടത്.

വലീദ്,
 എനിക്ക് നിന്നോട് സഹതാപം തോന്നുന്നുണ്ട്, ഒരു നഷ്ടപ്രണയത്തിൽ ഇല്ലാതാക്കി കളഞ്ഞ നിന്റെ ജീവിതം, അതെന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരുണ്ട മൌന നിമിഷങ്ങളിലാണ് മുൻപ് ചെയ്തു വെച്ച തെറ്റുകളെക്കുറിച്ച് നമുക്ക് വ്യക്തമായ ബോധമുണ്ടാവുന്നത്. നീയെന്നെ പ്രണയിച്ചിരുന്നുവെന്നതും ഞാൻ നിന്നെ പ്രണയിച്ചിരുന്നുവെന്നതും നഗ്നമായ സത്യം തന്നെ. വലിയ ലക്ഷ്യങ്ങൾ തേടിയുള്ള യാത്രയായിരുന്നു എന്റേത്. അവിടെ പലതും മറന്നു, അല്ലെങ്കില് മറക്കേണ്ടി വന്നു. പല ചില്ലുപാത്രങ്ങളും വീണുടയുന്ന ശബ്ദം പോലും കേൾക്കാൻ എനിക്ക് കഴിഞ്ഞതുമില്ല. എന്നിട്ടും ജീവിതത്തിൽ എന്താണ് നേടിയത് എന്നോർക്കുമ്പോൾ എനിക്ക് ഉത്തരം കിട്ടാത്ത നിമിഷങ്ങളാണ് ഏറെയും. നമ്മുടെ  പ്രണയ നിമിഷങ്ങൾ അതെത്ര സുന്ദരമായിരുന്നു അല്ലെ?

എനിക്ക്
 ചിരിക്കാനാണ് തോന്നിയത്. "ഫാത്വിമ, പല വിശ്വാസങ്ങളും പലപ്പോളായി നാം തിരുത്തേണ്ടതായി വന്നിട്ടുണ്ട്. നോക്കൂ ഫാത്വിമ, നീയന്നു എത്ര സുന്ദരിയായിരുന്നു! അന്ന് നിന്റെ അരികിളിരുന്നപ്പോളൊന്നും നിന്റെ വശ്യതയാര്ന്ന, ഒരു കുഞ്ഞു പൂവിതള് പോലെ മൃദുലമായ നിന്റെ മേനിയില് നിന്നും എനിക്ക് കണ്ണുകള് എടുക്കാന് തോന്നുന്നതെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള് എവിടെ പോയൊളിച്ചു നിന്റെ   സൌന്ദര്യം? ഒരുപക്ഷെ അന്നും നീ ഇന്നതെത് പോലെ തന്നെ ആയിരുന്നിരിക്കണം ഫാത്വിമാ, സത്യത്തില് ഞാന് അന്ന് കണ്ട  മനം മയക്കുന്ന വശ്യഭംഗി നിന്റെ മേനിക്കായിരുന്നില്ല, എന്റെ ഉള്ളില് നിന്നോടുണ്ടായിരുന്ന പവിത്രമായ പ്രണയത്തിനായിരുന്നിരിക്കണം."

ഒരുപക്ഷെ അങ്ങനെയും
 ആയിരിക്കാമെന്ന് തോന്നുന്നു അല്ലെ വലീദ്?


ആയിരിക്കാം

 നൈലിന്റെ ചരിത്രം ഫാത്വിമക്കറിയാമോ?

പറയൂ
 വലീദ് ... എന്താണ് മുന്പില് നടക്കാന് പോകുന്നത്, എന്തൊക്കെയാണ് മറ്റുള്ളവര് പറയാന് പോകുന്നത് എന്ന് മുന് കൂട്ടി അറിയാന് ചെറുതെങ്കിലും ആയൊരു കഴിവുണ്ടായിരുന്നുവെങ്കില് ഇത്രത്തോളം മണ്ടത്തരങ്ങള് എന്നില് നിന്നും ഉണ്ടാവുമായിരുന്നില്ലല്ലൊ വലീദ്...!

വർഷങ്ങൾക്ക് മുൻപ്  അശ്വാൻ അണക്കെട്ട് വരുന്നതിനും മുൻപായി ആറ് മലയിടുക്കുകളിലൂടെയാണ് നൈൽ നദി ഒഴുകിയിരുന്നത്. വർഷവും പ്രളയവുമായെത്തുന്ന  നൈലിന് പിന്നിൽ മാറ്റപ്പെട്ട വിശ്വാസങ്ങളുടെ ഒരായിരം കഥകളുണ്ടെന്ന് ഫാത്വിമക്കറിയാമോ? ആദ്യകാലത്തെ നൈൽ കൊണ്ട് വരുന്ന പ്രളയങ്ങൾ  ഫറവോയും ഹപി ദേവതയും സൃഷ്ടിക്കുന്നതാണ് എന്നായിരുന്നു നമ്മുടെ പൂർവ്വികരുടെ വിശ്വാസം. പക്ഷെ പലതിനും വ്യക്തത വന്ന കാലത്ത്  ചരിത്രം ശുദ്ധ മണ്ടത്തരം എന്ന പേരിൽ എഴുതപ്പെട്ടു. അതു പോലെ തന്നെയാണെല്ലാം. ഒരു കാലത്ത് ദിവ്യാനുഭൂതി നൽകിയ പ്രണയത്തെ ഓർമ്മകളിൽ ഞാൻ താലോലിക്കാറുണ്ടെന്നത് സത്യം തന്നെ, എന്നാൽ  പ്രണയ നൈരാശ്യത്തിൽ ജീവിതത്തിന്റെ അർഥം കളയാൻ ഞാൻ ഉദ്ധേശിച്ചിട്ടൊന്നുമില്ല സുഹൃത്തെ, എന്റേതായ ജീവിതം ഞാൻ ജീവിച്ചു തന്നെ തീർക്കുന്നു. പല ചിന്തകളും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റപ്പെടുന്നുണ്ട്. ചിലതെല്ലാം മായകളായിരിക്കുമ്പോള്‍ തന്നെയും  അത് മാത്രമാണ് സത്യമെന്ന് നാം  ആത്മാർഥമായി വിശ്വസിച്ചു പോരുകയും ചെയ്യും. എന്തെന്നാൽ നമ്മുടെ മനസിന് ഏത് രീതിയിലും ചിന്തിച്ചു കൂട്ടുവാൻ പ്രത്യേകമായൊരു വാസനയുണ്ട്.

അവൾക്കെന്തൊക്കെയോ വീണ്ടും പറയാനുണ്ടായിരുന്നു എന്ന് അവളുടെ ഭാവം വ്യക്തമാക്കി, എങ്കിലും അവൾ പിന്നീടൊന്നും ശബ്ദിച്ചില്ല, കേൾക്കാനും പറയാനും ഉണ്ടായിരുന്നവയെല്ലാം ഞാനും മനസിൽ അടക്കി. അറിയാനും പറയാനും കാലം ഇനിയുമൊരുപാട് നീണ്ടു കിടക്കുന്നു എന്ന മണ്ടചിന്ത പലതും നമ്മെക്കൊണ്ട് ദ്ധോക്തിയില് നിത്തി വെപ്പിക്കാരുണ്ടല്ലോ.


കണ്ണുകളുടെ സഞ്ചാരം മുറിയിലെ ക്ലോക്കിലേക്ക് നീണ്ടപ്പോളാണ് പാഴ്ചിന്തകൾ ഒരുപാട് നീണ്ടുപോയിരിക്കുന്നു എന്ന സത്യം മനസിലായത്. അബ്ബായുടെ മുറിയിലെ പാത്രങ്ങൾ പെറുക്കി അടുക്കളയിലേക്ക് നടന്നു.

ഉമ്മിക്കും
 അബ്ബാക്കും ഭക്ഷണം നൽകി മുറിയിലേക്ക് നടന്നു. കട്ടിലിൽ പുതിയ ഡയറിയുടെ താളുകൾ എന്തോ എഴുതപ്പെടാൻ കാത്തു കിടന്നിരുന്നുപേന കയ്യിലെടുത്ത് എഴുതാനുള്ളവയെ മനസിലിട്ട് ക്രമപ്പെടുത്തി ഡയറിയുടെ പുതിയ താൾ മറിച്ച്   എഴുതി തുടങ്ങി.

"ഏകാന്ത യാത്രക്കാരന്റെ ചിന്തകളോട് സാമ്യപ്പെടാൻ മനസു പറഞ്ഞുകൊണ്ടിരിക്കുന്നു. ഏകാന്തത ഇഷ്ടപ്പെടുന്ന നിമിഷങ്ങൾ ജീവിതത്തിൽ ഏറെയുണ്ടാകും. ചിലപ്പോളെങ്കിലും  അബ്ബായും ഉമ്മിയും  ഒരു ബാധ്യതയായി തോന്നുന്നുണ്ട്. എല്ലാം ഉപേക്ഷിച്ച് ചിറകുകൾ വിടർത്തി ചിതലുകളില്ലാത്ത  താഴ്വാരങ്ങളിലേക്ക് പറക്കാൻ എന്റെ മനസു കൊതിക്കുന്നുണ്ട്."

ജിന്നുകളും
 ഭൂതപ്രേതങ്ങളും വിഹരിക്കുന്ന താഴ്വരയിൽ നൈലിന്റേ തീരത്തോട് ചേർന്നൊരു കുഞ്ഞു കുടിൽ കെട്ടണം. അവസാനിക്കുന്ന നാൾ വരെ ജീവിച്ച് നൈലിന്റെ തീരത്ത് പൂത്ത മരങ്ങൾക്കിടയിൽ എനിക്കൊടുങ്ങേണ്ടതുണ്ട്. എന്റെ നിർജ്ജീവ ശരീരം തഴുകി പറക്കുന്ന കാറ്റുകൾ എന്റെ കഥ നൈലിന്റെ ഓരോ ഓളങ്ങളോടും പറഞ്ഞു നടക്കട്ടെ, നൈൽ നദിയും കടന്ന് സാംബ്സിയും ടൈഗ്രീസും യമുനയും സിന്ധുവും കടന്ന് ഒരു മനുഷ്യന്റെ ഒരിക്കലും മണ്ണോട് ചേരാത്ത ശരീരത്തിന്റെ കഥ പറയട്ടെ. തലമുറകളിൽ നിന്നും തലമുറകളോളം  അൽഭുത കഥകൾ കുഞ്ഞുങ്ങളുടെ കണ്ണുകളെ വിസ്മയഭരിതമാക്കട്ടെ!“

ഡയറി
 മടക്കി തലയിണക്കരികിൽ വെച്ച് ചിന്തിച്ചുഎന്ത് വിസ്മയമാണ് ന്റെ    ജീവിതകഥക്ക് ഉള്ളത്? ഓരോ മനുഷ്യനും താ സ്വയം മഹാനെന്നു പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് എന്ന സത്യം എനിക്കപ്പോള് ബോധ്യമായെങ്കില് കൂടി ഡയറിയില് എഴുതിയ അക്ഷരങ്ങളില് ഒന്ന് പോലും തിരുത്തുവാന് എന്റെ പേന മിനക്കെട്ടിട്ടില്ല.

ഇനിയൊന്നുറങ്ങേണ്ടതുണ്ട്. നാളത്തെ പ്രാഭാതത്തിൽ കൂടുതൽ ഊർജ്ജസ്വലനായി എനിക്കുണരണം. മൂന്ന് വയറുകൾ നിറക്കാനായി മണലുകൾ ഉരുകുന്ന മറ്റൊരു താഴ്വരയിൽ നാളെ നേടാനുള്ളതെല്ലാം സ്വപ്നം കണ്ട് എനിക്ക് ജോലി ചെയ്യേണ്ടതുണ്ട്. ഉമ്മിയുടെയും അബ്ബായുടെയും കണ്ണുകൾ നിറഞ്ഞ സ്നേഹം കൊണ്ട് നനവ് പടരുന്നത് എനിക്ക് ഇനിയുമൊരുപാട് കാണേണ്ടതുമുണ്ടല്ലോ.
(മഴവില്ല് മാസികയുടെ ഏപ്രിൽ ലക്കം പ്രസിദ്ധീകരിച്ച കഥ, മഴവില്ലിലെ കൂടുതൽ വിഭവങ്ങൾ വായിക്കാൻ www.mazhavill.com  )

23 comments:

 1. മഴവില്ലില്‍ വായിച്ചിരുന്നു . യാഥാര്‍ത്യ വും സങ്കല്‍പ്പങ്ങളും ഇഴകി ചേര്‍ന്ന ഒരു കഥ .. കൂടുതല്‍ ഈ വിശദമായി ഈ കഥയെ കുറിച്ച് വിശദീകരിക്കാന്‍ അറിയാത്തത് കൊണ്ട് ,വായന അടയാളപ്പെടുത്തി പോകുന്നു ,,
  -------------------------------------
  എന്ത് പറ്റി റെയ്നി ?? ധാരാളം അക്ഷരത്തെറ്റുകള്‍ കാണുന്നു ഈ പ്രാവശ്യം .റെയ്നി യില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് :)

  ReplyDelete
 2. അക്ഷരത്തെറ്റുകൾ വല്ലാത്ത കല്ലുകടി ആണെന്ന് അറിയാം. പക്ഷെ എന്റെ നെറ്റ് കണക്ഷൻ കട്ടായി. അതുകൊണ്ട് ഉള്ള സമയത്ത് മറ്റൊരാളുടെ സിസ്റ്റത്തിൽ ഇരുന്നു എഴുതിയതാണിത്. കൂടുതൽ എഡിറ്റിങിനു സമയം എടുത്താൽ അടുത്ത അത്യാവശ്യത്തിന് ചെന്നാൽ സിസ്റ്റം കിട്ടില്ലല്ലോ. സമയം പോലെ തിരുത്താം. ക്ഷമിക്കുക, നാട്ടിൽ പോയി വരുന്നത് വരെ ഇനി നെറ്റ് ഇല്ലെന്നേ :)

  ReplyDelete
  Replies
  1. :) അങ്ങിനെയെങ്കില്‍ ഇത്തവണത്തേക്ക് മാത്രം ക്ഷമിച്ചിരിക്കുന്നു ...നല്ലൊരു അവധിക്കാലം നേരുന്നു ...

   Delete
 3. നൈലിന്റെ തീരത്ത് താങ്കൾ തീർത്തുവെച്ചത് അതിമനോഹരമായ ഒരുപളുങ്ക് കൊട്ടാരം തന്നെയാണല്ലോ! വാക്കുകളുടെ മായികപ്രഭകൊണ്ട് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രേമസൗധം!
  വളരേ മനോഹരമായ അവതരണം...കഥയുടെ ഓരോ ഞൊറികളിലും ഒരു സൗന്ദര്യമൊളിച്ചിരിക്കുന്നുണ്ട്, ഉറവിടമറിയാത്ത ഒരു സൗരഭ്യം പരത്തിക്കൊണ്ട്!

  ReplyDelete
 4. നീലനദീപശ്ചാത്തലത്തില്‍ മനോഹരമായൊരു കഥ

  ഒന്നുകൂടെ വായിയ്ക്കേണ്ടിയിരിയ്ക്കുന്നു

  ReplyDelete
 5. വായിച്ചു കിനാവേ .. ഒന്ന് രണ്ടു പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അല്ലാതെ വേറൊന്നും മനസ്സിലായില്ല. :) പ്രത്യേകിച്ച് മറക്കാന്‍ ശ്രമിക്കുന്ന ഓര്‍മകളെ കുറിച്ച് പറഞ്ഞത്..

  ReplyDelete
 6. ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ മികവുറ്റ ഒരു കഥ.

  വലീദിന്റെ ഓര്‍മ്മത്താളുകള്‍ കഥയായ്‌ പരിണമിക്കുമ്പോള്‍ റൈനിയിലെ എഴുത്തുകാരന്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു എന്ന് പറയാന്‍ സന്തോഷം.

  വലീദിന്റെ നഷ്ടപ്രണയം ഏറെനിറങ്ങള്‍ ചാലിച്ച് അതി മനോഹരമായി വരച്ചു വെച്ചിരിക്കുന്നു കഥാകാരന്‍.

  അവിടവിടെ കണ്ട അക്ഷര തെറ്റുകള്‍ ഈ നല്ല കഥയില്‍ ഒരു കല്ല്‌ കടിയാണ്.

  ആശംസകള്‍

  ReplyDelete
 7. നല്ല എഴുത്ത്, കഥയുടെ മർമ്മം മനസ്സിലാക്കാൻ രണ്ട് തവണ വായിക്കേണ്ടി വന്നിരിക്കുന്നു :)
  ആശംസക്ല്

  ReplyDelete
 8. യഥാര്‍ത്ഥ പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല എന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പാശ്ചാത്തലം വ്യത്യസ്ത മായത് വായനയ്ക്ക് പ്രത്യേക സുഖം നല്‍കി. ആശംസകള്‍-----

  ReplyDelete
 9. റൈനിയുടെ വായന ഭൂഖണ്ഡങ്ങള്‍ക്കുമപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പുതിയ രചനകളെല്ലാം. പശ്ചാത്തലങ്ങളുടെ വ്യത്യസ്തത മികവ് പുലത്തുന്നു. പ്രണയാര്‍ത്ഥങ്ങള്‍ പറഞ്ഞതും മനോഹരം.

  ReplyDelete
 10. എഴുത്തുകളിൽ നല്ല പുരോഗതി കൃത്യമായും കാണിക്കുന്ന ഒരാളാണ് റെനി. ഈയടുതതായി വ്യത്യസ്തതകൾ കൊണ്ട് വരാനുള്ള ശ്രമവും പോസ്റ്റുകളിൽ കാണുന്നു. അത് നല്ല രീത്യിൽ തന്നെ പറയാനും ശ്രമിക്കുന്നുണ്ട്.
  പക്ഷെ പരിചിതമാല്ലാത്ത്ത ചുറ്റുപാടുകൾ പ്രമേയം ആക്കുമ്പോൾ റെനിയുടെ കഥകളിൽ നിന്നും തന്മയത്വം നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ റെനി സമ്മതിക്കുമോ എന്നറിയില്ല. എനിക്ക് തോന്നിയത് കുറിച്ചു വെക്കുന്നു എന്ന് മാത്രം. ഈ ശ്രമങ്ങള്ക്ക് അഭിനന്ദനങ്ങൾ റെനി.. എല്ലാ വിധ ആശംസകളും..

  ReplyDelete
 11. മഴവില്ലില്‍ വായിച്ചിരുന്നു ,എഴുതി എഴുതി വളരുന്നൊരു നല്ല കഥാകാരന്‍....,,,ഓരോ വ്യത്യസ്തങ്ങളായ രചനകള്‍ ..ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ...അപ്പോള്‍ പിന്നെ വെക്കേഷന്‍ കഴിഞ്ഞു കാണാം എന്തേ അതെന്നെ?

  ReplyDelete
 12. വലിദിന്റെ നഷ്ട പ്രണയത്തിന്റെ കഥ ഒരുക്കിയ പശ്ചാത്തലം മനോഹരം ആയി .. നൈലിന്റെ തീരങ്ങളിൽ ,ഈജിപ്ഷ്യൻ നാമധേയവും ആയി ..... അവതരണ ശൈലി കൊതിപ്പിക്കുന്നു ,മികച്ച ഒരു എഴുത്തുകാരന്റെ രചന എന്ന് ഒറ്റ വായന തന്നെ വിളിച്ചു പറയുന്നു .. അഭിനന്ദനങ്ങൾ

  ReplyDelete
 13. രണ്ടു തവണ കഥയിലൂടെ സഞ്ചരിച്ചു....
  താങ്കളുടെ എഴുത്തിന്റെ ഗ്രാഫ് ഉയരുകയാണ് ......

  ReplyDelete
 14. പുതുമകൾ വായിക്കാനാവുന്നു ഓരൊ രചനയിലും..അഭിന്ദനങ്ങൾ ട്ടൊ..


  ReplyDelete
 15. മഴവില്ലില്‍ വായിച്ചിരുന്നു.
  ഒരു ചെറിയ ചിത്രവും കോറി കൊടുത്തിരുന്നു.

  ReplyDelete
  Replies
  1. കണ്ടു കണ്ടു സന്തോഷം നന്ദി :)

   Delete
 16. കഥയുടെ പശ്ചാത്തലങ്ങള്‍ കഥയുമായി ചേരാതെ മുഴച്ചു നില്‍കുന്നു റൈനി . എന്റെ വായനയില്‍ അങ്ങിനെ തോന്നി . എങ്കിലും തുടക്കകാരനില്‍ നിന്നും ഒരുപാട് നീ മുന്നേറിയിരിക്കുന്നു .

  ReplyDelete
 17. മഴവില്ലില്‍ ആദ്യവായന.
  ഇപ്പോള്‍ വീണ്ടും ഒന്നുകൂടി.
  പേരും സാഹചര്യങ്ങളും മൂലമാവാം, നല്ലൊരു കൃതിയുടെ മനോഹരമായ വിവര്‍ത്തനം പോലെ തോന്നിപ്പിച്ചു.
  ഇഷ്ടമായി, വളരെ.

  ReplyDelete
 18. റൈനി സ്റ്റൈല്‍!! ... റൈനി കഥകള്‍.. .ഒത്തിരി നന്നാവുന്നു. ആശംസകള്‍.

  ReplyDelete
 19. എല്ലാ പ്രിയ വായനക്കാർക്കും നന്ദി, സന്തോഷം വീണ്ടും വീണ്ടും കാണുന്നതിലും അഭിപ്രായ നിർദ്ദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനും! @ ജഫുക്കാ, അനാമികാ, പശ്ചാത്തലം അനുയോജ്യമല്ലാതെ മുഴച്ചു നിൽക്കുന്നത് ഒരു സത്യമാവാം. വായനയിൽ അല്ലാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈജിപ്തിനെ പശ്ചാത്തലം ആക്കിയാൽ അത് മുഴച്ചു നിൽക്കുന്നത് സ്വാഭാവികം. പക്ഷെ ഈ കഥയുടെ ജനനം കഥയിൽ ആദ്യം എഴുതിയ ഡയറിയിൽ എഴുതി വെച്ച ആ വരികളിൽ നിന്നായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെ കിടന്നപ്പോൾ വെറുതെ എന്തോ ഫറവോമാരും അവരുടെ മമ്മിയും ഓർമ്മ വന്നു.അതൊരു വട്ടു ചിന്ത ആയപ്പോൾ ചിതലുകളില്ലാത്ത താഴ്വാരം വന്നു. അതാണ് കഥ ജനിക്കുന്നതിന്റെ തുടക്കം. പക്ഷെ പിന്നീട് കഥയായപ്പോൾ തീം തന്നെ മാറിപ്പോയെങ്കിലും കഥ തന്ന ഫറവോമാരെ മറക്കാൻ പാടില്ലല്ലോ. അതുകൊണ്ട് ഈജിപ്ത് തന്നെ പശ്ചാത്തലം ആക്കി.

  തുടരെഴുത്തുകളിൽ ശ്രദ്ധിക്കാം ട്ടോ.

  ReplyDelete
 20. ബ്ലോഗിൽ വളരെ വിത്യസ്തമായി കഥകൾ ഒരുക്കുന്ന ഒരാളാണ് റെയ്നി . കഥ പറയാൻ തിരഞ്ഞെടുക്കുന്ന പാശ്ചാതലം ആണ് അങ്ങിനെ ഒരു ഫീൽ തരുന്നതും .
  മനോഹരം

  ReplyDelete
 21. കഥയേക്കാള്‍ കഥയുടെ പശ്ചാത്തലം വളരെ ഇഷ്ടമായി .
  നഷ്ടപ്രണയം മനോഹരമായി എഴുതിയ ഒരു കഥ

  ReplyDelete