Monday, August 27, 2012

കാലം..
ഇന്നലെ സന്ധ്യയിൽ
മഴപെയ്തു തോർന്നപ്പോൾ
“കാല“മെന്നരികിലായ് ഓടി വന്നു
മിഴിനിറച്ചെന്നെയും നോക്കി നിന്നു.

പൂമുഖപ്പടിയിലെ നനവുള്ള പടവിലായ്
തേങ്ങിക്കൊണ്ടെന്നെയും നോക്കി നിൽക്കും
“കാല“ത്തിൻ ശോകാർദ്ര ഭാവമറിഞ്ഞിട്ടെൻ
നെഞ്ചകം ഉരുകിപ്പിടഞ്ഞു നിന്നു.

എൻ കരം “കാല“ത്തിൻ മിഴിനീർതുടക്കവേ
തൻ കയ്യാലെൻ കയ്യെടുത്തെറിഞ്ഞ്
ചിരിതൂകം എൻ മുഖമവജ്ഞയാൽ നോക്കി-
യതെന്തൊക്കെയോ മുറുമുറുത്തു നിന്നു.

എൻ പ്രിയ തോഴന്റെ സങ്കടം തീർക്കാനായ്
മുറ്റത്തെ ചെമ്പനീർ ഞാനിറുത്തു -
എന്നെയും ദർശിച്ച് ക്രുദ്ധനായ് നിൽക്കുമാ
കാലത്തിൽ നേർക്കു ഞാൻ നീട്ടി നിന്നൂ.

കാലത്തിൻ കണ്ണിലെ ശോകഭാവം മെല്ലെ
സ്നേഹാർദ്രഭാവമായ് മാറി വന്നൂ.
എന്നടത്തായ് വന്ന് മൂകയായ് നിൽക്കുമാ
കാലത്തിൻ വേദനയാരാഞ്ഞു ഞാൻ.

ഒന്നുമേയുരിയാടാതെന്നെയെടുത്തു
കൊണ്ടുയരങ്ങളിലേക്കായ് പറന്നുയർന്നു
കടലുകൾ താണ്ടി, കരകളും താണ്ടി
കാടുകൾ താണ്ടി പറക്കയാണിപ്പൊഴും.

കുടിലുകൾ കണ്ടു, കൊട്ടാരക്കെട്ടുകൾ
കവലകൾ പാതകളൊക്കെ കണ്ടു.
കുതികൊണ്ട് പായുമ്പോൾ ശ്രവണ-
പഥങ്ങളിൽ വാക്കുകളൊക്കെയും നന്നായ് കേട്ടൂ..

ഒരു കുഞ്ഞു കുടിലിലായ് ഒരു കൊച്ചു ബാലൻ
വിങ്ങിക്കൊണ്ടിങ്ങനെ വിലപിക്കുന്നൂ
അച്ഛന്റെ ശയനമത് തെരുവിലല്ലോ ഇന്നും
ഇതെന്തൊരു കാലമാണെന്റെ ദൈവേ

വഴിവക്കിൽ നിന്നൊരു  മങ്കയും ചൊല്ലുന്നു
കാലത്തെ നോവിക്കും വചനമല്ലോ
പകലിലും തെരുവിലായ് അപമാനിക്കപ്പെടും
ഇതെന്തൊരു കാലമാണെന്റെ ദൈവേ..

ഒരു ഗൃഹത്തിൽ നിന്നൊരു വൃദ്ദനും ചൊല്ലുന്നൂ
എത്രകൊതിച്ചതാണീ കൊഞ്ചൽ ഞാൻ
അറിയാത്ത ഭാഷയിലിവനോട് മിണ്ടുവാൻ
കഴിയാത്ത കാലമിതെന്തുകാലം..

ഒരു വൃദ്ദ സദനത്തിലൊരമ്മ നിന്നല്ലോ
മിഴികൾ നിറച്ചു വിലപിക്കുന്നൂ
നൊന്തുപെറ്റുള്ളോരുണ്ണിക്ക് വേണ്ടാത്ത
അമ്മമാരല്ലോ ഈ കലികാലത്തിൽ

കാരുണ്യമതിയാവും അമ്മ തൻ സദനത്തിൽ
ചിത്തഭ്രമക്കാരൻ കരഞ്ഞീടുന്നൂ
ഒന്നുമേയറിയാത്ത എന്നെയും കൊന്നിടും
എന്തൊരു കാലമാണീ കലികാലം..

ഓരോരോ കാഴ്ചകൾ കാണിച്ചു കാലമെൻ
കൺകളിൽ നോക്കി കരഞ്ഞുകൊണ്ടേ
സങ്കടം താങ്ങാതെ ചുണ്ടും വിറപ്പിച്ചേ
ഉത്തരമെന്നോടായ് ആരായുന്നൂ

എൻ പ്രിയ സോദരാ മനുഷ്യപുത്രാ
എൻ ചോദ്യങ്ങൾക്കായുത്തരം നൽകുക നീ
നിങ്ങളിൻ ചെയ്തികളെൻ പേരിൽ വെച്ചിട്ടു
കാലത്തെ ശപിക്കുവാനെന്തു കാര്യം.

തലപുകഞ്ഞാലോചിച്ചുത്തരം തേടവേ
എൻ ഗേഹമെത്തിച്ചു എന്നെ കാലം
പിന്നെയും ചിന്തിച്ചു ഉത്തരം തേടവേ
കാലം പിണങ്ങി പറന്നു പോയി

പിന്നെ ഞാൻ കണ്ടതോ ക്രുദ്ധനായ്
കലികൊണ്ടലറി നടക്കുന്നോരു കാലത്തെ
വേനലും വർഷവും തെറ്റിച്ചും വെട്ടിച്ചും
കോപം ശമിപ്പിക്കും കലികാലത്തെ.

8 comments:

 1. നല്ല കവിത
  നല്ല കാലം

  കോപശമനം വരുന്ന കാലം

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. പിന്നെ ഞാൻ കണ്ടതോ ക്രുദ്ധനായ്
  കലികൊണ്ടലറി നടക്കുന്നോരു കാലത്തെ
  വേനലും വർഷവും തെറ്റിച്ചും വെട്ടിച്ചും
  കോപം ശമിപ്പിക്കും കലികാലത്തെ.

  നന്നായിട്ടുണ്ട്

  കാലം പ്രകൃതിയെ ക്രൂരനാക്കുമ്പോള്‍ അതിനെ പഴിച്ചിട്ടെന്ത് കാര്യം. നാം നമ്മിലേക്ക്‌ ഇറങ്ങിച്ചെന്നു നമ്മെ തന്നെ പഴിക്കണം.

  ReplyDelete
 4. നമ്മുടെ ചൈതികളോട് കാലത്തിന്റെ കോലം മാറ്റപെടുമ്പോൾ നാം പഴിക്കുന്നു ഈ കാലത്തെ കലിക്കാലം....
  മാറികൊണ്ടിരുക്കുന്ന പുത്തനുണർവുകൾ കാലത്തെ കോലമാറപ്പാക്കുന്ന മനുഷ്യ വംശം പഴിക്കുന്നു കാലത്തിനെ തന്നെ
  കാലത്തിന്റെ ലോകത്തിന്റെ ശവക്കുഴി മാന്തുന്ന ഞാൻ എന്നെ പഴിക്കുന്നു ....

  നല്ല വരികൾ
  കവിത കൊള്ളാം

  ReplyDelete
 5. കൊള്ളാം നല്ല കവിത. ലളിതം. കവിത മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള എന്നെ പോലുള്ളവര്‍ക്ക് ഇത് പോലുള്ള കവിതകള്‍ ആണ് വേണ്ടത്.

  ReplyDelete
 6. കവിതയുടെ തുടക്കത്തിലേ "കാലം "എന്നാ വാക്ക് ഒരുപാട് ആവര്‍ത്തിക്കുമ്പോള്‍ എന്തോ ഒരു സുഖക്കുറവ്.മൊത്തത്തില്‍ കവിത കൊള്ളാം.ഇന്നലെ സന്ധ്യയിൽ
  മഴപെയ്തു തോർന്നപ്പോൾ
  “കാല“മെന്നരികിലായ് ഓടി വന്നു
  മിഴിനിറച്ചെന്നെയും നോക്കി നിന്നു. ഈ വരികളില്‍ കാലം ചേരാത്തത് പോലെ...ഒരുപക്ഷെ എന്റെ തോന്നല്‍ ആകാം...അധ്ജ്യാതെ എട്ടു വരികള്‍ എനികിഷ്ടമായില്ല ..അതിനു ശേഷമുള്ളത് വളരെ നല്ലത് .ആശയം മനസ്സിലായി പക്ഷെ അതെ മീനിംഗ് ഉള്ള വേറെ വാക്കുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക..വാക്കുകള്‍ ആവര്‍തന വിരസമാകാതെ :) ഓണാശംസകള്‍ റൈനി

  ReplyDelete
 7. കവിത നന്നായി.... അബസ്വരാശംസകള്‍ !!!

  ReplyDelete
 8. അനാമിക സൂചിപ്പിച്ചപോലെ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍
  ഇത് ശൈലീസുന്ദരമായോരു രചനയാകുമായിരുന്നു. മോശമായിട്ടില്ല.
  നന്നായിരിക്കുന്നു.
  ഓണാശംസകൾ

  ReplyDelete