Wednesday, August 15, 2012

നല്ലകാലം (കുഞ്ഞിക്കഥ)


“ലീലാമ്മേ, ഇതൊന്നും അത്രക്കങ്ങ്ട് ശര്യല്ല ട്ടാ. വയസിത്രേം ആയില്ലെ, പോരാണ്ടും നിന്റെ മോൻ വളർന്ന് വരണ്. ഇനിയും നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിക്കാതെ ഒതുങ്ങി അങ്ങ്ട് ജീവിച്ചൂടെ..“
“സുധീടെ അച്ചനെ എനിക്ക് ഉപേക്ഷിക്കാൻ പറ്റ്യാലും കടേലെ രാഘവേട്ടനെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല അമ്മായീ…“
അമ്മായിയുടെ കണ്ണു നിറഞ്ഞു. തിരിച്ചൊന്നും ഉരിയാടാതെ അകത്തേക്ക് നടന്നു. അയയിൽ തൂക്കിയ വസ്ത്രത്തിലേക്ക് കൈ നീണ്ടു. നേര്യേതെടുത്ത് ഒന്ന് രണ്ട് വസ്ത്രങ്ങളും കവറിലാക്കി പുറത്തേക്കിറങ്ങി..
“ലീലാമ്മേ .. ഞാൻ പോണ്..“
ഇനിയും ഈ വയസു കാലത്തും ഇതൊന്നും കാണാനും കേൾക്കാനും ഉള്ള കരുത്ത് ഈ തള്ളക്കില്ല..“
ലീലാമ്മ ഒരക്ഷരം ഉരിയാടിയില്ല, പോകണമെന്നോ പോകരുതെന്നോ അവളുടെ മുഖഭാവത്തിൽ നിന്നും തിരിച്ചറിയാനുമായില്ല.
പിന്നിൽ നിന്നൊരു വിളി അമ്മായി പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല..
വൃദ്ധയുടെ പാലായനവും ലീലാമ്മയുടെ നിസംഗഭാവവും കണ്ട കാറ്റ് മനുഷ്യന്റെ അവിവേകമോർത്ത്  മണൽ തരികളിളക്കി ഉറക്കെ ചിരിച്ചു.
സന്ധ്യാമേഘങ്ങൾ മധുരക്കനിയെന്നോർത്ത് കൊത്തിപ്പറക്കാൻ ഉയർന്നു പറക്കുന്നതിനിടെ പൂമരക്കൊമ്പിൽ വന്നിരുന്ന പക്ഷി പൂമരച്ചോട്ടിൽ വിശ്രമിക്കാനിരുന്ന വൃദ്ധയെ നോക്കി ഇടതൂർന്ന് പന്തലിച്ചു നിന്ന മരങ്ങളോട് ഉറക്കെ പറഞ്ഞു.
“കൂട്ടുകാരെ, നിങ്ങൾക്കിതാ നല്ല കാലം തിരിച്ചു വന്നിരിക്കുന്നു. ഇന്നലെ നിങ്ങളുടെ ചുവട്ടിൽ അക്ഷരം പഠിക്കാനിരുന്ന മനുഷ്യരുണ്ടായിരുന്നു. ആ നല്ലകാലം വിധി  പറിച്ചെറിഞ്ഞു.      ഇന്നലെ നിന്റെ കനികൾ പെറുക്കി ആർത്തിയോടെ ഭക്ഷിക്കാൻ കലപില കൂട്ടി കളിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു. അതും മെല്ലെ നിനക്ക് നഷ്ടപ്പെട്ടു.
ഇന്നിതാ വീണ്ടും നിങ്ങളുടെ നല്ല കാലം തുടങ്ങുന്നു. നിന്റെ ചുവട്ടിൽ പരസ്പരം കഥകൾ അയവിറക്കാൻ വൃദ്ധന്മാരും വൃദ്ധകളും ഇനി കൂട്ടം കൂട്ടമായെത്തും. നിലത്ത് വീണഴുകുന്ന കനികളെയോർത്തുള്ള നിന്റെ സങ്കടം അവസാനിച്ചിരിക്കുന്നു. നിന്റെ കനികൾ വിശപ്പിന്റെ വേദന പേറുന്ന നിരാലംഭരായ മനുഷ്യക്കൂട്ടങ്ങൾ ഭക്ഷിക്കുന്നത് താമസിയാതെ നിങ്ങൾക്ക് കാണാം.
ഇതെന്തൊരൽഭുതം..! ഒരിക്കലും കിട്ടില്ലെന്ന് നിനച്ച നല്ല കാലം വീണ്ടും തിരിച്ചെത്തുകയോ?
അതെ, ഭൂമി ഉരുണ്ടതാണ്, അതു കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.അതിനാൽ നമുക്കൊന്നും നഷ്ടപ്പെട്ടു പോകാനിടയില്ല. ഇന്ന് നിന്നിൽ നിന്നും ഭൂമിയിൽ നഷ്ടപ്പെട്ട് പോകുന്നതെല്ലാം, ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിലായി നിന്നിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും..അത് നല്ലതായാലും ചീത്തയായാലും.”

9 comments:

  1. ഫിലോസഫിക്കല്‍ കഥയാണല്ലോ
    നല്ല ഭാവന

    ReplyDelete
  2. അപ്പോള്‍ വൃദ്ധര്‍ക്ക് തണലും,സംരക്ഷയുമായി മരങ്ങള്‍! !!
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  3. നല്ല കുഞി കഥ ,വായിച്ചു നീളം നോക്കാതെ ,,ഇഷ്ടമാകുകയും ചെയ്തു

    ReplyDelete
  4. വരുന്നത് മരങ്ങളുടെ നല്ലകാലവും വൃദ്ധരുടെ കഷ്ടകാലവും ആണ്.... നല്ല കഥ.... ആശംസകള്‍

    ReplyDelete
  5. ചെറുകഥ നന്നായിരിക്കുന്നു.....
    ആശംസകള്‍.....

    ReplyDelete
  6. നന്നായിട്ടുണ്ട് ഈ കഥ... ആശംസകള്‍

    ReplyDelete
  7. ഇതു നന്നായി. ഭാവുകങ്ങൾ.

    ReplyDelete
  8. പ്രിയപ്പെട്ട സുഹൃത്തേ,

    ശുഭപ്രതീക്ഷയുള്ള നല്ല മനസ്സ് വായനക്കാര്‍ക്ക് ഊര്‍ജം നല്‍കുന്നു. നല്ല കുഞ്ഞിക്കഥ !അഭിനന്ദനങ്ങള്‍ !

    എഴുതുക, പ്രകൃതിയോടും മണ്ണിനോടും മനുഷ്യനോടുമുള്ള സ്നേഹം !

    ഈ വരികളില്‍ എന്നും പൂക്കള്‍ വിരിയട്ടെ !

    സസ്നേഹം,

    അനു

    ReplyDelete