Saturday, March 3, 2012

സ്വപ്നം


എന്റെ ശൈശവം എനിക്ക് ഓർക്കാനാവുന്നേയില്ല,
കരഞ്ഞുകൊണ്ട് ഞാൻ പിറന്ന് വീണപ്പോൾ അമ്മയുടെ ചുണ്ടിൽ സുന്ദരമായ ഒരു പുഞ്ചിരി വിടർന്നിട്ടുണ്ടാവണം. ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ പുഞ്ചിരിച്ച ജീവിതത്തിലെ ഏക മുഹൂർത്തവും അതായിരിക്കണം.
ബാല്യത്തിന്റെ ഓർമ്മകൾ മനസിലെ സൂക്ഷ്മ സംവേദനക്ഷമതയുള്ള ഭാഗങ്ങളിൽ എഴുതപ്പെട്ടതുകൊണ്ടാവണം ബാല്യത്തിന്റെ ഓരോ കുഞ്ഞു കാൽവെപ്പുകളും എപ്പോളും വായിച്ചെടുക്കാനാവുന്നത്.
ഓർത്തെടുക്കുമ്പോൾ വീണ്ടുമെത്തിപ്പെടാൻ കൊതിക്കുന്ന കാലം, ബാല്യകാലം!
എന്നാൽ ബാല്യത്തിൽ കൊതിച്ചത് വളർച്ചയുടെ സുന്ദരമായ യൌവനത്തിലെത്താനായിരുന്നു.
കൌമാരത്തിലും വല്ലാതെ മോഹിച്ചു, യൌവനത്തിന്റെ സുന്ദരമായ പടവുകളിൽ കയറി നിന്ന് ലോകത്തെ മുഴുവൻ അടക്കി ഭരിക്കുവാൻ
യൌവനത്തിന്റെ തുടക്കം മുതൽ പരിശ്രമിച്ചു. ഉയരങ്ങളിലേക്കുള്ള പടവുകൾ കയറുവാൻ,
മുകളിലേക്കുള്ള ഓരോ പടവുകളിലെ കാൽവെപ്പുകളിലും വിധി വീഴ്ചകൾ മറച്ചു വെക്കപ്പെട്ടിരുന്നു.
പലപ്പോളും കാൽതെന്നി സമനില തെറ്റി നിലത്തു വീണുരുണ്ടു.
വീണിടം വിഷ്ണു ലോകമെന്നു ചൊല്ലി ഉയിർത്തെഴുന്നേൽക്കുമ്പോൾ മനസും ശരീരവും നോവുന്നുണ്ടായിരുന്നു.
തെന്നി വീഴുന്ന മിനുസമാർന്ന പടവുകളിൽ പാറകത്തിന്റെ ഉരമുള്ള ഇലകൾ ചേർത്ത് വെച്ച കാൽ വെപ്പുകൾ വീണ്ടുമുള്ള വീഴ്ചകളിൽ നിന്നും തെല്ലകറ്റി നിർത്തി..
എങ്കിലും ഉയരങ്ങളിലെ പുതു പടവുകളിൽ വീണ്ടും മറക്കപ്പെട്ട വീഴ്ചകളുണ്ടായിരുന്നു..
വഴങ്ങുകയും വിഴുങ്ങുകയും ചെയ്ത് പുതിയ യാത്രകൾ മുന്നോട്ട് പോകുന്നു..
യൌവനത്തിന്റെ പാതി ഭാഗങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞ വർത്തമാന കാലം,  വരാനിരിക്കുന്ന വാർദ്ധക്യത്തിന്റെ വിഷമതകൾ ഓർമ്മിപ്പിക്കാനൊരുങ്ങുന്നു.
കാലങ്ങളോളം എത്തിപ്പെടാൻ കൊതിച്ച യൌവനത്തിൽ നിന്നും ഇന്ന് തിരിച്ചു കയറാൻ ഞാൻ കൊതിയോടെ മോഹിച്ചു പോകുന്നു..
ഇനി നേടിയെടുത്തവയെല്ലാം ഒന്നൊന്നായി ഉപേക്ഷിക്കണം,
അറിവാകട്ടെ ആദ്യം..
ഒരിക്കലും ചിന്തിക്കാൻ കഴിയരുത്. ഒന്നിനെയും ചിന്തിക്കാനാവരുത്
ശേഷം ഓർമ്മകളാവട്ടെ,
ഓർക്കുകയെന്നാൽ ഇരുളിൽ ഒറ്റപ്പെടുകയാകുന്നു.
പിന്നെ തൂത്തെറിയണം അക്ഷരാഭ്യാസം തലച്ചോറിന്റെ ഉള്ളറകളിൽ നിന്നും,
മനം മടുപ്പിക്കുന്ന ഒരു വാർത്തയും വായിക്കാനാവരുതെനിക്ക്..
ഭാവിയുടെ ദീർഘ വീക്ഷണങ്ങളെ കടപുഴക്കിയെറിയണം,
സാമ്പത്തിക മാന്ദ്യവും, തെരുവിലെ മൺ തരികളിൽ ഇറ്റു വീണേക്കാവുന്ന രക്ത തുള്ളികളും മനസിന്റെ സ്വസ്ഥത നശിപ്പിക്കരുത്. മുന്നിലെ മുള്ളുകളോർക്കാതെ മുന്നോട്ട് നടക്കാനാവണം
സ്വപ്നങ്ങളെ കളയാനാവില്ല, എങ്കിലും..
സ്വപ്നത്തിന്റെ വൻമരങ്ങളെ വെട്ടി മാറ്റി കുറ്റിമുല്ലകൾ പോലെ പൂക്കൾ നിറയുന്ന കുഞ്ഞു സ്വപ്നങ്ങളെ നട്ടു നനക്കണം.
അതിനു വേണ്ടി ഞാൻ ഇന്നൊരു വലിയ സ്വപ്നം കാണുന്നു,
എനിക്കെന്റെ ശൈശവത്തിൽ എത്താനായെങ്കിൽ, കുറഞ്ഞ പക്ഷമെന്റെ ബാല്യത്തിലെങ്കിലും..
അതിനാവുകയില്ലെങ്കിൽ ഞാൻ ഇന്നൊരു മുഴു ഭ്രാന്തനായെങ്കിൽ..

2 comments:

 1. വളരെ നന്നായിരിക്കുന്നു...
  മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
  അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
  http://i.sasneham.net

  http://i.sasneham.net/main/authorization/signUp?

  ReplyDelete