Friday, November 23, 2012

ഒരു മരണക്കുറിപ്പ്..




ഒരു കുറിപ്പ്, മരക്കസേരയിൽ കടലാസു കഷ്ണങ്ങൾ കൂമ്പാരമായിക്കിടന്ന മേശയിൽ ഇരു കൈകളും കുത്തി, ഒരു കഥയും  ഒരു കവിതയും തിരഞ്ഞു കൊണ്ട് ചിന്തിച്ചിരുന്ന, എന്റെ കൈകളിലെത്തി..

കൈകളിൽ അത് കൊണ്ടു വെച്ചു തന്നവനെ ഞാൻ കണ്ടതേയില്ല, അവന്റെ സ്വരം ഞാൻ കേട്ടതുമില്ല. 

അല്ലെങ്കിൽ തന്നെ വിവരങ്ങൾ മുഴുവൻ ഈ കടലാസു കഷ്ണത്തിൽ ഭദ്രമാണല്ലോ. അതുകൊണ്ടാവണം അയാളൊന്നും മിണ്ടാതിരുന്നതും, ശല്യപ്പെടുത്താതെ അദൃശ്യനായി നിന്നതും..!

കറുപ്പും ചുവപ്പും കലർന്ന മഷി കൊണ്ടെഴുതിയ തലക്കെട്ട് ഞാൻ വായിച്ചു. 

“മരണക്കുറിപ്പ്.“

എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു, മരണക്കുറിപ്പുകൾക്ക് മരണത്തിന്റെ കഥ പറയാനുണ്ടാവും, കഴിഞ്ഞതും കൊഴിഞ്ഞതുമായ ജീവിതത്തിന്റെ മറ്റൊരു കഥയും.!

അതിൽ വേദനകളുടെ ശോകാർദ്രത പകർത്തിയെഴുതാൻ ഒരു കവിതയെങ്കിലും കാണും, സുന്ദരമായ പ്രണയാനുഭൂതികൾ നിറച്ചെഴുതാൻ കഴിയുന്നൊരു കവിതയും..!

വാൽസല്യത്തിന്റെ, തലോടലുകളുടെ ഒരു താരാട്ട് പാട്ടെഴുതാനും ഈ മരണക്കുറിപ്പെന്നെ സഹായിക്കുമായിരിക്കും..!

ഒരു മനുഷ്യ ജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയെത്തുന്ന ഒരു നീണ്ടകഥയും ഒരു നോവലും...!
തലക്കെട്ടിന് താഴെ അനുബന്ധമായി എഴുതിച്ചേർത്ത അക്ഷരങ്ങളിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.

വായിക്കാനാവുന്നില്ല, അക്ഷരങ്ങളിൽ മഷി പടർന്നിരിക്കുന്നുവോ? ഇല്ല, അങ്ങനെയാവാൻ വഴിയില്ല, സൂര്യന്റെ ഉഗ്രതാപവും ഇളകിത്തുള്ളുന്ന മഞ്ഞവെളിച്ചവും നീല വെളിച്ചവും  കാഴ്ച മങ്ങിച്ചിട്ടുണ്ടാവാം..!

കടലാസു കഷ്ണം ഞാൻ അല്പം അകലത്തിലേക്ക് നീട്ടിപ്പിടിച്ചു,  വ്യക്തമല്ലാത്തതിനാൽ അരികിലേക്കടുപ്പിച്ചു നോക്കി ഇല്ല നിരാശ തന്നെ ഫലം..!

ഹ്രസ്വ ദൃഷ്ടിയല്ല, ദീർഘദൃഷ്ടിയുമല്ല, സമാധാനം..! മങ്ങാത്ത കാഴ്ചകളുണ്ട് ഈ സായാഹ്നത്തിലും..!

എങ്കിൽ പിന്നെ കാഴ്ചയെ മറക്കുന്നതെന്താവാം? ഞാൻ  ഉത്തരമന്വേഷിച്ചു.  ഉത്തരം ഏറ്റവും അരികിൽ തന്നെയാണുണ്ടായിരുന്നത് എന്നിട്ടും അത് ഞാൻ അറിഞ്ഞതേയില്ലല്ലോ ഇതുവരെ..

കലങ്ങിയതും അശ്രുകണങ്ങൾ തൂങ്ങിനിൽക്കുന്നതുമായ മിഴികൾക്ക് നല്ല കാഴ്ച അസധ്യമത്രെ!

എങ്കിലെന്തിനാണ് എന്റെ മിഴികൾ നിറഞ്ഞത്? കാലിൽ നിന്നും കൈലി വലിച്ചിയർത്തി ഞാൻ മിഴി തുടച്ചു. വീണ്ടും സൂക്ഷ്മമായി കുറിക്കപ്പെട്ട അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു.

ഇപ്പോൾ അക്ഷരങ്ങൾ വ്യക്തം തന്നെ, ഓരോ വാക്കും സ്പഷ്ടം തന്നെ

ഞാൻ വായിച്ചു തീർത്തു, വേദനയോ ദുഖമോ പരിവേദനങ്ങളോ ഒന്നും എന്റെ മനസിൽ നിറഞ്ഞു വന്നതേയില്ല,  ഒരു തരം മരവിപ്പ് മത്രം ബാക്കി നിന്നു

കൂടുതൽ സുഖകരമായ ഒന്നിനുവേണ്ടി ഞാൻ എഴുന്നേറ്റു.  വെളുത്ത വിരിയിട്ട കട്ടിലിൽ മലർന്ന് ഇരു കൈകളും നീട്ടി കിടന്നു. 

മുഖവും കയ്യും കാലും ഏറ്റവും സുന്ദരമായി നിവർത്തി വെക്കാൻ ഞാൻ ആ മരവിപ്പിലും മറന്നില്ല. മരണത്തിലും മറ്റുള്ളവർക്കൊരു ഭാരമാകാതിരിക്കണെമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത.

എങ്കിലും ഇടക്കെപ്പോളോ, മരണത്തിനും മുൻപായി എന്റെ മരണക്കുറിപ്പ് വായിക്കാൻ കിട്ടിയ എന്റെ ഭാഗ്യമോർത്ത് ഒരു അഹങ്കാരം എനിക്ക് തോന്നാതിരുന്നിട്ടുമില്ല. 

അപ്പോളാവട്ടെ, ഏതോ അദൃശ്യ കരങ്ങളിൽ നിന്നും എന്റെ കരങ്ങളിലെത്തിയ കടലാസു തുണ്ടിലെ അക്ഷരങ്ങൾ തുള്ളി തുള്ളി ചിരിക്കുന്നുണ്ടായിരുന്നു, 

അതൊരു പരിഹാസമാണെന്ന് എനിക്ക് വ്യക്തമായെങ്കിലും ഞാൻ പ്രതികരിച്ചതേയില്ല, 

ഇനിയുള്ള ഏതാനും നിമിഷങ്ങളിൽ  ഒടുങ്ങിത്തീരുന്ന എനിക്ക്, വാദിച്ചു ജയിക്കാൻ സമയം കുറവാണെന്ന് എന്റെ യുക്തി ചിന്ത എന്നെ ഓർമ്മിപ്പിച്ചിരുന്നു.

എവിടെയോ ഒരു കാലൻ കോഴി കൂവുന്നതും , തെരുവു നായ്ക്കൾ അലമുറയിടുന്നതും കുത്തിച്ചൂളാൻ മൂളുന്നതും ഞാൻ അറിയുന്നുണ്ട്. 

നിശബ്ദമായ ഒരു ഇരുണ്ട ഗുഹക്കുള്ളിൽ നിന്നും മൌനത്തിന്റെ കയറു കൊണ്ട് ബന്ധിക്കാൻ ആരോ എന്നിലേക്ക് ഓടിയെത്തുന്നതിന്റെ ദൃഷ്ടാന്തങ്ങൾ തന്നെയാണതെന്ന് എനിക്കറിയാമായിരുന്നു.

അപ്പോൾ, മരണത്തെ നേരിൽ കണ്ടതിനു ശേഷം ഒരല്പ നിമിഷത്തെ ജീവിതം പോലും എത്ര അസഹ്യമാണെന്ന്  ഞാൻ അറിയുകയായിരുന്നു.

Friday, November 9, 2012

തത്വജ്ഞാനി...!


വഴി തെറ്റി അകപ്പെട്ട ഈ ഘോര വനത്തിൽ നിന്നും പുറത്ത് കടക്കുക ശ്രമകരമായ ജോലി തന്നെ. വിശപ്പും ദാഹവും എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. നടന്ന് തളർന്ന ശരീരം ഒരു ആശ്വാസത്തിനായി മനസ്സിനോട് കെഞ്ചുന്നു.  താമസിയാതെ ഇവിടെയാകെ ഇരുൾ പരക്കുമെന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തി. മനസ്സിൽ ദൈവിക സ്മരണകളും സ്തോത്രങ്ങളുമായി നാടെത്താനുള്ള കൊതിയോടെഈ യാത്രയിൽ ഒരു ആശ്വാസമായി ഒരാൾ മുൻപിൽ വന്നെങ്കിൽ...!

ഇല്ല ആരും ഇവിടെ കാണില്ല, ഈ ഘോര വനത്തിൽ മനുഷ്യ മാംസത്തിന്റെ രുചിയോർത്ത് കാത്തിരിക്കുന്ന വന്യ മൃഗങ്ങൾ മാത്രം. താമസിയാതെ ഏതോ ഒരു ജീവിയുടെ മല്പിടുത്തത്തിനൊടുവിൽ എരിഞ്ഞ് തീരുന്ന എന്റെ ജീവൻ എന്റെ മനസ്സിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

മെല്ലെ ഇരുൾ പരക്കുന്നു. ചീവീടുകളുടെ രോദനം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇളങ്കാറ്റിൽ ഈ അക്വേഷാ മരങ്ങളുടെ മർമ്മരങ്ങൾ അല്പം സമാധാനം നൽകിക്കൊണ്ടിരിക്കുന്ന ഉപബോധ മനസിനെ പോലും പേടിപ്പെടുത്തുന്നു. പ്രതീക്ഷയുടെ നാളം അവസാനിക്കാൻ എവിടെയോ കേൾക്കുന്ന മൃഗങ്ങളുടെ ഭയപ്പെടുത്തുന്ന കരച്ചിൽ ധാരാളം.

കലുകൾ ഇടറി വരുന്നു,സമയം അർദ്ദരാത്രി കഴിഞ്ഞിരിക്കണം. പോകുന്ന ദിശ ശരിയാണോ എന്നറിയില്ല, എങ്കിലും പ്രതീക്ഷയുടെ ആശ നാളം കാലിനെ മുൻപിലേക്ക് നയിക്കുന്നു.
പ്രേതങ്ങളും ഭൂതങ്ങളും സങ്കല്പ കഥയിലെ നായകന്മാർ എന്ന് ഘോരഘോരം ശബ്ദിച്ച  ഞാൻ അവയെ ഭയക്കുന്നു എന്നത് വിധിയുടെ വിരോധാഭാസം തന്നെ. എവിടെയോ എനിക്കൊരു തണൽ ഉണ്ടെന്ന ചിന്ത അവസാന നിമിഷത്തിലും പ്രതീക്ഷ വിടാത്ത മനുഷ്യ മനസിന്റെ നിഗൂഡത വെളിവാക്കുന്നു

ഇല്ല, ഇനി നീ നിന്റെ വിധിക്ക് കീഴടങ്ങുക എന്ന് ബോധ മനസ് പറയുമ്പോളും നിനക്കിതാ അരികെ, അരികെയായൊരു ആശ്രയമെന്ന് ഉപബോധ മനസ് കാതിലോതുന്നു. മുന്നോട്ട് അധികം പോവുക എന്നത് വിശപ്പും ദാഹവും വലക്കുന്ന ശരീരത്തിന് അസാധ്യം തന്നെ.

എവിടെയോ ഒരു മനുഷ്യ സ്വരം കേൾക്കുന്നുവോ, അതോ മനസിന്റെ വെറും തോന്നൽ മാത്രമോ? പ്രതീക്ഷ നൽകി മെല്ലെ മരണം വരെ കൊതിപ്പിക്കാനുള്ള മനസിന്റെ വിരുതോ ഇത്?.അല്ല സത്യം തന്നെ ആരായിരിക്കണം
  
ഈ പാതിരാത്രിയിൽ ഉറക്കമില്ലാതെ ഈ ഘോരവനത്തിൽ ഇരുന്ന് ഉറക്കെയുറക്കെപ്പാടുന്നത്. മനുഷ്യനായിരിക്കാൻ തരമില്ല..... എങ്കിൽ ഈ മനുഷ്യ ശബ്ദം? എന്നെ സ്വന്തം വരുതിയിലേക്ക് ആവാഹിക്കാനായി മാടനോ മറുതയോ ചെയ്യുന്നതാണോ? എന്തിന് ഈ ഘോരവനത്തിൽ എന്നെ എന്ത് ചെയ്താലും ഇപ്പോൾ എതിർക്കാൻ ഞാൻ മാത്രം. പിന്നെ എന്തിനെന്നെ അത് അങ്ങോട്ട് ആകർഷിക്കണം? ഇവിടെ വന്ന് എന്റെ രക്തം കുടിച്ച് വിശപ്പടക്കാവുന്നതല്ലേയുള്ളൂ.  

അറിയില്ല, ഇനി മാടനും മറുതക്കുമൊക്കെ അവരുടെതായ രീതികൾ ഉണ്ടായിരിക്കുമോ?.അതല്ല ഇനി വല്ല ഭ്രാന്തനുമായിരിക്കുമോ? എങ്കിൽ അയാളെങ്ങനെ ഇവിടെ എത്തപ്പെട്ടു? എന്നെപ്പോലെ വഴി തെറ്റി വന്ന വല്ലവരും ഭയമകറ്റാൻ പാടുന്നതായിരിക്കുമോ? ഭ്രാന്തനാണെങ്കിൽ ഇപ്പോൾ അതാണ് നല്ലത്. അയാൾക്ക് മാത്രമേ ഈ സമയത്ത് ഭയമില്ലാതെ ഇവിടെ ഇരിക്കാൻ കഴിയൂ. എന്നെ ലക്ഷ്യത്തിലെത്തിക്കാനും.

ഞാൻ മെല്ലെ ശബ്ദം കേട്ട ദിക്കിനെ ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ അയാളുടെ ശബ്ദം വ്യക്തമായി കേൾക്കാം. ഞാൻ മെല്ലെ മെല്ലെ അയാളിലേക്കെത്തിക്കൊണ്ടിരുന്നു.

കരയാതിരിക്കുവാൻ എനിക്ക് കഴിയില്ല
കവിളിലശ്രു കണം കാണതില്ലയോ...
ലോകമെന്നെത്തുമാ സർവ്വ സമത്വത്തിൽ
അന്നോളമെന്റെയീ കണ്ണൂനീർ തോരില്ല

അയാൾ ഉറക്കെ പാടുകയാണ്. ഭാഗ്യം മനുഷ്യൻ തന്നെ, മാത്രമല്ല മനുഷ്യത്വം മനസിൽ സൂക്ഷിക്കുന്ന ഒരു യഥാർഥ മനുഷ്യൻ. ഞാൻ അയാളുടെ അടുത്തെത്തി.

“ഹേ സുഹൃത്തെ.. അങ്ങേക്ക് എന്റെ നമസ്കാരം.“

അയാളെന്നെ മെല്ലെ തിരിഞ്ഞ് നോക്കി. മുഖം കാണുവാൻ കഴിയത്തിടത്തോളം താടിയും മുടിയുമായി ഒരു മനുഷ്യൻ. അയാൾ എന്നെ തിരിച്ച് അഭിവാദ്യം ചെയ്തില്ലെന്ന് മാത്രമല്ല, രൂക്ഷമായി നോക്കുക കൂടി ചെയ്തപ്പോൾ ഭയം മെല്ലെ ഉള്ളിൽ പടർന്നു കയറി.

“ഉം. ആരാണ്, എന്തു വേണം ഈ പാതി രാത്രിയിൽ?“

അയാളുടെ ശബ്ദം പരുഷമായിരുന്നു. മുൻപ് കേട്ട ശ്രുതിമധുരമായ കവിത അയാൾ തന്നെ പാടിയതോ എന്ന് ഈ ശബ്ദം കേട്ടാൽ സംശയിച്ച് പോകും.

ഞാൻ ഒരു വഴിപോക്കനാണ്, കാട്ടിലെ ചോലയുടെ സൌന്ദര്യം കാണാൻ ഇറങ്ങിയതാ, പക്ഷെ തിരിച്ച് പോകുമ്പോൾ വഴി തെറ്റി. പേടിച്ച് പേടിച്ച് മുന്നോട്ട് പോകുമ്പോളാണ് അങ്ങയുടെ ശബ്ദം കേട്ടത്. എനിക്ക് വനത്തിൽ നിന്നും പുറത്ത് കടക്കുവാനായി അങ്ങന്നെ സഹായിക്കുമെന്ന്  കരുതി വന്നതാണു ഞാൻ . ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

“സഹായിക്കാൻ ഞാൻ ആരാണ്.? ഞാൻ വെറുമൊരു ഭ്രാന്തൻ കുഞ്ഞേ..എനിക്കാരെയും ദ്രോഹിക്കാനോ സഹായിക്കാനോ കഴിയുകയില്ല. താങ്കൾക്ക് ക്ഷീണമുണ്ടെങ്കിൽ വിശപ്പടക്കുവാൻ വല്ലതും തരാനും അല്പ സമയം ഇവിടെ കൂട്ടിരിക്കാനും എനിക്ക് കഴിയും. ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ അത് ഞാൻ ചെയ്യാം.“

അയാളുടെ ശബ്ദം എത്ര പെട്ടെന്നാണ് സ്നേഹാർദ്രമായതെന്നോർത്ത് ഞാൻ അൽഭുതപ്പെട്ടു. “അങ്ങും ഇവിടെ വഴിതെറ്റി വന്നതാണെങ്കിൽ നമുക്കൊരുമിച്ച് പുറത്ത് കടക്കാം.“ ഞാൻ പറഞ്ഞു.

“ഞാൻ വഴി തെറ്റി വന്നതല്ല കുഞ്ഞേ.. വഴി തേടി വന്നതാണിവിടെ...“

“അങ്ങാരാണെന്ന് അറിയുവാൻ ആഗ്രഹമുണ്ട്..“

“ആദ്യമേ പറഞ്ഞു. ഞാൻ ഒരു ഭ്രാന്തൻ. വിവേകം ഉറക്കാത്ത കുഞ്ഞുങ്ങളും വിവേകമതികളെന്ന് സ്വയം ഉറപ്പിച്ച് യുവാക്കളും അനുഭവ സമ്പത്തിന്റെ പര്യായമെന്ന് സ്വയം പ്രഖ്യാപിച്ചവരും കല്ലെറിഞ്ഞ് തുടങ്ങിയപ്പോൾ ശരീരം സംരക്ഷിക്കുവാനായി ഒരു വഴി തേടി വന്നതാണ് ഞാൻ ഇവിടെ കുഞ്ഞേ..“

“അങ്ങ് ഭ്രാന്തനോ? എനിക്ക് വിശ്വസിക്കാനാവില്ല അത്... അങ്ങയെക്കാൾ മാന്യമായി പെരുമാറുന്ന ഒരാളെ ഞാൻ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ.“

“എല്ലാ മനുഷ്യരും ഒരു തരത്തിൽ ഭ്രാന്തന്മാരാണ് കുഞ്ഞേ. മുഴുഭ്രാന്തന്മാർ അർദ്ദ ഭ്രാന്തന്മാരെ ഭ്രാന്തനെന്ന് വിളിക്കുന്നു. അതാണ് ലോകം. വിവേകമല്ല വികാരമാണ് ലോകത്തെ ഭരിക്കുന്നത്. എഴുതപ്പെട്ടതും വായിക്കപ്പെട്ടതും അറിഞ്ഞതും അറിയാനിരിക്കുന്നതും വിവേകമല്ല, വികാരങ്ങളാണ്.വിവേകമെന്ന പദത്തിന് കുറച്ച് കൂടെ വ്യക്തത വരേണ്ടിയിരിക്കുന്നു.“

“അങ്ങ് ഭ്രാന്തനല്ല മഹാനായ ചിന്തകനാണ്. അങ്ങേക്ക് ഈ ലോകത്തിന് വിവേക പരമായ ഒരു ഗ്രന്ഥമെങ്കിലും സമ്മാനിക്കാമായിരുന്നു. അങ്ങയെ ഭ്രാന്തനെന്ന് വിളിച്ചവരെ തിരുത്തിക്കാൻ വേണ്ടിയെങ്കിലും.“

“ആരാണ് കുഞ്ഞേ, ലോകത്തിനു നന്മയുള്ള വിവേകപരമായ ഒരു പുസ്തകം ഇതുവരെ എഴുതിയത്?. ഇല്ലെന്ന് പറയാനാവില്ലായിരിക്കാം, എന്നാൽ വിരലിലെണ്ണാവുന്നത്ര വിരളം ആണത്. എങ്ങനെയാണ് ലോകത്തിന് മഹത്തായൊരു പുസ്തകം സമ്മാനിക്കുന്നത്? വെളുത്ത കടലാസിൽ കറുത്ത മഷിയിൽ ചാലിച്ച അക്ഷരങ്ങളായോ? അല്ല, അങ്ങനെയല്ല... പേന കൊണ്ടല്ല എഴുതേണ്ടത്, ജീവിതം കൊണ്ടാണ്, വെളുത്ത കടലാസിലല്ല എഴുതേണ്ടത് ലോകത്തിന്റെ ഹൃദയത്തിലാണ്. എന്നെ ഭ്രാന്തനെന്ന് വിളിച്ചവരെ ശിക്ഷിക്കേണ്ടതും മാറ്റി വിളിക്കേണ്ടതും ഞാനല്ല കുഞ്ഞേ അവർ തന്നെയാണ്. അങ്ങനെ ജനങ്ങളെ വിളിക്കുന്ന ദുഷ്പേരുകൾ സ്വയം ചിന്തിച്ച് തിരുത്താൻ തുടങ്ങുന്ന ഒരു കാലത്തിനേ ലോകത്തെ രക്ഷിക്കാനാവൂ.“

“പേന കൊണ്ടല്ല,ജീവിതം കൊണ്ട് എഴുതുക, ലോകത്തിന്റെ ഹ്രുദയത്തിലെഴുതുക, സത്യം പറയാമല്ലോ എനിക്കൊന്നും മനസിലായില്ല.“

“ഒരു ജീവിതം മറ്റുള്ളവർക്ക് വായിക്കാനും മാതൃകയാക്കാനും കഴിയുന്ന ഒരു പുസ്തകമാവണം കുഞ്ഞേ.. എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ...“

“അങ്ങയെപ്പോലെ ഒരു തത്വജ്ഞാനിയായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ വിശപ്പും ദാഹവും അകറ്റി വിശ്രമം നൽകാൻ കാണിച്ച മനസിന് വളരെ നന്ദി. ഒരു സഹായം കൂടെ എനിക്ക് അങ്ങ് നൽകിയാൽ എനിക്ക് മടങ്ങാം.“

“പറയൂ..എന്താണത്?“

“താങ്കളുടെ ഈ കരിയിലക്കൂട്ടത്തിൽ നിന്നും അല്പം ഇലകളും ഈ വടിയും അല്പം തീയും എനിക്ക് നൽകുക. ഈ അന്ധകാരത്തിലെ യാത്രയിൽ എനിക്കത് ഒരു സഹായമാകും.“

“എന്തിനാണ് കുഞ്ഞേ.. നീ ഇത്രയും ദൂരം വന്നത് ഇവയൊന്നുമില്ലാതെ തന്നെയല്ലേ,എന്നിട്ടും ഒരാപത്തുമില്ലാതെ നീ ഇതുവരെ എത്തി. ഇതുവരെ നിനക്ക് കാവലായ ദൈവം ഇനി നിന്റെ കൂടെ ഉണ്ടാവില്ലെന്ന് നീ ഭയപ്പെടുന്നുവോ? അതോ ഒരു പന്തമില്ലാതെ ലക്ഷ്യത്തിലെത്താനാവില്ലെന്ന് സ്വയം വിലയിരുത്തി കഴിഞ്ഞുവോ? ഒരു പന്തത്തിന് നിന്നെ ലക്ഷ്യത്തിലെത്തിക്കുവാനുള്ള കഴിവുണ്ടോ? വന്നത് പോലെ തിരിച്ച് പോകുക. ലക്ഷ്യമാണ് പ്രധാനം. മനസിലെ ലക്ഷ്യ ബോധം നിന്നെ അവിടെ എത്തിക്കും. തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടക്കുക. തിരിഞ്ഞ് നോക്കുന്നത് പിന്നിട്ട വഴികളിൽ നിനക്ക് അനുഭവപ്പെട്ട വേദനകളെ ഓർമ്മപ്പെടുത്താൻ ഇടയാക്കും. മുന്നോട്ട് നോക്കുക, മുന്നോട്ട് നീങ്ങുക. നീ കാത്തിരിക്കുന്നതെന്തോ അത് നീ നേടുക തന്നെ ചെയ്യും.“

ഞാൻ മെല്ലെ നടന്നു. വെറുതെയല്ല നിങ്ങളെ ജനങ്ങൾ ഭ്രാന്തനെന്ന് വിളിച്ചതും കല്ലെറിഞ്ഞതും എന്ന് മനസിൽ പറഞ്ഞപ്പോൾ തന്നെ ഇയാളൊരു ഭ്രാന്തനോ അതോ തത്വജ്ഞാനിയോ എന്ന് ഞാൻ ചിന്തിച്ചു. മുന്നോട്ടുള്ള യാത്ര നീളുകയാണ്. താമസിയാതെ എന്റെ ലക്ഷ്യം പൂർത്തീകരിക്കുമെന്ന ശുഭാബ്ദി വിശ്വാസത്തോടെ.....

അപ്പോൾ അയാൾ കവിതാലാപനം തുടരുകയായിരുന്നു..

ഓർമ്മകൾക്കിനി വിട

മറവിയുടെ ആഴങ്ങളിലൊളിക്കാം.

എങ്കിലും ഈയോർമ്മ മറവിയാൽ മൂടുവാൻ

ജീവനാൽ കഴിയുവോളം നമുക്കാകുമോ



(ലോകമെന്ന ഈ ഘോരവനത്തിൽ വഴിതെറ്റി ഒറ്റപ്പെട്ട് ഒരു വെളിച്ചം തേടി നീങ്ങുന്നവരാണ് നമ്മൾ. ആവെളിച്ചം നമ്മുടെ ഹൃദയത്തിലൊളിച്ച് വെച്ച് എവിടെയോ തിരഞ്ഞ് നടക്കുന്ന ജീവിതങ്ങൾ)