Tuesday, November 5, 2013

കുറുക്കൻ..

പകലന്തിയോളം വിശ്രമിച്ച് ഇരുൾ പരന്ന നേരത്ത് കഴിഞ്ഞ നാളിലെ മുഴുത്ത കോഴിയുടെ രുചിയോർത്ത് കുറുക്കൻ പുറത്തിറങ്ങി.

പതുങ്ങി പതുങ്ങി കോഴിക്കൂടുകളെ ലക്ഷ്യമാക്കി നടന്നു..

വഴിയരികിൽ അലസമായി കിടന്ന കോഴിത്തൂവലുകൾ വൃദ്ധന്റെ മനസിൽ വേദനയും തേങ്ങലും സൃഷ്ടിച്ചു.

കോഴികൾ ആക്രമിക്കപ്പെടുന്നതിൽ നിന്നും എങ്ങനെ അവയെ രക്ഷിച്ചെടുക്കാമെന്ന് വൃദ്ധൻ കൂലങ്കശമായി ചിന്തിച്ചപ്പോളാണ് സർവ്വൈവിങ് ഡിസാസ്റ്റർ ക്ലാസുകളും കോഴിക്കൂടുകൾ തോറും ബോധവൽക്കരണ ക്ലാസുകളുമായി വൃദ്ധൻ ഇറങ്ങിത്തിരിച്ചത്.

മാനസിക വ്യഥമാത്രമായിരുന്നു കാര്യം, അല്ലാതെ മുതലെടുപ്പുകളെക്കുറിച്ച് വൃദ്ധൻ ചിന്തിച്ചിട്ടു പോലുമില്ല.

കുറുക്കൻ ആധുനികവും നവീനവുമായ ആക്രമണങ്ങൾ പുറത്തെടുത്തു തുടങ്ങി.

കോഴിക്കൂടുകൾ തോറും കണ്ണുറുക്കിയും ഗോഷ്ടി കാട്ടിയും സ്നേഹ വചനങ്ങൾ ചൊല്ലിയും, സഹായിച്ചും പരിചരിച്ചും അങ്ങനെ കോഴികളെ കുറുക്കൻ പ്രണയത്തടവറയിലാക്കി.

പ്രണയം ആധുനിക വേടന്റെ ശക്തമായ ആയുധം, ഇരയെ പാട്ടിലാക്കാൻ ലോകത്ത് ഏറ്റവും എളുപ്പമായ മാർഗ്ഗം മറ്റൊന്നില്ലെന്ന് കോഴികൾക്കറിയില്ലല്ലോ.

അതിജീവനങ്ങൾ ഒട്ടുമില്ലാതെ കോഴികൾ കീഴടക്കപ്പെട്ടു തുടങ്ങി. വേട്ട ഇരുളിന്റെ മറവിൽ നിന്നും പകൽ വെളിച്ചങ്ങളിലേക്കുള്ള വളർച്ച പ്രാപിച്ചു തുടങ്ങിയിരിക്കുന്നു.

വൃദ്ധന് ജോലി ഏറെ കടുപ്പമുള്ളതായി തുടങ്ങി, പകൽ വെളിച്ചത്തിലും ഇരുളിന്റെ മറവിലും കോഴികൾ ഒറ്റയായി പുറത്തിറങ്ങരുതെന്ന വൃദ്ധന്റെ സ്നേഹ നിർഭരമായ ഉപദേശത്തിനെതിരെ ആധുനിക കോഴികൾ രംഗത്തെത്തി..

“നിന്റെ വീട്ടിലുമില്ലേടോ കോഴിയും കോഴിക്കൂടും.. അവറ്റകളെ പകലന്തിയോളവും അന്തിക്കും കൂട്ടിലടച്ചോണം, ഇത്തരം തത്വശാസ്ത്രങ്ങളുമായി ഇങ്ങോട്ടെഴുന്നള്ളരുത്..“

വൃദ്ധന് ഉരിയാടാനൊന്നുമുണ്ടായിരുന്നില്ല, തന്റെ വീട്ടിലെ കോഴികളെയോർത്തപ്പോൾ അയാൾ മൌനിയായി.. എങ്കിലും റോഡിലെ കോഴിത്തൂവലുകൾ, ചെകുത്താനും കടലിനുമിടയിൽ അകപ്പെട്ടതുപോലെ വിങ്ങലോടെ തനിച്ചിരുന്നു.

വിഡ്ഡിപ്പെട്ടികളിൽ കോഴിയമ്മമാർ കോഴിക്കറിയുടെ മഹത്തായ രുചിയെക്കുറിച്ച് വാചാലരായി..

തെരുവു നാടകങ്ങളിൽ കോഴിയിറച്ചി കറിയെ വർണ്ണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സ്വയം മാർക്കറ്റ് ചെയ്യുന്നത് എന്തിനെന്ന് കോഴിയമ്മമാർക്ക് പോലും വ്യക്തമല്ലായിരുന്നു.

വിഡ്ഡിപ്പെട്ടികളിൽ പ്രസംഗിച്ചു നടന്ന കോഴിയമ്മയെ കറിയാക്കുമെന്ന് പഴക്കം ചെന്ന കുറുക്കന്മാരുടെ ഭീഷണികൾ..

വഴിയരികിൽ പ്രതിഷേധം.

നടിക്ക് ഭീഷണി, വഴിയരികിലെ പ്രതിഷേധ സമരങ്ങളിൽ കുറുക്കനും കൂടി.. 

രോഷം കൊണ്ടു പ്രസംഗിച്ചു. ആവേശത്തിൽ വാക്കുകളെ വായുവിലേക്ക് ചുഴറ്റിയെറിഞ്ഞു. 

മനസിൽ ഒച്ചയില്ലാതെ ഓലിയിട്ടു, ചിരിച്ചു.

ഭീഷണിക്കെതിരെ പ്രസംഗിച്ചവരെ ചെറുചിരിയോടെ പുച്ഛിച്ചുകൊണ്ട് മഹാമനുഷ്യന് കോഴിയമ്മയുടെ മാപ്പ്.. 

തെറ്റുപറ്റാത്ത കുറുക്കന്മാരില്ല. കെളവൻ കുറുക്കനെ നേർവഴിയാക്കാൻ  സഹായിച്ച എനിക്ക് എന്റെ സ്തുതി

തെരുവുകളിൽ അപ്പോളും കോഴിത്തൂവലുകൾ പരന്നു കിടന്നു. ബ്രോയിലർ കോഴികളുടെ വില നാടൻ കോഴികൾക്കില്ല.

നാടൻ കോഴികളെ കുറിച്ച് കരയാൻ വൃദ്ധൻ മാത്രം ബാക്കിയായി

ശബ്ദമില്ലാതെ, കണ്ണു നനക്കാതെ അയാൾ കരഞ്ഞു കൊണ്ടേയിരുന്നു..

കുറുക്കന്റെ വേട്ട തുടർന്നുകൊണ്ടേയിരിക്കുന്നു..




13 comments:

  1. കോഴിയോട് ചോദിച്ചിട്ടാണോ കോഴിക്കറി വയ്ക്കുന്നതെന്ന് ധിക്കാരപൂര്‍വം ഒരു കുറുക്കന്‍ ചോദിച്ചു!

    ReplyDelete
  2. കോഴിക്ക് വേണ്ടി വാദിക്കാനും വേണ്ടേ ചിലരെങ്കിലും :)

    ReplyDelete
  3. കൂകിത്തോല്‍പ്പിക്കണം ഈ കുറുക്കന്മാരെ..

    ReplyDelete
  4. കോഴിയും കുറുക്കനും രണ്ടും കണക്കാ...ഒന്നിനെ വളര്‍ത്താം കറി വയ്ക്കാം...

    ReplyDelete
  5. കുറുക്കനും കോഴിയും ... ഹും

    ReplyDelete
  6. ഇത് വേട്ടക്കാർ ജയിക്കുന്ന കാലമാണ് ....
    ഇരകളേക്കാൾ പരാജയപ്പെടുന്നവർ അവരുടെ രക്ഷകരാണ്

    നന്നായി എഴുതി

    ReplyDelete
  7. നല്ല എഴുത്ത്‌ റിനീ...അവതരണം ഇഷ്ടായി

    ReplyDelete
  8. വെട്ടയാടപ്പെട്ടാലും കോഴികള്‍ക്ക് തിരിച്ചറിവ് വരില്ലല്ലോ ..

    ReplyDelete
  9. നന്നായെഴുതി, മാഷേ

    ReplyDelete
  10. കോഴിയോട്‌ ചോടിചിട്ടാണോ അതിനെ കൊല്ലുന്നതും കറിവെക്കുന്നതും ഹും ഒരാളെങ്കിലും വേണ്ടേ അതിനു വേണ്ടി വാതിക്കാന്‍ ..

    ReplyDelete
  11. Kozhiyum kurukanum. Pzhaya shathrukal

    ReplyDelete
  12. കുറുക്കനും കോഴിയും....നന്നായെഴുതി.... :-)

    ReplyDelete
  13. Free Spins No Deposit Casino Bonuses
    No Deposit Casinos ✓ Claim the Best No Deposit Casino Bonuses for 실시간바카라 Bonuses ✓ Keep What You Win With No Deposit 룰렛 판 사이트 Required! Read All 해외 라이브 스코어 Free 온라인 슬롯 사이트 Casino 벳 365 가상 축구 Bonuses Here!

    ReplyDelete