Monday, July 23, 2012

മാനവൻ


മനുഷ്യനെ തേടി ഞാൻ നടന്നു.. കാണാനായതേയില്ല…
എഴുതപ്പെട്ട പുസ്തകങ്ങളിൽ, പറയപ്പെട്ട വാക്കുകളിൽ, ചൊല്ലിപ്പതിഞ്ഞ കവിതകളിൽ, രസിച്ചു വായിച്ച കഥകളിൽ മനുഷ്യനുണ്ടായിരുന്നു. എന്നിട്ടും ചുറ്റുവട്ടത്തിലെങ്ങും അവനുണ്ടായതേയില്ല.
ഞാൻ ചിന്തിച്ചു മനുഷ്യൻ ഒരു സങ്കല്പം മാത്രമോ?
എന്റെ കുഞ്ഞു ശരീരത്തിലെ ചെറിയ വിവേകബുദ്ദി ഉപയോഗിച്ച് ഞാൻ കണ്ടെത്താൻ ശ്രമിച്ചു..
 ആകാശത്തിന്റെ നെറുകയിൽ നിന്നും ആയിരം മാലാഖമാർ ജീവന്റെ തുടിപ്പിനെ സൂക്ഷിച്ച സ്വർണ്ണപ്പാത്രവും കയ്യിലേന്തി ദൈവ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ട് ഭൂമിയിലേക്ക് മെല്ലെ പറന്നുകൊണ്ടിരുന്നു. ആ മഹത്തായ ജീവന്റെ തുടിപ്പിനെ മൺ രൂപത്തിലേക്ക് പകർന്ന് കൈകളുയർത്തി മാലാഖമാർ ആശീർവദിച്ചു,
“ പുതു ജീവനാകുന്ന മഹത്വമേ, നീ ലോകം മുഴുവൻ നിറഞ്ഞു സുഗന്ധംപരത്തുക..! ഏഴാകാശങ്ങളിലും ഏഴു ഭൂമികളിലും അതിനിടയിലെ പരമാണുക്കളിലും നിന്റെ മഹത്വം മനുഷ്യൻ എന്ന പേരിലറിയപ്പെടട്ടെ..!“
അങ്ങനെ ഭൂമിയിൽ ആദ്യത്തെ മനുഷ്യ ജീവൻ മുളപൊട്ടിയുണർന്നു.“
ആദ്യ മനുഷ്യനായി ഇണയെ നൽകപ്പെട്ടു. സുന്ദരമായ ലോകമെങ്കിലും അഘോഷിക്കാനോ ആഹ്ലാദിക്കാനോ ആവശ്യമായ അംഗബലമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ച് മനുഷ്യക്കുഞ്ഞുങ്ങൾ പിറവികൊണ്ടുകൊണ്ടിരുന്നു.
പിറക്കുന്ന ഓരോ കുഞ്ഞിനുമൊപ്പം മനസു നിറയെ സ്വാർഥതയും അസൂയയും  നിറച്ച് മനുഷ്യന് നൽകപ്പെട്ട പദവിയിൽ അസൂയപൂണ്ട അസൂയാലുക്കൾ മനുഷ്യ വർഗ്ഗത്തെ ഇടിച്ചു താഴ്ത്താൻ പദ്ധതിയിട്ടുകൊണ്ടിരുന്നു.
ഏറ്റവും ബുദ്ധിമാനായ വിവേകി സ്വാർഥതയുടെയും അസൂയയുടെയും അവിവേകത്തിൽ മനുഷ്യൻ എന്ന വാക്കിന്റെ അർഥം മറന്നു. മനുഷ്യത്വമെന്ന പദത്തിന്റെ അർഥം നോക്കാൻ അവൻ പലപ്പോളും  നിഘണ്ടു തപ്പിത്തിരഞ്ഞു.
സഹോദരങ്ങൾ പരസ്പരം വെട്ടിച്ചാവാൻ മതങ്ങളെ, പാർട്ടികളെ, വർണ്ണ വർഗ്ഗ ഭേദങ്ങളെ അവൻ മറയാക്കി മാറ്റുമ്പോൾ വിവേകമെന്ന പദത്തെയും അവൻ മറന്നുപോയിരുന്നു.
മനുഷ്യ ശരീരത്തിൽ മൃഗീയതയുടെ അമ്പത്തൊന്ന് വെട്ടുകൾ പതിഞ്ഞു. മണ്ണിൽ വീണു പിടയുന്ന വേദനിക്കുന്ന മനുഷ്യരെ നോക്കി വിവേകിയായ മനുഷ്യൻ ചിരിച്ചു. ന്യായങ്ങളും അന്യായങ്ങളും നിരത്തി ഘോരഘോരം ഗർജ്ജനങ്ങൾ നടന്നു.
കയ്യിലെത്തുന്ന കറൻസികളുടെ സ്വപ്നഭാരം നിറച്ച് അവൻ സഹോദരന്റെ കഴുത്തറക്കാൻ മൂർച്ചയേറിയ കഠാര കരുതി വെച്ചുകൊണ്ടിരുന്നു.
നെഞ്ചു പിടഞ്ഞ് കണ്ണു തളർന്ന് കരളിലെ രക്തം വാർന്ന് ഞാൻ ഇരുന്നു
ഒരു മനുഷ്യനെപ്പോലും കാണാനായില്ലല്ലോ എന്നാ വേദനാ ഭാരത്തോടെ തെരുവോരങ്ങളിലേക്ക് ഞാൻ ഇറങ്ങി നടന്നു.
അവിടെ മനുഷ്യരുണ്ടായിരുന്നു. കുപ്പത്തൊട്ടിയിലെറിഞ്ഞ സമ്പന്നന്റെ ഭക്ഷണാവിശഷ്ടങ്ങൾ ആർത്തിയോടെ വാരിയെടുത്ത് ഭക്ഷിക്കുന്ന മനുഷ്യക്കോലങ്ങള്. കിട്ടിയ അപ്പക്കഷ്ണങ്ങളെ പങ്കിട്ടെടുത്ത് സ്വയം വിശന്നും സഹോദരന്റെ വിശപ്പകറ്റാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയിൽ ഞാൻ ഒരു മനുഷ്യനെ കണ്ടെത്തി.
പിന്നെ എന്റെ കണ്ണുകൾ തെരുവോരങ്ങളിലെ മനുഷ്യപ്പേക്കോലങ്ങളെ അന്വേഷിച്ചു നടന്നു. അതിലൊരു മനുഷ്യനുണ്ടാവുമെന്ന പ്രതീക്ഷയോടെ, അപ്പോൾ എന്റെ മനസിലെ സന്ദേഹം ഞാനൊരു മനുഷ്യൻ തന്നെയോ എന്ന കാര്യത്തിലായിരുന്നു.
വീണ്ടും, എന്റെ പോക്കറ്റിലെ ചില്ലറത്തുട്ടുകളെ വാങ്ങാൻ വിസമ്മതിച്ച് ജോലി ചെയ്യാതെ കൂലി വേണ്ടെന്ന് പ്രഖ്യാപിച്ചൊരു വൃദ്ധനിൽ ഞാൻ കണ്ടു. വിവേകിയും അഭിമാനിയുമായൊരു മനുഷ്യനെ.!
തേടി നടന്ന യാത്രകളിൽ ചില്ലുമേടകളിൽ സ്വയം അഭിമാനികളും മാന്യരുമെന്ന് പ്രഖ്യാപിച്ച മനുഷ്യ രൂപങ്ങളെ നോക്കി ഉറക്കെ വിളിച്ചു പറയാൻ എന്റെ നാവു കൊതിച്ചു.
“അല്ലയോ സ്വയം പൂജിതരായ അവിവേകികളേ. മഹത്വമേറുന്ന മനുഷ്യ വർഗ്ഗത്തിലെ ചുരുക്കം ചിലരെ ഞാൻ കണ്ടെത്തിയിരിക്കുന്നു. മനുഷ്യനെന്ന വാക്കിന്റെ യഥാർഥ അർഥത്തിനുടമസ്ഥരായ ചിലരെ.“
എന്നാൽ അവരും നിങ്ങളും തമ്മിൽ എത്രയോ അകലത്തിലാണ് എന്ന സത്യം നിങ്ങളിപ്പോളും അറിഞ്ഞിട്ടില്ല.
എന്റെ കണ്ടെത്തലുകളെ പിൻ തലമുറകളിലെ മനുഷ്യാന്വേഷകർക്ക് ഉപകാരപ്പെടുന്ന വിധം എഴുതിവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഒരു കരിക്കട്ടയും ഒരു കരിങ്കൽ കഷ്ണവും നിങ്ങളെനിക്ക് നൽകിയേക്കുക.
അതിനാവുകയില്ലെങ്കിൽ കാണുന്നിടങ്ങളിലെല്ലാം നിങ്ങളിത് എഴുതി വെക്കുക. മനുഷ്യൻ എന്താണെന്ന് മനുഷ്യൻ മനസിലാക്കട്ടെ.! ജീവിതമെന്താണെന്ന് അവനറിയട്ടെ.!
“പ്രപഞ്ച വീണയിൽ വിരലു തട്ടാതെ ഉറങ്ങുന്ന മനോഹര രാഗങ്ങളാണ് ജീവിതം, എത്ര മനോഹരമായി നമുക്കതിനെ തഴുകാനാവുന്നുവോ അത്രയും മനോഹരമായ സംഗീതമായി ആ ജീവിതം ലോകത്തിന്റെ നെറുകയിൽ എഴുതപ്പെടുന്നു“

20 comments:

 1. “പ്രപഞ്ച വീണയിൽ വിരലു തട്ടാതെ ഉറങ്ങുന്ന മനോഹര രാഗങ്ങളാണ് ജീവിതം, എത്ര മനോഹരമായി നമുക്കതിനെ തഴുകാനാവുന്നുവോ അത്രയും മനോഹരമായ സംഗീതമായി ആ ജീവിതം ലോകത്തിന്റെ നെറുകയിൽ എഴുതപ്പെടുന്നു“
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പൻ ചേട്ടാ..

   Delete
 2. മനുഷ്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ലോകത്തിനായി പിറന്ന ഈ വരികളുടെ സ്നേഹ സ്പര്‍ശങ്ങളെ സ്വീകരിക്കുന്നു ..അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ഈ വരവിനെയും അഭിപ്രായത്തെയും ഞാനും വിലമതിക്കുന്നു.. സഹൃദയം സ്വീകരിക്കുന്നു

   Delete
 3. “പ്രപഞ്ച വീണയിൽ വിരലു തട്ടാതെ ഉറങ്ങുന്ന മനോഹര രാഗങ്ങളാണ് ജീവിതം, എത്ര മനോഹരമായി നമുക്കതിനെ തഴുകാനാവുന്നുവോ അത്രയും മനോഹരമായ സംഗീതമായി ആ ജീവിതം ലോകത്തിന്റെ നെറുകയിൽ എഴുതപ്പെടുന്നു“

  ReplyDelete
  Replies
  1. എന്നാൽ നമുക്കിനി ആ മനോഹര രാഗങ്ങൾ തഴുകി ഉണർത്തി ജീവിക്കാം.. മനുഷ്യനായി ജീവിക്കാം അല്ലെ അബ്സർ ഇക്കാ

   Delete
 4. ഗൗരവതരമായ ഒരു ചിന്തയെ അയത്നലളിതമായി വരച്ചിട്ടിരിക്കുന്നു. ഒന്നുകൂടി ഇരുത്തിശ്രമിച്ചാൽ അതിമനോഹരമായേനെ. ഇത്രയും നല്ലൊരു സൃഷ്ടിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയല്ലോ!

  ReplyDelete
  Replies
  1. പ്രവാസത്തിനിടയിൽ കിട്ടുന്ന അല്പ നിമിഷങ്ങളല്ലേ നമുക്ക് കിട്ടുന്നുള്ളൂ.. അതിനിടയിൽ ഒരു തട്ടിക്കൂട്ട് സത്യത്തിൽ അതല്ലേ നമ്മുടെ ഒക്കെ ബ്ലോഗിങ്.. വളരെ നന്ദി സുഹൃത്തേ

   Delete
 5. പോപ്പുലേഷന്‍ കൂടുന്നു
  മനുഷ്യര്‍ കുറയുന്നു

  ReplyDelete
  Replies
  1. സത്യസന്ധമായ കണ്ടെത്തൽ അജിത്തേട്ടാ...

   Delete
 6. മനുഷ്യന്‍ ,മാനവികത ഒക്കെ ജയിക്കട്ടെ .നല്ല ചിന്തകള്‍ക്ക് പിന്തുണ നേരുന്നു

  ReplyDelete
 7. ഖലീല്‍ ജിബ്രാനെ അനുകരിക്കുന്നോ എന്നൊരു സംശയം

  ReplyDelete
 8. ശ്രദ്ധേയം ... ഈ വിശകലനം

  മൂല്യച്യുതി നേരിടുന്ന ഇന്നത്തെ സമൂഹത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രസക്തി നന്നേ ഇല്ലാതായി എന്ന് വേണം പറയാന്‍.

  ആശംസകള്‍

  ReplyDelete
 9. നല്ല എഴുത്താണ് ... നയാതെ സൂക്ഷിക്കുക.ആശംസകള്‍.

  ReplyDelete
 10. പ്രപഞ്ച വീണയിൽ വിരലു തട്ടാതെ ഉറങ്ങുന്ന മനോഹര രാഗങ്ങളാണ് ജീവിതം, എത്ര മനോഹരമായി നമുക്കതിനെ തഴുകാനാവുന്നുവോ അത്രയും മനോഹരമായ സംഗീതമായി ആ ജീവിതം ലോകത്തിന്റെ നെറുകയിൽ എഴുതപ്പെടുന്നു നല്ല ചിന്തകള്‍....

  ReplyDelete
 11. കൊള്ളാം, മനസിലെ നന്മ്മയുടെ അംശം വരികളില്‍ വിരിഞ്ഞുനില്‍ക്കുന്നു. അവ കഥകളും കവിതകളുമായി പരിണമിക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 12. കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു ഈ വരികള്‍ ,,,,,,,,,ആശംസകള്‍

  ReplyDelete
 13. മനോഹരം തുടക്കംതന്നെ ഗംഭീരം തുടര്‍ന്നു അതിഗംഭീരം.എഴുത്തിനും ചിന്തകള്‍ക്കും ആശംസകള്‍.

  ReplyDelete
 14. മനോഹരമായ രചന
  ആശംസകൾ

  സമയം കിട്ടുമ്പോൾ ഈ വഴിയും ഒന്നിറങ്ങണേ..
  http://ilapozhikkal.co.cc

  ReplyDelete