Saturday, September 6, 2014

മൈലാഞ്ചിപ്പൂക്കളുടെ ഗന്ധം..


സൈതാലിക്കാ, എന്താ മീൻ?“

മാന്തൾ, മത്തി, അയില ഒക്കെ ഉണ്ടാർന്നൂ..“

ആഹാ മാന്തള് വലിപ്പമുള്ളതാണോ?“   മാന്തൾ എനിക്ക് പണ്ടേ ഇഷ്ടമുള്ള മീനാണ്. ഞാൻ എഴുന്നേറ്റ് സൈതാലിക്കയുടെ മീൻ കുട്ടക്കരികെ ചെന്നു..

ആഹാ, ഇതിലൊന്നും ഇല്ലല്ലോ?“

അതല്ലടാ മൊയന്തേ അന്നോട് പറഞ്ഞേ മാന്തളും മത്തീം അയലേം ഉണ്ടാർന്നൂന്ന്. മീൻ കയിഞ്ഞപ്പോ ഞാൻ കൊട്ടയും വണ്ടീമൊക്കെ ഒന്ന് കഴുകാന്നൊച്ച് തോട്ടും വക്കത്ത് വന്നതാ..“

അതെന്താ സൈതാലിക്കാ, ഇന്ന് ഇത്രേം വേഗം മീനൊക്കെ വിറ്റുപോയാ?“

അതൊന്നും പറയണ്ട ന്റെ ശംസൂ.. ആ ചെക്കൻ കടലിൽ വീണ് മരിച്ചിട്ട് ഇന്നേക്ക് മൂന്നല്ലേ ആയുള്ളൂ.. അതോണ്ട് പൊന്നാക്കാര് ഓന്റെ മയ്യിത്ത് കിട്ടാതെ ആരേം കടലീ പോകാൻ സമ്മതിക്കണില്ലാത്രേ..“

വണ്ടി സ്റ്റാന്റിൽ വെച്ച് സയ്താലിക്ക ഞങ്ങളിരുന്നിരുന്ന കലുങ്കിൽ വന്നിരുന്നു.

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. സെയ്താലിക്കയുടെ സ്പെഷൽ കടൽക്കഥകൾ കേൾക്കാൻ തയ്യാറായിക്കോളൂ എന്നാണ് ആ ചിരിയുടെ അർഥം.

ശംസൂന്നറിയോ? കടലിന്റൌത്തേക്ക് അടുക്കുമ്പോൾ ഇഷ്ടത്തിന് ചുഴിയോളുണ്ട്, ചുഴീന്ന് പറഞ്ഞാ നല്ല ഒന്നൊന്നാന്തരം ചുഴി. ഇപ്പോ കടല് ന്ന് കേൾക്കുമ്പളേ സൈതാലിക്കാക്ക് പേട്യാ ട്ടോ. പക്ഷേ ഒരു കാലത്ത് ഏറ്റും നല്ല ഏനക്കാരനും ചാട്ടക്കാരനും നീന്തക്കാരനും ഒക്കെ ആയിര്ന്ന് ഈ സൈതാലിക്ക.“

പണ്ട് ഞങ്ങള് പോയ വഞ്ചി, ഞാനാ അന്നൊക്കെ ചാട്ടക്കാരൻ, വലയെറിഞ്ഞാൽ പിന്നെ വഞ്ചീന്ന് ഒറ്റച്ചാട്ടമാ, എന്നിട്ടു വലയും പിടിച്ച് ചുറ്റോട് ചുറ്റും നടന്ന് അയ വിടർത്തി നീർത്തിയിടും, പിന്നെ വന്ന് വഞ്ചിയിൽ കയറി ഞങ്ങളെല്ലാവരും കൂടെ ആഞ്ഞാഞ്ഞ് വലിക്കും."

മഴയും കാറും കോളുമുള്ള ഒരു നശിച്ച ദിവസം..“

ചാടി നീന്തുന്ന എന്നെ പിടിച്ച് ഒരു ചുഴി, ഒറ്റയടി, ന്നട്ട് വിട്ടാ.. ഇല്ല, വീണ്ടും വീണ്ടും അങ്ങനെ മൂന്ന് തവണ ചൊയറ്റിയടിച്ചു കടല്, ഒര് കണക്കിനാ അന്ന് ജീവൻ കിട്ട്യേത്.. ശരിക്കും മയച്ച് പോയി.. അതേ പിന്നെ പേടിയാ എനക്ക് കടലിൽ ഇറങ്ങി ഒന്ന് കുളിക്കാൻ പോലും.. മക്കള് കുളിക്കണ കണ്ടാലോ അതിലും പേട്യാ..“

സയ്താലിക്ക കഥ തുടരുകയാണ്..

കടൽക്കഥകൾ കേൾക്കാൻ നല്ല രസമാണ്, പ്രത്യേകിച്ചും സൈതാലിക്കൻ ടച്ച് കടൽക്കഥകൾ.. എന്നിട്ടും ഓർമ്മകൾ എങ്ങോ മാടി വിളിക്കുന്നു..

മനസ് അകലെ കടൽത്തീരത്തേക്ക് അറിയാതെ പായുന്നു. സൈതാലിക്കയുടെ ശബ്ദം പതിഞ്ഞു പതിഞ്ഞു വരികയും മറ്റെന്തൊക്കെയോ ശബ്ദങ്ങൾ മനസിൽ ജീവൻ വെച്ചുണരുകയും ചെയ്യുന്നു.

അകലെ കടപ്പുറത്തെ മണൽത്തിട്ടയിൽ കാലുകൾ നീട്ടിയിരിക്കുന്ന നേഹയും ഞാനും മനസിലെ ജീവനുള്ള ചിത്രങ്ങളായി മാറുന്നു.

ഞാൻ പറഞ്ഞിട്ടില്ലേ?“

എന്ത്?“

മറന്നു പോയോ?? മൈലാഞ്ചിപ്പൂക്കൾക്ക് മരണത്തിന്റെ മണമാണെന്ന്..“

.. അതാണോ?“

അക്കാര്യത്തിൽ എനിക്ക് നിന്നോട് യോജിക്കുക വയ്യ, മൈലാഞ്ചിപ്പൂക്കൾക്ക് പ്രണയത്തിന്റെ മണമാണ്. വെറുമൊരു പ്രണയഗന്ധമല്ല, കടൽ പോലെ ആഴവും പരപ്പുമുള്ള വിശ്വാസവും തുണയുമാവുന്ന ഉൽകൃഷ്ടമായ പ്രണയത്തിന്റെ ഗന്ധം..“

അവളൊന്നും മിണ്ടിയില്ല, ഇഷ്ടപ്പെടാത്തതു പോലെ എന്നൊയൊന്നു നോക്കുക മാത്രം ചെയ്തു.

പരന്നു കിടക്കുന്ന കടൽ ജലത്തിനു മുകളിലൂടെ മത്സ്യ ബന്ധനക്കാരുടെ ബോട്ടുകൾ കരയിലേക്ക് കുതിക്കുന്നുണ്ടായിരുന്നു. അവക്കിടയിൽ ഒരു വഞ്ചി ബോട്ടുകളുടെ വേഗതയോട് മത്സരിക്കാനാവാതെ വേച്ചും വിറച്ചും തിരമാലകളെ വെല്ലുവിളിക്കാതെ അതിസൂക്ഷ്മം ഇഴഞ്ഞു വരുന്നുണ്ട് വിധിയെ പ്രകോപിക്കാതെ അതിനെ സസൂക്ഷ്മം കീഴടക്കുന്ന ബുദ്ധിമാനായ ഒരു മനുഷ്യന്റെ ജീവിതം പോലെ..

ഞാൻ അവളെ നോക്കി, അസ്തമയ സൂര്യന്റെ ചുവപ്പു രാശി കലർന്ന കവിൾത്തടങ്ങൾ നോക്കി  ഞാൻ മനസിൽ പറഞ്ഞു. നേഹാ നീ തന്നെയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി.

 അവളും കടലിന്റെ മായക്കാഴ്ചകളിലായിരുന്നുവെന്ന് എനിക്ക് മനസിലായി.. ഞാൻ ചിന്തിക്കുന്നതൊക്കെ തന്നെയാവും ചിലപ്പോൾ അവളും ചിന്തിക്കുന്നുണ്ടാവുക.

നേഹാ.. നീയെന്താണ് മിണ്ടാതിരിക്കുന്നത്? മൈലാഞ്ചിപ്പൂക്കൾക്ക് ചിലപ്പോൾ മരണത്തിന്റെ ഗന്ധം തന്നെയാവുമെന്ന് തോന്നുന്നു. ചില കാര്യങ്ങളെക്കുറിച്ച് ചിലർ എന്നും അജ്ഞരാണെന്ന് കരുതിയാൽ മതിയല്ലോ..”

എന്റെ വാക്കുകളാണ് അവളെ നിശബ്ദയാക്കുവാൻ പ്രേരിപ്പിച്ചതെന്നോർത്ത് സ്വയം കീഴടങ്ങുവാൻ തയ്യാറായി..

ഏയ്.. അതൊന്നുമല്ല ശംസൂ.. ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി..”
എന്താണ്? നീ ചിന്തിക്കുന്നത് എന്താണെങ്കിലും എന്നോട് പറയൂ.. നമുക്ക് അതേക്കുറിച്ച് തന്നെ സംസാരിച്ചിരിക്കാമല്ലോ.."

അതിനെക്കുറിച്ച് തന്നെയാണ് ശംസൂ.. നാം ഇപ്പോൾ നടന്നു വന്ന വഴികളിൽ പൂത്തു നിന്ന മൈലാഞ്ചിപ്പൂക്കളെക്കുറിച്ച്, അതിന്റെ ഇലയെക്കുറിച്ച്.. നമ്മുടെ പള്ളിയുടെ ഖബറിസ്ഥാനിൽ തളിർത്ത് നിൽക്കുന്ന, പുതിയ ഖബറുകളുടെ മീസാൻ കല്ലുകളെ ചാരി നിൽക്കുന്ന മൈലാഞ്ചി കൊമ്പുകളെക്കുറിച്ച്..“

മരണമോ മരണവുമായി ബന്ധപ്പെട്ടതോ ആയ ഏത് കാര്യവും എനിക്ക് ഭയമാണ്. എന്നിട്ടും ഇവളെന്തിനാണ് മരണത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ?

വിഷയം മാറ്റാനായി ഞാൻ പറഞ്ഞു

എന്തൊക്കെയാണ് നീ ചിന്തിക്കുന്നത്.. കടലിനെക്കുറിച്ച് നിനക്ക് ചിന്തിച്ചുകൂടേ..

ഒന്നോർത്തു നോക്കൂ നേഹാ.. നാം ജീവിക്കുന്ന കരയിൽ ഇത്രത്തോളം വൈവിധ്യമായ ജന്തുസസ്യജാലങ്ങൾ ഉണ്ടെങ്കിൽ ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും പരന്ന് കിടക്കുന്ന സമുദ്രത്തിൽ എത്രത്തോളം ജീവജാലങ്ങളുണ്ടാവും അല്ലേ?“

എത്രത്തോളം ജീവജാലങ്ങളുണ്ടോ അതിനടുത്ത് സംഖ്യ തന്നെ മയ്യിത്തുകളുമുണ്ടാകും ശംസൂ..” അവൾ ചിരിയോടെ എന്നെ നോക്കി..

എനിക്ക് വല്ലാത്ത ഈർഷ്യതയാണ് തോന്നിയത്..

 “പോസിറ്റീവായി ഒരു വാക്കും നിന്റെ വായിലില്ല, നെഗറ്റീവ് എനർജി മനസിൽ നിറക്കാനേ സംസാരം  ഉപകരിക്കൂ.. മതി വാ എഴുന്നേൽക്ക്.. നമുക്ക് പോകാം..”

അവൾ എഴുന്നേറ്റു.. എന്റെ വലത് കയ്യിൽ അവളെടെ രണ്ടു കൈകൾ കൊണ്ടും മുറുകെ പിടിച്ചു ചിരിക്കാൻ തുടങ്ങി..

എന്റെ ശംസൂ.. എനിക്കറിയാം, നിനക്ക് മരണമെന്ന പദം പോലും പേടിയാണെന്ന്. നീയെന്നോട് അത് തുറന്ന് സമ്മതിക്കില്ലെങ്കിൽ പോലും.. നിന്റെ വീട്ടിൽ വരുമ്പോളൊക്കെ ഉമ്മ ഇക്കാര്യം എന്നോട് പറയും. ശംസുവിന്റെ മരണ ഭയവും പറഞ്ഞ് ഞങ്ങളെത്ര ചിരിക്കാറുണ്ടെന്നോ?“

ശരിയാണ് നേഹാ, മരണത്തെ എനിക്ക് ഭയം തന്നെയാണ്, വലിയ വലിയ വർത്തമാനം പറയാൻ കഴിയുമെങ്കിലും ആർക്കാണ് മരിക്കാൻ ഭയമില്ലാത്തത്..”

"എനിക്കൊരു പേടിയും ഇല്ല ശംസൂ.. ജനിച്ചാൽ മരണം ഉറപ്പാണ്,"

ആ സംസാരത്തിനു ശേഷം മൂന്ന് വർഷങ്ങളെടുത്തു  അവളുടെ ജനനത്തിനൊപ്പവും മരണം എഴുതി വെക്കപ്പെട്ടിരുന്നു എന്ന ആ സത്യം അനുഭവവേദ്യമാകുവാൻ..

***
കിടന്നിട്ട് ഉറക്കം വരുന്നതേയില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകളടച്ച് എല്ലാ ചിന്തകളേയും മറന്നു കളയുവാനുള്ള പാഴ്ശ്രമങ്ങൾ, ഒരു ദിവസത്തെ ശോകാർദ്രമായ ചിന്തകൾ മുഴുവൻ ഒരൊറ്റ സെകന്റിൽ മറന്നുകളയുന്നത് എങ്ങനെയാണ്.?

വാതിൽ തുറന്നു പുറത്തെ സിറ്റൌട്ടിലിരുന്നു പുറത്തെ ഇരുട്ടിൽ പെയ്തുവീഴുന്ന മഴത്തുള്ളികളുടെ അവ്യക്തമായ നിഴൽ രൂപങ്ങളെ നോക്കി എത്ര നേരമിരുന്നു? അറിയില്ല, വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികൾ പുറത്തെ മഴവെള്ളത്തിൽ ഒലിച്ചു നടക്കുന്നുണ്ട്.

സത്യത്തിൽ എന്താണ് തന്റെ പ്രശ്നമെന്നും, വിഷമമെന്നും തിരിച്ചറിയുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ജനനത്തിനൊപ്പം തന്നെ എഴുതിവെക്കപ്പെട്ട മരണം, ഒരു സെകന്റ് പോലും അതിന്റെ ദൈർഘ്യം കൂട്ടാനോ കുറക്കാനോ കഴിയില്ലെന്നിരിക്കെ എല്ലാം ഒരു പാഴ്ചിന്തയാണെന്ന് തിരിച്ചറിയാൻ കഴിയുമ്പോളും ലാഘവമായി ചിന്തിക്കുവാനോ മറന്നു കളയുവാനോ കഴിയാത്ത ചില നിമിഷങ്ങൾ..!

വാതിൽ ചാരി വെച്ച് കുട നിവർത്തി മുറ്റത്തേക്കിറങ്ങി നടന്നു. കടപ്പുറത്തേക്കുള്ള വഴിയരികൾ മൈലാഞ്ചിച്ചെടികൾ പൂത്തു നിൽക്കുന്നുണ്ട്.  മൈലാഞ്ചിപ്പൂക്കളുടെ രൂക്ഷമായ ഗന്ധം തലച്ചോറിലേക്ക് അടിച്ചു കയറുന്നത് പോലെ.. തല വേദനിക്കുന്നു..

നിശബ്ദമായ രാത്രിയിൽ തിരമാലകളുടെ ശബ്ദം ഭയാനകമായി തോന്നി, കടലിന്റെ ആഴങ്ങളിലേക്ക് വെറുതെ കണ്ണുനട്ട്  മണൽ‌പ്പരപ്പിൽ കാലുകൾ നീട്ടിയിരുന്നു. ഇടക്കിടെ മണലിൽ കുഴി തീർത്ത് ആഴത്തിലേക്ക് ഇറങ്ങി പോകുന്ന  ഞണ്ടുകളും കുനിയകളും മാത്രമുണ്ട് ഈ തീരത്ത് കൂട്ടിന്..

എത്ര നേരം ആ ഇരിപ്പിരുന്നുവെന്നറിഞ്ഞു കൂടാ, തിരമാലകൾക്ക് മുകളിൽ വെളുത്ത രൂപം പ്രത്യക്ഷമായി, അടുത്ത് വരും തോറും അതൊരു സ്ത്രീ രൂപമാണെന്ന് വ്യക്തമായി തുടങ്ങി.

കയ്യിലൊരു പിടി മൈലാഞ്ചി പൂക്കളുമായി നേഹ അരികിൽ വന്നിരിക്കുന്നു, ആ പൂക്കൾ എന്റെ നേരെ നീട്ടി അവൾ പറയുന്നു..
“ശംസൂ.. ഇത് സ്വീകരിക്കൂ, ഈ മൈലാഞ്ചിപ്പൂക്കൾ സത്യത്തിൽ  ഇതിനു മരണത്തിന്റെ ഗന്ധമേയല്ല, പ്രണയത്തിന്റെ വശ്യഗന്ധം തന്നെയാണ്..“

എന്റെ കൈകളിലിരുന്ന് ആ മൈലാഞ്ചിപ്പൂ‍ക്കൾ വിറച്ചു..

 “ഇല്ല, നേഹാ, സത്യമായും  മൈലാഞ്ചിപ്പൂക്കൾക്ക് മരണത്തിന്റെ ഗന്ധം തന്നെയാണ്..“

നീയാണ് ശരി, അല്ല ഞാനാണ് ശരി എന്ന വാദപ്രതിവാദങ്ങൾക്ക് സമയം തികഞ്ഞതേയില്ല, അതിനും ഏറെ മുൻപേ മനസിലെ ചായക്കൂട്ടുകളിലെ മഷി തീരുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..




Thursday, August 14, 2014

ഒരു അപഹർത്താവിന്റെ ആത്മകഥ

                              ഒന്ന് :- ചില കശുവണ്ടി കാര്യങ്ങള്.

കൊലപാതകികളും, സ്ത്രീ പീഡകരും - ഇരകളും, കൊള്ളിവെയ്പുകാരനും, ഭീകരവാദികളും ആത്മകഥകളെഴുതിയത് വായിക്കാൻ ഇടയായതാണ്  ഒരു  ഉദ്യമത്തിന് ആധാരം.

ഒരു കള്ളന് ആത്മകഥ എഴുതുക എന്നത് വിവിധങ്ങളായ ജീവിതാനുഭവങ്ങളുടെ സമ്മേളനങ്ങൾ കൊണ്ട് എത്ര എളുപ്പമായതും വായനക്കാർക്ക് ഏറെ കൌതുകകരമായ വായന നൽകുന്നതും ആയിരിക്കുമെന്ന് ഞാൻ ചിന്തിക്കുന്നു. തീർച്ചയായും  വായനയിൽ കള്ളന്റെ കൌശല ബുദ്ധിയും കായികക്ഷമതയും സാഹസികതയും നിങ്ങൾ വായനക്കാരെ മുൾമുനയിൽ നിർത്തുകയും ഏറെ ചിന്തിപ്പിക്കുകയും അലസത വെടിഞ്ഞ് ഊർജ്ജ്വസ്വലനായ ഒരു മനുഷ്യനെ നിർമ്മിക്കാൻ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യും എന്നു തന്നെയാണ് എന്റെ അത്മാർഥമായ വിശ്വാസം.

ഇനി കഥയിലേക്ക് കടക്കാമെന്നു തോന്നുന്നു.

കൊല്ലവർഷം 1145 മേടം പന്ത്രണ്ട്, ക്രിസ്താബ്ദം 1970 ഏപ്രിൽ 25 നു പുലർച്ചെ ഏഴര മണിക്ക് നാലു മിനുറ്റ് ബാക്കി നിൽക്കെയാണ്  ഞാൻ ഭൂജാതനാവുന്നത്. ജന്മം തന്നെ കർമ്മം കൊണ്ട് വിസ്മയം നിറച്ചതു കൊണ്ടൊന്നുമല്ല, മറിച്ച് ഏതൊരുവനും തന്റെ ആത്മകഥയിൽ ജന്മദിനത്തെ സൂചിപ്പിച്ചു കണ്ടതു കൊണ്ട് മാത്രം ഞാനും എന്റെ ജന്മത്തീയതിയും സമയവും കുറിച്ചു എന്നു മാത്രം.

എന്റെ പേര്, അല്ലെങ്കിൽ വേണ്ട, ഒരു കള്ളന്റെ പേര് കള്ളൻ എന്ന് തന്നെയായിരിക്കുന്നതാവും ഉചിതം, എങ്കിലും ബാല്യത്തിലെ ചില അനുഭവ സാക്ഷ്യങ്ങളിൽ എന്നെ മറ്റൊരു നാമത്തിൽ ഞാൻ പറഞ്ഞുവെക്കുന്നുവെങ്കിൽ പ്രായം കുറഞ്ഞ, പക്വത ഇല്ലാത്ത, ഒരു ഉത്തമ കള്ളനാവുന്നതിനു മുൻപു ഏതൊരു സത്യസന്ധനായ കള്ളനും സംഭവിക്കുന്ന  അപരാധം മാത്രമായി കണ്ട് മാന്യ വായനക്കാർ മാപ്പു നൽകണമെന്ന് ആദ്യമേ അഭ്യർഥിക്കട്ടെ.

വിളഞ്ഞു നിൽക്കുന്ന മുണ്ടകൻ പാടങ്ങളോ, പുഞ്ചപ്പാടങ്ങളോ, കായ്കനികൾ പൂത്തുകായ്ച്ച തെങ്ങോ കവുങ്ങോ മാവോ പേരയോ ഞാവലോ അല്ല, പൂത്തു കായ്ച്ച് കുലകുലയായി നിൽക്കുന്ന കശുമാവിൻ തോട്ടങ്ങളാണ് കളവിന്റെ, മോഷണത്തിന്റെ പരിശീലന കളരിയായത് എന്ന ഓർമ്മ ഞാൻ സന്തോഷത്തോടെ ഇവിടെ പങ്കു വെക്കട്ടെ..!

പ്രധാനപ്പെട്ട കശുവണ്ടിക്കഥകളിൽ ചിലത് പറയുന്നതിന് മുൻപ് രണ്ടു വാക്ക്..

1970 ഏപ്രിൽ 25 - 1976 ആഗസ്റ്റ് 15 :-  കാലയളവ്  അവ്യക്തവും മങ്ങിയതും ക്ലാവു പിടിച്ചതുമായ ഓർമ്മകളായതിനാൽ സത്യസന്ധനായ ഒരു കള്ളന്, തന്റെ ആത്മകഥയിൽ ഇക്കാലയളവ് പ്രതിപാതിക്കുക എന്നത് തന്റെ ജീവിതത്തോടും തൊഴിലിനോടും സർവ്വോപരി  എഴുത്തിനോടും ചെയ്യുന്ന അനീതിയാവുമെന്നതിനാൽ മാന്യ വായനക്കാരോട്  കാലഘട്ടത്തെ വിവരിക്കാനാവാതെ പോകുന്നതിൽ എനിക്കുള്ള വേദനയും വിഷമവും അറിയിച്ചു കൊണ്ട് ക്ഷമ യാചിക്കുന്നു.

ശരി, എങ്കിലിനി കഥയിലേക്ക് കടക്കാം, കഥയല്ലിതൊരാത്മ കഥയെങ്കിലുമിക്കഥയിൽ...

1976 ആഗ്സ്റ്റ് 16. അന്ന് ആറുവയസായിരുന്നു എന്റെ പ്രായം, എരുമപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി. വിദ്യാഭ്യാസത്തോട് സ്ഥായിയായുള്ള പുച്ഛം ജന്മം കൊണ്ടേ കിട്ടിയ വാസനയായിരുന്നു എന്ന് വേണം കരുതാൻ. അതുകൊണ്ട് തന്നെ സ്കൂളിൽ പോകുക എന്നത് വലിയ മടിയുള്ള ജോലിയായിരുന്നു

സ്കൂളിൽ ചെന്നാൽ തന്നെ ഉച്ച ഭക്ഷണത്തിനുള്ള മണിയടി കേൾക്കുമ്പോൾ പുസ്തക സഞ്ചിയും തൂക്കി ക്ലാസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ഓടുക എന്നതാണ് ശീലം.വിരളമായി മാത്രമേ അക്കാലങ്ങളിൽ ഞാൻ നാലു മണി വരെ സ്കൂളിൽ ഇരുന്നിട്ടുള്ളൂ.പല മഹാന്മാരുടെയും സ്കൂൾ ജീവിത കാലഘട്ടങ്ങളിൽ ഇതുപോലെയോ ഇതിലും വലുതോ മറ്റു തരത്തിലുള്ളതോ ആയ കുസൃതികൾ വായിക്കാൻ ഇടയായതുകൊണ്ട് തന്നെ ഇതൊന്നും അത്ര മഹത്തായ കാര്യമാക്കി ഞാൻ വിളമ്പാൻ ഉദ്ദേശിക്കുന്നില്ല. എങ്കിലുംനാലുമണി വരെ സ്കൂളിൽ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എത്രത്തോളം വിഷമം പിടിച്ച ജോലിയായിരുന്നു  എന്ന് ഇവിടെ പറഞ്ഞറിയിക്കാൻ വേണ്ടി മാത്രം കുറിക്കുന്നു.

എന്റെ ഓർമ്മ ശരിയാണെങ്കിൽ അതേ ആഴ്ചയിൽ തന്നെയാണെന്ന് തോന്നുന്നു, ഞാനും നാല് ബി ക്ലാസിലെ  ബാബുവും, രാധാകൃഷ്ണനും ചേർന്ന് പറങ്കിമാവിങ്കാട്ടിലേക്ക് അവസാനത്തെ  യാത്ര പോയത്. അക്വേഷാ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന വനത്തിന്റെ കവാടവും കടന്ന് വള്ളിപ്പടർപ്പുകളും മുൾച്ചെടികളും താണ്ടി പറങ്കിമാവുകൾ നിരന്നു നിൽക്കുന്ന ഉൾക്കാടിനുള്ളിലേക്ക് ഞങ്ങൾ കടന്നു ചെന്നു.

പറങ്കിമാവുകൾ എന്ന് പറയുമ്പോൾ വായനക്കാർക്ക് ഒട്ടും കൺഫ്യൂഷൻ വേണ്ട, പറങ്കിമാവുകളും കശുമാവുകളും ഒന്നു തന്നെയാണെന്ന് ഇതിനാൽ അടിവരയിടുന്നു.

കശുവണ്ടിയുടെ മൊത്തക്കച്ചവടക്കാർ ആയിട്ടൊന്നുമല്ല, മിഠായിയും ഐസും വാങ്ങാനും പൈസവെച്ച് തൊട്ടാതിരിഞ്ഞി കളിക്കാനും ഗോലി വാങ്ങാനും അല്പം ചില്ലറ പൈസ ഞങ്ങൾക്കും ആവശ്യമായിരുന്നല്ലോ. ബർമ്മക്കാരന്റെയും മലേഷ്യക്കരന്റെയും ഗൾഫുകാരുടെയും മക്കൾക്ക് വരെ അന്നൊന്നും പോക്കറ്റ് മണി കിട്ടാതിരുന്ന കാലത്ത് അത്യാവശ്യങ്ങൾക്ക് ഞങ്ങൾ കുട്ടികൾക്ക് കശുവണ്ടി മോഷണം മാത്രമായിരുന്നു ഏക ആശ്രയം.

ഉൾക്കാടിനകത്ത് നിശബ്ദരായി ഏകാഗ്രതയോടെ കശുവണ്ടി പറിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് രാധാ കൃഷ്ണൻ  ഓടിക്കോടാ ബാബുവേ“ എന്ന് വിളിച്ചു പറഞ്ഞ്  ജീവനും കൊണ്ട് ഓടിക്കളഞ്ഞു

ഞങ്ങൾ ഞെട്ടലോടെ തിർഞ്ഞു നോക്കി, കൊമ്പൻ മീശയുള്ള തടിച്ചുകൊഴുത്ത രണ്ട് ഫോറസ്റ്റ് ഓഫീസർമാർ ഞങ്ങൾക്ക് നേരെ ഓടി വരുന്നുണ്ടായിരുന്നു

 കാഴ്ചക്ക് ശേഷം മുന്നിലേക്കും പിന്നിലേക്കും നോക്കിയില്ല, ഞാനും ഓട്ടത്തിൽ അവരെ അനുഗമിച്ചു.

പഠിത്തത്തിൽ മോശമായിരുന്നെങ്കിലും പ്രായത്തിൽ പിറകിലായിരുന്നെങ്കിലും ഓട്ടത്തിൽ എന്നെ കടത്തിവെട്ടാൻ  അവർക്കാവുമായിരുന്നില്ല. രാധാകൃഷണനെയും ബാബുവിനെയും പിന്നിലാക്കി ഞാൻ ഓടിക്കൊണ്ടിരുന്നു. അല്പ ദൂരത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോൾ് അവരെ പിന്നിൽ കാണാനുണ്ടായിരുന്നില്ല. അവർ അത്രത്തോളം പിന്നിലായതു കൊണ്ടു തന്നെ അവർ അടുത്തെത്തുന്നതുവരെ അടുത്തുകണ്ട കുട്ടിക്കാട്ടിൽ ഞാൻ സുന്ദരമായി ഒളിച്ചിരുന്നു.

രണ്ടുമൂന്ന് മിനിറ്റുകൾക്ക് ശേഷം ഞാനിരിക്കുന്ന പൊന്തക്കാടിനു പത്തുപതിനഞ്ചു മീറ്റർ അപ്പുറത്ത് കൂടി  ബാബു ഓടിപ്പോവുന്നത്  എനിക്ക് കാണാമായിരുന്നു. പക്ഷെ കുറേ സമയം കഴിഞ്ഞിട്ടും രാധാകൃഷ്ണനെ കണ്ടതേയില്ല.

സസൂക്ഷ്മം, എന്നെ ആരും കാണാതിരിക്കത്തക്കവണ്ണം വള്ളിപ്പടർപ്പുകൾക്കിടയിലൂടെ കുറ്റിക്കാടുകൾക്കിടയിലൂടെ ഞാൻ പിന്നിലേക്ക് നടന്നു. നൂറോ നൂറ്റിപ്പത്തോ മീറ്റർ വന്ന വഴിക്ക് സമാന്തരമായി നടന്നുകാണണം, രാധാകൃഷ്ണനെ ഫോറസ്റ്റ് ആപ്പീസർമാർ ചോദ്യം ചെയ്യുന്നത് എനിക്ക് കാണാമെന്നായി. ഒരിക്കലും അവരെന്നെ കാണാതിരിക്കാൻ ഞാൻ ശ്രദ്ധാപൂർവ്വം ഇടതൂർന്ന കുറ്റിക്കാട്ടിലേക്ക് നീങ്ങി കുനിഞ്ഞിരുന്നു.

"പറയെടാ.. എന്തിനാ നീ ഇവിടെ വന്നേ?" കറുത്ത് തടിച്ച ആപ്പീസർ അവനെ ചോദ്യം ചെയ്യുകയാണ്

"ഒന്നൂല, വെർതെഅവൻ കണ്ണീരൊലിപ്പിച്ചു കൊണ്ടു പറഞ്ഞു..

"വെർതെയാ? കശുവണ്ടി കക്കാൻ വന്നതല്ലേടാ?" ആപ്പീസർ കണ്ണുരുട്ടി..

അവനൊന്നും പറഞ്ഞില്ല, ദയനീയമായി അയാളെ നോക്കി കെഞ്ചി..

"പീറ്ററേ.. നീയ് കൊറച്ച് പച്ചണ്ടി ഇങ്ങ്ട് പൊട്ടിച്ച് വാ.." അയാൾ അടുത്ത് നിന്ന ഫോറസ്റ്റ് ആപ്പീസറോട് പറഞ്ഞു.

"നിനക്കൊക്കെ ഇനി ഒരിക്കലും അണ്ടി കക്കാൻ തോന്നാതിരിക്കാനുള്ളത് ഞാൻ തരുന്നുണ്ട്."

അയാൾ അവന്റെ രണ്ട് കൈകളും പിന്നിലേക്ക് ചേർത്തുപിടിച്ചു, പീറ്റർ അയാൾ പറിച്ചു വന്ന കശുവണ്ടി അവന്റെ ചുണ്ടിലേക്ക് ചേർത്തമർത്തി

"ഉം.. തിന്നെടാഅയാൾ അലറി

 അവൻ തലവെട്ടിച്ചു..

ദേഷ്യം തോന്നിയ അയാൾ അവന്റെ വായിലേക്ക്  നാലഞ്ചു കശുവണ്ടി തിരുകി കയറ്റി വായും മൂക്കും പൊത്തി കല്പിക്കുകയാണ്..

"തിന്നെടാ നീ തിന്നെടാ.. അണ്ടി കക്കാനുള്ള പൂതി നിനക്ക് ഇതോടെ തീരണം.."

ശ്വാസം കിട്ടാതെ അവൻ കൈകാലുകളിട്ടടിച്ചു. അവന്റെ വെപ്രാളം കൂടിയപ്പോൾ അയാൾ അവന്റെ മൂക്കും വായും പൊത്തിയ കൈ മെല്ലെ അയച്ചു.

ചക്ക വെട്ടിയിട്ടതു പോലെ രാധാകൃഷ്ണൻ നിലത്തു വീണു.  വായിൽ നിന്നും നുരയും പതയും വന്നു, ഇടക്കിടെ അവന്റെ കൈകാലുകൾ ഒന്ന് പിടഞ്ഞുകൊണ്ടിരിക്കും, ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ ശരീരം പൂർണ്ണമായും നിശ്ചലമായി..   

"കൈവിട്ട് പോയല്ലോ പീറ്ററേ.. " രാധാകൃഷ്ണന്റെ മുഖത്ത് മൂക്കിനടുത്ത് കൈ വെച്ചുകൊണ്ട് കൊമ്പൻ മീശക്കാരൻ ഫോറസ്റ്റ് ആപ്പീസർ വെപ്രാളപ്പെട്ട് പറഞ്ഞു.

"നമ്മളൊന്നും കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല, നമുക്ക് പോകാം സാറേ... "പീറ്റർ ആഫീസറുടെ കൈ പിടിച്ച് മെല്ലെ നടന്നു നീങ്ങി.


തുടരും...